Translate

Saturday, August 4, 2012

കേരളത്തിലെ ക്രിസ്ത്യാനികള്ക്ക് എന്തു സംഭവിച്ചു?

ന്യൂ ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ഔട്ട്‌ലുക്ക്' എന്ന ഇംഗ്ലീഷ് മാസികയുടെ അടുത്ത കാലത്തിറങ്ങിയ ഒരു ലക്കത്തിലെ കവര്‍‌സ്റ്റോറി കേരളത്തിലെ ക്രൈസ്തവസഭകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെക്കുറിച്ചായിരുന്നു. കവര്‍‌സ്റ്റോറി കൂടാതെ രണ്ടു അഭിമുഖങ്ങളുടെ റിപ്പോര്‍ട്ടുകളും സക്കറിയയുടെ ഒരു ലേഖനവും ഇതേ ലക്കത്തില്‍ ഉണ്ടായിരുന്നു. ഈ ലേഖനങ്ങളെയും റിപ്പോര്‍ട്ടുകളെയും ആസ്പദമാക്കി മറുനാടന്‍ മലയാളി എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനമാണ് ചുവടെ. മറുനാടന്‍ മലയാളി/ഔട്ട്‌ലുക്ക് ലേഖനങ്ങളുടെ ലിങ്കുകള്‍ ഈ ലേഖനത്തിന്റെ അവസാനം കൊടുക്കുന്നു.

കേരളത്തിലെ സഭാനേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രമുഖ മാഗസിനായ ഔട്ട്‌ലുക്ക്. സഭയ്ക്കും സഭാപ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സ്വാധീനമുള്ള കേരളത്തിലെ ആശ്രമങ്ങളിലും മറ്റിടങ്ങളിലുമുള്ള വൈദികര്‍ നയിക്കുന്നത് വഴിവിട്ട ജീവിതങ്ങളാണെന്ന രൂക്ഷമായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ഔട്ട്‌ലുക്ക് വാരികയുടെ ഏറ്റവും പുതിയ ലക്കം പുറത്തിറങ്ങിയത്.

കത്തോലിക്കാസഭയില്‍നിന്നും പുറത്തുവന്നവരുടെ പുസ്തകങ്ങളിലെ കാര്യങ്ങളും വിമര്‍ശകരുടെ വാക്കുകളും ഉയര്‍ത്തിപ്പിടിച്ച് ഔട്ട്‌ലുക്ക് നടത്തുന്ന വിമര്‍ശനം കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. സിസ്റ്റര്‍ മേരി ചാണ്ടിയുടെ ''നന്മ നിറഞ്ഞവളേ സ്വസ്തി'', സിസ്റ്റര്‍ ജസ്മിയുടെ ''ആമേന്‍'', ഫാ. ഷിബു കാളമ്പറമ്പിലിന്റെ ''ഒരു വൈദികന്റെ ഹൃദയമിതാ'' എന്നീ പുസ്തകങ്ങളിലെ കാര്യങ്ങള്‍കൂടി നിരത്തിയാണ് ഔട്ട്‌ലുക്ക് രൂക്ഷമായ ഭാഷയില്‍ സഭയെ വിമര്‍ശിക്കുന്നത്. അതേസമയം ഏകപക്ഷീയമായി കേരളത്തിലെ ക്രിസ്ത്യന്‍സഭയെ കടന്നാക്രമിക്കുന്നതാണ് ഔട്ട്‌ലുക്കിന്റെ കവര്‍ സ്റ്റോറിയെന്ന ആക്ഷേപം ഇപ്പോള്‍തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ഔട്ട്‌ലുക്കിന് വേണ്ടി മിനു ഇട്ടി ഐപ്പാണ് കവര്‍‌സ്റ്റോറി തയ്യാറാക്കിയത്. സഭ പുറന്തള്ളിയവരെ കൂട്ടുപിടിച്ചാണ് മാഗസിന്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ഇവര്‍ സഭക്കെതിരായി ഉന്നയിച്ച ആരോപണങ്ങളെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് മാഗസിന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പണ്ട് നക്‌സല്‍കേന്ദ്രമായിരുന്ന വയനാടിന്റെ തിരുദേവാലയങ്ങളുടെ പിന്നാമ്പുറകഥകളാണ് സിസ്റ്റര്‍ മേരി ചാണ്ടിയുടെ പുസ്തകത്തില്‍ പറയുന്നത്. സഭയിലെ വൈദികരുടെ വഴിവിട്ട കഥകളും ഗര്‍ഭിണികളാകുന്ന കന്യാസ്ത്രീകളുടെ ജീവിതങ്ങളുമാണ് സിസ്റ്റര്‍ പച്ചയ്ക്ക് എഴുതുന്നത്. സഭയില്‍നിന്നും പുറത്തായി പതിനാലുവര്‍ഷത്തിനുശേഷമാണ് 67 വയസുള്ള സിസ്റ്ററുടെ പുസ്തകം പുറത്തുവരുന്നത്. കോഴിക്കോട്ടെ ചേവായൂരിലായിരിക്കുമ്പോഴാണ് ഇവര്‍ സഭ വിടുന്നത്. എന്നാല്‍, സിസ്റ്റര്‍ മേരി ഒരു സഭയിലും അംഗമായിരുന്നില്ലെന്നായിരുന്നു കത്തോലിക്കാസഭയുടെ പെട്ടെന്നുള്ള പ്രതികരണം. വയനാട്ടിലെ വിശ്വാസികളോട് സിസ്റ്ററുമായി സഹകരിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

