Translate

Friday, August 3, 2012

ബൈബിള്‍വാക്യങ്ങള്‍ ഉദ്ധരിക്കുമ്പോള്‍

ബൈബിളിനെ പറ്റി ആഴമായി പഠിച്ച ശേഷം എഴുതുന്നവരും അതിലുള്ള ഓരോ വാക്കും ദൈവനിവേശിതവും അതുകൊണ്ട്  സത്യവുമായി കരുതി, ഏത്‌ വാദഗതിക്കും അവസാനവാക്കായി അവയെ ഉപയോഗിക്കുന്നവരും അല്മായശബ്ദത്തില്‍ ഏഴുതി കാണുന്നുണ്ട്. ഏതായാലും പള്ളിപ്രസംഗങ്ങളിലെയും ഷാലോംറ്റിവിയിലെയും പോലെ അന്ധമായി വാക്കിന് വാക്ക് അര്‍ത്ഥം വച്ച് വ്യാഖ്യാനിക്കുന്ന രീതിക്ക് നാം അടിപ്പെട്ടുപോകാതെ നോക്കേണ്ടതുണ്ട്. ഒന്നാമത്, പള്ളിയില്‍ നിന്നും ഷാലോംപ്രഘോഷകരില്‍ നിന്നും മറ്റും കിട്ടുന്ന ധാരണയും സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്ന യേശുവും തമ്മില്‍ വല്ലാത്ത അന്തരമുണ്ട്. ഇതൊരു പുതിയ കണ്ടെത്തലൊന്നുമല്ല. ബൈബിള്‍ പഠനം ഒരു സ്വതന്ത്ര വ്യവഹാരമായിത്തീര്‍ന്ന നാള്‍മുതല്‍ യേശുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ മനസ്സിലാക്കാന്‍.. എണ്ണമറ്റ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതേ സമയം, സുവിശേഷഗ്രന്ഥങ്ങളിലൂടെ ഉരുത്തിരിയുന്നത് വിശ്വാസയോഗ്യമായ യേശുച്ചരിത്രമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വൈരുദ്ധ്യാത്മകവുമായ ഒരു കൃതിയാണ് ബൈബിള്‍ എന്നറിയാത്തതുകൊണ്ടാണത്. 

ഉത്തമ വിശ്വാസിയയായ എന്റെയൊരു സുഹൃത്ത് തന്റെ പെണ്മക്കളെ ഒരു നല്ല ശീലം പഠിപ്പിച്ചു: ദിവസവും ബൈബിളിലെ ഒരദ്ധ്യായം വായിക്കുക. ഒന്നര വയസ്സിന്റെ പ്രായവ്യത്യാസം മാത്രമുള്ള അവരിരുവരും മുഴുവന്‍ പുസ്തകവും ഒരുവട്ടം വായിച്ചു. രണ്ടാം തവണ സംഭവിച്ചതെന്തെന്നോ? ആരോണ്‍ വടി നിലത്തിട്ടതേ, അതു സര്‍പ്പമായി മാറിയതും, ഇസ്രായേല്‍ജനത്തിന്റെ രക്ഷക്കായി കടല്‍ രണ്ടായി വിഭജിച്ചതും എത്തിയതോടെ, മൂത്തവള്‍ സംശയം ചോദിച്ചു തുടങ്ങി. ഇതൊക്കെ സംഭവ്യമാണോ, സത്യമാണോ? ഏതായാലും, അവള്‍ വായന നിറുത്തി. ഇളയവളാകട്ടെ,  വാച്യാര്‍‍ത്ഥങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, അവയൊക്കെ വളരെ രസമുള്ള കഥകളും കവിതകളുമായി വീണ്ടും ആസ്വദിച്ചുതന്നെ വായിച്ചുകൊണ്ടിരുന്നു. ബൈബിള്‍ സാവധാനം അവള്‍ക്കൊരു സാഹിത്യകൃതിയായി മാറുകയായിരുന്നു. അതുതന്നെയാണ് സത്യവും. ബൈബിളിന്റെ പഴയതും പുതിയതുമായ ഭാഗങ്ങള്‍ ചരിത്രകൃതികളല്ല, സാഹിത്യകൃതികളാണ്. അങ്ങനെയെടുത്താല്‍ അവ വായിക്കുക രസകരമാണ്. അവയുടെ ഉള്ളടക്കത്തെ അങ്ങനെത്തന്നെ ദൈവനിവേശിതവും അക്ഷരാര്‍ത്ഥത്തിലെടുക്കേണ്ടവയുമായി കരുതിയിരുന്ന കാലം പണ്ടേ കടന്നുപോയി. 

ദൈവവചനമായി യഹൂദര്‍ കരുതിപ്പോരുന്ന ഹീബ്രൂ ബൈബിള്‍ തന്നെയായിരുന്നു ഏതാണ്ട് ആദ്യനൂറ്റാണ്ടിന്റെ പകുതിവരെ ക്രിസ്ത്യാനികളുടെയും ഏക മതഗ്രന്ഥം. ആ സമയത്തോടടുത്തോ, അതിന് ശേഷമോ എഴുതപ്പെട്ട അനേകം സുവിശേഷകൃതികളില്‍ നാലെണ്ണവും, അപ്പോസ്തലരുടെ  പ്രവൃത്തികള്‍ എന്ന രചനയും, അവരുടെ 21 കത്തുകളും, വെളിപാട് എന്ന എഴുത്തും ഉള്‍പ്പെടുന്നതാണ് പതുക്കെപ്പതുക്കെ സഭയുടെ അടിസ്ഥാന വേദഗ്രന്ഥമായിത്തീര്‍ന്ന പുതിയ നിയമം. മേല്‍പ്പറഞ്ഞവയ്ക്ക് സമാനമായി ധാരാളം രചനകള്‍ വെളിച്ചം കണ്ടെങ്കിലും, അവയില്‍ നിന്ന്, അപ്പസ്തോലിക പാരമ്പര്യത്തോട് യോജിക്കുന്നവയെ തിരഞ്ഞെടുത്ത്, ഔദ്യോഗികമായ വേദഗ്രന്ഥസമാഹാരമുണ്ടാക്കിയത് നാലാം നൂറ്റാണ്ടോടുകൂടി മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക - Abington Dictionary of Living Religions). 

ഡിസംബര്‍ 24, 2006 ലെ മാതൃഭൂമി വാരികയില്‍ ഡോ. ജേക്കബ്‌ നാലുപറയിലിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അപ്പോക്രിഫാ സുവിശേഷങ്ങളെപ്പറ്റിയുള്ള ഈ വളെരെ നല്ല രചനക്ക് മുഖവുരയായി ഇങ്ങനെ കൊടുത്തിരുന്നു. "ഔദ്യോഗിക സുവിശേഷങ്ങള്‍ക്ക് വെളിയിലേയ്ക്ക് യേശുവിന്റെ വ്യക്തിത്വത്തെ വളര്‍ത്തുന്നുണ്ട്, നിഗൂഢഗ്രന്ഥങ്ങളായി അറിയപ്പെടുന്ന അപ്പോക്രിഫാ സുവിശേഷങ്ങള്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ക്രിസ്തീയതയുടെ ആത്മാവിനെയുള്‍ക്കൊള്ളുന്ന ഈ സുവിശേഷങ്ങളുടെ വായന ക്രിസ്തുവ്യക്തിത്വത്തെ വൈവിധ്യവത്ക്കരിച്ചുകൊണ്ട്, മഹത്വവത്ക്കരിക്കുന്നതിനോടൊപ്പം യൂദാസിനെയും മഗ്ദലന മറിയത്തെയും കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കുന്നുമുണ്ട് ... ... യേശു സ്ത്രീകള്‍ക്ക് നല്‍കുന്ന കേന്ദ്രസ്ഥാനത്തെ ഇവ ഉറപ്പിക്കുന്നു." ലേഖകന്‍ പരാമര്‍ശിക്കുന്ന മഗ്ദലന മറിയത്തിന്റെ, പത്രോസിന്റെ, ഫിലിപ്പിന്റെ, യൂദാസിന്റെ, തോമസിന്റെയൊക്കെ സുവിശേഷങ്ങള്‍ ഒരു കാലത്ത് ഉപയോഗത്തിലിരുന്നുവെന്നും ഈ കൃതികളിലൊന്നുപോലും രചിച്ചത് സൂചിതയായ/സൂചിതനായ വ്യക്തിയല്ലെന്നും ഗ്രഹിക്കണമെങ്കില്‍, സുവിശേഷഗ്രന്ഥരൂപീകരണത്തിന്റെ രീതിയും ചരിത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഡോ. നാലുപറയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, യേശുവിന്റെ ഭൌമികജീവിതം സുവിശേഷങ്ങളായി പരിണമിച്ചതിന്റെ ചരിത്രഗതി നാം അറിഞ്ഞിരിക്കേണ്ടതാണ്. 

