Translate

Wednesday, November 14, 2012

ഹിരണ്മയം സത്യം

സത്യബോധം ശാന്തമായ നിസ്സംഗതയിലേയ്ക്കു കൊണ്ടെത്തിക്കും എന്ന കുറിപ്പ് വായിച്ച ഒരു സുഹൃത്ത് എഴുതിച്ചോദിച്ചു: "നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്, സത്യത്തിന്റെ മുഖവും മാറുകയില്ലേ? എപ്പോഴും ആയിരിക്കുന്നത് തന്നെയാണ് സത്യം എന്നു പറയുമ്പോള്‍, അത് മുഴുവന്‍ സത്യമാണോ?"

ഇതിനെങ്ങനെ ഒരുത്തരം പറയാം എന്നാലോചിച്ചിരിക്കേ, ഒരു വീഡിയോഫിലിം കാണാനിടയായി. വാനനിരീക്ഷണത്തില്‍ അല്പം താത്പര്യമുള്ളതുകൊണ്ട്, ഇത്തരം കാര്യങ്ങള്‍ ഇടയ്ക്ക് അയച്ചു തരുന്ന ഒരു ലിങ്ക് (One-minute Astromoner) ഉണ്ട്. പരാമൃഷ്ട ഫില്മിന്റെ ലിങ്കിതാ:
http://www.oneminuteastronomer.com/6992/video-solar-eclipse-november-13-2012/

അതില്‍ കാണുന്നത് നവംബര്‍ 13, 2012 ല്‍ സംഭവിച്ച സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. ഓസ്ട്രേലിയയുടെ വടക്കും തെക്ക് കിഴക്കന്‍ പസിഫിക് ഭാഗത്തും ഉള്ളവര്‍ക്ക് മാത്രമേ ഇത് ദൃശ്യമായിരുന്നുള്ളൂ. ഏറെ നേരംകൊണ്ട് സംഭവിച്ചത് സ്പീഡ് കൂട്ടിയാണ് ഫില്മില്‍ കാണിക്കുന്നത്. ആദ്യം തേങ്ങാപ്പൂള് പോലുള്ള ചന്ദ്രന്‍ സാവധാനം സൂര്യനെ മറച്ചുതുടങ്ങുന്നു. പൂണ്ണമായി മറയ്ക്കുമ്പോഴേയ്ക്ക് ക്വീന്‍സ് ലാന്റില്‍ നിന്ന് ഇരുള് ന്യൂസീലാന്റിലേയ്ക്ക് വ്യാപിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നില്ല, പക്ഷേ, എഴുതിക്കാണിക്കുന്നുണ്ട്. സൂര്യനെ പൂര്‍ണ്ണമായി മറച്ച്, മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ ഇരുട്ടാക്കിയ ശേഷം, വീണ്ടും ചന്ദ്രന്‍ നീങ്ങിപ്പോകുമ്പോള്‍, പഴയതുപോലെ പ്രകാശം വന്നെത്തുന്നു.

ഈ ഉദാഹരണം നിത്യസത്യത്തെയും നമ്മുടെ ചെറുബുദ്ധികൊണ്ടുള്ള അതിന്റെ അല്പസ്വല്‍പ്പമായ ഗ്രാഹ്യത്തെയും താരതമ്യപ്പെടുത്താന്‍ പരാപ്തമായി എനിക്ക് തോന്നി. മഹാപ്രപഞ്ചത്തില്‍ കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഗോളങ്ങള്‍ തമ്മില്‍ നടക്കുന്ന പ്രതികരണങ്ങളില്‍ ഒരു മാറ്റവും ഇല്ലാതിരിക്കുമ്പോളും നമ്മുടെ കോണില്‍ നിന്ന് കാണുമ്പോള്‍, ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നതും വീണ്ടും തുറക്കുന്നതുമൊക്കെ സത്യമെന്ന് നാം കരുതുന്നു. അതെന്നാല്‍ ആകാശഗംഗയുടെ ഒരു വശത്തുനിന്നുകൊണ്ടുള്ള നമ്മുടെ പാര്‍ശ്വവീക്ഷണത്തിന്റെ ഫലമാണ്. അതില്‍ ഒരു സത്യവുമില്ല. നാം തേങ്ങാപ്പൂള് പോലെ കാണുമ്പോഴും, ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തന്നെ വിഹായസില്‍ ഉണ്ടല്ലോ. പരമസത്യം ഇതുപോലെയാണ്. അതില്‍ ആദിയും അന്തിയും ഇടവേളകളുമില്ലാതെ ഒരേ അവസ്ഥയായിരിക്കുമ്പോളും അല്പനായ മനുഷ്യന്‍ അതിന്റെ ഒരംശം കാണാനിടവരുമ്പോള്‍ അതിന്റെ പ്രഭയാല്‍ ബോധമറ്റ്‌ വീഴുന്നു.

