Translate

Sunday, September 7, 2014

`പ്രതിരൂപങ്ങളെ പ്രമാണങ്ങള്‍ ആക്കരുത്‌'' എന്ന ഫാ.ഗുരുദാസിന്റെ ലേഖനം കപടസദാചാരങ്ങള്‍- അന്ധവിശ്വാസങ്ങള്‍ എന്നീ തലങ്ങളിലേക്കു വെളിച്ചം വീശുന്നു. സോള്‍ ആന്‍ഡ്‌ വിഷന്‍, സത്യജ്വാല എന്നീ പ്രസീദ്ധീകരണങ്ങള്‍ ഈ ലേഖനം ഇതിനകം പബ്ലീഷ്‌ ചെയ്‌തു.
അല്‌മായശബ്‌ദത്തിന്റെ വായനക്കാരുടെ അറിവിലേക്കു അതിവിടെ പങ്കു വയ്‌ക്കുന്നു.

പ്രതിരൂപങ്ങളെ പ്രമാണങ്ങളാക്കരുത്‌
By Fr.Gurudas

Fr.Gurudasആയിരത്തി അഞ്ഞൂറോ രണ്ടായിരമോ മൂവായിരമോ അതിലധികമോ വര്‍ഷം മുമ്പെഴുതിയ മതഗ്രന്ഥങ്ങളിലെ സാഹിത്യരൂപങ്ങങ്ങള്‍ ((Literary forms)മനസിലാക്കാന്‍ ശ്രമിക്കാതെ,എല്ലാം അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും മനസ്സിലാക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന മൂഢമതപ്രസംഗകര്‍ ഇന്നുമുണ്‍ട്‌ ധാരാളം. ``ഒത്തുപിടിച്ചാല്‍ മലയുംമാറും'' എന്നു മതഗ്രന്ഥങ്ങളില്‍ കണ്‍ടാല്‍ അവര്‍ വിശ്വാസികളോട്‌ ഉപദേശിക്കും, ഉറച്ചവിശ്വാസത്തോടെ മലയുന്തുവിന്‍, അതു മാറി കടലില്‍ വീഴു'മെന്ന്‌! ``പയ്യെ തിന്നാല്‍ പനയും തിന്നാം'' എന്നു കണ്‍ടാല്‍ അവരുപദേശിക്കും, `വിശ്വാസത്തോടെ സാവധാനത്തില്‍ കഴിച്ചാല്‍ ഏതു പച്ചപ്പനന്തടിയും തിന്നുതീര്‍ക്കാ'മെന്ന്‌!

ശാസ്‌ത്രത്തിന്റെ സ്വാധീനംനിമിത്തം യുക്തിപൂര്‍വ്വം ചിന്തിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന പുതിയ തലമുറയെ കാണാത്ത, അല്ലെങ്കില്‍ കണ്‍ടില്ലെന്നു നടിക്കുന്ന, കാലഹരണപ്പെട്ട മതഗുരുക്കളാണിവര്‍. ഇവരുടെ മതത്തിനു ഭാവിയുണ്‍ടാകാനിടയില്ല.

