Translate

Sunday, March 24, 2013

ശാസ്ത്രയുഗത്തിലെ വേദാന്തപഠനം - ഗ്രന്ഥകര്‍ത്താവിന്റെ കുറിപ്പ് III

  ( KCRM ഈ മാസം 30 -ന് പാലാ ടോംസ് ചേംബറില്‍ വച്ചു നടത്തുന്ന ചര്ച്ച ഈ പുസ്തകത്തെപ്പറ്റിയാണ് )
വയലാര്‍ മൈക്കിള്‍ 
രണ്ട്
ശബ്ദാദിവിഷയങ്ങള്‍ മനുഷ്യരുടെ ജീവിതവ്യവഹാരമേഖലകളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് ആധുനികശാസ്ത്രം കുറെയൊക്കെ ശാസ്ത്രീയമായി കണ്ടെത്തിക്കഴിഞ്ഞതാണ്. 

കുറെ വര്‍ഷങ്ങളായി ലേഖകന്‍ ജീവിതാനുഭവങ്ങളിലൂടെ ശബ്ദ ശ്രവണങ്ങളില്‍ക്കൂടിയുണ്ടാകുന്ന മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും ജപമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നത് മനസ്സിനെയും ശരീരത്തെയും സ്വച്ഛമാക്കും എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ സ്വരശ്രവണം മനസ്സിനെ ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുവാന്‍ സഹായകമാകും എന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

ഇതെല്ലാംതന്നെ ഈശ്വരാന്വേഷണത്തിന്റെ ഭാഗമായി തുടരുകയാണ്. അങ്ങനെ തൈത്തിരീയോപനിഷത്ത് പഠനവിഷയമാക്കിയപ്പോള്‍ ഉപനിഷത്തിലെ വാക്യങ്ങളെല്ലാം ശ്രവണപ്രാധാന്യമുള്ളവയാണെന്നു തോന്നി.

തൈത്തിരീയോപനിഷത്തിലെ അവതാരിക വായിച്ചപ്പോള്‍ ത്തന്നെ അതില്‍ എന്തോ രഹസ്യം മറഞ്ഞിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ആത്മീയ ധാരയില്‍ ആ പ്രസ്താവനയുടെ രഹസ്യാത്മ കതയെ കുറിച്ചു അര്‍ത്ഥവിചാരം ചെയ്തപ്പോള്‍, ശബ്ദ ശ്രവണാദികള്‍ ആത്മാനുഭവത്തിലേക്കുള്ള വഴി തെളിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

ശബ്ദാദി വിഷയങ്ങള്‍ മനുഷ്യനെ ആത്മാനുഭവത്തിലേക്കു നയിക്കുവാന്‍ എങ്ങനെ സഹായകമാകും എന്ന് ഉപനിഷദമായി പ്രതിപാദി ച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.

ഇന്ന് കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ കരിസ്മാറ്റിക്ക് ധ്യാനങ്ങള്‍ നടത്തുന്നുണ്ട്. പെന്തകുസ്താ സഭക്കാര്‍ ശബ്ദഘോഷങ്ങ ളോടു കൂടിയ പ്രാര്‍ത്ഥനകളും നടത്തുന്നുണ്ട്. ഇതിനെല്ലാം അവര്‍ ഉപയോഗിക്കുന്നത് ശബ്ദഘോഷങ്ങളാണ്. അതായത് ശബ്ദഘോഷങ്ങളില്‍ മനസ്സ് പൂര്‍ണ്ണമായും കേന്ദ്രീകരികരിച്ചുകൊണ്ട് അതില്‍ ലയിച്ചു മനസ്സ് നിശ്ചലമാകുന്ന ചില നിമിഷങ്ങള്‍ ഉണ്ടാകും. മനസ്സ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാം അറിയാതെ വിട്ടു നില്‍ക്കുന്ന വളരെ ചെറിയ നിമിഷങ്ങള്‍ ഉണ്ടാകാന്‍ അത്തരം പ്രാര്‍ത്ഥനകള്‍ സഹായകമാണ്.

