Translate

Tuesday, September 2, 2014

ഒരു തുള്ളി വീഞ്ഞ് !

നോക്കണേ പുകില്; കേരളത്തില്‍ അബ്കാരി ലൈസന്‍സ് ഉള്ളവരുടെ ഒരു യോഗം ചേര്‍ന്നാല്‍ കേരള കത്തോലിക്കാ സഭയിലെ പത്തിരുപത് രൂപതയില്‍ നിന്നുള്ള ആളുകളും അതില്‍ ഉണ്ടാവും എന്ന് വന്നാലത്തെ സ്ഥിതി ഒന്നോര്‍ത്തു നോക്കിക്കേ. അതില്‍ ഒന്ന് കന്യാസ്ത്രിയായിരിക്കുമെന്നും വാര്‍ത്തകള്‍ കേട്ടു. ഇനി ആ സംഘടനയുടെ പ്രസിഡണ്ട് ആയി ഒരു മെത്രാന്‍ വന്നാല്‍ ഒരത്ഭുതവും ഇല്ലത്രെ! ഒരു രൂപത അനുവദിക്കണമെങ്കില്‍ ആദ്യം സര്‍ക്കാര്‍ അബ്കാരി ലൈസന്‍സ് എടുക്കണം എന്നിടം വരെ എത്തി പാവം മാര്‍ത്തോമ്മായുടെ മക്കള്‍. ഏതായാലും ലോകാവസാനം കണക്കു കൂട്ടിയിരിക്കുന്ന മെത്രാന്മാര്‍ നമുക്കുണ്ടെന്നുള്ളത് സന്തോഷകരം, അക്കാര്യം ഓര്‍ത്തോണ്ട് അവര്‍ ജീവിച്ചാല്‍ മതിയായിരുന്നു. ലോകാവസാനം വരെ കുടിയന്മാരും ഉണ്ടാവും എന്നുറപ്പുള്ളതുപോലെയാണ് കാനോന്‍ നിയമത്തിന്‍റെ നില്‍പ്പ്. കുടിയന്മാര്‍ ഉണ്ടെങ്കിലല്ലേ പാപികളും ഉണ്ടാവൂ. പാപികളില്ലെങ്കില്‍ പള്ളിയും കാണില്ലല്ലോ. കാനോന്‍ ഉണ്ടാക്കിയത് മെത്രാന്മാര്‍ക്ക് വേണ്ടിയാണോ വിശ്വാസികള്‍ക്ക് വേണ്ടിയാണോ എന്നേ ഇനി അറിയേണ്ടതുള്ളൂ.
സാധനം നല്ലതാണോന്നറിയാന്‍ കത്തിച്ചു നോക്കുന്ന ഒരു സമ്പ്രദായം കുടിയന്മാര്‍ക്കിടയിലുണ്ട്. വീഞ്ഞു മാത്രമേ അവര്‍ കത്തിച്ചു നോക്കാത്തതായിട്ടുള്ളൂ എന്നാണെന്‍റെ അറിവ്. വീഞ്ഞും കത്തുമെന്നുറപ്പായി; കത്തിയില്ലെങ്കില്‍ കത്തിക്കും എന്നാണ് വെള്ളാപ്പള്ളിയുടെ വാശി. കര്‍ദ്ദിനാള്‍ ആലഞ്ചേരി എത്ര നിഷ്കളങ്കമായാണ് കത്തുന്ന വീഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്ന് നോക്കൂ. ഈ വിവാദം അനാവശ്യമാണ് എന്നാണ് അങ്ങേരുടെ അഭിപ്രായം. അതായത് ഇനി പള്ളിസംബന്ധമായ  എന്തെങ്കിലും പറയുന്നതിന് മുമ്പ് അങ്ങേരോട് ചോദിച്ച് അഭിപ്രായം അറിഞ്ഞിരിക്കണം എന്നര്‍ത്ഥം. അനാവശ്യ വിവാദം ഉണ്ടാക്കാതെ കാര്യങ്ങള്‍ ഓടിക്കുക എന്നതാണല്ലോ സഭയുടെ നയം. കഴിയുന്നതും അല്മായര്‍ അറിയാതെ റോമിലെ പ്രോക്കൂരാ ഹൌസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിന്‍റെ കാരണം ഇത് തന്നെ. നിശ്ശബ്ദതയുടെ ശക്തി കര്‍ദ്ടിനാളിനു നന്നായി അറിയാം. പണ്ട് ഇറ്റാലിയന്‍ നാവികരുടെ കേസ് ഉണ്ടായപ്പോള്‍ അങ്ങേരെ രക്ഷിച്ചത്‌ ഈ നിശ്ശബ്ദത ആണെന്നോര്‍ക്കണം. കെ.