Translate

Saturday, October 6, 2012

സിസ്റ്റര്‍ അഭയയുടെ മരണാനന്തര ആത്മാലാപനം


മരിയാ തോമസ്, പീടികയ്ക്കല്‍
Holy Murderഎന്ന പേരില്‍ ഇംഗ്ലീഷിലെഴുതിയ കവിതയുടെ സ്വതന്ത്ര മലയാളപരിഭാഷ
സത്യജ്വാല മാസികയുടെ  സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌ 
പരിഭാഷ:  ജോര്‍ജ് മൂലേച്ചാലില്‍ 
(കവിതയുടെ ഇംഗ്ലീഷ് മൂലം കാണുവാന്‍ സെപ്തം.3-ലെ 'അല്‍മായശബ്ദം' ബ്ലോഗ് സന്ദര്‍ശിക്കുക.)
 

'നീട്ടിവയ്ക്കപ്പെട്ട നീതി നീതിനിഷേധം' - അവര്‍ പറയുന്നു.
എന്നാല്‍ ഞാനിതാ,
നീതിനിഷേധത്തിന്റെ പത്തൊന്‍പതു വര്‍ഷമായി
നിഗൂഢതയുടെ ഈ അടികാണാക്കിണറ്റില്‍
അടിഞ്ഞുകിടക്കുന്നു.
നിഷ്‌ക്കളങ്കരക്തത്തിനു പകരം ചോദിക്കുന്ന
എന്റെ ദൈവത്തോടു ഞാന്‍,
ശ്വാസംമുട്ടിയുള്ള ഈ പിടച്ചിലിലും
ദൃഢസമര്‍പ്പിതയായി,
തലതാഴ്ത്തി ചോദിക്കുന്നു:

''എന്റെ ദൈവമേ, എന്റെ ദൈവമേ,
നീയെന്ന കൈവിട്ടതെന്തുകൊണ്ട്?''
കുറ്റിക്കാട്ടില്‍ പതിയിരിക്കുന്ന സിംഹത്തെപ്പോലെ
രഹസ്യസങ്കേതങ്ങളില്‍ പതുങ്ങിയിരിക്കുന്ന
ദുഷ്ടരുടെ കെണികളില്‍നിന്ന്,
നീതിപീഠത്തെ നിര്‍വീര്യമാക്കുന്ന കുറ്റവാളികളില്‍നിന്ന്,
എന്നു നീയെന്നെ മോചിപ്പിക്കും?


കാത്തരുളുന്ന ദൈവം എപ്പോഴും കൂടെയുള്ളതിനാല്‍,
കുരിരുള്‍ത്താഴ്‌വാരങ്ങളിലൂടെ നടക്കുമ്പോഴും
നിര്‍ഭയയായിരിക്കാന്‍, 'അഭയ'യായിരിക്കാന്‍,
അമ്മയെന്നെ ഉപദേശിച്ചിരുന്നു.
ദുര്‍വൃത്തരുടെ സൗഹൃദങ്ങളില്‍നിന്നകന്നു നില്‍ക്കാന്‍
എന്റെ അച്ഛനുമെന്നെ ഉപദേശിച്ചിരുന്നു.
ദൈവമേ, അവരുടെ കണ്ണീരും പ്രാര്‍ത്ഥനയും നിഷ്ഫലമാകുമോ?

ശിശുവായിരിക്കേ മാമ്മോദീസാ മുങ്ങിയവള്‍ ഞാന്‍,
'കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്' എന്നിങ്ങനെ
പത്തുകല്പനകളും ഹൃദിസ്ഥമാക്കിക്കൊണ്ട്
പന്തീരാണ്ടുകാലം നിത്യേന പള്ളിയില്‍ പോയവള്‍ ഞാന്‍.

അങ്ങയുടെ കുമ്പസാരക്കൂടിനു മുമ്പില്‍ മുട്ടുകുത്തി
എന്റെ കുഞ്ഞുകുഞ്ഞു പാപദോഷങ്ങള്‍ ഏറ്റുപറഞ്ഞ്,
എന്റെ കുഞ്ഞുനുണകളും ചില്ലറ കളവുകളും
നിസ്സാര അനുസരണക്കേടുകളും ഏറ്റുപറഞ്ഞ്,
ഞാന്‍ കുമ്പസാരിച്ചിരുന്നില്ലേ....

പിന്നെ, വ്രതവാഗ്ദാനദിനത്തില്‍
കന്യാത്വം, ദാരിദ്ര്യം, അനുസരണ
എന്നീ പവിത്രവ്രതങ്ങള്‍ക്കായി ഞാന്‍
എന്നെത്തന്നെ സമര്‍പ്പിച്ചു.

എന്നാല്‍, ഇരുപത്തിനാലാം വയസ്സില്‍
ഭക്തിനിര്‍ഭരയും നിത്യവിശ്വസ്തയും
വഞ്ചനാമനസ്‌കരെ തിരിച്ചറിയാനാവാത്തത്ര
നിഷ്‌കളങ്കയുമായിരുന്ന എന്റെ സര്‍വ്വസ്വവും,
വിശുദ്ധിയും ജീവിതംതന്നെയും,
കൊള്ളയടിക്കപ്പെട്ടു, തച്ചുടക്കപ്പെട്ടു.....


ടാഗോറിന്റെ വാക്കുകള്‍ എന്റെ കാര്യത്തിലും നിവൃത്തിയായി:
''പകല്‍ സമയത്ത്
അവരെന്റെയടുത്തു വന്നുപറഞ്ഞു:
'ഈശ്വരാരാധനയില്‍ നിന്നെ ഞങ്ങള്‍ സഹായിക്കാം....'
പക്ഷേ, രാത്രിയുടെ അന്ധകാരത്തില്‍
അവരെന്റെ പവിത്രമായ ആരാധനാലയത്തിലേക്ക്
ആവേശത്തോടെ, ക്ഷോഭത്തോടെ
ഇടിച്ചുകയറുന്നതു ഞാന്‍ കണ്ടു.
അവിശുദ്ധമായ ആര്‍ത്തിയോടെ
ശ്രീകോവിലിലെ നിവേദ്യമെല്ലാം
അവര്‍ കവര്‍ന്നെടുത്തു'' (ഗീതാഞ്ജലി: പദ്യം 33).

ഈ അടികാണാപ്പാതാളത്തില്‍നിന്ന്
എന്നെ കരകയറ്റാന്‍ ശ്രമിക്കുന്ന
അനേകം നല്ല മനസ്സുകള്‍ക്കുവേണ്ടി
വിമോചനത്തിന്റെ ഒരു പ്രഭാതം ഞാന്‍ കാക്കുന്നു.
നിയമനിര്‍മ്മാണസഭയെ എനിക്കിനിയും വിശ്വസിക്കാമോ?
നീതിമാനായ ന്യായാധിപന്‍ പരമോന്നതവിധി പ്രഖ്യാപിക്കുമോ?

''ഓ! സിയോണ്‍ പുത്രീ
നിന്റെ വിമോചനത്തില്‍
നീ ആഹ്ലാദിച്ചാനന്ദിക്കൂ!''
അവന്‍ പറയുന്നതുപോലെ ചെയ്യുവാന്‍...

No comments:

Post a Comment