Translate

Thursday, September 11, 2014

നല്ല ഇടയനും രണ്ടു പാപികളും


പാപി-1

ഈശോമിശിഹായ്‍ക്ക് സ്തുതിയായിരിക്കട്ടെ.

അയ്യോ..അവറാച്ചനോ..ഇപ്പോഴും എപ്പോഴും കുറെക്കാലത്തേക്കും സുഖമായിരിക്കട്ടെ..

ഒന്നു കുമ്പസാരിച്ചേക്കാമെന്നു കരുതി.. ഈസ്റ്ററൊക്കെ വരുവല്ലേ..

ഹഹഹയ്യോ…അവറാച്ചനൊക്കെ അതിനെന്നാ പാപം ചെയ്തിട്ടാ..ങ്ഹേ !ഹഹ


പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണല്ലോ അച്ചോ..

അതെയതെ…എന്നാപ്പിന്നെ പറഞ്ഞേരെ…

സത്യം പറഞ്ഞാലൊരു വര്‍ഷമായി… കഴിഞ്ഞ ഈസ്റ്ററിന് കുമ്പസാരിച്ചതാ..

മതി..ആണ്ടിലൊരിക്കല്‍ മതിയെന്നാ സഭ പഠിപ്പിക്കുന്നത്…അല്ലെങ്കില്‍ തന്നെ പണമായും പുണ്യമായും പള്ളിയിലേക്ക് അവറാച്ചന്‍ തരുന്നതിന് വല്ല കണക്കുമുണ്ടോ.. പള്ളിക്കു പണം കൊടുക്കുന്നവന്‍ കര്‍ത്താവിന് കടം കൊടുക്കുന്നവാനാണെന്നാണല്ലോ പറയുന്നത്…

അപ്പോള്‍..കര്‍ത്താവെനിക്കു കടപ്പെട്ടിരിക്കുന്നു അല്ലേ അച്ചോ ?

അങ്ങനെ വേണമെങ്കില്‍ പറയാം… പക്ഷേ, കര്‍ത്താവിനോട് പലിശ ചേദിക്കരുത് കേട്ടോ അവറാച്ചാ..

അതച്ചനെന്നെ ഒന്നു ചൊറിഞ്ഞതാണല്ലോ..

അയ്യോ, തമാശയാണേ…അവറാച്ചന്‍ പൊറുക്കണം..

പാപമായിട്ട് അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല…നമ്മടെ കാണാതെ പോയ മോളിക്കുട്ടിക്ക് വേണ്ടി അച്ചന്‍ നൊവേന ഏതാണ്ടോ ചെല്ലാന്‍ പോകുവാ അല്ലയോ ?

അതെ..അതെ..നല്ലൊരു കൊച്ചായിരുന്നു.. എവിടെ പോയോ എന്തോ…

വെറുതെ നൊവേന ചെല്ലി എന്നെ കഷ്ടപ്പെടുത്തരുത്…

അവറാച്ചോ ???

അവള് കുറെനാളായി അച്ചോ ഇങ്ങനെ മുന്നില്‍ കിടന്ന് വിലസാന്‍ തുടങ്ങീട്ട്…മുതലാളിയാണെങ്കിലും ‍ഞാനുമൊരു മനുഷ്യനല്ലേ.. എനിക്കുമില്ലേ വികാരങ്ങള്‍..
പറ്റിപ്പോയി…

എന്നിട്ടവളെവിടെ ?

ഒരു ബോംബെ ടീമിന് 20000 രൂപയ്‍ക്ക് വിറ്റു…

അവറാച്ചാ..കൊടിയ പാപമല്ലേ ?

നമുക്കാ കൊടിമരം സ്വര്‍ണം പൂശാം അച്ചോ..

മുഴുവനും ?

കുരിശു മാത്രം പോരേ ?

പോര അവറാച്ചാ…പാപക്കറ കഠിനമല്ലേ ?

