Translate

Wednesday, October 3, 2012

സഭയിലെ അധികാരം


2012 സെപ്തംബര്‍ മാസത്തെ 'സത്യജ്വാല' മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഡിറ്റോറിയല്‍

കത്തോലിക്കാസഭ ഇന്നൊരു അതികേന്ദ്രീകൃത അധികാരസംവിധാനമാണ്. ലോകത്തിലെ കോടിക്കണക്കിനു മനുഷ്യരുടെമേല്‍ ഒരു മാര്‍പ്പാപ്പായ്ക്ക് അധികാരം; ഓരോ രൂപതയിലെയും ലക്ഷക്കണക്കിനു മനുഷ്യരുടെമേല്‍ ഒരു മെത്രാന് അധികാരം; ഓരോ ഇടവകയിലെയും ആയിരക്കണക്കിനു മനുഷ്യരുടെമേല്‍ ഒരു വികാരിക്ക് അധികാരം! ഈ അധികാരികളാരും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല എന്നതാണ് കത്തോലിക്കാ അധികാരവ്യവസ്ഥയുടെ പ്രത്യേകത. ആധിപത്യത്തിന്റെ ഒരു പിരമിഡ് സ്വയം നിര്‍മ്മിച്ച് അതിനുമുകളില്‍ കയറിയിരിക്കുകയാണ്, സഭാപൗരോഹിത്യം. അവിടെ അവര്‍ വെറുതെ ഇരിക്കുകയല്ല; ഓരോ കത്തോലിക്കന്റെയും വ്യക്തിപരവും കുടുംബപരവും സാമൂഹികവും സാംസ്‌കാരികവും ആദ്ധ്യാത്മികവുമായുള്ള ജീവിതത്തിനുമേല്‍ 'കടിഞ്ഞാണ്‍ നിയന്ത്രണ'വുമായാണ് ആ ഇരിപ്പ്. സഭയിലെ ഈ അധികാരസംവിധാനം സഭാസമൂഹത്തെയാകമാനം അടിമത്തത്തിലാഴ്ത്തിയിരിക്കുന്നു.

പ്രധാനമായും, താഴെക്കൊടുക്കുന്ന വചനഭാഗങ്ങളാണ്, പുരോഹിതാധികാരമുറപ്പിക്കാന്‍ സഭാധികാരികള്‍ സാധാരണ ഉപയോഗിക്കാറുള്ളത്: 
1. ''നീ പത്രോസ് ആകുന്നു. ഈ പാറയില്‍ എന്റെ സഭ ഞാന്‍ കെട്ടിപ്പടുക്കും. മരണത്തിന്റെ ശക്തികള്‍ അതിനെതിരെ വിജയിക്കില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം അഴിക്കപ്പെട്ടിരിക്കും'' (മത്താ. 16: 18-19).
2. ''പിതാവ് എന്നെ അയച്ചിരിക്കുന്നതുപോലെ, ഞാനും നിങ്ങളെ അയയ്ക്കുന്നു...... നിങ്ങള്‍ ആരുടെയങ്കിലും പാപങ്ങള്‍ ക്ഷമിച്ചാല്‍ അവ ക്ഷമിക്കപ്പെടും. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ നിലനിര്‍ത്തിയാല്‍, അവ നിലനിര്‍ത്തപ്പെടും'' (യോഹ. 20: 21-23).
3. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യരാക്കുക'' (മത്താ. 28: 18-20).

യേശു ദൈവപുത്രനാണെന്നുള്ള പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെത്തുടര്‍ന്ന് യേശു പറയുന്ന ഭാഗമാണ് ആദ്യത്തേത്. ഇവിടെ പത്രോസിന്റെ വിശ്വാസദാര്‍ഢ്യത്തെയാണ് യേശു പാറയോട് ഉപമിച്ചിരിക്കുന്നത് എന്നു വ്യക്തമാണ്. പാറപോലെ ഉറച്ച ആ വിശ്വാസത്തിനുമേല്‍ തന്റെ സഭ കെട്ടിപ്പടുക്കും എന്നാണ് യേശു പറയുന്നത്. തന്റെ വചനത്തില്‍, മാര്‍ഗ്ഗത്തില്‍, ദൈവരാജ്യസങ്കല്പത്തില്‍ മനുഷ്യരര്‍പ്പിക്കുന്ന വിശ്വാസദാര്‍ഢ്യത്തിനുമേല്‍ തന്റെ സഭ സ്ഥാപിക്കുമെന്നാണ് യേശു അര്‍ത്ഥമാക്കുന്നത്. അല്ലാതെ, പത്രോസ് എന്ന വ്യക്തിക്കുമേലോ, പത്രോസിന്റെമാത്രം വിശ്വാസത്തിന്മേലോ അല്ല. അങ്ങനെയായിരുന്നെങ്കില്‍, തൊട്ടടുത്ത നിമിഷത്തില്‍ത്തന്നെ, ''സാത്താനേ, എന്റെ പിന്നിലേക്കു പോകൂ, നീ എന്റെ വഴിയില്‍ ഒരു തടസ്സമാണ്'' (മത്താ. 16:23) എന്ന് യേശു പത്രോസിനെ ശാസിക്കുമായിരുന്നില്ലല്ലോ.

