Translate

Thursday, October 18, 2012

ഭയംകൂടാതെ സാക്ഷ്യംനല്കുക

ജോയി ഒറവണക്കളം 
സെപ്തംബര്‍ ലക്കം സത്യജ്വാലയില്‍ നിന്ന് 
സിസ്റ്റര്‍ അഭയാകേസ്സിന്റെ തെളിവെടുപ്പിന്റെ ഭാഗമായി CBI നടത്തിയ അന്വേഷണത്തില്‍ BCM കോളേജിലെ പ്രൊഫസറായിരുന്ന ശ്രീമതി ത്രേസ്യാമ്മയുടെ വെളിപ്പെടുത്തലുകള്‍ ദൃശ്യ-മാദ്ധ്യമങ്ങളിലൂടെയും പത്രവാര്‍ത്തകളിലൂടെയും കണ്ടും കേട്ടും മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.
സി. അഭയാകേസ്സ് നടക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ, കോട്ടയം രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ, പ്രൊഫ. ത്രേസ്യാമ്മയുടെ വെളിപ്പെടുത്തലിനോട് സമാനമായ ചെയ്തികളെക്കുറിച്ച് അരമന അന്തേവാസികളില്‍നിന്നുതന്നെ പലവിധത്തിലുള്ള അടക്കംപറച്ചിലുകളും വിശ്വാസികളുടെ ഇടയില്‍ പരന്നിരുന്നു (ഇത്തിരി വിസര്‍ജിക്കാതെ ഇത്തിരി മണക്കില്ലല്ലോ?) മലര്‍ന്നുകിടന്നു തുപ്പിയാല്‍ ദേഹത്തുതന്നെ വീഴുമെന്നുള്ളതുകൊണ്ടും, മറ്റു മതസ്ഥരുടെയിടയില്‍ അവഹേളിതരാകുമെന്നതിനാലും, പരസ്യപ്രസ്താവനകള്‍ക്ക് ആരും മുതിര്‍ന്നില്ലായെന്നുള്ളതാണു സത്യം. എന്നാല്‍ ത്രേസ്യാമ്മയുടെ മൊഴിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ദൈവഹിതം എന്നുമാത്രമേ പറയേണ്ടതുള്ളു. ''ഭയംകൂടാതെ സാക്ഷ്യംനല്കുക'' (ലൂക്കാ 1:2), എന്ന വേദവാക്യം അവരുടെ മനസ്സിനെ അലട്ടിയതുകൊണ്ടായിരിക്കാം, സത്യം തുറന്നു പറയാന്‍ അവര്‍ തയ്യാറായത്. വചനം പറയുന്നു: ''മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട് നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചതു വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറിയില്‍വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും'' (ലൂക്കാ. 12:2-3).

