Translate

Thursday, September 4, 2014

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല. -

അഡ്വ.വിന്‍സ് മാത്യു

ഉള്ളതുപറഞ്ഞാല്‍
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല.
പള്ളികളില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് പിന്‍ വലിക്കില്ലെന്ന് മാതൃഭൂമി ന്യൂസിനോടുള്ള അഭിമുഖത്തില്‍ പറഞ്ഞതാണീ കത്തിനു കാരണം. ക്രിസ്ത്യന്‍ മതത്തില്‍ കര്‍ദ്ദിനാളോ മാര്‍പ്പാപ്പയോ അണേലും വിമര്‍ശിച്ചാല്‍ ഭീകരന്മാരെ വിട്ട് കൊന്നുകളയില്ലെന്ന് കരുതുന്നു. ക്രിസ്ത്യന്‍ മതമായതിനാല്‍ പരമോന്നത പുരോഹിത ശ്രേഷ്ഠനേയും തീവൃവാദ, ഭീകരവാദ ഭീകണികള്‍ ഇല്ലാതെ ധൈര്യമായി വിലയിരുത്താം. അതിനു നന്ദി. സഭയുടെ അത്യന്നതശ്രംഗത്തില്‍ ഭരണം നടത്തുന്ന മാര്‍ ആലഞ്ചേരി കര്‍ദ്ദിനാളിനു ഏറ്റവും താഴേക്കിടയിലുള്ള പദവികളും സ്ഥാനങ്ങളുമില്ലാത്ത സാധാരണക്കാരന്‍ എഴുതുന്നതാണീ കത്ത്. ഇതു കര്‍ദ്ദിനാള്‍ വായിക്കുമെന്നും മാത്രമല്ല, അനേകം വൈദീകരും ബിഷപ്പുമാരും വായിക്കുമെന്നും വിശ്വസിക്കുന്നു. ഓരോ നയങ്ങളും രൂപപ്പെടുന്നത് ഓരോ നിമിത്തങ്ങളില്‍ നിന്നുമാണ്‌. അതുപോലെ സഭാ പിതാക്കന്മാര്‍ക്ക് ചിന്തിക്കാന്‍ ഒരു നിമിത്തം ആകാം ഈ കത്ത്.

മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങിനെ ---വിശുദ്ധ കുര്‍ബാനയുടെ ഭാഗമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്. അതിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവന്റെ കല്‍പനയ്ക്ക് വിരുദ്ധമാകും എന്നതാണ് ലോകമെങ്ങുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ സഭാ നേതൃത്വവും കൈക്കൊള്ളുന്നത്-കര്‍ദിനാള്‍ പറഞ്ഞു.---
കര്‍ദ്ദിനാളിനോട് ആദരവോടെ ഒരു കാര്യം പറയട്ടെ. ലോകത്തെ കത്തോലിക്ക വൈദീകര്‍ വീഞ്ഞില്ലാതെയും ഗോതമ്പ് മാവില്‍ ഉണ്ടാക്കിയ ഓസ്തിയില്ലാതെയും വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നുണ്ട്, അര്‍പ്പിച്ചിട്ടുമുണ്ട്. കേരളത്തില്‍ തന്നെ ഫാദര്‍ വടക്കന്‍ അദ്ദേഹത്തിന്റെ സമര മുഖത്തും, പള്ളികളും, അള്‍ത്താരയും ലഭ്യമല്ലാത്ത ഇടത്തും ഇത്തരം വിശുദ്ധ ബലികള്‍ അര്‍പ്പിച്ചകാര്യം മറക്കരുത്. അത് എവിടെ എപ്പോള്‍ എന്തുകൊണ്ട് എന്ന് ഇപ്പോള്‍ ഇവിടെ പറയുന്നില്ല. അതുപോലെ കത്തോലിക്കാ വൈദീകര്‍ ജയിലുകളില്‍ കഴിയുന്ന സമയത്ത്, വിദൂര ദേശങ്ങളിലും മറ്റും യാത്രകള്‍ നടത്തുമ്പോഴും വീഞ്ഞും, ഓസ്തിയും ഇല്ലാതെ വിശുദ്ധ കുര്‍ബാന നടത്താറുണ്ട്. പള്ളികളും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ വരുമ്പോഴും ഇത്തരത്തില്‍ ചെയ്യാറുണ്ട്. ചിലപ്പോള്‍ ഈസ്റ്റിട്ട് പുളിപ്പിച്ച റൊട്ടിയും മറ്റും മുറിച്ച് പങ്കിട്ട് ഓസ്തിക്കുപകരം ഉപയോഗിക്കാറുണ്ട്. മേല്പറഞ്ഞ സന്ദര്‍ഭത്തിലെല്ലാം നടത്തുന്നത് പൂര്‍ണ്ണ അര്‍ഥത്തിലും, രൂപത്തിലുമുള്ള വിശുദ്ധ കുര്‍ബാനകള്‍ തന്നെയാണ്‌. അല്ലെന്ന് വത്തിക്കാനും തിരുസഭയും അതാതിടത്തെ കര്‍ദ്ദിനാളുമാരും പറഞ്ഞിട്ടില്ല, വിലക്കിയിട്ടുമില്ല.

ഇത്തരത്തില്‍ വീഞ്ഞില്ലാതെ മറ്റെന്തെങ്കിലും പകരം ഉപയോഗിക്കുന്നത് യേശുദേവന്റെ കല്പ്പനയ്ക്ക് വിരുദ്ധമാകുമെന്ന് ആദരണീയനായ മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ പര്‍ഞ്ഞു. അല്ല പിതാവേ മറ്റൊരു വസ്തുവും പകരം ഉപയോഗിക്കാതെ വീഞ്ഞുമാത്രം ഉപയോഗിച്ച് കുര്‍ബാന നടത്തണമെന്ന് യേശുദേവന്‍ എവിടെയാണ്‌ പറഞ്ഞിട്ടുള്ളതെന്നും കൂടി അങ്ങ് വെളിപ്പെടുത്തണം. ക്രിസ്തുവിന്റെ ചിത്രം മുമ്പ് സി.പി.എമ്മിന്റെ സമ്മേളന ഫ്ളക്സുകളില്‍ അച്ചടിച്ചപ്പോള്‍ കത്തോലിക്കാ സഭ വിമര്‍ശിക്കുകയും ക്രിസ്തു സഭയുടെതാണെന്നും കത്തോലിക്കരുടെ ദൈവമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ കര്‍ദിനാളുമാരായാല്‍ ക്രിസ്തുവിനെ പറ്റി എന്തും പറയാം എന്ന് സഭയോ, വത്തിക്കാനോ പറഞ്ഞിട്ടില്ല.

