Translate

Sunday, October 7, 2012

ഭക്തിയുടെ മനശാസ്ത്രം, Part 1

വിമാനറാഞ്ചികള്‍ യാത്രക്കാരെ തങ്ങളുടെ തടവുകാര്‍ ആക്കാറുണ്ട്. ഭയാനകമായ ആ നിമിഷങ്ങളില്‍ യാത്രാ തടവുകാരും റാഞ്ചികളും തമ്മില്‍ പലപ്പോഴും വൈകാരിക ബന്ധം സ്ഥാപിക്കുന്നതും സാധാരണമാണ്. ഇത് ഭയത്തില്‍നിന്നു ദയക്കുവേണ്ടി തടവുകാരുടെ മനസില്‍ വരുന്ന വികാരം മൂലം ഉണ്ടാകുന്നു. പിന്നീട് ജീവനു വെല്ലുവിളിയായി വന്നവരോട്
തങ്ങളുടെ  ജീവനുവേണ്ടി യാജിക്കും. തടവുകാര്‍ക്ക് വിമാനം റാഞ്ചികളോട് പ്രത്യേകം സ്നേഹവും ഉണ്ടാകും. അപകടം മുമ്പില്‍ കണ്ടു കരുണക്കുവേണ്ടി കാത്തിരിക്കുന്ന തടവുകാര്‍ പുറത്തു വന്നാലും തടവിലാക്കിയവരെപ്പറ്റി നല്ലതു മാത്രമേ സംസാരിക്കുകയുള്ളൂ. ഈ രോഗത്തിന് പേരിട്ടിരിക്കുന്നത് സ്റ്റോക്ക്‌ ഹോം സിണ്ട്രം (Stockholm Syndrom) എന്നാണ്‌. ഏതാണ്ട് ഇതിനോട് തുല്യമായ രോഗമാണ് റിലിജിയസ് ട്രൌമ സിണ്ട്രവും.


ഗയാനയിലെ കൂട്ട ആത്മഹത്യക്ക് ആഹ്വാനം ചെയ്ത ജിം ജോണ്‍സ് എന്ന മതവര്ഗ (Cult) നേതാവിന്റെ ചരിത്രം മതമൌലികതയുടെ  വിഷം കലര്‍ത്തിയതിനു പ്രധാന  ഉദാഹരണമാണ് . ജിം ജോണ്‍സ്, പീപ്പിള്‍ ഓഫ്  റ്റെമ്പിള്‍ എന്ന ക്രിസ്ത്യന്‍ കള്‍ട്ട് സംഘടനയുടെ ആത്മീയ ഗുരുവായിരുന്നു.  1978 നവംബര്‍ പതിനെട്ടാം തിയതി അയാളുടെ ആഹ്വാനം അനുസരിച്ചു സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 909 അനുയായികള്‍ സായിനെഡു വിഷം  കഴിച്ചു കൂട്ട ആത്മഹത്യ ചെയ്തത് ലോകത്തെ ഞെട്ടിച്ച ഒരു ഭീകര സംഭവമായിരുന്നു.


സംഘടനയുടെ പല പീഡന, അഴിമതി രഹസ്യങ്ങളും അക്കാലത്തു അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇതു ജിം ജോണ്‍സിനെ അസ്വസ്ഥമാക്കിയിരുന്നു. വാര്‍ത്തകള്‍ ശരിയോയെന്നു  അന്വേഷിക്കുവാന്‍ ചെന്ന അമേരിക്കന്‍ കോണ്ഗ്രസ് അംഗം ഉള്‍പ്പെടെ നാല് വാര്‍ത്താലേഖകരെ കള്‍ട്ട് അംഗങ്ങള്‍ വധിച്ചതും  സംഘടനയുടെ നില നില്‍പ്പിനു പ്രശ്നമായി. അന്നു വെടിയേറ്റ്‌ രക്ഷപ്പെട്ട റൈറ്റര്‍മാന്‍ എഴുതിയ "Raven: The untold story of the Rev. Jim Jones and his people  "  എന്ന 624 പേജുള്ള ബുക്കില്‍    ജിം ജോണ്സ് ഉള്‍പ്പടെ അനുയായികളുടെ കൂട്ട ആത്മഹത്യയെപ്പറ്റിയും കള്ട്ടിനെപ്പറ്റിയും സവിസ്തരം വിവരിച്ചിട്ടുണ്ട്.


