Translate

Friday, September 19, 2014

ചുണയുണ്ടെങ്കിൽ പോരിനു വാടാ

കേരളത്തില്‍ കത്തോലിക്കാ ഹര്‍ത്താലുകള്‍ ഇനി തുടരെ ഉണ്ടാവുമെന്ന് ഞാന്‍ പറഞ്ഞിട്ട് ഒരാഴ്ച ആയില്ല, സംഭവം ചങ്ങനാശ്ശേരിയില്‍ അരങ്ങേറിയല്ലോ. കത്തോലിക്കാ ഹര്‍ത്താലിന്‍റെ പ്രത്യേകതകള്‍ ശ്രദ്ധിച്ചോ? അത് ആരും ആഹ്വാനം ചെയ്യേണ്ടിവരില്ല. വൈദികരുടെ നേതൃത്വത്തില്‍ ഒരു പ്രകടനം ഉണ്ട് എന്ന് അറിഞ്ഞാല്‍ മാത്രം മതി,  നഗരം ക്ലോസ്! കച്ചവടക്കാര്‍ കട അടയ്ക്കുന്നത് ഏറു പേടിച്ചിട്ടല്ല പകരം പുളിച്ച മുദ്രാവാക്യങ്ങള്‍ കേള്‍ക്കാതിരിക്കാനാണെന്നു ജനം പറഞ്ഞാല്‍ അവിശ്വസിക്കാനാവില്ലാ എന്നാണ് അവിടെ കേട്ട ഔദ്യോഗിക മുദ്രാവാക്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. “ചുണയുണ്ടെങ്കിൽ പോരിനു വാടാ / വെട്ടിനുറുക്കും കട്ടായം. ആരിതുപറയുവതറിയാമൊ? മാമ്മോദീസാ വെള്ളം വീണ/  \നസ്രാണികളാം ധീരൻമാർ.” മാമ്മോദിസാ വെള്ളം മേത്തു വീണാല്‍ അക്രമവാസനയുണ്ടാകും എന്ന് ആരെങ്കിലും കരുതിയാല്‍ അവരെയും തെറ്റ് പറയാനാവില്ല. വെട്ടി നുറുക്കും കിണറ്റില്‍ തള്ളും എന്നൊക്കെ പ്രത്യേകിച്ച് പറയേണ്ടിയിരുന്നില്ലായെന്നു എനിക്ക് തോന്നുന്നു. ബംഗളൂര്‍, കോട്ടയം എന്നീ സ്ഥലങ്ങളൊക്കെ മലയാളിക്കറിയാത്തതല്ലല്ലോ.  
ഇത് പെരുന്നക്കാര്‍ കേട്ടിരിക്കാതിരിക്കാതിരിക്കാതിരിക്കാന്‍ വഴിയില്ല. പണ്ട് KCRM ചങ്ങനാശ്ശേരിയില്‍ പ്രകടനം നടത്തിയപ്പോള്‍ പൊലീസ് തടഞ്ഞതിന്‍റെ രഹസ്യം ഇപ്പൊ മനസ്സിലായി. അവരുടെ കൈയ്യില്‍ ഉശിരുള്ള മുദ്രാവാക്യങ്ങള്‍ ഇല്ലായെന്ന് കാഞ്ഞിരപ്പള്ളിക്കാര്‍ അറിയിച്ചു കാണും. നാട്ടുകാര്‍ക്ക് രോമാഞ്ചം കൊള്ളാന്‍ ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ എന്തിനാ വെറുതേ പശുവിനെ മിനക്കെടുത്തുന്നതെന്ന് പൊലീസ് അവരോടു അന്ന് പറഞ്ഞില്ലന്നേ ഉള്ളൂ.
പ്രകടനം ഒക്കെ നന്നായിരുന്നു എല്ലാവരും ഒന്ന് വിരണ്ടുവെന്നൊക്കെയാ ഇത് നടത്തിയവരുടെ അഭിപ്രായം. അച്ചനെ അടിച്ച അക്രമികളെയും പിടിച്ചു, കേസും ചാര്‍ജ്ജ് ചെയ്തു; പിന്നെന്തിനാ ഈ പ്രഹസനമെന്ന് നന്നായി അറിയാവുന്നവര്‍ ഇത് നടത്തിയവര്‍ മാത്രം. സ്വാതന്ത്ര്യ സമരം ഓഗസ്റ്റ് പതിനഞ്ചിന് തീര്‍ന്നു എന്നാണ് എന്‍റെ അറിവ്. അച്ചനമ്മമാരെ ഇനി ആരും അടിക്കരുത് എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അടി കൂടാനേ ഇത് കാരണമാകു എന്നാണ് സമീപ കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പിറ്റേന്ന് വല്ലാര്‍പാടത്ത് നേവിക്കാര്‍ ഒരച്ചനെ ദേഹോപദ്രവം ചെയ്തു എന്നാണ് ഏറണാകുളത്തു നിന്ന് കേട്ടത്. ഇത് പക്ഷെ പകലാ നടന്നത്. ഒരച്ചനെ പാതിരാക്ക്‌ പെരുവഴിയില്‍ വെച്ച് തല്ലി എന്ന് കേട്ടപ്പോഴേ നാട്ടുകാര്‍ക്ക് സംശയങ്ങള്‍ ഉണ്ടായാല്‍ തെറ്റ് പറയാന്‍ ഞാനില്ല. അക്രമികളുടെ അടുത്തു വന്നപ്പോള്‍ ബൈക്ക് ഒന്ന് സ്ലോ ചെയ്തെന്ന് അച്ചനും സമ്മതിക്കുന്നുണ്ട്. എത്ര കി.