വീഞ്ഞിനു പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചാല്‍ യേശുദേവന്റെ കല്പ്പനക്കെതിരാകും എന്ന് കര്‍ദിനാള്‍ പറഞ്ഞത് നിലവിലെ ബൈബിളും അതിന്റെ വ്യാഖ്യാനങ്ങളും നോക്കിയാല്‍ മനസിലാകില്ല. വീഞ്ഞുപയോഗിച്ച് കുര്‍ബാന നടത്തണെമെന്ന് യേശുദേവന്‍ പറഞ്ഞതായും കല്പനയുള്ളതായും കര്‍ദിനാള്‍ നുണപറയുകയാണ്‌. ക്രിസ്തുവിന്റെ നാമത്തില്‍ അദ്ദേഹം വെളിപ്പെടുത്താത്തതും പറയാത്തതുമായ കാര്യങ്ങള്‍ ആണ്‌ ആലഞ്ചേരി കര്‍ദിനാള്‍ പറയുന്നത്.
വിഞ്ഞുപയോഗിക്കാനും, അതിന്റെ പാരമ്പര്യത്തില്‍ തുടരാനും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല പിതാവേ. എന്നാല്‍ വീഞ്ഞു നിലനിര്‍ത്താന്‍ അങ്ങയേപോലുള്ള സഭാപഢിതന്മാര്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തിരുന്ന് ക്രിസ്തുവിന്റെ നാമം അനാവശ്യമായി ഉപയോഗിക്കുകയാണ്‌. വീഞ്ഞുമായി ബന്ധപ്പെട്ട് ഒരിടത്തും യേശുദേവന്‍ നല്കാത്ത കല്പന ഉണ്ടെന്നു കള്ളം പറയുകയാണ്‌ ആലഞ്ചേരി പിതാവ്. അതായത് വിശാലമായ അര്‍ഥത്തില്‍ പിതാവേ അങ്ങ് നുണ പറഞ്ഞിട്ടില്ലായിരിക്കാം. വീഞ്ഞുപയോഗിക്കുന്നതിന്റെ കാര്യകാരണം മാത്രമായിരിക്കാം പറഞ്ഞത്. എന്നാല്‍ കേള്‍ക്കുന്ന ആള്‍ക്ക് ചിന്തിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ നുണയെന്ന രീതിയില്‍ തികട്ടിവന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ലോകമെങ്ങും പള്ളികളില്‍ വീഞ്ഞാണ്‌ ഉപയോഗിക്കുന്നതെന്നും കേരളത്തിലും അതാണ്‌ പിന്തുടരുന്നതെന്നും മാര്‍ ആലഞ്ചേരി പറയുന്നു. ഇതും വീഞ്ഞിനായി നിരത്തുന്ന ചില ന്യായീകരണങ്ങള്‍ മാത്രമാണ്‌. ലോകമെങ്ങുമുള്ള പള്ളികളില്‍ നടക്കുന്ന ആചാരങ്ങളും രീതികളും ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ഞാന്‍ മുമ്പ് ഏറെ കാലം അയര്‍ലന്റില്‍ ഉണ്ടായിരുന്നു. അവിടെ പോയിരുന്ന ഇടവക പള്ളിയില്‍ ക്രിസ്തുമസ് സമ്മാനവും, ഫണ്ട് ശേഖരണത്തിനു കൂപ്പണ വിറ്റ് നറുക്കിട്ട നല്കുന്ന സമ്മാനവും വിസ്കിയായിരുന്നു. ഓസ്ട്രേലിയയിലെ പള്ളികളിലും പോയിട്ടുണ്ട്. ഇവിടെ പള്ളിയിലെ ചായപാര്‍ട്ടിക്കും, മറ്റ് പരിപാടികള്‍ക്കും വൈനും ബിയറും കുടിക്കാന്‍ നല്കാറുണ്ട്. മാത്രമല്ല, മദ്യത്തിനെതിരായ ജാഗ്രതയും സന്ദേശവും ഒന്നും യൂറോപ്പിലേയും പാശ്ചാത്യ നാടുകളിലേ ദേവാലയത്തിലും ഇല്ല. മദ്യവും, ബിയറും അവിടുത്തെ പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാവരും ഉപയോഗിക്കുന്ന ഒരു പതിവ് പാനിയമാണ്‌. മദ്യവുമായി ബന്ധപ്പെട്ട പാശ്ചാത്യ നാടുകളിലെ പള്ളി വിശേഷം മാത്രമാണിവിടെ പറഞ്ഞത്. മറ്റ് കാര്യത്തിലേക്ക് മനപൂര്‍വ്വം കടക്കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ. അതായത് ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയിലും, പള്ളികളിലും പല ശീലങ്ങളും, രീതികളും ഉണ്ട്. അതൊന്നും ഉള്‍ക്കൊള്ളാന്‍ ഭാരത സഭയ്ക്കോ കേരളത്തിലെ പള്ളികള്‍ക്കോ കഴിയില്ല. പിന്നെന്തിനു വീഞ്ഞിന്റെ കാര്യത്തില്‍ മാത്രം നമ്മള്‍ പാശ്ചാത്യ രീതി ഉദാഹരണമായി പറയുന്നു. വീഞ്ഞുമാത്രമല്ല പാശ്ചാത്യര്‍ക്ക് പള്ളിയുമായി ബന്ധപ്പെട്ട് പലശീലങ്ങളും ഉണ്ടെന്നകാര്യവും അതെല്ലാം നമ്മള്‍ തള്ളിക്കളഞ്ഞതും കരുതലോടെ കര്‍ദ്ദിനാളിനെ ഓര്‍മ്മപ്പെടുത്തട്ടെ.

ഇനി ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളോടും മാര്‍പ്പാപയോടും ചോദിച്ചിട്ടാണോ ഭാരതത്തിലേ പള്ളികളില്‍ ഭാരതീയ ശീലങ്ങള്‍ നടപ്പാക്കിയത്. ഭാരതീയ ശൈലിയും ഭാരതീയ ക്രൈസ്തവരും എന്നത് നമ്മുടെ നാട്ടിലെ ശീലമാണ്‌, സസ്കാരമാണ്‌. വിശുദ്ധകുര്‍ബാനയ്ക്ക് ഭാരതീയ ശൈലിയില്‍ ആരതിയുഴിയാറുണ്ട്. ചില പള്ളികളില്‍ ഇതു കന്യാസ്ത്രീകള്‍ തന്നെയാണ്‌ നടത്തുന്നത്. കുങ്കുമം കാഴ്ച്ചവസ്തുവായി കന്യാസ്ത്രീകള്‍ തന്നെ നല്കാറുള്ള കുര്‍ബാനയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
കുങ്കുമവും, നിലവിളക്കും കണ്ടാല്‍ മുട്ടുകൂട്ടിയിടിച്ച് വിറച്ചുനില്ക്കുന്ന മുസ്ലീം മന്ത്രിമാരുള്ള ഈ നാട്ടില്‍ കത്തോലിക്കാ സഭക്ക് ഭാരതസസ്‌കാരം വിശുദ്ധകുര്‍ബാനയില്‍ നിലനിര്‍ത്താമെങ്കില്‍ എന്തിനു ഒരു ലഹരിപാനിയത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നു. വിദേശ നാടുകള്‍ സന്ദര്‍ശിക്കുന്ന ഭാരതീയ കന്യാസ്ത്രീകള്‍ സാരിയുടുത്ത ഭാരതീയ സസ്കാരത്തില്‍ നടത്തിയ കുര്‍ബാനയുടെ ചിത്രവും,വീഡിയോ ദൃശ്യങ്ങളും താല്പര്യമെങ്കില്‍ ഞാന്‍ കര്‍ദ്ദിനാളിനു അയച്ചുതരാം. നമ്മുടെ പള്ളികളില്‍ നിലവിളക്കും, ക്രിസ്ത്യന്‍ സ്തീകള്‍ വിവാഹ വേളയില്‍ കുങ്കുമവും അണിയാറുണ്ട്. പാശ്ചാത്യ കൃസ്ത്യാനികള്‍ നടത്തുന്ന വസ്ത്രധാരണം പോലുമല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്. പള്ളികളില്‍ അത് ശക്തമായി നിരോധിച്ചിരിക്കുന്ന അശ്ലീല വസ്ത്രധാരണമാണ്‌.