ശാസ്ത്രീയ രീതികള്‍ അനുസരിച്ചുള്ള ബൈബിള്‍പഠനം കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. മൂല കൃതികളെ അതിസൂക്ഷ്മമായി വിശകലനം ചെയ്തും, അവയില്‍ ഉപയോഗിച്ചിരുന്ന ഭാഷാശൈലി, സാഹിത്യരൂപങ്ങള്‍ എന്നിവയെ അപഗ്രഥിച്ചും, രചനയുടെ കാലം, കര്‍ത്താവ് അല്ലെങ്കില്‍ കര്‍ത്താക്കള്‍ ആര് എന്നിവ കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. തത്ഫലമായി, അതുവരെ മുറുകെപിടിച്ചിരുന്ന പല നിഗമനങ്ങളേയും ചോദ്യംചെയ്യാന്‍ ശാസ്ത്രബോധവും സത്യസന്ധതയുമുള്ള ഗവേഷകര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഉദാഹരണത്തിന്, താന്‍ യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു, യേശു സവിശേഷമായി സ്നേഹിച്ചിരുന്നവനായിരുന്നു എന്നൊക്കെ നാലാമത്തെ സുവിശേഷകര്‍ത്താവ് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതില്‍ സത്യമില്ല എന്നതാണ് വസ്തുത. ആ കൃതിയുടെ ഉദ്ഭവത്തിന് നാല്പതു വര്‍ഷം മുമ്പെങ്കിലും തന്റെ സഹോദരന്‍ യാക്കൊബിനോടൊപ്പം യേശു ശിഷ്യനായിരുന്ന യോഹന്നാന്‍ വധിക്കപ്പെട്ടിരുന്നു. ഈ സുവിശേഷമാകട്ടെ, ഒരു ദൈവജനത്തിന്റെ നീണ്ട ധ്യാനമാണ്, അല്ലാതെ, കൃതിയുടെ ഏറ്റവുമൊടുവില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, "യേശുവിന്റെ ചെയ്തികളില്‍ ചിലതു മാത്രമാണ് താന്‍ കുറിച്ചിരിക്കുന്നത്" എന്നതിലെ വാച്യാര്‍ത്ഥം അസ്ഥാനത്താണ്. ചരിത്രബന്ധിതമായതൊന്നും ഈ സുവിശേഷം ഉള്‍ക്കൊള്ളുന്നില്ല എന്നാണ് പണ്ഡിതമതം. ഒടുവിലത്തെ അത്താഴവേളയിലേതായി നാം വായിക്കുന്ന യേശുവിന്റെ ഹൃദയസ്പര്‍ശിയായ, അതിസുന്ദരമായ ആ സംഭാഷണം അതേവിധം നടന്നതല്ല. ഒരു രാത്രിയിലവിടുന്ന് നിക്കദെമുസുമായി നടത്തിയ സംസാരവും പൊള്ളുന്ന വെയിലത്ത് ഒരു കിണറിന്റെ അരികിലിരുന്ന് ഒരു സമേരിയക്കാരി സ്ത്രീയുമായി ഉണ്ടായ ചര്‍ച്ചയുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെ ഗ്രന്ഥകര്‍ത്താക്കള്‍ പിന്നീട് നെയ്തെടുത്ത ഭാവനാസൃഷ്ടികളാണ്. അതുപോലെ കാനായിലെ കല്യാണവിരുന്നില്‍വച്ച് യേശു വെള്ളം വീഞ്ഞാക്കിയതും കുരിശിന്റെ ചുവട്ടില്‍ നിന്ന യോഹന്നാനെയും മറിയത്തെയും പരസ്പരം ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് സംസാരിക്കുന്നതുമൊക്കെ തഥൈവ. - നല്ല ഭാവനകള്‍. പക്ഷേ, ഒന്നുണ്ട്; ഈ ഗ്രന്ഥകര്‍ത്താവിനെപ്പോലെ ഒരിക്കല്‍ യേശുവിനെ ക്രിസ്തുവായി ഉള്ളില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, ഇവയെല്ലാം സംഭവ്യവും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി കാണുവാന്‍ സാധിക്കും. ആത്മാവിനെ വിളിച്ചുണര്‍ത്തുന്ന ആഴമായ ഉള്ക്കാഴ്ച്ചകളായി യേശുവചനങ്ങളെ അനുഭവിച്ചറിയുക എങ്ങനെയെന്ന് തിരിച്ചറിഞ്ഞ ഒരാളാണ് ഫാ. ബോബിജോസ് കട്ടിക്കാട്ട്. അദ്ദേഹത്തിന്‍റെ രീതിയാണ് നമുക്കും സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി. 

ഈ കാഴ്ചപ്പാടാണ് അതിപ്രധാനം. അതായത്, പുതിയനിയമ ഗ്രന്ഥങ്ങളില്‍ ഒരൊറ്റ വരിപോലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റിയല്ല, മറിച്ച്, അവയെല്ലാം നാഥനും രക്ഷകനുമായി വിശ്വാസികളുടെയുള്ളില്‍ രൂപമെടുത്ത ക്രിസ്തുവിനെപ്പറ്റിയാണ്. ഈ മാറ്റം സംഭവിക്കുന്നതോ, അദ്ദേഹത്തിന്‍റെ മരണശേഷം മാത്രവും. ഇത്രയുമംഗീകരിക്കാനായാല്‍ സുവിശേഷങ്ങളില്‍ കാണുന്ന പരസ്പര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ചിത്രീകരണങ്ങള്‍ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ വായനക്കാരനെ ശല്യപ്പെടുത്തുകയില്ല. കാരണം, ഐതിഹ്യരൂപത്തിലുള്ള സാഹിത്യ സംരംഭത്തില്‍ അതൊക്കെ അനുവദനീയമാണ്. യേശുവിന്റെ ജനനത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളൊക്കെ കാല്പനികങ്ങളാണ്. ദൃക്സാക്ഷികളുടെയോ കേട്ടുകേഴ്വിയുടെയോ യഥാതഥാ വിവരണങ്ങളുമായി ഏതെങ്കിലും ബന്ധം അവയില്‍ തിരയേണ്ടതില്ല. ആദ്യക്രിസ്ത്യാനികള്‍ തങ്ങളുടെ എതിരാളികളായിത്തീര്‍ന്ന യഹൂദരെ ആശയപരമായി നേരിടുന്നതിനും യേശുവിന്റെ പ്രബോധനങ്ങള്‍ എതിര്‍ജാതീയരില്‍ എത്തിക്കുന്നതിനുമായി വേണ്ടിയിരുന്നതൊക്കെ യഥാര്‍ത്ഥ ചരിത്രസമയത്തില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്ന് പോലും, വേര്‍പെടുത്തി ഈ കൃതികളില്‍ തിരുകി ചേര്‍ത്തിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.

സഭ അംഗീകരിച്ച സുവിശേഷങ്ങള്‍ പോലും അവയുടെ ആദ്യരൂപത്തിലല്ല ഇന്ന് നാം വായിക്കുന്നത്. യഹൂദരോട് പക്ഷപാതം കാണിക്കുന്ന, അന്യ ജാതികളെ താഴ്ത്തിക്കെട്ടി വിവേചനം നടത്തുന്ന ധാരാളം ഭാഗങ്ങള്‍ അവയിലുണ്ടായിരുന്നു. സഭ വികസിച്ചതോടെ, ഗ്രീക് ഭാഷക്കാരുടെയും റോമാക്കാരുടെയും മറ്റും എണ്ണം കൂടിവന്നു.  മേല്‍പ്പറഞ്ഞതരം ജാതിസൂചനകള്‍ ഒരു കീറാമുട്ടിയായി തിരിച്ചറിഞ്ഞ ഗ്രന്ഥകര്‍ത്താക്കള്‍ അതൊന്നു മയപ്പെടുത്താന്‍ ചില മിനുക്കുപണികള്‍ ചെയ്തു. യേശു യഹൂദരുടെ മാത്രം മിശിഹായല്ലാ, പുറംജാതിക്കാരും ദൈവരാജ്യത്തിലേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് കാണിക്കേണ്ടതുണ്ടായിരുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ ഒടുവിലത്തെ ഭാഗം ഇതിലൊരു ശ്രമമാണ്. "പോയി എല്ലാ ജാതികളെയും ശിഷ്യരാക്കുക; പിതാവിന്റെയും ... നാമത്തില്‍ അവര്‍ക്ക് സ്നാപനം നല്‍കുക ..." (മ. 28, 18-20). മത്തായി തന്നെയല്ലെങ്കില്‍, മറ്റാരെങ്കിലും മനപ്പൂര്‍വ്വം  തിരുകിച്ചേര്‍ത്തതുമാകാം ഈ ഭാഗം. അതുപോലെ, ഒരു ലോകരക്ഷകനോ ദൈവപുത്രനോ ചേരാത്ത ദേശീയ തീവ്രവാദത്തെ മായിച്ചുകളയാന്‍, കുറഞ്ഞത്‌, മയപ്പെടുത്തുകയെങ്കിലും ചെയ്യാന്‍ വേണ്ടി, ഓര്‍ക്കാപ്പുറത്ത് എന്നപോലെ യേശു വിദേശീയരെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ കല്പിച്ചെടുത്തതിനുദാഹരണമാണ് റോമാക്കാരന്‍ ശതാധിപന്റെ അടിമയെ സുഖപ്പെടുത്തല്‍ ( ലൂ. 7,2 ). ശതാധിപന് വേണ്ടി യഹൂദമൂപ്പന്മാരാണ് വക്കാലത്തുമായി എത്തുന്നത്. "കര്‍ത്താവേ, നീയെന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല..." എന്ന എളിമപ്രകടനം ഭൃത്യന്മാര്‍ വഴിയാണ് ശതാധിപന്‍ നടത്തുന്നത്. "ഇസ്രായേലില്‍ പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല" എന്ന് പറഞ്ഞ്, ദൂരെനിന്ന് തന്നെ യേശു രോഗിയെ സുഖപ്പെടുത്തുന്നു. അതുപോലെ നേരിട്ട് സംഭവസ്ഥലത്ത് എത്താതെയാണ് സീറോ-ഫിനീഷ്യക്കാരിയുടെ മകളെ സുഖപ്പെടുത്തുന്നതും. ഇതൊക്കെയായിട്ടും, ചില ഭാഗങ്ങള്‍ വിജാതീയവിദ്വേഷത്തിന്റെ വിഷം ഉള്‍ക്കൊള്ളുന്നവയായി ഇന്നും അവശേഷിക്കുന്നുണ്ട്. ഉദാ: തെറ്റുകാരെ തിരുത്താനുള്ള കടമയെപ്പറ്റി പറയുന്നിടത്ത് ഉപയോഗിക്കുന്ന വാക്കുകളുടെ അവസാനഭാഗം ശ്രദ്ധിക്കുക: "... അയാള്‍ അവരെയും ചെവിക്കൊള്ളുന്നില്ലെങ്കില്‍, സഭയോട് പറയുക. അയാള്‍ സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കയാള്‍ വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ." (മ.18, 15-17). യേശുവിന്റെ കാലമാണ് ഇവിടെ യഥാര്‍ത്ഥ സന്ദര്ഭമെങ്കില്‍ , സഭയെന്നുള്ള വിവക്ഷ തന്നെ ഇവിടെ അചിന്തനീയമാണ്. അതിനര്‍ത്ഥം, സമയബോധമില്ലാതെയാണ് യേശുവിനു ശേഷം ഉരുത്തിരിഞ്ഞ സഭയിലെ ഏതോ എഡിറ്റര്‍ ഇതെഴുതിച്ചേര്‍ത്തത് എന്നല്ലേ? അപ്പോഴും പക്ഷെ, വിജാതീയര്‍ ഏറ്റവും വെറുക്കപ്പെടേണ്ടവരുടെ കൂട്ടത്തിലായിരുന്നു എന്ന് സ്പഷ്ടം.  

