Translate

Wednesday, October 3, 2012

സഭയിലെ അല്‍മായ-പുരോഹിത പിളര്‍പ്പ്ഫാ. ജോസഫ്‌ മറ്റം എസ്. ജെ.

വിവര്‍ത്തനം: സക്കറിയാസ് നെടുങ്കനാല്‍ 
.
ഗുജറാത്ത് ജെസ്യൂട്ട് റീജിയണൽ തിയോളഗേറ്റിന്റെയും റീജിയണൽ സെമിനാരിയുടെയും സ്ഥാപകനും ഡീനുമായ  ഫാ. ജോസഫ്‌ മറ്റം എസ്. ജെ. യൂറോപ്പിലും അമേരിക്കയിലുമുള്ള തിയോളജിക്കൽ സെന്ററുകളിൽ പ്രഭാഷണങ്ങൾ ചെയ്യാൻ ക്ഷണിക്കപ്പെടാറുള്ള ദൈവശാസ്ത്രജ്ഞനാണ്. ചെന്നൈയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ന്യൂ ലീഡറിന്റെ ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം അല്മായശബ്ദത്തിൽ (ഇംഗ്ലീഷിൽ)
2012 ആഗസ്റ്റ് 3 ന് പ്രസിദ്ധീകരിച്ചിരുന്നു.Laity (അല്‍മായര്‍) എന്നതിന്റെ മൂലശബ്ദമായ ഗ്രീക്ക് ഭാഷയിലെ 
laosന് ജനം എന്നാണര്‍ത്ഥം. ഇന്ന് സഭയില്‍ അതുപയോഗിക്കുന്നത് പുരോഹിതരല്ലാത്തവരെ (non-clergy) ഉദ്ദേശിച്ചാണ്. എന്നാല്‍, ഇങ്ങനെയൊരു തരംതിരിവ് യേശുവില്‍നിന്നോ ആദിമസഭയില്‍നിന്നോ വന്നിട്ടുള്ളതല്ല എന്ന് സമര്‍ഥിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. തന്റെ അനുയായികളെ തുല്യരായ സഹോദരന്മാരും സഹോദരികളുമായി മാത്രം കണ്ടിരുന്ന യേശുവില്‍ മനുഷ്യരെ പല തട്ടുകളിലായി വേര്‍തിരിക്കുന്നതൊന്നും ആരോപിക്കാനാവില്ല (മത്തായി 23.8 ...; ജോണ്‍ 13). യേശു തന്റെ ശിഷ്യര്‍ക്ക് എന്നപോലെ പോളും (1 കൊറീ. 12. 12 ..; റോമാ. 12.4 ..; എഫേ. 4.11..) സഭാംഗങ്ങളില്‍ ചിലര്‍ക്ക് വ്യത്യസ്ത മേല്‍നോട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും, ഇന്നത്തെ രീതിയില്‍, അല്മായരെക്കാള്‍ സ്ഥാനമഹിമയര്‍ഹിക്കുന്ന അല്ലെങ്കില്‍ ആഗ്രഹിക്കുന്ന ഒരു പുരോഹിതശ്രേണിയെപ്പറ്റി യാതൊരു പരാമര്‍ശവും ഇവര്‍ ഇരുവരില്‍ നിന്നും ഉണ്ടായിട്ടില്ല.

ആഗോളസഭയിലെ പ്രതിസന്ധികള്‍ അനുദിനം രൂക്ഷമാവുകയാണ്. പൌരോഹിത്യത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുകയും അതുപേക്ഷിക്കുകയും ചെയ്യുന്നവര്‍, വൈദികാര്‍ത്ഥികളുടെ എണ്ണത്തിലുള്ള ഇടിവ്, ലൈംഗികാപചയങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ പല ഇടവകകളിലും മുഖ്യാരാധന പോലും മുടങ്ങുന്നു. വത്തിക്കാന്‍ രണ്ടിന് ശേഷം, തങ്ങളാണ് ദൈവജനവും സഭയും എന്ന ബോധം അല്‍മായസമൂഹത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. തല്‍ഫലമായി സുവിശേഷത്തിന്റെയും ആദിമസഭകളുടെയും പശ്ചാത്തലത്തില്‍ സഭയുടെ പാരമ്പര്യത്തെ പുനര്‍നിര്‍വചനം ചെയ്യേണ്ടിവന്നിരിക്കുകയാണ്.

