Translate

Monday, January 6, 2014

ദൈവമേ നന്ദി!

കേരള കത്തോലിക്കാ സഭ ഇന്ന് കടന്നു പോകുന്ന നാനാവിധ പ്രശ്നങ്ങള്‍ സംഗ്രഹിച്ചാല്‍ കിട്ടുന്നത്: 

1) അത്മായനെ അടിസ്ഥാനപരമായ ക്രൈസ്തവ മൂല്യങ്ങളില്‍ നിന്നും പ്രസ്ഥാനലാഭത്തിനു വേണ്ടി വ്യതിചലിപ്പിക്കുന്നു,

2) ഏതാനും ചില മെത്രാന്മാരുടെ വികലമായ ചിന്തകള്‍ വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുന്നു, നിഷ്പക്ഷമായി നീതി നടപ്പാക്കുന്നതില്‍ മെത്രാന്മാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാട്, 

3) ആത്മീയനവീകരണത്തില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ ഭൌതിക കച്ചവട പ്രസ്ഥാനങ്ങള്‍ വളര്‍ത്തുന്നതിനു വേണ്ടി അഭിഷിക്തരില്‍ ഭൂരിഭാഗവും വ്യാപൃതരാണ്,

4) അത്മായനു സഭയുടെ നടത്തിപ്പില്‍ യാതൊരു പങ്കാളിത്വവുമില്ല; സഭയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനോ, സഭയില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ നിശ്ചയിക്കാനോ അത്മായന്റെ പങ്കാളിത്വം ഇന്ന് പരിഗണിക്കപ്പെടുന്നില്ല,  

5) കത്തോലിക്കാ സഭയുടെ കീഴിലുള്ള യാതൊന്നിന്റെയും വരവ് ചെലവ് കണക്കുകള്‍ സര്‍ക്കാരിനോ, അത്മായനോ എല്ലാ അഭിഷിക്തര്‍ക്കുമോ അറിയാനോ ചോദ്യം ചെയ്യാനോ അവകാശമില്ല,

6) മെത്രാന്മാരുടെ ആര്‍ഭാട ജീവിതവും രാഷ്ട്രിയ കാഴ്ചപ്പാടുകളും അത്മായര്‍ക്കിടയിലും പൊതുവിലും ഉണ്ടാക്കുന്ന ചേരിതിരിവുകള്‍,

7) അത്മായന്റെ കത്തുകള്‍ക്കോ ചോദ്യങ്ങള്‍ക്കോ മറുപടി പറയുകയോ അവ ശ്രദ്ധിക്കുകയോ ചെയ്യാത്ത അധികാരികളുടെ ധാര്‍ഷ്ട്യം,

8) ഏതാനും ചിലരുടെ  പിണിയാളുകളെ മാത്രം മെത്രാന്മാരായി തിരഞ്ഞെടുക്കുന്ന സമ്പ്രദായം,

9) ഒരു മെത്രാന് ആയുഷ്ക്കാലം മുഴുവന്‍ ഒരു രൂപത പതിപ്പിച്ചു കൊടുക്കുക, മെത്രാനെ തിരുത്താന്‍ മറ്റാര്‍ക്കും അവാകാശമില്ലാതിരിക്കുക, 

10) ആരാധനാനുഷ്ടാനങ്ങളെ കച്ചവടവത്ക്കരിക്കല്‍,

11) മതവിശ്വാസത്തിന്‍റെ പേരില്‍ സമുദായത്തെയും കൂടി നിയന്ത്രിക്കാനുള്ള മെത്രാന്മാരുടെ വ്യഗ്രത, 

12) ധ്യാനങ്ങളുടെയും, നവീകരണ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ ലോകമാസകലം യഥേഷ്ടം നടത്തപ്പെടുന്ന ലജ്ജാകരമായ ധ്യാന കോപ്രായങ്ങളും പിരിവുകളും,

13) പള്ളികളെയും അനുബന്ധ സ്ഥാപനങ്ങളെയും ബഹുകോടികള്‍ മുടക്കി മോടി പിടിപ്പിക്കുന്നതില്‍ കാണിക്കുന്ന മത്സരബുദ്ധി,

14) അത്മായന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ പരിഗണിക്കാനോ, അവനെ പ്രോത്സാഹിപ്പിക്കാനോ സഭ കാണിക്കുന്ന വൈമുഖ്യം

