Translate

Friday, January 17, 2014

സഭാപൌരന്മാർ ഉറ്റുനോക്കുന്നു

2013, ഡിസംബർ 16ന് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനു മുമ്പിൽ  ഒരു പൊതുതാത്പര്യഹർജി സമർപ്പിക്കപ്പെട്ടു. സേലം വേലുഗാന്ധി എന്നറിയപ്പെടുന്ന 86കാരൻ സ്വാതന്ത്ര്യ സമരസേനാനിയാണ് ഹർജിക്കാരൻ. അദ്ദേഹത്തിന്റെ പ്രാർത്ഥന: സ്വതന്ത്രഭാരതത്തിൽ ഇന്നും നിലനില്ക്കുന്ന ലജ്ജാകരമായ ജാതിസമ്പ്രദായം നിറുത്തലാക്കണം. ഗവണ്‍മെന്റിനെ സമീപിക്കൂ എന്നാണ് നീതിപീഠം അദ്ദേഹത്തിനു കൊടുത്ത മറുപടി. (ഇ.വി.ശ്രീധരൻ, കേരള കൌമുദി, 16. ജനു. 2014)

ഗാന്ധിജിയുടെയും മണ്ടേലയുടെയും മാർടിൻ ലൂഥർ കിംഗ്‌ ജൂണിയറിന്റെയുമൊക്കെ ആത്മാക്കൾ ഇതേ ആവശ്യവുമായി ഇന്നും അലഞ്ഞുതിരിയുന്നു. ഫലമുണ്ടാകുന്നില്ല. ഇന്ന് ഇന്ത്യയ്ക്കാവശ്യമുള്ള എറ്റവും നല്ല കാര്യം ജാതിയിൽ നിന്നുള്ള മുക്തിയാണെങ്കിലും, എല്ലാവരും ചെയ്യുന്നത് കൂടുതൽ ജാതികളെ സൃഷ്ടിക്കുകയാണ്.
ഈ നാട്ടിലെ ഹിന്ദുക്കൾ 9500 ജാതികളിൽ പെടുന്ന ഒരു ജനതതിയാണ്‌. മുസ്ലിങ്ങളുടെയിടയിലും പല തലങ്ങളിൽ ഉറച്ചുപോയ ജാതികളുണ്ട്. ഇന്ത്യാക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ ശാപം ജാതിസമ്പ്രദായമാണെന്നറിയാമായിട്ടും മേല്ജാതിയെന്നും കീഴ്ജാതിയെന്നും apl എന്നും bpl എന്നും ജനത്തെ തരംതിരിച്ചാണ് സ്വതന്ത്രഭാരതത്തിലും ഇന്നുവരെ ഭരണകൂടങ്ങൾ പുരോഗതിയെ തേടുന്നത്. എന്തുവേണ്ടി, നാം മുന്നോട്ടല്ല, പിന്നോട്ടാണ് സഞ്ചരിക്കുന്നത്.

ദൈവപുത്രനും വിശ്വഗുരുവുമായ യേശുവിന്റെ മാനുഷികമുഖമായും അതുകൊണ്ട് എല്ലാ സത്യത്തിന്റെയും സൂക്ഷിപ്പുകാരിയായും സ്വയം പ്രഖ്യാപിക്കുന്ന ക. സഭയിൽനിന്ന് ജാതിചിന്ത പടിയിറങ്ങിയോ? ഇല്ലെന്നു മാത്രമല്ല, എല്ലാ മാർഗ്ഗങ്ങളിലൂടെയും ജാതിചിന്തയെ പുഷ്ടിപ്പെടുത്തുക എന്നതാണ് സഭയുടെ ലക്ഷ്യംതന്നെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. ക്രിസ്തുമതം തന്നെ വ്യത്യസ്തമായ വിശ്വാസസംഹിതകളിൽ ഊന്നിനില്ക്കുന്ന അനേകം റീത്തുകളായും വിഭാഗങ്ങളായും ചിതറിക്കിടക്കുന്നു. ഇവയിലെല്ലാം അല്മായജാതി, പുരോഹിതജാതി, മെത്രാൻജാതി, സന്യസ്തജാതി എന്നതെല്ലാം പിന്നെയുമുണ്ട്. മനുഷ്യരെല്ലാം ഒരേ അളവിൽ ദൈവപുത്രരാണെങ്കിൽ, അവരെന്തുകൊണ്ട് പല ജാതികളിലും തട്ടുകളിലുമുള്ളവരായി പിരിഞ്ഞു നില്ക്കണം? സത്യത്തിന്റെ ഭണ്ഡാരമെന്നു സ്വയം നടിക്കുന്ന ക. സഭയെങ്കിലും എന്തുകൊണ്ട് അല്മായ-പുരോഹിത വ്യത്യാസം എടുത്തുകളഞ്ഞ് വിശ്വാസികളെ സഭാപൗരന്മാർ എന്ന ഒറ്റപ്പദംകൊണ്ട് വിളിക്കുന്നില്ല? മനുഷ്യനെ മനുഷ്യകുലത്തിലും മനുഷ്യകുലത്തെ ഓരോ മനുഷ്യനിലും കാണാനാകുന്നവർക്ക് മാത്രമേ സേലം വേലുവിനെപ്പോലെ ജാതിചിന്തകളിൽ മനസ്സ് ഖിന്നമാകുകയുള്ളൂ.