1920ല്‍ എഡ്വിന്‍ ഹബ്ള്‍ കണ്ടുപിടിച്ച തത്ത്വമാണ്, സൌരയൂഥങ്ങള്‍ നമ്മളില്‍ നിന്ന് എല്ലാ വശങ്ങളിലേയ്ക്കും അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നത്. Hubble’s Law അനുസരിച്ച്, 13.7 billion വര്‍ഷം മുമ്പ് നടന്ന ബിഗ്‌ ബാംഗ് മുതല്‍ നമ്മുടെ പ്രപഞ്ചം ഇങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍, ആരെവിടെനിന്നു നോക്കിയാലും അത് പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദുവില്‍ നിന്നായിരിക്കും. പക്ഷേ, കാണുന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തവും.

ഇപ്പറഞ്ഞതുമായി അകന്ന ബന്ധമേ ഉള്ളൂവെങ്കിലും, ആദ്യ സ്ഫോടനത്തെയും പ്രപഞ്ചത്തില്‍ എന്തും ഏതും എപ്പോഴും മദ്ധ്യത്തിലാണെന്ന ശാസ്ത്രതത്ത്വവും ഗഹിക്കാന്‍ സഹായിക്കുന്ന ഒരു ലിങ്ക് കൂടി, താത്പര്യ മുള്ളവര്‍ക്കുവേണ്ടി, കുറിക്കുന്നു.
http://www.oneminuteastronomer.com/6949/where-is-the-center-of-the-universe/#more-6949

2 comments:

  1. സൂര്യ ഗ്രഹണവും ചന്ദ്ര ഗ്രഹണവും സംഭവിക്കുന്നതു ദുര്‍ഭൂതങ്ങള്‍ സൂര്യചന്ദ്രാദിമാരെ വിഴുങ്ങുന്നതു മൂലമെന്നു അന്ധമായ ഒരു വിശ്വാസം എക്കാലവും ഉണ്ടായിരുന്നു. ഗ്രഹണ സമയങ്ങളില്‍ ഭൂതങ്ങളെ, അല്ലെങ്കില്‍ വിഴുങ്ങുന്ന ചെന്നായ്ക്കളെ ഓടിക്കുവാന്‍ ഒച്ചവെക്കുകയും പാത്രത്തില്‍ കൊട്ടി ശബ്ദം ഉണ്ടാക്കുകയുംചെയ്യും. അമ്പലത്തിലും പള്ളികളിലും വഴിപാടുകളും നേര്‍ച്ചകളും സാധാരണമാമാണ്..

    അന്ധവിശ്വാസങ്ങള് മനുഷ്യനെ കൂടുതല്‍ കൂടുതല്‍ മതത്തിലേക്ക് ആകര്‍ഷിക്കുന്നു. ഗ്രഹണങ്ങള്‍ മാറുവാന്‍ പരിഹാരക്രിയ അര്‍പ്പിക്കല്‍വഴി പൂജാരികളും അളവില്ലാത്ത പണം നേടും. പള്ളികളില്‍ ദിവ്യശക്തിയുള്ള മെഴുകുതിരികളും കച്ചവടമാക്കും.മനുഷ്യനെ എന്നും നയിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ പിന്നീടു കെട്ടുകഥകളായി. കെട്ടുകഥകള്‍ തത്ത്വചിന്തകളും ദൈവ ശാസ്ത്രവുമായി പരിണമിച്ചു. ചില ചിന്താ ശ ക്തിയുള്ളവര്‍ ഗ്രഹണങ്ങളുടെ കാര്യകാരണങ്ങളും ചിന്തിക്കുവാന്‍ തുടങ്ങി. കണക്കുകളും ശാസ്ത്രീയ വശങ്ങളും പരിചിന്തനം തുടങ്ങി.