ഇങ്ങിനെ അനേകം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. സഭ നടത്തുന്ന ഭൂരിഭാഗം പ്രസ്ഥാനങ്ങളിലും   ക്രൈസ്തവികതയെന്നത് കണി കാണാന്‍ പോലും കിട്ടുന്ന ഒന്നല്ല. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ സഭാ മക്കള്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. അവരില്‍ ബഹു ഭൂരിപക്ഷവും നവീകരണ മുന്നേറ്റങ്ങളോട് ആഭിമുഖ്യം കാണിക്കുന്നില്ലായെന്നത്  സഭ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങള്‍ക്ക് ഒരു ന്യായീകരണമല്ല. ഇന്ന് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ വിട്ടു പോകുന്ന മതം എന്ന ബഹുമതി സീറോ മലബാറിന് സ്വന്തമാണ്. അത്മായരുടെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് സഭക്ക് മുന്നേറാനാവില്ല. 

സഭ നന്നാവണമെന്നും, യേശുവിന്‍റെ സ്നേഹത്തിന്റെ സന്ദേശം സര്‍വ്വ ജനങ്ങളിലും എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കരുതുന്ന അനേകായിരങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണ് ഇന്ന് ഭാരതത്തില്‍ കാണുന്ന സാമൂഹ്യ ജീവിതത്തിലെ ചലനങ്ങള്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ജയിക്കാനുള്ള സാദ്ധ്യത ആരും കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ഡല്‍ഹി തൂത്തു വാരിയേനെ എന്നാണു നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്‌. 

ഏതു സാമൂഹ്യ മാറ്റത്തിനും ഈ രാജ്യത്തെ ഏറ്റവും മികച്ച ഭൂമി കേരളത്തിന്റെതാണ്. ഒരു കമ്മ്യുണിസ്റ്റ് ഭരണം വോട്ടിലൂടെ ലോകത്തില്‍ ആദ്യം ആഗ്രഹിച്ചത്‌  കേരളമാണ്. കേരളമാണ് ഇന്ന് ഇന്ത്യയില്‍ പ്രകീര്ത്തിക്കപ്പെടുന്ന പല പരിഷ്കാരങ്ങളുടെയും ഈറ്റില്ലം. അടുത്ത തിരഞ്ഞെടുപ്പില്‍ ആം ആദ്മി തിരി കൊളുത്തിയ ചൂല് വിപ്ലവം കേരളത്തിലായിരിക്കും ഏറ്റവും കൂടുതല്‍ ആഞ്ഞു വീശുകയെന്നു നിസ്സംശയം പറയാന്‍ കഴിയും. എല്ലാ പാര്‍ട്ടികളിലും ഉള്ള വിപ്ലവകാരികള്‍ ആം ആദ്മി പാര്‍ട്ടിയെ സ്വീകരിക്കുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ നിന്നും അതാണ്‌ മനസ്സിലാക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്, കേരളത്തിലെ മെത്രാന്മാരുടെ നിയന്ത്രണത്തില്‍ നിന്ന് മാത്രമല്ല മറ്റു സമുദായങ്ങളുടെ പിടിയില്‍ നിന്നും ഭരണം കൈവിട്ടു പോകുന്നത് നാം കാണും. 

സഭാ നവീകരണം ലക്ഷ്യമിട്ട് അത്മായര്‍ നടത്തുന്ന മുന്നെറ്റങ്ങള്‍ക്ക് ദൈവം വഴിതുറന്നു കൊടുക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇതേ ദൈവമാണ് റോമിന്‍റെ സിംഹാസനം നവീകരിക്കാന്‍ സഹായിച്ചതും. കത്തോലിക്കാ സഭയെ നയിക്കുന്ന മെത്രാന്‍ സംഘത്തെ സംബന്ധിച്ചിടത്തോളം ഒരു മാറ്റത്തിന്റെ കാറ്റാണ് ഉയിര്‍ കൊണ്ടിരിക്കുന്നത്. സഭയുടെ നെടുംകോട്ടകളില്‍ ചൂലുമായി അത്മായര്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുന്നതും പലരും സ്വപ്നം കാണുന്നു. അത് യാഥാര്‍ത്യമാകുമെന്ന് എനിക്കും തോന്നുന്നു. നട്ടെല്ലോടെ ചര്ച്ച് ആക്റ്റ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സാമാജികനെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നത് ഏതാണ്ട് ഉറപ്പാണ്. അത് ചിലപ്പോള്‍ മോനിക്കാ തോമസ്സായെക്കാം, ഇന്ദുലേഖാ ഈപ്പന്‍ ആയേക്കാം. ആരായാലും മെത്രാന്മാരുടെ കോട്ട കൊത്തളങ്ങള്‍ക്ക് എന്നന്നേക്കുമായി താഴിടാന്‍ അത് വഴി തുറന്നേക്കാം. ദൈവമേ നന്ദി എന്നെ എനിക്ക് പറയാന്‍ തോന്നുന്നുള്ളൂ.

