Translate

Monday, October 1, 2012

നാറുന്ന ളോഹ!

                                                              സാമുവല്‍ കൂടല്‍

1. ആഗോളമായ് പൗരോഹിത്യം സോദോമ്യരെപ്പോലെയായി!
മലങ്കരേല്‍, ബിഷോപ്പിനും സ്വവര്‍ഗ്ഗരതി!
പ്രേയസ്സിനായ് തമ്മില്‍തല്ലി തകരുമീ സഭകളില്‍
ശ്രേയസ്സെന്തെന്നറിയാത്ത ഇടയരേറി.

2. യോഗികളായ് മേവേണ്ടവര്‍ ഭോഗികളായ് മാറിയെന്നാല്‍
' നിന്റെ രാജ്യം' വരില്ലെന്നു തീര്‍ച്ചയായ് നൂനം;
'ഒരു ജാതി ഒ രുമതം ഒരു ദൈവം മനുഷ്യനു,
മതമേതായാലും മനം നന്നായാല്‍ മതി'

3. ഒരു യാഹന്‍ സൂതനൊന്ന് പരിശുദ്ധറൂഹായൊന്ന്,
ഒരു ബൈബിളിതില്‍ പത്തു കല്പനകളും;
സഭകളോ എതിര്‍സഭ, സുന്നഹദിന്നോസുകളും;
ശതമല്ല, ആയിരിങ്ങള്‍ അതിലേറെയായ്!

4. ശ്വാസമുളളവരെയെല്ലാം വിശ്വാസികളാക്കുവോരേ,
രാഷ്ട്രീയക്കാര്‍ പാര്‍ട്ടീലാളെ ചേര്‍ക്കുന്നതുപോല്‍,
ദൈവസ്‌നേഹം നുകരാത്ത നാവുകളില്‍ പകപോക്കി
ഗ്രൂപ്പുകളായ് ആടുമേയ്ച്ചു  സുഖിപ്പൂ നിങ്ങള്‍.

5. ബിഷോപ്പന്മാര്‍ വൈരം കാറി കൃസ്തീയത തകര്‍ക്കുമ്പോള്‍
സഭയിലെ കുഞ്ഞാടുകള്‍ക്കധികദുഃഖം!
ഇതുകണ്ടു നാനാജാതി മതസ്ഥരും വിലപിപ്പൂ,
ഉപദേശി പാസ്റ്റര്‍വൃന്ദം ചിരിപ്പൂ നീളെ.

6. കലഹത്തിനാത്മാവിനെ കരളില്‍ നിറച്ച ളോഹ,
കുരിശടി തകര്‍ത്തോ നീ കര്‍ബാന ചൊല്ലാന്‍?
ത്യാഗകാവ്യം കുര്‍ബാനയെ സെഹിയോനില്‍ ചമച്ചതാല്‍
കലിളോഹയതുറോഡില്‍ അവമതിച്ചു,

7. ഒന്നാമതായ് മാനസത്തില്‍ കലുഷത മാറ്റുവേഗം
നിരപ്പിന്റെ യാഗമിനീ കഴിക്കുവാനായ്;
മത്തായിതന്നഞ്ചില്‍ നോക്കു 24-ാം വാക്യം,
പരിഹാസക്കുര്‍ബാനകള്‍ ഇനിയരുതേ.

8. എളിമതന്‍ പശുശാല പിറന്നിടമാക്കിയോന്റെ
പ്രതിനിധി മെര്‍സിഡീസില്‍ പറക്കുവാനായ്
ലക്ഷങ്ങള്‍തന്‍ ഫാന്‍സി നമ്പര്‍, ഇരിക്കുവാന്‍ സിംഹാസനം
രാജകീയ പൗരോഹിത്യം! ബഹുകേമമായ്. . .

9. ഉടുതുണിമാത്രം ക്രൂശില്‍ മരിച്ചോനു മിച്ചം, കഷ്ടം!
പ്രതിനിധിക്കെത്രമീറ്റര്‍ കളര്‍ളോഹകള്‍?
കടലാസില്‍ ത്യാഗമെന്നൊന്നെഴുതുവാനറിയാത്ത
കപടരേ, നിങ്ങളല്ലെന്നജപാലകര്‍.

10. 'ഞാനാകുന്ന മുന്തിരിതന്‍ ചില്ലികളീ ഓരോമനം'
എന്നിവര്‍ക്കു ബോധം വന്നാല്‍ നിങ്ങളവുട്ടായ്. . .
അരമന, ഭദ്രാസനം, രൂപതകള്‍, സിംഹാസനം
ഉരുകിപ്പോം അറിവിന്റെ സൂര്യോദയത്തില്‍!

11. വരുമെന്നുരച്ചോന്‍ വന്നാല്‍ ഇടയന്മാര്‍ തോക്കെടുത്താല്‍!
ഇടനെഞ്ചില്‍ തുരുതുരെ നിറയൊഴിക്കും;
ആണിപ്പഴുതുകളുളളാക്കരം വീശി വീണ്ടും
നസറായന്‍ വാനവിഥീല്‍ പറന്നുയരും!

12. മനുഷ്യനും ദൈവത്തിനുമിടയിലെ മറയല്ലോ
പുരോഹിതരെക്കാലവും ചൂഷകരായി?;
മറനീക്കി സ്വയമുളളില്‍ കാണുവീനാ 'ചൈതന്യമാ-
ണീശനെന്നും' ഓരോ മനം അറിയുകുളളില്‍

കലഞ്ഞൂര്‍
15-09-2011

No comments:

Post a Comment