Translate

Tuesday, October 2, 2012

കുഞ്ഞാടുകള്‍ കൈവിട്ട ഇടയനെ സഭാനേതൃത്വം കൈവിടുമോ?

എന്‍ ആര്‍ എ മലയാളിയില്‍ പ്രസിദ്ധികരിച്ച ലേഖനം
ഒന്നരപതിറ്റാണ്ടുമുമ്പുമുതലുള്ള ശക്തമായ കുടിയേറ്റത്തിന്റെ കുത്തൊഴുക്കില്‍ കടലേഴുംതാണ്ടി സ്വപ്‌നതുല്യമായ ജീവിതം സ്വപ്‌നം കണ്ട് യുകെയിലെത്തിയ മലയാളി സമൂഹത്തെ ഇന്ന് ആത്മീയനേതൃത്വവും മുതലെടുക്കുന്നു. വീടും നാടും ഉപേക്ഷിച്ച് അന്യനാട്ടില്‍ എല്ലുമുറിയെ പണിയെടുക്കുന്ന സമൂഹത്തെ ഭൂരിഭാഗത്തെയും വിശ്വാസവഴിയിലൂടെ നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍തന്നെ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ തിരിച്ചടികള്‍ വലുതാണ്. മലയാളികളുടെ സംസ്‌ക്കാരത്തെയും സാമൂഹ്യബന്ധങ്ങളെയും മുറുകെപ്പിടിക്കാന്‍ നിരവധി സാമൂഹിക, സാംസ്‌കാരിക സാമുദായിക സംഘടനകള്‍ യുകെയില്‍ ശക്തമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവസമുദായംഗങ്ങളെ ലക്ഷ്യമിട്ട് ആത്മീയശുശ്രൂഷയ്ക്കായി യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളി വൈദികരില്‍ ചിലരെങ്കിലും ഈ പരിശുദ്ധമായ ജോലിയുടെ വിശുദ്ധി ഇല്ലാതാക്കുന്ന നടപടികളുണ്ടാകുന്നുവെന്നത് വിശ്വാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തുന്നു.
നൂറുശതമാനവും ആത്മീയതയിലൂന്നി പ്രാര്‍ത്ഥനയും ഉപവാസവും വഴി പ്രവര്‍ത്തിക്കുന്ന നിരവധി വൈദികര്‍ യുകെയുടെ നാനാഭാഗത്തായി സഭാനേതൃത്വം തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി വളരെ പ്രശംസനീയമായി തുടരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഇതിനു കടകവിരുദ്ധമായി ആത്മീയത കച്ചവടച്ചരക്കാക്കി വിശ്വാസികളെ വഞ്ചിച്ചു ജീവിക്കുന്ന ചിലരെങ്കിലും യുകെയിലുണ്ട്. നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള ഒരു മലയാളി വൈദികന്‍ ഉദാഹരണം. ഇപ്പോള്‍ കുഞ്ഞാടുകള്‍ വരെ കൈയൊഴിഞ്ഞിട്ടും ഈ വൈദികന്‍ സഭാനേതൃത്വത്തെ ധിക്കരിച്ച് യുകെയില്‍ സസുഖം വാഴുകയാണ്. സാധാരണഗതിയില്‍ സഭാനേതൃത്വം നിര്‍ദേശിക്കുന്നതനുസരിച്ചാണ് മലയാളി വൈദികര്‍ യുകെയിലുള്‍പ്പെടെ വിദേശത്തെ പള്ളികളുടെ ചുമതല ഏറ്റെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസം തേടി യൂറോപ്പിലുള്‍പ്പെടെ വിദേശത്തേക്കുപോകുന്നവരും കുറവല്ല.