ഭൂതലത്തിന്റെ വ്യത്യസ്തഘട്ടങ്ങളിൽ, വ്യത്യസ്ത കാലങ്ങളിൽ, വൈവിദ്ധ്യമേറിയ സംസ്ക്കാരങ്ങളിലൂടെ പരിണമിച്ചുണ്ടായ മനുഷ്യതലമുറകളെല്ലാം യഥാർത്ഥത്തിൽ ഒരേ സൃഷ്ടാവിൽനിന്നുടലെടുത്തവരാണെന്നും, അതുകൊണ്ട്, നിറഭേദങ്ങൾക്കും സാംസ്കാരിക, സാമ്പത്തിക വ്യത്യാസങ്ങൾക്കുമതീതമായി എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണെന്നും ആദ്യം കണ്ടെത്തിയത് മതങ്ങളിലൂടെയാണ്. പല മതങ്ങളുണ്ടെങ്കിലും അവയെല്ലാം ഒരേ ദൈവത്തിലേയ്ക്കാണ് മനുഷ്യരെ നയിക്കുന്നത്. യഹോവ, അല്ലാഹു, ബ്രഹ്മം, താവോ എന്നിവയൊക്കെ ഒരേ ദൈവത്തിന്റെ, ഒരേ അനന്തശക്തിയുടെ, പല പേരുകൾ അല്ലെങ്കിൽ പ്രതീകങ്ങൾ മാത്രമാണെന്ന് ഏതുത്തമവിശ്വാസിക്കുമറിയാം. ഈ വാക്കുകളുടെ അടിസ്ഥാനത്തിൽ തമ്മിൽ കലഹിക്കുന്നവർ ഏകദൈവവിശ്വാസികളായിരിക്കാൻ ന്യായമില്ല. ബുദ്ധൻ, രാമൻ, കൃഷ്ണൻ, യേശു, മുഹമ്മദ്‌ തുടങ്ങിയ വ്യക്തിനാമങ്ങൾക്ക് ഓരോ കൂട്ടർ സവിശേഷത കല്പിക്കുമ്പോഴും ഈ സത്യത്തിൽ മാറ്റം വരുന്നില്ല. അല്ലാഹുവിനെ അവഹേളിക്കുന്നതിനെതിരെ മുസ്ലിങ്ങളും രാമനെ തരംതാഴ്ത്തുന്നവരെ കൊല്ലാൻ ഹിന്ദുക്കളും വാളെടുക്കുന്നതുപോലെ അർത്ഥശൂന്യമാണ് ഓരോരോ കാരണം പറഞ്ഞ് യേശുവിന്റെ നാമത്തിൽ ക്രിസ്ത്യാനികൾ കുരിശുയുദ്ധം (വിമോചനസമരം) നടത്തുന്നതും. ഇവിടെയെല്ലാം സംഭവിക്കുന്നത്‌, വെറും വാക്കുകൾക്ക്, അല്ലെങ്കിൽ പ്രതീകങ്ങൾക്ക് അടിപ്പെട്ടുപോകുക മാത്രമാണ്.

