Translate

Monday, September 8, 2014

പ്രെയിസ് ദ ലോര്ഡ്!

ബാറുകളെല്ലാം നിര്‍ത്തുന്നു; സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന കുടിയന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും നന്ദി അറിയിച്ചുകൊണ്ടും പോസ്ടറുകള്‍ കേരളത്തില്‍ കാണാം എന്ന് പത്രങ്ങളില്‍ കണ്ടു. സമാനമായ രീതിയില്‍ കത്തോലിക്കാ സഭയുടെ മേലാളന്മാര്‍ക്ക് സുഭിക്ഷമായ തീറ്റ എന്നും തരപ്പെടുത്തിക്കൊണ്ടിരിക്കുന്ന അത്മായര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്ടറുകള്‍ പള്ളികളുടെ മുമ്പിലും ഇനി പ്രത്യക്ഷപ്പെട്ടേക്കാം. കത്തോലിക്കാ സഭയില്‍ ആകെ പുകയാണ്; എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരു രൂപരേഖ ആര്‍ക്കും തന്നെ ഇല്ല. കുര്‍ബാനയ്ക്ക് വീഞ്ഞു വേണമെന്നില്ലായെന്നു ഒരു ചെറിയ റീത്തിന്‍റെ വലിയ മുതലാളി പറഞ്ഞു. ഒരു ഷെവലിയര്‍ എഴുതി, “വിരലിലെണ്ണാന്‍ പോലും വിശ്വാസികള്‍ കൂടെയില്ലാത്ത ഈ ശ്രേഷ്ടന് ഇങ്ങിനെ വിവരക്കേട് എഴുതാമോ? കഷ്ടം കഷ്ടം കഷ്ടം!” വേറൊരു ഷെവലിയര്‍ മോഡിക്ക് സ്തുതിപാടി നിര്‍ത്തിയതെയുള്ളൂ.

കേരളത്തിലെ ഒരു പള്ളിയില്‍ ഹിന്ദു വേഷത്തില്‍ വന്ന് കുര്‍ബാന ചൊല്ലി ഹന്നാന്‍ വെള്ളത്തിന് പകരം ചന്ദനം തളിച്ച് ഓണം ആഘോഷിച്ച വാഴക്കാലാ (എറണാകുളം) പള്ളിയിലെ കത്തോലിക്കാ പുരോഹിതന്‍ ഈ ഷെവലിയര്‍മാരുടെ വായില്‍ നിന്ന് വചനം കേട്ടെ അടങ്ങൂ എന്ന് തോന്നുന്നു. ആരാധനാ ക്രമം അവിടെ ഓണക്രമം ആയിപ്പോയി. അവിടെ കിട്ടിയ കാഴ്ചക്കുലകള്‍ പുണ്യവാന്മാര്‍ക്ക് കിട്ടിക്കാണുമോ ആവോ? മിശിഹാ കര്‍ത്താവിനെ മാവേലിയുടെ വേഷത്തില്‍ താമസിയാതെ കാണാം എന്ന് കരുതുന്നു. അടുത്ത ഓണത്തിന് കുര്‍ബ്ബാനക്ക് പകരം കടുവാകളിയും ഓണത്തല്ലും പള്ളികളില്‍ തുടങ്ങുമായിരിക്കും. ഇപ്രാവശ്യം അത് കുരീപ്പുഴയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണ്ടൊക്കെ വികാരിമാര്‍ സത്യപ്രതിജ്ഞ പള്ളിക്കുക്ള്ളില്‍ ചൊല്ലുമായിരുന്നു, ഇപ്പോളിപ്പോള്‍ പള്ളിക്ക് പുറത്തായി അതും. കുരീപ്പുഴ തമാശകള്‍ തുടരുന്നു. വിഷുവിന് പാട്ടു കുര്‍ബ്ബാന ചെല്ലുന്നത് എല്ലാ പള്ളികളിലും ആയി വരുന്നു. പിന്നാലെ ശിവരാത്രി, മകരവിളക്ക്‌ തുടങ്ങിയ വിശേഷ ദിവസങ്ങളിലും ഈ ഇളക്കം പള്ളികളില്‍ പ്രതീക്ഷിക്കാം.

