Translate

Wednesday, January 8, 2014

ചില കാഞ്ഞിരപ്പളളി ചിന്തകള്‍

ജയിംസ് ഐസക് കുടമാളൂര്‍
('സത്യജ്വാല' 2013 ഡിസംബര്‍ ലക്കത്തില്‍ നിന്ന്)

'സത്യജ്വാല' ഒക്‌ടോബര്‍ ലക്കത്തില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും രൂപതയെയും കുറിച്ചു കൊടുത്തിരുന്നതു വായിച്ചപ്പോള്‍ അല്‍പം ചില കാര്യങ്ങള്‍ എഴുതുവാന്‍ തോന്നി.
ഇസ്രായേല്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന അഹങ്കാരം ഇന്നും അന്നും ആ സമൂഹം പ്രകടിപ്പിക്കാറുണ്ട്. ഇസ്രായേലിന്റെ ആദ്യരാജാവായ സാവൂളും, സോളമന്‍, ആഹാബ് തുടങ്ങിയ രാജാക്കന്മാരും ദൈവഹിതത്തിനു വിപരീതമായി പ്രവര്‍ത്തിച്ചു സ്വയം അധഃപതനം ഏറ്റുവാങ്ങിയവരാണ്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെക്കുറിച്ച് ഈ വിധത്തില്‍ ചിന്തിക്കേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.
കാഞ്ഞിരപ്പള്ളി സ്വദേശിയായ ഒരു ഉന്നതവ്യക്തി എന്നോടു നേരിട്ടറിയിച്ച ഒരു സംഭവം. ഒരു കോടിയില്‍പരം രൂപാ വിലവരുന്ന ബെന്‍സ്‌കാര്‍ വിദേശത്തുനിന്നു വാങ്ങാന്‍ ബിഷപ്പ് തീരുമാനിച്ചു. തന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ അതിനെ തടഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കും എന്നു പറഞ്ഞ് മെത്രാന്റെ ആലോചനയ്ക്കു തടസ്സംനിന്നു. ഒടുവില്‍ 65 ലക്ഷം വിലവരുന്ന ഓഡി കാര്‍ വാങ്ങി സഞ്ചാരം തുടര്‍ന്നു. അടുത്തനാളില്‍ ഒരു അനാഥാലയം വെഞ്ചരിക്കുന്നതിനു വന്നപ്പോള്‍ ജനം അമ്പരപ്പോടെ മെത്രാന്റെ കാര്‍ നോക്കിനിന്നു. കാഞ്ഞിരപ്പള്ളിയുടെ അന്തസ്സിനു നിരക്കുന്ന വാഹനം മെത്രാനുവേണം എന്നു പറയുന്നവരും ഉണ്ട്. എങ്കിലും ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ക്കു കാഞ്ഞിരപ്പള്ളിയില്‍ വെറും പുല്ലുവിലയെന്നു വരുന്നതു കഷ്ടംതന്നെ!
ഇന്നു കേരളത്തിലെ ഏറ്റം സമ്പന്നമായ രൂപതയാണു കാഞ്ഞിരപ്പള്ളി. എഴുപതുകളിലാണ് കാഞ്ഞിരപ്പള്ളി രൂപത നിലവില്‍ വന്നത്. ആദ്യമെത്രാന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍. കേരളത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കു കാരണക്കാരനായത് ഈ മെത്രാന്‍ ആണെന്നു പറയേണ്ടിയിരിക്കുന്നു.
കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനികള്‍ സാമ്പത്തികമായി ഉയര്‍ന്നപ്പോള്‍ ആരെയും മാനിക്കേണ്ടതില്ല എന്ന ചിന്ത അവിടെ ചില ചെറുപ്പക്കാരില്‍ ഉണ്ടായി. അന്‍പതുകളില്‍ നടന്ന ഒരു വലിയ സംഭവമാണ് ഈ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാരണം.
ശബരിമല ശാസ്താവിന്റെ ക്ഷേത്രം പുരാതനകാലംമുതല്‍ കേരളത്തിലെ ഒരു തീര്‍ത്ഥാടനകേന്ദ്രമായിരുന്നു. കേരളത്തില്‍ വ്യാപകമായിരുന്ന ബുദ്ധമതത്തിന്റെ ദേവാലയമായിരുന്നു ഇതെന്നു ചരിത്രകാരന്മാര്‍ പറയുന്നു. തപസ്സിരിക്കുന്ന ശ്രീ ബുദ്ധനാണു ശാസ്താവെന്നു പറയപ്പെടുന്നു. ശങ്കരാചാര്യരുടെ ഹിന്ദു നവോത്ഥാനകാലത്ത് ഈ പ്രതിഷ്ഠ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു എന്ന് ശ്രീ.എന്‍.കെ. ജോസ് തുടങ്ങിയ ചരിത്രകാരന്മാര്‍ തെളിവുസഹിതം സ്ഥാപിക്കുന്നു. എന്തായാലും, ശബരിമല പ്രസിദ്ധിയേറിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായിത്തീര്‍ന്നു. എങ്കിലും അന്‍പതുകളില്‍പോലും ആണ്ടിലൊരിക്കല്‍ മാത്രമായിരുന്നു ഇവിടെ പരസ്യമായി പൂജാകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്.


