Translate

Thursday, March 21, 2013

ടെക്കനോളജി ഒരു അദ്ധ്യാത്മിക ശാസ്ത്രജ്ഞൻ

By Joseph Padannamakkel


ശാസ്ത്രത്തിന്റെ മുന്നേറ്റത്തിൽ മനുഷ്യൻ ഭൌതികമായി വളരെയേറെ മുന്നേറിയെങ്കിലും മാനുഷ്യക മൂല്യങ്ങളിൽ നാം  അധപതിച്ചുവെന്നുള്ള  ശ്രീ മൈക്കിൽ വയലാറിന്റെ  അഭിപ്രായം വളരെയേറെ ശരിതന്നെ.ടെക്ക്നോളജിയുടെ വളർച്ചയിൽ  പരിഷ്കൃത രാജ്യങ്ങളിൽ അദ്ധ്യാത്മികത  ഇല്ലാതാകുന്നുവെന്നതും സത്യമാണ്. മനുഷ്യന്റെ അദ്ധ്യാത്മിക  സായൂജ്യത്തിൽ ശാസ്ത്രസാങ്കേതിക വളർച്ച  യാതൊരു വിധത്തിലും സഹായിച്ചിട്ടില്ലായെന്ന വാദം ശരിയോ തെറ്റോയെന്നും വിലയിരുത്തണം.  
  
 ശ്രീ വയലാർ ഭൌതിക വിജ്ഞാനത്തിനു അദ്ധ്യാത്മികതയെയും  പരിപോഷിപ്പിക്കുവാൻ സാധിക്കുമെന്ന ശുപാപ്തി വിശ്വാസക്കാരനാണ്.   സാങ്കേതിക വിദ്യകളുടെ വളർച്ചയിൽ  ആദ്ധ്യാത്മികതയുടെ പരിപാവനത കാത്തുസൂക്ഷിക്കുവാൻ സാധിക്കുമെന്നുള്ളതാണ്. ചിന്തിക്കുന്നവർക്ക് അദ്ധ്യാത്മകതയുടെ പവിത്രതയെപ്പറ്റി മനസിലാക്കുവാൻ സാധിക്കും.  വേദങ്ങളുടെ  വിജ്ഞാനകോശത്തിൽ  ഹൃദയം പതിപ്പിക്കുന്നവർക്ക് ആത്മീയതേജസ്‌  ഉത്തെജിപ്പിക്കാമെന്നും  ലേഖകന്റെ മറ്റൊരു കാഴ്ചപ്പാടാണ്.

തന്റെ പ്രായോഗിക ജീവിതത്തിൽനിന്നും വേദങ്ങളിൽനിന്നും കിട്ടിയ അറിവ് പകർന്നുകൊടുക്കുക  എന്നതാണ് ശ്രീ വയലാർ തന്റെ  പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. വേദങ്ങൾ ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ വകയല്ലെന്നും ആർക്കും  ജ്ഞാനം തേടിയലയുവാൻ  അവകാശമുണ്ടെന്നുമാണ്  വയലാറിന്റെ കാഴ്ചപ്പാട്. ഗുരുകുല കാലങ്ങളിലെപ്പോലെ ജ്ഞാനം രഹസ്യമല്ല .സൂര്യന്റെ പ്രകാശരശ്മി ലോകം മുഴുവൻ വ്യാപരിക്കുന്നതുപോലെ ജ്ഞാനവും ഒരുവന്റെ ജന്മാവകാശമാണ്. വേദങ്ങളും വചനങ്ങളും  ബലിപീഠങ്ങളിലോ   ബ്രാഹ്മണമണ്ഡപങ്ങളിലോ അതീവരഹസ്യങ്ങളായി സൂക്ഷിക്കുവാനുള്ളതല്ല.