ഏകദൈവവിശ്വാസം ഇതിനൊക്കെയപ്പുറത്തേയ്ക്ക് കൊണ്ടുപോയി മനസ്സിനെ സംസ്കരിക്കേണ്ടതുണ്ട്‌. ആത്തരമൊരു സംസ്കാരത്തിന്റെ ഭാഗമാണ്, മെത്രാൻസ്ഥാനമുൾപ്പെടെയുള്ള ഏതു പദവിയിലാമോദിക്കുന്നവരും സ്വാംശീകരിക്കേണ്ടതായ ഈ സത്യം. അതായത്, തനിക്ക് പ്രിയപ്പെട്ട തന്റെ സവിശേഷതകളിലൊന്നുപോലും തനിക്കർഹതപ്പെട്ടതോ യാഥാർഥ്യമോപോലുമല്ലെന്ന വസ്തുത. ഇടവേളകളിലെങ്കിലും ദൈവാഭിമുഖമായി ഇരുന്നു ധ്യാനിക്കുമെങ്കിൽ, ഏതൊരാൾക്കും ഈ സത്യത്തെ അഭിമുഖീകരിക്കേണ്ടിവരും. അങ്ങനെയൊരിക്കലും അവരുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെന്നാണ് നമ്മുടെ മെത്രാന്മാർ നിത്യേന തെളിയിച്ചുകൊണ്ടിരിക്കുന്നത്.

അടുത്ത മാസം (ഫെബ്ര. 5 - 12) കണ്ണഞ്ചിപ്പിക്കുന്ന സന്നാഹങ്ങളോടെ അരുണാപുരത്തു സമ്മേളിക്കുന്ന ഇന്ത്യയിലെ ക. മെത്രാന്മാർ അവരുടെ കർമ്മപരിപാടിക്കായി എടുത്തിരിക്കുന്ന വിഷയം "നവീകരിക്കപ്പെട്ട സഭ സമൂഹത്തെ നവീകരിക്കുന്നു" എന്നതാണ്. ഏതു പ്രത്യയശാസ്ത്രത്തിന്റെ അല്ലെങ്കിൽ ഉൾക്കാഴ്ചയുടെ ആവിഷ്ക്കാരമാണിത് എന്ന് പുറത്തുള്ളവർ കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. നവീകരിക്കപ്പെട്ട സഭ എന്ന് മെത്രാന്മാർ പറയുന്നത് തങ്ങളൊഴിച്ചുള്ള സഭാഘടകങ്ങൾ എന്നാകാനേ തരമുള്ളൂ! അതെന്തുതന്നെയായിരുന്നാലും, സാധാരണ സംഭവിക്കാറുള്ളതുപോലെ, വെറും ആശയപരമായ തലത്തിലേയ്ക്ക് അവരുടെ ചർച്ചകൾ ഒതുങ്ങിപ്പോവില്ലെന്നും, അനുദിനസഭാജീവിതത്തെയും സാമുദായിക ഇടപെടലുകളെയും അർത്ഥവർത്തായി മെച്ചപ്പെടുത്തുന്ന കർമ്മപരിപാടികളിലേയ്ക്ക് മെത്രാന്മാരുടെ വീക്ഷണങ്ങളും ചർച്ചകളും ഊർജ്ജസ്വലമാകുമെന്നും പ്രതീക്ഷിക്കാമോ എന്നതിലേയ്ക്കാണ് സഭാപൗരന്മാർ ഇത്തരുണത്തിൽ ഉറ്റുനോക്കുന്നത്. അതുണ്ടാകുന്നില്ലെങ്കിൽ വത്തിക്കാൻ രണ്ടിന്റെ കാര്യത്തിലെന്നപോലെ, മെത്രാന്മാർ മലപോലെ വന്ന് എലിപോലെ ഒരു മാളത്തിൽ നിന്ന് വേറൊന്നിലേയ്ക്ക് കയറിപ്പോകുകയേ ഉള്ളൂ. അര നൂറ്റാണ്ടിനുശേഷം വത്തിക്കാൻ രണ്ടിന്റെ വളരെയാധുനികവും പുരോഗമനാത്മകവുമായിരുന്ന നിർദ്ദേശങ്ങളെ വീണ്ടും വിലയിരുത്താനാണ് ഈ മെത്രാന്മാരിൽ ചിലരുടെയെങ്കിലും ഉള്ളിലുള്ള ആഗ്രഹം എന്നും കേൾക്കുന്നുണ്ട്. ഇക്കാലമെല്ലാം രണ്ടാം വത്തിക്കാന്റെ പഠനങ്ങളെ ഭയപ്പാടോടെ കാണുകയും അപവാദമില്ലാതെ അവയെ പാടേ അവഗണിക്കുകയും അടിച്ചൊതുക്കുകയും ചെയ്തിരുന്ന നമ്മുടെ മെത്രാന്മാർക്ക് ഈ വൈകിയ വേളയിൽ എവിടെവരെ പോകാനുള്ള ആർജ്ജവമുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. അവരുടെയിടയിൽത്തന്നെ പല കാര്യങ്ങളിലും സ്വരുമയോ സമത്വദീക്ഷയോ ഇല്ലെന്നതാണ് ഈ സംശയത്തിനു നിദാനം.