മീറ്റര്‍ സ്ലോ ചെയ്തെന്നും, എന്ത് മാത്രം സ്ലോ ചെയ്തെന്നും, ബൈക്ക് സംസാരിക്കുന്നതുപോലെ ആര്‍ക്കെങ്കിലും തോന്നിയോ എന്നൊക്കെ ഉടനെ അറിയാം. ഇതിന്‍റെ പിന്നില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയേണ്ടതുണ്ട്. പ്രതികള്‍ ജാമ്യത്തിലോന്നിറങ്ങിക്കോട്ടേ. ചിലരുടെ അഭിപ്രായം അച്ചനെ കണ്ടപ്പോള്‍ സുരേഷ് ഗോപി ആണോന്ന് അക്രമികള്‍ക്ക് സംശയം തോന്നിയതുകൊണ്ടാണ് അവര്‍ പിറകെ കൂടിയതെന്നാണ്. അച്ചന്‍ നിരപരാധി ആയിരിക്കാനും സാധ്യതയുണ്ട്. നിരപരാധികളെ ദ്രോഹിക്കുന്നത് ശരിയല്ല എന്നൊരു സന്ദേശം രൂപതയില്‍ എത്തിക്കുകയായിരുന്നോ അക്രമികളുടെ ലക്‌ഷ്യം എന്നും അറിയേണ്ടതുണ്ട്.
പണ്ട് സ്റെയിന്സിനെയും കുടുംബത്തെയും ചുട്ടുകൊന്ന തീവ്രവാദികളോട് ക്ഷമിക്കുന്നുവെന്നു അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞത് പ്രതികളെ അന്ന് വിഷമിപ്പിച്ചിരുന്നു. സി. റാണി മരിയയെ വെട്ടി നുറുക്കിയ അക്രമിയോട് അവരുടെ ബന്ധുക്കള്‍ ക്ഷമിച്ചപ്പോള്‍ പ്രതി മതം മാറി ക്രിസ്ത്യാനി തന്നെ ആയി. കേരളാ രീതിയും അത് തന്നെ. ഇടുക്കിയില്‍ അരമനക്ക് നേരെ പടക്കം എറിഞ്ഞവനോട് മെത്രാന്‍ എന്താ ചെയ്തത്? അദ്ദേഹം നിരുപാധികം ക്ഷമിക്കുകയല്ലേ ചെയ്തത്. ക്ഷമിക്കുന്ന സമയത്തു പ്രതി മെത്രാന്‍റെ കാല്‍ ചുവട്ടില്‍ ആയിപ്പോയത് മെത്രാന്‍റെ കുറ്റമാണോ? പണ്ട് യരൂശലേം നഗരത്തില്‍ യേശുവിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രകടനവുമായി ചങ്ങനാശ്ശേരി പ്രകടനത്തെ ആരെങ്കിലും ഉപമിച്ചാല്‍ അതും ന്യായം. ആരവങ്ങളും മുദ്രാവാക്യങ്ങളും അവിടെയും ഉണ്ടായിരുന്നല്ലോ! യേശുവിനെ കുരിശില്‍ തറച്ചതിന്‍റെ പിറ്റേന്ന് അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓര്സ്ലെമില്‍ ഒരു വന്‍പ്രകടനം നടന്നില്ലായെന്നു പറയാന്‍ ആര്‍ക്കു കഴിയും? ഇത്തരം പ്രകടനങ്ങള്‍ ഒരിടത്തു നടക്കുമ്പോള്‍  ‘ക്ഷമിക്കുവിന്‍ ക്ഷമിക്കുവിന്‍ സര്‍വ്വതും’ എന്ന് കൊട്ടിത്തിമിര്‍ത്തു പാടി എവിടെങ്കിലും അനുരജ്ഞന ശുശ്രൂഷകള്‍ നടക്കുന്നുവെങ്കില്‍ സദയം രണ്ടു മണിക്കൂര്‍ നേരം മൈക്ക് ഓഫ് ചെയ്യുക.

പണ്ടൊക്കെ ‘പളളിപ്പോയി പറഞ്ഞാല്‍ മതി’ എന്നൊരു നാടന്‍ പ്രയോഗമുണ്ടായിരുന്നു. ഇന്നത്‌ കേള്‍ക്കാനേയില്ല. ഒരു സ്നേഹിതന്‍ ചൂണ്ടിക്കാണിച്ചതുപോലെ ‘ഇത് കുരിശായല്ലോ’ എന്നൊരു പ്രയോഗമേ ഇപ്പോള്‍ നിലവിലുള്ളൂ. 

No comments:

Post a Comment