''ഒരിക്കല്‍ ബാത്ത്‌റൂമില്‍നിന്നു കരച്ചില്‍ കേട്ടപ്പോഴാണ് ഓടിച്ചെന്നത്. കതകു തകര്‍ത്ത് അകത്തുകടന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരു കന്യാസ്ത്രീ അപ്പോഴുണ്ടായ കുഞ്ഞിനെ ക്ലോസറ്റിലിട്ട് കൊല്ലാന്‍ ശ്രമിക്കുന്നതായിരുന്നു കണ്ടത്. ആരുടെയും ഹൃദയം തകര്‍ന്നുപോകുന്ന രംഗം. കുട്ടിയെ താന്‍ ഉടന്‍ നെഞ്ചോടു ചേര്‍ത്തെങ്കിലും മറ്റുള്ളവര്‍ എതിരാകുകയായിരുന്നു.'' അതെന്തിന് എന്ന് മനസിലായില്ലെന്ന് സിസ്റ്റര്‍ മേരി പറഞ്ഞു. ഒരിക്കല്‍ തന്നെ കടന്നുപിടിക്കാന്‍ വന്ന വൈദികന്റെ തലയ്ക്ക് സ്റ്റൂളിന് അടിക്കേണ്ടിവന്നു. അതിനുശേഷം താന്‍ കര്‍ക്കശനിരീക്ഷണത്തിലായിരുന്നു. ഇതിന് നാല്‍പതുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിസ്റ്റര്‍ സഭ വിടുന്നത്.

ഒരിക്കല്‍ ആത്മഹത്യക്കു ശ്രമിച്ച കന്യാസ്ത്രീയുടെ കഥയും ഇതില്‍ പറയുന്നു. കോണ്‍വെന്റിലേക്കു പതിവായി എത്തുന്ന വൈദികര്‍ അവിടുത്തെ കന്യാസ്ത്രീകളെ അര്‍ധരാത്രിക്കുശേഷം സമീപത്തെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടു പോകുമായിരുന്നു. ഒരിക്കല്‍ ഇങ്ങനെ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും ഇവര്‍ കതകു തുറന്നില്ല. വൈദികന്‍ വാതില്‍ പൊളിക്കുമെന്നുവരെ കരുതി. ഇതിന്റെ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ സിസ്റ്റര്‍ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. പോണ്‍ മാഗസിനുകളും അശ്ലീല സിഡികളും വൈദികരുടെയും കന്യാസ്ത്രീകളുടേയും താമസസ്ഥലങ്ങളില്‍ എത്തുന്നത് എങ്ങനെയെന്നും മേരി ചാണ്ടി തുറന്നെഴുതിയിട്ടുണ്ട്. മറ്റൊരു കന്യാസ്ത്രീ ഈ സിഡികള്‍ തനിക്കൊപ്പം ഇരുന്നു കാണണമെന്നു നിര്‍ദ്ദേശിച്ചതിനുശേഷം കരഞ്ഞുകൊണ്ട് തന്റെ അടുത്തെത്തിയ ഒരാളുടെ കഥയും സിസ്റ്റര്‍ പറയുന്നു. ആഘോഷദിവസങ്ങളില്‍ ക്രമത്തിലധികം വീഞ്ഞ് സെമിനാരികളില്‍ ഒഴുകാറുണ്ട്. വീഞ്ഞിന്റെ ലഹരിയില്‍ ആനന്ദനൃത്തങ്ങള്‍വരെ നടക്കുന്നു. ജീവിതം ആനന്ദിക്കാനുള്ളതാണെന്ന് ഒരിക്കല്‍ ഇത്തരമൊരു ''മദനോത്സവ''ത്തിനിടെ ഒരു വൈദികന്‍ തന്നോടു പറഞ്ഞതും അയാളുടെ ആവശ്യം നിരസിച്ചതിനുശേഷം ഉണ്ടായ പീഡനങ്ങളും സിസ്റ്റര്‍ മേരി ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇത്തരം സംഭവങ്ങള്‍ അത്ര പുതുമയുള്ളതല്ലെന്ന തരത്തിലാണ് ഔട്ട്‌ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച അഭയകേസാണ് മാഗസിന്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരമാണെന്ന തരത്തിലും ഔട്ട്‌ലുക്കിന്റെ പരാമര്‍ശമുണ്ട്. ഇന്നും ഇത് ഒരു സമസ്യപോലെ തുടരുന്നു. അഭയകേസ് ആത്മഹത്യയെന്നു പറഞ്ഞ് ആദ്യം ഇതു മൂടിവയ്ക്കുകയാണ് ഉണ്ടായത്. പിന്നീടു സഭയ്ക്കു പുറത്തുവന്ന സിസ്റ്റര്‍ ജസ്മിയും ''ആമേന്‍'' എന്ന തന്റെ പുസ്തകത്തിലൂടെ വൈദികരുടെ സ്വഭാവവൈരൂപ്യങ്ങള്‍ തുറന്നെഴുതി. ഇതിനുശേഷമാണ് ഫാ. ഷിബു കാളമ്പറമ്പില്‍ വൈദികന്റെ ആത്മകഥയുമായി എത്തിയത്. നേരത്തേ ഉണ്ടായിരുന്ന സ്ത്രീകളുടെ അനുഭവങ്ങളായിരുന്നെങ്കില്‍ ഫാ. ഷിബുവിന്റേത് വൈദികനെന്ന നിലയിലുള്ള അനുഭവമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിസ്റ്റര്‍ മേരി ചാണ്ടിയുടെ ''നന്മ നിറഞ്ഞവളേ സ്വസ്തി'' എന്ന പുസ്തകം സഭയ്ക്കുനേരേ വിരല്‍ചൂണ്ടുന്നത്. കന്യാസ്ത്രീയുടെ കഥ ''ഒതപ്പ്'' എന്ന നോവലാക്കിയ പ്രമുഖ എഴുത്തുകാരി സാറാ ജോസഫും ഔട്ട്‌ലുക്കില്‍ പ്രതികരിക്കുന്നുണ്ട്. മിക്കവരും ഭാവിയിലെ ബുദ്ധിമുട്ടുകള്‍ ഭയന്നു പ്രതികരിക്കാതിരിക്കുകയാണ് ഉണ്ടാകുന്നത്. ഇതില്‍ ചെറിയ മാറ്റമുണ്ടാകുന്നു എന്നത് ആശ്വാസകരമാണ്. ഇത്തരം യാഥാസ്ഥിതിക പീഡനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ സഹായിക്കുമെന്നും സാറാജോസഫ് ചൂണ്ടിക്കാട്ടുന്നു. വൈദികര്‍ സ്വയം വെള്ളപൂശി നടക്കുന്ന കാഴ്ചകളാണ് ഇതുവരെ കണ്ടിട്ടുള്ളതെന്നും ഇതിനുമുമ്പ് ഇത്ര ഗുരുതര ആരോപണങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ലെന്നും ''ഹോശാന'' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസിന്റെ ഡയറക്ടറുമായ ജോസഫ് പുലിക്കുന്നേല്‍ പറയുന്നു.

