Translate

Friday, February 28, 2014

തട്ടിലും തട്ടിപ്പും

സീറോ മലബാര്‍ സഭ തുടരുന്ന നവീകരണങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്താണ് ലക്ഷ്യമെന്ന് ആര്‍ക്കും മനസ്സിലാകും. എവിടെ മലയാളി ക്രിസ്ത്യാനി ഉണ്ടോ അവിടെല്ലാം കുത്തിത്തിരുപ്പുണ്ടാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന രീതിയിലാണ് പ്രവര്‍ത്ത്നങ്ങള്‍. ഒരേ ഒരു ശരിയെയുള്ളൂ അത് ഞങ്ങള്‍ ചിന്തിക്കുന്നതാണെന്ന് പറയാന്‍ നമ്മുടെ മെത്രാന്മാര്‍ക്ക് ഒരു മടിയുമില്ല. കുറെ വര്‍ഷങ്ങളായി തുടരുന്നതാണ് അവരുടെ ലത്തിന്‍ റിത്തുകാരോടുള്ള മല്ല്. അവരെ ലോകത്ത് നിന്ന് തുടച്ചുമാറ്റാന്‍ എന്തിനിത്ര വ്യഗ്രതയെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. സീറോ മലബാര്‍ സാമ്രാജ്യം വികസിപ്പിക്കുന്നത് എത്ര തന്ത്രപരമായാണെന്ന് കാണാന്‍ ഏതെങ്കിലും കുടിയേറ്റ രാജ്യങ്ങളിലോ നഗരങ്ങളിലോ വന്നാല്‍ മതി.
മാര്‍ച്ച് മുതല്‍ കുതന്ത്രങ്ങളുമായി തട്ടില്‍ മെത്രാന്‍ വടക്കേ ഇന്ത്യയിലേക്ക്‌ വരുന്നുണ്ട്. ആദ്യം അഹമ്മദാബാദിലായിരിക്കും തുടങ്ങുക. കുറഞ്ഞത്‌ പത്തു നാല്‍പ്പതു വര്‍ഷങ്ങളുടെ ചരിത്രമുണ്ട് അഹമ്മദാബാദിലേക്കുള്ള മലയാളിയുടെ കുടിയേറ്റത്തിന്. ആദ്യ കാലത്ത് ഇവിടെ വന്നവര്‍ ജോലി കിട്ടാതെയും, ശമ്പളം കിട്ടാതെയും വീട് ഇല്ലാതെയും ഭാര്യമാരെയും കുട്ടികളെയും കൊണ്ട് ഏറെ വലഞ്ഞവരാണ്. അന്ന് അവര്‍ക്ക് തണല്‍ ആയി ജെസ്യുട്ട് പള്ളികളുമുണ്ടായിരുന്നു, സ്ഥാപനങ്ങളുമുണ്ടായിരുന്നു. ലോകമാകെ ലത്തിന്‍ റിത്തുകാര്‍ കുടിയേറ്റക്കാരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു, അവര്‍ക്കാര്‍ക്കും പരാതിയുമുണ്ടായിരുന്നില്ല. മക്കള്‍ പഠിച്ചു, നല്ല ജോലികളായി, കുടിയേറ്റക്കാര്‍ സമ്പന്നരുമായി, അപ്പോള്‍ തുടങ്ങിയതാണ്‌ സീറോ മലബാര്‍ സഭയുടെ കുടിയേറ്റക്കാരോടുള്ള പ്രേമം. ആദ്യം പിരിവില്‍ തുടങ്ങി, പിന്നെ പള്ളികള്‍ സ്ഥാപിക്കലായി. അഹമ്മദാബാദില്‍ കുടിയേറ്റ മലയാളികള്‍ വര്‍ദ്ധിച്ചപ്പോള്‍ അവരുടെ തന്നെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നഗരത്തിലെ തല്ത്തെജ് എന്ന സ്ഥലത്ത് ഒരു പള്ളി പണിതു. അവിടുത്തെ നാട്ടുകാരുടെ പണം, വളരെ ആയാസപ്പെട്ട്‌ മോഡി സര്‍ക്കാരില്‍ നിന്ന് വാങ്ങിയ അനുവാദം. അവിടുത്തെ ഇടവകക്കാരില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്, ഗോവന്‍ ക്രിസ്ത്യാനികള്‍ ഒരു നല്ല പങ്കുണ്ട്. പള്ളി പ്രവര്‍ത്തനം തുടങ്ങിയ അന്ന് മുതല്‍ അവിടെ കണ്ണു വെച്ചതാണ് സീറോ മലബാര്‍ സഭ.
