Translate

Sunday, October 28, 2012

മുലക്കരം

                                                  സാമുവല്‍ കൂടല്‍

1. 

സവര്‍ണ്ണക്കുമവര്‍ണ്ണക്കുമിടയിലായ് അയിത്തങ്ങള്‍
തീണ്ടലും തൊടീലും ദൃഷ്ടിദോഷവുമായി!
അമ്പലവിദ്യാലയങ്ങള്‍ സവര്‍ണ്ണക്കുമാത്രമായി,
അറിവിന്‍ വെളിച്ചം പോലും അകലെയായി.

2. 
മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‍ മുത്തശ്ശന്റെ

മടികാരണമാമനം മതം വെറുത്തു;
പിടിച്ചിട്ടഴിക്കും ജംബര്‍! അതുഭയന്നെന്‍ മുത്തശ്ശി
മതംമാറി പാതിരിതന്‍ വഴിക്കുവന്നു
3. 
പളളികളില്‍ പളളിക്കൂടം! തീണ്ടലും തൊടീലുമില്ല!
ജംബറിനു പകരമാച്ചട്ടയണിയാം;
ചിട്ടയായ ജീവിതമായ് കത്തനാരുലീഡറായി,
മെത്രാന്മാരു പറുദ്ദീസായ്ക്കുടയരുമായ്.
4. 
അയിത്തങ്ങള്‍ പോയി പക്ഷേ പകരമോ പാപംപേറി,
പരിഹാരകുമ്പസാരം പിറകേയെത്തി;
മനസ്സിന്റെ നഗ്നതകള്‍ അഴിച്ചുകണ്ടാപ്പാതിരി
അടിമയാക്കി മനങ്ങള്‍, മതങ്ങളേറ്റാന്‍.
5. 
 മതങ്ങളീ സഭകളായ്! കലഹിക്കുമിടയരായ്,
ശേഷം ജനമാടുകള്‍ക്കോ വിവേകമില്ല;
മറിച്ചൊന്നു ചിന്തിച്ചാലോ വിലക്കു കല്‍പിക്കും സഭ
പഴയതിലും വലുതാമയിത്തമാക്കും!
6. 
തെമ്മാടികള്‍ കുഴിയിലായ് തെമ്മാടിത്തം പാതിരിക്കായ്
ക്രുരിശുപേറിയോല്‍ നിന്ദ സഹിച്ചതല്ലോ?
ഡ്രാക്കുളാപോല്‍ കുപ്പായത്തില്‍ വിലസുന്നഹങ്കാരത്തെ
ചെറുക്കുവനാര്‍ക്കുശേഷി, യേശുവിനുണ്ടോ?
7. 
വീതിച്ചെടുത്താടുകളാം മൂലധനമിടയന്മാര്‍
നാനാസഭ വേദിയാക്കി കശാപ്പുചെയ്യാന്‍!
ഊറും മുലപ്പാലു പിഴിഞ്ഞാഹരിക്കാനിറച്ചിയും
തോലും വിറ്റു രാജകീയ പുരോഹിതന്മാര്‍.
8. 
ആടിനുണ്ടോ വിചാരങ്ങള്‍ “ഞാനൊരാടല്ലെന്നോര്‍ക്കുമോ
സ്വര്‍ഗ്ഗസ്ഥാനം പിതാവുതന്‍ പുത്രനായവന്‍”?
സ്വയം മറന്നടിമയായ്, ആത്മബോധമില്ലാതെയായ്
തലമുറ കൊഴിയുന്നൂ കലികാലമേ. . .
9. 
ആടുകളെ ശിശ്രൂഷിക്കാനാശുപ്ത്രിയായി പിന്നെ,
ചൂഷണമായ് വ്യവസായ പളളിക്കൂടവും
ഗ്രാമത്തിലും പളളിനൂറായ്! പത്തിലൊന്ന് പളളിക്കായി!
കോടികളായ്! സ്വാശ്രയമായ്! സഭയ്ക്കാസ്തിയായ്!
10. 
അണികള്‍ക്കു വിശ്വാസവും വിളിക്കുവാന്‍ സിന്ദാബാദും
പരിശുദ്ധ റൂഹയുളളില്‍ നിറച്ചുപോലും;
മനുഷ്യാ, നീ ദൈവമാണാമനനമില്ലാതെയായാല്‍
മനസ്സില്ല! ദൈവമില്ല! മൃഗങ്ങളെല്ലാം!
11. 
തിരുമേനി പീലാസായില്‍! തിരുരക്തമാ കാസയില്‍!
വചനം തിരുമേനി ഏതു ളോഹയില്‍?
“തിരുമേനീ” എന്നു വിളിച്ചപമാനിക്കല്ലേ, പാവം!
സ്വയമറിയാത്ത മെത്രാന്‍ കുളിരണിയും. . .
12. 
ഇതിനെന്നാണറുതി? ആ ചമ്മട്ടിയുമായി വീണ്ടും
വരുമെന്നുരച്ചോന്‍ നേരില്‍ വരില്ലയെന്നോ?
ഇതുകഷ്ടം! ഭാരതത്തിന്‍ ഉപനിഷത്തുകളില്ലേ?. . .

വേദങ്ങളാപ്പുരാണങ്ങള്‍ ഗീതയുമില്ലേ? . . ..

No comments:

Post a Comment