    പ്രപഞ്ചത്തെപ്പറ്റിയും,സൂര്യചന്ദ്രാദി സമൂഹങ്ങളെയും ഗ്രഹങ്ങളേയും ഗ്രഹങ്ങളുടെ പഠനവും ഉള്‍പ്പെടുത്തി പരീക്ഷണങ്ങളും തുടങ്ങി. ഭൌമിക ലോകത്തിന്റെ അറിവുകള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ മനുഷ്യനു ഏറെ സാധിച്ചെങ്കിലും അന്ധവിശ്വാസങ്ങള്‍ മുതെലെടുത്തു പള്ളികളും പുരോഹിതരും ഇന്നും കൊയ്ത്തു നടത്തി കൊണ്ടിരിക്കുന്നു.

    ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞതായത്,"ഗണിക്കാന്‍ സാധിക്കാത്ത രഹസ്യങ്ങളും സംഗതികളും അടങ്ങിയ പ്രപഞ്ചത്തെ ഉള്കൊള്ളൂകയെന്നുള്ളത് പരിധികളിലൊതുക്കാന്‍ ഒക്കാത്ത ദുര്ഗ്രാഹ്യതയത്രേ." പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി ഒരു ധാരണ എത്തുകയെന്നുള്ളതു ദുഷ്ക്കരമാണെന്നും വ്യക്തമാണ്. ഇവിടെയാണ്‌ ദൈവശാസ്ത്രജ്ഞര്‍ കപടവേദജ്ഞാനം ആയി അറിവില്ലാത്തവരെ വഴി തെറ്റിക്കുവാന്‍ വരുന്നതും.

    ഭൂമിക്കു ചുറ്റും പ്രപഞ്ചം ഉണ്ട്. ഒന്നല്ല അറിയപ്പെടാത്ത നൂറുനൂറു പ്രപഞ്ചങ്ങള്‍. എവിടെയോ കാര്‍മേഘങ്ങള്‍ക്കുള്ളില്‍ വാലുള്ള മൃഗംപോലെ ദൈവം ഒളിഞ്ഞു നില്‍ക്കുന്നുവെന്നു പറഞ്ഞു പുരോഹിത മതം ഭക്തന്റെ മനസ്സില്‍ ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചിട്ടുണ്ട്.

    എല്ലാം അറിയുന്നവനും സത്യവും എന്തിനു കള്ളനെപ്പോലെ പാത്തിരിക്കുന്നു. ഇരുട്ടത്തു തപ്പി കള്ളനെപ്പോലെ ഏതു സമയത്തും വരുന്ന ദൈവത്തെ സ്വീകരിക്കുവാന്‍ മെഴുകുതിരിയും കത്തിച്ചു കാത്തിരിക്കണം പോലും.

    കള്ളന്‍ വരുന്നതിനുമുമ്പുംപ്രപഞ്ചം ഉണ്ടായിരുന്നു. അതിനു മുമ്പ് ശൂന്യതയും. പ്രവാചകരും പുരോഹിതരും വട്ടുതട്ടി അവരുടെ ദൈവംതന്നെ ഒരു ഭ്രാന്തന്‍ ആയിരിക്കുകയാണ്. കബളിപ്പിക്കുന്ന തത്ത്വങ്ങള്‍ കേള്‍ക്കാന്‍ വെട്ടുപോത്തുപോലുള്ള ജനവും.

    ബ്രഹത്തായ പ്രപഞ്ചനിയമങ്ങള്‍ക്കു മീതെയാണ് അവന്റെ ദൈവവചന നിയമവും. സ്വതന്ത്രമായ ചിന്തയെ, അവകാശങ്ങളെ, സ്വാതന്ത്ര്യത്തെ, മതം വിലങ്ങു തടിയിട്ടു. പണംവാരി എറിഞ്ഞാല്‍ ഭൂമിയില്‍ ജീവിതം കൂടാതെ മറ്റൊരു ഐഹിക ജീവിതവും വാഗ്ദാനങ്ങളില്‍ ഉണ്ട്. അവന്റെ
    ശവക്കോട്ടയില്‍ വി.ഐ. പി ആയി അടക്കിയാലും ശവം വെറും പുഴുക്കളുടെ ഭക്ഷണം മാത്രം. നോക്കൂ ഈ കാണുന്ന പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിനും പുരോഹിതനും ഇടയില്‍ കുഞ്ഞാടിനു എന്നും പുരോഹിതനെ പ്രീതിപ്പെടുത്തണം.