ഇത്തരം പുസ്തകങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നു എന്നല്ലാതെ ഇതു പൊതുചര്‍ച്ചയിലേക്കു വരുന്നില്ലെന്ന് മുന്‍ എം.പിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അതുകൊണ്ട് ഇവ സഭയ്ക്കുള്ളില്‍ കാര്യമായ ചലനമുണ്ടാക്കുന്നില്ല. ഏറ്റവും കേന്ദ്രീകൃതസ്വഭാവമുള്ള സംഘടനയാണ് സഭയെന്നും ഇവിടെ വിമര്‍ശനങ്ങള്‍ക്ക് അധികം ഇടം കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടി. ദീപേഷ് ചെയ്ത ''ഫാദര്‍ സണ്‍ ആന്‍ഡ് ഹോളി ഗോസ്റ്റ്'' എന്ന ചെറുസിനിമയും സഭയെക്കുറിച്ചു പുറത്തുവരാനിരിക്കുകയാണ്. ഇതില്‍ രണ്ടു കന്യാസ്ത്രീകളുടെ കഥ തന്നെയാണ് പറയുന്നത്. സഭയ്ക്കുള്ളിലെ അമിത ലൈംഗികതയും സ്വവര്‍ഗരതിയുമൊക്കെ തന്റെ വിഷയമായിട്ടുണ്ടെന്നു ദീപേഷ് പറഞ്ഞു.

കേരളത്തിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും കണക്കുകളും ഔട്ട്‌ലുക്ക് നിരത്തുന്നുണ്ട്. ഏകദേശം 50,000 വൈദികരും കന്യാസ്ത്രീകളുമുണ്ടെന്നാണ് ഔട്ട്‌ലുക്ക് നിരത്തുന്ന കണക്ക്. മറ്റു സംസ്ഥാനങ്ങളിലെ വിവിധ സഭാസ്ഥാപനങ്ങളിലായി ഇതിലേറെ ആളുകളുണ്ട്. ലോകത്തെ വൈദികരുടെയും കന്യാസ്ത്രീകളുടേയും 15% എണ്ണം മലയാളികളാണെന്നത് മറ്റൊരു അത്ഭുതപ്പെടുത്തുന്ന കണക്കാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സഭയ്ക്കു വേരുകള്‍ നഷ്ടപ്പെടുമ്പോള്‍ കേരളത്തില്‍ കൂടുതല്‍ വേരാഴ്ത്തുകയാണ് സഭ ചെയ്യുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളെയാണ് വാര്‍ത്തയാക്കുന്നതെന്ന് ബ്രദര്‍ മാണി മേക്കുന്നേല്‍ പറഞ്ഞു. കത്തോലിക്കാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്കുവരെ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ ആരൊക്കയാണെന്നു തുറന്നു പറയാത്തതാണ് മറ്റൊരു പ്രശ്‌നമെന്നു സാറാ ജോസഫ് പറഞ്ഞു. സിസ്റ്റര്‍ മേരിയുടെ പുസ്തകത്തില്‍ സംഭവങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ആരൊക്കെയാണെന്ന സൂചനകള്‍ മാത്രമാണ് നല്‍കിയത്. ഇതിനു പകരം തെറ്റു ചെയ്തവരുടെ പേരുകള്‍ ചൂണ്ടിക്കാട്ടുകയാണ് വേണ്ടത്. ഇതാണു വേണ്ടതെന്നു ഫാ. സ്റ്റീഫന്‍ മാത്യുവും പറയുന്നു. വയനാട്ടിലെ എന്‍.ജി.ഒ. പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. ഒരു ചെറിയ വിഭാഗം മോശമായി ജീവിക്കുന്നു എന്നത് സത്യമാണെങ്കിലും ഇതില്‍ എല്ലാവരേയും പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സഭയുടെ മോശം പ്രവൃത്തിയുടെ ജീവിക്കുന്ന ഉദാഹരണമാണെന്നു സിസ്റ്റര്‍ ജസ്മി പറഞ്ഞു. ഗുരുവായൂരിലെ ചെറിയ ഫ്‌ളാറ്റിലാണ് ഇവരിപ്പോള്‍. സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച് ഇവര്‍ ഇപ്പോള്‍ സ്വതന്ത്രജീവിതം നയിക്കുന്നു. ജസ്മിമാര്‍ ഇനിയും സഭയ്ക്കുള്ളില്‍ ജീവിക്കുന്നുണ്ടെന്നും ഇവര്‍ പുറത്തുവന്ന് തുറന്നുപറയുകയാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു. തന്റെ കുടുംബത്തെ നശിപ്പിച്ച കഥയാണ് ഫാ. ഷിബു പറയുന്നത്.

