Translate

Saturday, January 18, 2014

അഷ്ടദൗർഭാഗ്യങ്ങൾ

ഫാ. ബോബിജോസ് കട്ടിക്കാടിന്റെ ഒരു സംഭാഷണം ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു -  

അടുത്ത മാസം അരുണാപുരത്ത് നടക്കാനിരിക്കുന്ന മെത്രാൻ സിനഡുമായി ബന്ധപ്പെടുത്താതെ അത് കേട്ടിരിക്കാനായില്ല. വ്യാജപ്രവാചകന്മാരെപ്പറ്റിയാണ്‌ ഈ ഗുരു സംസാരിക്കുന്നത്. അവരുടെ ചില ലക്ഷണങ്ങൾ അദ്ദേഹം കൃത്യമായി എണ്ണിപ്പറയുന്നത് എത്ര നന്നായി നമ്മുടെ തിരുമേനിമാർക്ക് ഇണങ്ങുന്നു എന്നോർത്തുപോയത്‌ അവരെന്നോട് ക്ഷമിക്കില്ലായിരിക്കാം. എന്നാൽ അവരിൽ ചില നല്ല മെത്രാന്മാരും ഉള്ളതിനാൽ അവരുടെയെങ്കിലും ശ്രദ്ധയിൽ ഒരനക്കം സൃഷ്ടിക്കാൻ ഇടയാകട്ടെ എന്ന് കരുതി അഷ്ടദൗർഭാഗ്യങ്ങൾ എന്ന് പേരിട്ട്, ചില സ്വന്തം നിരീക്ഷണങ്ങളും ചേർത്ത്, അവയെ ഞാനിവിടെ കുറിക്കുകയാണ്.

1. സ്ഥലം വിടാൻ വിസമ്മതിക്കുന്നവർ. ഒരു പ്രവാചകൻ രണ്ടല്ലെങ്കിൽ മൂന്നു ദിവസത്തിനുമേൽ ഒരിടത്ത് തങ്ങരുത് എന്നാണ് പഴയനിയമത്തിൽ വ്യവസ്ഥ. യേശുവും ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക്‌ സ്ഥിരം നീങ്ങിക്കൊണ്ടിരുന്നു. ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചെന്നുവന്നാലും അരമനയുടെ സുഖാന്തരീക്ഷത്തെ ഉപേക്ഷിക്കാൻ മനസ്സുവരാതെ വേണ്ടാത്തിടത്തൊക്കെ ഇടപെട്ടുകഴിയുന്ന ശല്യപുരുഷന്മാർ പല അരമനകളിലും ഉണ്ടല്ലോ.

2. കാൽപാദങ്ങൾ വിണ്ടുകീറാത്തവർ - അതായത് തങ്ങളെ ഏല്പിച്ചിരിക്കുന്ന പരിധികൾക്കുള്ളിൽ പോലും നടന്ന് മനുഷ്യരുമായി ഇടപെടുന്നത് കുറച്ചിലായി കരുതുന്നവർ. ഇത്തരക്കാർ എവിടെയെങ്കിലും പോകുന്നതു തന്നെ ഷൂഷിട്ട കാലുകൾ കാറിൽനിന്ന് കാർപെറ്റിലേയ്ക്ക് എടുത്തുകുത്തുന്നതുതന്നെ ഒരദ്ധ്വാനം പോലെ കണ്ടുകൊണ്ടാണ്.

3. പണം ചോദിച്ചു തുടങ്ങുന്നവർ. പണം അപകടമാണ്. ലാഭനഷ്ടങ്ങളുടെ ചിന്ത എപ്പോഴും പണവുമായി ബന്ധപ്പെട്ടിരിക്കും. ലാഭനഷ്ടങ്ങൾ മനസ്സിലുള്ളയാർക്കും ധാർമികത പാലിക്കാനാവില്ലെന്നാണ് ഗീതയിൽ ശ്രീകൃഷ്ണൻ അർജ്ജുനനോട് പറയുന്നത്. കാരണം, ധാർമികതയും അധാർമികതയും ലാഭനഷ്ടങ്ങളുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. ലാഭനഷ്ടങ്ങൾ ധനവും അധികാരവും പ്രശസ്തിയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കും. "ലാഭവും നഷ്ടവും വ്യത്യസ്തമായി കാണുവോളം, നീ എന്ത് ചെയ്താലും അത് പാപ(അധാർമിക)മായിരിക്കും എന്നാണ് അര്ജ്ജുനന് കൃഷ്ണൻ കൊടുത്ത പാഠം. അതുതന്നെയാണ് യേശു പഠിപ്പിച്ചതും. അതാണ്‌ മെത്രാന്മാർക്ക് ഒരിക്കലും മനസ്സിലാവില്ലാത്തത്.