മെത്രാന്മാര്‍ മുഴുവന്‍ തിരക്കിലാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറയുന്നത് കേള്‍ക്കാന്‍ ആലഞ്ചേരി മാത്രമേയുള്ളൂ എന്നൊരു ദുഃഖം എനിക്കുണ്ട്, അത് വല്യ മെത്രാപ്പൊലീത്തക്കും ഉണ്ട്. മാര്‍പ്പാപ്പാ പറയുന്നത്, ആരെയെങ്കിലും ഒരാള്‍ യുവര്‍ എക്സെലെന്‍സി എന്ന് വിളിച്ചാല്‍ വിളിക്കുന്നവന്‍റെ കൈയ്യില്‍ നിന്ന് 20 യൂറോ പിഴ ഇടാക്കണമെന്നാണ്. ആ നിയമം ഇവിടെ കൊണ്ടുവന്നാല്‍ ആദ്യമായി സഹകാരികളുടെ തല്ലു കൊള്ളുന്ന കര്‍ദ്ദിനാള്‍ എന്ന ബഹുമതി ആലഞ്ചേരിക്ക് കിട്ടും. മെത്രാനെ തെറി പറയുന്ന അത്മായര്‍ 100 രൂപാ വെച്ച് പിഴയടക്കണം എന്നൊരു നിയമം ഇവിടെ കൊണ്ടുവന്നാല്‍ പിന്നെ ദശാംശം പിരിക്കേണ്ടി വരില്ല. അതാണ്‌ ഇവിടുത്തെ സ്ഥിതി. പാലാ മെത്രാന്‍ മീനച്ചിലാര്‍ വൃത്തിയാക്കുന്ന തിരക്കിലാണ്, ചങ്ങനാശ്ശേരി മെത്രാന്‍ ബാറ് നിര്‍ത്തിയതിനു ഉമ്മന്‍ ചാണ്ടിക്ക് നന്ദി പറയുന്ന തിരക്കിലാണ്. പശ്ചിമ ഘട്ടം മെത്രാന്‍ ഇപ്പോഴത്തെ പട്ടയ പ്രശ്നം കൂടി കഴിഞ്ഞാല്‍ എന്ത് പിടിക്കും എന്നന്വേഷിക്കുന്നു. ഇതിന്‍റെയിടക്കുള്ള സുവിശേഷവും രാഷ്ട്രിയവും പരസ്പര ധാരണയും സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്നതേയുള്ളൂ. അറക്കല്‍ മെത്രാനാണ് ഏറ്റവും തിരക്കെന്ന് തോന്നുന്നു. സഭയെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു മെത്രാന്‍ ഉണ്ടാവില്ല. ആദ്യം ദീപിക ശരിയാക്കി, സഭയുടെ സാമ്പത്തിക നില ശരിയാക്കാന്‍ ബാങ്ക് തുടങ്ങി, അതും ശരിയായി. പമ്പക്കടുത്ത് നിലക്കല്‍ ഒരു പള്ളി പണിയുന്ന കാര്യം, അതും ശരിയാക്കി, ഇപ്പോള്‍ ശരണം വിളികളുമായി നിലക്കല്‍ പോകുന്നത് ഒരു പുണ്യ പ്രവൃത്തിയുമാക്കി. കൂവപ്പള്ളിയിലെ ധ്യാന കേന്ദ്രം വിപുലീകരിച്ച് എരുമേലിക്ക് വരെയാക്കി. അങ്ങിനെ എന്തെല്ലാം. രൂപതയ്ക്ക് സ്വന്തമായി ഒരു ഷെവലിയര്‍ ഉള്ള ചുരുക്കം ചില രൂപതകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളി എന്നോര്‍ക്കണം. അറക്കല്‍ പിതാവിന് എക്കാലവും അത്മായരുടെ മേല്‍ ഒരു നോട്ടം ഉണ്ടായിരുന്നു. അപ്പേരില്‍ നിരവധി രാജ്യങ്ങളില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും വിപ്ലവകരമായ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. ജര്‍മ്മന്‍ കാര് മാത്രമേ ‘ഇനി ഇവിടെ കേറിയാല്‍ പഴത്തൊലി’ എന്ന് പറഞ്ഞിട്ടുള്ളൂവെന്നോര്‍ക്കണം. ഏറണാകുളത്തിന്‍റെ മണമുള്ള AKCC പോലുള്ള സംഘടനകളുടെ അപര്യാപ്തത മുന്നേ കണ്ടത് കൊണ്ടാവണം അദ്ദേഹം ഒരു ദേശീയ അത്മായാ സംഘടനക്ക് പിന്തുണ കൊടുത്തത്. യുവാക്കളുടെ സിദ്ധി വൈഭവം അറിഞ്ഞപ്പോള്‍ അവരെയും നേര്‍ വഴി കൊണ്ടുവരാന്‍ പദ്ധതിയിട്ടത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ SMYM (Syro Malabar Youth Movement). KCYM (Kerala Catholic Youth Movement), CYMA (Catholic Young Mens Association) ഇതൊന്നും കാര്യത്തിന് കൊള്ളില്ലെന്ന് പറയുന്നില്ലന്നെയുള്ളൂ. സംഘടനയുടെ ബലം അദ്ദേഹത്തിന് അറിയാം. SMYM സീറോമലബാറും KCYM കത്തോലിക്കായും ആണെന്നും സൂക്ഷിച്ചു നോക്കിയാല്‍ കാണാം. കത്തോലിക്കനെ അവിടെ നിന്ന് പറിക്കുകയെന്നത് അദ്ദേഹത്തിന്‍റെ എക്കാലത്തെയും വലിയ ആഗ്രഹമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. സംഘടനകളില്‍ അധികം ഒന്നും ആള്‍ക്കാര്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. അദ്ദേഹം ചെയര്‍മാനായ ഒരു അല്‍മായ കൂട്ടുകെട്ടില്‍ ഒരൊറ്റ അല്മായനേ എന്‍റെ അറിവില്‍ ഉള്ളൂ. അതാകട്ടെ ഒന്നര അത്മായനെന്നേ പറയാനൊക്കൂ. കേന്ദ്രമന്ത്രി ജയറാമിനോട് ക്ഷമപറഞ്ഞു തടിയൂരിയ അദ്ദേഹം സ്വന്തം പ്രസിദ്ധീകരണത്തിലൂടെ ഗര്ജ്ജിക്കുന്നത് കണ്ടാല്‍ ആരും അതിശയിച്ചു പോകും.