ജിം ജോണ്‍സ് എന്ന കള്‍ട്ട് ഗുരു അക്കാലത്ത് ജനങ്ങളില്‍ മതവികാരങ്ങള്‍ ഇളക്കി മറിക്കുവാന് അസാധാരണമായ ചാതുര്യം ഉണ്ടായിരുന്ന  കരിഷ്മാറ്റിക്ക് നേതാവായിരുന്നു. പ്രസംഗിക്കുവാന്‍ വാചാലനും. മനുഷ്യ മനസിന്റെ ബലഹീനതയില്‍ ഒരു മത മൌലികവാദിയുടെ ആഹ്വാനം അനുസരിച്ച് ആയിരങ്ങള്‍ ജീവന്‍ ഒടുക്കിയത് മനശാസ്ത്രഞരുടെ സ്കൂളില്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. പീഡനങ്ങളും കുട്ടികളെ ദുരുപയോഗം ചെയ്യലും  ദൈവത്തിന്റെ പേരില്‍ നടന്നു. അനുയായികള്‍ ജിം ജോണ്‍സ് ദൈവമാണെന്ന് വിചാരിച്ചു.  അധികാരം മൂത്ത ജിം ജോണ്‍സിനെ ചുറ്റുമുള്ളവര്‍ ഭ്രാന്തുപിടിച്ചു ആരാധിച്ചു. 276 കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പടെ അബാലവൃദ്ധ ജനങ്ങള്‍ ഒരു ഭ്രാന്തന്റെ കരവലയത്തിനുള്ളില്‍ സ്വയം മരണം കൈവരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.

 അപ്പോസ്തോലിക പാരമ്പര്യത്തില്‍ ഒരു സാമൂഹ്യക വ്യവസ്ഥിതി  കെട്ടിപ്പെടുക്കുകയെന്നതായിരുന്നു  കള്‍ട്ടിന്റെ ഉദ്ദേശവും. കുറച്ചു ഭക്ഷണം, കൂടുതല്‍ ജോലി നല്‍കി അയാള്‍ അനുയായികളെ ഒരുമിപ്പിച്ചു നിര്‍ത്തി.  എങ്ങനെ  അവരുടെമേല്‍ ഇത്രമാത്രം അയാള്‍ക്ക്‌ സ്വാധീനിക്കുവാന്‍ സാധിച്ചുവെന്നുള്ളതും കൌതുകകരമാണ്. തന്റെ അനുയായികളെ  അനുസരിപ്പിക്കുവാനുള്ള ട്രെയിനിംഗ് കഠിനവും ക്രൂരവും ആയിരുന്നു. മനസ്സിനെ നിയന്ത്രിക്കുവാനും രഹസ്യങ്ങള്‍ പുറത്തു പറയാതെയിരിക്കുവാനും ക്യാമ്പില്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഓരോ അംഗവും പരസ്പരം ചാരന്മാര്‍ ആയിരുന്നു.
തന്മൂലം സംഘടനയിലെ ചെറിയ കാര്യങ്ങള്‍പോലും അധികാരികളുടെ കാതുകളില്‍ എത്തിയിരുന്നു. അനുസരിക്കാത്തവര്‍ക്ക് കഠിന ശിക്ഷകളും
നല്‍കിപോന്നു. അസഹിഷ്ണമായ ഡ്രില്ലുകളിലൂടെ സ്വയം മരിക്കുവാനും പഠിപ്പിച്ചിരുന്നു.

അമേരിക്കന്‍ പട്ടണ ജീവിതത്തില്‍നിന്നും ഗയാനയിലെ കാട്ടുപ്രദേശങ്ങളിലേക്ക് അയാളും അനുയായികളും കുടിയേറിയത് വര്‍ണ്ണവ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുവാന്‍ ആയിരുന്നു. അജ്ഞാത ഗയാനയിലെ വനപ്രദേശങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ നേതാവിനെ അനുസരിച്ചു വന്നു.  ഏകാന്തത, ലോകവും ആയുള്ള ബന്ധം അറ്റുവെന്ന തോന്നല്‍ എന്നിവകള്‍ അവരില്‍ അനുഭവപ്പെട്ടു. നേതാവിനെ ദൈവമായി കണ്ടു കരുണക്കായി  ഒന്നടങ്കം പ്രാര്‍ഥിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയും ഹിപ്നോട്ടിസവും മനസ്സില്‍ ഭയമുണ്ടാക്കുന്ന തന്ത്രങ്ങള്‍വഴിയും  അനുയായികളെ ഒന്നിപ്പിച്ചിരുന്നു. ഇങ്ങനെ മനസിനെ രോഗതുല്ല്യമാക്കി
രക്ഷപ്പെട്ടവരില്‍ ഭയത്തില്‍നിന്നുള്ള അസുഖമായ പാനിക്ക്   ഡിസ്‌ഓര്‍ഡര്‍ (Panic dis order)രോഗലക്ഷണങ്ങളും കണ്ടിരുന്നു.

