Translate

Saturday, October 20, 2012

അമിതഭക്തിക്കാര്‍ക്ക് ഒരു കഷായചികിത്സ!

കെ. കുര്യാക്കോസ് ഏലിയാസ് എസ്
ഏതുതരം മയക്കുമരുന്നിന് അടിമപ്പെട്ടവരെയും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഭക്തി എന്ന ലഹരിക്ക് അടിമയായാല്‍ ചികിത്സ ബുദ്ധിമുട്ടാണ്. എങ്കിലും ക്രിസ്ത്യാനികള്‍ പ്രത്യാശ കൈവിടരുതല്ലോ. അതുകൊണ്ട്, അവര്‍ക്കായി ഒരു 'കഷായചികിത്സ' അവതരിപ്പിക്കുന്നു:
ഭക്തിരോഗലക്ഷണങ്ങള്‍:
(1) ളോഹ കാണുമ്പോള്‍ അത് കര്‍ത്താവിന്റെ തിരുവസ്ത്രമാണെന്നും, ളോഹയിട്ടവരെ കാണുമ്പോള്‍ അത് യേശുക്രിസ്തുവാ ണെന്നും തോന്നുക.
(2) പള്ളിമുറ്റം ഗദ്‌സമേന്‍ തോട്ടമാണെന്നു തോന്നുക. അതിലൂടെ എപ്പോഴും ഉലാത്തുവാന്‍ തോന്നുക. കുര്‍ബാന കഴിഞ്ഞാലും വീട്ടിലേക്കു പോകാന്‍ തോന്നാതിരിക്കുക.
(3) 'കര്‍ത്താവ്', 'വചനം', 'സ്‌തോത്രം', 'ഹല്ലേലൂയ' മുതലായ വാക്കുകള്‍ നാക്കിലെപ്പോഴും തത്തിക്കളിക്കുക.
(4) കൂടെക്കൂടെ കുമ്പസാരിച്ചു കുര്‍ബാന കൈ ക്കൊള്ളണമെന്നു തോന്നുക.
(5) വീട്ടുപണികള്‍ മറ്റുള്ളവര്‍ക്കായി ഔദാര്യപൂര്‍വ്വം വിട്ടുകൊടുത്ത് എന്നും രാവിലെ പള്ളിയില്‍ പോകുക.
(6) മറ്റുള്ളവരെ നിരന്തരം ഉപദേശിക്കുക.
(7) മെത്രാന്റെ മോതിരം കിട്ടിയിരുന്നെങ്കില്‍, എപ്പോഴുമെപ്പോഴും മുത്തിക്കൊണ്ടിരിക്കാമായിരുന്നല്ലോ എന്നോര്‍ക്കുക.
(8) ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് നൊവേനപ്പുസ്തകമോ കൊന്തയോ തിരയുക.
(9) തുരുതുരെ കുരിശുവരയ്ക്കാനും കൊന്തയുരുട്ടാനും തോന്നുക.
(10) ആരെന്തു സഹായം ആവശ്യപ്പെട്ടാലും 'പ്രാര്‍ ത്ഥിക്കാം' എന്നുപറയുക.
(11) കരുണയല്ല, ബലിയാണ് ആവശ്യമെന്നു തോന്നുക.
(12) സന്ധ്യാപ്രാര്‍ത്ഥന മുടങ്ങുകയോ വെന്തിങ്ങ ഇടാന്‍ മറക്കുകയോ ചെയ്താല്‍ നരകത്തില്‍ പോകുമെന്നു ഭയപ്പെടുക.
(13) മറ്റു മനുഷ്യരെല്ലാം പാപികളാണെന്നും അവരുടെ കഷ്ടപ്പാടുകള്‍ ദൈവശിക്ഷയാണെന്നും തോന്നുക.
(14) അച്ചനോ മെത്രാനോ പറഞ്ഞാല്‍, സര്‍വ്വശക്തനായ ദൈവത്തെ രക്ഷിക്കുന്നതിനുവേണ്ടി മരിക്കാനും കൊല്ലാനും ആവേശം തോന്നുക.
(15) സമയം കിട്ടുമ്പോഴൊക്കെ 'ഷാലോം ടിവി' കാണാനും 'വചനോത്സവം' വായിക്കാനും തോന്നുക....
ഇത്യാദി ലക്ഷണങ്ങള്‍ അവനവനിലോ മറ്റുള്ളവരിലോ കണ്ടാല്‍ അതു ഭക്തിരോഗമാണെന്ന് ഉറപ്പിക്കാവുന്നതാണ്. അവനവന്റെ കേസ്സില്‍ സ്വയവും, മറ്റുള്ളവരുടെ കാര്യത്തില്‍ വീട്ടിലോ അയല്‍പക്കത്തോ സുബോധമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ സഹായത്തോടെയും താഴെക്കൊടുക്കുന്ന പ്രാര്‍ത്ഥനാരൂപത്തിലുള്ള കഷായചികിത്സ നടത്താവുന്നതാണ്.