പലപ്പോഴും ഇങ്ങനെ വിജാതീയരെ അകറ്റി നിറുത്തിയെങ്കിലും,  ക്രിസ്തുവായി രൂപാന്തരം കല്‍പ്പിക്കപ്പെട്ട ഗുരുവിന്‍റെ രക്ഷാവലയത്തില്‍ അവരും പങ്കുചേരേണ്ടതുണ്ട് എന്ന ദൈവശാസ്ത്രപരമായ ആവശ്യം വ്യക്തമായതോടെ, ഔദ്യോഗിക രചനകള്‍ അതിനനുസരിച്ചു മാറ്റിയെഴുതേണ്ടി വന്നു. അങ്ങനെ റോമാക്കാരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചമച്ചതായിരിക്കാം പീലാത്തോസിന്റെ രംഗപ്രവേശം. യേശു നിര്‍ദോഷിയാണെന്ന്‌ അയാളെക്കൊണ്ട് പറയിപ്പിക്കുന്നതും, "സത്യമായും ഇവന്‍ ദൈവത്തിന്റെ പുത്രനായിരുന്നു" (ഒരു ദൈവപുത്രനായിരുന്നു എന്നുമാകാം എന്ന്‌ ഓശാന ബൈബിള്‍ ) എന്ന് കുരിശിങ്കല്‍ നിന്നിരുന്ന റോമന്‍ പടയാളിയെക്കൊണ്ട് ഉരുവിടുവിക്കുന്നതും ഇത്തരം പരോക്ഷലക്ഷ്യം വച്ചായിരിക്കാം. ഇവരുടെ വായില്‍ ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ചേരുന്ന വാക്യങ്ങള്‍ തിരുകുന്നതുപോലെ തന്നെ, ലോകരക്ഷകനും സവ്വജ്ഞാനിയുമായ ഗുരുവെന്ന നിലയില്‍ യേശു അരുളി ചെയ്തിരിക്കേണ്ടതെന്നു കരുതിയ "യേശുവാക്യങ്ങളും" സുവിശേഷത്തിലുടനീളമുണ്ട്. തന്റെ പ്രത്യേക ദൌത്യത്തെപ്പറ്റി ബോധവാനായിരുന്നെങ്കിലും, സ്വയം മനുഷ്യനായി മാത്രം കണ്ടിരുന്ന ഒരാളില്‍നിന്ന് ഒരിക്കലും വരില്ലാത്ത വാക്യങ്ങളാണ് "ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു" തുടങ്ങിയവ. അതായത്, സഭയുടെ നിലനില്‍പ്പിന് അവ ആവശ്യമാണെന്ന്‌ തോന്നിയപ്പോള്‍ കൂട്ടിച്ചേര്‍ത്ത ഇത്തരം വാക്യങ്ങള്‍ എത്ര വേണമെങ്കിലും സുവിശേഷങ്ങളില്‍ ഉണ്ടെന്ന കാര്യം വളരെ വ്യക്തമാണ്. ഉരുത്തിരിഞ്ഞുവന്ന സഭയുടെ ഉദ്ദേശ്യലബ്ധിക്കായി മൂലകൃതിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നു സാരം. അതുകൊണ്ട്, നിത്യേന പള്ളികളിലും മറ്റും ഉദ്ധരിക്കപ്പെടുന്ന യേശുവചനങ്ങളില്‍ പലതും സഭയുടെ സ്വന്തം വ്യാഖ്യാനങ്ങളുടെ ബലത്തിനായി പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെന്ന കാര്യം മറന്നുകൂടാ.

സത്യാന്വേഷികളെ അലട്ടുന്ന മറ്റൊരു സംഗതിയാണ് അറിയാതെ തര്‍ജ്ജമയില്‍ കടന്നുകൂടിയ തെറ്റുകള്‍ . അവയില്‍ പലതും തിരുത്താന്‍ ഓശാന ബൈബിള്‍ ശ്രമിച്ചിട്ടുണ്ട് എന്നത് അനുമോദനാര്‍ഹമാണ്. ഈ വിഷയത്തെക്കുറിച്ച് മറ്റൊരിക്കല്‍ വിശദമായി എഴുതാം എന്ന് വിചാരിക്കുന്നു.  

15 comments:

  1. സാക്കിന്റെ വെടിക്കെട്ട്‌ കണ്ടു തരിച്ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. ആദ്യം, ഇത്രയും നല്ല ഒരു ലേഖനം എഴുതിയതിനു നന്ദി പറയട്ടെ. ദാന്‍ ബ്രൌണ്‍ ഡാവിഞ്ചി കോട് എഴുതിയപ്പോള്‍ ക്രിസ്ത്യാനികള്‍ മുഴുവന്‍ ഇളകി. പ്രസിദ്ധമായ ടൈംസ്‌ മാഗസിന്‍ ഇതിനെപ്പറ്റി ഒരു ഗവേഷണം നടത്തി, എന്താണ് സത്യം എന്ന് അറിയാന്‍. അവസാനം അവര്‍ ഒരു പഠനം നടത്തി ; അവസാനം സംഗ്രഹിച്ചത് ഇങ്ങിനെ- ദാന്‍ ബ്രൌണ്‍ പറഞ്ഞ ചരിത്ര പശ്ചാത്തലം മുഴുവന്‍ ശരി. മറിയത്തെ യേശു വിവാഹം കഴിച്ചു എന്നുള്ളതിന് ദാന്‍ ബ്രൌണിന്റെ കൈയ്യില്‍ തെളിവില്ല; അങ്ങിനെയൊന്നു നടന്നില്ല എന്നുള്ളതിന് സഭക്കാരുടെ കൈയിലും തെളിവില്ല. റോമിലെ ചരിത്ര വിഭാഗ തലവനായ കര്‍ദിനാളിനെക്കൂടി കേട്ടിട്ടാണ് അങ്ങിനെയൊരു നിഗമനത്തില്‍ എത്തിയത്.
    അടുത്ത കാലത്ത് കണ്ടെത്തിയ നാഗ് ഹമാദി ചുരുളുകളും, കൊമ്രാന്‍ ചുരുള്കളുമൊക്കെ നാം കണ്ട ഭാവമേയില്ല. നാല് സുവിശേഷകരെ കൂട്ടിയിട്ടും, യേശുവിന്റെ ജിവിതത്തിലെ സുപ്രധാന പല കാര്യങ്ങളിലും ഏകാഭിപ്രായമല്ല ഉള്ളത്. ഉദാഹരണത്തിന്, ഹോസാന ഘോഷ യാത്ര കഴിഞ്ഞു അന്ന് തന്നെ ദേവാലയത്തില്‍ യേശു ദേവാലയത്തിലെ കച്ചവടക്കാരെ ഓടിചെന്നുംപിറ്റേന്നാണ് ഓടിച്ചതെന്നും ശിക്ഷ്യന്മാര്‍ പറയുന്നു. നല്ല കള്ളന്റെ കഥ എല്ലാവരും പറയുന്നില്ല......അതുപോലെ വൈരുധ്യങ്ങള്‍ നിരവധിയുണ്ട്. അതിന്റെ കാരണം മനസ്സിലാകണമെങ്കില്‍ സാക്കിന്റെ ലേഖനം വായിച്ചാല്‍ മതി.
    നല്ല ഒരു ലേഖനം പ്രസക്തമായ വിഷയം .... സാക്കിനു നന്ദി.

    ReplyDelete
  2. "ഈ കാഴ്ചപ്പാടാണ് അതിപ്രധാനം. അതായത്, പുതിയനിയമ ഗ്രന്ഥങ്ങളില്‍ ഒരൊറ്റ വരിപോലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റിയല്ല, മറിച്ച്, അവയെല്ലാം നാഥനും രക്ഷകനുമായി വിശ്വാസികളുടെയുള്ളില്‍ രൂപമെടുത്ത ക്രിസ്തുവിനെപ്പറ്റിയാണ്. ഈ മാറ്റം സംഭവിക്കുന്നതോ, അദ്ദേഹത്തിന്‍റെ മരണശേഷം മാത്രവും"Sakkariyas Nedunkanal

    I would like hear from others also.Just like simple survey.
    Would you please say " agree" or "disagree" to the above statement about bible and Jesus.
    Please.
    I disagree.

