Translate

Thursday, March 14, 2013

പരിസ്ഥിതിയുടെ ആത്മീയത - ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് പ്രഭാഷണം


(വായിച്ചറിയുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്   വീഡിയോയില്‍ നിന്നും പകര്‍‌ത്തിയെഴുതിയ ഗീവര്‍ഗീസ് മാര്‍ കൂറില്ലോസിന്‍റെ  ആത്മീയപ്രഭാഷണം  പോസ്റ്റ്‌ ചെയ്യുന്നു.  വ്യക്തതയില്ലാത്ത ശബ്ദം മനസിലാക്കുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌  അസ്സല്‍ പ്രഭാഷണത്തിന്റെ കേട്ടെഴുത്തല്ല.)


പ്രിയമുള്ളവരേ, 

കേരള നവീകരണ പ്രസ്ഥാനവും പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി യോജിച്ച് ഇന്നിവിടെ നടത്തുന്ന മഹത്തായ ഈ സെമിനാറില്‍ പങ്കുചേരുവാന്‍ അവസരം ലഭിച്ചതില്‍ എന്റെ അകമഴിഞ്ഞ കൃതജ്ഞത നിങ്ങളില്‍ ഓരോരുത്തരോടും ആദ്യമായി ഞാന്‍ രേഖപ്പെടുത്തട്ടെ. ഒരു പ്രാസംഗികന്‍ തന്റെ പ്രസംഗം പറയുമ്പോള്‍  ക്ഷമാപണത്തോടെയാവരുതെന്ന് പ്രസംഗകളരിയില്‍  ഞാന്‍ പഠിച്ചിട്ടുണ്ട്. നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതുപൊലെ  ഈ സെമിനാര്‍ മറ്റൊരു ദിവസം നടക്കേണ്ടതായിരുന്നു. ഞാന്‍ അന്ന് ഇവിടെ വരാമെന്നും വാക്ക് കൊടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്നെനിക്ക് സഭയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത മറ്റൊരു ഔദ്യോഗിക പരിപാടിയില്‍  സംബന്ധിക്കുന്നതിന് നിര്‍ബന്ധിതനായി. എന്റെ നിസഹായവസ്ഥ  ജോസഫ് സാറിനെ വിളിച്ചറിയിച്ചപ്പോള്‍ എന്റെ പ്രയാസങ്ങളെ മനസിലാക്കിയ അദ്ദേഹം യാതൊരു പരിഭവവും പ്രകടിപ്പിക്കാതെ എനിക്ക് സൌകര്യമായ ഇന്നത്തെ സെമിനാറില്‍ പങ്കെടുക്കുവാന്‍ സന്മനസ് കാണിക്കുകയും ചെയ്തു. തന്മൂലം വന്ന ബുദ്ധിമുട്ടുകള്‍ക്ക് എന്റെ ധാര്‍മ്മിക കടമയെന്ന നിലയില്‍ ഇതിലെ പ്രവര്‍ത്തകരോട്   ഞാന്‍ ക്ഷമാപണം നടത്തുകയാണ്.


വട്ടമറ്റംസാര്‍ ഇവിടെ പ്രസംഗവേദിയില്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞ നല്ല വാക്കുകള്‍ക്കും  നന്ദിയുണ്ട്. കേള്‍ക്കുവാന്‍ ഒരു സുഖവുമുണ്ട്.  പുരൊഗമന ചിന്താധാരയില്‍ പരമമായ ഒരു വിശുദ്ധ സത്യം അവതരിപ്പിക്കുന്ന ഒരു വേളയില്‍ ‍ ഞാന്‍ എന്നോടുതന്നെ ചോദ്യങ്ങള്‍ ചോദിക്കട്ടെ? പുത്തനായ  ചിന്താഗതിയോടെ  നവോദ്ധാന ചൈതന്യവുമായി യേശുവിനെപ്പോലെ  നന്മ മാത്രമുള്ള  എളിയവനായിരുന്നുവെങ്കില്‍ നാല്‍പ്പത്തിയെട്ടു സംവത്സരങ്ങള്‍  ഇന്ന് ഭൂമുഖത്ത് ജീവിക്കുവാന്‍ ദൈവം എനിക്ക് ആയുസ് തരുകയില്ലായിരുന്നു. കോമളമായ യുവത്വത്തിന്റെ മുപ്പത്തി മൂന്നാം വയസില്‍തന്നെ ദൌത്യം പൂര്‍ത്തിയാക്കി എന്റെ ജീവിതം അവസാനിക്കുമായിരുന്നു. പക്ഷെ മുപ്പത്തിമൂന്നു വയസിനുമപ്പുറം ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നുള്ളതുതന്നെ യേശുവിനെ പിന്തുടരുന്നതില്‍ വളരെയേറെ പിന്നിലാണ്,  യേശുവിനൊപ്പം  സഞ്ചരിക്കുവാന്‍  ഞാന്‍ അശക്തനാണെന്നുള്ള സൂചനയായും എനിക്ക് തോന്നുന്നു.  കര്‍മ്മനിര്‍വഹണത്തിനായി എത്രമാത്രം പരാജയപ്പെട്ടുവെന്നുള്ള ചിന്തയും എന്നെ അലട്ടുന്നുണ്ട്.