ഒളിച്ചിരുന്ന് ജ്ഞാനം നേടിയ ഏകലവ്യൻ ഗുരുദക്ഷിണയായി തന്റെ കൈവിരലുകൾപോലും ഗുരുവിനു നല്കി. ഗുരുവിന്റെ പാദത്തിൽനിന്ന് പഠിക്കാതെ നിയമങ്ങൾ ലംഘിച്ചതിനുള്ള ശിക്ഷ അതിക്രൂരമെന്നേ ഇന്ന് ചിന്തിക്കുന്നവർക്ക് മനസിലാവുകയുള്ളൂ. അറിവിന്റെ പൂർണ്ണതയായ പരമാത്മാവിനെ മനസ്സിൽ കുടിയിരുത്തി വേദങ്ങളിലേക്കു മനുഷ്യമനസ് തിരിയുവാൻ അദ്ദേഹത്തിന്റെ ഈ പുസ്തകം സഹായകമാകും.   അതിനായി അദ്ദേഹം നിർദ്ദേശിക്കുന്ന മാർഗം മനുഷ്യന്റെ അധ്യാത്മിക അന്ധത മാറ്റുകയെന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ശാസ്ത്രീയ വളർച്ചയോടെ മനുഷ്യന്റെ ഇന്നത്തെ ഉയർന്ന കാഴ്ചപ്പാടിൽ തെറ്റും ശരിയും തിരിച്ചറിഞ്ഞ് ആദ്ധ്യാത്മിക കാര്യങ്ങൾ ഉപബോധമനസ്സിൽ എത്തിക്കുകയെന്ന ദൗത്യവും ഈ പുസ്തകത്തിൽക്കൂടി ഗ്രന്ഥകർത്താവ് ഏറ്റെടുത്തിട്ടുണ്ട്.

ഇന്ന് ലോകത്ത് കുഞ്ഞുകുട്ടികൾവരെ സോഷ്യൽ മാധ്യമങ്ങളായ നെറ്റുവർക്ക്‌, ആധുനിക ഫോണ്‍, ടെലിവിഷൻ    എന്നീ ടെക്നൊളജികളിൽ അത്യാസക്തരാണ്. ഈ നവയുഗത്തെ ഡിജിറ്റൽ വിപ്ലവം എന്നാണ് പറയുന്നത്. ടെക്കനോളജിയുടെ മുന്നേറ്റത്തിൽ അത്മീയാന്ധത  ബാധിച്ചുവെന്നും അനേകർ വിചാരിക്കുന്നു. ആരോഗ്യപരമായ ആദ്ധ്യാത്മികതക്ക് ഈ ശാസ്ത്രമുന്നെറ്റം ഒരു തടസമാണെന്ന് ചില ആത്മീയവാദികളും വാദിക്കുന്നു.  വിമർശകരും പണ്ഡിതരും
 ടെക്ക്നോളജിയുടെ വളർച്ച  അന്തിമമായി മനുഷ്യന്റെ   അദ്ധ്യാത്മികതയെ നശിപ്പിക്കുമെന്നാണ് ചിന്തിക്കുന്നത്. എന്നാൽ മറ്റുചിലർ റ്റെക്കനോളജിമുന്നേറ്റം ആത്മീയതയുടെ പുതിയ രൂപാന്തികരണമെന്നാണ് കരുതുന്നത്.
ടെക്ക്നോളജി മനുഷ്യനെ അധപതിപ്പിക്കുകയോഉപബോധമനസിലെ  ഉയർന്ന ചിന്താമണ്ഡലത്തിൽ എത്തിക്കുകയോ ചെയ്യും.  ഇല്ലെങ്കിൽ അവനെ കൂടുതൽ സംസ്ക്കാരം ഉള്ളവനാക്കും. ടെക്ക്നോളജിയുടെ വിലയിരുത്തലുകളിൽ പ്രതീക്ഷകളും  അശുഭപ്രതീക്ഷകളുമുണ്ട്.  അതിന്റെ  പരിണിത ഫലങ്ങൾ അദ്ധ്യാത്മികതലങ്ങളിലും പ്രതിഫലിക്കുന്നത് കാണാം.

ഉപനിഷത്തുക്കളെ മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുവാൻ ഗ്രന്ഥകർത്താവ് ബൈബിളിന്റെ അടിസ്ഥാനത്തിലും തന്റെ പാണ്ഡ്യത്യം തെളിയിച്ചിട്ടുണ്ട്.  ഭാരത തത്ത്വചിന്തകളുടെ കാതലാണ് ഉപനിഷത്തുകൾ.  സഹസ്രാബ്ദങ്ങളായി  സാഗാകളിൽ നിന്നും വാമൊഴികളായി ലഭിച്ച ദിവ്യഗ്രന്ഥങ്ങളുടെ ശേഖരമാണ് ഉപനിഷത്തുക്കൾ.