അടുത്തത്, പാപങ്ങള്‍ ക്ഷമിക്കാനും നിലനിര്‍ത്താനും, കെട്ടാനും അഴിക്കാനും, ഉള്ള അധികാരത്തെപ്പറ്റിയാണ്. യേശു ഇതൊക്കെ പറഞ്ഞിട്ടുള്ളത് 12 അപ്പസ്‌തോലന്മാരോടു മാത്രമായിരുന്നില്ലെന്ന് ബൈബിളില്‍നിന്നുതന്നെ വ്യക്തമാണ്. മത്തായി പതിനെട്ടാം അദ്ധ്യായത്തില്‍ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍, തന്റെ പ്രബോധനത്തിന്റെ ഭാഗമായി യേശു ഇതും ഇതില്‍ക്കൂടുതലും എല്ലാവരോടുമായി പറയുന്നുണ്ട്. ചുരുക്കത്തില്‍, യേശുവിന്റെ ശിഷ്യത്വം പ്രാപിച്ച എല്ലാവരെ സംബന്ധിച്ചും സാധുവായ കാര്യങ്ങളാണിവയെല്ലാം. ''ഇങ്ങനെയുളള (പാപം മോചിപ്പിക്കാനുള്ള) അധികാരം മനുഷ്യര്‍ക്കു നല്‍കിയ ദൈവത്തെ അവര്‍ സ്തുതിച്ചു'' (മത്താ 9: 8) എന്ന ബൈബിള്‍ വാക്യത്തില്‍നിന്നുതന്നെ, എല്ലാ മനുഷ്യര്‍ക്കുമായാണു യേശു തന്റെ ആദ്ധ്യാത്മികാധികാരം നല്‍കിയതെന്നു വ്യക്തമാണ്.

പിന്നെയുള്ളത്, 'എല്ലാ ജനതകളെയും ശിഷ്യരാക്കുക' എന്ന കല്പനയാണ്. സ്‌നേഹത്തിന്റേതായ തന്റെ മാര്‍ഗ്ഗത്തിലേക്ക് എല്ലാവരെയും ആനയിക്കുക എന്ന് യേശു കല്പിച്ച അവസരത്തില്‍ ശിഷ്യന്മാരേ അവിടെയുണ്ടായിരുന്നുള്ളു എന്നു കരുതി അതു മറ്റാര്‍ക്കും ബാധകമല്ലെന്നു വരുന്നില്ല. ആദ്ധ്യാത്മികതയുടെ തിരിനാളം തെളിഞ്ഞുകിട്ടിയവര്‍ക്കെല്ലാമായുള്ള സാര്‍വ്വത്രിക ഉപദേശമാണത്. വിളക്ക് പറയ്ക്കടിയില്‍ വയ്ക്കരുതെന്നും യേശു പറഞ്ഞിട്ടുണ്ടല്ലോ.

ഇവിടെ പറയുന്ന ഒരധികാരവും വ്യവഹാരികാര്‍ത്ഥത്തിലുള്ള ഭരണാധികാരമല്ലെന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. യേശുവിന്റെ 'രാജ്യ'ത്തിന്റെ കാര്യത്തിലെന്നപോലെതന്നെ, യേശുവിന്റെ അധികാരവും കേവലം ഐഹികമായ അര്‍ത്ഥത്തിലുള്ളതല്ല. - ധാര്‍മ്മികാധികാരമാണത്; പഠിപ്പിക്കാനും ഉപദേശിക്കാനും ശാസിക്കാനും, അങ്ങനെ മനുഷ്യരെ ആത്മീയരാക്കാനുമുള്ള ധാര്‍മ്മികാധികാരം. 
മനുഷ്യനെ അവബോധത്തിലേക്കെത്തിക്കാനുള്ള ആദ്ധ്യാത്മികശുശ്രൂഷതന്നെയാണത്. 