    ReplyDelete
  3. ചരിത്രകാരനായ ജോസഫ്സ് യേശുവിന്റെ കാലത്തെ ചരിത്രം പറഞ്ഞപ്പോള്‍ യേശുവിനു എന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നു ചിന്തിച്ചാല്‍ ഇതിനു ഉത്തരമാകും. സ്വന്തം സമയം ആയിട്ടില്ലെന്ന് അറിയാതെ ദേവാലയത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന യേശു, കാനയില്‍ വെള്ളം വിഞ്ഞാക്കി മാറ്റാന്‍ മടിച്ച യേശു, അല്‍പ്പം മനുഷ്യഭാവം കൂടിയുള്ളവാനായിരുന്നു എന്ന് കാനാവുന്നതെയുള്ളൂ. പക്ഷെ സാക്കിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കാനുള്ള തെളിവുകള്‍ എന്റെ കൈയില്‍ ഇല്ല , പക്ഷെ ശരിയായിരിക്കാന്‍ സാദ്ധ്യതയുണ്ട്.

    ReplyDelete
  4. എന്‍റെ മകള്‍ എന്നെ കളിയാക്കി തമാശ പറയുന്നതിന് മുന്‍പ് പറയുന്ന ഒരു വാക്കുണ്ട് . പപ്പാ no offence അതുപോലെ ഒരു നോ ഒഫെന്സ് ഞാന്‍ പറയുന്നു ആദ്യം.
    ഒരിക്കല്‍ യേശു സ്വര്‍ഗത്തില്‍ പുതിയതായി വന്ന കുറെ പേരോട് സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. അപ്പോഴാണ്‌ അല്മയശബ്ദത്തില്‍ എഴുതുന്നചിലര്‍ മരിച്ചു അവിടെ എത്തിയത്. കത്താവ് ദൂരെ നിന്ന് തന്നെ ആള്‍ക്കാരെ തിരിച്ചറിഞ്ഞു. പെട്ടന്ന് കര്‍ത്താവ് പറഞ്ഞു . -
    "ok you continue . ഞാന്‍ പോകട്ടെ. പെട്ടന്ന് കഴിച്ചിലാകുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഞാനിവിടെ നിന്നാല്‍ അവര്‍ ഞാന്‍ ഭൂമിയില്‍ വന്നപ്പോള്‍ പറഞ്ഞതും, ചെയ്തതും ഒക്കെ, സുവിഷത്തില്‍ നിന്ന് എടുത്തു വ്യാഖ്യാനം ചെയ്ത്, എന്നെ നവീകരിയ്ക്കാന്‍ നോക്കും. Please take care of them & show them the beauty of the places . ആ പിന്നെ ഞാന്‍ എവിടെ എന്ന് ചോദിച്ചാല്‍ ഇവിടെ തന്നെ ഒക്കെ ഉണ്ട് എന്ന് പറഞ്ഞേക്ക്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ. ബൈബിള്‍ വ്യാഖ്യാനം വല്ലതും പറഞ്ഞാല്‍ ശരിയാണ് എന്നങ്ങു സമ്മതിച്ചേക്ക്. തര്‍ക്കിക്കാന്‍ നില്‍ക്കണ്ട. ഇവിടത്തെ അവരുടെ ആദ്യ ദിവസം അല്ലെ. ഒരു കച്ചറയ്ക്കു നില്‍ക്കണ്ട, പുത്തരിയില്‍ കല്ല്‌ കടിച്ചു എന്ന് പറയരുതല്ലോ.. eventually ഞാന്‍ എല്ലാം പറഞ്ഞു മനസിലാക്കിക്കൊള്ളാം. ഞാന്‍ അവരെ സാവകാശം കണ്ടോളം. ഓ ക്കേ.... ആ ഒരു കാര്യം മറന്നു. ബ്ലോഗുകാര്‍ക്ക് വേണ്ടി തുടങ്ങിയ നമ്മുടെ കമ്പ്യൂട്ടര്‍ ലാബു കാണിച്ചുകൊടുത്തല്‍ മതി. അവിടെ അടങ്ങി ഇരുന്നു ബ്ലോഗില്‍ എഴുതിക്കോളും. പിന്നെ അധികം സംസാരിക്കില്ല. ഇവിടെ ആകുമ്പോള്‍ പിന്നെ ടൈപ്പ്‌ ചെയ്യണ്ടല്ലോ. ചിന്തിച്ചാല്‍ പോരെ , അതെല്ലാം അപ്പോള്‍ തന്നെ സ്ക്രീനില്‍ വരികയല്ലേ.!! അതവര്‍ക്ക് ഒരു കൌതുകം ആയിരിക്കും. പിന്നെ ... ഞാന്‍ ഇടയ്ക്കു reply ഇട്ടോളാം . ഓ... ക്കേ........അപ്പൊ എല്ലാം.... പറഞ്ഞപോലെ ."

    ReplyDelete
  5. കര്‍ത്താനിന്റെ പഠനങ്ങള്‍ കര്‍ത്താവുതന്നെ എഴുതി വെച്ചിട്ടില്ല. ക്രിസ്തു അനുയായികളില്‍ ചിലര്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ക്രിസ്തുവിനെപ്പറ്റി കേട്ടതിന്റ്റെയും പഠിച്ചതിന്റ്റെയും വെളിച്ചത്തില്‍ ലഭിച്ച അറിവുകള്‍ കൂട്ടിയിണക്കി രചിച്ച സുവിശേഷമാണ് നമുക്കിന്നുള്ളത്. പുറജാതികളില്‍നിന്നു ( gentiles ) സ്നാപനം സ്വീകരിച്ച ഒരു വ്യക്തി മാത്രമേ വിശുദ്ധഗ്രന്ഥ രചയിതാവ് ആയിട്ട് ഉള്ളു. അദ്ദേഹമാണ് ലൂക്കോസിന്റ്റെ സുവിശേഷവും അപ്പോസ്തലരുടെ പ്രവര്‍ത്തനങ്ങളും എഴുതിയത്. വിശുദ്ധ ഗ്രന്ഥ ചരിത്രകാരന്മാരുടെ നിഗമനത്തില്‍ അദ്ദേഹം പൌലോസിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്. കാരണം 1 . മനുഷ്യരുടെ പാപ പൊറുതിക്കായി യേശു കുരിശുമരണം വരിച്ചു എന്ന പൌലോസിന്റ്റെ ക്രിസ്തുശാസ്ത്രത്തെ സ്ഥാപിക്കാന്‍ ഗ്രന്ഥകാരന്‍ പരിശ്രമിച്ചിട്ടുണ്ട്. 2 . അപ്പോസ്തല പ്രവര്‍ത്തനങ്ങളിലെ 9 -ആം അധ്യായം മുതല്‍ അവസാന അധ്യായം വരെ പൌലോസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെ കാണുന്നുള്ളൂ. മത്തായി, മാര്‍ക്കോസ് , യോഹന്നാന്‍ എന്നീ മൂന്നു സുവിശേഷങ്ങല്‍ക്കുശേഷം 90 -കളിലാണ് ലൂക്കോസ് തന്റ്റെ സുവിശേഷവും അപ്പോസ്തലരുടെ പ്രവര്‍ത്തനങ്ങളും എഴുതിയത്. സാക് പറഞ്ഞപോലെ ഇതൊന്നും അക്ഷരാര്‍ത്ഥത്തില്‍ എടുക്കാന്‍ സാദ്ധ്യമല്ല. ഓരോരുത്തരുടെയും മനോഗതംപോലെയും പ്രത്യേക അജണ്ട വച്ചും എഴുതിയതെന്നെ സുവിശേഷത്തെക്കുറിച്ച് അനുമാനിക്കാനാകു. സുവിശേഷത്തെ നമുക്ക് ഒരു മാര്‍ഗദര്‍ശിയായി കാണാം.

    ReplyDelete
  6. പാപ്പാരായി അല്‍മായശബ്ദം എഴുത്തുകാരെ കളിയാക്കാതെ പ്രതികരിക്കൂ ജോണ്!!! എന്തിനാണ് എഴുത്തുകാരെ സ്വര്‍ഗത്തിലേക്ക് കയറ്റുന്നത്? അവര്‍ക്കും കുടുംബങ്ങള്‍ ഉള്ളതല്ലേ?

    ചരിത്രപരമായ യേശുവിനേക്കാള്‍ വിശ്വാസത്തിലെ യേശുവല്ലേ സുന്ദരന്‍? കലാകാരന്‍ വരച്ച സുന്ദരനായ യേശുവിന്റെ ചിത്രം സത്യമോ? ജീവിച്ചിരുന്ന യേശുവിന്റെതോ? കലാകാരന്റെ ഭാവനയെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും. യേശുവില്‍ക്കൂടി ഞാന്‍ കലയെയും സ്നേഹിക്കുന്നു. ഒരു പക്ഷെ ചരിത്രത്തിലെ യേശു റഷ്യയിലെ റാസ്‌പുട്ടിനെപ്പോലെ വിരൂപം ആയിരിക്കാം. രൂപവും വിരൂപവും ദൈവത്തിന്റെ രൂപങ്ങളാണെങ്കിലും അറിഞ്ഞുകൊണ്ട് ചരിത്രത്തിലെ വിരൂപനായ യേശുവിനെ ആരാധിക്കുവാനും ബുദ്ധിമുട്ടാണ്. ഇതെല്ലാം ഒരു വിശ്വാസം. വിശ്വാസം കാത്തു രക്ഷിക്കട്ടെ.