ശരി..സമ്മതിച്ചു..അപ്പോള്‍ ഷാപ്പുകാരന്‍ തോമായെ ജീപ്പിടിപ്പിച്ചു കൊന്നതിന് അച്ചന്റെ വണ്ടി മാറിയെടുത്തു തരണമെന്ന് പറഞ്ഞത് ?

അതു വേണം..ഞാനത് ചോദിക്കാനിരിക്കുവാരുന്നു…പിന്നേ മറ്റേ കഞ്ചാവുകൃഷി ഒക്കെ എങ്ങനെ ?

പോര അച്ചോ.. പഴയ ഒരിതില്ല..വെറുതെയാണോ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്..

അവറാച്ചന്‍ ഒരിക്കലും അങ്ങനെയൊന്നും ചെയ്യരുത്.. അത്മഹത്യ വലിയ വലിയ പാപമാണ്..എങ്ങനെയും അതൊഴിവാക്കണം..

എനിക്കറിയാം അച്ചോ..അതൊഴിവാക്കന്‍ വേണ്ടിയാ ഞാന്‍ പുതുതായി ചാര്‍ജെടുത്ത എസ്ഐഎയും എക്സൈസ് ഇന്‍സ്പെക്ടറെയും തട്ടിക്കളഞ്ഞത്…അതൊരു പാപമാണോ അച്ചോ ?

ഒരിക്കലുമല്ല കുഞ്ഞാടേ..ആത്മഹത്യ ഒഴിവാക്കാന്‍ വേണ്ടിയല്ലേ നീയത് ചെയ്തത്… സത്യത്തില്‍ അതൊരു പുണ്യപ്രവര്‍ത്തിയാണ്…

കയ്യൂര്‍ റേഞ്ചില്‍ എനിക്കിത്തിരി വാറ്റുള്ളത് അച്ചനറിയാമല്ലോ… ആ ചട്ടന്‍ ജോര്‍ജ് കഴിഞ്ഞാഴ്ച ചെറിയൊരു ഒറ്റിനു നോക്കി..കൃത്യസമയത്ത് അറിഞ്ഞത് കൊണ്ട് ഞാന്‍ രക്ഷപെട്ടു…ആ ചതിയനെ ഞാന്‍ വെട്ടി നാല്‍പത് കഷണമാക്കി.. ഇതൊരു തെറ്റാണോ അച്ചോ ?

ഒരിക്കലുമല്ല കുഞ്ഞാടേ.. റേഞ്ചില്‍ കയറി കളിക്കുന്നത് കൊടിയ പാപമാണ്.. അവരോടു ദൈവം ഒരിക്കലും ക്ഷമിക്കില്ല…സത്യത്തില്‍ ഒറ്റുകാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കാന്‍ ദൈവം അയച്ചതാണ് നിന്നെ…

ഒരു സംശയം കൂടി അച്ചോ…ഞാന്‍ തട്ടിക്കളഞ്ഞ ചട്ടന്‍ ജോര്‍ജ് നരകത്തിലല്ലേ പോകൂ അച്ചോ ?

തീര്‍ച്ചയായും അത്രയേ ഉള്ളൂ കുഞ്ഞാടേ…നരകത്തിന്റെ ആഴങ്ങളില്‍ തുള്ളിവാറ്റുപോലും കിട്ടാതെ അവന്‍ ദാഹിച്ചു ദാഹിച്ചു മരിക്കും…

എനിക്കത്രേം മതി അച്ചോ…

ങും ങും.. ഞാന്‍ ചോദിച്ച സാധനങ്ങള്‍ കിട്ടിയില്ല…

ഷിവാസ് റീഗലിനൊക്കെ ഭയങ്കര വിലയ അച്ചോ.. എന്നാലും സാരമില്ല.. രണ്ടു ദിവസത്തിനകം എത്തിക്കാം..

എന്നാല്‍ നിന്റെ പാപങ്ങള്‍ പുല്ലു പോലെ മോചിച്ചിരിക്കുന്നു…

സ്തുതിയാരിക്കട്ടെ…

ഇരിക്കട്ടെ..ഇരിക്കട്ടെ…


പാപി-2

അച്ചോ ഈസോമിശിഹായ്‍ക്ക് സ്തുതിയായിരിക്കട്ടെ…

ങ്ങൂം…വേഗം പറ…

ഞാന്‍ കുമ്പസാരിച്ചിട്ട് മൂന്നു മാസമായച്ചോ…

മൂന്നു മാസമോ ?… പീറ്ററേ നീ ക്രിസ്ത്യാനിയാണോ ?