സഭയുടെ കേന്ദ്രമായ വത്തിക്കാനും ആരോപണത്തില്‍നിന്നും മുക്തമല്ലെന്ന നിരീക്ഷണവും ഔട്ട്‌ലുക്ക് നടത്തുന്നുണ്ട്. കുട്ടികളെ പീഡിപ്പിച്ചതും പണത്തട്ടിപ്പുമൊക്കെ വത്തിക്കാനെയും സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും ഔട്ട്‌ലുക്ക് വിമര്‍ശിക്കുന്നു. ഔട്ട്‌ലുക്കിന്റെ വിമര്‍ശനങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.  സഭ വിശദീകരണം നല്‍കിയ കാര്യങ്ങള്‍ വീണ്ടും ഉന്നയിച്ചുകൊണ്ടാണ് ഔട്ട്‌ലുക്ക് രംഗത്തെത്തിയതെന്ന് ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

ലിങ്കുകള്‍:


9 comments:

  1. സണ്‍ഡേ ശാലോം മെയ് 27 ലെ ഫീച്ചര്‍ 'സഭാജീവിതത്തിന്റെ ആഴങ്ങള്‍ തിരഞ്ഞ്', അതില്‍ പറയപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളോടുള്ള വിയോജിപ്പുണ്ട്.

    ''ആത്മീയ സമരജീവിതത്തില്‍ മുന്നോട്ട് പോകാനാകാതെ സമര്‍പ്പിതര്‍ കാലിടറി വീഴുമ്പോള്‍ പലരും അവരെവിടെ പഠിച്ചു എന്നാണ് ചോദിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല അവര്‍ ഏത് കുടുംബപശ്ചാത്തലത്തില്‍ നിന്നുവന്നുവെന്നാണ് നാം തിരയേണ്ടത്. ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ അടിമുടി മാറ്റം വരുത്താന്‍ സെമിനാരികള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കും പരിമിതികളുണ്ട്. നല്ല വൈദികനെ, നല്ല സിസ്റ്ററിനെ വേണമെങ്കില്‍ നല്ല കുടുംബങ്ങള്‍ ഉണ്ടാകണം. ഏതൊരു വ്യക്തിയെയും രൂപപ്പെടുത്തുന്നത് കുടുംബപശ്ചാത്തലമാണ്.''

    ഇന്ന് സഭാധികാരികളില്‍ പ്രകടമായി കണ്ടുവരുന്ന ഒരു ആരോപണ ശൈലിയാണ് ഇത്. തങ്ങളിലെ പോരായ്മകളെയെല്ലാം മാതാപിതാക്കള്‍, കുടുംബം, വളര്‍ത്തല്‍ എന്നിങ്ങനെ പഴിചാരിയുള്ള രക്ഷപെടല്‍. നല്ലൊരു ശതമാനം മാതാപിതാക്കള്‍ക്കും വചനഗ്രന്ഥാധിഷ്ഠിതമായ അറിവുകള്‍ ഒന്നുമില്ല. 'അറിയാവുന്ന നന്മനിറഞ്ഞ മറിയവും ചൊല്ലി, ഉള്ള അത്താഴവും കഴിച്ചു ജീവിക്കുന്നവരാണ്.' എന്നാല്‍ സെമിനാരികളും സന്യാസസഭകളുമൊക്കെ അറിവിന്റെ കേദാരങ്ങളാണല്ലോ.

    മുമ്പൊക്കെ അവിടങ്ങള്‍ വിശുദ്ധരെ ജനിപ്പിക്കുന്ന വിളഭൂമികളായിരുന്നു. ഇന്നതിനു കഴിയുന്നില്ലെങ്കില്‍ അതിനുള്ള കാരണം മനഃശാസ്ത്രത്തിന്റെ കണ്ണാടിയില്‍ കൂടി നോക്കാതെ, കര്‍ത്താവായ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കി കാര്യങ്ങള്‍ ശരിയാക്കണം. എന്റെ ഓര്‍മയില്‍ പെട്ടെന്നു വരുന്ന ചില ഉദാഹരണങ്ങള്‍- വിശുദ്ധ പത്താം പിയൂസ് ആരുടെ മകനായിരുന്നു? വിശുദ്ധ അഗസ്തിനോസ് എവിടെനിന്നും വന്നു? വിശുദ്ധ മാര്‍ട്ടിന്‍ എവിടെനിന്ന്? വിശുദ്ധ പൗലോസ് എവിടെനിന്ന്? അപ്പസ്‌തോലന്മാര്‍ എവിടെനിന്ന്? ഇങ്ങനെ നൂറുകണക്കിന് വ്യക്തികള്‍ നമ്മുടെ കണ്‍മുമ്പില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഒരു കാര്യം നാം മനസിലാക്കുക, ദൈവം വിളിയും ദാനവും ഒരു വ്യക്തിക്ക് നല്‍കുന്നത് അവന്റെ മാതാപിതാക്കളുടെയോ അവന്‍ ജനിച്ചു വളര്‍ന്ന സാഹചര്യത്തിന്റെയോ കുടുംബത്തിന്റെയോ യോഗ്യത നോക്കിയല്ല. അങ്ങനെ നോക്കുന്നവനാണ് ദൈവമെങ്കില്‍ അവിടുത്തേക്ക് എല്ലാവരുടെയും പിതാവായി വിരാജിക്കാന്‍ ആകുമോ?

    എന്നാല്‍ ഇന്ന് സഭാജീവിതത്തില്‍ മുമ്പെന്നത്തേക്കാള്‍ ഏറെ ജീര്‍ണത വര്‍ധിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം സുഖലോലുപതയാണ്. തന്നിമിത്തം ക്രിസ്തുവിന്റെ അരൂപിക്ക് പ്രവര്‍ത്തിക്കാനാവുന്നില്ല. കാലിത്തൊഴുത്തില്‍ പിറന്ന യേശുവിനെ പ്രസംഗിക്കാന്‍ ആള്‍ക്കാര്‍ ഏറെയുണ്ട്. എന്നാല്‍ ജീവിതം മാമ്മോന്റെ ഇംഗിതം പോലെ.