ഈ വേദഗ്രന്ഥങ്ങളുടെ കർത്താക്കമാർ ആരെന്നോ ഏതു കാലത്തെഴുതിയതെന്നോ കൃത്യമായ ഒരു ഉത്തരം  കണ്ടുപിടിക്കുക പ്രയാസമാണ്.  ശ്രീ ഔറോബിന്ദോ  ഭാരത ആത്മാവിന്റെ അത്യുത്തമ കൃതികളെന്നാണ് ഉപനിഷത്തുക്കളെ വർണ്ണിച്ചിരിക്കുന്നത്. ഇന്നുള്ള ഹിന്ദുമതത്തിലെ മൗലികതത്വങ്ങളിൽ ഉപനിഷത്തുക്കൾ പ്രതിഫലിക്കുന്നുണ്ട്. കർമ്മം, പുനർജന്മം, മോക്ഷം, ആത്മൻ, ബ്രഹ്മൻ എല്ലാം ഉപനിഷത്തുക്കളുടെ ഭാഗങ്ങൾ ആണ്. വേദിക്ക് തത്വങ്ങളായ അഹംബോധം, യോഗ,  ധ്യാനം (മെഡിറ്റെഷൻ)  ഉപനിഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.    മനുഷ്യജാതിയുടെ  ആഗോള ചിന്താഗതികളും  ഉപനിഷത്തു പഠിപ്പിക്കുന്നു. താത്ത്വികമായും  താർക്കികശാസ്ത്രങ്ങളിൽക്കൂടിയും ആദ്ധ്യാത്മിക കാഴ്ചപ്പാടുകൾ  മാനവ ജാതിക്കു പ്രദാനം ചെയ്യുന്നു. സ്വയം ജ്ഞാനം കണ്ടെത്തി ഒരു വ്യക്തിക്ക് സത്യത്തിലേക്ക് സഞ്ചരിക്കുവാനുള്ള വാതായനങ്ങളുമാണ് ഉപനിഷത്തുകൾ.

ഉപനിഷത്തിന് പല അർഥങ്ങൾ ഉണ്ട്. ശ്രീ വയലാർ മൈക്കിൾ  തന്റെ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന അർഥവും യുക്തിയുള്ളതാണ്. 'സമീപത്തിരിക്കുക' എന്നാണ് അക്ഷരാർത്ഥത്തിലെങ്കിലും ഒരു ഗുരുവിന്റെ വിസ്മയങ്ങളായ തത്ത്വചിന്തകൾ  തൊട്ടടുത്തിരുന്നു ശ്രദ്ധിക്കുക, മൌലികങ്ങളായ ആഗോള സത്യങ്ങളെ ഉൾകൊള്ളുകയെന്നാണെന്നും   ഉപനിഷത്തെന്നു  പറയുന്നു. അക്കാലങ്ങളിൽ നടപ്പിലുണ്ടായിരുന്നത് ഗുരുകുല വിദ്യാഭ്യാസമായിരുന്നു . ഗുരുവിനു തൊട്ടടുത്തിരുന്നു വേദങ്ങൾ പഠിക്കുക എന്നതായിരുന്നു കീഴ്വഴക്കം. അതിനായി ഗുരുവിന്റെ ആശ്രമമോ  വനപ്രദേശങ്ങളോ തെരഞ്ഞെടുക്കുമായിരുന്നു. ശാന്തമായ സന്യസ്ഥ ജീവിതംപോലെയായിരുന്നു  അന്ന് ശിക്ഷ്യൻമാരുടെ ജീവിതവും. വേറൊരു വിധത്തിൽ  ഉപനിഷത്തെന്നു പറഞ്ഞാൽ ബ്രഹ്മനെപ്പറ്റിയുള്ള അറിവാണ്‌.  അറിവിന്റെ പൂർണ്ണതയിൽ അജ്ഞതയെ ഇല്ലാതാക്കുന്നു. മറ്റൊരു അർഥം കല്പ്പിക്കുന്നത് ഈശ്വരനുമായി അടുത്ത ബന്ധം, രഹസ്യമായ ജ്ഞാനംതേടി  ഗുരുവിന്റെ  സമീപം ഇരിക്കുക എന്നല്ലാം നിർവചനം കൊടുക്കാം.