ഒരു കാര്യം തീർച്ചയാണ്. ഏകദൈവവിശ്വാസത്താലും വത്തിക്കാൻ രണ്ടിന്റെ പഠനങ്ങളാലും ഉത്തേജിതരായാണ് മെത്രാന്മാർ അരുണാപുരത്തു സമ്മേളിക്കുന്നതെങ്കിൽ, അവശ്യമായും സഭവിക്കേണ്ടത് പൗരോഹിത്യാധികാരശ്രേണിയുടെ അഴിച്ചുപണിയലാണ്. അതും സമൂലം. കാരണം, സുവിശേഷങ്ങളുടെ കാഴ്ചപ്പാട് എല്ലാ അധികാരങ്ങൾക്കും അധികാരത്തെ ചുറ്റിപ്പറ്റിയുള്ള വ്യത്യസ്തതകൾക്കുമെതിരാണ്. സ്ത്രീപുരുഷവ്യത്യാസംപോലും അപ്രസക്തമാക്കുന്ന ഒരു വിപ്ലവനവീകരണമാണ് യേശു നടപ്പിലാക്കാൻ ശ്രമിച്ചത്. നൂറ്റാണ്ടുകളിലൂടെ ഈ സുവിശേഷത്തിന് വന്നുപിണഞ്ഞ അപചയം എത്ര ഗുരുതരമാണെന്നത് അറിയാത്തവരല്ല നമ്മുടെ മെത്രാന്മാർ. അറിയില്ലെങ്കിൽ, അതവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ വാക്കുകളിലൂടെയെന്നതിനേക്കാൾ ശക്തമായി സ്വന്തം മാതൃകയിലൂടെ ശ്രമിക്കുന്ന ഒരു നേതാവാണ്‌ ഇന്ന് സഭക്കുള്ളത്. അതുകൊണ്ട് തെറ്റുധാരണകൾക്ക്‌ ഒട്ടും സാംഗത്യമില്ല. സഭയുടെ മുഖ്യധാരയെന്നത് അവർ 'അമേനി'കളായി തരംതാഴ്ത്തിക്കാണുന്ന ബഹുഭൂരിപക്ഷമാണെന്ന തിരിച്ചറിവിൽ, അവര്ക്കായും അവരോടൊത്ത് എല്ലാം പങ്കിട്ടും യേശുവിന്റെ വഴിയിലൂടെ നടക്കാനുള്ള സുധീരമായ പ്രതിജ്ഞയോടെ ഈ മെത്രാൻ സിനഡ് അവസാനിക്കുന്നില്ലെങ്കിൽ, അവർ കുറിക്കുന്നത് സമവായത്തിലൂടെയുള്ള സഭയുടെ എല്ലാ ഭാവിപദ്ധതികളുടെയും സഹകരണത്തിന്റെയും ദയനീയമായ നിരാകരണമായിരിക്കുമെന്ന് തെല്ലു ഭയപ്പാടോടെ അവരെ താക്കീത് ചെയ്യേണ്ടിയിരിക്കുന്നു.

സത്യത്തെ ബഹുമാനിക്കുക എന്ന ഒരൊറ്റ കാര്യത്തിലായിരിക്കട്ടെ ഈ സിനഡംഗങ്ങളുടെ ശ്രദ്ധ. അതിനർത്ഥം, അവർ വിശ്വസിക്കുന്ന ഏകദൈവത്തോടും, തങ്ങളോടുതന്നെയും, സഭാപൌരന്മാരോടും സത്യസന്ധമായി ബന്ധപ്പെടുക എന്നാണ്. സത്യം മാത്രമേ ഒരുവനെ നേർവഴിയിൽ നയിക്കുകയുള്ളൂ. പീലാത്തോസിനെപ്പോലെ സത്യമെന്തെന്ന് അറിയില്ല എന്നിവർ നടിക്കാതിരുന്നാൽ മാത്രം മതി, സഭയുടെ ഭാവി സുരക്ഷിതമായിരിക്കും.    