കാഞ്ഞിരപ്പള്ളിയിലെ ഉന്നത കുടുംബജാതരായ ഏതാനും യുവാക്കള്‍ കാട്ടില്‍ സഞ്ചരിച്ചു വേട്ടയാടല്‍ നടത്തി, ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ മാംസവുമായി ശബരിമല ക്ഷേത്രത്തില്‍ എത്തി ഇറച്ചി പാകംചെയ്തു ചാരായവുംകൂട്ടി ആഘോഷവിരുന്നുനടത്തി. ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കും ചില കേടുപാടുകളും ഉണ്ടായി. ഇതൊക്കെ പിന്നീടുണ്ടായ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്, മുഴുവന്‍ ശരിയായിരിക്കണമെന്നില്ല. എന്നാല്‍ വലിയ ഒരു വര്‍ഗ്ഗീയലഹള അവിടെ ഉണ്ടാകുവാന്‍ ഈ സംഭവം കാരണമായി. ഇന്നത്തെപ്പോലെ ആര്‍.എസ്.എസ്സും, ഹിന്ദു ഐക്യപ്രസ്ഥാനങ്ങളും അന്നില്ലായിരുന്നു. നായരും, ഈഴവരും, ബ്രാഹ്മണരും ജാതിയുടെ പേരില്‍ അകന്നു നില്‍ക്കുകയല്ലാതെ ഹിന്ദുവിശ്വാസത്തിന്റെപേരില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന സാഹചര്യം അന്നില്ലായിരുന്നു.
ഹിന്ദുക്കളില്‍ ഐക്യം ഇല്ലാതിരുന്നതുകൊണ്ടുമാത്രം അന്നു കേരളത്തിലെ ക്രൈസ്തവര്‍ രക്ഷപ്പെട്ടു എന്നുപറയാം. എങ്കിലും നാടുമുഴുവന്‍ അന്നു ക്രൈസ്തവവിരോധം വ്യാപിച്ചു എന്നതു സത്യമാണ്. ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ട ചില സംഭവങ്ങളുമുണ്ടായി. കാഞ്ഞിരപ്പള്ളിയിലെ സുഖലോലുപരായ ചില യുവാക്കള്‍ ക്രൈസ്തവസഭയ്ക്ക് അപമാനം ഉണ്ടാക്കി എന്നതു യാഥാര്‍ത്ഥ്യമാണ്.
പ്രഥമ മെത്രാന്‍സ്ഥാനം ഏറ്റെടുത്ത മാര്‍ ജോസഫ് പൗവ്വത്തില്‍ മദ്രാസ് പെരിയമലയില്‍ കണ്ടെടുത്ത പേര്‍ഷ്യന്‍ അലങ്കാരക്കുരിശിനു മാര്‍ത്തോമ്മാക്കുരിശ് എന്നുപേരിട്ട് രൂപതയുടെ ഔദ്യോഗികചിഹ്നമായി തിരഞ്ഞെടുത്തു. സീറോ-മലബാര്‍ സഭ മുഴുവന്‍ ഈ അലങ്കാരക്കുരിശ് ഏറ്റെടുത്തുകൊണ്ട് ക്രൂശിതരൂപം ബഹിഷ്‌കരിക്കണമെന്നായിരുന്നു മാര്‍ പൗവ്വത്തിലിന്റെ ആഗ്രഹം. പക്ഷേ, അതൊന്നും സംഭവിച്ചില്ല. പിന്നീട് അദ്ദേഹം ചങ്ങനാശ്ശേരിയില്‍ വന്നപ്പോള്‍ അതിരംപുഴയിലും മറ്റു ചിലയിടങ്ങളിലും ക്രൂശിതരൂപം എടുത്തു മാറ്റി. പുതുതായി നിര്‍മ്മിക്കുന്ന ദേവാലയങ്ങളില്‍ മാര്‍തോമ്മാക്കുരിശ് പ്രധാനസ്ഥാനത്തില്ലെങ്കില്‍ വെഞ്ചരിപ്പിനു ക്ഷണിക്കേണ്ടതില്ല എന്ന അറിയിപ്പും മാര്‍ പൗവ്വത്തില്‍ നടത്തി. പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം രൂപതകളില്‍ തന്റെ സ്വാധീനം തുടരുന്നുവെങ്കിലും കുരിശുവിഷയത്തില്‍ വലിയ തീവ്രവിചാരം ചങ്ങനാശ്ശേരി ഒഴിച്ചു മറ്റു രൂപതകളില്‍ ഇന്നു കാണുന്നില്ല.
1982-ല്‍ നിലയ്ക്കല്‍ ക്ഷേത്രമതിലിനു വെളിയില്‍ തൊട്ടടുത്തുനിന്നു ഒരു മരക്കുരിശു കണ്ടെടുത്തതാണ് കാഞ്ഞിരപ്പള്ളിയില്‍ നടന്ന മറ്റൊരു സംഭവം. ഈ കുരിശ് പുരാതനകാലം മുതലുള്ള ക്രൈസ്തവസാന്നിദ്ധ്യത്തിന്റെ തെളിവുകളാണെന്നാണു കാഞ്ഞിരപ്പള്ളിക്കാര്‍ അവകാശപ്പെട്ടത്. കുരിശ് കണ്ടെടുത്ത സ്ഥലം അയ്യപ്പന്റെ പൂങ്കാവനം എന്നറിയപ്പെടുന്ന ക്ഷേത്രപരിസരമാണ്. എന്തായാലും വലിയ ഒരു പൊല്ലാപ്പാണുണ്ടായത്. കേരളമെങ്ങും വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെടുന്ന ലക്ഷണമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റം ശക്തമായ വോട്ടുബാങ്കാണല്ലോ കേരളത്തില്‍ ക്രൈ
സ്തവര്‍. ഈ കാരണത്താല്‍ മുഖ്യമന്ത്രി കെ. കരുണാകരനെപ്പോലുള്ള രാഷ്ട്രീയനേതാക്കള്‍ ഉടനടി ഇടപെട്ടു. തോമാശ്ലീഹായുടെ പേരില്‍ പള്ളി പണിയാന്‍ ആങ്ങാമൂഴി എന്ന മറ്റൊരു സ്ഥലത്തു കുറച്ചു സ്ഥലം നല്‍കി. അപ്പോഴേയ്ക്കും തോമ്മാശ്ലീഹായുടെ അവകാശം പറഞ്ഞുകൊണ്ട് മറ്റു എപ്പിസ്‌കോപ്പല്‍ സഭകളും മുന്നോട്ടുവന്നു. ഒടുവില്‍ എല്ലാവരുംചേര്‍ന്ന് ഒരു എക്യുമെനിക്കല്‍ ദേവാലയം ഉണ്ടാക്കി ശബ്ദമടക്കി. ഈ വിവാദംകൊണ്ട് കാഞ്ഞിരപ്പള്ളിക്കാര്‍ നോട്ടപ്പുള്ളികളായി എന്നതൊഴിച്ചു കേരള ക്രൈസ്തവസഭയ്ക്കു ഒരു നേട്ടവും ഉണ്ടായില്ല. ഈ വലിയ നാണക്കേട് ഇപ്പോള്‍ സംസാരവിഷയമേ അല്ല.