തന്റെ സങ്കല്പത്തിലുള്ള ദൈവരാജ്യം പടുത്തുയര്‍ത്താനായി യേശു മുന്നോട്ടുവച്ച സാര്‍വ്വത്രികമായ ഉപദേശ-നിര്‍ദ്ദേശങ്ങളെയെല്ലാം ദുര്‍വ്യാഖ്യാനിച്ച്, തങ്ങളുടേതായ ഒരു അധികാരസാമ്രാജ്യം പടുത്തയര്‍ത്തുകയാണ്, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലംതൊട്ട് ക്രൈസ്തവപൗരോഹിത്യം.

ബൈബിള്‍ കഴിഞ്ഞാല്‍ സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെയാണു സഭ പിന്തുടരുന്നതെന്നാണ് ആധികാരികഭാഷ്യം. ബൈബിളിനെ എങ്ങനെയാണു സഭ പിന്തുടരുന്നതെന്നു നാം കണ്ടുകഴിഞ്ഞു. വിശുദ്ധപാരമ്പര്യങ്ങളുടെ കാര്യമെടുത്താലോ? ആദ്ധ്യാത്മികശുശ്രൂഷകരെയും ഭൗതികശുശ്രൂഷകരെയും വിശ്വാസിസമൂഹം തന്നെ തിരഞ്ഞെടുക്കുന്ന വിശുദ്ധ പാരമ്പര്യമാണ് ആദിമസഭയില്‍ നാം കാണുന്നത് (കാണുക, അപ്പോ. പ്രവ. 1:15-26, 6:1-7). 'പന്ത്രണ്ടു അപ്പസ്‌തോലന്മാരുടെയും പ്രബോധനങ്ങള്‍' എന്ന നിലയില്‍, 'ഡിഡാക്കെ' എന്ന പേരില്‍ പ്രസിദ്ധീകൃതമായ, അ.ഉ. 140-ലെ പ്രാമാണികരേഖയില്‍ വിശ്വാസികളോടുള്ള ഉദ്‌ബോധനമായി ഇങ്ങനെ എഴുതിയിരിക്കുന്നു: ''അതുകൊണ്ട്, കര്‍ത്താവിനുചേര്‍ന്ന മെത്രാന്മാരെയും മേലന്വേഷകരെയും നിങ്ങള്‍
തന്നെ തിരഞ്ഞെടുക്കുക. പണമോഹികളെ ആയിരിക്കരുത്; എളിമയുള്ളവരെയും സത്യസന്ധരെയും യോഗ്യത തെളിയിക്കപ്പെട്ടവരെയുമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. എന്തുകൊണ്ടെന്നാല്‍, അവര്‍ പ്രവാചകരുടെയും പ്രബോധകരുടേതുമായ ശുശ്രൂഷകളിലൂടെ നിങ്ങളെ സേവിക്കേണ്ടവരാണ്'' ((Faith of Early Fathers Vol. I William A. Jurgens, Page - 4, തര്‍ജ്ജമ സ്വന്തം). 

കേരളത്തിലേക്കുവന്നാല്‍, പതിനാറാം നൂറ്റാണ്ടുവരെയുള്ള നസ്രാണിപാരമ്പര്യമനുസരിച്ച്, പട്ടത്തിനു പഠിക്കാനാഗ്രഹിക്കുന്നവരില്‍നിന്നു യോഗ്യരായവരെ തിരഞ്ഞെടുത്തയച്ചിരുന്നതും, സഭയുടെ ഭൗതികകാര്യങ്ങള്‍ നോക്കിനടത്താനുള്ളവരെ കാലാകാലങ്ങളില്‍ തിരഞ്ഞെടുത്തു നിയോഗിച്ചിരുന്നതും വിശ്വാസിസമൂഹമായിരുന്നുവല്ലോ.