ക്രിസ്മസിന്…

പോടാ…ക്രിസ്മസിന്റെ കണക്കൊന്നും എന്നോടു പറയണ്ട… പള്ളീലും വരത്തില്ല, കുമ്പസാരിക്കുകേം ഇല്ല പ്രാരാബ്ധം പറഞ്ഞ് നടന്നോളും..നിനക്കൊക്കെ നരകത്തിലിപ്പോഴേ സീറ്റ് റെഡിയാ…

സീറ്റിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത് രൂപതേടെ എന്‍ജിനിയറിങ് കോളജില്‍ എന്റെ കൊച്ചിന്…

പീറ്ററേ..കുമ്പസാരത്തിന്റെടേല്‍ മണാകുണാ വര്‍ത്താനം വേണ്ട…

ഞാന്‍ പിന്നെപ്പോഴാ അച്ചോ പറയുന്നേ…കാശില്ലാത്തവനും പിള്ളാരെ പഠിപ്പിക്കണ്ടേ.. എന്റെ കൊച്ചിന് 92 ശതമാനം മാര്‍ക്കുണ്ട്….

ഉണ്ടോ.. എന്നാലത് കലത്തിലിട്ടു പുഴുങ്ങിത്തിന്നോ…

അച്ചോ…എന്റെ കൊച്ചിനു സീറ്റ് തരണം…

പീറ്ററേ…എന്‍ജിനിയറിങ് കോളജ് പണിഞ്ഞപ്പം പള്ളിലൊരു പിരിവ് നടത്തിയായിരുന്നു..
പീറ്ററെത്രയാ കൊടുത്തേ ?

160 രൂപാ തികച്ച് കൊടുത്തതാ അച്ചോ…എന്റെ ഒരു ദിവസത്തെ പണിക്കൂലി…

ഉണ്ട…ഇവിടെ രണ്ടു ലക്ഷോം മൂന്നു ലക്ഷോം തന്നോര്‍ക്ക് കൊടുക്കാന്‍ സീറ്റില്ല.. അപ്പഴാ അവന്റെ നൂറ്റമ്പത്..

കള്ളപ്പണക്കാരന്റെ ലക്ഷങ്ങളോട് എന്റെ വിയര്‍പ്പിന്റെ വിലയെ തുല്യപ്പെടുത്തരുതച്ചോ…വിധവയുടെ വെള്ളിക്കാശിനെക്കുറിച്ച് ബൈബിളില്‍ പറയുന്നില്ലേ ?

പോടാ…നീയെന്നെ ബൈബിള്‍ പഠിപ്പിക്കുന്നോ…എന്നാല്‍ നാളെ വെളുപ്പിനിങ്ങുപോരെ നീ തന്നെ കുര്‍ബാനയുമങ്ങ് ചെല്ലിക്കോ…

അച്ചാ ഞാന്‍ പറഞ്ഞത്..

നീ പറഞ്ഞത് മനസിലായി.. ദാസ് ക്യാപിറ്റലും ദേശാഭിമാനിയും വായിച്ചിട്ട് ബൈബിള്‍ വ്യാഖ്യാനിക്കാന്‍ നോക്കരുത് പീറ്ററേ

………………

നിന്റെ നാവിറങ്ങിപ്പോയോ…നീയിപ്പോഴും പാര്‍ട്ടിയിലില്ലേ ?

ഉണ്ടച്ചോ…

ദീപിക പത്രം വരുത്തുന്നുണ്ടോ ?

ഇല്ലച്ചോ…ഇനിയെന്തിനാ കുമ്പസാരിക്കുന്നേ…നിത്യനരകം നിനക്കായി കാത്തിരിപ്പുണ്ട്

……………….