4. വാക്കിനും ചിന്തക്കുമിടയിൽ പൊരുത്തക്കേട് കാട്ടുന്നവർ. അതായത്, പ്രഘോഷിക്കുന്ന വചനം മാംസമാകാൻ വേണ്ടത് ചെയ്യാത്തവർ. സർഗ്ഗാത്മകത ഇല്ലാത്തവരെന്നും ഇവരെ വിശേഷിപ്പിക്കാം. മെത്രാന്മാർ എഴുതുന്നവയിൽ അധികമൊന്നും വായിക്കാൻ കൊള്ളുന്നവയില്ല. ഇടയലേഖനങ്ങളൊഴിച്ച് വെറൊന്നുമെഴുതാൻ കഴിവില്ലാത്തവരാണ് നമ്മുടെ മിക്ക മെത്രാന്മാരും. 'മടയലേഖനങ്ങൾ' എന്നാണ് എന്റെയൊരു സുഹൃത്ത് അവയ്ക്ക് പേരിട്ടത്. ഇതിനപവാദങ്ങളായി, സഭക്കഭിമാനമായ വർഗീസ്‌ മാർ കുറീലോസിനെപ്പോലുള്ള മെത്രാന്മാർ ഉണ്ടെന്നത്  മറക്കുന്നില്ല.
  
5. അനുഷ്ഠാനങ്ങൾക്ക് ഊന്നൽ കൊടുക്കുന്നവർ. സഭയിലെ അനുഷ്ഠാനങ്ങളുടെ കാവല്ക്കാരായിട്ടാണ് മെത്രാന്മാരെ വിശ്വാസികൾ കണ്ടുശീലിചിട്ടുള്ളത്. അവര്ക്ക് ചുറ്റും കറങ്ങുന്നവരെല്ലാം 'കാനൻ ലോ' പണ്ഡിതരാണെന്നത്‌ ഇതിനോടൊത്തുപോകുന്നു. ഇവരെല്ലാം തീസിസ് എഴുതിയത് ജനങ്ങളെ വിട്ട്, റോമായിൽ പോയിരുന്നാണ്!

6. അരുതുകൾ മാത്രം പറയുന്നവർ. ദൃഷ്ടിയെങ്ങനെയോ അങ്ങനെയിരിക്കും സൃഷ്ടിയും. ദൃഷ്ടിയോ സൃഷ്ടിയോ ഇല്ലാത്ത ഒരു വർഗമായിട്ടാണ് ഞാൻ ഇന്ത്യൻ മെത്രാന്മാരെ കാണുന്നത്. എല്ലാ ഡോണ്‍ഡ്സും (അരുതുകൾ) എടുത്തു കളഞ്ഞത് യേശുവാണ്. ഡൂസും  (do it, do that) അവിടുന്ന് വെട്ടിക്കളഞ്ഞു. പകരം ഒരൊറ്റ 'do' മാത്രം നിബന്ധമാക്കി - പരസ്പരം സ്നേഹിക്കുക. ഈ ഒരു do മാത്രം ഇല്ലാത്ത ഡൂസും ഡോണ്‍ഡ്സും കുത്തിനിറച്ച ചാക്കുകെട്ടുകളാണ് വിശ്വാസികൾ ചുമക്കേണ്ടിവരുന്നത്. 

7. അർദ്ധസത്യങ്ങളുമായി മെരുകുന്നവർ. താല്ക്കാലികമായ ജനസമ്മതിക്കുവേണ്ടി ചിലത് ചെയ്തുകൊണ്ടിരിക്കുക എന്നാണ് വിവക്ഷ. ഇപ്പോഴത്തെ പശ്ചിമഘട്ടവിവാദത്തിൽ താമരശേരി, ഇടുക്കി മെത്രാന്മാരും അവരെ പിൻചെന്ന് ബാക്കിയുള്ളവരും എടുത്തിരിക്കുന്ന നിലപാട് ഒന്നാന്തരം ഉദാഹരണം.