    ചരിത്രത്തിലെ യേശുവിനെ കണ്ടുമുട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദികാലങ്ങളില്‍ സുവിശേഷങ്ങള്‍ വിശുദ്ധഗ്രന്ഥമായി കണക്കാക്കിയിരുന്നില്ല. യേശുവിന്റെ കഥകള്‍ കാലത്തിനനുസരിച്ചും യുക്തിക്കനുസരിച്ചും എന്നും മാറികൊണ്ടിരുന്നു. ജോണിന്റെയും മാര്‍ക്കിന്റെയും പുസ്തകങ്ങളില്‍ വിശുദ്ധ ഗര്‍ഭത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. പോളിന്റെ ലേഖനങ്ങള്‍ പരസ്പര വിരുദ്ധങ്ങളായതുകൊണ്ടു ഒന്നില്‍ കൂടുതല്‍ പേര്‍ എഴുതിയിരിക്കുവാനാണ് സാധ്യത. ഓരോരുത്തരുടെയും വിശ്വാസം മാറുന്നതനുസരിച്ചു യേശുവിനെപ്പറ്റിയുള്ള ഭാവനകളിലും മാറ്റങ്ങള്‍ വരുന്നു.

    യേശു ഒരു മനുഷ്യവ്യക്തി എന്നതിനേക്കാള്‍ വിശ്വാസികളുടെ മനസ്സിന്റെ ഒരു ഭാവനാദൈവം ആണ്. ഈ ദൈവത്തിനെ ആരോ രക്തവും മാംസവും കൊടുത്തു സൃഷ്ടിച്ചു. വചനം മാംസമായി എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥവ്യാപ്തി ചിലപ്പോള്‍ അളക്കാന്‍ പാടില്ലാത്ത ദൂരത്തില്‍ ആയിരിക്കും. ഇത്തരം അമാനുഷികമായ ചിന്തകള്‍ ചരിത്രപരമായ യേശുവിനു വിരോധാഭാസമാണ്.
    വിശ്വസിക്കുന്ന ചരിത്രമല്ലാത്ത യേശു ആത്മാവിന്റെ തേജസ്സാണ്. യേശുവിനെ മനുഷ്യഭാവന കൊടുത്തു ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ദൈവം ആക്കിയതു റോമ്മാക്കാര്‍ ആണ്.

    ആല്‍ബര്‍ട്ട് സ്ക്യൂവെറ്റ്സര്‍ പറഞ്ഞത് " നസ്രത്തില്‍ ഒരു യേശു ഉണ്ടായിരുന്നില്ല" എന്നാണ്. യഹൂദര്‍ അങ്ങനെ ഒരു യേശു ജനിച്ചിട്ടില്ലായെന്നും വിശ്വസിക്കുന്നു. യേശു മാംസവും രക്തവുമെന്നു വിശ്വസിക്കുന്നവരെ മൂഢന്മാരെന്നും യഹൂദര്‍ പരിഹസിച്ചിരുന്നു. അങ്ങനെ വിശ്വസിക്കുന്നവരെ മത നിന്ദകരായും യഹൂദര്‍ കരുതി.

    പോളിന്റെ സുവിശേഷം അശരീരിയില്‍ കൂടിയുള്ള അനുഭവങ്ങളാണ്. പോളിന്റെ ഹൃദയത്തില്‍ ആത്മാവിന്റെ വചനങ്ങള്‍ വന്നത് ചരിത്രമായിട്ടല്ല . പോള്‍ യേശുവും ആയി ഒന്നിച്ചുജീവിച്ച ചരിത്രമല്ല സ്വന്തം അനുഭവങ്ങളാണ് സുവിശേഷത്തില്‍ വിവരിക്കുന്നതും. വെറും വിശ്വാസംമാത്രം സ്ഥിതികരിച്ചുള്ള ചരിത്രവുമാണ്.

    ചിന്തകനായ ബര്‍ട്ടന്‍റ റസ്സല്‍ പറഞ്ഞത് "യേശു ജീവിച്ചിരുന്നുവോയെന്നു ചരിത്രം വ്യക്തമായി ഉത്തരം പറയുന്നില്ല, അഥവാ ജീവിച്ചിരുന്നുവെങ്കില്‍
    യേശുവിനെപ്പറ്റിയുള്ള ചരിത്രങ്ങളില്‍ നാം അജ്ഞരാണ്" മുസ്ലിം സമുദായം യേശുവിനെ പ്രവാചകനായി കരുതുന്നു. ചരിത്രത്തിലെ ക്രൂശിതനായ യേശുവിനെ അവര്‍ വിശ്വസിക്കുന്നില്ല. മനുഷ്യനായി മരിക്കാതെ സ്വര്‍ഗത്തില്‍ പോയെന്നും അവര്‍ വിശ്വസിക്കുന്നു.

    ചിലര്‍ക്ക് യേശു ഒരു വിശ്വാസം മാത്രം. ഇങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുവാന്‍ ഈജിപ്റ്റില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും ഭാരതത്തില്‍ നിന്നും കെട്ടുകഥകള്‍ ശേഖരിച്ചു. പാലസ്ഥിനിയില്‍ ഒരു യേശു ജീവിച്ചെന്നും ജീവിച്ചില്ലെന്നും പറയുക അസാധ്യമാണ്. സുവിശേഷത്തില്‍ യേശു ഏതു വര്ഷം ജീവിച്ചിരുന്നുവെന്നും എന്നു പ്രേഷിത ജോലി ചെയ്തെന്നും പറയുന്നില്ല.

    ജീവിക്കുന്ന ചരിത്രപുരുഷന്‍ ദൈവമാണെന്ന് തെളിയിക്കുവാന്‍ സത്യാസായി ബാവയെപ്പോലെ അമാനുഷ്യമായ അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തു
    വിശ്വസിപ്പിക്കണോ? ഇതു യേശുവിനെ ഒരു യോഗിക്കൊപ്പം തരം താഴ്ത്തുന്ന കഥയാണ്.

    ReplyDelete
  7. "പാപ്പാരായി അല്‍മായശബ്ദം എഴുത്തുകാരെ കളിയാക്കാതെ പ്രതികരിക്കൂ ജോണ്!!! എന്തിനാണ് എഴുത്തുകാരെ സ്വര്‍ഗത്തിലേക്ക് കയറ്റുന്നത്? അവര്‍ക്കും കുടുംബങ്ങള്‍ ഉള്ളതല്ലേ?"
    It was a self goal by myself.Fun is fun for fun, by funny people, for fun-loving people.
    Sometimes my imagination go haywire. please bear with me.Here I am in forefront of all in giving my own interpretation compared to others.

    ReplyDelete
  8. ഇതൊക്കെ ഒരു പരിധിയില്‍ കൂടുതല്‍ ശരിയാണ്. ബൈബിള്‍ എഴുത്തുകാരുടെ അഭിപ്രായവും, തര്‍ജിമാപിശാകും, പകര്‍ത്തിയെഴുതിയപ്പോഴുള്ള തെറ്റും , ഭാവനയില്‍നിന്നും കൂട്ടിചേര്‍ത്തതും ഒക്കെ അതേപടി വിശ്വസിക്കുന്നില്ല. എങ്കിലും തിരുവചനത്തിന്റെ മൂല ആശയത്തോട് നേരെ വിഭിന്നമായി ഒന്നും തന്നെയില്ല. ചിലത് അങ്ങിനെ തോന്നാമെങ്കിലും പലപ്പോഴും , എല്ലാം തന്നെ പ്രധാനാശയത്തോട് ഒത്തുപോകുന്നതാണ്.

    അതുപോലെ പൌരോഹിത്യത്തെ എതിര്‍ക്കുവാന്‍ വചനം സ്വീകാര്യമാകുന്ന , നമ്മുക്ക് പൌരോഹിത്യത്തെ പറ്റി (ഇന്നത്തെ പുരോഹിതരുടെ പ്രവര്‍ത്തികളല്ല) പറയുമ്പോള്‍ , വചനം അസ്വീകാര്യമാകുന്നതെങ്ങനെയെന്നു , ആലോചിച്ചു വിഷമിക്കയാണ് ഞാന്‍.

    ReplyDelete
  9. It is important to make clear that John himself was the author of the Gospel. Here are two early references which show this:

    1. From the anti-Marcionite Prologues to the Gospels (dated late 2nd century):
    “The Gospel of John was published and given to the churches by John when he was still in the body, as a man of Hierapolis, Papias by name, John’s dear disciple, has related in his five Exegetical books.”

