Translate

Wednesday, September 24, 2014

ക്രിസ്ത്യാനി തിന്നുന്നതും കേള്‍ക്കുന്നതും വിഷം.....

കേരളത്തിലെ ഒരു വില്ലേജ് ഓഫിസില്‍ തിരക്കുള്ള ഒരു ദിവസം ഒരു പത്തുമുപ്പതു വയസ്സുള്ള ഒരു യുവാവ് ഒറ്റയ്ക്ക് ചെന്ന് ഓഫീസറോട് പറയുന്നു, “എന്‍റെ പിന്നാലെ വരൂ” എന്ന്. ഓഫീസ് അതുപോലെ ഇട്ടിട്ട് അയാളുടെ പിന്നാലെ ആരെങ്കിലും പോകുമോ, പ്രത്യേകിച്ചും ഒരു ക്രിസ്ത്യാനി? ഒരിക്കലുമില്ല. അങ്ങിനെ പോയാല്‍ ഒരു ക്രിസ്ത്യാനിക്ക് എന്ത് സംഭവിക്കുമെന്ന് ഞാന്‍ പ്രത്യേകിച്ച് പറയണോ? പക്ഷെ, അങ്ങിനെ ഒരാള്‍ പൊയീയെന്ന് ചരിത്രം പറയുന്നു; പിന്നീട് അയാള്‍ ക്രിസ്ത്യാനികളുടെ ആരാധനാ പുരുഷനും ആയിയെന്നത് വൈരുദ്ധ്യം തന്നെ. ഞാന്‍ പറഞ്ഞു വരുന്നത് മത്തായി എന്നൊരു ചുങ്കക്കാരന്‍റെ കാര്യമാ. വി. ബൈബിള്‍ പറയുന്നത് അനുസരിച്ചായിരുന്നെങ്കില്‍ അയാള്‍ വിവരമുള്ളവനും വിദ്യാഭ്യാസമുള്ളവനും തറവാടിത്വം ഉള്ളവനും ആയിരുന്നിരിക്കണം. അയാള്‍ ആ ചെയ്തത് ശരിയുമാണെന്ന് നാം പഠിപ്പിക്കുന്നു. പക്ഷെ, സ്വയം ചിന്തിക്കാനും സ്വന്തം മനസാക്ഷിയുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാനുമുള്ള ധൈര്യവും ശേഷിയും ഒരു ക്രിസ്ത്യാനിക്കില്ലായെന്നതും നാം കാണേണ്ടത് തന്നെ. ചിന്ത, തീരുമാനം, ഇത് രണ്ടും മത വിശ്വാസത്തിൽ ഇല്ലായെന്നാണ് പൊതുസംസാരം. എല്ലാവരെയും പ്രത്യാശയെന്ന സൂചിമുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പ്രത്യാശാ മാര്‍ക്കറ്റില്‍ നല്ല തിരക്കുമാണ്. ചിന്തിക്കാനും ഉചിതമായത് തീരുമാനിക്കാനുമുള്ള ശേഷി എന്തിനാണ് ക്രിസ്ത്യാനികള്‍ക്ക് ദൈവം കൊടുത്തതെന്നേ എനിക്ക് മനസ്സിലാകാത്തതുള്ളൂ.  ഒരു ക്രിസ്ത്യാനിയുടെ  വേദം മെത്രാന്‍  പറയുന്നത് മാത്രം. യേശുവിന് ഒരത്മായന്‍റെ വീട്ടില്‍ വിരുന്നു വരണമെങ്കിലും രൂപതയുടെ അനുവാദം വാങ്ങിക്കേണ്ട സ്ഥിതിയാണ് നിലവില്‍. കാശ് കൊടുത്തു വാങ്ങി തിന്നുന്നത് മുഴുവന്‍ വിഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. കാശ് കൊടുത്ത് കേള്‍ക്കുന്നതും വിഷമാണെന്നേ ഒരു ക്രിസ്ത്യാനി ഇനി മനസ്സിലാക്കേണ്ടതായി ഉള്ളൂവെന്നാണ് എനിക്ക് തോന്നുന്നത്.