ഒരു സുപ്രഭാതത്തില്‍ അവിടുത്തെ പള്ളി യോഗത്തില്‍ ഒരു സീറോ മെത്രാന്‍ സൌഹൃദ സന്ദര്‍ശത്തിനെത്തി. ഒരു മെത്രാന്‍ ഒരിടവക സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു മര്യാദയും അദ്ദേഹം പാലിച്ചില്ല, അന്ന് അതൊരു സംഘര്‍ഷത്തിനും കാരണമായി. പിന്നെ കുറെ നാള്‍ അനങ്ങാതെയിരുന്നു. പതിയെ, മലയാളം കുര്‍ബാന ചൊല്ലാനെന്നപേരില്‍ വൈദികരെ ഇറക്കുമതി ചെയ്തു തുടങ്ങി. ആ പുരോഹിതരുടെ നേതൃത്വത്തില്‍ മലയാളി ക്രിസ്ത്യാനികളുടെ ഇടയില്‍ നടത്തിയ വചന പ്രവ്രത്തനത്തിന്‍റെ ഭാഗമായി ഈ വര്ഷം രണ്ട് ആദ്യ കുര്‍ബ്നാന്‍ സ്വീകരണങ്ങള്‍ ഒരേ പള്ളിയില്‍ നടന്നു. ഒന്ന് ഫെബ്രുവരി ആദ്യം കഴിഞ്ഞു, ഒന്ന് മാര്‍ച്ച് ഒന്നാം തിയതിയും നടക്കും. അങ്ങിനെ ലത്തിന്‍ ക്രിസ്ത്യാനികളെന്നും മലബാര്‍ ക്രിസ്ത്യാനികളെന്നും രണ്ടു വിഭാഗത്തെ ഇതിനോടകം അവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞു.
മസ്തിഷ്ക പ്രശ്ചാളനത്തിന്‍റെ പൂര്‍ണ്ണഘട്ടം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഈ ഫെബ്രുവരി മുതല്‍ കുടുംബ കൂട്ടായ്മകളും തുടങ്ങി. ഓരോ കൂട്ടായ്മയിലും സീറോ മലബാര്‍ വൈദികന്‍ നേരിട്ട് പങ്കെടുത്ത് മഹാനായ തട്ടില്‍ പിതാവ് റോമിലെ പ്രിയ പുത്രനാനെന്നും അവിടുത്തെ ഒരു കമ്മറ്റിയില്‍ അംഗമാണെന്നും, അഹമ്മദാബാദിനോടുള്ള സ്നേഹം കൊണ്ടാണ് ഇവിടെ ആദ്യം വരാന്‍ നിശ്ചയിച്ചതെന്നും അറിയിക്കും. ഈ ചൂണ്ടയില്‍ കൊത്താത്ത ഭക്തര്‍ കുറവ്. വിവരമുള്ളവര്‍ ചോദിക്കുന്നു സീറോ മലബാറിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള രാജ്ഘോട്ടിലും ഗാന്ധിധാമിലുമൊന്നും എന്തേ സീറോ മലബാര്‍ കാനോന്‍ ഇതുപോലെ ഇല്ലാത്തതെന്ന്. അവിടെ വേലയിറക്കിയാല്‍ വിവരം അറിയുമെന്നുള്ളത് അവര്‍ക്കും അറിയാം, അത് തന്നെ കാരണം. സിനഡിലും സിനഗോഗിലുമെല്ലാം ലത്തിന്‍ കുര്‍ബാന ആകാമെങ്കില്‍ എന്തിന് അവര്‍ക്കെതിരെ ഈ ഒളിപ്പോരെന്നാണ് ആളുകള്‍ ചോദിക്കുന്നത്. മാറി ചിന്തിക്കുന്നവര്‍ എല്ലായിടത്തും ഉണ്ട്, നേരെ  നില്‍ക്കാന്‍ ധൈര്യമുള്ളവരെയാണ് അവരും അന്വേഷിക്കുന്നത്. എങ്ങിനെ ആളുകളെ വിഭജിച്ചു നിര്‍ത്തി കാര്യം സാധിക്കാമെന്ന് നന്നായി അറിയാവുന്ന സീറോ മലബാര്‍ പുരോഹിതര്‍ അവരുടെ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിക്കും.
വിശ്വാസികള്‍ എവിടൊക്കെ തല വെച്ചു കൊടുത്തോ അവിടൊക്കെ അവര്‍ അനുഭവിച്ചിട്ടുമുണ്ട്. ചിക്കാഗോയിലെ കുരിശു യുദ്ധം, പള്ളിയിലെ തിരശ്ശില വലിച്ചു കീറുക, കുരിശു കത്തിക്കുക, അച്ചന്മാരെ നാട് കടത്തുക, കുര്‍ബ്ബാനക്കിടെ വൈദികന്‍ കുപ്പായം ഊരിയെറിയുക തുടങ്ങിയ നാടകങ്ങളുമായി മുന്നേറുന്നു. കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്നു തോന്നുമെങ്കിലും അടുത്ത കാലത്തു നടന്നവയാണിതൊക്കെ. പുതിയ മെല്‍ബോണ്‍ രൂപതയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ബോസ്ക്കോ പുത്തൂരിനെ അങ്ങോട്ട്‌ പോസ്റ്റ്‌ ചെയ്തതെന്ന് ആരും ചിന്തിക്കും. പക്ഷെ, കേള്‍ക്കുന്നത് ഇവിടെനിന്നു അദ്ദേഹത്തെ സൂത്രത്തില്‍ ഒഴിവാക്കുകയായിരുന്നെന്നും. സത്യം താമസിയാതെ പുറത്തു വരുമെന്ന് കരുതാം.