ആരോപണവിധേയനായ നോര്‍ത്ത് വെസ്റ്റിലെ വൈദികന്‍ പഠനത്തിനായാണ് ഏതാനുംവര്‍ഷം മുമ്പ് കേരളത്തില്‍ നിന്നും ബെല്‍ജിയത്തിലേക്ക് വിമാനംകയറിയത്. പിഎച്ച്ഡി പഠനത്തിനെത്തിനാണ് അദ്ദേഹം ബെല്‍ജിയത്തിലെ സര്‍വകലാശാലയില്‍ ചേര്‍ന്നത്.
എന്നാല്‍ അധികം വൈകാതെ പഠനം ഉപേക്ഷിച്ച് അദ്ദേഹം യുകെയിലേക്കു കുടിയേറുകയായിരുന്നു. നോര്‍ത്ത് വെസ്റ്റിലെ സീറോമലബാര്‍ കമ്യുണിറ്റിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന് ഇപ്പോള്‍ ഇവരുമായി ഒരു ബന്ധവുമില്ല. എങ്കിലും നാട്ടില്‍പ്പോകാതെ അേദ്ദഹം യുകെയില്‍ ഒറ്റപ്പെട്ടുകഴിയുന്നു. യുകെയില്‍ എത്തി മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രേഷ്ഠപിതാവ് ഇദ്ദേഹത്തോടു നിര്‍ബന്ധിച്ചു. ഇതിനായി കല്പന പുറപ്പെടുവിച്ചെങ്കിലും ഇടവകയിലെ അല്മായരെക്കൊണ്ട് പിതാക്കന്മാര്‍ക്ക് കത്തെഴുതിച്ചും മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും യുകെയില്‍ തുടരുകയായാരുന്നു ഈ ദൈവദാസന്‍. മടങ്ങിവരണമെന്നാവശ്യപ്പെട്ട് പിന്നീട് പലതവണ പിതാവിന്റെ കല്പനകള്‍ പലതുംകിട്ടിയെങ്കിലും അതെല്ലാം പൂര്‍ണമായി അവഗണിച്ച് ഈ മാന്യവൈദികന്‍ യുകെയില്‍ തുടര്‍ന്നു.
ഇതോടെ സഭാനേതൃത്വവും കര്‍ശനനടപടികള്‍ തുടങ്ങി. കഴിഞ്ഞ മേയ് 31 നുശേഷം ഇവിടെ മലയാളം കുര്‍ബാന ചൊല്ലുന്നതില്‍ നിന്നും വൈദികനെ വിലക്കിക്കൊണ്ട് പിതാവ് കല്പന പുറപ്പെടുവിച്ചു. 31 -ാം തീയതിക്കുള്ളില്‍ നാട്ടില്‍ തിരിച്ചെത്തിക്കൊള്ളണമെന്നുള്ള അന്ത്യശാസനവും നല്കി. മറ്റുമാര്‍ഗ്ഗമില്ലാതെ മാന്യവൈദികന്‍ നാട്ടില്‍ തിരിച്ചെത്തി. ഇതിനിടെ ഒരു ഇടവകയുടെ ഉത്തരവാദിത്വം ഇദ്ദേഹത്തെ ഏല്‍പ്പിച്ച് സഭാനേതൃത്വം കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാല്‍ ബുദ്ധിമാനായ ഈ വൈദികന്‍ യുകെയില്‍ തിരിച്ചെത്താന്‍ തന്ത്രങ്ങള്‍ രൂപീകരിച്ചു. തന്റെ സാധനസാമഗ്രികള്‍ യുകെയിലാണെന്നും അത് എടുത്തുകൊണ്ടുവരുന്നതിന് ഒരുമാസത്തെ അവധി ആവശ്യമുണ്ടെന്നും സഭാനേതൃത്വത്തെ ധരിപ്പിച്ചു. അതനുസരിച്ച് ജൂലൈ 31 വരെ അരമനയില്‍ നിന്നും അവധി തരപ്പെടുത്തി യുകെയില്‍ തിരിച്ചെത്തുകയും ചെയ്തു. അതിനുശേഷം നാളിതുവരെ ഈ വൈദികന്‍ ശ്രേഷ്ഠപിതാവുമായോ അദ്ദേഹത്തിന്റെ ഓഫീസുമായോ ബന്ധപ്പെട്ടിട്ടില്ലെന്നുമാത്രമല്ല