Translate

Monday, August 18, 2014

ഞെട്ടിക്കല്ലേ!

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് എല്ലാവരെയും അമ്പരപ്പിക്കാനുള്ള കഴിവുണ്ട്. കൊറിയയില്‍ ചെന്നപ്പോള്‍ പാപ്പാ-മൊബൈലിനു പകരം അദ്ദേഹം ഒരു സാദാ മൊബൈല്‍ കാര്‍ ഉപയോഗിച്ചു, അദ്ദേഹത്തിന്‍റെ വിമാനം പോയ വഴിയിലുള്ള എല്ലാ രാഷ്ട്രതലവന്മാര്‍ക്കും ഓരോ സന്ദേശങ്ങളും അയച്ചു. ലോകത്തെ അദ്ദേഹം അമ്പരപ്പിച്ചു എന്നാണ് പത്രങ്ങള്‍ എഴുതിയത്. ഒറ്റയടിക്ക് എണ്ണൂറും ആയിരവും പേരെ വിശുദ്ധരാക്കി പ്രഖ്യാപിച്ച മാര്‍പ്പാപ്പാ കേരളത്തിലെങ്ങാനും വന്നാല്‍ സര്‍വ്വരും ഞെട്ടിയേനെ. ഒറ്റയടിക്കോ രണ്ടടിക്കോ ഒരമ്പതു പേരെ വിശുദ്ധരാക്കാന്‍ തീരുമാനിച്ചാല്‍ ആളിനെ തപ്പി നമ്മള്‍ ലക്ഷദ്വീപിന് പോകേണ്ടി വന്നേനെ. നമ്മുടെ കേരള മെത്രാന്മാര്‍ക്ക് മനുഷ്യരെ അമ്പരപ്പിക്കുവാനുള്ള കഴിവ് ചെറുതാക്കി കാണരുതെന്നാണ് എന്‍റെ വിനീതമായ അഭ്യര്‍ത്ഥന. അമ്പരപ്പിക്കുന്ന കാര്യത്തില്‍ ആരാണ് മുമ്പില്‍ എന്നേ ഓര്‍ക്കേണ്ടതുള്ളൂ. തൃശ്ശൂര്‍മെത്രാന്‍ അയ്യായിരം ക്രിസ്മസ് പാപ്പാമാരെ തെരുവില്‍ അണിനിരത്തി നാട്ടുകാരെയും കര്‍ത്താവിനെയും അമ്പരപ്പിച്ചിട്ട് ഏറെ നാളായില്ല. പള്ളിയില്ലാതെ ഇടവക അനുവദിച്ചതിന്‍റെ അമ്പരപ്പ് തലോര്‍കാര്‍ക്ക് ഇപ്പോഴും പോയിട്ടില്ല. തൃശ്ശൂര്‍ മെത്രാന്‍ സോണിയാ ഗാന്ധിക്ക് ഭീഷണിയുടെ മണമുള്ള ഒരു കത്തയച്ച് AICCയെ മുഴുവന്‍ അമ്പരപ്പിച്ചുകളഞ്ഞില്ലേ? ഇടുക്കി മെത്രാനാണേല്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ഗാദ്ഗിലിനെ അമ്പരപ്പിച്ചു; കൊല്ലം മെത്രാനാണേല്‍ കുരീപ്പുഴ പ്രശ്നം നാട്ടുകാര്‍ക്ക് വിട്ടിട്ട് വിദേശത്തു പോയി രൂപതക്കാരെ മുഴുവന്‍ അമ്പരപ്പിച്ചു. കുടുംബസര്‍വ്വേ നടത്തി അതിന്‍റെ റിപ്പോര്‍ട്ട് അയക്കണമെന്നേ മാര്‍പ്പാപ്പ ആവശ്യപ്പെട്ടുള്ളൂ, അതിനു പകരം, സര്‍വ്വേ നടത്താതെ സിനഡ് റിപ്പോര്‍ട്ട് ഉണ്ടാക്കിയില്ലേ? മാര്‍പ്പാപ്പാ അമ്പരന്നതായി ആരും കേട്ടിട്ടില്ല, ഉടനെ കേള്‍ക്കും. ഇപ്പൊള്‍ റോം ചിന്തിക്കുന്നത് ഇത്തരം വകകള്‍ സൂക്ഷിക്കാന്‍ വത്തിക്കാനില്‍ ഒരു പ്രത്യേക കൌതുക മ്യുസിയം തുടങ്ങുന്നതിനെപ്പറ്റിയാണ്‌. നേരത്തെ കിട്ടിയ മാനിക്കേയന്‍ കുരിശു മുതല്‍ മാര്‍ത്തോമ്മായുടെ കുന്തം വരെ അവിടെ വെയ്ക്കാമല്ലോ. കൂട്ടത്തില്‍ കേരളമെത്രാന്മാര്‍ ഉപയോഗിച്ച കാറുകളുടെ ചിത്രങ്ങളുംഅവർ ഇറക്കിയ ഇടയ ലേഖനങ്ങളുടെ കോപ്പികളും ഇവിടെ വെയ്ക്കാവുന്നതെയുള്ളൂ; സന്ദര്‍ശകരുടെ എണ്ണം കൂട്ടാനുള്ള ഉപായമാ ഞാന്‍ പറഞ്ഞത്.