യേശു പൌരോഹിത്യബന്ധിതമായ ഒരധികാരശ്രേണിയെ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ല. താന്‍ ഒട്ടും വില കല്‍പ്പിക്കാതിരുന്ന യഹൂദ പൌരോഹിത്യത്തെയാണ്‌ പുരോഹിതന്‍ എന്ന വാക്കുപയോഗിക്കുമ്പോളെല്ലാം അവിടുന്ന് ഉദ്ദേശിച്ചിരുന്നത് (ലൂക്കാ 10.31). താനോ തന്റെ ശിഷ്യരോ പുരോഹിതസ്ഥാനം ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, സുവിശേഷങ്ങളിലോ പൌലോസിന്റെ ലേഖനങ്ങളിലോ അങ്ങനെയൊരു സൂചനപോലുമില്ല. പ്രവാചകരെപ്പോലെ  (ഉദാ. ആമോസ് 5.21-22, 25) അവിടുന്ന് അന്ന് പുരോഹിതന്റെ മുഖ്യ കര്‍മ്മമായിരുന്ന ബലിയെ എതിര്‍ത്തുപോന്നു (മത്തായി 12.7). ദൈവവുമായി നേരിട്ടുള്ള ഒരു ആത്മീയബന്ധവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹവുമാണ് യേശു ആഗ്രഹിച്ചത്‌ എന്ന് അവിടുത്തെ പ്രവൃത്തികളും (യെരൂസലേം ദേവാലയത്തില്‍) സംസാരവും (ശമരിയാക്കാരിയുമായി, ജോണ്‍ 4. 21-24) വ്യക്തമാക്കുന്നുണ്ട്. അനുഷ്ഠാനപരമായ കര്മ്മങ്ങളിലോ കൂട്ടപ്രാര്‍ത്ഥനകളിലോ യേശു ഒരിക്കലും താത്പര്യം കാണിച്ചില്ല. അദ്ദേഹം ദേവാലയത്തില്‍ പോയത് പഠിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. അവര്‍ക്കെതിരെയുള്ള തന്റെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പുരോതിതരെ തന്റെ ശത്രുക്കളും കൊലയാളികളും ആക്കിയത്.


അന്ത്യത്താഴത്തില്‍ യേശു ശിഷ്യരെ അഭിഷേകം ചെയ്തു എന്നൊരു ധാരണ വളര്‍ത്തിയെടുത്തിട്ടുണ്ട്. എന്നാല്‍ "കൌദാശികമോ സാര്‍വത്രികമോ ആയ ഒരു പൌരോഹിത്യത്തിനും പുതിയ നിയമത്തില്‍ സാധുതയില്ല" എന്ന് റ്റ്യൂബിങ്ങന്‍ ലുസേര്‍ണ്‍ എന്നിവിടങ്ങളിലെ കത്തോലിക്ക കലാലയങ്ങളില്‍ അദ്ധ്യാപകനായിരുന്ന ഹെര്‍ബെര്‍ട്ട് ഹാഗ് തറപ്പിച്ചു പറയുന്നു. (Clergy & Laity. Did Jesus want a Two-Tier Church? 1997, 72). "പൌരോഹിത്യം ഒരു വ്യത്യസ്ത ധര്‍മ്മമായി പ്രവൃത്തിയിലോ സങ്കല്‍പ്പത്തില്‍ പോലുമോ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിലെ സഭയില്‍ നിലനിന്നിരുന്നില്ല." (പേജ് 45).
തന്റെ ആശയങ്ങളോട് യോജിപ്പുള്ളവരുടെ കൂട്ടായ്മയെ സംരക്ഷിക്കുക, നയിക്കുക എന്ന ജോലികളാണ് യേശു ശിഷ്യന്മാര്‍ക്ക് നല്‍കിയത് (ജോണ്‍ 21.15-17), അല്ലാതെ ബലിയര്‍പ്പണത്തിലൂടെ ദൈവാരാധന നടത്തുക എന്നതായിരുന്നില്ല. തന്റെ നേതൃസ്ഥാനത്തെപ്പറ്റി (Gal 1.1.) ബോധവാനായിരുന്ന പോളാകട്ടെ , താനൊരു ശുശ്രുഷകന്‍ മാത്രമാണെന്നും (1 Cor 3.5), ബാക്കിയുള്ളവര്‍ തന്റെ സഹോദരീസഹോദരന്മാര്‍ (Rom 1.13; 1 Cor 1.10; 2 Cor 1.8). ആണെന്നുമാണ് കരുതിയത്‌. തിമോത്തിയെപ്പോലെ ചിലരെ അദ്ദേഹം കൈവച്ച് കൂട്ടായ്മയുടെ നായകരായി ഉയര്‍ത്തിയെങ്കിലും അതിനു പൌരോഹിത്യാഭിഷേകം എന്നൊരര്‍ത്ഥമില്ലായിരുന്നു. വിശ്വാസികളുടെയിടയില്‍ പുരോഹിതന്‍ എന്നൊരാശയംപോലും ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളില്‍ സജീവമായിരുന്നില്ല. പിന്നെപ്പിന്നെയാണ് തലപ്പത്തുള്ളവര്‍ യേശുവിന്റെ പഠനങ്ങളെ പാടേ മറന്ന്, സ്വയം പൌരോഹിത്യപദവിലേയ്ക്ക് ഉയര്‍ത്തിയതും ബലിയര്‍പ്പണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാരംഭിച്ചതും.  അതോടേ ദൈവത്തിന് ചക്രവര്‍ത്തിയുടെ മുഖം നല്‍കപ്പെടുകയും പുരോഹിതശ്രേഷ്ഠര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് Reverend, Lord, Eminence, Excellency, Holiness എന്നീ സംബോധനാരൂപങ്ങള്‍ അവകാശപ്പെടാനും തുടങ്ങി. പ്രൊഫ. ഹാഗ് പറയുന്നതുപോലെ, "മെത്രാന്റെയെന്നല്ല, പുരോഹിതന്റെ അസ്ഥിത്വം പോലും യേശുവിന്റെ ആശയങ്ങള്‍ക്ക് എതിരാണ്."