കര്‍ദ്ദിനാള്‍... അങ്ങ് മനസിലാക്കണം, ലോകമെങ്ങുമുള്ള പള്ളികളിലെ പല ആചാരങ്ങളും നമ്മള്‍ തള്ളിക്കളയുകയും ഭാരതീയമായ പല ആചാരങ്ങളും ശീലങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. ഇങ്ങിനെ തള്ളിക്കളയലും, ഉള്‍പ്പെടുത്തലും നടത്തിയപ്പോള്‍ അന്നൊന്നും ഒരു കര്‍ദിനാളും യേശുദേവന്റെ ഇല്ലാത്ത കല്പനയും പറഞ്ഞ് ഇടങ്കോലിട്ടില്ലായിരുന്നു. ഇന്നത്തെ ഭാരതീയമായ പല ശീലങ്ങളും പള്ളികളില്‍ ഉള്‍പ്പെടുത്തിയത് പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും കൊണ്ടാണ്‌. നിരവധി ചര്‍ച്ചകളിലൂടെയാണ്‌. വീഞ്ഞിന്റെ ഉപയോഗം വേണമെങ്കില്‍ ആയിക്കോളൂ ..മാര്‍ ആലഞ്ചേരി പിതാവേ. എന്നാല്‍ അതു തുടരാന്‍ യേശുദേവന്റെ ഇല്ലാത്ത കല്പനയെ അങ്ങ് കൂട്ടുപിടിക്കരുത്. യേശു ദേവന്റെ പേര്‌ ഈ വിവാദ ചര്‍ച്ചയില്‍ ഒരു പരിചയായി ഉള്‍പ്പെടുത്തി തലയൂരാന്‍ ശ്രമിക്കരുത്. സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, വീഞ്ഞുപയോഗം നിര്‍ത്തലാക്കില്ലെന്നും പറഞ്ഞാല്‍ അതായിരുന്നു മാന്യമായിരുന്നത്. അതിനു പകരം കര്‍ത്താവിനേയും ലോകമെങ്ങുമുള്ള പള്ളികളേയും ഒക്കെ പിന്‍ബലത്തിനു കൂട്ടുപിടിച്ചത് ബാ‍ലിശമായിപോയി. അങ്ങ് കര്‍ദ്ദിനാളാണേലും മനുഷ്യനാണല്ലോ, എല്ലാവര്‍ക്കും സംഭവിക്കുന്ന തെറ്റുകള്‍ അങ്ങേക്കും പറ്റുമെന്നേ കരുതുന്നുള്ളു. വീഞ്ഞുപയോഗിക്കാന്‍ കണ്ടുപിടിച്ച വാദങ്ങള്‍ അബ്കാരികേസില്‍നിന്നും രക്ഷ്പെടാന്‍ കോടതിയില്‍ ഒരു വക്കീല്‍ നടത്തുന്ന വാദത്തിന്റെ നിലവാരത്തിലേക്കായെന്ന് തോന്നിപ്പൊവുകയാണ്‌.

ലോകമെങ്ങുമുള്ള സഭയല്ല കേരളത്തിലെ കത്തോലിക്കാ സഭ. പാശ്ചാത്യര്‍ക്ക് ഒരു കൈയ്യില്‍ ബൈബിളും മറുകയ്യില്‍ ബ്രാണ്ടിയുമാണ്‌. എന്നാല്‍ നമ്മുടെ നാട്ടിലെ സഭ മദ്യത്തെ സാമൂഹ്യ തിന്മയായി കാണുന്നു. ഭാരതീയ സസ്കാരത്തിന്റേയും, ഗുരുദേവ ദര്‍ശനം ഉള്‍പ്പെടെ പലതിന്റേയും ഒപ്പം നില്ക്കുന്ന വീക്ഷണമാണ്‌ മദ്യത്തിന്റെ കാര്യത്തില്‍ ഭാരതീയ സഭക്ക്. അതൊകൊണ്ട് വൈനില്‍ മാത്രം തൊട്ടുകളിക്കരുതെന്നും മറ്റെല്ലാ മദ്യത്തിനും തങ്ങള്‍ എതിരാണെന്നും ഉള്ള നയം ഇരട്ടതാപ്പു തന്നെയാണ്‌. മദ്യാംശമുള്ള വീഞ്ഞ് പള്ളികളില്‍ ഉപയോഗിക്കുന്ന കാലമത്രയും സഭയുടെ മദ്യവിരുദ്ധ നിലപാടുകള്‍ സത്യസന്ധമെന്ന് സഭയ്ക്ക് പുറത്തുള്ളവര്‍ പറയില്ല ?... വീഞ്ഞ് ഇല്ലെങ്കില്‍ ഇവിടെ ക്രിസ്തുവും കത്തോലിക്കരും ഉണ്ടാവില്ലെന്ന നിലപാട് ചുമ്മാ വിഢിത്തരമാണ്‌. കത്തോലിക്കര്‍ക്കോ, ആല്മായര്‍ക്കോ വിശ്വാസത്തിനോ ഒരു ചെറു പോറലിന്റെ നിഴല്‍ പോലും ഉണ്ടാകില്ല, വീഞ്ഞു നിരോധിച്ചാല്‍. പള്ളിമേടകളിലും, അരമനകളിലും, മഠങ്ങളിലും അകത്തളങ്ങളില്‍ പതിവായും, ആഘോഷവേളകളിലും നടക്കുന്ന വീഞ്ഞ് ഉപയോഗം ഇല്ലാതാകുമെന്നേയുള്ളൂ. വൈന്‍ പിന്‍ വലിച്ച് സഭയുടെ യഥാര്‍ഥ മദ്യവിരുദ്ധ പ്രവര്‍ത്തനത്തിലേ സത്യസന്ധത തെളിയിക്കുകയാണ്‌ കര്‍ദ്ദിനാള്‍ ചെയ്യേണ്ടത്. ഇത്തരമൊരു നിലപാട് കര്‍ദ്ദിനാള്‍ സൂര്യനില്‍ നിന്നും ഒരുപാടകലെ കിടക്കുന്ന ഒരു പൊടി മനുഷ്യനായ എനിക്ക് മാത്രമല്ല, കേരളത്തിലെ നൂറുകണക്കിന്‍ വൈദീകര്‍ക്കും, കന്യാസ്ത്രീകള്‍ക്കും ഉണ്ട്. വീഞ്ഞ് നിരോധിക്കണമോ എന്ന ഒരു അഭിപ്രായ വോട്ടെടുപ്പ് സഭയിലെ വൈദീകര്‍ക്കും, സന്യാസിനികള്‍ക്കുമിടയില്‍ നടത്തിയാല്‍ അറിയാം കര്‍ദ്ദിനാളിനു ലഭിക്കുന്ന എതിര്‍ വോട്ടുകളുടെ കണക്ക്. സഭയിലെ ആല്മായരുടെ അഭിപ്രായം കേട്ടാല്‍ നിശ്ചയമായും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ദയനീയമായി തോറ്റുപൊകും. എല്ലായിടത്തും മദ്യ നിരോധനം പറയുന്ന സഭ ഒരു ശതമാനം പോലും വീര്യമുള്ള ഒരു മദ്യവും വീഞ്ഞുള്‍പ്പെടെ ഉപയോഗിക്കരുത്. അതാണ്‌ പറയുന്ന വാക്കിലെ സത്യസന്ധതയും പഠിപ്പിക്കുന്നതിലെ ദൈവീകതയുമെന്ന് കര്‍ദ്ദിനാള്‍ മനസിലാക്കണം.