    ബിഷപ്പുഹൗസുമുതല്‍ ഇടവക പള്ളിമേട വരെ കണ്ണോടിച്ചാല്‍ യേശുവിന്റെ കാലിത്തൊഴുത്തനുഭവത്തിന്റെ ഒരു കണികയെങ്കിലും കണ്ടെത്താന്‍ ആകുമോ? എന്താണ് ക്രിസ്തീയത എന്ന് ചിന്തിക്കാന്‍ പോലും തയാറില്ലാത്ത സഭാസമൂഹമായി പരിണമിക്കുകയാണോ ക്രൈസ്തവസഭയെന്ന് ഭയപ്പെട്ടുപോകുന്നു. വളര്‍ന്നുവരുന്ന തലമുറയെ എന്തു ക്രിസ്തീയതയില്‍ വളര്‍ത്തും? ധന്യനായ പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത് എത്രയോ സത്യം. ''നരകപ്പുക സഭയില്‍ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.''

    ReplyDelete
  2. നരകപ്പുക സഭയിലും
    Written by ആന്റണി തുരുത്തിയില്‍, പാതാമ്പുഴ

    ReplyDelete
  3. ആന്‍സിമോള്‍ ജോസഫ്
    ദൈവികകാര്യങ്ങള്‍ക്ക് നീക്കിവയ്ക്കപ്പെടുന്നതെന്തും ആദരവിനര്‍ഹമാണ്. വിശുദ്ധ സ്ഥലം, വിശുദ്ധ വസ്തുക്കള്‍, വിശുദ്ധ പാത്രങ്ങള്‍ എന്നാണ് ദേവാലയവും അതിനുള്ളിലുള്ളവയും ബൈബിളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. കല്ലോ മരമോ ഇരുമ്പോ ഉപയോഗിച്ചു നിര്‍മ്മിച്ചവയാണെങ്കിലും ദൈവത്തിനുള്ളതെങ്കില്‍ അവ വിശുദ്ധം തന്നെ. അള്‍ത്താരയുടെ പോളീഷ് അല്പം പോയാലും അത് ബലിപീഠമല്ലാതാകുന്നില്ല, കാസയുടെ നിറം മങ്ങുകയോ പെയ്ന്റ് പോവുകയോ ചെയ്താലും അതിന്റെ വിശുദ്ധിക്ക് കോട്ടം തട്ടുന്നില്ല. ഇതുപോലെതന്നെയാണ് സമര്‍പ്പിതരും. ഏതു കുടുംബത്തില്‍നിന്നു വന്നവരായാലും നിറവും രൂപവും പ്രായവും എന്തായാലും ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടവരാകയാല്‍ അവര്‍ വിശുദ്ധരാണ്. ദൈവത്തെ ആദരിക്കുന്നുവെങ്കില്‍ അവിടുന്ന് തിരഞ്ഞെടുത്ത് തനിക്കായി നീക്കിനിര്‍ത്തിയവരെയും ആദരിച്ചേ പറ്റൂ. കുറവുകളുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടു എന്ന ഒറ്റയോഗ്യതയാല്‍ മറ്റെല്ലാ അയോഗ്യതകളും നിഷ്പ്രഭമാകും. തീര്‍ച്ച.

    ദൈവത്തിന് സമര്‍പ്പിക്കപ്പെടുക എന്നതിന് ഒരുപാട് പ്രത്യേകതകളുണ്ട്. സ്വന്തം ഇഷ്ടം എന്നൊന്ന് പിന്നീടുണ്ടാവില്ല; ദൈവഹിതം മാത്രം.. അതാണവരുടെ സന്തോഷവും. താന്‍ ആരെ ഏറ്റവും അധികമായി സ്‌നേഹിക്കുന്നുവോ അവന്റെ ഇഷ്ടാനുസരണം സ്വന്തം ഇച്ഛകള്‍ രൂപാന്തരപ്പെട്ടുപോകുന്ന അവസ്ഥ. ഇപ്രകാരം, ദൈവത്തിനുവേണ്ടി സകലവും മാറ്റിവച്ചവര്‍ക്കായി ദൈവവും എല്ലാം നീക്കിവയ്ക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ അവിടുത്തോട് എന്തുചോദിച്ചാലും അത് സംഭവിച്ചിരിക്കുമെന്നത് അനുഭവം. ഒന്ന് പരീക്ഷിക്കുന്നോ? കര്‍ത്താവിന് അവരോട് 'നോ' എന്നു പറയാന്‍ പറ്റില്ല.. അതുതന്നെ കാരണം. 'നാമകരണ'നടപടികളിലൊന്നും കടന്നുകൂടിയിട്ടല്ല, സ്വന്തം യോഗ്യതകൊണ്ടുമല്ല, അവര്‍ തങ്ങളെ ദൈവത്തിന് കൊടുത്തതുകൊണ്ടുമാത്രമാണത്. ശ്രദ്ധിച്ചിട്ടുണ്ടോ, ന്യായമായ എന്തുചോദിച്ചാലും സിസ്റ്റേഴ്‌സ് നമ്മോട് പറ്റില്ല എന്നൊരു വാക്കു പറയില്ല; മാത്രമല്ല, നമ്മുടെ ആവശ്യം അവരുടേതുപോലെ നടത്തിതരുകയും ചെയ്യും. സംശയിച്ചുപോകും, നമ്മുടെ കാര്യമാണോ അവരുടേതാണോ അവര്‍ സംസാരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതെന്ന്. വെല്ലുവിളിക്കുകയാണ്, എത്ര മടുത്താലും മടുത്തു എന്നൊരു വാക്ക് സിസ്റ്റേഴ്‌സിനെക്കൊണ്ട് പറയിക്കാമോ? ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, സഹായം എവിടെ ആവശ്യമുണ്ടോ അവിടെ ഓടിയെത്തുന്ന ഈ സിസ്റ്റേഴ്‌സ് ഇല്ലാത്തൊരു ലോകത്തെക്കുറിച്ച്.. ഓ.. അത് അമ്മമാരില്ലാത്തൊരു ലോകംപോലെയായിരിക്കും. മനുഷ്യരെല്ലാം അനാഥരെപ്പോലെ.. അചിന്തനീയം.. അമ്മയില്ലാത്തവര്‍ക്ക് അമ്മയാകുന്നു, സ്‌നേഹവും പരിചരണവും നല്കി ചിട്ടയോടെ വളര്‍ത്തുന്നു. എന്തിനേറെ, സ്വഭാവരൂപീകരണത്തിനും അവര്‍തന്നെ വേണ്ടെ? അല്ലെങ്കില്‍ പിന്നെ നമ്മുടെ സഹോദരിമാരെ, പെണ്‍മക്കളെ കന്യാസ്ത്രീകളുടെ ഹോസ്റ്റലില്‍തന്നെ നിര്‍ത്തണമെന്ന് എന്തിനിത്ര വാശി? ഇല്ലെങ്കിലവര്‍ നഷ്ടപ്പെട്ടുപോകുമെന്ന് നമുക്കറിയാം.