7 comments:

 1. ഒരിടത്ത് ഫോണ്‍ വിളിച്ചാല്‍ മറുപടിയില്ലെന്നും, എഴുത്തയച്ചാല്‍ അത് വേസ്റ്റ് ബോക്സിലാണെന്നും പരാതി. വേറൊരിടത്ത് മാര്‍പ്പാപ്പയുടെ മാര്ഗ്ഗത്തിലല്ല സഭയെന്ന പരാതി; ഇനി ഒരിടത്തൊ, മാനിക്കെയന്‍ കുരിശും ചുമന്നുംകൊണ്ടാണ് നമ്മുടെ നടപ്പെന്നാണ് പരാതി. മെത്രാന്മാര്‍ ഓഡി കാറില്‍ നടക്കുന്നുവെന്നും, മയക്കുവെടി വെച്ച് വൃദ്ധകളുടെ പണം തട്ടിയെടുക്കുന്നുവെന്നും പരാതിയുണ്ട്. അടുത്ത കാലത്തു വേറൊരു പരാതി കേട്ടു, പൌലോസ് സ്ലിഹായുടെ മതമാണ്‌ നമ്മുടേതെന്നും അതില്‍ അല്‍പ്പം യേശുവിനെ മധുരത്തിന് ചേര്‍ത്തിട്ടുള്ളതേയുള്ളൂ എന്നായിരുന്നത്. തോമ്മാ സ്ലീഹാ കേരളത്തില്‍ വന്നിട്ടേയില്ലെന്നു ആരോപിക്കുന്നതിനോടൊപ്പം നമ്പൂതിരിമാര്‍ തെക്കേ ഇന്ത്യയില്‍ വന്നത് എട്ടാം നൂറ്റാണ്ടില്‍ ആയിരുന്നുവെന്ന വാദഗതിക്ക് ഒരുപാട് പഴക്കമുണ്ട്. പരാതി കൊഴുക്കുന്നതിനനുസരിച്ച് മെത്രാന്മാര്‍ക്ക് വാശി കൂടുന്നത് പോലെയാണ് കാര്യങ്ങളുടെ പോക്ക്.

  കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ചൂടുള്ള വാര്‍ത്ത കേട്ടപ്പോള്‍ മെത്രാന് ശരിക്കും ഭ്രാന്തു തന്നെയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. പ്രീ കാനാ കോഴ്സില്‍ ഇനി മേല്‍ പെണ്ണിന്റെയും ചെറുക്കന്റെയും മാതാപിതാക്കന്മാരും കൂടെ പങ്കെടുക്കണം എന്ന് വന്നാല്‍ എന്താ ചെയ്ക? മാതാപിതാക്കന്മാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത യൂറോപ്പിലോ അമേരിക്കയിലോ ഈ നിയമം നടപ്പാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന അസന്നിഗ്ദാവസ്തയെപ്പറ്റി ചിന്തിക്കാനേ എനിക്ക് തോന്നുന്നില്ല. മാതാ പിതാക്കന്മാരുടെ അനുവാദമില്ലാത്ത ഒരു പ്രേമ വിവാഹമാണെങ്കില്‍ അത് റെജി. ഓഫീസില്‍ നടത്തുകയെ ഇനി നിവൃത്തിയുള്ളൂ. പ്രേമം അങ്ങിനെ വിലയേറിയതാവാന്‍ പോകുന്നു. കുടുംബത്തെ മുഴുവന്‍ നേരെയാക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ച ഈ മെത്രാനെ ആരുപഠിപ്പിക്കും?