എന്നാല്‍ മൂന്നാം നൂറ്റാണ്ടവസാനത്തോടെ സഭയിലെ വിവിധ വിശേഷകര്‍ത്തവ്യങ്ങള്‍ ശ്രേണീബദ്ധമാക്കിയതോടെയാണ് പുരോഹിതപ്രധാനി (മെത്രാന്‍), പുരോഹിതന്‍, ഡീക്കന്‍ എന്നീ (clerics) സ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞത്. ബാക്കിയുള്ളവര്‍ അല്മായര്‍ (non-clrics) എന്ന് തരംതാഴ്ത്തപ്പെട്ടു. അങ്ങനെ വിശ്വാസസമൂഹം അഭിഷിക്തരും അനഭിഷിക്തരും എന്ന രണ്ടു തട്ടുകളിലായി വിഭജിക്കപ്പെട്ടു. എന്നാല്‍, അവരില്‍ ഭൂരിഭാഗമായ അല്മായര്‍ക്ക് ലഭിക്കേണ്ട തുല്യതക്കും പ്രാഥമ്യത്തിനും പകരം അവര്‍ ക്ലെരിക്സിന് താഴ്യുള്ളവരാണ് എന്ന കാഴ്ചപ്പാടാണ് പ്രോത്സാഹിപ്പിക്കപ്പെട്ടത്‌. ആരാധനാവൃത്തികളിലും ഭരണകാര്യങ്ങളിലുമുള്ള നിയന്ത്രണം 'അഭിഷിക്ത'രുടെ കൈകളിലായി. അല്‍മായരും പുരോഹിതരും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ച ഘടകങ്ങളില്‍ പ്രധാനം ചക്രവര്‍ത്തി സഭക്ക് നല്‍കിയ ആനുകൂല്യങ്ങളാണ്. സഭാശാസ്ത്രം അധികാരശാസ്ത്രമായി മാറുന്നതിന്റെ തുടക്കമായിരുന്നു അത്. സഭയെന്നാല്‍ പോപ്പും മെത്രാനും പുരോഹിതനും എന്നായി.  