    ചീഞ്ഞളിഞ്ഞ വ്രണങ്ങളും പുഴുവരിക്കുന്ന മുറിവുകളും വച്ചുകെട്ടാന്‍ കന്യാസ്ത്രീമാരല്ലേ എന്നും മാതൃക. കുഷ്ഠരോഗികളെ ആശ്ലേഷിക്കാനും എയ്ഡ്‌സ് രോഗിക്ക് ഭക്ഷണം കോരിക്കൊടുക്കാനും, ഓടയില്‍നിന്നു പോലും ജീവന്റെ തുടിപ്പുകള്‍ വാരിയെടുക്കാനും കന്യാസ്ത്രീകള്‍ വേണം. എന്തൊരമ്മത്തമാണവര്‍ക്ക്! കണ്ടാലറയ്ക്കുന്ന മനുഷ്യക്കോലങ്ങളെ മടിയിലുറക്കുന്ന, അനാഥരെ സനാഥരാക്കുന്ന ഇവരെ അമ്മേ എന്നല്ലേ വിളിക്കേണ്ടത്? ബുദ്ധിമാന്ദ്യമുള്ളവരെയും മനോരോഗികളെപ്പോലും ദൈവത്തെപ്പോലെ ശുശ്രൂഷിക്കാന്‍മാത്രം എളിമയുണ്ടവര്‍ക്ക്. മനുഷ്യജീവനുവേണ്ടി എച്ചില്‍ക്കൂനകളിലും അഴുക്കുചാലുകളിലും കയ്യിട്ടുവാരാന്‍, മൂക്കുപൊത്താതെ, മുറുമുറുപ്പും പരാതിയും കൂടാതെ ദൈവതുല്യം അതിനെ സ്‌നേഹിക്കാന്‍ നമ്മില്‍ എത്രപേര്‍ക്കു കഴിയും?

    ReplyDelete
  4. മിഷന്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അധികം ആദരണീയരാണ്. സ്വന്തം നാടിന്റെ സുഖവും സൗഹൃദവും വേണ്ടെന്നുവയ്ക്കുന്നത് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല. ക്രിസ്തുവിന്റെ സ്‌നേഹം, അവിടുത്തോടുള്ള സ്‌നേഹം മറ്റെല്ലാം നിസാരമാക്കുന്നു. കഠിനചൂടിലും തണുപ്പിലും അവര്‍ ദൗത്യം ഉപേക്ഷിക്കുന്നില്ല. കാലാവസഥയുടെയും ഭക്ഷണത്തിന്റെയും വ്യതിയാനം പലരെയും തീരാരോഗികളാക്കിയിട്ടുണ്ട്. എന്നാലും പിന്മാറാന്‍ തയ്യാറല്ല. എലിയെ ചുട്ടുതിന്നുന്നവരെയും ചേരയെ പുഴുങ്ങിതിന്നുന്നവരെയും നേടണമെങ്കില്‍ അവരെപ്പോലേയായിത്തീര്‍ന്നേ പറ്റൂ. മനുഷ്യര്‍ സ്വദേശംവിട്ടുപോകുന്നത് സമ്പന്നരാജ്യങ്ങളും നഗരങ്ങളും ലക്ഷ്യമിട്ട്, കൂടുതല്‍ സമ്പത്തും സൗകര്യങ്ങളും തേടിയാണ്. എന്നാല്‍ സമര്‍പ്പിതര്‍ പോകുന്നത് ദാരിദ്ര്യം, രോഗം, അജ്ഞത, പട്ടിണി, ക്ഷാമം, പകര്‍ച്ചവ്യാധികള്‍, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയ കഷ്ടനഷ്ടങ്ങള്‍ എവിടെയുണ്ടെന്നന്വേഷിച്ചാണ്. സഹായം എവിടെ ആവശ്യമുണ്ടോ, അവിടെ സന്യസ്തരെ കാണാം. അവരെ കാത്തിരിക്കുന്നതോ അക്രമവും പീഡനവും. പക്ഷേ, പീഡനമൊന്നും അവര്‍ക്കൊരു പ്രശ്‌നമേയല്ല. മനുഷ്യര്‍ പീഡിപ്പിക്കപ്പെടുകയാണ് എന്നറിഞ്ഞാല്‍ ഭയന്ന് മാറിനില്ക്കുകയല്ല, സഹായിക്കാനോടിയെത്തുകയാണ് പതിവ്. വില്ലേജുകളില്‍, തദ്ദേശീയരുടെ അവഗണനയും വധഭീഷണിയും ദ്രോഹവും സഹിച്ച്, ആദിവാസികള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നത് മനുഷ്യരോടും ദൈവത്തോടുമുള്ള സ്‌നേഹത്തിന്റെ ആഴവും വീതിയുംകൊണ്ടുതന്നെ. പൗലോസ്ശ്ലീഹാ റോമാ 8/35-ല്‍ പറയുംപോലെ, ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരും, ഒന്നും-ക്ലേശവും ദുരിതവും പീഡനവും പട്ടിണിയും നഗ്നതയും ആപത്തും വാളും-അവരെ വേര്‍പെടുത്തുകയില്ല. അവനെപ്രതി ദിനംമുഴുവന്‍ വധിക്കപ്പെടുകയും കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട സമര്‍പ്പിതര്‍. ഇവരെ വിശുദ്ധരെന്നോ മാലാഖമാരെന്നോ അല്ലാതെ പിന്നെന്താണ് വിളിക്കുക? എല്ലാവരെയും നേടുന്നതിന് എല്ലാവര്‍ക്കും എല്ലാമാകുന്നതിനുള്ള തത്രപ്പാടിനിടയില്‍ സ്വന്തം മാതാപിതാക്കളുടെ അന്ത്യനിമിഷങ്ങളില്‍പ്പോലും കൂടെയാവാന്‍ പലര്‍ക്കും സാധിക്കാറില്ല. പുഞ്ചിരിക്കുന്ന മുഖങ്ങളുമായി ശുഭ്രവസ്ത്രധാരികളായി നമുക്കുമുമ്പിലെത്തുന്ന പലരും സഹനത്തില്‍ ആനന്ദം കണ്ടെത്തുന്നവരാണ്.

    ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമെന്നോ മോശമെന്നോ കരുതാനാകില്ല, എല്ലാം അനിവാര്യവും ഒന്നിനൊന്നു മെച്ചവും. ഓരോ സമൂഹത്തിനും ഓരോ ദൗത്യം. ചിലര്‍ മുഴുവന്‍ സമയവും ദൈവസന്നിധിയില്‍ നമുക്കും ലോകംമുഴുവനുംവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റുചിലര്‍ രോഗികളെ പരിചരിക്കുന്നു. അഗതികളെയും വൃദ്ധരെയും അനാഥരെയും സംരക്ഷിക്കുന്ന മറ്റൊരു ഗണം. മാനസിക ശാരീരിക വൈകല്യങ്ങളുള്ളവരുടെ പരിചരണം വേറൊരു സമൂഹത്തിന്റെ ദൗത്യം. ധ്യാനകേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും സഹായിക്കുന്നവര്‍, വിവിധ സ്ഥലങ്ങളിലല്‍ സുവിശേഷം പ്രസംഗിക്കുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ (കോണ്‍വെന്റ് സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് പ്രത്യേക ഡിമാന്റാണ്). ഇവയിലേതെങ്കിലുമൊന്ന് വേണ്ടെന്നു വയ്ക്കാനാകുമോ? ഇവയെല്ലാമുണ്ടെങ്കിലേ സമൂഹത്തിനാവശ്യമുള്ളതു ലഭിക്കൂ. എല്ലാവര്‍ക്കും എല്ലാക്കാര്യങ്ങളും ചെയ്യാനാവില്ല. മദര്‍തെരേസയല്ല അല്‍ഫോന്‍സാമ്മ. കൊച്ചുത്രേസ്യയല്ല അമ്മത്രേസ്യ. ദൗത്യങ്ങള്‍ വ്യത്യസ്തമെങ്കിലും എല്ലാം ക്രിസ്തുവിന്റെ ദൗത്യങ്ങള്‍, വിവിധ അവയവങ്ങളും. ചിലതു മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. സമര്‍പ്പിതരുടെ നന്മകള്‍ മുഴുവന്‍ ചേര്‍ക്കണമെങ്കില്‍ എത്ര പുസ്തകമെഴുേതണ്ടിവരും!

    ReplyDelete
  5. അപഭ്രംശങ്ങളും വീഴ്ചകളുമുണ്ടാകും, സംശയമില്ല. അതിനുത്തരവാദികള്‍ കുറ്റപ്പെടുത്തുന്ന നാം തന്നെയാണെന്നു മറക്കരുത്. സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടവര്‍ തകര്‍ക്കാനും നശിപ്പിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുകയല്ലേ. ചിലര്‍ക്ക് നിര്‍ബന്ധം, കന്യാസ്ത്രീയെമാത്രമേ കല്യാണം കഴിക്കൂ എന്ന്, പിന്നെ പുറകെ നടപ്പാണ്. ദുഷ്ടാരൂപിയാണ് അവനില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പല്ലേ. കന്യാസ്ത്രീയെ മഠംചാടിക്കാന്‍ നടന്നിട്ട് ആരൊക്കെ എന്തൊക്കെ നേടി? അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന കല്പനയുടെ ലംഘനമാണ് ചെയ്യുന്നതെന്ന് ഓര്‍മിക്കുന്നത് നന്ന്. ദൈവത്തിന്റെ സ്വത്തിന്‍മേലാണ് അവന്‍ കണ്ണുവച്ചിരിക്കുന്നത്. അവന് യഥാസമയം 'അര്‍ഹമായത്' ലഭിച്ചുകൊള്ളും.