''അമ്മ തടിവഴിയെങ്കില്‍ മകള്‍ ഇലഞ്ചിലുവഴി'' എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുമാറ്, ഈ അടുത്ത കാലത്തായി കോട്ടയം അതിരൂപതയിലെ പല വൈദികരുടെയും ലൈംഗികഅരാജകത്വത്തിന്റെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. പല മാദ്ധ്യമങ്ങളിലൂടെയും ജനം ഇതെല്ലാം അറിഞ്ഞുകഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കുമരകം പള്ളിയില്‍ വികാരിയായിരുന്ന ഒരു വൈദികന്‍ സ്ത്രീയോടൊപ്പം പിടിക്കപ്പെടുകയുണ്ടായി. പൗരോഹിത്യം ഉപേക്ഷിച്ചു വിവാഹംകഴിക്കാന്‍ മെത്രാന്‍ അദ്ദേഹത്തെ ഉപദേശിച്ചപ്പോള്‍, 'അങ്ങനെയെങ്കില്‍ പത്തുനാല്പതു വൈദികരുടെ പേരു ഞാന്‍ നല്കാം; അവരെയും പുറത്താക്കാമോ?' എന്ന് ഈ വൈദികന്‍ മെത്രാനോടു പറഞ്ഞത്രെ! കുറച്ചു നാളത്തേക്ക് ഇടവകഭരണത്തില്‍നിന്നു മാറ്റി നിര്‍ത്തിയതിനുശേഷം വേറൊരു പള്ളിയിലേക്കു സ്ഥലംമാറ്റംനല്കി പ്രശ്‌നം പരിഹരിച്ചു'. ഈ അടുത്തനാളില്‍, കോട്ടയം അതിരൂപതയിലെതന്നെ പ്രഗത്ഭനും പണ്ഡിതനും മോണ്‍സിഞ്ഞോറുമായ ഫാ. ജേക്കബ് വെള്ളിയാന്‍, തന്റെ യൗവനകാലത്ത്, അമേരിക്കന്‍ പള്ളിയിലെ സേവനകാലത്ത് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന്റെ പേരിലുള്ള കേസ്സ് കോടതിയില്‍ എത്തുമെന്നറിഞ്ഞ ഉടനെ, കേരളത്തിലേക്കു പലായനംചെയ്തു രക്ഷപ്പെട്ട വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. ഏറ്റവും പുതിയ വാര്‍ത്ത, മേന്മുറി പള്ളിവികാരിയായിരുന്ന ഫാ. ബോബി മണലേല്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിനുശേഷം വളരെനാള്‍ ആരും അറിയാതെ തന്റെ പുരോഹിത
ജീവിതം തുടര്‍ന്നുപോന്നു എന്നതാണ്. ഒടുവില്‍ പിടിക്കപ്പെട്ടു. വിവാഹം ചെയ്തിട്ടില്ലായെന്ന് വൈദികന്‍ ആണയിട്ടപ്പോള്‍, യുവതിയായ ഭാര്യ വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ മെത്രാനെ കാണിച്ചു. പ്രതിക്കു കുറ്റം സമ്മതിക്കേണ്ടിവന്നു. അദ്ദേഹം പുറത്താക്കപ്പെടുകയും ചെയ്തു. ഇങ്ങനെ അറിഞ്ഞും അറിയാതെയും കെട്ടിയും കെട്ടാതെയും പോയവരും പോകാത്തവരുമായ ഒട്ടനവധി വൈദികരുടെ കഥകളും പറഞ്ഞുകേള്‍ക്കുന്നു; മറഞ്ഞിരിക്കുന്നതെല്ലാം ഓരോന്നായി വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നു.