  കാഞ്ഞിരപ്പള്ളി മെത്രാന്‍ ഒരു കാര്യം പഠിച്ചു, കുര്‍ബാന്‍ കൈക്കൊള്ളപ്പാട് ദിവസങ്ങളില്‍ സിവില്‍ സപ്ലൈസിലെ വിറ്റുവരവ് എല്ലാ ഇടവകകളിലും ക്രമാതീതമായി കൂടുന്നു. അതിനിതാ കാഞ്ഞിരപ്പള്ളി ക്ലിപ്പിട്ടിരിക്കുന്നു. ഇനി മേല്‍ സ്വന്തം കുടുംബാംഗങ്ങളൊഴികെ മറ്റാരും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും യാതൊരു സമ്മാനങ്ങളും ആരും ആ കുട്ടികള്‍ക്ക് കൈമാറാന്‍ പാടില്ലെന്നും ആണ് പുതിയ ഇണ്ടാസ്. ഇത് വിജയിച്ചാല്‍ ഈ നിയമം മാമ്മൊദീസാകള്‍ക്കും, ചരമ വാര്ഷികങ്ങള്‍ക്കും, കല്യാണങ്ങള്‍ക്കുമൊക്കെ ബാധകമാക്കിയെക്കാം; കാനോനല്ലേ അനുസരിക്കാതിരിക്കാന്‍ പറ്റുമോ?

  കാഞ്ഞിരപ്പള്ളിയിലെ പരിഷ്കാരങ്ങള്‍ ഇവിടം കൊണ്ടോന്നും തീരില്ല; ഔദ്യോഗിക ജിഹ്വയായ ദര്‍ശകന്‍ സര്‍വ്വ കുടുംബങ്ങളിലും എത്തിയിരിക്കണമെന്നാണ് ഉത്തരവ്. ആരെങ്കിലും നാട് വിട്ടു പോയിട്ടുണ്ടെങ്കില്‍ അവരുടെ പിറകെ ഈ മിസൈല്‍ പോയിരിക്കണമെന്നാണ് ഉത്തരവിന്റെ സാരം. അത് പോട്ടെ, വാങ്ങിച്ചു വെയ്സ്റ്റ് ബോക്സിലിടുകയോ ആക്രിക്കാര്‍ക്കു കൊടുക്കുകയോ ചെയ്തു ഈ പ്രശ്നം പരിഹരിക്കാമെന്ന് വെയ്ക്കുക, പക്ഷേ, നിലക്കലോട്ടുള്ള പര്യടനം ഒഴിവാക്കാനാവുമോ? ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും മൂന്നു ദിവസം നോയമ്പെടുത്ത് നിലക്കലോട്ടു തിര്‍ത്താടനം ചെയ്യണമെന്നാണ് അറക്കല്‍ അവിടുന്ന് കല്‍പ്പിക്കുന്നത്. ഇപ്പൊ തന്നെ ഭരണങ്ങാനത്തിനു പോകുന്ന പദയാത്ര പാലാ രൂപതക്കു കുറെ കാശ് ഉണ്ടാവാന്‍ സഹായിക്കുന്നുണ്ട് എന്ന പരാതിയുണ്ട്. നിലക്കല്‍ ഒരു കുരിശു പൊങ്ങി കാണാന്‍ മെത്രാന്‍ എത്ര മാത്രം ആഗ്രഹിച്ചുവെന്നു പറഞ്ഞാല്‍ തീരില്ല. അതിനു വേണ്ടി സഹിക്കാത്ത ത്യാഗങ്ങളില്ല. അതും കൊണ്ട് സര്‍വ്വ സഭക്കാരും കൂടെ പോയതിന്റെ ക്ഷിണം തീര്‍ന്നിട്ടില്ല.മലയാറ്റൂര്‍ക്കോ വേളാംകണ്ണിക്കൊ നോയമ്പില്ലാതെ പോകാം പക്ഷേ നിലക്കല്‍ പോകാന്‍ നോയമ്പ് വേണം... അല്ലെലൂജാ...
  നിലക്കല്‍ പോകുമ്പോള്‍ ചൊല്ലാനുള്ള ശരണ മന്ത്രങ്ങളും തയ്യാറായിട്ടുണ്ടെന്നു കേള്‍ക്കുന്നു:

  "കല്ലും മുള്ളും മാര്‍ത്തോമ്മാക്ക്,
  പവ്വക്കുരിശ് മാര്ഗ്ഗമെന്റിശോ,
  തോമ്മാ ശരണം, ശരണമെന്റിശോ,.

  ചവിട്ടും കുത്തും അത്മായര്‍ക്ക്,
  ഓഡിയും പൊന്നും മെത്രാന്മാര്‍ക്ക്,
  തോമ്മാ ശരണം, ശരണമെന്റിശോ..."