പ്രാര്‍ത്ഥന: 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും അത്മായരെയും പൂജിതരാക്കണമേ. അവരെയും, പീഡകളും പീഡനങ്ങളുമനുഭവിക്കുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും, എല്ലാ സഹജീവികളെയും അങ്ങേ മക്കളായി കാണാന്‍ എന്നെ പഠിപ്പിക്കണമേ.
അവരെയും എന്റെ അയല്‍ക്കാരെയും കാക്കുവാന്‍ എന്റെ കൈ ഉയര്‍ത്തേണമേ. ഞാനവരെ പരിപാലിക്കുന്നില്ലെങ്കില്‍ എന്നെ പരിപാലിക്കാതെ ശിക്ഷിക്കണമേ. ഞാനവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നില്ലെങ്കില്‍, എന്നോട് എന്റെ തെറ്റുകളും ക്ഷമിക്കരുതേ.
അങ്ങു വസിക്കുന്ന എന്റെ ഹൃദയത്തെ അങ്ങയുടെ പള്ളിയായിക്കാണാന്‍ എന്നെ പരിശീലിപ്പിക്കണമേ. അധരപ്രാര്‍ത്ഥനകളില്‍നിന്നും താന്ത്രികാനുഷ്ഠാനങ്ങളില്‍നിന്നും രക്ഷിച്ച് എന്നെ സ്‌നേഹപ്രവൃത്തികളിലേക്കു നയിക്കണമേ. പുരോഹിതരുടെ വ്യാജആദ്ധ്യാത്മിക പ്രലോഭനങ്ങളില്‍ എന്നെ ഉള്‍പ്പെടുത്തരുതേ.
പിതാവായ ദൈവമേ, മെത്രാന്മാരുടെ ഇടയലേഖനങ്ങളില്‍നിന്നും കല്പനകളില്‍നിന്നും കാനോന്‍നിയമത്തില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാല്‍, രാജ്യവും ശക്തി
യും മഹത്വവും, ഞങ്ങളുടെ സകല ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും എസ്റ്റേറ്റുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും അവരുടേതും, അവര്‍വഴി അതെല്ലാം ഇപ്പോള്‍ വത്തിക്കാന്റേതും അവിടുത്തെ ചക്രവര്‍
ത്തിയുടേതുമാകുന്നു.... ആമ്മേന്‍!'
ഈ പ്രാര്‍ത്ഥനാകഷായം വെറുംമനസ്സില്‍ രാവിലെയും വൈകിട്ടും, 'സത്യജ്വാല'യിലെ ഏതെങ്കിലുമൊരു പേജ് മേമ്പൊടിയായി ചേര്‍ത്ത് (വായിച്ച്) കഴിക്കുക.
പഥ്യം: കഴുന്നെടുക്കല്‍, അടിമവയ്ക്കല്‍, നൊവേനകള്‍, നേര്‍ച്ചയിടീല്‍ എന്നിവ തീര്‍ത്തും വര്‍ജ്യം. പള്ളിയില്‍ ഇടയലേഖനങ്ങള്‍ വായിക്കുമ്പോള്‍ ചെവി രണ്ടും വിരലുകള്‍കൊണ്ടടയ്ക്കുന്നതു നന്ന്.
വ്യായാമങ്ങള്‍: 1) വല്ലപ്പോഴുമൊക്കെ, ഞായാറാഴ്ചക്കുര്‍ബാനയ്ക്കു പോയില്ലെങ്കിലും, എന്തെങ്കിലും പരസ്‌നേഹപ്രവൃത്തികളില്‍ മുഴുകുക. അനാവശ്യപാപബോധം ഒഴിവായിത്തുടങ്ങും. 2) സഭാനവീകരണചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുക. പൗരോഹിത്യവസന്തകള്‍
ക്കെതിരെ അതു പ്രതിരോധശേഷി വളര്‍ത്തും.
Ph: 9747304646  