അത്തരം സന്ദര്‍ഭങ്ങളില്‍ നാം അറിയാതെ നമ്മില്‍ വസിക്കുന്ന ബ്രഹ്മചൈതന്യം ചിലപ്പോള്‍ മിന്നല്‍ പോലെ ഉണര്‍ന്നെന്നു വരാം. അങ്ങനെ ബ്രഹ്മചൈതന്യം ഉണരുന്ന സമയങ്ങളില്‍ ചിലരുടെ രോഗാതുരമായ ശരീരങ്ങളില്‍ ചില രാസപരിണാമങ്ങള്‍ ഉണ്ടാകാറുണ്ട്. അതാണ് ചിലരുടെ രോഗങ്ങള്‍ ഭേദമാകുവാന്‍ കാരണമാകുന്നത്.

മനുഷ്യനില്‍ സ്ഥിതിചെയ്യുന്ന ബ്രഹ്മചൈതന്യം ഒരു നിമിഷത്തിലെ എത്രയോ ചെറിയ അംശമായ മിന്നല്‍ പോലെ ഉണരുമ്പോള്‍തന്നെ രോഗശാന്തിയും മറ്റും നടക്കുന്നെങ്കില്‍ ആ ബ്രഹ്മചൈതന്യത്തെ ഉണര്‍ത്തി കുറച്ചു സമയം നിലനിര്‍ത്തിയാല്‍ ഈശ്വരാനുഭവമായി. അങ്ങനെ ഉണര്‍ത്തി നിര്‍ത്തുവാന്‍ സഹായകമാകുന്ന ചില വഴികളുടെ വേദാന്താധിഷ്ഠിതമായ വിശദീകരണം ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതു സാധാരണ ഗൃഹസ്ഥന്മാര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ളതാണ്.

മൂന്ന് 
ശ്രുതി സ്മൃതികളിലെല്ലാം വളരെ പ്രസിദ്ധമായൊരു ശബ്ദമാണ് 'മായ' എന്നത്. വേദാന്ത ശാസ്ത്രങ്ങളിലെ മിക്കവാറും എല്ലാ പ്രതിപാദനങ്ങളും മായ എന്നു വിശേഷിപ്പിക്കുന്ന പ്രതിഭാസത്തെ, അറിയാനും, അകറ്റാനുമുള്ളതാണ്. എന്നാല്‍ മായ എന്ന ശബ്ദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തിനെയാണെന്ന് ആചാര്യന്മാരാരും തന്നെ വ്യക്തമായി നിര്‍വചിച്ചിട്ടില്ല. പല ആചാര്യന്മാരും പല പ്രകാരത്തില്‍ നിര്‍വചിച്ചി ട്ടുണ്ടെങ്കിലും, അതൊന്നും തന്നെ പൂര്‍ണ്ണമല്ല എന്ന് അവരൊക്കെ തന്നെ സമ്മതിക്കുന്നുമുണ്ട്.

എന്നാല്‍ ഈ പുസ്തകത്തില്‍ മായ എന്താണെന്ന് വ്യക്തമായി നിര്‍വചിക്കുന്നുണ്ട്. അടിസ്ഥാനപരമായി അതുശരിയുമാണ്. ഈ അറി വില്‍ നിന്നു കൊണ്ട് മായയെ കുറിച്ച് ഇനിയും പല വിശദീകരണങ്ങളും പലര്‍ക്കും അവതരിപ്പിക്കുവാന്‍ കഴിയും. അങ്ങനെ വിശദീകരണങ്ങള്‍ പലതും ഉണ്ടാവുകയും വേണം.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ നിര്‍വ്വചനം ലോകം അംഗീ കരിക്കുവാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. അതിന്റെ ഒന്നാമത്തെ കാരണം ഈ ലേഖകന്‍ ഒരു സംന്യാസിയോ പ്രസിദ്ധനായ മതപണ്ഡി തനോ അല്ല എന്നുള്ളതാണ്. അനുഭവങ്ങള്‍ മാത്രം സമ്പത്തായുള്ള ഒരു ഗൃഹസ്ഥന്‍ മാത്രമാണ്.