  എല്ലാം അയ്യപ്പന്മാരുടെത് പോലെ എന്ന് വേണ്ട; ഇരുമുടി കെട്ടിനു പകരം പങ്കെടുക്കുന്നവരെല്ലാം മുള്‍മുടി തലയില്‍ വെയ്ക്കണമെന്നു കൂടി ഒരാചാരം ഉണ്ടാക്കാനും ആലോചിക്കുന്നുണ്ട്. ആ സമ്പ്രദായം വേറൊരിടത്തും ഇല്ലല്ലോ.
  അല്ലെലൂജാ..അല്ലെലൂജാ..

  ReplyDelete
 2. ശ്രീമാന്മാർ മറ്റപ്പള്ളിയും റോഷനും കുറിച്ചിരിക്കുന്നത് ആദ്യമായി വായിക്കുന്ന ആരും, ശ്ശടേ, ഇത് അടിമത്തത്തെക്കാൾ മോശം പരിപാടിയാണല്ലോ എന്നേ പറയൂ. പ്രബുദ്ധരായ ജനങ്ങൾ ജീവിക്കുന്നു എന്ന് പേരെടുത്ത ഒരു നാട്ടിൽ, ക്രി. വർഷത്തിന്റെ ആദിമ നൂറ്റാണ്ടുമുതൽ യേശുവിന്റെ മനുഷ്യസമത്വത്തിന്റെ സുവിശേഷം കേട്ടും പഠിച്ചും വളർന്ന വരുടെ നാട്ടിൽ, ഇത്രയും അക്രൈസ്തവമായ പെരുമാറ്റരീതികളോ നടപ്പിലുള്ളത് എന്നേ ആരും അതിശയിച്ച് ചോദിക്കൂ. എന്നാൽ അതാണ്‌ സത്യം. ഇ പറഞ്ഞ ക്രിസ്ത്യാനികളുടെ ആദ്ധ്യാത്മിക ശുശ്രൂഷകർ ഇത്ര നീചമായഅപമര്യാദകളാണ് തങ്ങളുടെ ശിക്ഷണവും സംരക്ഷണവും പ്രതീക്ഷിക്കുന്നവരോട് കാണിക്കുന്നതെന്ന് അവർ പോലും അറിയുന്നില്ല എന്നതാണ് ഏറ്റവും ശോചനീയം. പ്രബുദ്ധതക്ക് പകരം ഇവരൊക്കെ ഇപ്പോൾ ബുദ്ധിമാന്ദ്യം അനുഭവിക്കുന്നു എന്നതാണ് പച്ചപ്പരമാർത്ഥം. ഇന്ത്യയിലെ ക.സഭയിൽ നല്ല വൈദികർ വളരെയുണ്ടെന്നത് നിരാകരിക്കാനാവില്ല. എന്നിരുന്നാലും ബഹുഭൂരിപക്ഷവും മുകളിൽ കറിച്ചിരിക്കുന്നതുപോലെ അധ:പ്പതിച്ചുപോയവരാണ്.