കോട്ടയം രൂപതയില്‍ ഏറ്റവും ചീഞ്ഞുനാറുന്നത് സി. അഭയാകേസ്സാണ്. ഈ കേസ്സില്‍ സത്യം കണ്ടെത്തുമോ എന്ന സംശയം ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. ഈ കേസ്സിന്റെ സത്യം തെളിഞ്ഞാല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ കുന്നശ്ശേരി ഉള്‍പ്പെടെ അരമനവാസികളായിരുന്ന പല വെള്ളവസ്ത്രധാരികളുടെയും പേരുകള്‍ ഒന്നൊന്നായി പുറത്തുവരും എന്ന ഭയം ആരംഭംമുതലേ രൂപതാധികൃതര്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം, ഈ കേസ്സു തെളിയിക്കാന്‍ ഒരു നടപടിയും സഭാനേതൃത്വം എടുക്കാതിരുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഒരു കന്യാസ്ത്രീയെ അവഹേളിച്ചതിന്റെപേരില്‍ കേരളവ്യാപകമായി കത്തോലിക്കാ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടും ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തിയും ബന്ദിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ച സഭാനേതൃത്വം, സ്വന്തം തട്ടകത്തില്‍ നടന്ന സിസ്റ്റര്‍ അഭയയുടെ കൊലപാതകം അന്വേഷിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കിയില്ലായെന്നുള്ളത് ഏവര്‍ ക്കും അറിയാവുന്നതാണ്. മറിച്ച്, കേസ്സ് ഒതുക്കുവാന്‍ വേണ്ടുവോളം സമ്മര്‍ദ്ദം ഏതെല്ലാം രീതിയില്‍ എവിടെയെല്ലാം ചെലുത്തുവാന്‍ കോട്ടയം രൂപതാനേതൃത്വം ശ്രമിച്ചുവെന്നു പ്രൊഫ. ത്രേസ്യാമ്മയുടെ വെളിപ്പെടുത്തലിലൂടെ വെളിച്ചത്തു വരുകയുമുണ്ടായി. ശ്രീമാന്‍ കെ.എം. മാണിയെപ്പോലെയുള്ള രാഷ്ട്രീയനേതാക്കളും, കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ തെളിവുകളും കത്തിച്ചുകളഞ്ഞ പോലീസുമെല്ലാം ആരോപണവിധേയരായിരിക്കുന്നു.
ഇതിനെല്ലാം പുറമേ സാധാരണ ജനങ്ങള്‍ക്കു ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും സംശയങ്ങളും ഇന്നും നിലനില്‍ക്കുന്നുതാനും:
1) സി. അഭയാക്കേസ്സ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരുന്ന C.B.I-ലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന വര്‍ഗ്ഗീസ് പി. തോമസ് തന്റെ ഔദ്യോഗികജീവിതം മതിയാക്കി വിരമിക്കാനുണ്ടായ സാഹചര്യം എന്ത്, അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്ത്?
2) ഈ കേസ്സുമായി ഒരു ബന്ധവുമില്ലാതിരിക്കെ, കര്‍ണ്ണാടക ചീഫ് ജസ്റ്റീസ് ആയിരുന്ന കോട്ടയം രൂപതാംഗം ജസ്റ്റീസ് സിറിയക്ക് ജോസഫ്, കുറ്റവാളികള്‍ എന്നു സംശയിച്ചിരുന്നവരില്‍നിന്നെടുത്ത നാര്‍ക്കോ പരിശോധനയുടെ ടേപ്പ് പരിശോധിക്കാന്‍, ആ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പോവുകയുണ്ടായി. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച സാഹചര്യം, അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്ത്?
3) കുറ്റാന്വേഷണരംഗത്തു കുറ്റംതെളിയിക്കുന്നതിനുവേണ്ടി നാര്‍ക്കോ പരിശോധന ഉള്‍പ്പെടെയുള്ള നൂതനസാങ്കേതികവിദ്യകള്‍ വികസിതരാജ്യങ്ങളെല്ലാംതന്നെ അംഗീകരിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇന്‍ഡ്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതയില്‍, 'കേസ്സു തെളിയിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി നാര്‍ക്കോ പരിശോധന അംഗീകരിക്കാവുന്നതല്ല'എന്ന്, മറ്റൊരു കേസ്സില്‍ ചീഫ് ജസ്റ്റീസ് K.G. ബാലകൃഷ്ണന്‍ നടത്തിയ വിധി, യഥാര്‍ത്ഥത്തില്‍ അഭയാകേസ്സ് അട്ടിമറിക്കാനല്ലായിരുന്നുവോ എന്നും ജനങ്ങള്‍ സംശയിക്കുന്നുണ്ട്.