വിവാദങ്ങള്‍ എങ്ങിനെയാണ് ഒതുക്കേണ്ടതെന്ന് വല്യ പിതാവ് കാണിച്ചു തന്നത് എല്ലാവരും കണ്ടുപഠിക്കുക. വീഞ്ഞ് എന്ന് കേട്ടാല്‍ ഒരു മറുപടിയും ഇനി സഭയുടെ പക്ഷത്ത് നിന്നുണ്ടാവില്ല. ഈ നിശ്ശബ്ദത നേരത്തെയും ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ഒരാശ്രമത്തില്‍ ചെന്നു; അപ്പത്തിനു പകരം കുര്‍ബ്ബാനക്ക് ഉപയോഗിച്ചത് മോഡേണ്‍ ബ്രെഡ്‌! വേറൊരിക്കല്‍ ഒരു ഭാരതീയ കുര്‍ബ്ബാന കണ്ടു. അതില്‍ ആരതിയും സൂര്യനമസ്കാരവും ഉണ്ടായിരുന്നു. ട്രെയിനില്‍ കുര്‍ബ്ബാന ചൊല്ലുന്ന ഒരച്ചനെയും നേരിട്ടറിയാം. അദ്ദേഹം പാലിച്ചത് ട്രെയിന്‍ ക്രമം ആയിരുന്നു. ഇതൊക്കെ കണ്ടും കേട്ടും എത്രകാലമായി മെത്രാന്മാര്‍ മിണ്ടാതിരിക്കുന്നുവെന്നു മറക്കരുത്. അവരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത് എന്നേ എനിക്കും പറയാനുള്ളൂ. തന്‍റെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കര്‍ത്താവും പറയുന്നുണ്ടല്ലോ.