എസ്.യു ക്കാര്‍ കൂട്ടത്തില്‍ പെട്ട ഒരു മെത്രാനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും, തരവഴിത്തരമാണ് ക്ലിമസ് കര്‍ദ്ദിനാള്‍ കാണിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടും, അത്മായര്‍ ചുറ്റും നിന്ന് കിള്ളിയിട്ടും മെത്രാന്മാര്‍ മിണ്ടാത്തതിന്‍റെ രഹസ്യം ഇനി ആര്‍ക്കെങ്കിലും മനസ്സിലാകാനുണ്ടോ? വെള്ളാപ്പള്ളിക്ക് മാത്രമല്ല, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്ന അത്മായര്‍ക്കും ഇത് ബാധകമാണ്. മേലാല്‍ അവര്‍, ശവമടക്ക് മുടക്കുകള്‍, കുറി വിവാദങ്ങള്‍ മുതലായ അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. കര്‍ദ്ദിനാള്‍ ഈ വിവാദത്തെ അനാവശ്യം എന്ന് പറയുന്നതിന് മുമ്പ് പല തമാശകളും ഉത്തരവാദിത്വപ്പെട്ടവര്‍ പറഞ്ഞു നോക്കിയതാണ്. വീഞ്ഞില്ലാതെ കുര്‍ബാന പറ്റില്ലായെന്നു സഭയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു തീരുന്നതിനു മുമ്പേ ഗള്‍ഫില്‍ വീഞ്ഞില്ലാതെ കുര്‍ബാന നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തു വന്നു. വേറൊരാള്‍ പറഞ്ഞു, ഇതിനെ വീഞ്ഞ് എന്ന് വിളിക്കുമെങ്കിലും ഇതിനു ലഹരി ഇല്ലായെന്ന്; ഇതിനു ബിയറിനെക്കാള്‍ വീര്യം ഉണ്ടെന്ന് പലരും വിളിച്ചു പറഞ്ഞപ്പോള്‍ വീണ്ടും പ്ലേറ്റ് മാറ്റി. തുടര്‍ന്ന്, ഒരു കൊച്ചു തുള്ളിയെ ഉപയോഗിക്കാറുള്ളൂ എന്നായി മറ്റൊരു സഭാസ്നേഹി. വീഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ കര്‍ത്താവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമാകും എന്നാണ് ആലഞ്ചേരി പിതാവിന്‍റെ കണ്ടുപിടുത്തം. ഈ കല്‍പ്പന ഏതു സുവിശേഷത്തില്‍ ആണെന്ന് ചോദിക്കരുത് (പിതാവ് പറഞ്ഞതിങ്ങനെയല്ല, പത്രത്തില്‍ വന്നപ്പോള്‍ ഇങ്ങിനെയായിപ്പോയതാണ് എന്നാണ് എനിക്ക് തോന്നുന്നത്). നിയമ വിരുദ്ധമായി ഈ സാധനം വില്‍ക്കുന്നുണ്ടെന്നായി വെള്ളാപ്പള്ളി. ഇത് കപ്യാരന്മാര്‍ക്ക് മാത്രമേ അറിയൂവെന്നാണ് മെത്രാന്മാര്‍ കരുതിയിരുന്നതെന്ന് തോന്നുന്നു. വെള്ളാപ്പള്ളിയെ പാലായിലെ സമ്പൂര്‍ണ്ണ സിനഡില്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ച കാര്യം തൃശ്ശൂര്‍ കത്തോലിക്കാ സഭ ഒഴികെ എല്ലാവരും ഓര്‍മ്മിക്കുന്നുണ്ടായിരുന്നിരിക്കണം.