ഇത്തരം വിഷയങ്ങള്‍ വിശകലനം ചെയ്യേണ്ടതും നിര്‍വചിക്കേ ണ്ടതും, പേരും പ്രസിദ്ധിയുമുള്ള മതപണ്ഡിതരായിരിക്കണമെന്നു നാം ധരിച്ചു വച്ചിരിക്കുന്നു. (ഗൃഹസ്ഥനെ വേദാന്തം പഠിപ്പിക്കുവാന്‍ ഗൃഹസ്ഥന്‍ തന്നെയാണ് യോഗ്യന്‍; കാരണം സംന്യാസിക്കും മതപണ്ഡിതനും പാണ്ഡിത്യം ഉണ്ടായിരിക്കാം. എന്നാല്‍ ഒരു ഗൃഹസ്ഥന്റെ ജീവിതാനുഭവം അവര്‍ക്കുണ്ടായിരിക്കില്ല.) രണ്ടാമതായി ഇത് പരീക്ഷണശാലയിലെ രാസപരിശോധനയില്‍ക്കൂടിയോ മൈക്രോസ്‌കോപ്പില്‍ കൂടിയോ കണ്ടെത്തി സ്ഥിരീകരിക്കാന്‍ പറ്റുന്നതുമല്ല. ഇതു മായയുടെ തന്നെ അന്തര്‍മുഖ സ്വഭാവത്തില്‍ നിന്നും ഉരിത്തിരിയുന്ന സന്ദേശങ്ങള്‍കൊണ്ട് തെളിയിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് അതിന് അതിന്റേതായ സമയമെടുത്തേക്കാം. എന്ത് തന്നെയായാലും ഇതു ലോകം അംഗീകരിക്കുകയെന്നാല്‍ മനുഷ്യന് ദൈവത്തേക്കുറിച്ചുള്ള അജ്ഞത വലിയൊരളവോളം മാറികിട്ടും എന്നതില്‍ തര്‍ക്കമില്ല. എങ്കിലും ഇത്രയും ലളിതമായ യാഥാര്‍ത്ഥ്യം ഇന്നത്തെ തലമുറയ്ക്ക് അത്രവേഗം ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണ്. കാരണം ഇന്നുള്ളവരുടെ ദൈവത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് അത്രക്ക് സങ്കീര്‍ണ്ണവും സാങ്കല്പികവുമാണ്.

ഈ പുസ്തകത്തിലെ വിശദീകരണസ്വഭാവം വളരെ ചുരുങ്ങിയ രീതിയിലുള്ളതാണ്. അതായത് ഫാസ്റ്റ്ഫുഡ് പോലെ. എന്നാല്‍ ഈശ്വരാ ന്വേഷകരും ലോകനന്മയെ കാംക്ഷിക്കുന്ന സഹൃദയരുമായ സാധാരണ ജനങ്ങള്‍ക്ക് 'ഇതു മനസ്സിലാക്കുകയും; നമ്മില്‍ നിലനില്ക്കുന്ന 
ദൈവത്തെകുറിച്ചുള്ള സങ്കല്പ സമ്പ്രദായത്തിനു പകരം സ്വാനുഭവത്തി ലേക്കുള്ള തിരിച്ചറിവിന് ഇത് ഉപകരിക്കുകയും ചെയ്യും. ഇന്നത്തെ മനുഷ്യര്‍ക്കും വരും തലമുറകള്‍ക്കും ഈ കുറിപ്പുകള്‍ പ്രയോജനകര മാവട്ടെ എന്ന പ്രാര്‍ത്ഥനയോടുകൂടി ഈ പുസ്തകം വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

4 comments:


  1. അവസാനത്തെ കുറെ താളുകൾ ഒഴിച്ച് ഈ കൃതി വായിച്ചു. വളരെ ലളിതമായി വേദാന്തപാഠങ്ങൾ വിശദീകരിച്ചിരിക്കുന്നു, ഗ്രന്ഥകര്ത്താവ്. ഈ പുസ്തകം ഒരു കുട്ടിക്കുപോലും വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അടുത്ത ശനിയാഴ്ച ധാരാളം പേരുടെ സാന്നിദ്ധ്യത്തിൽ ഇതെപ്പറ്റി ഒരു സ്റ്റഡിക്ലാസ് ഉണ്ടെന്നന്നറിയുന്നതിൽ സന്തോഷം.

    ReplyDelete
  2. ശ്രീ വയലാർ മൈക്കിളിന്റെ ഉപനിഷത്തിനെപ്പറ്റിയുള്ള പുസ്തകം വായിച്ചു. പൗരാണികശാസ്ത്രത്തെ സംബന്ധിച്ചുള്ള ഈ ചെറുഗ്രന്ഥം പീ.ഡി.എഫ്. ഫയലിൽ അയച്ചുതന്ന Josantonyക്ക് നന്ദി. ഒരു പ്രാവിശ്യം ശാസ്ത്രയുഗത്തിലെ വേദാന്തപഠനം വായിച്ചെങ്കിലും മുഴുവനായും ഗ്രഹിക്കുവാൻ സാധിച്ചില്ല. ഭാരതീയചിന്താഗതികൾ വളർന്നുകഴിഞ്ഞനേക നൂറ്റാണ്ടുകൾ കഴിഞ്ഞാണ് പാശ്ചാത്യശാസ്ത്രം മുളച്ചുപൊങ്ങിയത്. സൂര്യനുചുറ്റും ഭൂമിയും ചന്ദ്രനും മറ്റു ഗ്രഹങ്ങളുമെല്ലാം സ്വയം തിരിഞ്ഞുകൊണ്ട് സൂര്യനെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നുവെന്ന് ഗലീലിയോക്കും മറ്റു പാശ്ചാത്യശാസ്ത്രജ്ഞർക്കും എത്രയോ വർഷങ്ങൾക്കുമുമ്പ് വേദങ്ങൾ ഈ ജ്ഞാനം ലോകത്തിനു നല്കിയിരിക്കുന്നുവെന്നും ചിന്തിക്കണം. ഋതുഭേദങ്ങളും കാലവിത്യാസങ്ങളും തന്മൂലമുണ്ടാകുന്നുവെന്നുള്ള വേദത്തിലെ അറിവ് സായിപ്പിന് ലഭിച്ചത് ആധുനിക യുഗങ്ങളിലാണ്.

    ഈ പുസ്തകത്തിൽ നാല്‌ യുഗങ്ങളെയും ശ്രീ വയലാർ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്. കാലത്തെ കൃതം അഥവാ സത്യം, ത്രേതാ, ദ്വാപരാ, കലി എന്നിങ്ങനെ വേർതിരിച്ചിരിക്കുകയാണ്. ഇതിൽ സത്യയുഗമാണ് ഗ്രന്ഥകാരൻ സ്വപ്നം കാണുന്നത്. ആ യുഗത്തിൽ ധർമ്മവും സത്യവുമുള്ള ജ്ഞാനികൾ മാത്രമേയുണ്ടായിരുന്നുള്ളൂ.പിന്നീട് ത്രേതായുഗം വന്നു. അവിടം ജ്ഞാനം തേടിയുള്ള ഒരു അലച്ചിലാണ്. ജ്ഞാനസമ്പാദനത്തിനായി തപസുകൾ ചെയ്യുന്ന മുനിമാരാണ് ഈ യുഗത്തിൽ തിങ്ങിപാർക്കുന്നത്. പിന്നീട് ദ്വാപര യുഗത്തിൽ കൃഷിയായി, കച്ചവടമായി, ശകുനിയെപ്പോലെ ചതിയന്മാരുമുണ്ടായിരുന്നു. നാം ജീവിക്കുന്നത്‌ കലിയുഗത്തിലാണ്. സത്യഹിംസയാണ് ഈ യുഗത്തിൽ. ബ്രഹ്മചര്യധർമ്മങ്ങൾ ചുരുങ്ങും. ശരീരധർമ്മങ്ങളിൽ താല്പര്യംകൂടി മോഷാനന്ദം എന്നത് അറിയാതെ പോയി.