8. സങ്കല്പത്തിൽ മാത്രം ജീവിക്കുന്നവർ. ഒരു  പൈത്യക്കാരന്റെ രസകരമായ കഥ ബോബിയച്ചൻ പറയുന്നുണ്ട്. ലിങ്കിൽ അത് ശ്രദ്ധിക്കുന്നവർക്ക് ഉടനടി പിടികിട്ടും അയാളുമായി നമ്മുടെ മെത്രാന്മാർക്ക് എന്തൊരു സാദൃശ്യമാണെന്ന്. ധാര്യതേ ധാര്യണാത് ധര്മം എന്നുണ്ട്. ധരിച്ചിരിക്കുന്നതെന്തോ, അതാണ് ധർമം. ആത്യന്തികമായി അത് ബ്രഹ്മ(ദൈവ)മാണ്. അതിനെ അറിയുന്നതിനുള്ളതെല്ലാം ധർമ്മത്തിൽ പെടുന്നു. അതായത് മൂല്യങ്ങളായതെല്ലാം. ധർമക്ഷേത്രവും കർമക്ഷേത്രവും തമ്മിലുള്ള വൈരുദ്ധ്യം സംഘട്ടനമാണ്. അതായിരുന്നു അര്ജ്ജുനന്റെ വ്യസനത്തിനു പിന്നിൽ. മെത്രാന്മാരും ഇന്ന് സംഘർഷത്തിലാണ്. എന്നാൽ അത് അവരും അല്മേനികളുമായിട്ടുള്ള പൊരുത്തക്കേടിന്റെ ഫലമല്ല, മറിച്ച് , അവരുടെതന്നെ ധര്മക്ഷേത്രവും കർമക്ഷേത്രവും തമ്മിലാണ് പൊരുത്തക്കേട്. അത് നീക്കാൻ അവര്ക്ക് മാത്രമേ കഴിയൂ. ചെയ്യണമെന്നറിയാവുന്നത് ചെയ്യാനുള്ള കർമശേഷിയില്ലാത്തതിന്റെ വിഷാദാവസ്ഥയിലാണ് നമ്മുടെ മെത്രാന്മാർ എന്നും. അതിനെ മൂടിവയ്ക്കാനും മറക്കാനുംവേണ്ടി അവർ വൻ വരവേല്പും മൃഷ്ടഭോജനവും ആഘോഷമായ കുർബാനകളുമായി മേളിക്കുകയാണ്!

9961544169 

4 comments:

 1. കൊളോണിയൽ നിയമവാഴ്ച്ചക്കെതിരെയുള്ള ഭാരതത്തിന്റെ ചെറുത്തു നിൽപ്പുകളിൽ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിശബ്ദ ബോധവൽക്കരണത്തിന്റെ രീതിശാസ്ത്രത്തിൽ നിന്നും അതിന്റെ ക്രമാനുഗതമായ വളർച്ചയായിരുന്നു സത്യാഗ്രഹവും നിസ്സഹകരണവും. സത്യഗ്രഹിയായ അല്മയാൻ ഇനി ചെയ്യേണ്ടത് “നിസ്സഹകരണം" തന്നെ. ഈ പള്ളിയായ പള്ളികളും ധ്യാനപ്പന്തലുകളും വിജനമാകുന്ന അവസ്ഥ വരണം; ക്രൈസ്തവൻ, ദൈവത്തെ തന്റെതന്നെ ആത്മാവിൽ അനുഭവിച്ചു തുടങ്ങുന്ന സുസ്ഥിതി.