  ഇന്നലെ എന്നെ കാണാനെത്തിയ ഒരു പ്രവാസി സുഹൃത്ത് ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ "നിന്റെ വഴി എന്റെയും" എന്ന പേരിൽ തന്റെ മാടയ ലേഖനങ്ങളെല്ലാം കൂട്ടിത്തുന്നിയുണ്ടാക്കിയ ഒരു പുസ്തകം ഈയിടെ പ്രകാശനം ചെയ്ത കല്ലറങ്ങാട്ടിനെപ്പറ്റി ചില വിലയിരുത്തലുകൾ നടത്തി. നില്കക്കള്ളിയില്ലാതെ വന്നാൽ ഒരു white lie പറയുന്നവനോട് ക്ഷമിക്കാം. എന്നാൽ ഇങ്ങേർ ചെയ്തതെന്താണെന്നോ. കഴിഞ്ഞ വർഷം, പാലാ രൂപതയുടെതായി ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പണിയാൻ പിരിവിനായി എത്തുന്നു എന്ന് അങ്ങേരുടെ വലംകൈയായ ഒരു ഭാഗ്യദോഷി നേരത്തെ തന്നെ സ്വിറ്റ്സർലണ്ടിലെ പരിചയക്കാർക്ക് പൊതുവായി മെയിൽ അയച്ചതോടെ, മെത്രാനെ ഇത്തവണ ഊട്ടരുത് എന്ന വാശിയിൽ, ആ നാട്ടിൽ ഇ-മെയിലുകളുടെ പ്രവാഹമായിരുന്നു. സംഗതിയുടെ കിടപ്പ് പിടികിട്ടിയ മെത്രാൻ അവിടെ ചെന്നിറങ്ങി, ആദ്യം ചെന്ന പള്ളികളിൽ കണ്ടുമുട്ടിയ വിശ്വാസികളോട് കട്ടായം പറഞ്ഞു, താൻ പിരിവിനു വന്നതല്ല, പാലാ രൂപതയ്ക്ക് ചേർപ്പുങ്കലിൽ ഹോസ്പിറ്റൽ പണിയാൻ വേണ്ടത്ര കാശ് ഇപ്പോൾത്തന്നെ കൈയിലുണ്ട് എന്നൊക്കെ. എന്നാൽ പിറ്റേ ദിവസം തുടങ്ങി അങ്ങേരുടെ ഫോണ്‍വിളികൾ. ഓരോരുത്തരെയും വ്യക്തിപരമായി വിളിച്ചു സംഭാവന ചോദിക്കുകയായിരുന്നുഅദ്ദേഹവും സഹായികളും. ഏതായാലും ഇത്തവണ കൊണ്ടുപോയ ചാക്ക് അധികം നിറഞ്ഞു കിട്ടിയില്ല. എന്നാലും, എന്റെ സുഹൃത്ത് ചോദിക്കുകയാണ്, ഒരു മെത്രാനെങ്ങനെ ഇതുപോലെ പച്ചക്കള്ളം പറയാൻ പറ്റും എന്ന്. "നിന്റെ വഴി എന്റെയും" എന്നത് അങ്ങേരു പറഞ്ഞതിൽ വച്ച് ഏറ്റവും കറുത്ത നുണയാണെന്ന് രൂപതക്കാരെങ്കിലും അറിയണം.
  മെത്രാന്റെ ചാക്കിന് ആദ്യത്തെ കിഴുത്തയിട്ടത് സാക്കാണെന്ന് രോഷനറിയാം. ഇനി അദ്ദേഹത്തിൻറെ പുസ്തകം വിറ്റുപോകരുതെന്നാണോ, എന്ന് അദ്ദേഹത്തിൻറെ ചോദ്യം വരും, തീർച്ച.

