Translate

Sunday, August 5, 2012

ദൈവപൈതൃകം



(ബൈബിള്‍വാക്യങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ എന്ന പോസ്റ്റിന്റെ പ്രതികരണമായി യേശുവിന്റെ വംശാവലിയിലെ അസംബന്ധം പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. വേദഗ്രന്ഥങ്ങള്‍ യുക്തിഭദ്രമായി എന്നതിലുപരി, പ്രതീകാത്മകമായി മനസ്സിലാക്കാന്‍ കഴിഞ്ഞാലേ ആത്മീയോത്കര്‍ഷത്തിനു സഹായകമാകൂ. അതു വ്യക്തമാക്കുമാറ് എനിക്കു ലഭിച്ച ഒരു ഉള്‍ക്കാഴ്ചയാണ് ആറേഴു വര്‍ഷം മുമ്പ് എഴുതിയ ഈ കവിതയിലുള്ളത്.)

''യേശുവിന്‍ കഥ ചൊല്ലിത്തുടങ്ങവെ
യേശുവിന്റെ വംശാവലി, നാമവും
വേദപുസ്തകത്താളിലുണ്ടെങ്കിലും
വേദ്യമായിടുന്നീലെനിക്കിങ്ങവ!

ജോസഫിന്‍ പുത്രനല്ലാത്ത യേശുവിന്‍
വംശമേതാണു? കന്യകാമേരിതന്‍
സൂനുവായൊരെമ്മാനുവേലിന്റെ പേര്‍
യേശുവെന്നായതെങ്ങനെ? പേരതു
ജോസഫിട്ടതെന്നാണല്ലൊ ബൈബിളില്‍!
ജോസഫിട്ട പേര്‍ വേണമോ ബൈബിളില്‍?

എന്തയുക്തികമാ,യസംബന്ധമായ്
അന്ധവിശ്വാസമിങ്ങുറപ്പിക്കുമാ-
റിങ്ങു ദൈവമെന്താണു തന്‍ വാക്കുകള്‍
തങ്ങിടാനിടയാക്കിയീ ഭൂമിയില്‍?''

''വിശ്വമേ തന്‍ കുടുംബമാക്കേണ്ട നാം
വംശമാഹാത്മ്യമെല്ലാം മറന്നിടാന്‍
വിശ്വസിക്കേണ്ട സത്യമോതീടുവാന്‍
യേശുവിന്നസംബന്ധമാം പൈതൃകം!
ദൈവമാണേകതാത, നിങ്ങേവരും
ദൈവപുത്രരാണെന്നതും വിശ്വസി-
ച്ചിങ്ങു സോദരസ്‌നേഹം വളര്‍ത്തണം
എന്നു ചൊല്ലുവാന്‍ യേശു വന്നൂഴിയില്‍!!

രക്ഷതന്‍ മന്ത്രമത്രെ'യെമ്മാനുവേല്‍'
രക്ഷ ദൈവമുണ്ടൊപ്പമെന്നോര്‍ക്കുവോര്‍-
ക്കുള്ളതെങ്ങിന്നു ചൊന്നവന്‍ യേശു, നാം
ഇങ്ങു വിശ്വസിക്കേണമാ വാക്കുകള്‍:

ജീവിതത്തിലിങ്ങാധികള്‍ വ്യാധിയായ്
ജീവിതാസക്തി പോലുമേ രോഗമായ്
മാറിടാതിരുന്നീടുവാന്‍ പാലകന്‍
താതനൊപ്പമുണ്ടെന്നറിഞ്ഞീടണം!
സോദരര്‍ സ്‌നേഹമോടെ ജീവിക്കിലേ
താതനാ പരിപാലനമായിടൂ!!

2 comments:

  1. വി. ബൈബിളില്‍ എവിടെയൊക്കെയാണ് വൈരുധ്യങ്ങള്‍ ഉള്ളതെന്നതിനെപ്പറ്റി നിരവധി സൂചനകള്‍ അല്മായാ ശബ്ദത്തില്‍ വന്ന അഭിപ്രായങ്ങളിലൂടെ ആര്‍ക്കും അറിയാവുന്നതെയുള്ളൂ. ഞാന്‍ മുമ്പും സൂചിപ്പിച്ച അതെ അഭിപ്രായം തന്നെ ശ്രി. ജോസ് ആന്റണി കവിതയിലൂടെ പറഞ്ഞിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങളെ കുരുക്കഴിച്ചു കഴുകി വൃത്തിയാക്കി വേവിച്ചു കഴിക്കണം എന്നാരെങ്കിലും കരുതിയാല്‍ അയാള്‍ എക്കാലവും പഞ്ഞം ഇരിക്കുകയെ ഉള്ളൂ. യേശു എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാന്‍ തുറക്കേണ്ടത് ഉള്‍കണ്ണുകളാണ്.
    ആ മനസ്സിലാക്കലിലൂടെ മാത്രമേ സ്നേഹമാകുന്ന യേശുവിന്റെ സാമ്രാജ്യത്തില്‍ എത്തിച്ചേരാനും കഴിയൂ. ഇത്തരം കൊച്ചു കൊച്ചു നല്ല കവിതകള്‍ ഇനിയും പിറക്കട്ടെയെന്നു ആശംസിക്കുന്നു.