ആലഞ്ചേരി പിതാവ് പറയുന്നത്, നിരോധിക്കണം നിരോധിക്കണം എന്ന് കേട്ടപ്പോഴേ നിരോധിക്കേണ്ടതുണ്ടായിരുന്നോ എന്നാണ്. മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ പുരോഗതി ശരവേഗത്തിലാണെന്ന് ആരെങ്കിലും പറഞ്ഞെന്ന് വെച്ച് ധൃതിപിടിച്ച് കേരളത്തില്‍ മദ്യം നിരോധിക്കണം എന്ന് തീരുമാനിക്കണമായിരുന്നോ എന്നാണ് എന്‍റെയും ചോദ്യം. ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ വെറും 0.5% മാത്രമേ ഉള്ളൂവെന്ന് ആരും ഓര്‍ത്തില്ല. പിതാക്കന്മാര്‍ പറയുന്ന കാര്യങ്ങള്‍ക്ക് വേറെ അര്‍ത്ഥം കാണും എന്ന് മനസ്സിലാക്കാനുള്ള ശേഷി മന്ത്രിമാര്‍ക്ക് ഇല്ലാതെ പോയി. പൂട്ടണം എന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് അപേക്ഷിച്ച്  ഏതെങ്കിലും ബാറുടമയോ മന്ത്രിയോ വരുമെന്ന് കരുതി മദ്യനിരോധനം നിരോധനം എന്നുരുവിട്ടുകൊണ്ടിരുന്ന സദാചാര വിരുതന്മാര്‍ പലരുണ്ടായിരുന്നു കേരളത്തില്‍. അവരെയെല്ലാം പിന്നില്‍ നിന്ന് കുത്തുകയല്ലേ ഉമ്മന്‍ ചാണ്ടി ചെയ്തത്. ധനവരവില്‍ ഉണ്ടാകുന്ന 1600 കോടിയുടെ കുറവ് കുഞ്ഞുമാണി എങ്ങിനെ പരിഹരിക്കും എന്നോര്‍ത്തപ്പോള്‍ കര്‍ദ്ദിനാളിന്‍റെ കണ്ണു നനഞ്ഞു കാണും. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയതിന്‍റെ ശിക്ഷയെന്നു കൂട്ടിയാല്‍ മതി മാണിയെ ഉമ്മന്‍ ചാണ്ടി ഇങ്ങിനെ ശിക്ഷിച്ചത്.  
ഇടുക്കിക്കാര്‍ക്ക് കാര്യങ്ങള്‍ പതിയെ മനസ്സിലായി വരുന്നുണ്ട്. എന്തിനെതിരെയാണോ ഹൈറെഞ്ച് സംരക്ഷണ സമിതി ജാലിയന്‍വാലാബാഗിലേതുപോലെ ആളെ വിളിച്ചു കൂട്ടി ബഹളം ഉണ്ടാക്കിയത്, ആ സാധനം വരാന്‍ പോകുന്നുവെന്ന് ഉറപ്പായിട്ടും ഈ സമിതി ഇപ്പോള്‍ മിണ്ടുന്നില്ല. കഴിഞ്ഞ നവംബര്‍ 13ലെ ഓഫിസ് മെമ്മോറാണ്ടം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നു ബോധ്യമായിട്ടും നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ സത്യവാങ്ങ്മൂലം ഇവര്‍ക്ക് എതിരായിട്ടും എന്തെ രൂപത മിണ്ടാത്തത്? മെത്രാന്മാര്‍ അത്രക്കങ്ങു കളിക്കേണ്ടായെന്ന്‍ ഡല്‍ഹി ഭാഗത്തുനിന്നാരോ പറഞ്ഞപോലെ ഒരു ശബ്ദം ഞാന്‍ കേട്ടിരുന്നു. ഇനി ആരെങ്കിലും ആര്‍ക്കിട്ടെങ്കിലും പേപ്പട്ടി കടിച്ചവനിട്ടു കൊടുക്കുന്നതുപോലെ പുക്കിളിനു ചുറ്റും സൂചി വെച്ചോ ആവോ? 
കമ്യുണിസ്റ്റുകാരുടെ സ്വപ്നം കമ്മ്യുണിസം ഇല്ലാതാവുന്ന ഒരു പ്രഭാതമാണെന്ന് തോന്നില്ലേ അവരുടെ ചില നിലപാടുകള്‍ പരിശോധിച്ചാല്‍. അതുപോലെയാണ് സഭയുടെ കാര്യവും. ഒരിക്കല്‍ ഒരു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചു, “ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എനിക്ക് വേണ്ടി ഒരു താജ് മഹല്‍ പണിയുമോ?” ഭര്‍ത്താവ് പറഞ്ഞു, “ഞാന്‍ സ്ഥലം വാങ്ങിച്ചിട്ടിരിക്കുന്നു, താമസം നിന്‍റെ ഭാഗത്തുനിന്നാണ്.” എന്ന് പറഞ്ഞതുപോലെയാണ് ഇപ്പൊ കാര്യങ്ങള്‍; മെത്രാന്മാര്‍ റെഡി. വിശ്വാസി ആകെ വിരണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്ക് പറയുന്നത് 6 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കാമെന്ന്; വിശ്വാസി കേള്‍ക്കുന്നത് പിരിവ് ആറു ശതമാനം കൂടി കൂടുമെന്നും. എന്താ ചെയ്ക? മെത്രാന്മാരുടെ രാഷ്ട്രിയ വ്യാമോഹങ്ങള്‍ക്കും മുകളിലും അല്‍പ്പ സ്വല്‍പ്പം ഇരുളിമ കാണുന്നുണ്ട്. ക്ലീമസ് തിരുമേനി മോഡിയെ കാണാന്‍ പോയത് ഉചിതമായില്ല എന്നാണ് പിണറായി വിജയന്‍റെ അഭിപ്രായം. വെറുതെ പോയി കണ്ടു എന്നാണ് ക്ലിമസ് മെത്രാപ്പോലിത്താ പറഞ്ഞതെങ്കിലും, അപേക്ഷ അയച്ച് ആവശ്യവും ബോദ്ധ്യപ്പെടുത്തി മോഡി വിളിക്കുന്ന നിമിഷം അവിടെ എത്തേണ്ടി വരികയാണ് സംഭവിച്ചതെന്ന് പിണറായിക്ക് അറിയാം. മോഡിക്ക് മുസ്ലിം എന്നോ ക്രിസ്ത്യാനി എന്നോ വലിയ വേര്‍തിരിവ് കാണാന്‍ ഇടയില്ല. എല്ലാ ന്യൂനപക്ഷങ്ങളിലും വെച്ചു ഞങ്ങളാണ് മികച്ചവര്‍ എന്ന് ബോദ്ധ്യപ്പെടുത്താന്‍ കര്‍ദ്ദിനാളന്മാര്‍ എത്ര ശ്രമിച്ചാലും അത് വിജയിക്കണമെന്നുമില്ല. ക്ലിമസ് കര്‍ദ്ദിനാള്‍ കരുതിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രസ്താവന വായിച്ച് മോഡി ആകെ സന്തോഷവാനായിരിക്കുകയാണ് എന്നായിരിക്കും. ഇന്ത്യാ ഹിന്ദു രാജ്യമാണെന്നുള്ള മോഹന്‍ ഭഗവതിന്‍റെ പ്രഖ്യാപനവും സ്വാമി ആദിത്യനാഥ് എം. പി യുടെ പാര്‍ലമെണ്ടിലെ പ്രസംഗവും ഒന്നും അദ്ദേഹം കേട്ട് കാണാന്‍ ഇടയില്ല. 
ഏതായാലും വഴിയരുകില്‍ സ്ഥാപിക്കാന്‍ പോകുന്ന ബോര്‍ഡുകളില്‍ മെത്രാന്മാരുടെ പടങ്ങള്‍ ഇനി വേണ്ടാ എന്നാണ് മെത്രാന്മാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ക്രൈം മാസിക മുഖ ചിത്രമായി ഒരിക്കല്‍ ഒരു ബിഷപ്പിന്‍റെ പടം ഇട്ടിരുന്നു. ക്രൈംമാസികയുടെ വില്‍പ്പന ആ മാസം കുത്തനെ ഇടിഞ്ഞിരുന്നുവെന്നാണ് പിന്നീട് കേട്ടത്. ഇനി മെത്രാന്‍റെ മുഖം കാണാന്‍ ഇത്തരം മാസികകളെ ആശ്രയിക്കേണ്ടി വരുമോ ആവോ? മെത്രാന്മാര്‍ക്ക് നാണം എന്നൊന്നില്ലല്ലോ. ഉണ്ടായിരുന്നെങ്കില്‍ കുറവിലങ്ങാട്ടെ വി.കെ കുര്യന്‍റെ മൃതദേഹം മാന്യമായി സംസ്കരിക്കാന്‍ വിസമ്മതിച്ച സഭക്ക് കോടതി നല്‍കിയ ശിക്ഷ മാത്രം മതിയായിരുന്നല്ലോ നല്ല പാഠം പഠിക്കാന്‍. ഇതുപോലൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് പൊതു സ്മശാനത്തില്‍ നിന്ന് മാന്തിയെടുത്ത മൃതദേഹം ഒപ്പിസ് ചൊല്ലി സംസ്കരിക്കുകയും അന്‍പതിനായിരം രൂപാ നഷ്ട പരിഹാരം കൊടുക്കുകയും ചെയ്ത കഥ എറണാകുളത്ത് നിന്നുള്ള ഒരച്ചന്‍ പറയും. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം എടുത്തു സംസ്കരിക്കേണ്ടി വന്ന ഒരു സംഭവം വിജയപുരം രൂപതയിലുമുണ്ട്. അതും ഈ 2011 ല്‍. പിന്നെയും മൃതദേഹങ്ങള്‍ വെച്ച് വില പറയുന്ന സംഭവങ്ങള്‍ കേരളത്തില്‍ നിന്ന് കേള്‍ക്കുന്നു. ക്രൈം മാസിക പോലുള്ളവയും ഇനി മെത്രാന്മാരുടെ പടങ്ങള്‍ ഇടില്ലായെന്നു തീരുമാനിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ? 

No comments:

Post a Comment