  ReplyDelete
 2. അവബോധവും ഉള്‍ക്കാഴ്ച്ചയും കൂടുതല്‍ കൂടുതല്‍ ആളുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നാണ് ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. മഹേശ്വര്‍ പറയുന്നതുപോലെ എല്ലാവരും നന്നായാല്‍ പ്രപഞ്ചത്തിനെന്തര്‍ത്ഥം? ഇരുളിന്‍റെ പശ്ചാത്തലത്തിലെ പ്രകാശത്തിനു നിലനില്‍പ്പുള്ളൂ. നാം ശ്രേഷ്ടരെന്നു കരുതുന്ന മദര്‍ തെരേസയും, വി. അല്ഫോന്സായുമൊക്കെ കത്തോലിക്കാ സഭയുടെ ചട്ടക്കൂടുകളുടെ പരുപരുപ്പ് വേണ്ടോളം ആസ്വദിച്ചവരാണ്. ബാല പീഡനത്തിന്‍റെ പേരിലും, കന്യാസ്ത്രി പ്രസവിച്ചതിന്റെ പേരിലും, അഭിഷിക്തരുടെ അനാശാസ്യങ്ങളുടെ പേരിലുമൊന്നുമല്ല ഞാ ന്‍ ദു:ഖിക്കുന്നത്, അവയൊക്കെ ചരിത്രം ഉള്ളിടത്തോളം കാലം എല്ലാത്തലങ്ങളിലും ഉണ്ടായിരിക്കും. അവയൊക്കെ കാണുമ്പോള്‍ കല്ലെടുത്തെറിയാന്‍ മാത്രം പാപ രഹിതരായിട്ടുള്ളവര്‍ ആയിരിക്കില്ല നാമും.
  ഒരു തലമുറയെ അപ്പാടെ നിര്‍വീര്യരാക്കി വഴിതെറ്റിക്കുന്നതിലാണ് എന്‍റെ പ്രതിക്ഷേധം. അവര്‍ മാത്രമല്ല കുഴിയില്‍ ചാടുന്നതെന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യവുമല്ല. കുട്ടിക്കാനം കോളേജിലെ കുറെ കുട്ടികള്‍ അയ്യപ്പ ഭക്തര്‍ക്ക്‌ സഹായം ചെയ്ത ഫോട്ടോ വളരെ കാര്യമായി കാഞ്ഞിരപ്പള്ളിയുടെ മത സൌഹാര്ദ്ദതയിലെക്കുള്ള ഒരു വലിയ സംഭാവനയായി കാണിക്കുന്ന ചിത്രങ്ങള്‍ ഫെയിസ് ബുക്കിലുണ്ട്. അത് ശരിയെങ്കില്‍ എനിക്ക് പൊന്നാട തന്നെ കിട്ടണം. മൊബൈല്‍ ഒന്നും ഇല്ലാതിരുന്ന കാലത്തു ആറു വര്ഷം മകരവിളക്ക്‌ കാലത്ത് ഒരാഴ്ച വീതം ഹാം റേഡിയോവിലൂടെ ശബരിമലയിലെ ക്യാമ്പുകളെ ബന്ധിപ്പിച്ചുകൊണ്ടിരുന്ന ടീമില്‍ ഞാനും ഉണ്ടായിരുന്നു. കുട്ടിക്കാനം കുട്ടികള്‍ കസേരയും മേശയും ഇട്ടാണ് ഇരുന്നതെങ്കില്‍ ഞങ്ങള്‍ കാട്ടാനയുടെ മണമടിച്ചു പൊടിയില്‍ തുണി വിരിച്ചു കിടന്നാണ് ഉറങ്ങിയത്. ജൊസഫ് മറ്റപ്പള്ളിയെന്ന നെയിം പ്ലേറ്റും കുത്തി ഒരു ക്രിസ്ത്യാനിയെന്ന അഭിമാനത്തോടെയാണ് ഒരു പൈസാ പോലും പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിച്ചത്. ഇതൊന്നും വലിയ കാര്യമായി അന്നും ഇന്നും എനിക്ക് തോന്നിയിട്ടില്ല.
  പ്രപഞ്ചം (ദൈവം) നല്‍കിയിട്ടുള്ള ആരോഗ്യവും കഴിവും ഉപയോഗിച്ച് അതിനു ചേരുന്ന യാതൊന്നും തിരിച്ചു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. മറ്റുള്ളവരെയും, മറ്റുള്ളതിനെയും (പശ്ചിമ ഘട്ടത്തെയും) സ്വന്തം സുഖത്തിനും ആവശ്യത്തിനും വേണ്ടി മാത്രം ഉപയോഗിക്കാന്‍ ശീലിച്ച ഒരു തലമുറ രൂപപ്പെട്ടെങ്കില്‍ അതിന് സഭാധികാരികള്‍ മറുപടി പറഞ്ഞെ ഒക്കൂ. ഇവര്‍ ഇക്കാണിക്കുന്നതല്ല ക്രിസ്ട്യാനിറ്റി. മാര്‍പ്പാപ്പാ പറഞ്ഞാലും, ബോബിയച്ചനെ പ്പോലുള്ള അനേകര്‍ പറഞ്ഞാലും കേള്‍ക്കാത്തവര്‍ ചൊറിഞ്ഞറിയും അത്രെയേ എനിക്ക് പറയാനുള്ളൂ.