ഇന്ന് കേരള കത്തോലിക്കാ സഭ വീര്‍പ്പു മുട്ടുകയാണ്, എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം കാനോന്‍. അത്മായര്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച ഒരു വസ്തു വകകളിലും അവന് അവകാശമില്ല. അവകാശവും അധികാരവുമുണ്ടായിരുന്ന കാലത്ത് സഭയില്‍ നിന്ന് ഇത്രമേല്‍ ആളുകള്‍ കൊഴിയുമായിരുന്നില്ല, സഭ ഒരു പാരലല്‍ സര്‍ക്കാരായി വളര്ന്നുമില്ല. അവര്‍ നടത്തട്ടെ, നമുക്കെന്ത് എന്ന് ചിന്തിക്കുന്നവരുടെ എണ്ണം അത്മായരില്‍ ഏറിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് മുറവിളി കൂട്ടുന്ന അത്മായരും മറുവശത്ത്‌ ശക്തമായ താക്കീതുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയും നിലകൊള്ളുമ്പോള്‍ എത്ര ദൂരം ഈ സീറോ മന്ത്രവുമായി മെത്രാന്‍ സംഘത്തിനു മുന്നോട്ടു പോകാനാവുമെന്ന് എനിക്കും സംശയമുണ്ട്‌.    

2 comments:

  1. കേരളസഭ പരസ്യമായി കേരളരാഷ്ട്രീയത്തിൽ വോട്ടുപിടുത്തം ആരംഭിച്ചുവെന്നു സൈബർപത്രങ്ങളിൽ വായിക്കുന്നു. ഇതിനോടോകം അനേകം ഇടയലേഖനങ്ങളിറക്കിയെന്നും വാർത്തകളിലറിഞ്ഞു. അഭിഷിക്തർക്ക് നാളിതുവരെ യാതൊരുവിധ അവകാശങ്ങളുമില്ലാത്ത സഭയിലെ പൌരന്മാരോട് സമ്മതിദാനവകാശം അവരാഗ്രഹിക്കുന്നവർക്ക് നല്കണമെന്നു പറയാൻ എന്തവകാശമാണുള്ളത്? കൂന്തതൊപ്പിയും അംശവടിയും കാണിച്ച് അഭിഷിക്തർ ജനാധിപത്യവ്യവസ്ഥയ്ക്ക് തുരങ്കം വെയ്ക്കുകയാണ്. ഇടയലേഖനത്തിൽക്കൂടി കസ്തൂരി- ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നവരെ സഭയുടെ ശതൃക്കളായി കരുതിയിട്ടുണ്ട്. മലയോര തീരദേശക്കാർവേണ്ടി നിലകൊള്ളുന്നവർക്ക് വോട്ടുചെയ്യണമെന്നും അഭ്യർഥിക്കുന്നു. സ്വാതന്ത്ര്യം കിട്ടികഴിഞ്ഞ് ദളിതരെ ചതിച്ച സഭ ദളിതർക്കുവേണ്ടിയും ഇടയലേഖനത്തിൽ മുതലകണ്ണുനീർ പൊഴിക്കുന്നുണ്ട്‌ ഹിന്ദുദളിതരെപ്പോലെ ക്രിസ്ത്യൻ ദളിതർക്കും തുല്ല്യയവകാശങ്ങൾ നൽകണമെന്നും പറയുന്നു. കേരളത്തിലെ കത്തോലിക്കാസ്ഥാപനത്തിൽ ദളിതർക്ക് കൊടുക്കുന്ന തൊഴിലുകൾ തൂപ്പുജോലികളും പരിസരം വൃത്തിയാക്കലും മാത്രമാണ്. യോഗ്യതയുള്ള വിദ്യാസമ്പന്നർ ദളിതരുടെയിടയിലുണ്ടെങ്കിലും സഭയുടെ ഉയർന്ന തസ്തികയിലുള്ള ജോലികൾ സവർണ്ണർക്ക് മാത്രമെന്ന സത്യവും ഇടയലേഖനത്തിൽ ഒളിച്ചുവെയ്ക്കുന്നു.