    2. Irenaeus quoting Polycarp says:
    “John, the disciple of the Lord, who leaned back on his breast, published the Gospel while he was resident at Ephesus in Asia…”

    ReplyDelete
  10. ചില ആധുനിക സുവിശേഷ വിമര്‍ശകര്‍ സുവിശേഷങ്ങളിലെ ചില കല്പനികതയുടെയോ കൂട്ടി ചേര്ക്കലുകളുടെയോ പേരില്‍ അവയെ അവിശ്വസനീയം എന്നും ആധികാരികം അല്ല എന്നും വിധിക്കാറുണ്ട്. എന്നാല്‍ ആരും ഒരിക്കലും ഇന്നേ വരെ ഒരു classical biography (ആധുനിക ലോകത്തല്ലാതെ )ചരിത്രപരമായി ഒരു ടേപ്പ് റെക്കോര്‍ഡിലോ വീഡിയോ ടെപ്പിലോ രേഖപ്പെടുത്തിയ രീതിയില്‍ അവതരിപിച്ചിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ അന്ത സത്തയും ജീവിതവും കണ്ടത്തി അറിയാവുന്നത് പറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഇന്ന് ബില്‍ ക്ലിന്റനെ കുറിച്ച് അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എഴുതുന്ന biography യും ഒരു political critic എഴുതുന്ന biography യും അവര്‍ ഊന്നിപ്പറയുന്ന കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും അദ്ദേഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ ആയിരിക്കും ചര്‍ച്ച ചെയ്യുക. അത് പോലെ മാത്രമേ വിവിധ സുവിശേഷങ്ങളില്‍ യേശുവിനെ കുറിച്ചുള്ള വ്യത്യസ്തമായ വശങ്ങള്‍ കാണാന്‍ കാരണം. അവ ഒരിടത്തും contradictory അല്ല. വ്യത്യാസം വൈരുധ്യം എന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ നാല് സുവിശേഷങ്ങളും അടിസ്ഥാന കാര്യങ്ങളില്‍ പരസ്പര പൂരകം ആണ് എന്ന് കാണാം. രേഖപ്പെടുത്തപ്പെട്ട വസ്തുതകളെക്കാള്‍ യോഹന്നാന്‍ തിരിച്ചറിഞ്ഞതും അദ്ദേഹ്ഹത്തിനു വെളിപ്പെടുത്തപ്പെട്ടതുമായ ഒരു യേശുവിനെ ആണ് അവതരിപ്പിയ്ക്കുന്നത്. യേശുവെന്ന സത്യം യോഹന്നാന്‍ തനിക്കു അറിയാവുന്ന പോലെ പറഞ്ഞു. യോഹന്നാന്റെ അനുഭവത്തില്‍ യേശു വഴിയും സത്യവും ജീവനും ആണ്. ജോണ്‍:14 -16 . യോഹന്നാന്റെ സുവിശേഷം തുടങ്ങുന്നത് തന്നെ ഇത്തരം ഉള്ള താത്വിക ദൈവശാസ്ത്ര പരമായ ആമുഖത്തോടെ ആണ് . ജോണ്‍:1 :1 ..."ആദിയില്‍ വചനം ഉണ്ടായിരുന്നു , വചനം ദൈവത്തോട് കൂടെ ആയിരുന്നു , വചനം ദൈവം ആയിരുന്നു , അവന്‍ മൂലം എല്ലാം ഉണ്ടായി , അവനെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല ... ഇവിടെ യേശു ഈ കാര്യം കൃത്യമായി ഈ വാചകങ്ങള്‍ ഉപയിഗിച്ചു പറഞ്ഞോ എന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല. യോഹന്നാന്‍ അദ്ദേഹം അറിഞ്ഞ യേശുവിനെ അദ്ദേഹത്തിന്റെ അറിവും വാചകങ്ങളും ഉപയോഗിച്ച് അവതിര്‍പ്പിക്കുന്നു എന്നതാണ് സത്യം. യോഹന്നാന്റെ അനുഭവത്തില്‍ യേശു വഴിയും സത്യവും ജീവനും ആണ് എന്നതാണ് യോഹന്നാനു പറയാനുള്ളത് . ഇവിടെ ഈ പറഞ്ഞതൊക്കെ ആണ് യേശു എന്ന് യോഹന്നാന്‍ പറയുന്നു. യോഹന്നാന്‍ പറഞ്ഞതൊന്നും കാല്പനികതയ നുണയോ ആവാന്‍ തരമില്ല. ഇവിടെ എഴുതുന്ന യോഹന്നാന്‍- അവതരിപ്പിക്കുന്ന വ്യക്തിയെ കുറിച്ച് -അദ്ദേഹം അറിയുന്ന സത്യം - വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. മറ്റു സുവിശേകര്‍ക്ക് പ്രാധാന്യം തോന്നാത്ത പലതും യോഹന്നാനെ സംബന്ധിച്ച് പ്രാധാന്യം ഉള്ളതായിരുന്നു.പത്രോസ്‌ മാത്രമേ പറഞ്ഞുള്ളൂ നീ ജീവനുള്ള ദൈവത്ത്ന്റെ പുത്രനായ മിശിഹ ആണെന്ന്. അത് പത്രോസിന്റെ മാത്രം അറിവായിരുന്നു അദ്ദേഹം അത് പറഞ്ഞ സമയത്ത്. മറ്റുള്ളവര്‍ അത് പറയാത്തത് കൊണ്ട് പത്രോസ്‌ പറഞ്ഞത് തെറ്റും ഭാവനയും കൂട്ടിച്ചേര്‍ക്കലും ആണ് എന്ന് പറയാനാവുമോ? ഇല്ല ;എന്ന് തന്നെ ആണ് യുക്തി. ശിഷ്യന്മാരില്‍ തോമസ്‌ മാത്രമല്ലേ കണ്ടാലെ വിശ്വസിക്കൂ എന്ന് വാശിപിടിച്ചത്. ശ്ലീഹന്മാരില്‍ പത്രോസ് മാത്രമല്ലേ കാല് കഴുകിയപ്പോള്‍ സമ്മതിക്കാത്തതും എന്നാല്‍ അറിയില്ല എന്ന് തള്ളിപ്പറഞ്ഞതും. ബാക്കി എല്ലാവരും പേടിച്ചു മാറി നിന്നപ്പോള്‍ യോഹന്നാന്‍ മാത്രമല്ലേ കുരിശിന്‍ ചുവട്ടില്‍ കൂടെ ഉണ്ടായിരുന്നുള്ളൂ. നാലു പേരും ഒരു വ്യത്യാസവും വരുത്താതെ എഴുതിയിരുന്നെങ്കില്‍ അത് അവര്‍ പ്ലാന്‍ ചെയ്തു എഡിറ്റു ചെയ്തു കൂട്ടിയും കിഴിച്ചും എഴുതിയതാണ് എന്ന് വരുമായിരുന്നു എന്നാണു എനിക്ക് തോന്നുന്നത് . നാലു സുവിശേഷങ്ങള്‍ വ്യത്യസ്തം ആണ് എന്നത് തന്നെ ആണ് അതിന്റെ ആധികാരികത വെളിപ്പെടുത്തുന്നത്. സഭ മാറ്റി. എഴുതി , കൂട്ടിച്ചേര്‍ത്തു എന്ന് പറയുന്നതിലും യുക്തി കാണുന്നില്ല. സഭയ്ക്കങ്ങിനെ മാറ്റി എഴുതണം എന്നുണ്ടെങ്കില്‍ യാതൊരു പിഴവും ഇല്ലാതെ റോമ സഭാധികാരികളുടെ കോട്ട കൊത്തളങ്ങളില്‍ ആരുടേയും ചോദ്യം ചെയ്യലുകള്‍ ഇല്ലാതെ അവരുടെ ബുദ്ധിജീവികള്‍ക്ക് സാധിക്കുമായിരുന്നല്ലോ. നാലു സുവിശേഷങ്ങളും എഡിറ്റ്‌ ചെയ്തു കുറ്റം ഇല്ലാത്ത ഒറ്റ സുവിശേഷം ആക്കി അവതരിപ്പിയ്ക്കാംആയിരുന്നു വേണമെങ്കില്‍ .ആധുനിക കാലത്ത് അങ്ങനെ ചെയ്തവര്‍ ആണല്ലോ യഹോവ സാക്ഷികളും മോര്‍മോണ്‍ വിഭാഗക്കാരും മറ്റും.

    ReplyDelete
  11. മാത്യുവും ലൂക്കൊസ്സും രേഖപ്പെടുത്തിയിരിക്കുന്നത്, ചരിത്രത്തിലെ വിവാദ പുരുഷനായ യേശുവിന്റെ വംശാവലിചരിത്രം രണ്ടു വിത്യസ്ത രൂപത്തിലാണ്. (Matthew 1:2-17 and Luke 3:23-38). ഇവര്‍ ജോസഫിന്റെ അപ്പന്‍ ആരെന്നു പരസ്പര വിരുദ്ധമായി, യോജിക്കാതെ പറഞ്ഞിരിക്കുന്നു.

    സഭ ഇവിടെ കൃത്രിമം കാണിക്കുവാന്‍ നോക്കുന്നുണ്ട്. ലൂക്ക് പറഞ്ഞിരിക്കുന്ന
    വംശാവലി മേരിയുടെതെന്നും ജോസഫിന്റെതല്ലെന്നു വാദം ഉണ്ട്. ലൂക്ക് തന്നെ ജോസഫിന്റെ വംശാവലിയെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. മത്തായി സുവിശേഷ ത്തില്‍ ജോസഫിന്റെ പിതാവ് യാക്കോബും ലൂക്കിന്റെ സുവിശേഷത്തില്‍ ജോസഫിന്റെ പിതാവ് ഹേലിയുമാണ്.

    "യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി"

    പുതിയ നിയമത്തില്‍ ജോസഫിന്റെ വംശാവലി എന്തിന്? കന്യകയില്‍നിന്നു ജനിച്ച യേശു ജോസഫിന്റെ രക്തത്തില്‍ നിന്നുള്ളതല്ല. പിന്നെ എങ്ങനെ പൌലോസ് പറയുമ്പോലെ ദാവീദിന്റെ വിത്താകും. ദാവിദിന്റെ വംശത്തില്‍ ജനിച്ചില്ലെങ്കില്‍ പ്രവചനം പൂര്‍ത്തിയാകുമോ?.

    യഹൂദര്‍ വംശാവലി ചരിത്രം എഴുതുമ്പോള്‍ പിതാക്കാന്‍മാരുടെതാണ്‌ എഴുതുക. അതുമല്ല സ്ത്രീയുടെ ബീജം (egg) കണ്ടു പിടിച്ചതും പതിനെട്ടാം നൂറ്റാണ്ടില്‍ ആണ്. രണ്ടു കാര്യങ്ങളില്‍ സഭയ്ക്ക് ഉത്തരം ഇല്ല. 1. ലൂക്കിന്റെയും മത്തായിയുടെയും രണ്ടു വിധത്തില്‍ ഉള്ള വംശാവലി ചരിത്രം.