അല്‍മായ-പുരോഹിത പിളര്‍പ്പിനുള്ള മറ്റൊരു കാരണം അപ്പം പങ്കുവയ്ക്കല്‍ എന്ന ആചാരത്തെ മനസ്സിലാക്കിയ വിധമാണ്. യേശുവുമായുള്ള കൂട്ടായ്മയുടെയും വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെയും പ്രതീകമായ ഈ അത്താഴം പങ്കിടീലില്‍ കാര്‍മ്മികത്വം വഹിച്ചിരുന്നത്, ആദ്യകാലങ്ങളില്‍, ആതിഥേയ കുടുംബസഭകളോ കൂട്ടായ്മയുടെ തലപ്പത്തുള്ള ആരെങ്കിലുമോ ആയിരുന്നു. അതേപ്പറ്റിയുള്ള പോളിന്റെ കത്തുകളില്‍ (1 Cor 11.17-34) പരസ്പരസ്വരുമയും സമത്വവും ദാരിദ്രരോടുള്ള അനുകമ്പയുമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്. അതുമായി ബന്ധപ്പെട്ട് പുരോഹിതന്‍ എന്ന വാക്കിന്റെ ഒരു പരാമര്‍ശവുമില്ല. Didache എന്ന രണ്ടാം നൂറ്റാണ്ടിലെ ആധികാരികപത്രത്തിലും അങ്ങനെയൊന്നില്ല. പുരോഹിതാഭിഷേകം എന്നൊന്ന് അഞ്ചാം നൂറ്റാണ്ടുവരെ ഒരിടത്തും കാണാനില്ല എന്ന് പ്രൊഫ. ഹാഗ് തീര്‍ത്തുപറയുന്നുണ്ട്. For nearly four centuries priestly ordination was not necessary for the enactment of the Eucharist. കുര്‍ബാനയും പൌരോഹിത്യവും തമ്മില്‍ ബന്ധിപ്പിക്കാന്‍വേണ്ടി ഉദ്ധരിക്കാറുള്ള വചനം ഹെബ്രായര്‍ക്കുള്ള ലേഖനം 5,1 ആണ്. എന്നാല്‍ അതൊട്ടും ശരിയല്ല. കാരണം, അവിടെ യഹൂദ പൌരോഹിത്യത്തെക്കുറിച്ചാണ് പരാമര്‍ശം. വാസ്തവത്തില്‍, ക്രിസ്തീയ പൌരോഹിത്യത്തിന് എതിരെയുള്ള ഏറ്റവും ശക്തമായ വേദവാക്യമാണ്  ഹെബ്രായര്‍ക്കുള്ള ലേഖനം. ഏറ്റവും ലളിതമായി കൊണ്ടാടിയിരുന്ന അന്ത്യത്താഴത്തിന്റെ ഓര്‍മ്മ പുരോഹിതന്‍ അര്‍പ്പിക്കുന്ന ഒരു ബലിയായി കരുതപ്പെടാന്‍ ഇടയാക്കിയ പല ഘടകങ്ങളുമുണ്ട്. പൌരാണിക ദേവാലയവും അവിടത്തെ ആരാധനയും നിരാകരിച്ചുകൊണ്ട്‌ ഒരു മതത്തില്‍ അംഗമായിരിക്കുക ക്രിസ്ത്യാനികളായിത്തീര്‍ന്ന യഹൂദര്‍ക്ക് അചിന്ത്യമായിരുന്നു. രാജാവിനോ റോമാക്കാരുടെ ദൈവങ്ങള്‍ക്കോ ബാലിയര്‍പ്പിക്കാത്ത യഹൂദരെ ദൈവവിരോധികളായിട്ടാണ് റോമാക്കാര്‍ കരുതിയിരുന്നത്. അതുകൊണ്ട് അന്ത്യത്താഴത്തിന്റെ ഓര്‍മ്മപുതുക്കല്‍ അവര്‍ ഒരു ബലിയാക്കി മാറ്റുകയായിരുന്നു. ഈ ബലിയര്‍പ്പണത്തിന് പുരോഹിതര്‍ ആവശ്യമായിത്തീര്‍ന്നു. അങ്ങനെ മൂന്നാം നൂറ്റാണ്ടോടെ, കാര്ത്തെജിലെ സിപ്രിയന്‍, റ്റെര്‍ടൂല്യന്‍ എന്നിവര്‍ പഴയ നിയമത്തിലെ ആശയങ്ങള്‍ കടമെടുത്ത് ഒരു ബലി-പുരോഹിത ദൈവശാസ്ത്രം ഉണ്ടാക്കിയെടുത്തു. അതോടേ,  അല്‍മായരുടെ സ്ഥാനം താഴ്മയുള്ള  വെറും കാഴ്ച്ചക്കാരുടേത് മാത്രമായി അധ:പ്പതിച്ചു. 