കുറേക്കാലം മുമ്പ് ഒരു കൊച്ചച്ചന്‍ യേശു അന്ധന് കാഴ്ച കൊടുത്തതിനെപ്പറ്റി പ്രസംഗിക്കുന്നത് കേട്ടു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ യേശു ദൈവമാണെന്നും, ദൈവത്തിന്‍റെ പുത്രനാണെന്നും ഈ അന്ധന്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് യേശു അവന് കാഴ്ച കൊടുത്തതത്രേ. കത്തോലിക്കാസഭക്ക് പോലും ഇക്കാര്യം മനസ്സിലാക്കാന്‍ യേശുവിന് ശേഷം ഒന്നു രണ്ടു നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വന്നു. അതുകൊണ്ടായിരിക്കണം ഇപ്പോഴും അന്ധതയില്‍ കഴിയാന്‍ നാം വിധിക്കപ്പെട്ടത്. ഇതൊക്കെ സംഭവിക്കും എന്ന് മുന്നെ കണ്ടത്കൊണ്ടായിരിക്കാം ഷേക്സ്പിയര്‍ പറഞ്ഞത്, പിശാചുക്കള്‍ പോലും ബൈബിള്‍ ഉദ്ധരിക്കും എന്ന്. ഗുരുദാസ് അച്ചന്‍ പറഞ്ഞത് ‘ലങ്കയില്‍ നാല്‍പ്പത് പുലികള്‍ കൊല്ലപ്പെട്ടു’ എന്ന് പത്തു വര്ഷം മുമ്പു വന്ന വാര്‍ത്ത ഒരച്ചന്‍ അമ്പത് കൊല്ലം കഴിഞ്ഞു പറയുമ്പോള്‍ ലങ്ക മുഴുവന്‍ കടുവാകളും പുലികളുമുള്ള ഒരു വന്‍ കാടായിരുന്നു എന്ന് പറഞ്ഞു കൂടായ്കയില്ലായെന്ന്.
  
അങ്ങിനെ സീറോ മലബാര്‍ ഒരു പരുവമായി എന്ന് പറയാം. മാര്‍പ്പാപ്പാക്ക് തന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്നൊരു വിചാരമുണ്ട്. ആ വിചാരമുള്ള മെത്രാന്മാര്‍ നമുക്ക് കുറവാണ് എന്ന ഒരു പോരായ്മയെ ഉള്ളൂ. ഭാവിയില്‍ വിശുദ്ധരുടെ ഗണത്തില്‍ പെടുത്താന്‍ കൊള്ളാവുന്ന ഒരു മെത്രാനായി പവ്വത്തിലിനെ അല്ലാതെ ആര്‍ക്കും കാണിക്കാനില്ല. അദ്ദേഹത്തിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ നോട്ടമിട്ടിരിക്കുന്ന പലരും ഇവിടുണ്ടെന്ന് എനിക്കറിയാം. ചില മെത്രാന്മാരാവട്ടെ എവിടെയായിരിക്കും എന്ന് കൃത്യമായി അറിയാവുന്ന സിദ്ധന്മാര്‍ ഇവിടുണ്ട്; പക്ഷെ ആരോട് പറയും എന്നേ അവര്‍ക്കറിയാത്തതായുള്ളൂ. ചിന്തിക്കുന്ന യുവാക്കന്മാരാകട്ടെ ഇവിടെ വേദപാഠം ഓപ്പണ്‍ യൂണിവാഴ്സിറ്റി തുടങ്ങുന്നതും കാത്തിരിക്കുകയല്ലേ? അവിടെ ഡിഗ്രിയും പോസ്റ്റ്‌ ഗ്രാജ്വേഷനും കഴിഞ്ഞാല്‍ രൂപതാകോളേജില്‍ സ്ഥിരം ജോലി ശരിയാവും എന്ന് കരുതിയിരിക്കുന്ന അവരെപ്പറ്റി എന്ത് പറയാന്‍? മുട്ടനാടിന്‍റെ പിന്നാലെ നടന്ന കുറുക്കന്‍റെ കഥ കേട്ടിട്ടില്ലേ? ഇത്തരം സുപ്രധാന വിവരങ്ങള്‍ വിക്കി പീടികയിലും റോമ്മാ പീടികയിലും ഇപ്പോള്‍ കിട്ടില്ലെങ്കിലും താമസിയാതെ അവരും അതൊക്കെ വിതരണം ചെയ്തു തുടങ്ങാന്‍ സാധ്യതയുണ്ട്.     