സ്‌നേഹവാണി' ത്രൈമാസികയുടെ 55-ാംലക്കത്തിലെ മുഖവചനത്തില്‍, അത്തി കായ്‌ക്കാത്ത കാലത്ത്‌ യേശു അത്തിമരത്തോട്‌ ഫലം ചോദിക്കുകയും, കിട്ടായ്‌കയാല്‍ അത്തിമരത്തെ ശപിക്കുകയും അത്‌ ഉണങ്ങിപ്പോകുകയും ചെയ്‌തു എന്നതിന്റെ അര്‍ത്ഥം വിശദീകരിച്ചുവല്ലോ. പഴയ നിയമത്തിലെ ആദ്യഗ്രന്ഥമായ `ഉല്‌പത്തി' മുതല്‍ പുതിയ നിയമത്തിലെ അവസാന ഗ്രന്ഥമായ `വെളിപാട്‌'വരെയുള്ള 73 ഗ്രന്ഥങ്ങളില്‍ നൂറു കണക്കിന്‌ പ്രതിരൂപങ്ങളുണ്‍ട്‌. യഹൂദ മതപണ്ഡിതന്മാരുടെ പ്രത്യേകതതന്നെ അതിസങ്കീര്‍ണ്ണമായ പ്രതിരൂപപ്രയോഗമാണ്‌. പുതിയ നിയമത്തിലെ 27 ഉള്‍പ്പെടെ എല്ലാ ഗ്രന്ഥങ്ങളും രചിച്ചത്‌ യഹൂദരാണ്‌. ലൂക്കാ സുവിശേഷകനും യഹൂദനായിരുന്നു എന്ന തിനാണ്‌ കൂടുതല്‍ തെളിവുകള്‍. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ്‌ മിക്ക ക്രൈസ്‌തവപ്രാസംഗികരും ബൈബിള്‍വ്യാഖ്യാനം നടത്തുന്നത്‌. സുവിശേഷങ്ങളിലെ ദൈവരാജ്യം' എന്ന പദം മിക്ക സ്ഥലങ്ങളിലും ആദിമസഭയെയാണ്‌ ദ്യോതിപ്പിക്കുന്നതെന്ന അനിഷേധ്യസത്യംപോലും ഇവര്‍ക്കറിയില്ല. `എല്ലാത്തരം മീനുകളേയും പിടിക്കുന്ന ദൈവരാജ്യം എന്ന വല', യഹൂദരെയും അവര്‍ വിജാതീയരെന്നു വിളിച്ചിരുന്നമറ്റു ജാതികളെയും സ്വീകരിക്കുന്ന ക്രിസ്‌തീയസമൂഹം ആണെന്ന്‌ സാമാന്യജ്ഞാനമുള്ള ബൈബിള്‍പഠിതാക്കള്‍ക്കു മനസ്സിലാക്കാവുന്നതാണ്‌. അതുപോലെതന്നെ, `ആകാശത്തിലെ സര്‍വ്വപക്ഷികള്‍ക്കും ചേക്കേറാന്‍ കഴിയുന്ന കടുകുവൃക്ഷമാകുന്ന ദൈവരാജ്യം,' സര്‍വ്വജാതി ജനങ്ങള്‍ക്കും ഭയംനല്‍കുന്ന ആദിമക്രിസ്‌തീയ സമൂഹമാണെന്നും വ്യക്തമാണല്ലോ. 

യേശു ആശീര്‍വദിച്ചു നല്‍കിയ അഞ്ച്‌ അപ്പവും രണ്‍ടുമീനും ശിഷ്യര്‍ വിളമ്പിയപ്പോള്‍ സ്‌ത്രീകളും കുട്ടികളും ഒഴികെ അയ്യായിരം പുരുഷന്മാര്‍ തിന്നു തൃപ്‌തരായെന്നും, പന്ത്രണ്‍ടു കുട്ട മിച്ചം വന്നുവെന്നും, ഏഴ്‌ അപ്പവും രണ്‍ടു മീനും ഭക്ഷിച്ച്‌ നാലായിരം പേര്‍ തൃപ്‌തരായെന്നും ഏഴ്‌ കുട്ട മിച്ചം വന്നുവന്നും വായിക്കുമ്പോള്‍, സര്‍വ്വശക്തനായ യേശുവിന്റെ അദ്‌ഭുതശക്തികണ്‍ട്‌ വിസ്‌മയഭരിതരായി തലയില്‍ കൈവയ്‌ക്കുന്നവരാണ്‌ ക്രൈസ്‌തവ മതഗുരുക്കളില്‍ ഭൂരിഭാഗംപേരും. എന്നാല്‍ യഹൂദ മതസാഹിത്യത്തിലെ സുപ്രധാനമായ ഒരു പ്രതിരൂപമാണ്‌ അപ്പമെന്നും അതിന്റെ അര്‍ത്ഥം വചനം എന്നാണെന്നുമുള്ള സത്യം മനസ്സിലാക്കുന്ന പണ്ഡിതരിലാരും അത്‌ഭുതസ്‌തബദ്ധരായി തലയില്‍ കൈവയ്‌ക്കുകയില്ല. അവര്‍ക്കറിയാം അസാധമായ അര്‍ത്ഥമുള്ള പ്രസ്‌താവനകളാണ്‌ ഇവയെന്ന്‌. അവയുടെ അര്‍ത്ഥം ഇതാണ്‌: യേശുവിന്റെ സുവിശേഷവചനമാകുന്ന അപ്പം ശിഷ്യര്‍ വിളമ്പി (= പ്രസംഗിച്ചു) അനേകര്‍ ആ ആത്മീയഅപ്പംകൊണ്‍ടു തൃപ്‌തരായി. ഇനി എത്ര ആയിരങ്ങള്‍ ഭക്ഷിച്ചാലും ആ അപ്പം തീരുകയില്ല. ഭക്ഷിക്കുന്നവരുടെ എണ്ണം കൂടിയാലും കുറഞ്ഞാലും യേശുവിന്റെ വചനമാകുന്ന അപ്പത്തിന്റെ പോഷകശക്തിക്ക്‌ മാറ്റം വരുന്നില്ല. അതു കൊണ്‍ടാണല്ലോ അഞ്ച്‌ അപ്പം തിന്ന്‌ അയ്യായിരം പേര്‍ തൃപ്‌തരായി പന്ത്രണ്‍ട്‌ കുട്ട മിച്ചം വന്നതും, ഏഴ്‌ അപ്പം ഉണ്‍ടായിരുന്നിട്ടും വെറും നാലായിരം പേര്‍ തൃപ്‌തരായിക്കഴിഞ്ഞ്‌ വെറും ഏഴു കുട്ട മിച്ചം വന്നതും. 