വിശ്വാസ സമൂഹത്തില്‍ ഇങ്ങനെ വന്നുഭവിച്ച പിളര്‍പ്പിന് ആക്കം കൂട്ടാന്‍ പതിനൊന്നാം പീയൂസിന്റെ Catholic Action കാരണമായി. "ഈ പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം അല്മായരെ കര്‍ത്തവ്യനിരതരാക്കുക എന്നാതായിരുന്നുവെങ്കിലും ഫലത്തില്‍ അത് പോപ്പിന്റെ സ്വേശ്ചാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്." (Haag,14) എന്നാല്‍, അര്‍ത്ഥവത്തായ ഒരു ഗതിമാറ്റത്തിന് അടുത്ത പോപ്പ് പീയൂസ് പന്ത്രണ്ടാമന്‍ തയ്യാറായി. അല്‍മായരാണ് സത്യത്തില്‍ സഭ എന്നദ്ദേഹം അംഗീകരിച്ചു. ഈ ആശയത്തെ ഒന്നുകൂടി അടിസ്ഥാനപരമായി ഉറപ്പിക്കാന്‍ പോന്നതായിരുന്നു രണ്ടാം വത്തിക്കാന്റെ Lumen Gentium (ജനതതികളുടെ പ്രകാശം) എന്ന ആധികാരികപത്രം. ദൈവമക്കളുടെ ഇടയില്‍ ഏതു വിധത്തിലുമുള്ള തരംതിരിവ് വര്‍ജ്യമാണ്‌ എന്ന് അത് പ്രഖ്യാപിച്ചു. 1 പീറ്റര്‍ 2.4-10ല്‍ വായിക്കുന്നതുപോലെ സഭ മൊത്തത്തില്‍ പൌരോഹിത്യ സ്വഭാവമുള്ളതാണെന്നും ശ്രേണീബദ്ധമായ പൌരോഹിത്യത്തിന് യേശുവിന്റെ കാഴ്ചപ്പാടില്‍ നിലനില്‍പ്പില്ലെന്നും കൊംഗാര്‍, റാനര്‍ തുടങ്ങിയ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടും, കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍, അധികാരപ്രമത്തരായ മറ്റു ദൈവജ്ഞരും പുരോഹിതഗണവും സൂനഹദോസിന്റെ എല്ലാ നവീകരണ ആശയങ്ങളെയും കാറ്റില്‍ പറത്തുകയാണുണ്ടായത്. 


1983ലെ പുതിയ കാനോന്‍ നിയമത്തില്‍ രണ്ടാം വത്തിക്കാന്റെ മുദ്ര പതിയേണ്ടിയിരുന്നതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അതിന്റെ ഭാഷ മറ്റൊന്നാണ്. അല്‍മായ-പുരോഹിത വ്യത്യാസം ദൈവിക മുന്കരുതലില്‍ പെടുന്നതായിട്ടാണ് അതില്‍ (Canon 207# 1), കുറിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം സത്യവിരുധവും പുതിയ നിയമത്തോടും യേശുവിനോടുമുള്ള നിന്ദയുമാണ്. ഈ നിന്ദയാകട്ടെ തുടര്‍ന്ന് 1987ല്‍ നടന്ന സിനഡിലും അതിന്റെ ഔദ്യോഗികപത്രമായ Christifideles Laici (ക്രിസ്തുവിശ്വസ്തരായ അല്മായര്‍ ) യിലും ആവര്‍ത്തിക്കപ്പെട്ടു.

തീര്‍ച്ചയായും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള നേതൃത്വം സഭക്കൂട്ടങ്ങള്‍ക്ക് ആവശ്യമാണ്‌. സഭയില്‍ വളര്‍ന്നുവന്ന പൌരോഹിത്യം ഈ ദൌത്യം ഏതാണ്ട് നിര്‍വഹിക്കുന്നുണ്ട് എന്നതും ശരിയാണ്. എന്നാല്‍ പുരുഷകേന്ദ്രീകൃതമായ അതിന്റെ രൂപം യേശുവിന്റെ മുമ്പില്‍ സ്വയം എങ്ങനെ ന്യായീകരിക്കും എന്ന് മനസ്സിലാകുന്നില്ല. പുതിയ നിയമത്തോടോ ആദ്യത്തെ രണ്ടു നൂറ്റാണ്ടുകാലത്തെ സഭാരീതികളോടോ ബന്ധമില്ലാത്ത ഈ ഘടനയില്‍ കാതലായ ഒരു മാറ്റം അനിവാര്യമാണ്‌. അതുണ്ടാകണമെങ്കില്‍, പക്ഷേ, യേശുക്രിസ്തുവിന്റെ സത്യം നമ്മളിലും വസിക്കണം. അപ്പോള്‍ മാത്രമേ അന്യോന്യം സേവനമര്‍പ്പിക്കുന്ന സഹോദരങ്ങളുടെ കൂട്ടായ്മയായിത്തീര്‍ന്ന്, നമ്മള്‍ ലോകത്തിന് രക്ഷയുടെ മാര്‍ഗവും ഉപകരണവുമായി പരിണമിക്കുകയുള്ളൂ. തെറ്റുകള്‍ തിരിച്ചറിഞ്ഞ്, യേശുവിന്റെ അരൂപിയോ അംഗീകാരമോ ഇല്ലാത്തതൊക്കെയും വിട്ടൊഴിയാന്‍ നമ്മുടെ ഇന്നത്തെ അധികാരികള്‍ ഒരു തുടക്കമിടുക എന്നതാണ് അത്യാവശ്യം. കാതലായ ഈ മനംമാറ്റം സംഭവിക്കാതെ സഭക്ക് നിലനില്‍പ്പില്ലതന്നെ. ശിഷ്യരുടെ കാലുകള്‍ കഴുകുമ്പോള്‍ (ജോണ്‍ 13.7) തന്നെ തടഞ്ഞ പത്രോസിനോട് യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നത് എന്തെന്ന് നിങ്ങള്ക്ക് ഇപ്പോള്‍ മനസ്സിലാവില്ല, പിന്നീട് മനസ്സിലാവും എന്ന്. ആ പിന്നീട് ഇതാ ഇപ്പോള്‍ എത്തിക്കഴിഞ്ഞു എന്ന് ഇന്നത്തെ പുരോഹിതനേതൃത്വം തിരിച്ചറിയണം. അതിനായി രണ്ടു സഹസ്രാബ്ദങ്ങള്‍ കാത്തിരുന്നത് ധാരാളമാണ്. അങ്ങനെയൊരു വിപ്ലവം സാദ്ധ്യമാക്കാന്‍ അല്മായര്‍, വിശേഷിച്ച് സ്ത്രീജനം, ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. കാരണം, അവരാണ് സഭക്ക് വന്നുപിണഞ്ഞ ഈ വലിയ തെറ്റ് മൂലം ഏറ്റവും സഹിക്കേണ്ടിവന്നവര്‍ .