അമ്പരപ്പിക്കുന്ന അനേകം കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. പാലാക്കടുത്തുള്ള ഒരു ആശുപത്രിയില്‍ നഖം മുറിക്കാന്‍ ചെല്ലുന്ന രോഗിയാണെങ്കിലും തീയേറ്ററിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എല്ലാവരുംകൂടി ചുറ്റുംനിന്ന് തലയ്ക്കുപിടിച്ച് ഒരു പ്രാര്‍ത്ഥന ഉണ്ടെന്നു കേട്ടിട്ടുണ്ട്. രോഗിയുടെ അമ്പരപ്പ് ആര്‍ക്കും ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ആളും ഊരും പേരുമൊന്നും ചോദിക്കരുത്, അടുത്ത കാലത്ത് ഒരച്ചന്‍ കമ്പനികൂടി അല്‍പ്പം അകത്താക്കി. താമസിയാതെ അച്ചനു സുബോധം കിട്ടുകയും, നിങ്ങളെപ്പോലെ മജ്ജയും മാംസവുമുള്ള മനുഷ്യനാണ് ഞാനും എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനിക്കിരുന്നവരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടുണ്ടാവില്ല. പണ്ട് നമ്മുടെ വര്‍ക്കി വിതയത്തില്‍ മാര്‍ത്തോമ്മായുടെ ബ്രാഹ്മണ കഥകള്‍ മുഴുവന്‍ കെട്ടുകഥകള്‍ ആണെന്ന് എഴുതി എല്ലാവരെയും അമ്പരപ്പിച്ചിരുന്നല്ലോ. ശശി തരൂര്‍ ഒരു നല്ല ചരിത്രകാരനും കൂടിയാണെന്ന് എത്രപേര്‍ക്ക് അറിയാം? അദ്ദേഹം കൈയ്യടിച്ചു മൊഴിഞ്ഞില്ലേ, തോമ്മാ സ്ലീഹാ കൊടുങ്ങല്ലൂരില്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ഓടക്കുഴലുമായി ഒരു പെണ്‍കുട്ടി വന്നിരുന്നുവെന്ന് (പത്രക്കാര്‍ എഴുതിയപ്പോള്‍ വന്ന പിശകാണോ ആവോ). തോമ്മാ സ്ലിഹായുടെ കപ്പല്‍ പുറംകടലില്‍ എത്തിയപ്പോള്‍ മൊബൈലില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ച് മാര്‍ത്തോമ്മാ വരുന്ന കാര്യം കപ്പിത്താന്‍ പറഞ്ഞിരുന്നുവെന്ന് ശ്രി. തരൂര്‍ പറഞ്ഞില്ല, ഭാഗ്യം! പറഞ്ഞിരുന്നുവെങ്കില്‍ നോക്കിയാ കമ്പനിക്കാര്‍ അടിമുടി ഞെട്ടിയേനെ. കത്തോലിക്കാസഭയെ മുഴുവന്‍ അമ്പരിപ്പിക്കാന്‍ പക്ഷേ, അറക്കല്‍ മെത്രാനേക്കൊണ്ടേ കഴിഞ്ഞുള്ളുവെന്നത് മറക്കരുത്. വിമോചന സമരം നടത്തിയത് ആര്‍ക്കെതിരെയാണോ അവരുടെ സന്ദേശങ്ങള്‍ ദീപികയില്‍ അച്ചടിച്ച്‌വന്നത് വായിക്കേണ്ടി വന്ന വിശ്വാസികളുടെ അമ്പരപ്പ് ഭയങ്കരമായിരുന്നിരിക്കാനെ വഴിയുള്ളൂ.
   