സര്‍പ്പത്തിന്റെ രൂപത്തില്‍ വന്ന പിശാചിനെവിശ്വസിച്ച്‌ വഞ്ചിതയായി നിഷിദ്ധവൃക്ഷത്തിന്റെ ഫലം തിന്ന ഹവ്വായെയും അവളെ വിശ്വസിച്ച്‌ വഞ്ചിതനായ ആദത്തെയും ദൈവം ശിക്ഷിച്ചു പറുദീസയില്‍നിന്നു പുറത്താക്കിയെന്നും, അവരുടെ അനുസരണക്കേടിന്റെ ഫലമായി സര്‍വ്വമനുഷ്യരും ജന്മപാപത്തോടെ ജനിക്കുന്നുവെന്നും വിശ്വസിച്ച്‌ നിഷ്‌കളങ്കരായ ശിശുക്കളെ ജന്മപാപത്തില്‍നിന്നു മോചിക്കാന്‍ അവരുടെതലയില്‍ വെള്ളമൊഴിച്ചു ാമ്മോദീസാ മുക്കുന്ന ക്രൈസ്‌തവപുരോഹിതന്മാര്‍ ഇന്നുമുണ്‍ടല്ലോ ധാരാളം. അതിമനോഹരവും സങ്കീര്‍ണ്ണവുമായ രീതിയില്‍ പ്രതീകാത്മകമായി 

വിവരിച്ചിരിക്കുന്ന ഈ ചരിത്രസംഭവത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബൈബിളിലെ `രാജാക്കന്മാര്‍' ഒന്ന്‌, രണ്‍ട്‌ ഗ്രന്ഥങ്ങളും `ദിനവൃത്താന്തം' ഒന്ന്‌, രണ്‍ട്‌ ഗ്രന്ഥങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കട്ടെ. യഥാര്‍ത്ഥചരിത്രം വിവരിക്കുന്നതിനുമുമ്പുതന്നെ അതിന്റെ പ്രതിരൂപാത്മക അര്‍ത്ഥം പറയുന്നത്‌ വായനക്കാര്‍ക്ക്‌ പ്രയോജനപ്രദമായിരിക്കുമല്ലോ. 

സത്യദൈവമായ യഹോവയില്‍ വിശ്വസിക്കാതെ സര്‍പ്പാരാധനനടത്തിയിരുന്ന ഫറവോന്‍ പുത്രിയായ ഭാര്യയുടെ ഉപദേശംകേട്ടു രാജ്യം ഭരിച്ച സോളമന്‍ നിമിത്തമാണ്‌, പ്രതാപത്തിന്റെ ഉച്ചകോടിയിലെത്തിയിരുന്ന ഇസ്രായേല്‍ സാമ്രാജ്യമാകുന്ന പറുദീസായില്‍നിന്ന്‌ ഇസ്രയേല്‍ ജനം പുറത്താക്കപ്പെട്ടത്‌ എന്നാണ്‌ യഹോവഭക്തനായ ഒരു യഹൂദപണ്ഡിതന്‍ നടത്തിയിരിക്കുന്ന ഈ പ്രതിരൂപാത്മക സംഭവവിവരണത്തിന്റെ അര്‍ത്ഥം.