ചരിത്രകാരുടെയിടയിൽ ഉപനിഷത്തിന്റെ കാലഘട്ടം 400-800 ബി.സി. കാലഘട്ടങ്ങളിൽ എഴുതിയെന്നു വിചാരിക്കുന്നു. വിവാദപരമാണ്. ഉപനിഷത്തുക്കൾ പിന്നീടുള്ള കാലഘട്ടങ്ങളിൽ എഴുതിയതുമുണ്ട്. ഈ പുരാണ ഗ്രന്ഥങ്ങൾ ഒരു പ്രത്യേകതരം മതവിശ്വാസത്തിന് അവകാശപ്പെടുവാൻ സാധിക്കുകയില്ല.

ഇരുന്നൂറിൽപ്പരം ഉപനിഷത്തുക്കൾ ഉണ്ടെങ്കിലും കാതലായ  പതിമൂന്നു ഉപനിഷത്തുക്കൾ മാത്രമേ  പഠനവിഷയങ്ങളായി കരുതിയിട്ടുള്ളൂ.  ഏറ്റവും പഴക്കം ചെന്നതിൽ ഒരു ഉപനിഷത്തായ ബ്രിഹാദരണ്യക ഉപനിഷത്തിൽ പറയുന്നു.
Om asato mā sadgamaya, Tamaso mā jyotir gamaya, Mtyormā’mta gamaya, Om śānti, śānti, śānti.- Brihadaaranyaka Upanishad 1.3.28

'അസത്യത്തിൽനിന്ന് സത്യത്തിലേക്കും . അന്ധകാരത്തിൽനിന്ന് പ്രകാശത്തിലെക്കും മരണത്തിൽനിന്ന് നിത്യതയിലെക്കും ദൈവമേ നയിക്കണമേ.    ഉപനിഷത്തിന്റെ മൗലികമായ ഒരു ചിന്ത ഒരുവൻ സ്വയം ആത്മം തിരിച്ചറിയുകയെന്നതാണ്. ആത്മം എല്ലാ ജീവനിലുമുണ്ടെന്ന് സനാതനധർമ്മങ്ങൾ വിശ്വസിക്കുന്നു.  എന്നാൽ മനുഷ്യനുമാത്രം ആത്മത്തെ തിരിച്ചറിയുവാൻ സാധിക്കും. ബ്രഹ്മൻ, സർവവ്യാപിയും  ഏകവും പൂർണ്ണനുമാണ്.

നാം എല്ലാം ഒരേ കുടംബത്തിലെ കണ്ണികൾ. ഞാൻ ഉൾപ്പടെ  കുടംബത്തിലെ ഒരു വിഭാഗം ഹിന്ദുക്കളും മറ്റുള്ള വിഭാഗങ്ങൾ ക്രിസ്ത്യാനികളും മുസ്ലിമുകളുമായി. വിവിധ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ദരിദ്രർ, ധനികരെല്ലാം  ബൃഹത്തായ ഈകുടുംബത്തിലുണ്ട്. അനേക ഭാഷകളും ഒരേ ആത്മാവിന്റെ ശബ്ദമാണ്. സനാതന ധർമ്മത്തിന്റെ മഹത്തായ ഈ സന്ദേശം ഒരു പ്രത്യേക ജാതിയുടെതല്ല.  ഓരോ ഭാരതീയന്റെയും സമാധാനത്തിന്റെ ശബ്ദമാണ്. 

സ്വന്തം മനശക്തിയിലാണ് മനുഷ്യന്റെ സ്വഭാവ രൂപീകരണമെന്നു  അശുഭപ്രതീക്ഷയുള്ളവർ ചിന്തിക്കും.
 ടെക്ക്നോളജികൾ മനുഷ്യരെ  ബലഹീനരാക്കുമെന്നും അവർ വിശ്വസിക്കുന്നു. മാർഷൽ മാക്ലുഹാന്റെ ശാസ്ത്രീയ റിപ്പോർട്ട് ഈ അഭിപ്രായങ്ങള്ക്ക് വിലകൊടുക്കുന്നില്ല. റ്റെക്കനോളജികൾ വളരുംതോറും  ബാഹ്യമായിട്ട് ലഭിക്കുന്ന അറിവുകൾക്ക് ഒരു ഉണർവ് വരും. സ്വയം അറിവ് തേടി അലയുകയും വേണ്ട. മനുഷ്യമനസുകൾ തമ്മിൽ പരസ്പരം ഇടപഴുകും. റ്റെക്കനോളജികളുടെ സഹായത്തോടെ ഒർമ്മശക്തികൾ മനുഷ്യ ശരീരത്തിലേക്കു  ആവാഹിച്ചു സൂക്ഷിക്കും. മനുഷ്യ ശരീരം ഒരു റോബോട്ടായി പ്രവർത്തിക്കും.  ഡിജിറ്റൽ  ടെക്ക്നോളജിയുടെ  ഉപയോഗം മനുഷ്യ ശരീരത്തിൽ പ്രത്യേകമായ ഒരു ശക്തിയുണ്ടാക്കുമെന്നും  ചിലർ  വിചാരിക്കുന്നു. സർവ്വതും ദൈവത്തെ ആശ്രയിക്കുന്നതിനു പകരം  ടെക്ക്നോളജിയിൽക്കൂടി  സ്വയം കഴിവുകളെ വളർത്തുകയുംചെയ്യാം.  

അദ്ധ്യാത്മിക ശാസ്ത്രജ്ഞനെ  'ടെക്ക്നോളജി'  എന്നു വിളിച്ചുകൊണ്ടുള്ള  ഒരു ലേഖനം സൈബർപേജുകളിൽ വായിച്ചു. ടെക്ക്നോളജി ഒരുആത്മീയ ഗുരുവിനെ സംബന്ധിച്ച് ശാപമൊ അനുഗ്രഹമോ? ആഗോള ടെക്കനോളജിയുടെ വളർച്ച സന്തുഷ്ടമായ മനുഷ്യന്റെ  ജീവിതഗതികളെ  നിയന്ത്രിക്കാനുള്ള ഒരു വാഗ്ദാനമാണ്. അതിന്റെ പരിണതഫലമായി ബോധമനസിലും ഉപബോധമനസിലും മനുഷ്യൻ സ്വയം വളരുകയാണ്. മനസിന്‌ സുഖം നല്കുന്ന ഒരു ആഗോള ചിന്താഗതി അവൻ അറിയാതെതന്നെ സ്വയം അവനിൽ വളർച്ച പ്രാപിക്കുന്നു. ഹരിനാമ കീർത്തനങ്ങളെക്കാളും പള്ളികളിലെ ഹല്ലേലുയായെക്കാളും അപ്പുറം ഒരു ലോകമുണ്ടെന്നും മനസിലാക്കുന്നു. സങ്കുചിത ചിന്തകൾ അവനറിയാതെ അവനിൽ മാഞ്ഞുപോവുന്നു. എനിക്കു ചുറ്റുമല്ല ലോകം. നിങ്ങൾക്കു ചുറ്റുമല്ല ലോകം. ലോകം കറങ്ങുന്നത് നമുക്ക് ചുറ്റുമാണെന്നു റ്റെക്കനോളജി  ചൂണ്ടികാണിക്കുന്നു. ലോകമാണ് നമ്മുടെ കുടുംബം എന്ന അദ്ധ്യാത്മികതയും നമ്മിൽ വളരുന്നു. വാസുദൈവ കുടുംബകം, ലോകം ഒന്നായ കുടുംബമാകുന്നു,  നാം എല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ.  ചിനാക്കാരനോ പാക്കിസ്ഥാനിയോ, ആഫ്രിക്കനോ യൂറോപ്പ്യനോ ആവട്ടെ, ടെക്ക്നോളജിയാത്മീയതയിൽ  നാം ഒന്നാകാൻ വെമ്പുകയാണ്.