കാഞ്ഞിരപ്പളളിയില്‍ സംഭവിച്ച മറ്റൊരു പ്രധാന സംഭവം ജോസ് ആനത്താനം ആരംഭിച്ച സ്വതന്ത്ര സഭാ പ്രസ്ഥാനമാണ്. കരിസ്മാറ്റിക് പ്രസ്ഥാനമായി ശക്തിപ്രാപിച്ച ഈ ഗ്രൂപ്പ് രൂപതയും കത്തോലിക്കാസഭയുമായുള്ള എല്ലാബന്ധവും അവസാനിപ്പിച്ച് സ്വതന്ത്രസഭയായി വേര്‍പെട്ടു. പി.ഒ.സി. ബൈബിള്‍പോലും അവര്‍ അംഗീകരിച്ചില്ല. പകരം, സത്യവേദപുസ്തകം എന്ന കിംഗ് ജയിംസ് വേര്‍ഷന്‍ വിശുദ്ധഗ്രന്ഥമായി അവര്‍ പരിഗണിച്ചു. കത്തോലിക്കാസഭയ്‌ക്കെതിരായ പ്രചരണം കാഞ്ഞിരപ്പള്ളിയില്‍ ശക്തമായി മുന്നേറുന്നു.
ഇപ്പോഴത്തെ ബിഷപ്പ് സ്ഥാനമേറ്റതുമുതല്‍ നിരവധി വിവാദങ്ങള്‍ അറങ്ങേറിക്കൊണ്ടിരിക്കുന്നു. കേരള കത്തോലിക്കരുടെ സ്വന്തം പത്രമായിരുന്ന ദീപിക ഫാരിസ് എന്ന മുസ്ലീം വ്യവസായിക്കു കൈമാറിയത് മറ്റൊരു സംഭവമായിരുന്നു. ഏറ്റം ഒടുവില്‍ എരുമേലിയിലെ മോണിക്കാ- തോമസ് ദമ്പതികളുടെ വസ്തു കൈമാറ്റസംഭവം. ഈ സംഭവങ്ങള്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്കുമാത്രം ബാധകമെന്നു കരുതാമോ? കേരളകത്തോലിക്കാ സഭയുടെ മൊത്തം അഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങളായി കരുതപ്പെടേണ്ടതല്ലേ?
ഓരോ രൂപതയും ഓരോ പ്രത്യേക വ്യക്തിസഭയെന്നു കരുതിയാല്‍ കുഴപ്പമില്ല- മറ്റാരും അഭിപ്രായം പറയേണ്ടതില്ലല്ലോ. സീറോ-മലബാര്‍ സഭ മുഴുവനും ചേര്‍ന്നതാണു നാം അംഗങ്ങളായിരിക്കുന്ന വ്യക്തിസഭയെങ്കില്‍, കാഞ്ഞിരപ്പള്ളിയുടെ ഈ പോക്ക് വിചാരണ ചെയ്യപ്പെടേണ്ടതാണ്. ക്രിസ്തുവിന്റെ പ്രതിനിധികളായ മെത്രാന്മാരും വൈദികരും സുഖലോലുപത പ്രകടിപ്പിച്ച് അധികാരം ഉറപ്പിച്ചു രാജകീയപ്രകടനം നടത്തിയാല്‍, ക്രിസ്തു അവരോധിതനാവുകയാണ് എന്നു പറയേണ്ടിവരും.
ഒരു കാര്യം വ്യക്തമാണ്. ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ വീക്ഷണങ്ങള്‍ കാഞ്ഞിരപ്പള്ളി ബിഷപ് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്.