  ReplyDelete
 3. സാക്ക് പറഞ്ഞ ഒരു കാര്യം ശരിയാണ്, കല്ലറങ്ങാട്ടിനു സ്വിസ്സില്‍ പ്രശ്നമുണ്ടാക്കാന്‍ ഈ സൂചന മുന്നേ അവിടെ കൊടുത്തത് കാരണമായി. വലിയ തോതില്‍ ഒരു പിരിവിനുള്ള സാദ്ധ്യത അടഞ്ഞതില്‍ അദ്ദേഹം ദു:ഖിതനുമാണ്. അത്മായാ ശബ്ദത്തിലൂടെയും മറ്റു മാദ്ധ്യമങ്ങളിലൂടെയും അനുദിനം പുറത്തു വരുന്ന വാര്‍ത്തകള്‍ മെത്രാന്മാരുടെ സ്വകാര്യ പദ്ധതികള്‍ക്ക് വിലങ്ങു തടിയായിട്ടുണ്ട് എന്നത് പരമാര്‍ത്ഥം തന്നെ. റോമിലെ പ്രൊക്കൂര ഹൌസ് വിവാദം ഒരുദാഹരണം. ഒരു മെത്രാനെ ജെര്‍മ്മനിയില്‍ കയറ്റാതെ നോക്കാന്‍ ശ്രി. ജോര്‍ജ്ജു കട്ടിക്കാരന് കഴിഞ്ഞു, ആ മെത്രാനെ അമേരിക്കയില്‍ പൊങ്ങാതെ നോക്കാന്‍ അവിടുത്തുകാര്‍ക്ക് കഴിഞ്ഞു.
  അങ്ങിനെ അങ്ങിനെ പലതും.
  അത്മായാ ശബ്ദത്തിനും അത്മായാ മൂവ്മെന്റിനും ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലയെന്നു വീമ്പിളക്കിയവരാണ് മണ്ണക്കനാട്ടു ഏത്തമിട്ടത്. അത്മായരുടെ ശബ്ദം ഒന്നിനൊന്നു കൂടി വരുന്നു. അടുത്ത കാലത്ത് പഴയ മൂച്ചില്‍ ഒരു വലിയ പള്ളി പണിയാന്‍ ഇറങ്ങിത്തിരിച്ച ഒരു വൈദികനെ അറിയാം. നാട്ടുകാര്‍ പണം കൊടുക്കല്‍ പ്രായേണ നിര്‍ത്തി, ഇപ്പോള്‍ വികാരി അച്ചന്‍ വെള്ളം കുടിക്കുന്നു. അത്മായരുമായി ചര്‍ച്ച ചെയ്ത് ഈ സഭയെ അനുരജ്ഞനത്തിന്‍റെ വഴിയെ നയിക്കുകയെന്നത് ഇന്ന് അത്മായന്റെ ആവശ്യമല്ല, സഭാധികാരികള്ക്കാണ് അത് ആവശ്യമായിരിക്കുന്നത്.
  മരിച്ചിടത്തു നിന്നല്ല കാറിച്ച കേക്കുന്നത് എന്ന് പറഞ്ഞത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇപ്പോള്‍ അരമനകളുടെ മുകളില്‍ ഡെമോക്ളിസിന്റെ വാള് പോലെ നില്‍ക്കുന്നത് കേജരിവാള്‍ ആണ്. ചൂല് കേരളത്തില്‍ വന്നാല്‍ കത്തോലിക്കാ ബെല്‍ട്ടുകളില്‍ ആദ്യം തോല്‍ക്കുക കോണ്ഗ്രസ്
  , കേരളാ കോണ്ഗ്രസ് സ്ഥാനാര്‍ത്തികളായിരിക്കുമെന്നത് സ്പഷ്ടമല്ലേ?
  ഈയ്യിടെ ഫെയിസ് ബുക്കില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ കമ്മ്യുണിസ്റ്റ് വിശ്വാസികളും കോണ്ഗ്രസ് അനുഭാവികള്മെല്ലാം ചൂലിന്റെ കാര്യത്തില്‍ എകാഭിപ്രായക്കാരാണെന്നു കാണാം. ചര്‍ച്ച് ആക്റ്റ് നടപ്പാക്കാതിരിക്കാന്‍ രാഷ്ട്രിയക്കാരുടെ പിന്നാലെ പോകുന്നതിലും എന്തെളുപ്പമാണ്‌ അത്മായരെ വിളിച്ചു ചുറ്റുമിരുത്തി ഉള്ളില്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കുന്നത്‌. വിവിധ മീഡിയാകളിലൂടെ സഭാധികാരികള്‍ക്കെതിരെ വരുന്ന ആരോപണങ്ങള്‍ സമൂഹത്തില്‍ അവരെപ്പറ്റി ഉണ്ടാക്കിയിരിക്കുന്ന ധാരണ വളരെ മോശമായിരിക്കാന്‍ കാരണമായി. പണ്ട് ഒരു നാടിന്റെ സാമൂഹ്യ പ്രശ്നങ്ങളില്‍ മെത്രാന്മാരെ ഇടപെടാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് ആശംസാപ്രസംഗത്തിനു പോലും ആരെയും വിളിക്കുന്നില്ല. ഏതെങ്കിലും ഒരു പ്രശ്നത്തിന് മദ്ധ്യസ്തരാകാന്‍ അവരെ ആരും വിളിക്കുന്നില്ല, അവരുടെ കൈയ്യില്‍ നിന്നും നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.
  കാഞ്ഞിരപ്പള്ളിയില്‍ ഒരു നല്ല കാര്യം നടക്കുന്നുണ്ട്, പെരുന്നാള്കളുടെ ആര്‍ഭാടം കുറക്കാന്‍ തന്നെയാണ് നിര്‍ദ്ദേശം. അത് റോഷന്റെ ചെവിയില്‍ എത്തിയില്ലെന്ന് തോന്നുന്നു.

  ReplyDelete
 4. Replies
  1. "ചര്‍ച്ച് ആക്റ്റ് നടപ്പാക്കാതിരിക്കാന്‍ രാഷ്ട്രിയക്കാരുടെ പിന്നാലെ പോകുന്നതിലും എന്തെളുപ്പമാണ്‌ അത്മായരെ വിളിച്ചു ചുറ്റുമിരുത്തി ഉള്ളില്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കുന്നത്‌."
   അടുത്ത മാസം കൂടുന്ന സിനഡിൽ അല്മായരെയും ഉൾപ്പെടുത്താനുള്ള സുബുദ്ധി മെത്രാന്മാർക്ക് ഉണ്ടാകുമോ? സഭയുടെ ഒരു പൊതു പ്രശ്നമായി ചർച് ആക്റ്റിനെ കാണുകയും അതിനൊരു പൊതു ധാരണയിലെത്തുകയും എന്നതാണ് പക്വതയുണ്ടെങ്കിൽ മെത്രാന്മാർ ആഗ്രഹിക്കേണ്ടത്‌. അതിനു പകരം അല്മായരുടെ ബാലിശമായ പിടിവാശിയായി അതിനെ കാണുകയും അല്മായരുടെ തന്നെ പണമിറക്കി വളഞ്ഞ വഴികളിലൂടെ പൊതുമുതൽ സ്വന്തമാക്കി വയ്ക്കുകയും ചെയ്യാനാണ് ഭാവമെങ്കിൽ മെത്രാന്മാർ തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ തല്ലുകൊള്ളും.

