Translate

Sunday, August 12, 2012

വിമര്‍ശമെങ്ങനെ?

ക്രിസ്തു അല്‍ഫോന്‍സാമ്മയോട്:
 
ഇന്നിതാ നിന്നെ വിശുദ്ധ പദവിയി-
ലേറ്റിടു, ന്നന്നു നീ രോഗദാരിദ്ര്യങ്ങ-
ളെന്റെ പേരില്‍ സഹിച്ചെന്നു ചൊ, ന്നൊക്കെയും
മാമോനു വേണ്ടിയാണെന്നറിയുന്നു നാം!കവിയുടെ ന്യായീകരണം: 

'മലര്‍ന്നു കിടന്നു നീ തുപ്പു'ന്നെന്നിതു കണ്ടു
പറയാമങ്ങെന്നറിഞ്ഞിടുന്നു, പക്ഷേ ചൊല്ലാം:
വെറുതേയെന്‍ കൈകാല്‍കള്‍ ബന്ധിച്ചു മലര്‍ത്തിയീ
ചെളിയില്‍ കിടത്തിയോര്‍ തുപ്പല്‍ക്കോളാമ്പിപ്പൂവായ്
ഇപ്പോഴെന്‍ മുമ്പില്‍ നില്‌ക്കെ കവിളില്‍ നിറയുന്ന
തുപ്പല്‍ ഞാന്‍ വിഴുങ്ങാതെ, വീണേക്കാം എന്റെ ദേഹത്തും
തുപ്പലെന്നറിഞ്ഞിട്ടും, ദൂരേക്കു തുപ്പാന്‍ മടി
കാട്ടുന്നു ഞാന്‍, തെറ്റുണ്ടോ? 'ഉണ്ടെ'ന്നോ നീ ചൊല്ലുന്നു?


ക്രിസ്തു  കവിയോട്:

മലര്‍ന്നു കിടന്നു നീ തുപ്പു; ന്നെന്തിതു കൊണ്ടു
നിനക്കോ ലോകത്തിന്നോ ഗുണമെന്നോതീടൂ നീ.
പറയാം കുറ്റം നമ്മള്‍ക്കാരെയും, പക്ഷേ, നമ്മള്‍
പറയുന്നതിന്‍ ഫലം വിപരീതമായ്ത്തീര്‍ന്നാല്‍
ഗതികേടല്ലേ? വേണ്ടാ, പ്രിയമോടല്ലാതിങ്ങു
വിമര്‍ശം; വിശ്വപ്രേമം തുളുമ്പും ഹൃത്തോടിങ്ങി-
ന്നൊഴുകീടുകില്‍ കാവ്യം ഗുണമുണ്ടാക്കും, സ്വന്തം
ഹൃദയത്തിലും ലോകഗതിയില്‍പ്പോലും, സത്യം!

2 comments:

  1. ഒരു ഇടയനും ഇടയ ലേഖനവും.-
    ജോര്‍ജു കുറ്റിക്കാട്ട് അഭിപ്രായപ്പെട്ട ഈ പ്രശ്നം ഒരു ആനുകാലിക പ്രശ്നം ആണ്. മെത്രാന്മാരുടെ നിലപാട് വളരെ വിചിത്രമാണ്. ഇവര്‍ സാമൂഹ്യ ജീവിത ചലനങ്ങള്‍ മനസ്സിലാക്കി വേണം അവര്‍ അഭിപ്രായം എഴുതാന്‍. വിവരക്കേട് പറയാന്‍ മാത്രം ഇടയ ലേഖനങ്ങളെ തരം താഴ്ത്തരുത്.
    റോമന്‍ കത്തോലിക്കാ സഭയില്‍ പിളര്‍പ്പുണ്ടാക്കി സുറിയാനിയില്‍ നിന്നും അകറ്റി നമ്മെയെല്ലാം സീറോ മലബാര്‍ തോമ്മാ ക്രിസ്ത്യാനിയാക്കിയ ശേഷം ഇപ്പോള്‍ കല്‍ദായ സഭക്കാരാണ് നമ്മളെല്ലാവരും എന്ന് പറഞ്ഞു സഭയില്‍ ഫ്ലക്സ് ബോര്‍ഡ് എഴുതി പ്രചാരണം നടത്തുന്ന ചങ്ങനാശ്ശേരി പവ്വത്തില്‍ മെത്രാന്‍ വീണ്ടും സഭയുടെ മഹത്തായ നെടും തൂണാണെന്ന് സഹ മെത്രാന്മാര്‍ വിശേഷിപ്പിക്കുന്നു. ഇതൊരു വിരോധാഭാസമാണ്.റോമിലെ പോപ്പിനെ പുറം കാലുകൊണ്ട്‌ കൊട്ടുന്ന കേരള മെത്രാന്മാര്‍ ഇനി ഏതുതരത്തിലുള്ള ഇടയ ലേഖനം എഴുതി കേരളത്തിലെ പള്ളികളില്‍ വായിപ്പിച്ചാലും നുണ പറയുന്ന ഈ ഗണത്തെ ആര് വിശ്വസിക്കും ?. അല്‍മായനെന്ന പാവം വിവരദോഷികള്‍ എന്നും ഇവര്‍ പറഞ്ഞു പടച്ചുവിടുന്ന കാര്യങ്ങള്‍ അതേപടി ചവയ്ക്കാതെ വിഴുങ്ങുവാന്‍ മാത്രം ജനിച്ചവരായ ശുദ്ധ ഹൃദയരാണ്. ഇത്തരം മെത്രാന്മാരെ സഭാംഗങ്ങള്‍ അംഗീ കരിക്കരുത്. ഇവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി സത്യം പറയുവാന്‍ നാം പ്രബുദ്ധരാവണം. എന്ത് വിവരക്കേടും ഇടയ ലേഖനം എഴുതി അല്മായനെ അടിച്ചേല്‍പ്പിക്കാംഎന്നു ഇവര്‍ ഇനി കരുതരുത്.

    ReplyDelete
  2. ത്രിത്വം എന്ന ദൈവശാസ്ത്രസങ്കല്പത്തിന്റെ ജീവിതഗന്ധിയായ ആവിഷ്‌കാരം പോലെയാണ് വിമര്ശമെങ്ങനെ എന്ന 'ത്രിതൈ്വക കവിത' എനിക്കനുഭവപ്പെട്ടത്. കവിയുടെ സത്യാധിഷ്ഠിതമായ ഭാവനയും വിമര്ശകന്റെ എതിര്പക്ഷവും കവിയുടെ പ്രതികരണവും ദൈവികമെന്നു വിളിക്കപ്പെടാവുന്ന മൂല്യവിവക്ഷയും ഒരേ കവിതയ്ക്കുള്ളില്‍ സമന്വയിപ്പിച്ചിരിക്കുന്നു. ഒന്നോര്ത്താല്‍ ഉത്തമകൃതികളിലെല്ലാം ഇതുപോലെയുള്ള നിഷ്പക്ഷമായ ഒരു സാക്ഷീഭാവം കാണാം. എന്തിനാണ് വിമര്ശനം എന്ന് വിമര്ശിക്കുമ്പോള്‍ വിസ്മരിക്കുന്നതാണ് പല വിമര്ശനങ്ങളും സഫലമാകാതിരിക്കാന്‍ കാരണം എന്ന ഉള്ക്കാഴ്ച പകര്ന്നു തന്ന കവിക്ക്, അല്ല കവിയുടെ ഉള്ളിലുള്ള ഈശ്വരന്, നമോവാകം!

    ReplyDelete