    പ്രപഞ്ച നിയമങ്ങളില്‍ അവന്‍ വിശ്വസിക്കുകയില്ല. ഭൂമിക്കും സൂര്യനുമിടയിലും ഇക്കാണുന്ന പ്രപഞ്ച രഹസ്യങ്ങളിലും തനതായ നിയമങ്ങള്‍ ഉണ്ട്. എല്ലാം അണുവിട തെറ്റാതെ ഒരു ആകര്‍ഷണ വലയത്തില്‍ വട്ടം കറങ്ങി കൊണ്ടിരിക്കുന്നു.

    സൂര്യന്‍ ഭൂമിക്കു അടുത്തു എത്തിയാല്‍ ഭൂമിയിലെ വെള്ളം ചൂടുപിടിച്ചു തിളച്ചു മറിയും. അകന്നു പോയാലോ വെള്ളം കൊടുംകട്ടയായി തണുത്തിരിക്കും. ഒന്നായ രേഖകളില്‍ക്കൂടി സൌരയുധങ്ങളുടെ യാത്രയും പ്രകൃതി നിയമം ആണ്. ഈ പ്രപഞ്ച നിയമത്തില്‍ തന്നെയാണ് മനുഷ്യന്റെ നിലനില്‍പ്പും. മനുഷ്യജീവിതത്തിനു പ്രപഞ്ചത്തിലെ ഹൈട്രജനും ഹീലിയായും ലിത്തിയവും ഒക്കെ ആവശ്യമാണ്. ഈ നിയമങ്ങള്‍ സൃഷ്ടിച്ചത് പുരോഹിതന്റെ ദൈവമല്ല.

    സംഭവിച്ചതു മുഴുവന്‍ ബില്ല്യന്‍ബില്ല്യന്‍ വര്‍ഷങ്ങളായി ശൂന്യതയില്‍നിന്നും. എന്തുകൊണ്ട് പ്രപഞ്ചം ഉണ്ടായി? എന്തുകൊണ്ട് നമ്മള്‍ നിലനില്‍ക്കുന്നു? എന്നുമെന്നും ശൂന്യതയില്‍ ഉണ്ടായിരുന്ന ദൈവത്തെ ആവാഹിച്ചു പ്രാര്‍ഥിക്കേണ്ട ആവശ്യം ഉണ്ടോ.? പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും പ്രപഞ്ചം അനാദികാലംപോലെ എന്നും ചലിച്ചുകൊണ്ടുതന്നെ ഇരിക്കും.

    സത്യം ചലിക്കുന്ന ആപേക്ഷിക ഗുരുത്വവും. (gravity) സത്യത്തിനും നിയമമുണ്ട്. സ്റ്റീഫന്‍ ഹോകിംഗ് (Stephen Hawking) പറഞ്ഞത് "ഗുരുത്വം എന്ന നിയമവും പ്രപഞ്ച നിയമങ്ങളും സൃഷ്ടിച്ചത് ദൈവങ്ങളല്ല." ഗുരുത്വം എവിടെനിന്നു വന്നുവെന്ന് അറിയുവാന്‍ നമുക്കു കാത്തിരിക്കാം. ഇപ്പോള്‍ മനുഷ്യനെല്ലാം അളക്കാന്‍ സാധിക്കും. ഇതെല്ലാം സൃഷ്ടിച്ചതെന്നു മനുഷ്യനോടു ആരു പറഞ്ഞു? സൃഷ്ടി കര്‍ത്താവും സൃഷ്ടികളും ഒരിക്കല്‍ ശൂന്യമായിരുന്നില്ലേ?

    ReplyDelete
  2. You've made the already confused things more confused. Thanks, Padannamakkal.

    ReplyDelete