ഫോണ്‍: 04812392705 

2 comments:

 1. ആഡംബരത്തിൽ ജീവിക്കുന്ന കാഞ്ഞിരപ്പള്ളി ബിഷപ്പിനെപ്പറ്റി ചില സത്യങ്ങൾ വെളിപ്പെടുത്തിയതിൽ ശ്രീ ജെയിസ് കുടമാളൂർ ഖേദിക്കേണ്ട ആവശ്യമില്ല. ഈ ബിഷപ്പ് കുന്നുകൂട്ടിയിരിക്കുന്ന പാപങ്ങൾക്ക്‌ ദൈവംപോലും മാപ്പ് കൊടുക്കുകയില്ല. പഴയകാലം മുതൽ ധാരാളം ഭൂസ്വത്തുള്ള പള്ളിയായിരുന്നു, കാഞ്ഞിരപ്പള്ളി. ഇത്രമാത്രം ധനം മുതലാക്കിയ ഒരു രൂപതയുടെ അധിപൻ അടുത്തമാസം ഷെവലിയർ സെബാസ്റ്റിനൊപ്പം അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നുവെന്നും അറിഞ്ഞു. ന്യൂയോർക്കിലും ഫിലാഡെല്ഫിയായിലും വമ്പൻ സ്വീകരണങ്ങൾ നല്കുന്നതായി അമേരിക്കയിലെ മലയാളസൈബർ പത്രങ്ങളിലുണ്ട്. ഏതോ പദ്ധതികളുമായി പരിപാടിയിട്ട് വൻപിരിവിനാണ് ആശാന്മാർ വരുന്നതെന്നതും വിചിത്രം തന്നെ.

  പഴയകാലംമുതൽ കൊലയും തീവെപ്പുമായി നടന്ന കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ കുടുംബങ്ങളെല്ലാം അവിടെ അസ്തമിച്ചുവെന്നാണറിഞ്ഞത്. ഞാനും കാഞ്ഞിരപ്പള്ളിയിൽ വളർന്ന് ആ പള്ളിവക സ്കൂളിലാണ് പഠിച്ചത്. ബിഷപ്പ് അറക്കൻ വളർന്നത്‌ എരുമേലിയിലെ ഉൾപ്രദേശത്ത് ഒരു സാധാരണ കുടുംബത്തിലാണ്. എത്രമാത്രം ആഡ്ഡ്യനായാലും ചിന്തിക്കുന്ന കാഞ്ഞിരപ്പള്ളിവാസികൾക്ക്‌ അദ്ദേഹമാരെന്നറിയാം.