   Delete
 5. ശ്രീ കേജ്രിവാൾ ചൂലുംകൊണ്ട് ഇറങ്ങിയത്‌ സ്ത്രീകൾക്കും സന്തോഷകരമായ ഒരു കാര്യമാണ്. അതിനു അദ്ദേഹത്തിനും നന്ദി. അവരാണല്ലോ നമ്മുടെ നാട്ടിൽ സാധാരണ ചൂലുപയോഗിച്ചുള്ള പണികൾ ചെയ്യുക. വൃത്തിയാക്കാൻ മാത്രമല്ലല്ലോ ഈ ഉപകരണം. ചൂലുകൊണ്ട് അടി കൊള്ളേണ്ടവർ രാഷ്ട്രീയത്തിൽ മാത്രമല്ല, മതങ്ങളിലും, പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ നേതാക്കളുടെ കൂട്ടത്തിലും ഉണ്ടെന്ന് ശ്രീ മറ്റപ്പള്ളിസാർ ചൂണ്ടിക്കാണിച്ചത് വളരെ പ്രസക്തമാണ്. അക്കമിട്ടു പറഞ്ഞിരിക്കുന്നവയെല്ലാം തല്ലുകൊള്ളാൻ തക്ക വലിയ തെറ്റുകളാണ്. അങ്ങനെ പറയാനും തല്ലാനും ജനങ്ങള് ഇനി മടിക്കില്ല എന്ന് അതിനു യോഗ്യരായവർ മനസ്സിലാക്കിത്തുടങ്ങിയത് ദൈവകൃപ തന്നെയാണ്.
  എന്നാൽ പതിനഞ്ചാമാത്തെതായി ഒന്ന് കൂടെ ചേര്ക്കാൻ ആഗ്രഹിക്കുന്നു. യേശുവിന്റെ നാമം ഉരിയാടിക്കൊണ്ട് അല്ലെലൂയിയ വിളിച്ചു കൂവുന്ന ഇവർ യേശു സ്ത്രീകളോട് എത്ര ബഹുമാനത്തോടെ പെരുമാറിയിരുന്നു എന്നത് മനസ്സിലാക്കാതെ, പോളിന്റെ കാലംതൊട്ടു അവരോടു തീണ്ടലും തോടീലുമമായി പെരുമാറിയതിനും ഇവര പൊതിരെ തല്ലുകൊള്ളണം. അക്കാര്യത്തിൽ ഒരു ദാക്ഷിണ്യവും അവർ അർഹിക്കുന്നില്ല. ഇപ്പോൾ നിലനില്ക്കുന്ന തിരിച്ചുവ്യത്യാസങ്ങൾ ദൈവത്തിനും ക്രിസ്തുവിന്റെ അനുയായികൾക്കും ഒട്ടും നിരക്കുന്നതല്ല എന്നിവർക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും മനസ്സിലായില്ലല്ലോ, ദൈവമേ! അതുകൊണ്ട് വരുംകാലങ്ങളിൽ ചൂലു തന്നെ സഭയിലും ഒരു പ്രതീകമായി വിലസട്ടെ.

  ReplyDelete
 6. അത്മായരുടെ ശബ്ദം ഒന്നിനൊന്നു കൂടി വരുന്നു! ദൈവമേ നന്ദി ! പുരോഹിതരുടെ ചൂഷനത്തിൽനിന്നും നമ്മെ രക്ഷിക്കാൻ പള്ളിയിൽകയറി തല്ലുകൊടുത്തു പകരം കുരിശിൽ തൂക്കപ്പെട്ട പാവം മശിഹായിക്കു പിൻഗാമികൾ കൂടിവരുന്നു ഈ കലികാല കത്തനാർവർഗത്തെ മര്യാദയും ക്രിസ്തീയതയും പഠിപ്പിക്കുവാൻ എന്നത് എത്ര മനോഹരമേ ..അത് ചിന്തയിൽ ഒതുങ്ങാ സിന്ധു സമാനമായി സന്തതം കാണുന്നു ഞാൻ !

  ReplyDelete