Translate

Tuesday, August 14, 2012

ഏദനിലെ പാതിരിപ്പാമ്പ്


                                                                                             
                                                                                             സാമുവല്‍ കൂടല്‍

        ഇന്ന് സ്വാതന്ത്ര്യദിനമാണ്. ഇന്ത്യയില്‍ കത്തോലിക്കരൊഴികെ എല്ലാവരും വിദേശാധിപത്യത്തില്‍ നിന്ന് സ്വതന്ത്രരായ മഹാദിവസം! എന്നാല്‍ ഇന്ത്യയിലെ കത്തോലിക്കന് സ്വാതന്ത്ര്യം മരണാനന്തരം മാത്രമേയുള്ളു. അതുവരെ വിവരമില്ലാത്ത പുരോഹിതവര്‍ഗ്ഗത്തിന്റെ വെറും അടിമകളായി, ആടുകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. സ്വന്തം ഭാര്യയെ പുണരുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നതുവരെ വത്തിക്കാന്‍ നിയന്ത്രണത്തിലായ ഒരുകൂട്ടം തുണിയുടുത്ത ആടുകള്‍ ! മുജ്ജന്മപാപം മൂലം കത്തോലിക്കാ കുടുംബ ങ്ങളില്‍ വന്നു പിറന്ന ആത്മാക്കളേ, ലോകരക്ഷകനായ ക്രിസ്തുവിനും നിങ്ങളെ രക്ഷിക്കാനായില്ലല്ലൊ!

        കഴിഞ്ഞദിവസം ചാനലിലൂടെ ചങ്ങനാശേരിയില്‍ ഒരു മഹാപുരോഹിതന്‍, ക്രിസ്തുവിന്റെ അയല്‍ക്കാരനെ സ്‌നേഹിക്ക എന്നതു തിരുത്തി അയല്‍ക്കാരനായ കത്തോലിക്കനെ മാത്രം സ്‌നേഹിക്ക, അകത്തോലിക്കര്‍ തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍ എന്ന പഴയ ബ്രാഹ്മണചൊല്ല് ഓര്‍മ്മിപ്പിക്കും വിധം, കത്തോലിക്കരുടെ വിവാഹങ്ങള്‍ അന്യവിഭാഗ ക്രിസ്തീയരോട് അരുത് എന്ന് കല്‍പ്പിച്ചതായി വാര്‍ത്ത വന്നതു കണ്ടു! അവനെ കുരിശിക്ക എന്ന് പീലാത്തോസിന്റെ അരമനയില്‍ ക്രിസ്തുവിനെ ക്രൂശിക്കാന്‍ ആര്‍പ്പുവിളിച്ചവര്‍ ഈ ളോഹകളേക്കാള്‍ എത്ര ഭേദം? പിതാവേ നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ ഇവരും നമ്മില്‍ ഒന്നാകേണ്ടതിന്നു തന്നെ എന്ന് നൊന്തു പ്രാര്‍ത്ഥിച്ച് അദൈ്വതം ഉത്‌ഘോഷിച്ച നസ്രായന്റെ പ്രതിപുരുഷന്മാര്‍ ഇത്ര നീചമായ ദൈ്വതവാദം മുഴക്കുന്നത് കാലത്തിനു പൊറുക്കാനാവാത്ത മഹാപാതകം തന്നെയാണ്. ക്രിസ്തുവിന്റെ സ്‌നേഹം എന്തെന്നറിയാത്ത, അവന്റെ തിരുവചനങ്ങളുടെ മൂല്യങ്ങളെ മലിനീകരിക്കുന്നവരേ, നിങ്ങള്‍ക്ക് ഹാ! കഷ്ടം.     