ഇന്നും നോര്‍ത്ത് വെസ്റ്റിലെ തന്റെ പഴയതാമസസ്ഥലത്ത് തുടരുകയുമാണ്. രൂപതാ ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിന് 31 വരെ മാത്രമേ അവധി നല്കിയിട്ടുള്ളുവെന്നാണ് ഈ ലേഖകനു ലഭിച്ച മറുപടി. ജൂലൈ 31 നുശേഷം വൈദികന്‍ രൂപതാ ആസ്ഥാനവുമായി ബന്ധപ്പെട്ടിട്ടില്ല. ഈ വൈദികനെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവും ഇല്ലെന്ന മറുപടിയും സഭാനേതൃത്വം നല്കി.
എന്തായാലും തൃശൂര്‍ രൂപതയുടെ പുറത്ത് ഇനി മുതല്‍ ഈ വൈദികന് മലയാളം കുര്‍ബാന ചൊല്ലുവാനുള്ള അനുവാദമില്ല. ഹോസ്പിറ്റല്‍ ചാപ്ലിനായി ജോലിചെയ്യുന്ന വൈദികന് ഏതാനും മാസത്തിനുള്ളില്‍ സിറ്റിസണ്‍ഷിപ്പും ലഭിക്കും. അതുവഴി ശിഷ്ഠകാലം യൂറോപ്പില്‍ത്തന്നെ തുടരാനും സാധിക്കും. ഇതാണ് അദ്ദേഹത്തെ മോഹിപ്പിക്കുന്നത്. ഇടവകാംഗങ്ങളില്‍ത്തന്നെ തമ്മിലടിയുടെയും സ്പര്‍ധയുടേയും വിത്തുപാകിയ ഈ വൈദികന്‍ നിരവധി പള്ളികയില്‍ നിന്നായി കുര്‍ബാനപണമായി വന്‍തുക ഈടാക്കിവരികയാണ്. നികുതിപോലും നല്‍കേണ്ടാത്ത ഈ വന്‍തുകയും സൗജന്യമായ താമസവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ഈ വൈദികനെ ലൗകിക മോഹങ്ങള്‍ക്ക് അടിമയാക്കി എന്നുവേണമെങ്കില്‍ പറയാം.
ആന്തരീകസൗഖ്യവും ആത്മീയനിര്‍വൃതിയും പകര്‍ന്നു നല്കി യുകെയിലാകമാനം സഞ്ചരിക്കുന്ന മാന്യവൈദികന്മാര്‍ എന്തുകൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകന്റെ അപക്വമായ ഈ പ്രവര്‍ത്തനത്തെ കണ്ടില്ലന്നു നടിക്കുന്നു എന്നത് വിശ്വാസികള്‍ക്ക് ഇനിയും പിടികിട്ടാത്ത ഒരു പാഠമാണ്. കടുത്ത സാമ്പത്തികമാന്ദ്യത്തിലും യുകെയില്‍ അതിശക്തമായ ആത്മീയബിസിനസ് പടര്‍ന്നുകൊണ്ടിരിക്കുകണ്. ജനങ്ങളുടെ മാനസിക ശാരീരിക, ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുംതോറും ആത്മീയശുശ്രൂഷകരുടെ വരുമാനം കൂടുകയാണ്. പണവും സുഖവും മാത്രം ലക്ഷ്യമിട്ട് വിശ്വാസികളെ ആത്മീയമികവിലേക്ക് ഉയര്‍ത്താന്‍ എത്തുന്ന ഇത്തരം ആത്മീയ കച്ചവടക്കാരെ തിരിച്ചറിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
ലിങ്ക്:

2 comments:

  1. താറാവിറച്ചി കൊതിയനായ ഈ കുര്‍ബ്ബാന തൊഴിലാളി ഫാദര്‍ ടക്ക്‌ എന്നും അറിയപ്പെടുന്നു

    ReplyDelete
  2. ഫാദര്‍ ടക്ക്‌ = Fr. Duck

    ReplyDelete