3 comments:

 1. ലേഖനത്തില്‍ ഉള്കൊള്ളിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ ഉള്ള അനേകരെ എനിക്കറിയാം. ഇവര്‍ക്കുള്ള ചീകത്സാ വൈദ്യശാ ലകള്‍ എവിടെയെന്നു ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. ഭക്തിലഹരിയെപ്പറ്റി ഞാനും ഒരു ലേഖനം അത്മായശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആയൂര്‍വേദ വൈദ്യന്മാര്‍ ഈ രോഗത്തിനു ഗവേഷണങ്ങള്‍ നടത്തിയാല്‍ തലമുറകളെ രക്ഷിക്കുവാന്‍ സാധിക്കും. ചിലപ്പോള്‍ ഇതിനായി യൂണിവേഴ്സിറ്റിതന്നെ വേണ്ടിവരും.

  ഉറങ്ങുമ്പോള്‍ കൊന്തയും പ്രാര്ധന്ന പുസ്തകവും തപ്പുക. കുപ്പായം കാണുമ്പോള്‍ ക്രിസ്തുവെന്നു തോന്നുക, പള്ളി, ഗത്സെമന്‍ എന്നു ചിന്തിക്കുക, ഹല്ലെലുയാ നാമകീര്‍ത്തനം സദാ ഉരുവിടുക ഇതെല്ലാം വര്‍ത്തമാനസംഭവങ്ങള്‍ ആണ്. പോട്ടയില്‍ പോകുന്നതും ഒരു രോഗമാണ്.

  സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി ചീകത്സാ നിവാരണത്തിനു പണം കണ്ടെത്തിയില്ലെങ്കില്‍ വളരുന്ന തലമുറകളെയും രാജ്യത്തിന്‌ നഷ്ടപ്പെടും. ശ്രീ കുരിയാക്കൊസിന്റെ ഹാസ്യലേഖനം വളരെ നന്നായി ഇരിക്കുന്നു. ഇത്തരംരോഗം മിക്കവീടുകളിലും ഉണ്ട്. വിവേകാനന്ദന്‍ കേരളം ഭ്രാന്താലയം എന്നു വിളിച്ചതും അര്‍ഥവത്താണ്.

  ReplyDelete
 2. another symptom for the Bhaktirogam is decorating your home and car with all avialble rosaries,miniature staatues,pictures Potta musing turning on as soon as the car starts

  ReplyDelete
 3. വേറെയും ലക്ഷണങ്ങളുണ്ട്‌ ,കുര്‍ബ്ബാന നടക്കുന്ന സമയം മുഴുവനും രണ്ടു കൈയും മേലോട്ട് പൊക്കിപ്പിടിക്കുക.
  മുഖം എപ്പോഴും വളിപ്പിച്ചു പിടിക്കുക,സിനിമ ,നാടകം ഇവയെല്ലാം സാത്താന്റെ പരിപാടികളെന്ന് കരുതുക .
  കാണുന്ന എല്ലാവരുടെയും ആത്മീയത അളക്കുക - പ്രൈസ് ദി ലോര്‍ഡ്‌ എന്നോ ഹല്ലേലൂയ്യ എന്നോ പറയാത്ത
  അച്ചന്മാരെ വരെ അരൂപി ഇല്ലാത്തവരാക്കി ബ്രാന്‍ഡ്‌ ചെയ്തു കളയും ഈ പുന്‍യാലന്മാര്‍ .

  ReplyDelete