നിന്റെ കൊച്ചിനെ വേദപാഠം പഠിപ്പിക്കാന്‍ വിടാന്‍ പറഞ്ഞിട്ട് നീ വിട്ടോ ?

എട്ടാം ക്ളാസില്‍ പഠിപ്പിക്കുമ്പോള്‍ വേദപാഠം സാറ് അവളെ കയറിപ്പിടിച്ച കാര്യം അച്ചനറിയാവുന്നതാണല്ലോ…

പീറ്ററേ..സഭാരഹസ്യങ്ങള്‍ നീയിങ്ങനെ അവര്‍ത്തിക്കണമെന്നില്ല…അന്നതിന്റെ പേരില്‍ പാര്‍ട്ടിക്കാര്‍ പള്ളിയുടെ മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത് ഞാനും മറന്നിട്ടില്ല….

എന്റെ കൊച്ചിനൊരഡ്മിഷന്‍…

നിന്നെ സഭായില്‍ നിന്ന് തന്നെ പുറത്താക്കുകയാണ് വേണ്ടത്…

അച്ചോ…എന്റെ കൊച്ചിന്റെ ഭാവി…

ഭാവിയെക്കുറിച്ചാലോചനയുണ്ടെങ്കില്‍ നീയാ പാവം അവറാച്ചന്റെ കമ്പനിയില്‍ സമരം നടത്തുമോ ?

അവറാച്ചന്‍ മുതലാളി ശമ്പളം തന്നിട്ട് 6 മാസമായി അച്ചോ…

എന്നു വച്ച് ഉടനെ സമരം നടത്തുവാണോ…നിങ്ങളെയൊക്കെയോര്‍ത്താ അവറാച്ചന്‍ നഷ്ടത്തിലാണേലും കമ്പനി നടത്തുന്നത്…എന്നിട്ട്…പീറ്ററേ ഒന്നുമല്ലെങ്കിലും നമ്മള്‍ ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണ്ടേ ?

എന്നാലും നീതി…

പോടാ അവിടുന്ന്…സത്യവും നീതിയുമൊക്കെ തീരുമാനിക്കാനാ ‍‍ഞാനിവിടെയിരിക്കുന്നത്…

അച്ചന്‍ പറയുന്നത് ‍‍സമ്മതിക്കാം, എന്റെ കൊച്ചിനൊരഡ്‍മിഷന്‍…

എങ്കില്‍ നാളെ അവറാച്ചന്‍ നിന്നെ ചര്‍ച്ചയ്‍ക്ക് വിളിക്കും..ചര്‍ച്ചയില്‍ വച്ച് സമരം പിന്‍വലിച്ചോണം…

അച്ചോ ?…അത് വഞ്ചനയല്ലേ…??

നിനക്കഡ്‍മിഷന്‍ വേണോ ???

എന്നാലും…

എല്ലാം സഭയ്‍ക്കു വേണ്ടിയാണെന്നു കരുതിക്കോ

സഭ എന്നു പറയുന്നത് അവറാച്ചനാണോ അച്ചോ ?

നീ പിന്നെയും കാള്‍ മാര്‍ക്സിനെപ്പോലെ സംസാരിക്കുന്നു…

ഇല്ലച്ചോ…എനിക്കഡ്‍മിഷന്‍ മതി…

ങൂം…എങ്കിലൊരു കാര്യം കൂടി.. പാര്‍ട്ടി വിട്ടു വന്ന് കോരസാറിന്റെ കോണ്‍ഗ്രസില്‍ ചേര്‍ന്നോണം..

അത് പിന്നെ…

അഡ്‍മിഷന്‍..കൊച്ചിന്റെ ഭാവി..

സമ്മതിച്ചു അച്ചോ…

മിടുക്കന്‍…നിന്റെ എല്ലാ പാപങ്ങളും ക്ഷമിച്ചിരിക്കുന്നു കുഞ്ഞാടേ…

ഈശോമിശിഹായ്‍ക്ക്….

സ്തുതുയായിരിക്കട്ടെ…

courtesy berlytharangal blog

No comments:

Post a Comment