ടെക്ക്നോളജിയിലെ അറിവ് ഒരു സങ്കുചിത മതത്തിനുപരിയാണ്. ചിന്തിക്കുന്നവനെ മത സഹിഷ്ണതയുള്ളവനാക്കുന്നു. ഭീകരെ സൃഷ്ടിക്കുന്നത് രഹസ്യ സങ്കേതങ്ങളിൽനിന്നും മത മൗലികവാദികളാണ്. ബാഹ്യമായ ലോകത്തുനിന്ന്  വേറിട്ട്‌ മൌലികത മാത്രം തലയിൽ അടിച്ചുകയറ്റുന്നവരുടെ  ജാരസന്തതികളാണ് ഭീകരർ. മനുഷ്യനെ  ടെക്ക്നോളജി ഭീകരരാക്കുമെന്ന   മതമൗലിക പുരോഹിത- പാസ്റ്റർ-മുള്ളാമാരുടെ വാദങ്ങൾ ശരിയല്ല. മനുഷ്യമനസിനെ കവർന്നെടുത്ത് സമാധാനം നശിപ്പിക്കുന്നുവെന്ന ഇത്തരം മത പ്രസംഗങ്ങൾ വെറും പൊള്ളയാണ്‌. അദ്ധ്യാത്മികതയിൽ ശാസ്ത്രം പുരൊഗമിക്കുവാൻ ഇവർ ആഗ്രഹിക്കുന്നില്ല. ശാസ്ത്രപുരോഗതികൾ  ദൈവ തരുന്ന ദാനങ്ങളാണെന്ന്  ചിന്തിക്കുവാൻ പുരോഹിത മനസ്സുകൾ വളർന്നിട്ടുമില്ല.

ടെക്ക്നോളജികൾ ഭൌതികമായിമാത്രം ആനന്ദം തരുന്നുവെങ്കിൽ എന്തിനു ഇവാഞ്ചലിസ്റ്റുകൾ  സുവിശേഷ പ്രചാരണത്തിനു റ്റെക്കനോളജികളെ ആശ്രയിക്കുന്നു.  ടെക്ക്നോളജിയിൽ ബില്ല്യൻ കണക്കിനു ഡോളർ സുവിശേഷജോലിക്കായി ഇവർ   ചെലവഴിക്കുന്നു. സാലോം ടെലിവിഷനിലും  ബില്ലിഗ്രഹാം സുവിശേഷങ്ങളിലും മാനസികമായി അടിമകളായ അനേക ടെക്കനോളജിയാത്മീയ ഭ്രാന്തരുണ്ടെന്നുള്ളതും വസ്തുതയാണ്.

ഭൌതിക ലോകത്ത് ടെക്ക്നോളജികൾ ആത്മീയതയെ അന്ധമാക്കുന്നുവെന്ന്‌ മതപ്രചാരകർ പറയുന്നുണ്ടെങ്കിലും   ആദ്ധ്യാത്മിക ലോകത്തിന്റെ വളർച്ചക്കും ടെക്ക്നോളജി ളെ  ഗുണപ്രദങ്ങളുമാക്കാം. മനുഷ്യരെയും മനുഷ്യ സ്നേഹത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുമാക്കാം. വെള്ളത്തിൽ ഓയിൽ കലർത്തിയാൽ രണ്ടായി വേർതിരിഞ്ഞ ഒന്നായ പാനീയം പോലെ  ആല്മീയതയും ടെക്ക്നോളജിയും കലർന്ന മിശ്രിത തത്വചിന്തകളെ വേർതിരിച്ച് നന്മയെ കാണുവാൻ സാധിക്കും.

ആത്മീയതയും ടെക്ക്നോളജിയും രണ്ടു രാജ്യങ്ങളായി കരുതുക. ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾ ടെക്ക്നോളജിയു ടെ ആവീർഭാവത്തിനുമുമ്പ് പരസ്പ്പരം അറിഞ്ഞിരുന്നില്ല. രണ്ടു മനുഷ്യസംസ്ക്കാരങ്ങൾ ടെക്ക്നോളജിവ ഴി ഇവിടെ ഒന്നാവുകയാണ്. വ്യത്യസ്തങ്ങളായ സംസ്ക്കാരങ്ങളുടെ നന്മതിന്മകൾ വെള്ളത്തിലെ ഒയില്പോലെ  തിരിച്ചറിയുകയും വേർതിരിക്കുകയും ചെയ്യുന്നു. അതിരുകളില്ലാത്ത രാജ്യങ്ങൾ തമ്മിൽ, ജനങ്ങൾ തമ്മിൽ, സംസ്ക്കാരങ്ങൾ  തമ്മിൽ ഒരു ആത്മബന്ധം   ഉറപ്പിക്കുകയാണ്. പാസ്റ്റർമാർക്കും  ആത്മീയഗുരുക്കൾക്കും മാനസിക വൈദ്യന്മാർക്കും  ടെക്ക്നോളജിയും അദ്ധ്യാത്മികതയും ഒന്നിച്ചു കലർത്തി പരസ്പരനന്മക്കായി, ആഗോളസമാധാനത്തിനായി പ്രയോജനപ്പെടുത്തുവാൻ സാധിക്കും.