        ചങ്ങനാശേരിളോഹ പോലെ മറ്റു സഭാളോഹകളും പുലമ്പിയാല്‍ ഇവിടെ എങ്ങനെ കാല്‍വരിക്കുരിശ് മഹത്വപ്പെടും ? എക്യൂമിനിസം പ്രസംഗിക്കുന്ന കപട വേഷക്കാരേ, നിങ്ങളെ മനസ്സിലാക്കാന്‍ ഈ കംപ്യൂട്ടര്‍ യുഗത്തിന് ഇത്ര താമസമോ! വേഗം മനസ്സിലാക്കും. നിങ്ങളാകുന്ന വൈറസ് ഓരോ മനസ്സുകളില്‍ നിന്നും വേഗം ക്ലീന്‍ചെയ്ത് നീക്കം ചെയ്യും നിശ്ചയം.
വിവാഹം, ഇവരുടെ പള്ളി രജിസ്റ്ററില്‍ മാത്രം ഒപ്പിട്ടതുകൊണ്ടു മതിവരാതെ എന്റെ ഇളയ മകന്‍ വീണ്ടും സര്‍ക്കാരിന്റെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിവാഹരേഖ ഉണ്ടാക്കിയത് ഇവിടെ ഓര്‍മ്മിക്കുന്നു. കത്തനാരുടെ രേഖ സര്‍ക്കാരുകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ എന്തിന് പള്ളിയില്‍ കല്യാണവും പാഴ്‌ചെലവും എന്നു ചിന്തിക്കുന്ന കാലം വരുന്നു, ഇതാ വന്നിരിക്കുന്നു. ജനനം,വിവാഹം, മരണം ഈ മൂന്നിനും പള്ളിയുടെ രേഖകളേക്കാളും അതാതു സര്‍ക്കാരുകളുടെ രേഖകളാണ് ലോകത്തിനു വേണ്ടതെങ്കില്‍ നാമെന്തിന് പാതിരുയുടെ പിറകേ പോകണം, എന്ന് തലമുറകള്‍ തലകൊണ്ടാലോചിക്കണം. തൊപ്പിവെച്ചാല്‍ പോലീസിനു വീര്യം കൂടുന്നതുപോലെ ളോഹയിട്ടാല്‍ പാതിരി, പാതിരിപ്പാമ്പാകുന്നത് ദൈവനിഷേധം തന്നെ (ഏദനിലെ പാമ്പുപോലെ ദൈവകല്‍പ്പനകളെ ഇല്ലാതെയാക്കി വഞ്ചനകളായ സ്വന്തം ഫോര്‍മുലകള്‍ ജനങ്ങളുടെ മനസ്സിലേക്ക് വിഷമെന്നോണം കുത്തിവെയ്ക്കുക). തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുന്നതിനു പകരം അന്യോന്യം ദ്വേഷിക്കാനും വെറുക്കാനും ശിലിപ്പിക്കുകയാണ് ഈ സാത്താന്റെ വേഷക്കാര്‍ ചെയ്യുന്നത്. കാലമിവരെ പാതിരിപ്പാമ്പുകളെന്നേ ഇനിയും വിളിക്കുകയുള്ളു. മനനമുള്ള ദൈവമക്കള്‍ ഇവരുടെ തല പാമ്പിന്റേതെന്നതുപോലെ തകര്‍ക്കുന്ന കാലം വരുന്നു.
സ്‌നേഹം പഠിപ്പിക്കാത്ത പുരോഹിതനും പാസ്റ്ററും സഭകളും എന്റെ കര്‍ത്താവിന്റെ സഭകളല്ല. സത്യം സത്യം സത്യം. കാലമേ, ഈ ചതി തിരിച്ചറിയൂ. വിശുദ്ധ മത്തായി 6 : 5 -ല്‍ ക്രിസ്തു പഠിപ്പിച്ചതുപോലെ പ്രാര്‍ത്ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകാതെയിരിക്കുക. പകരം ഹൃദയങ്ങളുടെ ഉള്ളറകളില്‍ അവനെ സ്വയം കണ്ടെത്തുവാനായി ഇന്ദ്രിയങ്ങളാകുന്ന വാതിലുകളടച്ച് ധ്യാനം ചെയ്യാന്‍ ശീലിക്കൂ. ദൈവത്തെ ഉള്ളില്‍ കണ്ടെത്തിയവന്, ഉള്ളിലറിഞ്ഞവന് എന്തിന് പള്ളിയും പാതിരിയും പാസ്റ്ററും ? കാല്‍വരിക്കുരിശ് നിങ്ങളുടെ ഈ ഗതികേട് കണ്ട് വിലപിക്കുന്നു.... കാതോര്‍ക്കുക ..... മിശിഹാ മൊഴിയുന്നു മകനേ, വകതിരിവിനെ കാത്തുകൊള്‍ക എന്ന്.

        പള്ളി ഒരു സ്‌നേഹാലയമാകട്ടെ, എങ്കിലെ അത് ദേവാലയമാകൂ! സ്‌നേഹമില്ലെങ്കില്‍ പിന്നേതുമില്ല, സ്‌നേഹമാണീശന്റെ ഭാഷ! കേള്‍ക്കൂ... ഇന്നു മുതല്‍ ഓരോ മനുഷ്യനും താനാരുടേയും മനസ്സിന്റെ അടിമയല്ല എന്നോര്‍ക്കട്ടെ. നസറായന്റെ വചനങ്ങളെ മാനിക്കാത്ത ഏതു ളോഹയും ഡ്രാക്കുള വേഷങ്ങള്‍ ആണെന്നും ഓര്‍ത്തിരിക്കുക. മനുഷ്യാ, നീ സ്വതന്ത്രനാകൂ യേശു നിന്നെ വിളിക്കുന്നു. പാതിരിയുടെ പാഴ്‌വേലികള്‍ പൊളിച്ചു മാറ്റൂ . ആടുകളല്ല നിങ്ങള്‍ സ്വര്‍ഗ്ഗസ്ഥതാതന്റെ അരുമസന്താനങ്ങളാണ് ഓരോ മനുഷ്യനും എന്നു കരുതി തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുക. അയല്‍ക്കാരനെ സ്‌നേഹിക്കുക പാതിരിയെ വെറുക്കുക(അവര്‍ ദൈവമുള്ളവരാകുന്നതു വരെ). മാനസാന്തരപ്പെടൂ പൂരോഹിതാ, കാലം നിന്നെ വെറുക്കുന്നു. ചാട്ടവാറിനു പകരം അനര്‍ത്ഥങ്ങളുമായി അവന്‍ വീണ്ടും ദേവാലയങ്ങളില്‍ എത്താറായി, ഭക്തിയെ കച്ചവടം ചെയ്യുന്ന നിങ്ങളെ..... കണ്ണേ മടങ്ങുക !

കലഞ്ഞൂര്‍
 15 ഓഗസ്റ്റ്, 2012 

No comments:

Post a Comment