ഇത് സംഭവ്യമാണോ? ആണെന്ന് തന്നെ നമുക്ക് വിശ്വസിക്കാം. ഉദാഹരണത്തിന്, ചില മനുഷ്യജാതികളുടെ അടിമത്തം ദൈവഹിതമാണെന്ന തെറ്റായ ധാരണ ഒരിക്കലുണ്ടായിരുന്നു. അത് തിരുത്തപ്പെട്ടു. ഇതുപോലെ തിരുത്തലുകളുടെ മറ്റു പല ഉദാഹരണങ്ങളും സഭാചരിത്രത്തില്‍ കാണാനുണ്ട്. അതുകൊണ്ട്, യേശുവിന്റെ തനിമയാര്‍ന്ന സാഹോദര്യത്തിന്റെ സാക്ഷ്യമായ സഭക്കൂട്ടങ്ങളും ഒരു ആഗോളസഭയും സാദ്ധ്യമാണെന്ന് നമുക്ക് പ്രത്യാശിക്കാം. 
2 comments:

 1. ഗീവര്‍ഗീസ് പുണ്യവാളന് കോഴി കൊടുത്തില്ലെങ്കില്‍

  പാമ്പിനെ വിട്ടു കടിപ്പിക്കും

  എന്ന് പള്ളിയില്‍ പ്രസംഗിച്ച വികാരിയച്ചനോട്‌ ,

  ആള്‍ക്കാരെ ദ്രോഹിക്കുന്ന പുണ്യവാളന്‍ എന്തൂട്ട് പുണ്യവാളന്‍

  എന്ന് മറുചോദ്യം ചോദിച്ച വിവേകമുള്ള കൊച്ചനുജന്‍ texas USA കോപ്പെലില്‍

  ഡാലസ്സിലെ കോപ്പെലില്‍ ഉള്ളത് പോലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരുണ്ടോ നിങ്ങളുടെ സമൂഹത്തില്‍?

  കോപ്പേല്‍ ചരിത്രം നമുക്കെല്ലാവര്‍ക്കും പാഠം ആകേണ്ട ഒരു വര്‍ഗ്ഗ സമരത്തിന്‍ വീരഗാഥ ആണ്.

  പണ്ട് സര്‍ CP യുടെ ഗര്‍ജ്ജിക്കുന്ന തോക്കുകളോട് വെറും വാരിക്കുന്തങ്ങളുമായി ഏറ്റു മുട്ടി പുന്നപ്ര -വയലാറില്‍ വിജയം വരിച്ച കമ്മ്യൂണിസ്റ്റ് സഖാക്കളുടെ കാര്യം ആണ് കോപ്പേല്‍ മക്കളുടെ വീര കഥ.