ഒരു മെത്രാന്‍ കാരണം ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തന്നെ കുഴപ്പത്തിലായിരിക്കുന്നു. ഭൂമി തട്ടിപ്പിന് അപ്പസ്തോലിക് വിസിറ്റെറ്റര്‍ ആയ തട്ടില്‍ പിതാവും കോടതി കയറാന്‍ പോകുന്നു. കോടതി വിസ്താരം നടക്കുന്ന ദിവസങ്ങളില്‍ റോമില്‍ സിനഡുണ്ടെന്നു പറഞ്ഞ് എത്രനാള്‍ രക്ഷപെടാനാവും? സിനഡിന് എല്ലാ മെത്രാന്മാരെയും വിളിച്ചിട്ടില്ലെന്നു ലോകം അറിയുന്നുമുണ്ടല്ലോ. വന്നു വന്ന് സ്വന്തം പേരില്‍ ഒരു ക്രിമിനല്‍ കേസ് ഇല്ലാത്ത മെത്രാന്മാര്‍ കേരളത്തില്‍ കുറയുന്നു. കൊല്ലം കൊണ്ട് തീരുന്നില്ല കേസുകള്‍. തൃശ്ശൂര്‍ ഭൂമി ഇടപാടില്‍ 39 കോടിയോളം രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായി എന്നാണ് ഹിന്ദു ഐക്യ വേദിക്കാരുടെ ആരോപണം. മോണിക്കയുടെ ഭൂമിക്കു മതിപ്പ് വില 25 കൊടിയല്ലേ ഉണ്ടായിരുന്നുള്ളൂ. ഉമ്മാക്കി കാണിച്ചാല്‍ പോകുന്നവരല്ല ഈ മുന്നണിക്കാര്‍ എന്നത് രൂപതയെ വിഷമിപ്പിക്കുന്നു. പണ്ട് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ഒരു കാര്യം പറഞ്ഞു, “ആഫ്രിക്കയില്‍ മിഷനറിമാര്‍ വന്നപ്പോള്‍ അവരുടെ കൈയ്യില്‍ ബൈബിളും ഞങ്ങളുടെ കൈയ്യില്‍ വസ്തു വകകളും ഉണ്ടായിരുന്നു. അവര്‍ കണ്ണടക്കാന്‍ പറഞ്ഞു, ഞങ്ങള്‍ കണ്ണുകള്‍ അടച്ചു. കണ്ണു തുറന്നപ്പോള്‍ ബൈബിള്‍ ഞങ്ങളുടെ കൈയിലും വസ്തു വകകള്‍ അവരുടെ കൈയ്യിലും ആയി.” കേരളത്തില്‍ സര്‍ക്കാരിനും പറ്റിയത് അത് തന്നെ. കേസിന് വേണ്ട അത്യാവശ്യം രേഖകള്‍ ആരുടെയൊക്കെയോ അറകളില്‍ നിന്നും ഇതിനോടകം ചോര്‍ന്നു പോയെന്നും കേള്‍ക്കുന്നു, അത്യാവശ്യം വന്നാല്‍ സത്യം പറയാന്‍ അരമന്ക്കുള്ളില്‍ തന്നെ വൈദികര്‍ തയ്യാറായിട്ടുണ്ടെന്നും കേള്‍ക്കുന്നു. കലികാല വൈഭവം!

എല്ലാവരോടും എനിക്കൊരഭ്യര്‍ഥനയുണ്ട്, ദയവായി റോമിന് പരാതി അയക്കരുത്. പത്രക്കാര് പറയുന്നത് മാസം ആയിരം പരാതികള്‍ സ്വികരിക്കാനുള്ള കപ്പാസിറ്റിയെ അവിടുത്തെ വെയിസ്റ്റ് ബോക്സിനുള്ളൂവെന്നാണ്. മാത്രവുമല്ല, ഇപ്പോള്‍ അവിടെ വായിക്കാന്‍ ആരും കാണില്ല. കുടുംബ നവീകരണ സിനഡ് അവിടെ നടക്കുകയാണല്ലോ. 243 പേരുള്ള ഈ യോഗത്തില്‍ 197 ബിഷപ്പുമാരും 43 അല്‍മായരും ആണ് ഉണ്ടാവുക. അത്മായരുടെ കാര്യം ഇവിടുത്തെ പോലെ തന്നെയെന്നു പറയുന്നത് ശരിയല്ല; റോമില്‍ സംസാരിക്കാം പക്ഷെ വോട്ടില്ല എന്നെ ഉള്ളൂ. ഇവിടെ അത്മായന്‍ സംസാരിക്കണമെങ്കില്‍ ഒരു ബ്ലോഗ്ഗോ, ഫെയിസ് ബുക്ക് അക്കൌണ്ടോ വേണം എന്ന സ്ഥിതിയല്ലേ?