 ഞായറാഴ്ച വിശുദ്ധ ദിനങ്ങളിൽ  ടെക്ക്നോളജികൾ ആത്മീയതയെ നശിപ്പിക്കുന്നുവെന്ന് ഐപ്പാടിൽക്കൂടി(Ipad) പ്രസംഗിക്കുന്ന മതപുരോഹിതർ അനേകരുണ്ട്. കൗമാരകുട്ടികളുടെ ആത്മീയത വളർത്തുന്നത്തിനും   വഴിതെറ്റാതെ കൌണ്സിലിംഗ് നടത്തുന്നതിനും  ആത്മീയഗുരുക്കൾ ടെക്ക്നോളജി നോട്ടുബുക്കിനെ ആശ്രയിക്കുന്നു. അങ്ങനെ കൌമാരക്കാരുടെ അദ്ധ്യാത്മികതയെ മാതൃകാപരമാക്കുന്നു. സെല് ഫോണുകളും ഇന്ന്റർനെറ്റും ഈ മെയിലുകളും മെസ്സഞ്ചറുകളും ബ്ലോഗുകളും ആദ്ധ്യാത്മിക ലോകത്ത് കൗമാരക്കാരെ സ്വാധീനിക്കുന്നുണ്ട്. ഇവകളെല്ലാം കുട്ടികളെ ബന്ധിപ്പിക്കുന്ന പുതിയ വഴിതിരുവുകളാണ്. അങ്ങനെ ടെക്ക്നോളജികളും നല്ല മാർഗത്തിൽക്കൂടി അവരിൽ ആത്മീയവളർച്ച  പ്രദാനം ചെയ്യും.

ടെക്ക്നോളജിയിൽക്കൂടി ഇത് ക്ലോണിംഗ് (Cloning)യുഗമാണ്. ക്ലോണിങ്ങിൽകൂടി (Cloning) ജീവനെ  പതിച്ചെടുക്കാമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ജീവന്റെ പല രൂപങ്ങൾ ശരീരത്തിലെ സെല്ലുകൾ വഴി (cells) വാർത്തെടുക്കാമെന്നും തെളിയിച്ചു കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ടെക്കനോളജികൾ വളർന്നു കഴിഞ്ഞു. സ്വന്തം വീട്ടിലിരുന്നു ജോലി ചെയ്യാം. സൈബർ മെയിലുകൾവഴി ദശാംശം പിരിച്ചെടുക്കുവാനും പള്ളിക്ക് സംവിധാനങ്ങൾ ഉണ്ട്. പള്ളികളുടെ ഇലക്ട്രോണിക്ക് അക്കൌണ്ടിൽ പണവും നിക്ഷേപിക്കാം. വിദ്യാഭ്യാസം, സാമൂഹ്യ ബന്ധങ്ങൾ, ബിസനസുകൾ, ബാങ്കിംഗ് അങ്ങനെ നൂറുകൂട്ടം കാര്യങ്ങളിൽടെക്ക്നോളജികൾ മനുഷ്യന്റെ ഘടകങ്ങങ്ങളായി തീർന്നപ്പോൾ ആദ്ധ്യാത്മികലോകം മനുഷ്യാത്മാക്കളെ രക്ഷിക്കണമെന്ന് പറഞ്ഞ് തടസമിടുകയാണ്. ടെക്ക്നോളജികൾ അദ്ധ്യാത്മിക തൊഴിലാളികളുടെ  വയറ്റിൽപ്പിഴപ്പും ജീവിതവും വഴിമുട്ടിക്കുമെന്ന്‌ ഭയപ്പെടുന്നു.