സഭ വീഞ്ഞ് വില്ക്കുന്നില്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞത് സത്യമായി കരുതട്ടെ. വീഞ്ഞ് വിറ്റ് പണമുണ്ടാക്കാനും അതിനായി ഡിസ്റ്റലറി ലൈസന്‍സുകള്‍ നിലനിര്‍ത്തേണ്ട സാഹചര്യവും കത്തോലിക്കാ സഭയ്ക്കില്ല. എന്നാല്‍ വീഞ്ഞ് പുറത്ത് പണത്തിനല്ലാതെ നല്കുന്ന കാര്യം കര്‍ദ്ദിനാള്‍ നിഷേധിക്കരുത്. കാരണം നിഷേധിച്ചാല്‍ കര്‍ത്താവ് പൊറുക്കില്ല ആ നുണ. ക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തമായി കണക്കാക്കപ്പെടുന്ന കുര്‍ബാന വീഞ്ഞ് എസ്.പിമാരും, പല എം.എല്‍.എമാരും, ഡി.വൈ.സ്.പിമാരും കുപ്പിക്കണക്കിനു ഊറ്റി കുടിക്കാറുള്ള കാര്യം ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്. അരമനയുമായും, പള്ളികളുമായും ചങ്ങാത്തമുള്ള വി.ഐ.പികള്‍ക്ക് കുര്‍ബാന വീഞ്ഞ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വിശിഷ്ട വ്യക്തികളെ സൗഹൃദത്തിലാക്കാനും അരമനയില്‍നിന്നും, പള്ളികളില്‍ നിന്നും വീഞ്ഞു കുപ്പികള്‍ പുറത്തേക്ക് പോകാറുണ്ട്. ഇത്തരത്തില്‍ എന്റെ അറിവില്‍ തലശേരി രൂപതയില്‍ നിന്നും ഹിന്ദുക്കളായ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഉള്‍പ്പെടെ വീഞ്ഞു ലഭിച്ചതിന്റെ വിശദാശങ്ങള്‍ നല്കാന്‍ കര്‍ദിനാളിനു താല്പര്യമുണ്ടേല്‍ ഞാന്‍ കൈമാറാം. ദൈവത്തിന്റെ മുമ്പില്‍ സത്യമുള്ള വരികലാണ്‌ ഈ കുറിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ദയവായി മനസിലാക്കണം. സത്യമാണിതൊക്കെ, അങ്ങിനെയാണ്‌ കാര്യങ്ങള്‍.

