Translate

Monday, January 20, 2014

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും IV



(2014 ജനുവരി 11ന് കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച 'കെസിഎഫ് സെമിനര്‍' ഇരിങ്ങാലക്കുട രൂപത കാരൂര്‍ സെന്റ് മേരീസ് റോസറി പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ച സെമിനാറില്‍ ജീവന്‍ ടിവി എക്‌സി. എഡിറ്റര്‍ പി.ജെ ആന്റണി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, കെസിഎഫ് ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, കൊരട്ടി കാത്തലിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് വി.സി. ദേവസി, ശ്രീമതി. ആനീസ് ജോസ്, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഡോ. ലാസര്‍ തേര്‍മഠം, ജോസ് മണലില്‍, വി.ടി. തോമാസ്, രാജു ജോണ്‍, ആന്റണി നെടുംപറമ്പില്‍, സി.കെ. ജോണ്‍സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു).
സെമിനാറില്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവക മുന്‍ വികാരി 
ഫാ. ഡേവീസ് കാച്ചപ്പിള്ളി അവതരിപ്പിച്ച പ്രബന്ധം അവസാന ഭാഗം

ഫ്രാന്‍സീസ് പാപ്പായുടെ സഭാനവീകരണ മാതൃകകള്‍ : (തുടര്‍ച്ച)
16. ബ്രസീലിലെ യുവജന സമ്മേളനത്തിനിടയില്‍ മാര്‍പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിക്കാന്‍ സമയം കണ്ടെത്തുകയുണ്ടായി.
17. നിരീശ്വരവാദിയും ദരിദ്രരുടെ നേതാവുമായ ഉറുഗ്വേയിലെ പ്രസിഡന്റുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.
18. മാര്‍പാപ്പ കര്‍ദിനാള്‍ ആയിരുന്ന അര്‍ജന്റീനയില്‍ മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥം അവര്‍ തന്റെ പ്രതിമ സ്ഥാപിച്ചു എന്നറിഞ്ഞപ്പോള്‍, പ്രതിമ എടുത്തുമാറ്റാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ദേശം നല്‍കി. ഇത്തരം വീരാരാധന തനിക്ക് ആവശ്യമില്ല, എന്നെ ആരും ആള്‍ദൈവമാക്കരുത്, ആരെയും സഭയില്‍ ആള്‍ദൈവങ്ങള്‍ ആക്കരുതെന്നും മാര്‍പാപ്പ അറിയിച്ചു.
19. മാര്‍പാപ്പയെ ധാരാളം പൊതുവേദികളില്‍ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശിരസ്സില്‍ വെളുത്ത ഒരു തുണിയുടെ തൊപ്പിയല്ലാതെ പരമ്പരാഗതമായ കിരീടമോ, അദ്ദേഹത്തിന്റെ കൈയ്യില്‍ അധികാര വടിയോ കാണാറില്ല.
20. പ്ലെയ്‌നില്‍ കയറാന്‍ പോയപ്പോള്‍ സാധാരണക്കാരെപ്പോലെ സ്വന്തം ബാഗ് കൈയ്യിലേന്തി യാത്രക്കാരുടെ വരിയില്‍ നില്‍ക്കുകയാണ് മാര്‍പാപ്പ ചെയ്തത്.
21. തെരഞ്ഞെടുപ്പിനുശേഷം കര്‍ദിനാള്‍മാരുമായുള്ള കൂടിക്കാഴ്ചക്കുപ്പോകാന്‍, തനിക്കു വേണ്ടിയുള്ള സ്വന്തം വാഹനം ഉണ്ടായിരുന്നെങ്കിലും, മാര്‍പാപ്പ അതില്‍ കയറാതെ പൊതു വാഹനത്തിലാണ് യാത്ര ചെയ്തത്.
22. മാര്‍പാപ്പയുടെ ജന്‍മദിനത്തില്‍ താമസസ്ഥലത്തെ ജോലിക്കാരും പരിസര പ്രദേശത്തെ ഭവനരഹിതരും ഒരുമിച്ചിരുന്നാണ് മാര്‍പാപ്പ ഭക്ഷണം കഴിച്ച് ജന്‍മദിനം ആഘോഷിച്ചത്.
ഞാന്‍ ചുരുക്കുകയാണ്. മാര്‍പാപ്പ സഭാനവീകരണ പ്രവാചകനാണെന്ന് ലോകം മുഴുവന്‍ സമ്മതിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹത്തിന് വിവിധ അംഗീകാരം നല്‍കിക്കൊണ്ടിരിക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതായി പത്രത്തില്‍ വായിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സഭാനവീകരണ പ്രവാചക ദൗത്യം കേരളസഭയും സീറോ മലബാര്‍ സഭയും യുക്തമായി അംഗീകരിക്കുകയോ അക്കാര്യത്തില്‍ സമൂഹത്തിന് ശരിയായ ബോധവല്‍ക്കരണം വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് പറയാനാകില്ല. മാര്‍പാപ്പയുടെ മാതൃകയിലുള്ള നവീകരണ മാതൃകകള്‍ വളരെ ചുരുക്കമായി മാത്രമേ കേരളസഭാനേതൃത്വത്തില്‍ കാണാനാവുന്നുള്ളൂ. നാലാം നൂറ്റാണ്ടുമുതലുള്ള രാജകീയ ശൈലികളില്‍ മാര്‍പാപ്പ വളരെയേറേ മാറ്റങ്ങള്‍ വരുത്തിയെങ്കിലും അത്തരം മാറ്റങ്ങള്‍ക്ക് വിധേയപ്പെടാന്‍ കേരളാസഭാനേതൃത്വം വിമുകത കാണിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ ആകുന്നത്. സഭയിലെ ഒരു സ്വതന്ത്ര സംഘടനയായ കേരളകാത്തലിക് ഫെഡറേഷന്‍ മാര്‍പാപ്പയുടെ സഭാനവീകരണ പ്രവാചകദൗത്യത്തിന് ഈ സെമിനാറിലൂടെ നല്ലൊരു തുടക്കമിട്ടു എന്നതില്‍ സീറോ മലബാര്‍ സഭയ്ക്കും കേരളസഭയ്ക്കും അഭിമാനിക്കാം. അല്മായരുടെ മാതൃക മനസ്സിലാക്കിയിട്ടെങ്കിലും സഭാനേതൃത്വം ഇത്തരം സെമിനാറുകള്‍ എല്ലാ രൂപതകളിലും ഇടവകകളിലും സഭാതലത്തിലും നടത്തണമെന്നും മാര്‍പ്പാപ്പയുടെ മാതൃകകള്‍ അനുകരിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായി സഭയെ നവീകരിക്കാന്‍ സഭാനേതൃത്വം സന്നദ്ധമാകണമെന്ന് ഓര്‍പ്പിച്ചുകൊണ്ടും കേരള കാത്തലിക് ഫെഡറേഷന്റെ ഈ മുന്നേറ്റത്തില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഈ പ്രബന്ധം അവസാനിപ്പിക്കുന്നു.

കേരള കാത്തലിക് ഫെഡറേഷന്‍ - R 617/08, ENRA 39, ദിവാന്‍ ശങ്കര വാര്യര്‍ റോഡ്. ഒല്ലൂര്‍, തൃശ്ശൂര്‍ 680306. Email: keralacatholicfederation@gmail.com - State President: Antony Chittattukara Ph. 04885235598, General Secretary: V.K. Joy Ph. 9447037725, 9495839725 - Email: joyvarocky@gmail.com 

No comments:

Post a Comment