    തീവ്രവാദവും ഭീകരപ്രവർത്തനവും എതിർക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്. ഇതൊരു അന്തർദേശീയ കാഴ്ച്ചപ്പാടെന്നതിലും സംശയമില്ല. തൊടുപുഴകോളേജിലെ പ്രൊഫസറിന്റെ കൈവെട്ടിയ തീവ്രവാദികൾക്കൊപ്പംനിന്ന് അദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ട സത്യവും സഭ മറന്നുപോയി. പ്രോഫസറിന്റെ കുടുംബത്തെ അനാഥമാക്കിയ പാപം എങ്ങനെ ഇല്ലാതാക്കും? കോതമംഗലത്തിലെ നീറോയായ ബിഷപ്പ്തിരുമേനി അന്നൊക്കെ പ്രൊഫസറിന്റെ ജീവൻമരണ പോരാട്ടസമയം അരമനയിലിരുന്ന് വീണവായിച്ചുകൊണ്ടിരുന്നു. അദ്ദേഹമാണ് ഇടയലേഖനത്തിൽക്കൂടി തീവ്രവാദികൾക്കെതിരെ പോരാടുന്നത്. പതിവുപല്ലവികളായ 'മതേതരത്വം' അപകടത്തിൽ, വർഗീയശക്തികളുടെ വളർച്ച, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം, ഗർഭചിന്ദ്രവും, ദയാവധവും എന്നിങ്ങനെ വിവിധവിഷയങ്ങൾ മെത്രാന്മാരുടെ കല്പ്പനയിലുണ്ട്. മദ്യപാനം, മയക്കുമരുന്നുപയോഗം, സ്ത്രീകൾക്കെതിരെ ആക്രമണം എന്നിവകളും സമ്മതിദാന ചിന്താഗതികൾക്കായ ഇടയരുടെ കൽപ്പനകളാണ്. ഇത്തരം ദുശീലങ്ങൾ സാധാരണ കാണുന്നത് വൈദികരുടെയും അവരുടെ ചുറ്റുംനടക്കുന്ന അല്മേനികളുടെയിടയിലുമെന്ന വസ്തുത ഇടയലേഖനം പുറപ്പെടുവിക്കുന്നവർ മറക്കുന്നു.