വിശ്വാസത്തിന്റെ പേരിലും ക്രിസ്തുവില്‍ ആണയിട്ടും ഉണ്ടാക്കുന്ന വീഞ്ഞിന്റെ എത്ര തുള്ളി ആല്മായര്‍ക്ക് ലഭിക്കുന്നുണ്ട്?. വീഞ്ഞ് വിശ്വാസവുമായി ഇത്ര ബന്ധപ്പെട്ടതാണേല്‍ അതിന്റെ ഒരു തുള്ളിയുടെ ചെറിയ മണത്തിന്റെ അംശം എങ്കിലും വിശ്വാസികള്‍ക്ക് നല്കണം. കര്‍ത്താവിന്റെ ശരീരവും രക്തവുമായ തിരുവോസ്തിയും, വീഞ്ഞുമാണ്‌ കുര്‍ബാനയില്‍ പങ്കുവയ്ക്കുന്നത്. ഇതില്‍ ആശീവദിക്കുന്ന വീഞ്ഞ് പുരോഹിതന്‍ തനിയേ കുടിക്കുകയും, ഓസ്തിമാത്രമായി വിശ്വാസികള്‍ക്ക് നല്കുകയുമാണ്‌ ചെയ്യുന്നത്. ഒരു തുള്ളി വീഞ്ഞുമതി അനവദി പേര്‍ക്ക് അതില്‍ തൊട്ട് തിരുവോസ്തി നല്കാന്‍. അതുപോലും എന്തുകൊണ്ട് ചെയ്യാറില്ല. പിന്നെന്തിനാണ്‌ ഈ വീഞ്ഞില്‍ കര്‍ദ്ദിനാളും സഭയും കടിച്ചുതൂങ്ങുന്നതെന്ന് മനസിലാക്കാന്‍ എല്ലാവര്‍ക്കും കഴിയും. വിശ്വാസവും അചാരവും അതിലുപരി അരമന, പള്ളി അകത്തളങ്ങളിലെ വീഞ്ഞുപാനവും എല്ലാം വീഞ്ഞിനായുള്ള വാദത്തിന്റെ സത്യസ്ഥിതിയാണെന്ന് കര്‍ദ്ദിനാള്‍ക്ക് അറിവുള്ളതാണല്ലോ?. വിദേശത്ത് വീഞ്ഞുപയോഗം ഉണ്ടെന്ന് പറയുന്ന കര്‍ദ്ദിനാള്‍ അവിടുത്തെ പള്ളികളില്‍ കുര്‍ബാന കൈക്കൊണ്ട ശേഷം കാസയില്‍ നിന്നും വീഞ്ഞ് നേരിട്ട് രുചിക്കാന്‍ വിശ്വാസികള്‍ക്കുള്ള സ്വാതന്ത്ര്യവും അറിഞ്ഞിരിക്കണം. സ്ത്രീകള്‍ക്കുകൂടി കുര്‍ബാന അര്‍പ്പിക്കാനും, വൈദീകര്‍ക്ക് വിവാഹം കഴിക്കാനും പോലും ചര്‍ച്ചകള്‍ നടന്നുവരികയാണ്‌ ആഗോള കത്തോലിക്കാ സഭയില്‍. കാലത്തിനും മാറ്റത്തിനും ഒപ്പം സഞ്ചരിക്കുകയും പല അന്ധവിശ്വാസങ്ങള്‍ക്കും വേരറുക്കുകയും ചെയ്തിട്ടുള്ള സഭയുടെ ഭാരത, കേരള ശാഖ വീഞ്ഞു വേണ്ടെന്നു പറഞ്ഞാല്‍ അതില്‍ ഒരു നഷ്ടവും ഇല്ല. മാത്രമല്ല കേരളത്തില്‍ സഭ ഉയര്‍ത്തുന്ന മദ്യത്തിനെതിരായ പോരാട്ടാത്തിന്റെ ഭാഗമായുള്ള സാമൂഹിക വിപ്ലവമായി ആഗോള കത്തോലിക്ക സഭ അതിനെ കാണും. ലക്ഷോപ ലക്ഷം വിശ്വാസികളും മാര്‍പ്പാപ്പയും ആ സാമൂഹിക വിപളവത്തിനു കൈയ്യടിയും പിന്തുണയും നല്കും. പുരോഹിതര്‍ വീഞ്ഞു ഉപേഷിക്കുന്നതോടെ സഭയിലെ ആല്മായര്‍ക്കും തല ഉയര്‍ത്തി മറ്റ് മതക്കാര്‍ക്കിടയില്‍ നില്കാന്‍ സാധിക്കും. അല്ലെങ്കില്‍ രണ്ട് വള്ളത്തിലും കാല്‍ വയ്ച്ചുള്ള യാത്രയാകും സഭയുടെ മദ്യവിരുദ്ധ പ്രചരണണങ്ങള്‍. ആല്‍ ക്കഹോളടങ്ങിയ വീഞ്ഞ് മദ്യം തന്നെയാണ്. പരിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതാണെന്നു വയ്ച്ച് അതിലേ വീര്യവും മദ്യഗുണവും ഇല്ലാതാവില്ല. വീഞ്ഞ് നിര്‍ബന്ധമാണേല്‍ നിലനിര്‍ത്തിക്കോ. എന്നാലും കര്‍ദ്ദിനാള്‍...മദ്യം കുര്‍ബാനയിലും, പള്ളികളിലും, അരമനകളിലും, പള്ളിമേടകളിലും പൂര്‍ണ്ണമായി നിര്‍ത്തലാക്കണം. യഥാര്‍ഥ മദ്യ വര്‍ജ്ജനം നടത്തി കേരളത്തിന്റെ ഭാവിക്കായുള്ള ആരോഗ്യത്തിനായുള്ള സാമൂഹിക പരിവര്‍ത്തനത്തില്‍ കത്തോലിക്കാ സഭ പങ്കാളിയാകണം.
https://www.facebook.com/PeopleElamgulam/

9 comments:

 1. ക്രിസ്തീയ അവബോധമുള്ള ഒരല്മായന് ഒരു പുരോഹിതശ്രേഷ്ഠനോട് എളിമയോടെ പറയാവുന്നതൊക്കെ അഡ്വ. വിൻസ് മാത്യു ഈ കത്തിൽ പറഞ്ഞിട്ടുണ്ട്. കാലം മാറിയത് അറിയുന്നില്ല എന്നതാണ് നമ്മുടെ ശ്രേഷ്ഠന്മാർക്ക് പറ്റിയ വിപത്ത്. അത് അത് അപ്രതീക്ഷിതമായ അമളിയായി അവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നു. ദൈവശാത്രത്തിൽ പോലും ഈ ശ്രേഷ്ഠരേക്കാൾ ആഴമായി അന്വേഷണം നടത്തുകയും ബൈബിൾ പഠിക്കുകയും ചെയ്യുന്ന അല്മായർ ഇന്നുണ്ട്. അപ്പോൾ, ആരാധനയിലെയും മതാദ്ധ്യയനത്തിലെയുമൊക്കെ പല കാര്യങ്ങളും തിരുത്തേണ്ടി വരുമ്പോൾ അത് മുകളിൽനിന്നുള്ള ആജ്ഞയായി പ്രകടികപ്പിക്കുന്ന രീതി പണ്ടേ മാറേണ്ടതാണ്. ക്രിസ്തുവങ്ങനെ പറഞ്ഞു ബൈബിളിൽ ഇങ്ങനെയാണ് കിടക്കുന്നത് എന്നൊക്കെ ആരെങ്കിലും ചുമ്മാ അങ്ങു പറഞ്ഞാൽ ആരുമിന്നു മുഖവിലക്കെടുക്കില്ല. ആഴമായ പഠനങ്ങൾ നടത്താതെ പഴയ രാജകീയ ശൈലിയിൽ ഓരോന്ന് ഒരു കർദിനാളിൽനിന്നു വന്നാലും അതിനെ ചോദ്യംചെയ്യാൻ കഴിവുള്ളവർ ഇന്നത്തെ ക്രിസ്തീയ സമൂഹത്തിലുണ്ട്. അതംഗീകരിച്ചുകൊണ്ടുവേണം പ്രസ്താവനകൾ ഇറക്കാൻ. മെത്രാന്മാരും അവരുടെ പ്രതിനിധിയായ തേലെക്കാട്ടുമൊക്കെ നന്നായി ആലോചിച്ചിട്ട് വേണം അഭിപ്രായം പറയാൻ എന്നാണ് ഇത്തരം തുറന്ന കത്തുകൾ വഴി അല്മായർ അവരെ ഒര്മപ്പെടുത്തുന്നത്. അവരത് മനസ്സിലാക്കിയാൽ നന്ന്. ഏതായാലും കേരളസഭക്ക് ഒരു നല്ല തുടക്കത്തിനുള്ള അവസരമാണിത്. തങ്ങളാണ് വിശ്വാസികളുടെ ദൈവദത്ത നായകർ എന്ന് സ്വയം കരുതുന്നവർ അത് പഴാക്കരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

  കേരളത്തിൽതന്നെ പ്രവർത്തിക്കുന്ന നവീകരണപ്രസ്ഥാനങ്ങൾ എത്രയെത്ര വിഷയങ്ങളെക്കുറിച്ച് ഇതിനോടകം കത്തുകൾ വഴി മെത്രാന്മാരുടെ സഹകരണവും സംവാദവും പ്രതീക്ഷിച്ച് കാത്തിരുന്നു. ഇവരെന്താണ് ഇപ്പോഴും തീണ്ടലുള്ളതുപോലെ അലമായരെ വഴിമാറിപ്പോകുന്നത്. അവരുടെ ആ വഴി ക്രിസ്തുവിലേയ്ക്കാണ് എന്ന് അവര്ക്കുതന്നെ തീരച്ചയുണ്ടോ? എന്നാൽ ആ തീര്ച്ചയുള്ളതുകൊണ്ടാണ് മേൽപ്പറഞ്ഞവർ ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നത്. ഒരു മറുപടി അയക്കാനുള്ള സാമാന്യമര്യാദപോലുമില്ലാതെ എന്ത് നേതൃത്വമാണ് ഇവര്ക്ക് അവകാശപ്പെടാനുള്ളത്. ഈ പോക്ക് ഒട്ടും ശരിയല്ല എന്ന് ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ, അത്യാവശ്യമായ മാറ്റങ്ങൾ സഭയിലുണ്ടാവണം എന്ന് ചിന്തിക്കുന്നവർ. ഇപ്പോഴത്തെ വിഷയം അവയിലൊന്നുമാത്രമാണ്.