2 comments:

  1. കൃഷി പ്രോത്സാഹിപ്പിക്കണം, മീനച്ചിലാർ ശുദ്ധിയാക്കണം എന്നൊക്കെ ജോ. കാല്ലറങ്ങാട്ടിനു തോന്നിത്തുടങ്ങിയത് നല്ല ലക്ഷണമാണ്. വചനം മുറിക്കപ്പെടണം എന്നൊരു കാച്ച് അദ്ദേഹത്തിന്റേതായി ദീപികയിൽ കണ്ടു. എന്താണോ ഉദ്ദേശിച്ചത്? ഒരു പിടിയുമില്ല. ദൈവശാസ്ത്ര പണ്ഡിതനായ അങ്ങെര് അതിൽ ഒത്തിരി തീയോളജി ഒളിച്ചുവച്ചിട്ടുണ്ട്. കത്തോലിക്കാ സഭയില്‍ ആകെ പുകയാണ് എന്ന് റോഷൻ പറയുന്നു. ഈ വാക്യത്തിലും അല്പം പുക ഇല്ലാതില്ല. ഷാലോം സ്പ്രിംഗിൽ കയറിനിന്ന് പുക നീക്കി വ്യാഖ്യാനിക്കാനുള്ള പലതും അതിൽ കാണും.

    കേരളത്തില്‍ സീറോ മലബാര്‍ സഭയുടെ ഓണക്കുര്‍ബാനയുടെ പടം കണ്ടു. പക്ഷേ, ബർത്ഡെയ് കെയ്ക്ക് ആയാലും ഒസ്തിയായാലും അപ്പക്കഷണമായാലും മുതിർന്നവരുടെ വായിൽ തിരുകി കൊടുക്കുന്നത് ബാലിശമാണ്. വെറുപ്പുളവാക്കുന്നു. ഭാരതീയരോ യഹൂദരോ അങ്ങനെ ചെയ്യാറില്ല. പിന്നെ ഈ കണ്ടുപിടുത്തം എവിടെനിന്ന്?

    ReplyDelete
  2. ഹാസ്യത്തില്‍ പൊതിഞ്ഞു വിവേകവുംഅര്‍ത്ഥസാന്ദ്രതയും (തേന്‍ പുരട്ടിയ മുള്ളുകള്‍പോലെ), അര്‍ഹതയുള്ള പുരോഹിതപുങ്കന്മാരുടെ ഇടനെഞ്ചില്‍ ഉന്നം തെറ്റാതെ എയ്യുന്ന റോഷന്റെ കഴിവിനെ അറിവുള്ളപാതിരിമാര്‍ കൂദാശ ചൊല്ലി പുകഴ്ത്തും !വായിക്കൂ..ചിരിക്കൂ..ചിന്തിക്കൂ..രോഷന്മോനെ ,ഹാപ്പീ. ഓണം

    ReplyDelete