  പുന്നപ്ര വയലാറില്‍ 130 മനുഷ്യ ജീവിതങ്ങളാണ് തോക്കിന് ഇരയായതെങ്കില്‍,

  കോപ്പെലില്‍ മനുഷ്യ സ്നേഹി ആയ Fr. Saji യുടെ ജീവിതം ആണ് ഹോമിക്കപ്പെട്ടത്.

  വിഗ്രഹ ആരാധനയുടെ അടയാളം ആയ മാര്‍ത്തോമ്മാ കൂരിശെന്ന

  വ്യാജ നാമത്തില്‍ അറിയപ്പെടുന്ന മാനിക്കേയന്‍ ക്ലാവര്‍ കുരിശിനെതിരെ ,

  ക്രൂശിത രൂപത്തിന് വേണ്ടി നില കൊണ്ടതിന്‍റെ പേരില്‍,

  അദേഹത്തെ പണാപഹരണ കേസില്‍പ്പെടുത്തി വ്യാജ കുറ്റം ചുമത്തി

  തേജോവധം ചെയ്ത് നാടുകടത്തിയ ചിക്കാഗോ രൂപതാ നേതൃത്വം,

  അച്ചനെ സപ്പോര്‍ട് ചെയ്ത സത്യ വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കാനും,

  മാനഹാനി വരുത്താനും, ശാരീരിക പീഡനം നടത്താനും കൂട്ട് നിന്നു.

  അവസാനം പള്ളി വെഞ്ചരിപ്പ് എന്ന പ്രഹസനത്തിന് വന്ന സീറോ മലബാര്‍ കുഞ്ഞാടുകളെ( ബലിയാടുകളെ ) പോലിസിനെ അള്‍ത്താരയില്‍ അണിനിരത്തി അപമാനിക്കാനും വരെ ചിക്കാഗോ നേതൃത്വം തയ്യാറായി.

  ReplyDelete
 2. നവീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കമിട്ട മാര്‍ട്ടിന്‍ ലൂതര്‍ കുഞ്ഞായിരുന്നപ്പോള്‍ ആഴിക്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലിന്റെ ചിത്രം വീക്ഷിച്ചു. കടലില്‍ കപ്പലിനു ചുറ്റും വെള്ളത്തില്‍ മുങ്ങുവാന്‍ പോവുന്ന അല്‍മായരും കപ്പലിന്റെ മട്ടുപ്പാവില്‍ രക്ഷിക്കുവാന്‍ കൈനീട്ടി നില്‍ക്കുന്ന പുരോഹിതരും. പുരോഹിതനാകുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ചിത്രമായിരുന്നു. ഒരു പക്ഷെ പുതിയ നിയമത്തിന്റെ അര്‍ത്ഥവ്യാപ്തിയിലേക്ക് ബാലനായിരുന്ന മാര്‍ട്ടിന്‍ലൂതര്‍ അന്നു ചിന്തിച്ചിട്ടുണ്ടാവുകയില്ല.

  ക്രിസ്തുവില്‍ വിശ്വാസിക്കുന്നവന്റെ ഡയറിയില്‍ പുരോഹിതന്‍ എന്ന വാക്കു കാണുകയില്ല. സഭയുടെ കാനോന്‍നിയമങ്ങളും ക്രിസ്തുസന്ദേശങ്ങള്‍ക്ക് എതിരാണ്. പൌരാഹിത്വം നിലനിര്‍ത്തുവാന്‍ പാപങ്ങള്‍ പുരോഹിതനോട് പറയണം. ഈ അനുഷ്ടാനങ്ങള്‍ ഒന്നും ക്രിസ്തുവിന്റെ വേദപാഠത്തില്‍ ഇല്ല. മാര്‍പാപ്പമുതല്‍ പുരോഹിതര്‍വരെയും അല്‍മായരും ക്രിസ്തുവില്‍ ഒന്നാണെന്ന് പുതിയനിയമ ഉടമ്പടി പറയുന്നു.

  ഒരു വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉയര്‍ന്ന ശ്രേണിയില്‍ പുരോഹിതരും രണ്ടാംതരം യാത്രക്കാരായി അല്മെനികള്‍ എന്നപോലെയാണ് സഭയുടെ സംവിധാനങ്ങള്‍. പുരോഹിതരെ വരേണ്യവര്‍ഗമായി കാണുന്നു. അല്മായന്റെ ജോലി പ്രാര്‍ഥിക്കുക,പണം കൊടുക്കുക,അനുസരിക്കുക.അല്മായന്റെ സമ്പത്ത് അനുഭവിക്കേണ്ടത് പുരോഹിതനും.പുരോഹിതന് പണം കൊടുക്കുന്നതു വഴി അല്മായന്‍ പുതിയ നിയമത്തിനെ ലംഘിക്കുകയാണ്. ഏകശരീരമായ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് പുരോഹിതന്റെ പങ്കാളിത്വം എന്തിന്‌?