4 comments:

 1. ഇത്തരം ആധികാരികമായ ലേഖനങ്ങളും വിലപ്പെട്ട വിലയിരുത്തലുകളും അല്മായാ ശബ്ദത്തെ വേറിട്ടതാക്കുന്നു. ശ്രി ജൊസഫ് പടന്നമാക്കലിന്റെ ഈ ലേഖനം മനോഹരം. ഇതുപോലെയുള്ള പോസ്ടുകലാണ് വായനക്കാര്‍ പ്രതിക്ഷിക്കുന്നതും. ഈ പഠനങ്ങള്‍ വായനക്കാരിലെത്തണമെങ്കില്‍ ഇതിന്റെ തലക്കല്‍ ഇതുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ നിക്ഷേപിക്കാതിരിക്കാന്‍ അഡ്മിനിസ്ട്രെറ്റരും ശ്രദ്ധിക്കണം. നല്ല ലേഖനങ്ങള്‍ക്ക് ഒരു ദിവസത്തെ ആയുസ്സെങ്കിലും കൊടുക്കാന്‍ മറ്റു കൊണ്ട്രിബ്യുട്ടെര്സും ശ്രദ്ധിച്ചാല്‍ നല്ലത്.

  ReplyDelete
 2. "Your article Spirituality and Technology, is fantastic, highly thought provoking and spiritually nourishing for those who are able to think for themselves. If our world today is globalised it is due mainly to internet technology and instant communication. It has brought distant nations our close neighbours. It has helped us realise the dream prayer of Jesus: Our Father ....(we all have a common Father), thy kingdome come here on earth....(different nation states are manmade not God made)... give us our (humanity's) daily bread, etc. It has made us realise how the dream of Indian Sages: "Loka samasta Sukhino Bhavanthu", Vasudaiva Kudumbakam, One God, one caste, on religion, Isavasam Iham Sarvam -- all these come true.

  Everything what you say in your article is too profound and ennobling. Technology is the God sent blessing compelling a Babel-like fighting and hating and shooting at each other humanity, rather to come together, stick together, to support each other remembering that the only alternative to hanging together is to hang separately to our own doom and destruction.

  What we need are enlightened leaders in various spheres -- religious, political, economic, social, cultural, intellectaul, psychological etc. -- capable of promoting what unites rather than what divides us rather than as different infighting groups on national and international levels. I would need a long article to comment on all what you have said.

  Beautiful nourishing thoughts Jose Padanamakal. Keep up the good work of inspiring and uniting divided folks fighting each other to each one's destruction. One who controls the minds controls the world. What we need today is education, bright ideas to bring all humans to unite for what is noble, good, lovable and constructive for the good of all and not for the good of a few only. More strength to your pen.

  I wish many more readers of Almaya apply their minds, which are much better than mine, to the issues raised by Jose and shed more light for the benefit of all of us."


  With Warm Regards,
  Dr. James Kottoor,

  ReplyDelete
 3. ശ്രീ. . ജോസെഫ് പടന്നമാക്കലിന്റെ ഈ ലേഖനം ടെക്കനോളജിയേയും അദ്ധ്യാത്മികതയേയും സംബന്ധിച്ചുള്ള ആധികാരിക വിലയിരുത്തലാണ്. ടെക്കനോളജികൾ അദ്ധ്യാത്മിക തൊഴിലാളികളുടെ വയറ്റിൽപ്പിഴപ്പും ജീവിതവും വഴിമുട്ടിക്കുമെന്ന്‌ ഭയപ്പെടുന്ന ഇവാഞ്ചലിസ്റ്റുകൾ സുവിശേഷ പ്രചാരണത്തിനു റ്റെക്കനോളജികളെ ആശ്രയിക്കുന്നു എന്ന പ്രസ്താവനയും ടെക്കനോളജികൾ അദ്ധ്യാത്മികതയെ നശിപ്പിക്കുന്നുവെന്ന് ഐപ്പാടിൽക്കൂടി(Ipad) പ്രസംഗിക്കുന്ന മതപുരോഹിതർ അനേകരുണ്ട് എന്ന പ്രസ്താവനയും യുക്തമായിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വളർച്ചകൾ ഉൾകൊള്ളാൻ മതമേധാവികൾക്ക് പ്രയാസമാണ്. കാരണം, അദ്ധ്യാത്മികതയെ അത് തകര്ക്കും എന്നവാർ തെറ്റിദ്ധരിക്കുന്നു. യഥാർത്ഥത്തിൽ ആധുനിക ടെക്കനോളജി അദ്ധ്യാത്മികതയെ പരിപോഷിപ്പിക്കും എന്നതാണ് സത്യം.

  ReplyDelete
 4. പരിഷ്കൃത രാജ്യങ്ങളിൽ മതത്തിനാണ് പ്രസക്തി ഇല്ലാതാവുന്നത് - ആത്മീയതയ്ക്ക് അല്ല .

  ReplyDelete