    ഇടയലേഖനത്തിൽക്കൂടി അല്മേനികളെ (സഭാ പൗരന്മാരെ?) ഉപദേശിക്കുന്ന അഭിഷിക്തർ രണ്ടുദിവസംമുമ്പ് കർദ്ദിനാളന്മാർക്കായി പോപ്പ് നല്കിയ സന്ദേശം പത്രങ്ങളിൽ വായിച്ചു കാണുമല്ലോ. കർദ്ദിനാൾസംഘത്തോട് പാപ്പാ പറഞ്ഞു. "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനംമുതൽ കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരത്തിലെ ശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരമെല്ലാം രാജകൊട്ടാരത്തിലെ രീതികളാണ്. അധികാര പ്രമത്തത കാണിക്കുകയെന്നതും ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല. മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്."
    കേരളാഭിഷിക്തർ പാപ്പയുടെ വാക്കുകളെ ധിക്കരിച്ചുനടക്കുന്ന ആഗോളസഭയുടെ ഇത്തികണ്ണികളായി മാറികഴിഞ്ഞു. അവരുടെ ആഡംബരരോഗത്തിന് പാപ്പാ കൊടുക്കുന്ന ഡോസ് മരുന്നുകളൊന്നും ഏക്കുന്നില്ല. ഈ സീറോസഭയുടെ ശവക്കുഴി മാന്താറായി. യാതൊരു തത്ത്വങ്ങളുമില്ലാത്ത ക്രിസ്തുവിനെതിരായി പ്രവർത്തിക്കുന്ന അഭിഷിക്തകൾട്ടുകൾക്ക് സ്വതന്ത്രമായി വേർപിരിഞ്ഞ് മറ്റൊരു സഭയാകരുതോ? ചിന്നിചിതറി കിടക്കുന്ന മറ്റുസഭകൾ നിങ്ങളെ സ്വാഗതം ചെയ്തുകൊള്ളും. പിരിഞ്ഞുപോകുന്ന സമയം സഭാസ്വത്തുക്കൾ കൊണ്ടുപോകാമെന്നും നിങ്ങൾ വ്യാമോഹിക്കേണ്ടാ. അവകാശികളായ സഭാപൗരർ സുപ്രീംകോടതിവരെ പോയെന്നുമിരിക്കും.
    ഗാന്ധിയെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു മഹാനാണ് പാപ്പാ. അദ്ദേഹത്തിൻറെ പേരുപോലും ഉച്ഛരിക്കാൻ കേരളസുറിയാനി കത്തോലിക്കാഭിഷിക്തർക്ക് അർഹതയില്ല. സഭയിൽ എല്ലാവരും തുല്യരെന്ന് വിചാരിച്ച് വലിയ ഒരു വികാരിയച്ചനെപ്പോലെ തോളിൽത്തട്ടി ഹൃദ്യമായി പെരുമാറുന്ന ആ മഹാനറെ കീഴിൽ സേവനം ചെയ്യാൻ കേരളത്തിലെ ഒരു അഭിഷിക്തനും യോഗ്യനല്ല. ഹൈജിനിക്കല്ലാത്ത ഇവരുടെ കൈവിരലിലെ മോതിരം മുത്താൻ തിരക്കുകാട്ടുന്ന ഭക്തജനങ്ങൾ കൽപ്പിക്കുന്ന വിലമാത്രമേ ഇന്നിവർക്ക് സമൂഹത്തിലുള്ളൂ.

    മുമ്പുള്ള മാർപാപ്പാമാർ വത്തിക്കാൻ വിട്ട് അകലെയുള്ള സ്ഥലങ്ങളിൽ സുഖവാസത്തിനായി പോവുമായിരുന്നു. എന്നാൽ നാളിതുവരെയായി അങ്ങനെയൊരു കീഴ്വഴക്കം ഈ മാർപാപ്പാ പാലിച്ചിട്ടില്ല. അദ്ദേഹത്തിന് വിശ്രമിക്കാൻ സുഖവാസ കേന്ദ്രം ആവശ്യവുമില്ല. അസുരചിന്താഗതിക്കാരായ ബിഷപ്പുമാർ കേരള കത്തോലിക്കാസഭയിൽ മാത്രമേയുള്ളൂ. മഹനീയവ്യക്തികൾ ഒരെണ്ണം പോലും കേരളകത്തോലിക്ക സഭയിലില്ലാത്തതും ഖേദകരമാണ്.

    ReplyDelete
  2. കുടിയേറ്റക്കാർ പച്ചപിടിച്ചു എന്നുറപ്പാക്കിക്കഴിഞ്ഞാണ് അവരുടെ ആത്മാവിനെ രക്ഷിക്കാൻ സീറോമലബാർ എത്തുക .ലത്തീൻ റീത്ത്കാരുടെ പള്ളിയിൽ അസിസ്റ്റന്റ്‌ ആയി നിന്നുകൊണ്ട് അവരുടെ പള്ളിമുറിയിൽ ഫ്രീ താമസവും ഭക്ഷണവും ,എന്നിട്ട് അവർക്കിട്ട് പാര വെയ്പ്പും . രണ്ടു ആദ്യകുർബ്ബാന വിജയകരമായി യൂറോപ്പിലും നടത്തി വരുന്നു. കാത്തോലിക് സ്കൂളിന്റെ ആദ്യ കുർബ്ബാനയിൽ എല്ലാ കത്തോലിക്കാ കുട്ടികളും നിർബ്ബന്ധമായി പങ്കെടുക്കണം ,അപ്പോൾ അതിനു മുൻപായി മലയാളം ആദ്യ കുർബ്ബാന ,അതിനു ഒരാഴ്ചക്ക് ശേഷം സ്കൂൾ വകയും - കുറച്ചു കുട്ടികൾക്ക് രണ്ടു ആദ്യകുർബ്ബാന.

    ReplyDelete