4 comments:

 1. മനുകുല രക്ഷക്കായി ഒരു രചന ! വായിക്കൂ മനസിലാകുവോളം....

  ReplyDelete
 2. Babu Palatthumpatt, Germany wrote:

  ലേഖനത്തില്‍ താങ്കള്‍ “ക. മെത്രാന്മാർ”, “ക. സഭയിൽനിന്ന്” തുടങ്ങിയ പ്രയോഗങ്ങള്‍ എനിക്ക് കൂടുതലായി സുഖിച്ചു.
  ഇന്നത്തെ കത്തോലിക്കാ സഭയെപ്പറ്റി ഓരോ വായനക്കാരനും ഉള്ള ധാരണയ്ക്കനുസരണമായി “ക” എന്ന അക്ഷരത്തിന് വിപുലീകരിക്കാമല്ലോ.
  babu.palath@gmail.com

  ReplyDelete
 3. ഈ സിനഡിൽ സഭയിലെ മറ്റു ഘടകങ്ങളുടെ പ്രതിനിധികളേയും ഉൾപ്പെടുത്തുന്നതിനെപ്പറ്റി സഭാസ്നേഹികളായ പലരും വളരെ നേരത്തേതന്നെ ബ. ആലഞ്ചേരിക്കും ചില മെത്രാന്മാർക്കും നിർദ്ദേശം കൊടുത്തിരുന്നു എന്നാണറിയുന്നത്. അത് സ്വീകരിക്കുന്നതുതന്നെ വളരെ ശുഭോദർക്കമായ ഒരു തീരുമാനമായിത്തീരുമായിരുന്നു. തങ്ങളേക്കാൾ താഴ്ന്നവർക്ക് ഒന്നും ചെയ്യാനില്ലാത്ത ഏതോ വലിയ ദൌത്യവുമായി, ദൈവിക പരിവേഷത്തോടെയാണ് ക. മെത്രാന്മാർ സിനഡ്ഹാളിലേയ്ക്ക് നടന്നടുക്കുന്നത്. അവിടെയിരുന്നവർ സഭാനവീകരണത്തിന്റെ ഒരാധുനികയന്ത്രം പണിയും. അതിന്റെ നട്ടും ബോൾട്ടുമെല്ലാം റോമായിലുണ്ടാക്കിയ കാനോണ്‍ നിയമങ്ങളായിരിക്കും. എന്നിട്ട് യന്ത്രം തൂത്തുമിനുക്കി എണ്ണയിട്ടുകൊണ്ടിരിക്കാൻ അതെന്തെന്നൊ എന്തിനെന്നോ അറിയാത്ത കുറേ അച്ചന്മാരെയും സന്യസ്തരെയും ഏൽപ്പിക്കും. അതിന്റെ വർണ്ണനകളുമായി രൂപതകളിൽ ഇടയലേഖനങ്ങൾ അടിച്ചിറക്കും. അല്മേനികളുടെ തട്ടുകടകളിൽ വടയും നെയ്യപ്പവും പൊതിയാൻ അതിന്റെ കോപ്പികൾ ഉപയോഗിക്കപ്പെടും. 2014 ലെ അഖിലേന്ത്യാ മെത്രാൻ-സിനഡിന്റെ ചരിത്രപരമായ നേട്ടങ്ങൾ അവിടെയവസാനിക്കും.

  ReplyDelete
 4. thomas abraham wrote

  Dear Zach,S
  I think it is time for rewriting the scriptures of the religions, especially Semitic ones (jewish, muslim, christian) on the basis of the scientific knowledge. Otherwise the poor followers will be misled by the preachers of those religions as the old stuff is the bread and butter of the preachers.
  Now there are no heavens known, no angels or maluks appear, no hurries or apsarases or heavenly beauties known(except for poets and story tellers). Nobody had ever returned after his death to tell about hells or heavens.
  But there are very good teachings in every religion like love, harmony, fraternity, charity etc.. So all unnecessary and imaginary things should be excluded from all religious scriptures,including those things causing aversions about other believers.Most people became attached to a religion only because their parents belonged to such religion.So hatred about other religions should be eliminated from all texts.

  Thanks
  thomas abraham (thomastabraham@rediffmail.com)

  ReplyDelete