എന്തൊക്കെയായാലും, സി. അഭയാക്കേസ്സ് തെളിഞ്ഞാലും, ഇല്ലെങ്കിലും കോട്ടയം അതിരൂപതയിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും വെള്ളവസ്ത്രത്തിന്റെ ഉള്ളിലെ ദുര്‍ഗന്ധം വമിച്ചുകൊണ്ടേയിരിക്കും. പരിശുദ്ധാത്മാവിനാല്‍ വിളിക്കപ്പെട്ടു വിശുദ്ധജീവിതം നയിച്ചുകൊണ്ട് ആദ്ധ്യാത്മികശുശ്രൂഷ നിര്‍വഹിക്കുന്ന ഒട്ടനവധി വൈദികരും കന്യാസ്ത്രീകളും നമ്മുടെയിടയില്‍ത്തന്നെയുണ്ട്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം, അവരും ഇത്തരക്കാരുടെ ദുര്‍ഗന്ധം സഹിക്കേണ്ടിവരുന്നുവല്ലോ എന്നോര്‍ത്തു ദുഃഖിക്കുകയും ചെയ്യുന്നു. 

3 comments:

 1. അഭയ കേസ് ഇനി തെളിയുമെന്ന് പ്രതീക്ഷ വേണ്ട, നാര്‍ക്കോ പരിശോധന സംബന്ധിച്ചുള്ള വിധിയും ജസ്റ്റിസ്‌ ബാലകൃഷ്ണന്റെ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിച്ച വസ്തുവകകളുടെ വിവരങ്ങളും എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ചിലതൊക്കെ ഊഹിക്കാം.
  വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും നടന്നെന്നു സഭ നേതൃത്വം പറയുമ്പോള്‍ ഇവിടെ ജാഥ നടത്താനിറങ്ങുന്ന കുഞ്ഞാടുകള്‍ക്കും അല്‍പ്പം വകതിരുവോക്കെ വേണം. കണ്ണും ചെവിയും ഒക്കെ തുറന്നു ജീവിക്കണം. കര്‍ത്താവു തന്നെ പറഞ്ഞിട്ടില്ലേ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കാം എന്ന്.

  ReplyDelete
 2. ശരീരത്തില്‍ ഒരു വൃണമുണ്ടായാല്‍ ചികിത്സിച്ചു ഭേദപ്പെടുത്തുക സുബോധമുള്ള എതൊരു മനുഷ്യന്റെയും സ്വാഭാവിക പ്രവര്‍ത്തി മാത്രമാണ്.സഭാ ഗാത്രത്തില്‍ ക്യാന്‍സര്‍ സമാനമായ വൃണമുണ്ടായിട്ടും
  ജസ്റ്റീസ് മുതല്‍ സദാ പോലീസുകാരന്‍ വരെ, സഭാംഗമായതിന്‍റെ പേരില്‍, ഇത് മൂടി വെക്കാന്‍ ശ്രമിച്ചത്.ഒരിക്കലും cleaning നടക്കാത്ത ഒരു അടുക്കളയില്‍ വച്ചുവിളമ്പി കിട്ടുന്ന സാധനങ്ങള്‍ ഭക്ഷിച്ചാല്‍ വിഷബാധ ഉണ്ടായിലെങ്കിലല്ലേ അദ്ഭുതമുള്ളൂ...

  ReplyDelete
 3. ഇതു നസ്രാണിയുടെ ബ്ലോഗാണ് പിള്ളയ്ക്ക് ഇവിടെന്തു കാര്യം എന്ന് ഒരു അനോണി കമന്റ് വന്നിരുന്നു. അല്മായശബ്ദം വായിക്കുകയും യേശുവിന്റെ ഉപദേശത്തിന് നിരക്കുന്ന കമന്റുകള്‍ ഇടുകയും ചെയ്യുന്ന രവി പിള്ളയെ പോലെയുള്ളവരല്ലേ യഥാര്‍ഥ ക്രിസ്ത്യാനികള്‍ എന്നു നസ്രാണികളേവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ധീരരാകൂ.. പ്രതികരിക്കൂ... ഇതാണ് അല്മായശബ്ദത്തിന്റെ സന്ദേശം. യേശുവും യേശുവിന്റെ സന്ദേശവും ജാതിമതങ്ങള്‍ക്കതീതമാണെന്നു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കു മാത്രം കഴിയാതെ പോകാന്‍ കാരണമെന്താണ് എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.

  ReplyDelete