    പുസ്തകം മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് വയലാറിന്റെ പാണ്ഡ്യത്യത്തിൽ അഭിമാനം തോന്നിയത്. നോവൽപോലെ വായിച്ചെങ്കിലും ഈ ഉപനിഷത്ത് മനസിലാക്കി ഗഹനമായി ഇനിയും പഠിക്കണം. പഞ്ചകോശങ്ങൾ എന്നു പറയുന്നത് ഫിസിയോളജിയാണ്. ആനന്ദനിർവ്രുതിയിലാണ് പഞ്ചകോശങ്ങളുടെ പ്രവർത്തനം അവസാനിക്കുന്നത്.

    ReplyDelete
    Replies
    1. ശ്രീ മൈക്കിളും സാക്കുമൊക്കെ ആനുഭൂതികമായി അവബോധം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് എന്നാണ് അവരുടെ എഴുത്തില്‍നിന്ന് എനിക്കു മനസ്സിലായിട്ടുള്ളത്. എനിക്കു വായിച്ചും കേട്ടും മാത്രമുള്ള അറിവേയുള്ളു. എങ്കിലും പോസ്റ്റുമാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റായിരിക്കുന്നതു പോലെമാത്രമാണ് താന്‍ ഒരു ഗുരുവായിരിക്കുന്നത് എന്നു പറഞ്ഞിരുന്ന നിത്യചൈതന്യയതിയോടൊപ്പം രണ്ടു വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ (സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്ന അവകാശവാദം ഒട്ടുമില്ല) ചിലതു കുറിക്കുകയാണ്.

      ഉപനിഷത്തെന്നു പറഞ്ഞാല്‍ ഗുരുവിന്റെ അടുത്തിരുന്നു പഠിക്കുക എന്നാണെന്നും വിശ്വാസ്യരായവര്‍ പറയുന്നതില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടല്ലാതെ ആത്മീയമായ അഭ്യുന്നതി അസാധ്യമാണെന്നും എനിക്ക് പറഞ്ഞുതന്നത് നിത്യചൈതന്യയതിയാണ്. വേദാന്തത്തിലെ പ്രധാന പ്രമാണം ശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞുതന്നപ്പോള്‍ പ്രത്യേകം പറഞ്ഞത് ശബ്ദമെന്നും വേദമെന്നും ഒക്കെപ്പറയുമ്പോള്‍ ശബ്ദഘോഷം എന്നു തെറ്റിദ്ധരിക്കരുതെന്നാണ്. ശബ്ദം വേദാന്തത്തിലെ പ്രധാന പ്രമാണമായിരിക്കുന്നത് അനുഭവസ്ഥരുടെ വിശ്വാസ്യമായ വാക്കുകള്‍ എന്ന അര്‍ഥത്തിലാണ്.