അച്ചന്മാര്‍ക്കും കന്യാസ്ത്രികള്‍ക്കും കുടുംബ ജീവിതത്തെക്കുറിച്ച് എന്തറിയാം എന്നായിരുന്നു എന്‍റെ ചിന്ത. അവര്‍ക്കാണ് കൂടുതല്‍ അറിയാവുന്നത് എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. അങ്ങേര് ഒരു വീഡിയോ ക്ലിപ്പും എനിക്കയച്ചു തന്നു. അത് ഒരു പ്രീകാനാ കോഴ്സില്‍ ഒരച്ചന്‍ സംസാരിക്കുന്നത് ശാലോം ടിവി യില്‍ പ്രക്ഷേപണം ചെയ്തതിന്‍റെ ഭാഗമായിരുന്നു. ഞാന്‍ തരിച്ചിരുന്നു പോയി. സുബോധം വീണപ്പോള്‍ ചിന്തിച്ചത്, ഇതൊക്കെ വിശദീകരിക്കുന്ന ഒരു ക്ലിപ്പ് കൂടി കാണിച്ചിരുന്നെങ്കില്‍ എന്നാണ്. അത് കണ്ടിട്ടായിരിക്കും ഇവര്‍ പ്രസംഗിക്കുന്നത്. ക്ലിപ്പ് ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ ആരേം നിര്‍ബന്ധിക്കേണ്ടിയും വരില്ലല്ലോ.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഗ്രഹം പോലെ കത്തോലിക്കാ കുടുംബങ്ങള്‍ കൂടുതല്‍ ക്രിസ്തീയമാക്കാതെ ബിഷപ്പുമാര്‍ നോക്കട്ടെയല്ലേ? വെറുതെയല്ല സഭ പണ്ട് മുതലേ തട്ടിപ്പായിരുന്നുവെന്നു സക്കറിയാസ് സാര്‍ പറയുന്നത്. അതില്‍ സത്യമുണ്ടെന്നാണ് എനിക്കും തോന്നുന്നത്. കാവി ഉടുത്തുകൊണ്ട് വന്നു ചൊല്ലിയത് കുര്‍ബ്ബാന ആയിരുന്നില്ലെന്ന് തൃശ്ശൂര്‍ കാര് പറയുന്നില്ല, വീഞ്ഞ് ഇല്ലാതെ കുര്‍ബാന ചൊല്ലാന്‍ സാധിക്കില്ലെന്ന് ആരും നിര്‍ബന്ധം പിടിക്കുന്നില്ല. കുര്‍ബാനയ്ക്ക് പള്ളി തന്നെ വേണമെന്ന് നിയമവുമില്ല. ലത്തിന്‍ അച്ചനെ തല്ലിയാല്‍ ലത്തിന്‍കാര് നോക്കണം എന്ന് പറയുന്നിടത്ത് കാണുന്നതുപോലെ പരസ്പര സ്നേഹം സര്‍വ്വത്ര കാണണം എന്നൊരു നിര്‍ബന്ധമല്ലേ ഉള്ളൂ നമുക്ക്. മംഗള്‍യാന്‍ ചൊവ്വായില്‍ എത്തി. അവിടെ ഒരു രൂപത തുടങ്ങാന്‍ സാധിക്കുമോന്നു പിന്നെ നോക്കാം, ആദ്യം അതൊന്ന് വെഞ്ചരിക്കണം; എന്നാലെങ്കിലും ഇവിടുള്ളവരുടെ ചൊവ്വാ ദോഷം മാറിക്കിട്ടുമെങ്കില്‍ നല്ലതല്ലേ?

CPM കാര് സര്‍വ്വേ നടത്തിയപ്പോള്‍ കണ്ടത് പാര്‍ട്ടിയെ കൂടുതല്‍ പേര്‍ കുടുംബങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു എന്നാണ്. കത്തോലിക്കര്‍ ഒരു സര്‍വ്വേ നടത്തിയാല്‍ ഫലം പുറത്തു വരാനേ ഇടയില്ല. ഇപ്പോഴത്തെ സ്ഥിതി ഒരച്ചനോ അതിനു മുകളിലേക്കുള്ളവര്‍ക്കോ എന്തെങ്കിലും തട്ട് കേടു പറ്റിയാല്‍ റേഞ്ച് IG വന്ന് കേസ് വിലയിരുത്തിയിരിക്കണം എന്നാണ്. അത്മായനോ കന്യാസ്ത്രിക്കോ നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ പൊലീസിന് ഉചിതം പോലെ അന്വേഷിക്കുകയുമാവാം. കോട്ടയം തൊടുപുഴ ഇടുക്കി കൊല്ലം മുതലായ സ്ഥലങ്ങളില്‍ നിന്ന് അത് അത്മായര്‍ പഠിച്ചിട്ടുണ്ടായിരിക്കുമല്ലോ. അത്മായന്‍റെ രക്ഷക്ക് അച്ചന്മാര്‍ ബഹളമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത്യപൂര്‍വ്വ സംഭവങ്ങളുടെ പട്ടികയില്‍ അത് പെടുത്താം.   എന്തായാലും സഭയുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ എടുത്തു വെയ്ക്കുന്നത് നല്ലതാ. അത്മായര്‍ അതിന്‍റെ ഷേപ്പ് മാറ്റിയാല്‍ വ്യത്യാസം അറിയാമല്ലോ. 