സഭയുടെ ഈ വിശുദ്ധപാരമ്പര്യങ്ങളെയൊന്നും കാണാന്‍ തയ്യാറാകാതെ, റോമന്‍ സാമ്രാജ്യത്വമൂശയില്‍ പിന്നീടു രൂപംകൊണ്ട രാജകീയപാരമ്പര്യങ്ങളെ വെഞ്ചരിച്ചു വിശുദ്ധപരിവേഷംനല്‍കി അവതരിപ്പിക്കുകയാണ് സഭാധികാരികള്‍. അതിന്റെ അടിസ്ഥാനത്തില്‍, സ്വതന്ത്രമായി ഈശ്വരാന്വേഷണം നടത്താനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജീവിക്കാനുമുള്ള മനുഷ്യന്റെ ജന്മാവകാശത്തിനു വിലങ്ങിടുന്ന വിശ്വാസസത്യങ്ങള്‍ക്കും ദൈവശാസ്ത്രങ്ങള്‍ക്കും കാനോന്‍നിയമങ്ങള്‍ക്കും അവര്‍ രൂപംകൊടുക്കുന്നു; അടിച്ചേല്പിക്കുന്നു. അങ്ങനെ, യേശു സ്വാതന്ത്ര്യത്തിലേക്കു മോചിപ്പിച്ച മനുഷ്യരെ, യേശുവിന്റെ പേരില്‍ത്തന്നെ അടിമത്തത്തിലേക്കു തിരിച്ചുനടത്തിക്കുന്നു. അധികാരമേ പാടില്ലാത്തിടത്ത് സാമ്രാജ്യത്വം കൊടികുത്തി വാഴുകയാണ്!

മനുഷ്യരെ പല തട്ടുകളായി കീഴ്‌മേല്‍ വിഭജിച്ചുനിര്‍ത്തുന്ന ഇന്നത്തെ സഭാധികാരസംവിധാനത്തിനുളളില്‍, യേശു പ്രസംഗിച്ച സ്‌നേഹത്തിനും സാഹോദര്യത്തിനും എങ്ങനെ പുലരാനാകും? ക്രൈസ്തവമായ കൂട്ടായ്മാജീവിതം എങ്ങനെ സാധ്യമാകും? യേശുവിന്റെ ദൈവരാജ്യം എങ്ങനെ സമാഗതമാകും?

സര്‍വ്വാധികാരവുമുണ്ടായിരുന്ന യേശു ആരുടെയുംമേല്‍ അധികാരപ്രയോഗം നടത്തിയിട്ടില്ല എന്നതില്‍നിന്നും, അത്തരമൊരു അധികാരം ശിഷ്യര്‍ക്കു നല്‍കുകയോ അവര്‍ പ്രയോഗിക്കുകയോ ചെയ്തതായി കാണുന്നില്ല എന്നതില്‍നിന്നും, അധികാരം എന്ന വാക്കിന്റെ 'ബിബ്ലിക്ക'ലായ അര്‍ത്ഥം തികച്ചും വ്യത്യസ്തമാണെന്നു കാണേണ്ടിയിരിക്കുന്നു. 

'അധികാരം' എന്ന പദത്തിന് പുതിയനിയമബൈബിളില്‍ 'ശുശ്രൂഷ' എന്ന അര്‍ത്ഥമാണുള്ളതെന്നു സൂക്ഷ്മപരിശോധനയില്‍ ആര്‍ക്കും കാണാനാവും. ഒന്നാമന്‍ അവസാനക്കാരനാകണമെന്നും, യജമാനന്‍ ദാസനാകണമെന്നുമുള്ള യേശുവചസ്സുകള്‍ ഇതു കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്. മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി സ്വയമുയര്‍ത്താന്‍ മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഭരണാധികാരം 'സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള സര്‍വ്വാധികാര'ത്തിലും ഉള്‍പ്പെടുന്നില്ലെന്നു ചുരുക്കം.

അധികാരവ്യഗ്രത 'ഞാന്‍ഭാവ' (ego) ത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്. മുന്തിരിവളളിയില്‍നിന്നും സ്വയം വേര്‍പെടുത്തിക്കാണുന്ന ശിഖരത്തിന്റേതിനോടു തുലനംചെയ്യാവുന്ന മൗഢ്യമാണത്.

നൂറ്റാണ്ടുകളായി കത്തോലിക്കാസഭാസംവിധാനം ഈ മൗഢ്യത്തിലാണ് വേരുറപ്പിച്ചിരിക്കുന്നത്. സഭാഗാത്രത്തിലെ ഹൃദയ-ശ്വാസകോശസംവിധാനം സ്വന്തം പേശീബലം വര്‍ദ്ധിപ്പിക്കാനായി പരിശ്രമിക്കുകയാണ്! ശ്വാസകോശം 'മസ്സില്‍പവറി'നായി പരിശ്രമിച്ചാലുണ്ടാകുന്ന അപകടമാണ് സഭയ്ക്കിന്ന് ഉണ്ടായിരിക്കുന്നത്.

-ജോര്‍ജ് മൂലേച്ചാലില്‍,  എഡിറ്റര്‍ 

No comments:

Post a Comment