 എങ്കിലും ആവുന്നടത്തോളം കാലം എന്നിലര്‍പ്പിതമായിരിക്കുന്ന കടമകള്‍ എന്റെ പരിമതിക്കുള്ളില്‍ നിര്‍വഹിക്കുവാന്‍  ശ്രമിക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. വട്ടമറ്റ സാറിനോട് എനിക്ക് കടപ്പാടുകളേറെയുണ്ട്. എന്റെ  ഇംഗ്ലീഷില്‍ എഴുതിയ തീസ്സിസ് (പ്രബന്ധം)  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്  അദ്ദേഹമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക്  ഈ ബുക്ക് സ്വീകാര്യമായതും സാറിന്റെ  സൗന്ദര്യമേറിയ  ഭാഷാ മഹിമകൊണ്ടാണ്.

 ഇന്ന് ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തിലേക്ക് എന്റെ മനസു തിരിഞ്ഞതില്‍ ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കാപ്പനച്ചനോടാണ്. എന്റെ ചെറുപ്പകാലങ്ങളില്‍ പുരോഗമന ചിന്താഗതികളടങ്ങിയ  ആശയങ്ങളോട് ഞാന്‍ ആകൃഷ്ടനാകുകയും ഒപ്പം ചെറിയ രാഷ്ട്രീയത്തിലുമുണ്ടായിരുന്നു.   അതുകൊണ്ടു തന്നെയായിരിക്കാം ഞാന്‍ ദൈവ ശാസ്ത്രം പഠിക്കുന്ന വേളയിലും വിമോചിത ശാസ്ത്രത്തോടു താല്‍പ്പര്യം ഉണ്ടായത്. അങ്ങനെയാണ് കാപ്പനച്ചനെയും പൗലോസ് മാര്‍ പൌലോസ് തിരുമേനിയെയും  പരിചയപ്പെടുന്നതും അവരുടെ തത്ത്വചിന്തകള്‍ എന്റെ മനസിലേക്ക് ഞാന്‍ ആവഹിച്ചതും.


വലിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കാപ്പനച്ചന്‍. ചെറുപ്പത്തിന്റെ നല്ലകാലം വിമോന  ദൈവശാസ്ത്രത്തില്‍ മുഴുകുകയും  ജ്ഞാനം തേടുകയും അനേക നാടുകളില്‍ സഞ്ചരിക്കുകയും ചെയ്തു. ലാറ്റിന്‍ അമേരിക്കാ വിമോചിത ദൈവ ശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം ഇന്ത്യയില്‍ ആവശ്യമാണെന്നു ചിന്തിക്കുകയും കാണിച്ചുതരുകയും ചെയ്ത ചിന്തകനെന്ന നിലയിലാണ് കാപ്പനച്ചന്‍ എന്ന പണ്ഡിതനെ  ഞാന്‍ കാണുന്നത്.

ബാംഗ്ലൂരില്‍ ഞാന്‍  പഠിക്കുന്നകാലത്ത്  ഒരു ചര്‍ച്ചാവേളയില്‍ കാപ്പനച്ചനെ നേരിട്ടു പരിചയപ്പെടുവാന്‍ അവസരം ലഭിച്ചു.  അച്ചന്റെ അന്നത്തെ ചര്‍ച്ചകളാണ് അന്നുവരെ മാര്‍ക്സിയന്‍ സങ്കല്‍പ്പത്തില്‍ സഞ്ചരിച്ചിരുന്ന എന്റെ മനസിന്റെ ഗതിമാറ്റിയത്. ദരിദ്രരുടെയും പാവപ്പെട്ട കര്‍ഷകന്റെയും വിമോചനം സാദ്ധ്യമാവണമെങ്കില്‍ പ്രകൃതിയുടെ വിമോചനംകൂടി നടക്കണമെന്നുള്ള ഒരു വീക്ഷണവും ഉണ്ടായി.


പ്രകൃതിയുടെ സമതുലിതാവസ്ഥ സംരക്ഷിക്കപ്പെടാതെ  മണ്ണിനോട് മല്ലടിച്ചുകഴിയുന്ന ദളിതരുടെയും ആദിവാസികളുടെയും പാവപ്പെട്ടവരുടെയും വിമോചനം അത്യന്തകമായി സാധ്യമല്ലെന്നുള്ള ആത്മബോധനം എനിക്ക് ആദ്യമായി ലഭിച്ചത്  കാപ്പനച്ചനില്‍നിന്നുമായിരുന്നു. അങ്ങനെയാണ് ഇക്കാണുന്ന പ്രകൃതിയുമായടങ്ങിയ   എന്റെ ചിന്തകള്‍ക്ക് ഞാന്‍ രൂപം കൊടുത്തത്.