    2.യേശു എങ്ങനെ ദാവിദിന്റെ പുത്രന്‍ ആകുമെന്നുള്ള വിവരണം.

    പൌലോസ് അപ്പോസ്റ്റൊലന്‍ പറയുന്നു യേശു ദാവിദിന്റെ വംശാവലിയില്‍ ജനിച്ചു.? എങ്ങനെ? മേരിയുടെ ഉദരത്തിലെ ബീജം കണക്കാക്കിയോ? മേരിയുടെ എന്ന് വാദിക്കുന്നവര്‍ അര്‍ഥമില്ലാത്ത വാദഗതികള്‍ ശരിയെന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുകയാണ്.

    ReplyDelete
    Replies
    1. യേശുവിന്റെ വംശാവലിയില്‍ ആദത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട് .ആദം ഒരു ചരിത്ര പുരുഷന്‍ പോലുമല്ല.പക്ഷെ സുവിശേഷകര്‍ക്ക് പഴയനിയമ വംശാവലി ആവശ്യം വന്നത് കൊണ്ട് അവര്‍ ആദത്തെ കൂടി കൂട്ടി എന്ന് വേണം കരുതാന്‍.ഏതായാലും യേശു സ്വയം ആദത്തിന്റെ കാര്യം പറയുന്നില്ല. യേശു തന്നെ പറയുന്നുണ്ട് താന്‍ ദാവീദിന്റെ പുത്രന്‍ അല്ല എന്ന്. മൂന്നു സുവിശേഷകരും ഈ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്.
      മാത്യു 22 :41 -46 "
      മാര്‍ക്കോസ് 12 :35 -37
      ലൂക്കാ: 20 : 41 -44
      "ഫരിസേയര്‍ ഒരുമിച്ചു കൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്ത് വിചാരിക്കുന്നു.? അവന്‍ ആരുടെ പുത്രന്‍ ആണ് ? ദാവീദിന്റെ . എന്ന് അവര്‍ പറഞ്ഞു.അങ്ങിനെ എങ്കില്‍ ദാവീദ് ആത്മാവില്‍ പ്രചോതിനായി അവനെ കര്‍ത്താവ് എന്ന് വിളിക്കുന്നത്‌ എങ്ങിനെ. അവന്‍ പറയുന്നു കര്‍ത്താവ് എന്‍റെ കര്‍ത്താവിനോടു അരുളിച്ചെയ്തു; ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീടം ആക്കുവോളം നീ എന്‍റെ വലതു ഭാഗത്ത് ഇരിക്കുക.ദാവീദ് അവനെ കര്‍ത്താവ് എന്ന് വിളിക്കുന്നെങ്കില്‍ അവന്‍ അവന്റെ പുത്രന്‍ ആകുന്നതു എങ്ങിനെ?അവനോടു ഒരു വാക്ക് പോലും ഉത്തരമായി ഒരു വാക്ക് പോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല"
      യഹൂദ വിശ്വാസം അനുസരിച്ച് ദാവീദിന്റെ വംശാവലിയിലാണ് ക്രിസ്തു ജനിക്കുക എന്ന് വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ആ ഒരു ബന്ധം യേശുവിനു ഇല്ല എന്നും ദാവീദിന് മുന്‍പേ ഉള്ള കര്‍ത്താവാണ് താന്‍ എന്നും യേശു സ്ഥാപിക്കുന്നതായാണ് ഇവിടെ കാണുന്നത്. ശ്രീ പടന്നമാക്കല്‍ പറഞ്ഞ പോലെ വംശാവലി തീര്‍ച്ചയായും യഹൂദരെ ഉദ്ദേശിച്ചു സുവിഷകരുടെ സംഭാവനയാണ് എന്നത് ഇത് വ്യക്തമാക്കുന്നു. യേശു തന്നെ നിഷേധിച്ച ഒരു കാര്യം സുവിശേഷത്തിന്റെ ആദ്യ ഭാഗത്ത് യഹൂദരുടെ വിശ്വാസപ്രകാരം എഴുതി ചേര്‍ത്തതാകാം എന്ന് അനുമാനിക്കാം. യേശു തന്നെ താന്‍ ദാവീദിന്റെ പുത്രന്‍ അല്ല എന്ന് പറയുമ്പോഴും സുവിശേഷകര്‍ക്ക് ദാവീദിനെ ഒഴിവാക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ സത്യത്തില്‍ യേശു ദാവീദിന്റെ പുത്രന്‍ അല്ല എന്നാണു യേശു പറഞ്ഞത്. അതായത് താന്‍ ദാവീദിന്റെ വംശത്തില്‍ പിറന്നവന്‍ അല്ല എന്ന് വ്യക്തമാക്കി. ഇത് വയിരുധ്യം എന്നതിലുപരി സുവിശേഷകര്‍ യേശുവിനെ ആരായി അവതരിപ്പിക്കാന്‍ ആഗ്രഹിച്ചു എന്നതാണ്. അതെ സമയം തന്നെ യേശു എന്ത് പറഞ്ഞു എന്നത് വംശാവലി വിവരണത്തിന് വിരുദ്ധം ആണെങ്കില്‍ പോലും അവര്‍ നീക്കിക്കളഞ്ഞും ഇല്ല. ഇത് തന്നെ തെറ്റായ തിരുത്തല്‍ നടന്നില്ല എന്നതിന് ഒരു തെളിവല്ലേ.
      ദാവീദിന്റെ വംശാവലിയില്‍ ഉള്ള യൌസേപ്പിന്റെ മകന്‍ എന്ന് പറഞ്ഞതില്‍ പൂര്‍ണമായും തെറ്റില്ല. കാരണം ദാവീദിന്റെ വംശാവലിയില്‍ പിറന്ന ജോസഫിന്റെ പുത്രന്‍ ആയി ആണ് യേശുവിനെ എല്ലാവരും കണ്ടിരുന്നത്‌.(Matthew 1:2-17 and Luke 3:23-38). ഒരാള്‍ ഒരാളുടെ മകന്‍ എന്ന് കരുതപ്പെടുമ്പോള്‍ അയാളുടെ വംശം അറിയപ്പെടുന്ന പിതാവിന്റെ വംശാവലിയില്‍ പെട്ട ആളാണ്‌ എന്ന് സാങ്കേതികമായ അര്‍ഥത്തില്‍ പറയാം. ഇവിടെ രക്ത ബന്ധം വേണം എന്ന് നിര്‍ബന്ധം ഇല്ല. ദത്തു എടുക്കപ്പെടുന്ന കുട്ടികള്‍ ഇപ്പോഴും മാതാവിന്റെയോ പിതാവിന്റെയോ കുടുംബപ്പേരില്‍ ആണല്ലോ അറിയപ്പെടുന്നത്. പിന്നെ അന്നത്തെ കാലത്ത് genetics science വളര്‍ന്നിട്ടും ഇല്ലല്ലോ.
      ജോസഫിന്റെ sperm യേശുവിന്റെ ജനനത്തിനു ആവശ്യം വന്നില്ലെങ്കില്‍ മറിയത്തിന്റെ ovum വും വേണമെന്നില്ല. sperm ആവശ്യമില്ലാത്ത ഒരു ജനനത്തിനു മറിയത്തിന്റെ ovum വേണ്ടിയിരുന്നില്ല എന്നാണു ഏന്റെ വ്യക്തിപരമായ നിഗമനം. ദൈവത്തിനു ഒന്നും അസാധ്യം അല്ല എന്ന് വിശ്വസിക്കുന്ന എനിക്ക് അങ്ങിനെ അനുമാനിക്കാന്‍ ബുദ്ധിമുട്ടില്ല എന്ന് തന്നെ അല്ല അതാണ്‌ കൂടുതല്‍ യുക്തി. ഒന്നുകില്‍ രണ്ടും വേണ്ടി വന്നു അല്ലെങ്കില്‍ രണ്ടും വേണ്ടി വന്നില്ല. ഏതായാലും മറിയത്തിന്റെ ovum വേണ്ടി വന്നു എന്ന് തെളിയിക്കാന്‍ യാതൊരു വഴിയും ഇല്ല. കൂടാതെ ovum ഉം വേണം ജനനത്തിനു എന്ന് ഇതെഴുതിയ കാലത്ത് അവര്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് sperm ന്റെ കാര്യം മാത്രം സൂചിപ്പിച്ചത് . 2000 വര്ഷം കഴിഞ്ഞു നമ്മള്‍ ഇതൊക്കെ ചുഴിഞ്ഞു നോക്കും എന്ന് അവരും കരുതിക്കാണില്ല അല്ലെ.

      Delete
  12. എണ്ണമറ്റ വിരുദ്ധോക്തികള്‍ സുവിശേഷഗ്രന്ഥങ്ങളിലുണ്ട്. അതിന് കാരണം വ്യത്യസ്ത സമൂഹങ്ങളുടെ ആവശ്യാനുസരണം വ്യത്യസ്ത ലക്ഷ്യങ്ങളോടെ എഴുതപ്പെട്ടവയാണ് അവ എന്നതാണ്. യഹൂദരില്‍ നിന്ന് വന്ന ക്രിസ്ത്വാനുയായികള്‍ക്ക് യേശു ദാവീദിന്റെ ഗോത്രത്തില്‍പെട്ടവനും കാലങ്ങളായി അവര്‍ കാത്തിരുന്ന മിശിഹായുമാണ്‌. ആ ഉദ്ദേശ്യത്തോടെ മത്തായി യേശുവിന്റെ പിതൃത്വം പിന്നോട്ട് ദാവീദു വരെ തിരഞ്ഞുപോകുന്നു. എന്നാല്‍ അതിനായി അദ്ദേഹം പുറപ്പെടുന്നത്, യേശുവിന്റെ അച്ഛനായി കരുതാത്ത ജോസെഫില്‍ നിന്നാണ് താനും!