  Tel. 9961544169 / 04822271922

  ReplyDelete
 2. അനന്യനായ ദൈവത്തെ അന്യനായി ചിത്രീകരിച്ചു, ആ ദൈവത്തെ (ബിംബാരാധന പോലെ) ഓസ്തിയില്‍ ഒതുക്കിവച്ച്, അതില്‍ വീഞ്ഞെന്ന രസം ചേര്‍ത്തു, ജനത്തെ ആടുകളാക്കി, ആ ആടിന്റെ വായില്‍ ഇവ പകര്‍ന്നു കൊടുക്കുന്ന classone തിരക്കഥയാണല്ലോ ഈ കുര്‍ബാന ? കുര്‍ബാന എന്നാല്‍ ത്യാഗം ! ഈ ത്യാഗം ഇവരുടെ "കുര്ബാന" എന്ന ഓമനപ്പേരുള്ള ത്യാഗബലിയില്‍ ഒരു നേമം എങ്കിലും കാണാനുണ്ടോ ?

  ക്രിസ്തുവിന്റെ കുരിശിലെ മരണം അവന്‍റെ ഒരു ത്യാഗബലിയായി നാം കാണുന്നെങ്കില്‍ അത് തെറ്റാണു ,എന്നാണെന്റെ വാദം ! തലേരാത്രി ഗദ്സമനെയില്‍ വച്ചു "കഴിയുമെങ്കില്‍ ഈ പാനപാത്രം നീക്കിത്തരുവാന്‍" കര്‍ത്താവ് പ്രാര്തിച്ച്തു ഓര്‍ക്കുമ്പോള്‍, മനസില്ലാമനസോടെ മശിഹ കുരിശുമരണത്തിനു (പിതാവിന്റെ കല്പനയ്ക്ക് )കീഴടങ്ങി എന്നേ കരുതാനാവൂ....ഇവിടെ യഥാര്‍ത്ഥത്യാഗം ചെയ്തത് പിതാവായ ദൈവം തന്നെയാണ് ! അല്ലാതെ കുര്‍ബാന കാണുന്നിടത്തെല്ലാം കാച്ചുന്ന പുരോഹിതനോ ക്രിസ്തുവോ അല്ലെന്നു വ്യക്തം !
  "അരുതാത്ത മോഹത്തിന്‍ അടിയൊഴുക്കാല്‍ മനം
  അഴലിന്‍ ചുഴിയില്‍പെട്ടുഴലും നേരം ,
  ഗദ്സേമനത്തോപ്പില്‍ കരുണാനുകംപയ്ക്കായ്
  അവനീശസൂനൂ കരങ്ങള്‍ നീട്ടി " എന്ന് ഞാന്‍ പണ്ട് പാടിയതോര്‍ത്തുപോയി!(സാമസന്ഗീതം)

  "ഈ ത്യാഗബലിയുടെ ഓര്‍മയ്കായി നിങ്ങളും ത്യാഗം (നല്ല ശമരായനെപോലെ )ചെയ്യുവീന്‍" എന്നെ ആ പാവം അന്ന് സെഹിയോനില്‍ അരുളിയുള്ളൂ ...പുരോഹിതന്‍ ആ നല്ല വചനം സൌകര്യപൂര്‍വ്വം വികലമാക്കി ഓസ്തിയിലും വീഞ്ഞിലുമാക്കി ! പുരോഹിതാ, ദൈവത്തെ വിറ്റ കാശുമായി നീ എത്രനാളീ കളി തുടരും ? അവന്‍ വീണ്ടും വരുവോളമോ? ഇല്ല ,അവന്‍ വരില്ല വീണ്ടും ! നീ നാടാകെ കുരിശു നാട്ടി അവനു വിലക്ക് കൊടുത്തില്ലേ ? കുരിശില്‍ മരിച്ചവന്‍ വീണ്ടും കുരിശു കണ്ടാല്‍ ഭയപ്പെടുമെന്ന നിന്റെ ദൂരക്കാഴ്ച്ച് അപാരം തന്നെ ...സലാം കത്തനാരെ,സലാം...

  ReplyDelete
 3. എന്‍റെ സക്കറിയാച്ചായാ , ഒരു മത്രാനും (വെറും കത്തനാരും) ഒരു മറുപടിയും ഒരിക്കലും തരില്ല ! കാരണം അവര്‍ക്കറിയാം അവര്‍ ദൈവത്തെ അറിയാത്തവരും ദൈവമില്ലാത്തവരുംഒക്കെ ഒക്കെ ആണെന്ന് ! ഇന്നല്ലെങ്കില്‍ നാളെ ഇതു കാലം പൊളിച്ചടുക്കും എന്നും അവര്‍ക്കറിയാം ! അതുന്റെ തുടക്കമാണീ കുറിപ്പുകളെന്നും അവര്‍ക്ക്നന്നായറിയാം ! പൂച്ച പാല്‍ കുടിക്കുമ്പോലെ കുറച്ചുകൂടി അകത്താക്കാം എന്നേയുള്ളൂ ...പുറത്തടികൊള്ളുവോളം കള്ളപ്പൂച്ച വയറു നിറയ്ക്കട്ടെ എന്ന് കാലവും കരുതുന്നു ,അത്രതന്നെ ...

  ReplyDelete
 4. ദിവ്യബലിക്ക് വീഞ്ഞിനുപകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവൻറെ കല്പനക്ക് വിരുദ്ധമാകും എന്ന മാർ ആലഞ്ചെരിയുടെ പ്രസ്താവന ശരിയെങ്കിൽ മദ്യത്തിന് അടിമകളായ വൈദികർക്ക് വീഞ്ഞിനുപകരം മുന്തിരിങ്ങാനീര് ഉപയോഗിച്ച് ദിവ്യബലി അർപ്പിക്കാൻ 1974 -ൽ Prefect of the Congregation of the Divine Worship James Robert Cardinal Knox -ന് എങ്ങനെ അനുവദിക്കാൻ കഴിഞ്ഞു. അദ്ദേഹം യേശുദേവൻറെ കല്പനക്ക് എതിരായി പ്രവൃത്തിച്ചു എന്നുവേണമല്ലോ കരുതാൻ. എൻറെ 'സഭാനവീകരനത്തിലേക്ക് ഒരു വഴി' എന്ന പുസ്തകത്തിലെ പേജ് 133 കാണുക.