    സ്വന്തം മുഖത്ത് കരിവാരിത്തേക്കുന്ന ചിലര്‍ ഈ നാളുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോകാവസാനത്തിന്റെ അടയാളമാണോ ഇതും! വ്യാജന്‍മാരും അന്തിക്രിസ്തുമാരുമൊക്കെ പ്രത്യക്ഷപ്പെടുമെന്നല്ലേ. മനസില്‍ വെറുപ്പും വിദ്വേഷവും സൂക്ഷിച്ചു ചിലര്‍ പിശാചിന്റെ ഓഫീസുകളാകും. ഒടുവില്‍ മാനസിക വിഭ്രാന്തിക്കടിപ്പെടുത്തി 'ദുഷ്ടന്‍' ശരിക്കുമങ്ങ് ഉപയോഗിക്കും. അവരുടെ മനോവൈകൃതങ്ങളുടെ വി'കൃതി'കളാണ് ചില പുസ്തകങ്ങള്‍. മനോരോഗികളുടെ ജല്പനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ചില പ്രസാധകര്‍ക്ക് എന്തൊരാവേശം! സമനില തെറ്റിയൊരാള്‍ തന്റെ കുടുംബത്തിലെ മറ്റെല്ലാവരും ഭ്രാന്തരാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? കേട്ടുനില്ക്കുന്നതുതന്നെ മണ്ടത്തരമല്ലേ. അപ്പോള്‍ ആ പുസ്തകപ്രസാധകരുടെ അവസ്ഥയോ - പാവം അല്ലേ?

    വിവാഹമോചനങ്ങള്‍ നടക്കുന്നതുകൊണ്ട് ആരും വിവാഹിതരാകാതിരിക്കുന്നില്ല. വീഴ്ചകളുണ്ടാകുമെന്നു ഭയപ്പെട്ട് സന്യാസമഠങ്ങളൊന്നും അടച്ചുപൂട്ടുകയുമില്ല.
    മനുഷ്യര്‍ക്കിടയിലെ ദൈവിക സാന്നിധ്യങ്ങളാണ് സന്യസ്തര്‍. യേശുവിന്റെ സ്മരണ നമ്മിലുണര്‍ത്തുന്ന അവര്‍ സഞ്ചരിക്കുന്ന അരുളിക്കകളാണ്. അല്ലേ, ഒരു കന്യാസ്ത്രീയെക്കാണുമ്പോള്‍ നാം ആദ്യം ഓര്‍മിക്കുന്നത് ഈശോയെത്തന്നെയല്ലേ. അവരെ സമൂഹത്തില്‍നിന്നും തുടച്ചുമാറ്റാമെന്ന് ആരും വ്യാമോഹിക്കേണ്ടാ. അവര്‍ ദൈവത്തിന് സ്വന്തമാണ്. തനിക്കുള്ളതിനെ അവിടുന്ന് സംരക്ഷിച്ചുകൊള്ളും, വീണാല്‍ താങ്ങിക്കൊള്ളും. ദൈവത്തിന്റെ പ്രിയപ്പെട്ടവരെ കുറ്റപ്പെടുത്താനോ മര്യാദ പഠിപ്പിക്കാനോ നാമാരാണ്? സന്യസ്തരെ അവഹേളിക്കാനോ അപഹസിക്കാനോ അപകീര്‍ത്തപ്പെടുത്താനോ അപകടപ്പെടുത്താനോ ശ്രമിച്ചാല്‍ അവന്‍ ദൈവത്തിനെതിരെ തെറ്റുചെയ്യുന്നു.

    നമുക്കിടയില്‍ സന്യസ്തര്‍ വേദനിക്കാനിടയായിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ കണ്ണുനീര്‍ അവിടെ വീണുകഴിഞ്ഞു. അതു വീണിടം പൊള്ളുക മാത്രമല്ല, പൊള്ളിക്കരിയുകകൂടി ചെയ്യും.

    ReplyDelete
  6. Roy Palatty Roy · Leuven, Belgium
    Outlook Weekly is extremely biased in this report. See, sexual abuse and aberrations becomes a matter of discussion in a world where people value religious chastity. If majority are after hooliganism, no one worry about it. I think Keralites are wise to read critically the lines-between and make proper assessment of the stories. A prestigious weekly like Outlook should never gone for such a sensitive issue with a one-sided approach. I do not mean that the Church is virgin in all the respect; but I think the exaggerated stories are too much even to de-construct the faith and credibility of a weekly. Outlook is not Crime! Watch-dog is not an emotionalist! Anyway, Church has to re-think about her call in the world of today.

    ReplyDelete
  7. Joseph Antony · Top Commenter · Allahabad University
    you have well said Mr Roy. It is a partisan approach of a person who might have been expelled from the congregation or having been punished by the senior authority for some serious fault in the community. This may be an overflow of feelings due to that.

    ReplyDelete
  8. Vajid Abdul Vajid · Top Commenter · HR Manager at Employer
    മതമില്ലത്തവാന്‍ വല്ല നെറികേടും ചെയ്‌താല്‍ അവന്റെ മതവിശ്വാസത്തെ പറഞ്ഞാലാണ് നാലാള്‍ ശ്രദ്ധിക്കുക, എങ്കിലേ മഞ്ഞപത്രങ്ങളുടെ ഉടമസ്ഥര്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിയൂ..
    മാധ്യമ കമ്പോളം എന്നെ എനിക്ക് പറയാന്‍ കഴിയൂ....ഇന്നലെ മുസ്ലിങ്ങളുടെ പേര് പറഞ്ഞു മറുന്നാടന്‍ ഇന്ന് ക്രിസ്ത്യാനികളെ അതിക്ഷേപിച്ചു , നാളെ ഹിന്ദുവിനയും, , എന്തായാലും നിന്റെ ബിസിനസ് കൊള്ളാം തമ്മിലടിപിച്ചു രക്തം ഊറ്റി എടുക്കുന്നവനോട് ലാഭ നഷ്ട്ടം ചോദിക്കാന്‍ ആരും വരാറില്ല..
    ഒരു എല്ല് കൂടുതലായിട്ട് വളരുന്നുന്ടെങ്കില്‍ അത് ജനങ്ങള്‍ എടുത്തു കാണിച്ചു തരും മറുന്നാടാ നിനക്ക്.

    ReplyDelete
    Replies
    1. Vajid Abdul exposed the real issue.

      Delete