  അദ്ധ്യാത്മികത നിറഞ്ഞ പ്രസിദ്ധരായ നല്ല പുരോഹിതർ അവിടുത്തെ പൌരാണിക കുടുംബങ്ങളിൽ ജനിച്ചിട്ടുണ്ട്. ഔറിലിയോസ് സി.എം.ഐ. അതിനൊരുദാഹരണമാണ്. ഈ വന്ദ്യപുരോഹിതനെപ്പറ്റി മാന്നാനം ആശ്രമത്തിൽ എഴുതപ്പെട്ടിരിക്കുന്നത് 'ഈ നൂറ്റാണ്ടിൽ നിറഞ്ഞു നില്ക്കുന്ന അദ്ധ്യാത്മിക തേജസെന്നാണ്'. അതുപോലെ അവിടുത്തെ പ്രമുഖ കുടുംബങ്ങളിൽനിന്നും വില്ലന്മാരായ പുരോഹിതരെയും കാണാം. കുപ്രസിദ്ധനായ ഒരു മൊണ്‍സിഞ്ഞോറിന്റെ പേരില് എസ. ബി. കോളേജിലും അനേകം സ്ഥലങ്ങളിലും സ്മാരക കെട്ടിടങ്ങൾ ഉണ്ട്‌. ഈ തലമുറയുംകൂടി കടന്നുപോകുമ്പോൾ അവരൊക്കെ വിശുദ്ധരുടെ ഗണങ്ങളിലായിരിക്കും. കാഞ്ഞിരപ്പള്ളിയിലെ കുട്ടിപെണ്‍പിള്ളേരെ കണ്ടാൽ കഴുത്തിൽ വെന്തിങ്ങം തപ്പലും അനാവശ്യം പ്രവർത്തിക്കലുമായ കഥകൾ അന്നത്തെ കാഞ്ഞിരപ്പള്ളിയിലെ അനുഭവസ്ഥരായ അമ്മച്ചിമാരോട് ചോദിച്ചാൽ വിശദമായി പറയും.

  കാഞ്ഞിരപ്പള്ളിമെത്രാനും പത്രാസും കാറും ഇന്ന് ലോകം മുഴുവൻ അറിയാവുന്ന കഥയാണ്. എന്നിട്ടും അദ്ദേഹത്തെ പൂജിക്കാൻ വലിയ ജനക്കൂട്ടം ചുറ്റിനുമുണ്ട്.ഏതായാലും ഷിക്കാഗോയിലെ ബിഷപ്പ് അങ്ങാടിയത്ത് ഇടവകക്കാരുടെ എതിർപ്പുമൂലം പള്ളി അതിർത്തികളിൽനിന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ പിരിവ് മുടക്കിയെന്നറിയുന്നു. അല്മായമുന്നേറ്റം അമേരിക്കയിലും പ്രതിഫലിക്കാൻ തുടങ്ങി. ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നുവെങ്കിൽ കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ ഈ കൗശല്യ അടവുകൾക്ക് അനായാസമായി തടസമിടായിരുന്നു.

  അമ്പതുകളിലെ ശബരിമല തീവെപ്പ്കേസ് കുപ്രസിദ്ധമായിരുന്നു. പക്ഷെ ആ തീവെപ്പ് നടത്തിയത് കാഞ്ഞിരപ്പള്ളിക്കാരെന്നുള്ളത് പിന്നീടുണ്ടായ കഥകളാണ്. ആ നാട്ടിൽ ജനിച്ചു വളർന്ന ഞാൻ ഓരോ കാലത്തെയും കഥകൾ പുതിയ രൂപത്തിൽ കേള്ക്കുന്നു. അത്തരം പൊടിപ്പും തൊങ്ങലുകളും പിന്നീട് കൂട്ടി ചേർത്തതാണ്. അക്കാലത്ത് അയ്യപ്പന്മാർ എരുമേലിയിലൊരു പള്ളി പകരം തീവെച്ചു നശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലെ അക്കരപ്പള്ളി കത്തിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. അന്ന് രാവും പകലും കാഞ്ഞിരപ്പള്ളി നിവാസികൾ പള്ളിക്ക് ചുറ്റും കാവൽ നില്ക്കുമായിരുന്നു.