ഇനി യഥാര്‍ത്ഥ ചരിത്രസംഭവങ്ങള്‍ വിവരിക്കാം, ദാവീദു രാജാവിന്റെ മകനായ സോളമന്‍ യഥാര്‍ത്ഥത്തില്‍ മഹാന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത്‌ ഇസ്രായേല്‍ സാമ്രാജ്യം പ്രതാപത്തിന്റെ ഉച്ചകോടിയിലെത്തി. അദ്ദേഹത്തിന്റെ സാമ്പത്തികവും സൈനികവും നയപരവുമായ നേട്ടങ്ങള്‍ യഥാര്‍ത്ഥ ചരിത്രത്തിന്റെ ഭാഗംതന്നെയാണ്‌. സ്വന്തം ശക്തിയെ അരക്കിട്ടുറപ്പിക്കുന്നതിനുവേണ്‍ടി അദ്ദേഹം ചുറ്റുമുള്ള രാജ്യങ്ങളില്‍നിന്നെല്ലാം ഓരോ രാജകുമാരിയെ ഭാര്യയായോ വെപ്പാട്ടിയായോ സ്വന്തം കൊട്ടാരത്തിലെത്തിച്ചു. അദ്ദേഹത്തിന്‌ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്‍ടായിരുന്നുവെന്ന ബൈബിള്‍പ്രസ്‌താവന അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെന്നില്ലെങ്കിലും അതില്‍ ചരിത്രസത്യം അടങ്ങിയിട്ടുണ്‍ട്‌. അദ്ദേഹത്തിന്റെഏറ്റവും പ്രിയപ്പെട്ട ഭാര്യയും പട്ടമഹിഷിയും ഈജിപ്‌തിലെ ഫറവോയുടെ മകളായിരുന്നു. കിഴക്കന്‍ ദേശങ്ങളില്‍ പൊതുവെയും, പ്രത്യേകിച്ച്‌ ഈജിപ്‌തിലും സര്‍പ്പാരാധന സര്‍വ്വസാധാരണമായിരുന്നല്ലോ. വിദേശങ്ങളില്‍നിന്നു ഭാര്യമാരും വെപ്പാട്ടിമാരുമായി സ്വീകരിച്ച സ്‌ത്രീകള്‍ക്ക്‌ അവരുടെ സ്വന്തം മതവിശ്വാസങ്ങള്‍ അനുസരിച്ച്‌ പൂജ ചെയ്യുന്നതിനുള്ള സൗകര്യം സോളമന്‍ ചെയ്‌തുകൊടുത്തിരുന്നു. സ്വാഭാവികമായും സോളമന്‌ ഏറ്റവും പ്രിയപ്പെട്ട ഭാര്യയായ ഫറവോന്‍ പുത്രിയും സര്‍പ്പാരാധകയായി ജീവിച്ചു. പ്രിയ പത്‌നിയുടെ ഉപദേശം സ്‌നേഹപൂര്‍വ്വം സ്വീകരിക്കുക സ്വാഭാവികം തന്നെയാണല്ലോ. സോളമന്‍ മരിച്ച ഉടനെതന്നെ ഇസ്രായേല്‍ സാമ്രാജ്യമെന്ന പറുദീസായുടെ നാശം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പുത്രന്‍്യനായിരുന്നു. അദ്ദേഹം നിമിത്തം ഇസ്രായേല്‍ സാമ്രാജ്യം തെക്ക്‌, വടക്ക്‌ എന്നു രണ്‍ടായി പിരിഞ്ഞു. യൂദാഗോത്രവും അപ്രധാനമായിരുന്ന ബെഞ്ചമിന്‍ ഗോത്രവും യൂദാ എന്ന തെക്കന്‍ സാമ്രാജ്യത്തിലും മറ്റു പത്ത്‌ ഗോത്രങ്ങള്‍ ഇസ്രായേല്‍ എന്ന വടക്കന്‍ സാമ്രാജ്യത്തിലുമായി.

ബി. സി. 721-ല്‍ അസീറിയക്കാര്‍ വടക്കന്‍ സാമ്രാജ്യമായ ഇസ്രായേല്‍ കീഴടക്കുന്നു. ബി. സി. 587-ല്‍ ബാബിലോണിയാക്കാര്‍ തെക്കന്‍ സാമ്രാജ്യമായ യൂദാ കീഴടക്കി ജറുശലേം ദേവാലയം നശിപ്പിക്കുകയും, ഭൂരിഭാഗം യഹൂദരെയും അടിമകളാക്കി ബാബിലോണിലേക്കു നാടുകടത്തുകയും ചെയ്‌തു. 