  നിങ്ങള്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ വചനങ്ങളും അനുസരിക്കണം.വചനങ്ങള്‍ അനുസരിക്കുന്നുവെങ്കില്‍ പുരോഹിതനെ തഴയണം. തിരുമേനിവിളികളും റെവറണ്ട് വിളികളും വേണ്ടെന്നു വെക്കണം. സ്വയം ആത്മാവിനെ കണ്ടെത്തുക. ദൈവം ആത്മാവിന്റെ രൂപത്തില്‍ ഓരോ മനുഷ്യഗണങ്ങളിലും ഉണ്ട്. അവിടെ പുരോഹിതനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വിത്യാസം ഇല്ല. മതങ്ങളും പ്രത്യേക ദൈവങ്ങളും ഇല്ല. മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവങ്ങളും ഇല്ല. ദൈവത്തിന്റെ കൃപ യേശുവില്‍ ഒന്നായ സകല മാനവജാതിക്കും ഒരുപോലെയുള്ളതാണ്.

  പുരോഹിതനെ അഭിവാദനം ചെയ്യേണ്ടത് ഇങ്ങനെ, 'താങ്കള്‍ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു.പാരമ്പര്യത്തില്‍ താങ്കള്‍ വിശ്വസിച്ചു.എന്നാല്‍ യേശു പറഞ്ഞതും സുവിശേഷതത്വങ്ങളെയും മനസിലാക്കിയില്ല. മാനവ സാഹോദര്യം ഒന്നായി കാണേണ്ടത് ക്രിസ്തുവിലാണ്, മനുഷ്യനില്‍ അല്ല.'

  ക്രിസ്തീയജ്ഞാനം തെറ്റായി പഠിച്ച ഒരു വ്യക്തിയല്ല നമ്മെ നയിക്കേണ്ടത്. സ്വയം ചിന്തകളെ നവീകരിച്ചു സത്യത്തെ അന്വേഷിക്കുകയാണ്, പുരോഹിതമതത്തില്‍ നിന്നും സ്വതന്ത്രനായി ഒരുവന്‍ ചെയ്യേണ്ടതും. സത്യം നിങ്ങളോട് സംസാരിക്കുന്നുവെങ്കില്‍ പുരോഹിതന്‍ എന്തിനു സ്പൂണ്‍ഫീഡിംഗ് നടത്തണം. ഒന്നായ ക്രിസ്തുവില്‍ മാറ്റങ്ങള്‍ക്കു പുരോഹിതനിയന്ത്രണം എന്തിന്?

  ശരീരത്തില്‍ എല്ലാ അവയങ്ങളും തുല്യമായി പ്രവര്‍ത്തിക്കുന്നതുപോലെ ക്രിസ്തുവിന്റെ സഭയില്‍ സഭാമക്കള്‍ ഒന്നുപോലെ ഏകസഹോദര്യത്തില്‍ സ്വയം ആത്മാവിനെ കണ്ടെത്തണം.പണം കൊടുത്തു പുരോഹിതനെ പ്രീതിപ്പെടുത്തിയാല്‍ ക്രിസ്തുവിനെതിരെ ശാത്താനേ കൂട്ടുപിടിച്ചു വചനാഘോഷങ്ങള്‍ നടത്തുന്നതിനു തുല്യമാണ്. മാറ്റങ്ങള്‍ സത്യത്തിന്റെ സാഹോദര്യത്തെ നിലനിര്‍ത്തും. അധര്‍മ്മം വെടിഞ്ഞ ധര്മ്മത്തിലേക്ക് നയിക്കും. കാലത്തിനും മാറ്റംവരണം. ഇന്ന് തടസ്സമായിരിക്കുന്നത് പുരോഹിത അത്മായ അന്തരങ്ങളാണ്.ദൈവത്തിന്റെ ബുക്കില്‍ പുരോഹിതന്റെ നാമം വെട്ടി കളഞ്ഞിരിക്കുന്നു.

  ഫാ. ജോസഫ് മറ്റത്തിന്റെ ലേഖനം ആശയഗംഭീരമായി തന്നെ വിവര്‍ത്തനം ചെയ്ത സാക്ക് നെടുങ്കലാലിനു എന്റെ അഭിനന്ദനങ്ങള്‍.

  ReplyDelete