പുരോഹിതരും പാസ്റ്ററും പള്ളിയും കരിഷ്മാറ്റിക്കുമായി പതിവായി അലിഞ്ഞു ജീവിക്കുന്നവരുടെയിടയില്‍ കാണുന്ന  രോഗ ലക്ഷണത്തിനെ റിലിജിയസ് ട്രൌമ സിണ്ട്രം (Religious Trauma Syndrum) എന്നു പറയുന്നു.
ഇതിനു കാരണം  ഭക്തരുടെ  മനസിനു തട്ടുന്ന  ചിന്താവൈകല്യമാകാം. ജിം ജോണ്‍സും അനുയായികളും ഭക്തരോഗം മൂത്തു കൂട്ട ആത്മഹത്യാ ചെയ്തതു ഈ രോഗത്തിനു ഉദാഹരണമാണ്. രോഗലക്ഷണം   ഒരു മതവിഭാഗത്തില്‍നിന്നോ വര്‍ഗസംഘടനയില്‍നിന്നോ ഉണ്ടാകാം.മതത്തിന്റെ മൌലിക തത്വങ്ങളില്‍ അടിമപ്പെട്ട ലക്ഷ കണക്കിന് ജനവിഭാഗത്തിനു ഈ രോഗം ബാധിച്ചിട്ടുണ്ട്. മറ്റുള്ള മതങ്ങളില്‍ രക്ഷയില്ലായെന്നുള്ള തെറ്റായ വിശ്വാസം രോഗത്തിനു വഴി ഒരുക്കും. ഒരു സഭയില്‍നിന്ന് മറ്റൊരു സഭയിലേക്കു പോവുമ്പോഴും ഭയത്തില്‍നിന്നു  രോഗം ഉണ്ടാകാം. അമിതമായ പുരോഹിതഭക്തിയും പ്രാര്‍ഥനയും  രോഗത്തിന്റെ ഭാഗമാണ്.

 മനുഷ്യന്‍ മനുഷ്യനെ നിയന്ത്രിക്കുവാന്‍ മതങ്ങള്‍ സൃഷ്ടിച്ചു. മതങ്ങള്‍ ബുദ്ധിപൂര്‍വ്വം പച്ചകള്ളങ്ങള്‍കൊണ്ട് മനുഷ്യമനസ്സിനെ മയക്കി. ക്രിസ്തുമതത്തില്‍തന്നെ എത്രയോ ആത്മഹത്യകള്‍ നടക്കുന്നു. ദൈവം നിന്നെ വെറുക്കുന്നുവെന്ന തോന്നല്‍ ചിലരെ രോഗത്തിന് അടിമയാക്കുന്നു. അര്‍ത്ഥ ശൂന്യങ്ങളായ തത്വങ്ങള്‍ വിശ്വസിപ്പിച്ചു സഭാനേതൃത്വം വിശ്വാസികളെ അടിമകള്‍ ആക്കിയിരിക്കുകയാണ്.  ആര്‍. ടി. എസ് എന്ന വിഷം വിശ്വാസികളില്‍ കുത്തിവെച്ച്  പൌരാഹിത്യ വ്യവസ്ഥതിക്ക് അങ്ങനെ കെട്ടുറപ്പുണ്ടാക്കി.


പ്രത്യക്ഷത്തില്‍തന്നെ കാണപ്പെടുന്ന ഈ അസുഖത്തിനു തീര്‍ച്ചയായും അനേക കാരണങ്ങളും കാണാം. ശൈശവത്തിലെ മനസിനെ ദുര്‍ബലപ്പെടുത്തുന്ന   മതവികാരങ്ങള്‍ മതവക്താക്കള്‍ കുത്തിവെക്കുന്നതും രോഗത്തിന് അടിമപ്പെടുവാന്‍ കാരണമാണ്.   രോഗം ബാധിച്ചവര്‍ക്ക്‌ ചീകത്സയുണ്ടെന്നും മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. മതഭ്രാന്തുമൂലം ദുര്‍ബലമായ മനസ്സിനെ സൌഖ്യപ്പെടുത്തി രോഗിയെ ആരോഗ്യമുള്ള മനസ്സായി മാറ്റിയെടുത്തു സന്തുഷ്ടമായ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാന്‍ സാധിക്കുമെന്നാണ്  വിദക്തരുടെ അഭിപ്രായവും.
(തുടരും)

No comments:

Post a Comment