  ശബരിമല ശാസ്താവിനെ സംബന്ധിച്ചുള്ളതെല്ലാം ഐതിഹാസിക കഥകളാണ്. പുറംലോകം കണ്ടിട്ടില്ലാത്ത കാട്ടിലെ പ്രാകൃതവർഗക്കാർ സ്ഥാപിക്കുന്ന ദൈവങ്ങളെ ചരിത്രഗവേഷകരുടെ ഗവേഷണപ്പുരയിൽ കാണാൻ സാദ്ധ്യതയില്ല. പുലിയുടെ മുകളിലിരിക്കുന്ന ശാസ്ത്ഥാവ് ബുദ്ധവിഹാരമെന്നുള്ളതും ഭാവനയാണ്. ചരിത്രമല്ല. വേദങ്ങൾക്കുമുമ്പ് ബുദ്ധമതം കേരളത്തിൽ പ്രചരിച്ചിരുന്നുവെന്ന് അശോകന്റെ ചില അവ്യക്തമായ ലിഖിതങ്ങളിലുണ്ട്.
  കിംഗ്‌ ജോർജ് ബൈബിൾ ക്രുസ്തുവൊ ശിക്ഷ്യന്മാരൊ അവരുടെ ശിക്ഷ്യന്മാരോ ഉപയോഗിച്ചിരിക്കാൻ സാധ്യതയില്ല. കൂണുപോലെ സഭകളുണ്ടാക്കി സ്വതന്ത്ര സഭകളായി പ്രവർത്തിക്കുന്നതും പുരോഹിത ബിഷപ്പുമാർക്ക് സന്തോഷമുള്ള കാര്യമാണ്. ശല്യക്കാർ പുറത്തുപോയാൽ ഏകാധിപതികളായ ഇവരെ ആരും ചോദ്യം ചെയ്യുകയില്ലല്ലോ. ആനത്താനം ജോസ് സഭയ്ക്ക് വെളിയിൽ പോയെങ്കിൽ അത് അറക്കൽ ബിഷപ്പ് അനുഗ്രഹമായി കരുതും. ദൈവശാസ്ത്രംതന്നെ പൊട്ടത്തരമെന്ന സ്ഥിതിക്ക് ദൈവശാസ്ത്രത്തിൽ പുതിയസഭകൾ ഉണ്ടാക്കുന്നതിലും അർത്ഥമില്ല. ചർച്ച് ആക്റ്റ് പ്രാബല്യമായാൽ പിരിഞ്ഞുപോയവർക്ക് സഭാസ്വത്തുക്കളിൽ നിയമപരമായ യാതൊരു സ്വാധീനവും കാണുകയില്ലന്നും ഓർക്കണം.

  ReplyDelete
 2. പിരിവിനിറങ്ങുന്ന മെത്രാൻ-യാചകരെ പാഠം പഠിപ്പിക്കാൻ അമേരിക്കൻ പ്രവാസികൾ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഈ പൈത്യപ്പരിപാടി ഇനി അനുവദിച്ചുകൂടാ. വളിച്ച ചിരിയുമായി ഒരു മെത്രാനോ അച്ചനോ ചെന്നാൽ വെറും കൈയോടെ വാടാൻ മനസ്സനുവദിക്കാത്ത കുറേപ്പേർ ഇപ്പോഴും അവിടങ്ങളിൽ ഉള്ളതുകൊണ്ടാണ് നാണം കെട്ട ഇവറ്റകൾ ഇങ്ങനെ തെണ്ടിനടക്കുന്നത്.

  ഏതാനും ഇ-മെയിലുകളും വെബ്സൈറ്റിൽ വേണ്ടത്ര താക്കീതും മതിയായി, സ്വിറ്റ്സർലണ്ടിൽ കല്ലറങ്ങാട്ടിന്റെ തെണ്ടൽപ്രോഗ്രാം പാളിപ്പോകാൻ. ഈ സൂത്രം അമേരിക്കക്കാരും ഒന്ന് പരീക്ഷിക്കേണ്ടിയിരിക്കുന്നു. എല്ലാ വിജയാശംസകളും നേരുന്നു.

  ReplyDelete