ഇത്രയും നാളും മെത്രാന്മാര്‍ അത്മായരെ ആണ് അമ്പരപ്പിച്ചതെങ്കില്‍, അടുത്തിടെയായി അമ്പരിപ്പിക്കുന്ന ജോലി അത്മായര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. പഴയിടം പള്ളിയിലെ കപ്യാരെ പിരിച്ചുവിട്ടപ്പോള്‍, മൂവാറ്റുപുഴയില്‍ സലോമി ആത്മഹത്യ ചെയ്തപ്പോള്‍, അറക്കല്‍ മോനിക്കാ തോമസ്‌ മെത്രാനെതിരെ വിശ്വാസവഞ്ചനക്ക് കേസ് കൊടുത്തപ്പോള്‍, തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ അത്മായ-പ്രകടനം നടന്നപ്പോള്‍, കുരീപ്പുഴയില്‍ അത്മായര്‍ ഒരുമിച്ച് അരമനയിലേക്കു മാര്‍ച്ച് ചെയ്തപ്പോള്‍, തൃശ്ശൂര്‍ ഒളരിയില്‍ ജനം പള്ളി ആക്രമിക്കാന്‍ ഒരുമ്പെട്ടപ്പോള്‍, മണ്ണക്കനാട്ടു രൂപത മുട്ട് മടക്കിയപ്പോള്‍, കൊക്കന്‍ അളവെടുത്തപ്പോള്‍ ....... വിശ്വാസികള്‍ മെത്രാന്മാരെ ഞെട്ടിച്ച ചരിത്രം നാലു വര്‍ഷങ്ങളിലേത് പറയണമെങ്കില്‍തന്നെ വേണം 200 പേജിന്‍റെ ഒരു നോട്ടുബുക്ക്. സത്യജ്വാല മാസിക ഇറങ്ങിയപ്പോള്‍ മത്സരിച്ചു സ്പോണ്സര്‍ ചെയ്തും അത്മായര്‍ മെത്രാന്മാരെ അമ്പരപ്പിച്ചില്ലേ? ഇത് കേരളത്തിനുള്ളിലെ കാര്യം; പുറത്തെ പൂരം വര്‍ണ്ണിക്കാന്‍ 1000 പേജിന്‍റെ നോട്ടുബുക്ക് വേണ്ടിവരും. ഇതില്‍ പള്ളിമുറ്റത്തിട്ടു വിശ്വാസികള്‍ താമരക്കുരിശു കത്തിച്ചതും, അത്മായന്‍ അള്ത്താരയില്‍ അതിക്രമിച്ചു കയറിയതും, കത്തിദ്രല്‍ പള്ളിയിലെ തിരശ്ശില മാലാഖ വന്നു കത്രികകൊണ്ട് കണ്ടിച്ചു കളഞ്ഞതും, ഒരു വിശ്വാസിയുടെ ബലിപീഠത്തില്‍ ബലി അര്‍പ്പിക്കാന്‍ ചെന്ന വൈദികനെ നാട്ടുകാര്‍ കൈകാര്യം ചെയ്തതും എല്ലാം പെടും. അവസാനത്തെ അദ്ധ്യായത്തില്‍ ഡല്‍ഹിയില്‍ നിന്ന് ആറായിരം പേര്‍ ഒപ്പിട്ട പരാതി റോമിന് പോയതും കാണും.