      വ്യക്തിയായ തന്നെ സ്വയം മറക്കാന്‍ കഴിയുക എന്നാണ് ധ്യാനിക്കുക എന്നു പറയുന്നതിന്റെ പൊരുള്‍. സ്വസ്ഥനായിരുന്ന് അല്പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഉള്ളില്‍നിന്ന്് കേള്‍ക്കാനാവുന്ന ഒരു സ്വരമുണ്ട് - അനാഹതം. അതിലോ സ്വന്തം ശ്വാസോച്ഛ്വാസത്തിലോ ബാഹ്യശബ്ദങ്ങളിലോ ഒക്കെ എന്നപോലെ മന്ത്രജപത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ധ്യാനം ശീലിക്കാനാവും എന്നും അദ്ദേഹം പറഞ്ഞുതരികയുണ്ടായി. നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ കയറി നിന്റെ വാതിലടച്ച് അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക. രഹസ്യമായി കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും എന്ന യേശുവാക്യം ഒട്ടും ശ്രദ്ധിക്കാതെ നടത്തപ്പെടുന്ന കരിസ്മാറ്റിക് പ്രാര്‍ഥനാരീതികളെ തൈത്തിരീയോപനിഷത്തിലെ ശബ്ദ-മനനഉദ്‌ബോധനങ്ങളോടു ചേര്‍ത്തുവച്ച് വിശദീകരിക്കാന്‍ ഗ്രന്ഥകര്‍ത്താവു നടത്തിയിട്ടുള്ള ശ്രമം എനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. കരിസ്മാറ്റിക്ക് പ്രാര്‍ഥനകളെന്നല്ല, വിശുദ്ധരോടും അന്യമതങ്ങളിലെ വിഗ്രഹങ്ങളോടും പോലുമുള്ള പ്രാര്‍ഥനകളും ഫലം നല്കുമെന്നു കരുതുന്ന ഒരാളാണു ഞാന്‍. അവിടെയൊന്നും ദൈവമോ വിശുദ്ധരോ അല്ല, പ്രാര്‍ഥിക്കുന്നവരുടെ ഉള്ളില്‍ത്തന്നെയുള്ള വിശ്വാസമാണ് പ്രവര്‍ത്തിക്കുന്നത് എന്നും യേശുവചനങ്ങളില്‍നിന്നു തന്നെ മനസ്സിലാക്കാം. (ഉദാ: മത്തായി 17: 14-20, 25).

      Delete
    2. വ്യക്തിയായ തന്നെ സ്വയം മറക്കാന്‍ കഴിയുക എന്നാണ് ധ്യാനിക്കുക എന്നു പറയുന്നതിന്റെ പൊരുള്‍. സ്വസ്ഥനായിരുന്ന് അല്പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഉള്ളില്‍നിന്ന്് കേള്‍ക്കാനാവുന്ന ഒരു സ്വരമുണ്ട് - അനാഹതം.
      ചിലരിലെങ്കിലും താത്പര്യംജനിപ്പിക്കാവുന്ന ഒരു ബന്ധം ചൂണ്ടിക്കാണിക്കുകയാണ്. ജോസാന്റണി പറയുന്ന അനാഹതം ബോധതലത്തിലാണെങ്കിൽ,താഴെപ്പറയുന്ന Cosmic Microwave Background ഭൌതിക തലത്തിലാണ്. എന്നാൽ രണ്ടും ഒന്നായി ലയ്ക്കുന്ന ഒരു മണ്ഡലവും കാണണം എന്നൂഹിക്കുന്നതിൽ എന്ത് തെറ്റ്.

      Cosmic Microwave Background (CMB)

      The second evidence for the Big Bang theory comes from an accidental discovery by two American scientists Arno Penzias and Robert Wil­son in 1965 at the Bell Telephone Laboratories in New Jersey. They were radio engineers testing a very sensitive microwave detector. To their surprise, Penzias and Wilson found that their detector was picking up more noise than it ought to. The extra noise was the same whichever direction the detector was pointed to; it appeared to be of the same intensity day and night, and throughout the year, even though the Earth was rotating on its axis and orbiting around the Sun. This showed that the radiation must come from beyond the Solar System, and even from beyond the Milky Way; otherwise it would vary as the movement of Earth pointed the detector in different
      directions. The radiation must have travelled to the Earth across most of the observable Universe, and it appeared to be the same though it was coming from different directions.
      Indeed, Penzias and Wilson had unwittingly stumbled upon a momentous discovery.

      Delete