  ReplyDelete
 5. തൊപ്പി വച്ചാല്‍ പോലീസിനു വീര്യം കൂടും എന്നതുപോലെ ളോഹയണിഞ്ഞാല്‍ ഏതു "നിക്രിഷ്ട ജീവിയും" വിശുദ്ധനാകും എന്ന ആടുകളുടെ മനസിലിരിപ്പ് മാറാതെ ഇവറ്റകള്‍ ഒരുനാളും ശരിയാവില്ല ! ആടുകളാണീ "ചെന്നായ്ക്കളെ" ഇടയന്മാരായി പൂജിക്കുന്നതും കൈമുത്തുന്നതും പാപമോചന സ്ഥലമായി കുമ്പസാരക്കൂട് പൂകുന്നതും ! ജനത്തിനു വിവരം വരാതെ ഒരുപുട്ടും ഇവിടെ വേവില്ല ! "ഞങ്ങള്‍ക്ക് വിവരം വേണ്ടായേ" എന്ന മുറവിളിയാണ്ഇന്ന് പള്ളിയങ്കണമാകെ ! "അവനെ കുരിശിക്ക" എന്ന ആര്‍ത്തനാദം ഇതിലെത്രയോ ചെറിയത് ! "കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ"? പുരോഹിതന്‍ ആരുടെ ബീജമാണ് എന്ന് തിരക്കണം ളോഹയിട്ടാല്‍ ഇനം മാറുമോ/ ഗുണം മാറുമോ/ നിറം മാറുമോ? ഇല്ലേ ഇല്ലില്ലേ ....

  ReplyDelete
 6. എല്ലാക്കാര്യത്തിലും ക്രിസ്തുവിനുണ്ടായിരുന്ന മനോഭാവം നിങ്ങൾക്കുമുണ്ടാകണം എന്ന് പൌലോസ് വിശ്വാസികളെ ഉപദേശിച്ചിരുന്നു. മെത്രാന്മാർ അതെങ്കിലും ഓർക്കണം. നിങ്ങൾ എന്ത് വിചാരിക്കുന്നു എന്ത് ചെയ്യുന്നു എന്നതിലും പ്രധാനമല്ലേ, ഇത്തരുണത്തിൽ ക്രിസ്തു എന്ത് ചെയ്യുമായിരുന്നു, എങ്ങനെ ചിന്തിക്കുമായിരുന്നു എന്ന് ഒരു നിമിഷം ആലോചിക്കുന്നത്.അപ്പോൾ എല്ലാത്തിനും പരിഹാരമുണ്ടാകും.നിങ്ങൾ വിചാരിക്കുന്നത് നടപ്പാക്കുംപോഴാണ് ഒന്നും നേരെയാവാത്തത്.

  ReplyDelete
 7. ഇന്നത്തെ ലോക നിലവാരം വെച്ച് നോക്കിയാല്‍ ഏറ്റവും സങ്കുചിത ചിന്താഗതിയുള്ള ഒരു മത വിഭാഗമാണ്‌ സീറോ മലബാര്‍. അതിലെ ഉന്നതര്‍ക്ക് ഒറ്റയടിക്ക് വെളിവുണ്ടാകുകയെന്നതോ, ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌ ഇത് മുഴുവന്‍ ഉഴുതു മറിക്കാം എന്ന ചിന്തക്കോ ഏറെ പ്രസക്തിയില്ല. ഇതിന്‍റെ തിക്കു മുട്ടല്‍ മാര്‍ ആലഞ്ചേരിയും അനുഭവിക്കുന്നു. യേശു വന്നത് നിയമങ്ങള്‍ പൂര്‍ത്തിയാക്കാനാണ്. അതിന്‍റെ അര്‍ത്ഥം നിയമങ്ങള്‍ കൊണ്ട് മനുഷ്യനെ വരിഞ്ഞു മുറുക്കുക എന്നതല്ല; പകരം നിയമങ്ങളില്‍ ഇല്ലാതിരുന്ന ഹൃദയം സ്ഥാപിക്കുക എന്നതാണെന്ന് നാം ചിന്തിക്കുന്നില്ല. മോഷ്ടിക്കരുത് എന്ന് പറയുമ്പോള്‍ അന്യന്റെ വസ്തുക്കളെ ബഹുമാനിക്കണം എന്നാണെന്ന് ഫാ. ബോബി ജോസ് കപ്പൂച്ചിന്‍ അച്ചന്‍ പറയുന്നത് കേട്ടിട്ടുണ്ട്. പത്തു കല്‍പ്പനകളും അതാതു മേഖലകളില്‍ കൊടുക്കേണ്ട ബഹുമാനത്തെപ്പറ്റിയാണെന്നും അദ്ദേഹം പറയുന്നു. നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണെന്നും മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ലെന്നും യേശു തന്നെ എടുത്തു പറഞ്ഞിട്ടില്ലേ? ഇത് മദബഹായില്‍ നിന്ന് നീട്ടി വായിക്കുന്നവരാണ്, കല്യാണ കുറി മാറി മേടിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഒരാളെ ഇയ്യിടെ പറപ്പിച്ചത് (കല്യാണത്തിന്റെ തലേന്ന്). കോതമംഗലത്ത് ഒരു പള്ളിയില്‍ ഒരു കൂട്ടര്‍ കുറി കൊണ്ടുവരാന്‍ മറന്നു; കക്ഷികളെ വികാരിക്ക് മാത്രമല്ല സര്‍വ്വ നാട്ടുകാര്‍ക്കും അറിയാവുന്നവര്‍. ഞങ്ങള്‍ അവിടെ നിന്നു, കുറി വരുന്നിടം വരെ. ഇതൊന്നും ദൈവം മാത്രമല്ല ചെകുത്താന്‍ പോലും പൊറുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ആലഞ്ചേരി വായ്‌ തുറക്കുന്നത് പത്രക്കാരുടെ മുമ്പില്‍ ആവാതിരിക്കട്ടെ. അപമാനം മുഴുവന്‍ സമുദായാംഗങ്ങള്‍ക്കുമാണ്.

  ReplyDelete
 8. Commented by Kerala Church Reformation movement
  --വിശുദ്ധ കുര്‍ബാനയുടെ ഭാഗമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്. അതിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവന്റെ കല്‍പനയ്ക്ക് വിരുദ്ധമാകും എന്നതാണ് ലോകമെങ്ങുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ സഭാ നേതൃത്വവും കൈക്കൊള്ളുന്നത്-കര്‍ദിനാള്‍ പറഞ്ഞു.---

  പറഞ്ഞിരിക്കുന്നത് കിറുക്കായി, പിരാന്തായി, വട്ടായി തുടങ്ങിയ തമാശക്കാർ ആരുമല്ല, വെല്യ പുള്ളി തന്നെയാണ് .

  തിയോളജി പഠിക്കാത്തത് കൊണ്ട് ആകെ സംശയം .പീയോസീ ബൈബിൾ എടുത്തു വായിച്ചു നോക്കി .അതിൽ അങ്ങനെ പറഞ്ഞിട്ടില്ല ,ഏറ്റവും കൃത്യമായ മലയാള വിവർത്തനമായ ഓശാന ബൈബിളും നോക്കി രക്ഷയില്ല .
  ഈ കർദ്ദിനാളിന് ഇതെന്തു പറ്റി ?

  കുറ്റകരമായ മൌനം
  പ്രോഫെസ്സരുടെ കൈവെട്ടിയപ്പൊളോ ,ഭാര്യ ആത്മഹത്യ ചെയ്തപ്പോഴോ ഇങ്ങേർ ഒരു വാക്കു പോലും പറഞ്ഞില്ല .

  ഈയടുത്ത കാലത്ത് പന്നിയിറച്ചി സ്കൂളിൽ വിളമ്പി എന്ന വിവാദം ഉണ്ടായപ്പോഴും ആശാൻ മൌനത്തിലായിരുന്നു .
  സഭയുടെ തലവൻ എന്ന പദവി വഹിക്കുന്നയാൾക്ക് ഇത്തരം സന്ദർഭങ്ങളിൽ ഇരയാക്കപ്പെടുന്ന സ്വന്തം ജനത്തെയും അവരുടെ കുടുംബങ്ങളെയും ആശ്വസിപ്പിക്കേണ്ട ധാർമികമായ ചുമതലയുണ്ട് .

  തൊണ്ണൂറ്റിഒൻപത് ആടിനെയും ഉപേക്ഷിച്ചു നഷ്ടപ്പെട്ട ഒന്നിനെ കണ്ടുപിടിക്കാൻ പോയി എന്ന് എവിടെയോ പറഞ്ഞിട്ടുണ്ടല്ലോ .

  ഇറ്റാലിയൻ നാവികരാൽ മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ടപ്പോൾ താങ്കൾ ഇരകളെ ഉപേക്ഷിച്ചു വേട്ടക്കാരൻമാരുടെ അപ്പസ്തോലനായി .കാര്യങ്ങൾ പുറത്തറിഞ്ഞപ്പോൾ ഉരുണ്ടുകളിച്ചു .

  ഇന്റർനെറ്റ് കാരണം ദൈവവിളി കുറയുന്നു എന്ന് ഒരു മഹത്തായ കണ്ടുപിടുത്തം അങ്ങ് നടത്തിയിരുന്നു .അതിനു തക്കതായ മറുപടികൾ നെറ്റിലൂടെ തന്നെ വിശ്വാസികൾ തരികയും ചെയ്തു .

  ഇപ്പോളിതാ സ്വന്തം വീഞ്ഞുകുടി മുട്ടാതിരിക്കാൻ യേശുദേവന്റെ വാക്കുകളെ വളച്ചൊടിക്കുന്നു .

  ഇങ്ങനെ നുണ പറഞ്ഞു ദുർമാതൃക നൽകുന്നവരോട് എന്ത് ചെയ്യാനാണ് യേശു ദേവൻ പറഞ്ഞിരിക്കുന്നത് എന്ന് അങ്ങേയ്ക്ക് അറിയാമായിരിക്കുമല്ലോ

  " തിരികല്ല് കെട്ടി കടലിൽ ചാടാൻ "

  തീർന്നില്ല വചനങ്ങളിൽ ആരെങ്കിലും കൂട്ടി ചേർക്കലുകൾ നടത്തിയാൽ മഹാമാരികൾ അവന്റെ മേൽ അയയ്ക്കും എന്നും വെളിപാടിന്റെ അവസാനം പറയുന്നുണ്ട് .

  പണവും പദവിയുമുള്ളവർ, സിനിമാക്കാർ ,രാഷ്ട്രീയക്കാർ എന്നിവരൊക്കെ ഒരു കുടംബ യോഗത്തിന് ക്ഷണിച്ചാൽ പോലും താങ്ങൾ പോകാറുണ്ട് . ലുട്ടാപ്പി കുന്തവും പിടിച്ചു നിൽക്കുന്ന പോലുള്ള ആ നിൽപ്പ് കാണാനും നല്ലശേലാണ് .

  പക്ഷെ ദയവു ചെയ്തു വായ തുറക്കരുത് പ്ളീസ് ..............

  https://www.facebook.com/KCRMove?ref=tn_tnmn

  ReplyDelete
 9. Commented by
  Kerala Catholic Reformation
  4. September
  വീഞ്ഞ് വിറ്റ് പണമുണ്ടാക്കാനും അതിനായി ഡിസ്റ്റലറി ലൈസന്‍സുകള്‍ നിലനിര്‍ത്തേണ്ട സാഹചര്യവും കത്തോലിക്കാ സഭയ്ക്കില്ല. എന്നാല്‍ വീഞ്ഞ് പുറത്ത് പണത്തിനല്ലാതെ നല്കുന്ന കാര്യം കര്‍ദ്ദിനാള്‍ നിഷേധിക്കരുത്. കാരണം നിഷേധിച്ചാല്‍ കര്‍ത്താവ് പൊറുക്കില്ല ആ നുണ. ക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തമായി കണക്കാക്കപ്പെടുന്ന കുര്‍ബാന വീഞ്ഞ് എസ്.പിമാരും, പല എം.എല്‍.എമാരും, ഡി.വൈ.സ്.പിമാരും കുപ്പിക്കണക്കിനു ഊറ്റി കുടിക്കാറുള്ള കാര്യം ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്. അരമനയുമായും, പള്ളികളുമായും ചങ്ങാത്തമുള്ള വി.ഐ.പികള്‍ക്ക് കുര്‍ബാന വീഞ്ഞ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വിശിഷ്ട വ്യക്തികളെ സൗഹൃദത്തിലാക്കാനും അരമനയില്‍നിന്നും, പള്ളികളില്‍ നിന്നും വീഞ്ഞു കുപ്പികള്‍ പുറത്തേക്ക് പോകാറുണ്ട്. ഇത്തരത്തില്‍ എന്റെ അറിവില്‍ തലശേരി രൂപതയില്‍ നിന്നും ഹിന്ദുക്കളായ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഉള്‍പ്പെടെ വീഞ്ഞു ലഭിച്ചതിന്റെ വിശദാശങ്ങള്‍ നല്കാന്‍ കര്‍ദിനാളിനു താല്പര്യമുണ്ടേല്‍ ഞാന്‍ കൈമാറാം. ദൈവത്തിന്റെ മുമ്പില്‍ സത്യമുള്ള വരികലാണ്‌ ഈ കുറിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ദയവായി മനസിലാക്കണം. സത്യമാണിതൊക്കെ, അങ്ങിനെയാണ്‌ കാര്യങ്ങള്‍.

  അഡ്വ.വിന്‍സ് മാത്യു

  ReplyDelete