ലോകത്ത് ഒരു സിറോ മലബാര്‍ ക്രിസ്ത്യാനിയെങ്കിലും ഉള്ള സ്ഥലം സന്ദര്‍ശിക്കാന്‍ നമ്മുടെ അപ്പസ്തോലിക് വിസിറ്റെറ്റര്‍ ആയ തട്ടില്‍ മെത്രാന് ആരുടേയും അനുവാദം വേണ്ട. ഇതുപോലെ ഒരു ഫ്രീ വിസ പിന്നെ മാര്‍പ്പാപ്പാക്ക് മാത്രമേ ഉള്ളൂവെന്നോര്‍ക്കണം. ഇറാക്കില്‍ നരകിക്കുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിച്ച് അദ്ദേഹമോ ഇന്റെര്നാഷണല് വിസായുള്ള വേറേതെങ്കിലും മെത്രാന്മാരോ ലോകത്തെ അമ്പരിപ്പിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്? അവരുടെ യാത്ര ഒരു പ്രശ്നങ്ങളും ഇല്ലാത്ത സസ്യശാമളമായ നഗരങ്ങളില്‍ മാത്രം. ഇവിടെനിന്ന് വിദേശത്ത്‌ പിരിവിനു പോകുന്ന ഏതെങ്കിലും മെത്രാന്‍ അവിടെ ബുദ്ധിമുട്ടനുഭവിക്കുന്ന ആര്‍ക്കെങ്കിലും സഹായം ചെയ്ത് ലോകത്തെ അമ്പരപ്പിച്ച ചരിത്രവും അധികമില്ല. ഒരു സുപ്രഭാതത്തില്‍ നമ്മുടെ സാക്ഷാല്‍ മേജര്‍, ‘മക്കളെ, നിങ്ങൾ പറയുന്നതിലലും കാര്യമുണ്ട്; നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ തയ്യാറാണ്’ എന്നെങ്ങാനും പറയുന്നത് കേട്ടാല്‍ ഞാന്‍ ഞെട്ടുക മാത്രമല്ല ബോധരഹിതനാകാനും സാദ്ധ്യതയുണ്ട്. ‘പള്ളിക്കുള്ളില്‍ ജനിക്കുന്നത് നല്ലതാ, പക്ഷേ, ജീവിക്കാന്‍ പറ്റിയ സ്ഥലം അതല്ലെന്ന്' ആരോ പറഞ്ഞത് ഞാന്‍ ഓര്‍മ്മിക്കുന്നു.

3 comments:

  1. പണ്ട് വൈക്കം മുഹമ്മദ്‌ ബഷീറിനോട്‌ വി.കെ. എൻ ആണെന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞത്. നമുക്ക് എഴുത്തുകാർ ഇഷ്ടം പോലെയുണ്ട്. അവരൊക്കെ എഴുതുന്നത്‌ വായിക്കുന്നതിനിടെ ഒന്ന് നിറുത്തിയിട്ട്‌ ചായ കുടിക്കണമെന്നു തോന്നിയാൽ അങ്ങനെ ചെയ്യാം. ഇങ്ങേര് എഴുതുന്നത്‌ വായിച്ചാൽ ഇടയ്ക്കു നിറുത്താൻ ഒരു തരത്തിലും തരപ്പെടില്ല. അതുകൊണ്ട് എല്ലാവരും എഴുതുന്നതുപോലെ ചെയ്യാൻ നോക്ക്.