  ReplyDelete
 3. ശ്രീ മഹേശ്വർ എഴുതിയ ( “നിസ്സഹകരണം" തന്നെ. ഈ പള്ളിയായ പള്ളികളും ധ്യാനപ്പന്തലുകളും വിജനമാകുന്ന അവസ്ഥ വരണം; ക്രൈസ്തവൻ, ദൈവത്തെ തന്റെതന്നെ ആത്മാവിൽ അനുഭവിച്ചു തുടങ്ങുന്ന സുസ്ഥിതി.)ഈ വചനം വി.മത്തായി 6/5 തന്നെ ! ഈ സഭാ നവീകരണത്തിനും പുരോഹിതവർഗതിനെ നേരെയാക്കുവാനും ഇത് തന്നെയാണ് സത്യമായ മാർഗം , മശിഹാ മൊഴിഞ്ഞ തിരുവചനം !

  ReplyDelete
 4. അനുഷ്ടാനങ്ങളെ അനുധാവനം ചെയ്യുന്ന ഒരു വിശ്വാസി സമൂഹത്തെ പിന്താങ്ങുന്നത്, രോഗശാന്തികൾ എന്ന ‘ആധികാരികവും വസ്തുനിഷ്ടവുമായ’ കുറേ സംഭവ പരംബരകളാണ്. ഉപകാരമുള്ള എന്തിനോടും പറ്റിനിൽക്കാൻ മനുഷ്യന് ഒരു സ്വയംചാലക ശക്തിയുണ്ട്. ഉപകാരമുള്ളതൊക്കെ മാനവികവുമാണ് എന്നൊരു സാംസാരികസ്ഥിതി വരുമ്പോൾ, അനുഷ്ടാനങ്ങളോടുള്ള അവരുടെ നിലപാടുകൾക്ക് ഒരു മാനവിക പരിവേഷം കൂടി കൈവരുകയാണ്. അങ്ങനെ അവ ആധികാരികവും വസ്തുനിഷ്ടവുമാണെന്ന അവരുടെ വിശ്വാസത്തിനു കുറേക്കൂടി വേരുകൾ ഉണ്ടാകുന്നു.

  ദൈവഭയം എന്ന സങ്കേതത്തിലൂന്നി മനുഷ്യസഹജമായ ചാപല്യങ്ങളെ എത്ര ബുദ്ധിപരമായാണ്, ‘വിശ്വസം’ എന്ന തികച്ചും subjective ആയ ഒരു പ്രഹേളികയിൽ കൊണ്ടുപോയി സഭ തളച്ചിരിക്കുന്നത്? സംഭവിക്കുമെങ്കിൽ, ഒരു പരിണാമം സംഭവിക്കേണ്ടത് ഇവിടെയാണ്‌. വളരെ സങ്കീർണ്ണം എന്നുതന്നെ പറയാതെ വയ്യ.

  “പ്രപഞ്ചം (ദൈവം) നല്‍കിയിട്ടുള്ള ആരോഗ്യവും കഴിവും ഉപയോഗിച്ച് അതിനു ചേരുന്ന യാതൊന്നും തിരിച്ചു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍” (ജോസഫ്‌ മറ്റപ്പള്ളി). ഈ വാക്കുകളിലെ കൃതജ്ഞതാബോധവും പ്രകാശവും ഒരാളെ ആകർഷിക്കാൻ നമുക്കെന്താണ് ചെയ്യാനാവുക ?

  ReplyDelete