    ReplyDelete
  2. വെറും ഒരു സെക്കന്റ് നേരത്തെയായിപ്പോയി റോഷന്റെ കമ്മെന്റ്. അത് വായിച്ചപ്പോള്‍ എന്റേത് ആദ്യം ചെന്നിരുന്നെങ്കില്‍ എന്നൊരു സ്വാര്‍ത്ഥത തോന്നി. എന്താ ചെയ്ക! അതുകൊണ്ട്, അത് തന്നെ മറ്റ് വാക്കുകളില്‍ ഞാന്‍ കുറിക്കേണ്ടിവരുന്നു.

    ഇടയ്ക്കിടയ്ക്ക് കവിതയെഴുതുന്ന അസുഖം എനിക്കുമുണ്ട്. എന്നാലും കവിതാരൂപത്തില്‍ കാണുന്നതൊക്കെയും വായിക്കാന്‍ എനിക്ക് ജിജ്ഞാസ തോന്നാറില്ല. പലപ്പോഴും ആളും തരവും നോക്കി ചിലതെല്ലാം എന്നാലും വായിക്കും. അപ്പോഴെല്ലാംതന്നെ സ്വയം ചോദിക്കേണ്ടിവരുന്നു, ഇതൊക്കെ ഗദ്യത്തിലങ്ങു കുറിച്ചാലും എന്തായിരുന്നു വ്യത്യാസം എന്ന്. കവിതാരൂപത്തില്‍ പറഞ്ഞും എഴുതിയും ഒരാശയം വേറൊരാളുടെ നമസ്സില്‍ പതിപ്പിക്കാന്‍ കഴിവുള്ളവര്‍ വിരളമാണ്. തന്നെയല്ല, ഗദ്യത്തില്‍ കാണുന്നതിലും ഒഴുക്കും വായനാസുഖവും കവിതയില്‍ ഇല്ലെങ്കില്‍ അത് കവിതയെന്ന പേരിനു അര്‍ഹതയുള്ളതായി കാണേണ്ടതില്ല എന്നാണ് എന്റെ എളിയ അഭിപ്രായം. മുകളില്‍ വായിക്കാവുന്ന കവിതയെപ്പറ്റി മാത്രമല്ല ഞാനിത് പറയുന്നത്. പൊതുവേ പറയേണ്ട ഒരു വാസ്തവമാണിത്. അതേ സമയം ചിലരുടെ ഗദ്യത്തില്‍ പോലും ഇടയ്ക്കിടയ്ക്ക് കാവ്യാത്മകത അനുഭവപ്പെടും. എനിക്ക് തോന്നുന്നത്, ആശയം അത്രമേല്‍ ഉള്‍ക്കൊണ്ട ശേഷം ഭാഷാസ്വാധീനമുള്ള ഒരാള്‍ അനായാസമായി എഴുതുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്‌ എന്നാണ്.

    ഇനി, ജോസാന്റണി പ്രകടിപ്പിച്ചിരിക്കുന്ന ആശയത്തോട് എനിക്കൊട്ടും വിയോജിപ്പില്ല. അതിലെ ഉള്‍ക്കാഴ്ച ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയേയുള്ളൂ. പഴയനിയമത്തിലെ പത്തു ദൈവകല്‍പ്പനകള്‍ യേശു നല്‍കിയ വെറും രണ്ടേരണ്ടു കല്പ്പനകളിലേയ്ക്ക് ചുരുക്കി മനസ്സിലാക്കാനും ജീവിക്കാനും സാധിക്കാത്ത ആരും, അവര്‍ എത്ര ചരിത്രപരമായും ഭാഷാപരമായും വിശകലനം ചെയ്ത് ബൈബിള്‍ പഠിച്ചാലും അതിലെ ഒരു വാക്യത്തിന്റെ പോലും അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ പോകുന്നില്ല.

    ReplyDelete