    റോഷനോട് എനിക്ക് പറയാനുള്ളതും അതാണെന്ന് ധരിക്കരുത്. ഇങ്ങനെത്തന്നെ എഴുതണം, അതും അടുക്കലടുക്കൽ, എന്നേ ഞാൻ പറയൂ. ആവശ്യംപോലെ മാറ്റർ നമ്മുടെ 'പിതാക്കന്മാർ' ദിവസേന സൃഷ്ടിക്കുന്നുണ്ടല്ലോ...

    ReplyDelete
  2. വിദേശത്തു നിന്ന് അടുത്ത കാലത്ത് വിളിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ കഥ ഒപ്പം പോകും. അവിടെ ഒരു പള്ളിക്കെട്ടിടം വാടകക്കെടുത്തു മലയാളം അച്ചന്‍ വന്ന് കുര്‍ബാന ചൊല്ലുന്നു. വാടക കൊടുക്കുന്നത് അവിടുത്തെ കൂട്ടായ്മ. അവര്‍ ആ പള്ളി വാങ്ങിക്കാന്‍ തീരുമാനിച്ചു. വാങ്ങിച്ചു മെത്രാനെ കൊണ്ടുവന്നു വെഞ്ചരിപ്പിച്ചാല്‍ പള്ളിയും കൊണ്ട് മെത്രാന്‍ പോകും, പിന്നെ ഇപ്പോഴുള്ള സ്വാതന്ത്ര്യവും തീരും. പള്ളിയും വേണം ഭരണവും വേണം. അതിനുള്ള തന്ത്രങ്ങള്‍ അവര്‍ മെനയുന്നു. സ്വന്തം മതത്തിന്റെ ഭരണ/നടത്തിപ്പ് സമ്പ്രദായത്തേപ്പറ്റി സഭാംഗങ്ങള്‍ക്കുള്ള അഭിപ്രായം താഴേക്ക് താഴേക്ക് പോകുന്നത് ആരും അറിയുന്നില്ല. രണ്ടു വര്ഷം വരെ വിദേശ പള്ളികളില്‍ ഞായറാഴ്ച കുറഞ്ഞത്‌ മൂന്നു മെത്രാന്മാരെങ്കിലും തല കാണിച്ചു കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ കാര്യമായ കുറവുണ്ട്. അത്മായാ മുന്നേറ്റം കൊണ്ട് നേട്ടങ്ങള്‍ പലതും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനിയും ഉണ്ടാവും എല്ലാവരും കൂടി ഒത്തു പിടിച്ചാല്‍. ഒരു കുറി ഒപ്പിക്കാന്‍ വേണ്ടി കല്യാണത്തിനു തലേന്ന് കേരളത്തിലേക്ക് പറക്കേണ്ടി വന്ന ഡല്‍ഹി മലയാളിയുടെ അനുഭവം Matters India യില്‍ ഉണ്ട്. ഈ സംഭവം ഡല്‍ഹി മലയാളികളെ ഒന്നിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും കേള്‍ക്കുന്നു.

    ReplyDelete
  3. Joseph Mannancheril wrote:
    to me 0n 21.8.2014

    When I read about the petition send by Delhi people, it reminded me of our agitation,under the leader ship of United Laity front, against the imposition of Syromalabar rites in Mumbai . That time we wrote to Pope requesting him to allow those who wanted to remain under Mumbai Diocese to do so, which was heeded and Rome issued an edict accordingly. Till that time Kalyan Bishops and priests were demanding that we should join them as we are born of Syro Malabar parents in Kerala and have no freedom to choose any other Rites.
    Anyway, now we have no problem of conducting a marriage or any other sacraments under Latin Rites. Earlier we needed to get letter of approval from Kalyan Diocese.

    ReplyDelete