അതോടെ ഇസ്രായേല്‍ സാമ്രാജ്യമെന്ന പറുദീസാ നാമാവശേഷമായി. ബി. സി. 539-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ സൈറസ്‌ ബാബിലോണിയാ കീഴടക്കുന്നതോടെയാണ്‌ അവിടെയുള്ള യഹൂദരുടെ ശുക്രദശ ആരംഭിക്കുന്നത്‌. വിശാലമനസ്‌കനായ സൈറസ്‌ 538-ലെ വിളംബരംവഴി സര്‍വ്വജനതകള്‍ക്കും മതപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം നല്‍കുന്നു. കുറേ പുരോഹിതരുടെ നേതൃത്വത്തില്‍ തിരിച്ചെത്തിയ യഹൂദര്‍ ജറുശലേം ദേവാലയം പുനരുദ്ധരിച്ചു സമാധാനത്തില്‍ കഴിഞ്ഞ കാലത്താണ്‌ ഉല്‌പത്തി പുസ്‌തകത്തിന്റെ രചനനടക്കുന്നത്‌. അതായത്‌ ബി. സി. അഞ്ചാം നൂറ്റാണ്‍ടില്‍. യഹോവാവിശ്വാസിയായ ഒരു യഹൂദ പണ്ഡിതന്‍ തന്റെ ജനതയ്‌ക്കു സംഭവിച്ച ദുരന്തത്തിനു നല്‍കുന്ന ഹേതുവിശദീകരണ വ്യാഖ്യാനമാണ്‌ (Aetio-logical Explanation)
പറുദീസാനഷ്‌ടത്തിന്റെ കഥ. അതിന്റെ ചുരുക്കം: 
സോളമന്‍ എന്ന `ആദം' സത്യദൈവമായ യഹോവയില്‍ വിശ്വസിക്കാതെ സര്‍പ്പദൈവത്തെ വിശ്വസിച്ചിരുന്ന ഫറവോന്‍ പുത്രിയായ സ്വന്തം ഭാര്യയെ വിശ്വസിച്ച്‌ (= അവളുടെ ഉപദേശം സ്വീകരിച്ച്‌) രാജ്യഭരണം നടത്തിയതിന്റെ ഫലമാണ്‌ ഇസ്രായേല്‍ ജനതയുടെ പതനം. പുരാതനകാലത്ത്‌ രാജ്യമെന്നാല്‍ രാജാവുതന്നെ. സോളമന്റെ സാമ്രാജ്യത്തിനു കിട്ടിയ ദൈവശിക്ഷ അദ്ദേഹത്തിനുതന്നെ കിട്ടിയ ശിക്ഷയാണല്ലോ.