ഈ കാര്‍ട്ടൂണില്‍ കാണുന്ന മുഖം ആരുടെതായിരിക്കുമെന്നു ഊഹിക്കാന്‍ കഴിവില്ലാത്ത ആരെങ്കിലും കേരളത്തില്‍ കാണുമോ ആവോ?

അത്മായര്‍ ആഞ്ഞു പിടിക്കുന്നത്‌ കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്ന് ചോദിക്കുന്നവരെ കണ്ടിട്ടില്ലേ? അത്മായര്‍ ഒത്തു പിടിച്ചില്ലായിരുന്നെങ്കില്‍ കേരള സഭ 20 നൂറ്റാണ്ടുകള്‍ പിന്നിലേക്ക്‌ പോകുമായിരുന്നെന്നു എത്രപേര്‍ക്ക് അറിയാം? പണ്ടിവിടെ ഒരു വിമോചനസമരം നടന്നത് ഓര്‍ക്കുന്നുണ്ടോ? കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്പോര്‍ട്ട്ബസ്സുകള്‍ കല്ലെറിഞ്ഞു തകര്‍ത്തത് അന്നാണ്. വലിയതുറയിലും ചെറിയതുറയിലും അങ്കമാലിയിലും മറ്റും അച്ചന്മാരും കന്യാസ്ത്രീകളും കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം സമരത്തിന് തെരുവിലിറങ്ങി. പള്ളിമേടകളും എന്‍ എസ്സ് എസ്സ് ആസ്ഥാനങ്ങളും കത്തി, വടിവാള്‍, ബോംബുകള്‍ എന്നിവകള്‍ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളായി മാറിയിരുന്നെന്ന് കമ്മ്യുണിസ്റ്റ്കാര്‍ ഇന്നും ആരോപിക്കുന്നു. ആ പരുവത്തിലേക്ക്‌ നമുക്ക് പോണോ ഇനിയും? പണ്ടൊക്കെ ഈ ബ്ലോഗ്ഗ്കാര് എന്നാ ഒലത്താനാ എന്ന് പരസ്പരം പറഞ്ഞു സമാധാനിച്ചിരുന്നവര്‍ കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് കേരളത്തില്‍ ഫെയിസ് ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കടക്കുന്നു. കോണുകളില്‍ ആരും അറിയില്ലെന്ന് കരുതിയ കാര്യങ്ങളും മാലോകര്‍ അറിഞ്ഞു തുടങ്ങിയതാണ്‌ ഇപ്പോള്‍ റേഞ്ച് വാദികളെ വിഷമിപ്പിക്കുന്നത്. അത്തരം ഒരു ചൂടുണ്ടായിരുന്നില്ലെങ്കില്‍ തൊടുപുഴയിലെ ആത്മഹത്യകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുമായിരുന്നില്ലേ?

സഭയുടെ പദ്ധതികളെപ്പറ്റി അത്മായന്‍ വേവലാതിപ്പെടുന്നു, അത്മായന്‍റെ കൌശലത്തെ ഓര്‍ത്ത്‌ പള്ളിക്കാരും വേവലാതിപ്പെടുന്നു. വേവലാതി രണ്ടു പേര്‍ക്കും ഉണ്ടെന്നു സമാധാനിക്കാം. ഇപ്പോള്‍ വേവലാതി ഏറ്റവും കൂടുതല്‍ ഇടുക്കി എം.പി ക്കായിരിക്കാനാണ് സാധ്യത. വനം വകുപ്പ് കലിങ്ക് പോളിച്ചെന്നു പറഞ്ഞു നിരാഹാരം തുടങ്ങി. ഫോറസ്റ്റ്കാര്‍ വരുന്ന ലക്ഷണവുമില്ല, നല്ലോണം വിശക്കുന്നുമുണ്ട്. മഴ നിന്നതുകൊണ്ടാണോ ആവോ പലരും വിയര്‍ക്കുന്നുണ്ടവിടെ.  

No comments:

Post a Comment