    നേരേ മറിച്ച്, പൌലോസിന്റെ ശിഷ്യനായിരുന്ന ലൂക്കാ, വേറൊരു സൂത്രം പ്രയോഗിക്കുന്നു. അദ്ദേഹമെഴുതിയത് പുറംജാതിക്കാരില്‍ നിന്ന്, വിശേഷിച്ച്, ഗ്രീക്ക് വംശജരില്‍നിന്ന് എത്തിയവര്‍ക്കായിട്ടായിരുന്നു. അതുകൊണ്ട് പാരമ്പര്യത്തിന് വിലകല്പ്പിക്കാതെ, കന്യാജനനംവഴി യേശുവിന്റെ ദൈവപുത്രസ്ഥാനം സ്ഥാപിക്കുകയാണ് അദ്ദേഹം. അവിടെയും യുക്തി വല്ലാതെ പിഴക്കുന്നുണ്ട്. കാരണം, ദൈവികപിതൃത്വത്തിന് പകരം ലൂക്കാ ചെന്നെത്തുന്നത് ആദാമിലാണ്! ആദാമിന്റെ സന്തതികളുടെ രക്ഷകന് അവരുമായി ബന്ധം വേണമെന്നതാണല്ലൊ പ്രധാനം. സത്യത്തില്‍, യുക്തി ഈ എഴുത്തുകാരെ അലട്ടിയിരുന്നേയില്ല. അനുയായികളുടെ വിശ്വാസമുറപ്പിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അതുപോലെതന്നെ മറിയത്തിന്റെ കന്യകത്വമോ മറ്റ് സവിശേഷതകളോ ഒന്നും ആദിമസഭയില്‍ ആര്‍ക്കും തര്‍ക്കവിഷയങ്ങളായിരുന്നില്ല. സുവിശേഷഗ്രന്ഥങ്ങളെത്തന്നെ അവഗണിച്ചുകൊണ്ട് കാലാന്തരേണ ഉടലെടുത്തതാണ് മറിയത്തിന്റെ അതിമാനുഷവ്യക്തിത്വം. ഉദാഹരണത്തിന്, മത്തായിയും മാര്‍ക്കും സംശയലേശമില്ലാതെ യേശുവിന്റെ സഹോദരി-സഹോദരന്മാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. (മ. 13,55; മാ. 6,3) യാക്കൊബിനെപ്പറ്റി സമകാലികനായിരുന്ന പോള്‍ വ്യക്തമായി "യേശുവിന്റെ സഹോദരന്‍" എന്നെടുത്ത് പറയുന്നുണ്ട്. (ഗ ലാ. 1,19) ചരിത്രകാരനായ ജോസെഫും "മിശിഹായെന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരങ്ങളെ"പ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇതൊക്കെയിരിക്കെത്തന്നെ, മറിയത്തെ നിത്യകന്യകയാക്കുന്നു, പില്‍ക്കാല സഭ. ഈ പോക്കിനെ എതിര്‍ത്തവര്‍ അന്നുമുണ്ടായിരുന്നു. 383 ല്‍ ഹെല്വിദിയൂസ് എന്നൊരാള്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. അത്തരക്കാരെ സഭാപിതാക്കള്‍ ശപിച്ചു പുറത്താക്കി. അന്ധവിശ്വാസത്തോളമെത്തുന്ന ലൈംഗികവിദ്വേഷം വച്ചുപുലര്‍ത്തിയിരുന്ന വി. ജെറോം ആയിരുന്നു ഇവരില്‍ പ്രധാനി. ദാമ്പത്യബന്ധത്തെ പോലും മ്ലേശ്ചമായി കണ്ട ഇത്തരക്കാര്‍ക്ക് മറിയം വീണ്ടും ഗര്‍ഭം ധരിച്ചു എന്ന് സങ്കല്പ്പിക്കുക പോലും പാപമായിരുന്നു! മേല്‍പ്പറഞ്ഞ സഹോദര-സഹോദരീ സൂചനകളെ അവര്‍ യേശുവിന്റെ അകന്ന ബന്ധത്തില്‍ പെട്ടവവരുടേതായി വിശദീകരിച്ചു. സന്താനലബധി ദൈവാനുഗ്രഹമായി കരുതിയിരുന്ന യഹൂദസമൂഹത്തില്‍പ്പെട്ടവരായിരുന്നല്ലോ ജോസെഫും മറിയവും. ആ നഗ്നസത്യം പോലും പരമശുദ്ധ സഭാപിതാക്കള്‍ വിസ്മരിച്ചു. കഥയുടെ ഉദ്ദേശ്യത്തെ സാധൂകരിക്കാന്‍ വേണ്ടി 'പുത്രനെ പ്രസവിക്കുംവരെ അവളുമായി അയാള്‍ സംഗമിച്ചില്ല' (മ. 1,25) എന്ന കുറിപ്പ്, 'അവര്‍ തമ്മില്‍ പിന്നീട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല' എന്ന് ഒത്തിരിയങ്ങുനീട്ടി വ്യാഖ്യാനിക്കാന്‍ ഇവര്‍ ഒരു മടിയും കാണിച്ചില്ല!

    ReplyDelete
  13. പടന്നമാക്കലും മറ്റുള്ളവരും ‍അല്‍മായ ശബ്ദത്തിന് വേണ്ടി ഉപയോഗിക്കുന്ന സമയവും കഴിവും അറിവും ക്ഷമയും പ്രത്ത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.ഒരു കാര്യത്തില്‍ ഏറെക്കുറെ യോജിപ്പിലെത്തി. കാനാന്‍കാരിയും, പിശാശു ബാധിതനും, അന്ധനും , എന്നെപ്പോലെ വേദപരിഞാനമില്ലാത്ത സാധാരണക്കാരും ,ഒക്കെ ധാവീധുപുത്രാ എന്ന് പറഞ്ഞത് തിരുവചനം എന്ന് ധരിച്ചാല്‍ അത് ബൈബിളിലെ തെറ്റല്ല മറിച്ച് നമ്മള്‍ മനസിലാക്കിയത്തിലെ തെറ്റാണ്.
    ജോണ് പറഞ്ഞതും ശരിയാണ് യേശു എന്നും ധാവീധു പുത്രന്‍ എന്നാ സ്ഥാനം തള്ളിക്കളഞ്ഞിരുന്നു. നെടുങ്കനാലിന്റെ
    ഒരു വരി ഏവരും മനസിലാക്കിയിരുന്നെങ്കില്‍ " പത്തു കല്പനകളോ ,ചുരുക്കിയ രണ്ടുകല്‍പ്പനകളോ അനുസരിച്ചാല്‍ , മനുഷ്യന്റെ കടമ തീര്‍ന്നു."
    ധാവീധു പുത്രാ എന്നുള്ള ചില ഭാഗങ്ങള്‍ താഴെ , അതില്‍ വേദം അറിയുന്ന ആരും തന്നെയില്ല.

    Matthew 1:1 The book of the genealogy of Jesus Christ, the Son of David, the Son of Abraham:
    Matthew 1:20 But while he thought about these things, behold, an angel of the Lord appeared to him in a dream, saying, "Joseph, son of David, do not be afraid to take to you Mary your wife, for that which is conceived in her is of the Holy Spirit.
    Matthew 9:27 . When Jesus departed from there, two blind men followed Him, crying out and saying, "Son of David, have mercy on us!"
    Matthew 12:23 And all the multitudes were amazed and said, "Could this be the Son of David?"
    Matthew 15:22 And behold, a woman of Canaan came from that region and cried out to Him, saying, "Have mercy on me, O Lord, Son of David! My daughter is severely demon-possessed."
    Matthew 20:30 And behold, two blind men sitting by the road, when they heard that Jesus was passing by, cried out, saying, "Have mercy on us, O Lord, Son of David!"
    Matthew 20:31 Then the multitude warned them that they should be quiet; but they cried out all the more, saying, "Have mercy on us, O Lord, Son of David!"
    Matthew 21:9 Then the multitudes who went before and those who followed cried out, saying: "Hosanna to the Son of David! 'Blessed [is] He who comes in the name of the LORD!' Hosanna in the highest!"
    Matthew 21:15 But when the chief priests and scribes saw the wonderful things that He did, and the children crying out in the temple and saying, "Hosanna to the Son of David!" they were indignant
    Mark 10:47 And when he heard that it was Jesus of Nazareth, he began to cry out and say, "Jesus, Son of David, have mercy on me!"
    Mark 10:48 Then many warned him to be quiet; but he cried out all the more, "Son of David, have mercy on me!"
    Mark 12:35 . Then Jesus answered and said, while He taught in the temple, "How [is it] that the scribes say that the Christ is the Son of David?
    Luke 18:38 And he cried out, saying, "Jesus, Son of David, have mercy on me!"
    Luke 18:39 Then those who went before warned him that he should be quiet; but he cried out all the more, "Son of David, have mercy on me!"
    Luke 20:41 . And He said to them, "How can they say that the Christ is the Son of David?

    ReplyDelete
  14. " ദാവീദിന്റ്റെ പുത്രാ " എന്ന് യേശുവിനെ ജനങ്ങള്‍ വിളിച്ചത് യേശു ജോസെപ്പിന്റെ മകന്‍ എന്ന് സ്വാഭാവികമായി ധരിച്ചതുകൊണ്ടാണ്. ജോസപ്പ് ദാവീദിന്റ്റെ ഗോത്രത്തില്‍ പെട്ടവനാനല്ലോ.

    ReplyDelete