Translate

Saturday, October 27, 2012

സഭാനവീകരണത്തിലേക്ക് ഒരു വഴി -- ആമുഖത്തിന്റെ ആദ്യ ഭാഗം



ശ്രീ ചാക്കോ കളരിക്കല്‍ ഉടന്‍തന്നെ പ്രസിദ്ധീകരിക്കുന്ന സഭാനവീകരണത്തിലേക്ക് ഒരു വഴി എന്ന ഗ്രന്ഥത്തിലെ ആമുഖത്തിന്റെ ആദ്യ ഭാഗം

'കത്തോലിക്കാസഭയെ വിമര്‍ശിക്കുന്നത് കര്‍ത്താവീശോമിശിഹായെ വിമര്‍ശിക്കുന്നതിന് തുല്യമാണ്' എന്ന് ഗോവാക്കാരനായ ഒരു യാഥാസ്ഥിതിക കത്തോലിക്കന്‍ (Averthanus L. D'Souza) ഒരു ലേഖനത്തില്‍ എഴുതിയിരിക്കുന്നത് വായിക്കുവാനിടയായി. കത്തോലിക്കാസഭയെ വിമര്‍ശിക്കുക എന്ന പ്രയോഗംകൊണ്ട് കത്തോലിക്കാസഭാധികാരികളെ വിമര്‍ശിക്കുക എന്നാണ് ലേഖകന്‍ വിവക്ഷിക്കുന്നത് എന്നുള്ളതിന് രണ്ടു പക്ഷമില്ല. ഒരു കണ്ണുകൊണ്ടു നോക്കിയാല്‍ എന്റെ പുസ്തകങ്ങളിലെല്ലാം ധാരാളം വിമര്‍ശനങ്ങള്‍ കണ്ടെന്നിരിക്കും. എന്നാല്‍ തുറന്ന രണ്ടു കണ്ണുകളോടെ നോക്കിയാല്‍ ഇതു വിമര്‍ശനമല്ലെന്നും ഈ ആധുനികകാലത്ത് സഭയില്‍ വരുത്തേണ്ട പരിഷ്‌കരണത്തെ അഥവാ നവീകരണത്തെ മുന്നില്‍ കണ്ടുകൊണ്ട് സഭാസ്‌നേഹിയായ ഞാന്‍ നടത്തിയിട്ടുള്ള മായമില്ലാത്ത പഠനമാണെന്നും വ്യക്തമാകും. അതുകൊണ്ട് സഭാവിമര്‍ശനം എന്ന ആരോപണത്തില്‍നിന്ന് എനിക്ക് മുന്‍കൂര്‍ ജാമ്യം നല്കണമെന്ന് ഒരപേക്ഷയുണ്ട്. ഇനിയും എന്റെ പുസ്തകങ്ങള്‍ വായിക്കുന്ന ആരെങ്കിലും അങ്ങനെ തെറ്റായി ധരിച്ചാല്‍ ഞാന്‍ നിസ്സഹായനാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ ''കാലത്തിന്റെ അടയാളങ്ങള്‍ സൂക്ഷ്മനിരീക്ഷണം ചെയ്ത് സുവിശേഷവെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ സഭ എല്ലായ്‌പ്പോഴും ബാധ്യസ്ഥയത്രേ'' എന്നു രേഖപ്പെടുത്തിയിട്ടുള്ളതാണ് എന്റെ രചനകള്‍ക്കെല്ലാം പ്രചോദനം നല്കുന്നത് (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, സഭ ആധുനിക ലോകത്തില്‍).
സഭാപരിഷ്‌കരണം അഥവാ നവീകരണം കൗണ്‍സിലുകളില്‍ കൂടി സാധ്യമാകുക എന്നത് പുതിയ ഒരാശയമല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം രൂപവത്കരിച്ച മെത്രാന്‍ സിനഡുകള്‍ സഭാനവീകരണത്തിന് സഹായകമാകുന്നില്ല. കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്. പോപ്പിനോടും റോമന്‍കാര്യാലയങ്ങളോടും മെത്രാന്‍ സിനഡുകള്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ന് സഭാനവീകരണം ഒരു പൊതുകൗണ്‍സില്‍ (General Council) വഴിയാണ് സാധിക്കേണ്ടത്. മാര്‍പ്പാപ്പാ, കര്‍ദിനാളന്മാര്‍, മെത്രാന്മാര്‍, ഈ സ്ഥാനികളുടെ ഉപദേശകര്‍, സന്ന്യാസീസന്ന്യാസിനിസഭാ പ്രതിനിധികള്‍, ദൈവശാസ്ത്രജ്ഞര്‍, എല്ലാ ശാസ്ത്രങ്ങളുടെയും വിദഗ്ധര്‍, അല്മായപ്രതിനിധികള്‍ (സ്ത്രീകളും പുരുഷന്മാരും), മറ്റ് ക്രിസ്ത്യന്‍സഭാവിഭാഗ പ്രതിനിധികള്‍, മറ്റ് മതപ്രതിനിധികള്‍ തുടങ്ങിയവര്‍ പൊതുകൗണ്‍സിലിലെ അംഗങ്ങളായിരിക്കണം. വമ്പിച്ച ഈ സമ്മേളനത്തിന്റെ ഫലമായിട്ടായിരിക്കണം സഭാനവീകരണം സാധിക്കേണ്ടത്. ഈ സമ്മേളനത്തിലെ തീരുമാനങ്ങള്‍ സഭയില്‍ പ്രാബല്യത്തില്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആധികാരികമായ ഒരു കമ്മറ്റിയെയും ഈ പൊതു കൗണ്‍സില്‍ തെരഞ്ഞെടുക്കേണ്ടതാണ്. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും എല്ലാ കത്തോലിക്കനും അറിയത്തക്കരീതിയില്‍ പ്രസിദ്ധം ചെയ്യേണ്ടതുമാണ്.
ഈ പൊതുകൗണ്‍സിലില്‍ വച്ച് പോപ്പും റോമന്‍ കാര്യാലയങ്ങളും ഒരു പുതിയ 'മാഗ്നാകാര്‍ട്ട'യില്‍ ഒപ്പുവയ്ക്കണം. പത്രോസിന്റെ പിന്‍ഗാമിയായ പോപ്പില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരാവകാശങ്ങളില്‍ വെള്ളം ചേര്‍ക്കലല്ല ഇതിന്റെ ഉദ്ദേശ്യം. മറിച്ച്, ജനങ്ങള്‍ അര്‍ഹിക്കുന്ന വ്യത്യസ്തങ്ങളായ ആശയങ്ങളും ആവശ്യങ്ങളും ബഹുമാനപുരസ്സരം കേള്‍ക്കപ്പെടണം. സംഘാതാത്മകത (Collegiality) വാക്കാല്‍ പോരാ, യഥാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരണം. 