ബൈബിളില്‍നിന്നും ഏതാനും ഉദാഹരണങ്ങള്‍ വിശദീകരിച്ചുകൊണ്‍ട്‌ ക്രൈസ്‌തവ പ്രസംഗകരോട്‌ സ്‌നേഹപൂര്‍വ്വം ഉപദേശിക്കട്ടെ: ചിന്തിക്കുന്നവരുടെയും ചോദ്യം ചോദിക്കുന്നവരുടെയും എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു. മുത്തശ്ശിക്കഥകളും പുരാണങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കി വിഴുങ്ങി അവരുടെ മുമ്പില്‍ ഛര്‍ദ്ദിച്ചിട്ടാല്‍ തീര്‍ച്ചയായും അവര്‍ക്ക്‌ അറപ്പും വെറുപ്പും തോന്നും. ബൈബിളിലെയും അതുപോലുള്ള മറ്റു മതഗ്രന്ഥങ്ങളിലെയും പ്രസ്‌താവനകള്‍ മനസ്സിലാക്കണമെങ്കില്‍ അവയെഴുതിയ കാലഘട്ടത്തിലേക്കു തിരിച്ചുചെന്ന്‌ അന്നത്തെ സാഹിത്യരചനാരീതികള്‍ മനസ്സിലാക്കണം. `കൊളംബോയില്‍ പത്തു പുലികള്‍ കൊല്ലപ്പെട്ടു; ഇരുപത്‌, മുപ്പത്‌, നാല്‌പത്‌.... ഇങ്ങനെദിവസവും കൊല്ലപ്പെട്ടു' എന്ന്‌ ഏതാനും വര്‍ഷം മുമ്പുവരെ വായിച്ചിരുന്നവര്‍ക്ക്‌ അറിയാം, അതു തമിഴ്‌ പുലികളായിരുന്നുവെന്ന്‌. നൂറോ അമ്പതോ വര്‍ഷം കഴിയുമ്പോള്‍ ചരിത്രപശ്ചാത്തലം മനസ്സിലാക്കാത്ത വി
ഡ്‌ഢികള്‍ വിസ്‌മയിച്ച്‌ തലയില്‍ കൈവച്ചുകൊണ്‍ടു വിളിച്ചുപറയും, `ദൈവമേ കൊളംബോ പട്ടണം നിറയെ പുലികളായിരുന്നു'വെന്ന്‌!
"Hundred Sleepers Swept away''' എന്ന്‌ ഇംഗ്ലീഷ്‌ പത്രത്തില്‍ വന്ന വാര്‍ത്ത,`ആറ്റുതീരത്ത്‌ 
ഉറങ്ങിക്കിടന്ന 100 പേര്‍ ഒഴുക്കില്‍പ്പെട്ടു'വെന്നു വിവര്‍ത്തനംചെയ്‌ത മലയാളം പത്രവും, കരിക്കന്‍ വില്ലാ കൊലക്കേസിലെ ഒരു പ്രതിയായ കെനിയാക്കാരന്‍ കിന്റോയുടെ അപ്പന്‍ മിനിസ്റ്റര്‍ ആണെന്ന്‌ ഇംഗ്ലീഷ്‌ വാര്‍ത്ത വന്നത്‌, `മന്ത്രി' എന്നു വിവര്‍ത്തനം ചെയ്‌ത അതിപ്രശസ്‌ത മലയാളം പത്രവും ഇന്നും സജീവമാണെന്നറിയാമല്ലോ. `സ്ലീപ്പര്‍' തേക്കുംതടികൊണ്‍ടുള്ളറെയില്‍വേ സ്ലീപ്പറും `മിനിസ്റ്റര്‍' പ്രോട്ടസ്റ്റന്റു പുരോഹിതനുമാണെന്നുമുള്ള സത്യം പിന്നീടല്ലേ പുറത്തുവന്നത്‌.

ആദവും ഹവ്വയും പാപം ചെയ്‌തതിനാല്‍ സര്‍വ്വമനുഷ്യരും ജന്മപാപം പേറിക്കൊണ്‍ട്‌ ജനിക്കുന്നുവെന്നു ദൃഢമായി വിശ്വസിക്കുകയും, ആ പാപം മോചിക്കാന്‍ നിഷ്‌കളങ്ക ശിശുക്കളുടെ തലയില്‍ വെള്ളമൊഴിക്കുകയും ചെയ്യുന്ന ക്രൈസ്‌തവ പുരോഹിതരുടെ കണ്ണുതുറക്കണമേ എന്ന്‌ സ്‌നേഹപിതാവായ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുവാന്‍ ഒരാളെയെങ്കിലും പ്രേരിപ്പിക്കുന്നുവെങ്കില്‍ ഈ മുഖവചനം അതിന്റെ ലക്ഷ്യംനേടി. പ്രതിരൂപങ്ങളെ അടിസ്ഥാനപ്രമാണങ്ങളാക്കി, അവയ്‌ക്കുമേലെ വിശ്വാസസത്യസ്‌തംഭങ്ങള്‍ പടുത്തുയര്‍ത്തുന്ന പ്രവണത ഉപേക്ഷിക്കുന്നതായിരിക്കും ക്രൈസ്‌തവരുടെ ഭാവിക്കും യേശുവിന്റെ ഭാവിക്കും ഗുണകരം.
ഫോണ്‍: 0481-27918811 comment:

  1. ഓരോ വാക്കുകളിലും അക്ഷരങ്ങളായ ആശയരുചികള്‍ ചേര്‍ത്തു മനുഷ്യ മനസാകുന്ന തൂശനിലയില്‍ കാലം വിളമ്പിയ പൊന്നോണസദ്യയാണീ രചന ! ഭാഗ്യമുള്ളവര്‍ മാത്രം ആസ്വദിക്കൂ..മനസുനിറയെ..എന്റെ ഓണാശംസകള്‍!!!

    ReplyDelete