ആഫ്രിക്കയില്‍ നിന്നോ തെക്കേ അമേരിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ആയിരിക്കണം പുതിയ പോപ്പ് എന്നു ചിന്തിക്കുന്നവരും ഇന്നുണ്ട്. നൂറ്റാണ്ടുകളായി സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്തിരുന്ന യൂറോപ്പിലെ 'വെള്ളക്കാരന്‍ പാപ്പാ മാതൃക' മാറ്റപ്പെടണമെന്നവര്‍ ചിന്തിക്കുന്നു. കത്തോലിക്കാ ജനസാന്ദ്രതയ്ക്ക് നിര്‍ണായകമായ രീതിയില്‍ സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. പാശ്ചാത്യനാടുകളില്‍ 30%-വും ഏഷ്യാ, ആഫ്രിക്ക, തെക്കേ അമേരിക്ക ഇവിടങ്ങളില്‍ 70%-വുമാണ് ഇന്ന് കത്തോലിക്കര്‍ അധിവസിക്കുന്നത്.

200 പേജുള്ള പുസ്തകത്തിന് മുഖവില 150 രൂപ
പ്രീ-പ
ബ്ലിക്കേഷന്‍ വില 100 രൂപാ മാത്രം. 
പണം അയയ്‌ക്കേണ്ട വിലാസം: 

സര്‍ക്കുലേഷന്‍ മാനേജര്‍, 'സത്യജ്വാല'
പാലാ പി.ഒ., കോട്ടയം. 686575
ഫോണ്‍: 9495188610

E -mail: mtharakunnel@gmail.com

ബാങ്ക് : S B T, Pala Branch
A/c No. 67117548175
A/c Name: Kerala Catholic Church
Reformation Movement
IFSC Code: SBTR0000120

ചെക്കും ഡ്രാഫ്റ്റുമൊക്കെ Kerala Catholic Church Reformation Movement എന്ന പേരില്‍ത്തന്നെ എഴുതണം 

No comments:

Post a Comment