കര്‍ണ്ണാടകത്തില്‍ ആണവ റീയാക്റ്റര്‍ മൂലം റേഡിയേഷന്‍ചോര്‍ച്ച വരാവുന്ന  സങ്കീര്‍ണ്ണമായ  കൈഗ   (Kaiga) എന്ന സ്ഥലത്ത് ആ പ്ലാന്റ് അടപ്പിക്കുവാനുള്ള സമരത്തില്‍ ഞാനും പങ്കുചേര്‍ന്നിരുന്നു. ഞാന്‍ ഒരു സൈദ്ധാന്തികനോ  രാഷ്ട്രീയക്കാരനോ ‍ അല്ല. ഞാന്‍ അതില്‍ പ്രവര്‍‌ത്തിക്കുന്നവനല്ലെങ്കിലും ഇന്നും എന്റെ മനസ് റേഡിയേഷന്റെ ഭീഷണിയില്‍ വസിക്കുന്ന ആ  ജനതയോടൊപ്പമാണ്.  പരീസ്ഥിതിയില്‍ ഞാന്‍ നടത്തുന്ന ഈ സംഭാഷണം ഒരു ശാസ്ത്രജ്ഞന്റെ വിജ്ഞാന വീക്ഷണത്തില്‍ ആയിരിക്കുകയില്ല. പ്രത്യേകിച്ച് ഉച്ചസമയമായതുകൊണ്ട്‌ നല്ല ഒരു പ്രഭാഷണം നടത്തുവാനുള്ള ചാതുര്യവും കുറവാണ്. അതുകൊണ്ട് ഞാന്‍ എഴുതിയ ഏതാനും പുസ്തകങ്ങളില്‍നിന്നും എന്റെ മനസിലുള്ള വിഷയങ്ങളുമായി സ്വരൂപിച്ച ചില കഥകളായും സംഭവങ്ങളായും നിങ്ങളോട് പറയുവാനാണ് ഈ ഉച്ചസമയം ഞാന്‍ വിനിയോഗിക്കുവാന്‍ പോവുന്നത്. 

പതിവുപോലെ രാവിലെതന്നെ  ഞാന്‍  എഴുന്നേറ്റെങ്കിലും  ഇന്ന്  ഇവിടെ വരുവാന്‍ അല്‍പ്പം താമസിക്കുന്നതിനു ഒരു ‍ കാരണമുണ്ടായി.   എറണാകുളംമുതല്‍ കര്‍ണ്ണാടകവരെ നീണ്ടു കിടക്കുന്ന ഒരു ഗ്യാസ്പൈപ്പ് ലൈന്‍ന്‍റെ പ്രവര്‍ത്തനങ്ങളുമായി പോവുന്ന ഒരു പരിപാടിയിലെ പ്രതിഷേധസമ്മേളനത്തില്‍ പങ്കെടുക്കേണ്ടി വന്നു.  ഇതിനായി നാലായിരത്തില്‍പ്പരം ഏക്കര്‍ സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കേണ്ടതായി വരും.   സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമാണ് ഭൂമി നഷ്ടപ്പെടുന്നത്. പ്രകൃതിയുടെ സന്തുലതാവസ്തയുടെ കാര്യങ്ങള്‌ അടങ്ങിയ ഒരു സമരമായിരുന്നുവത്.  ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കാടുകളും വെട്ടി തെളിക്കണം. ഏക്കര്‍കണക്കിന് നെല്‍വയലുകളും വെള്ളകെട്ടുകളും നിബിഡ വനങ്ങളുമൊക്കെയാണ്  മണ്ണിന്റെ മക്കള്‍ക്ക്‌ നഷ്ടപ്പെടുന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങളില്‍ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്   പ്രയാസമില്ല. അങ്ങനെ പരിസ്ഥിതിയുടെ അധ്യാത്മീകതയുമായി വളരെയധികം ഒട്ടിനില്‍ക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ഞാന്‍ ഇവിടെ വരുന്നതെന്നതില്‍ ഈ വിഷയത്തെപ്പറ്റി പറയുവാന്‍ അല്‍പ്പമെങ്കിലും യോഗ്യത എനിക്കുണ്ടെന്നും സ്വയം തോന്നിപ്പോവുന്നു. .

സ്വാഗത പ്രസംഗകന്‍ പറഞ്ഞതുപോലെ ഒരുപക്ഷെ പരീസ്ഥിതി നാശത്തിന് ഏറ്റവും കൂടുതല്‍ കാരണക്കാരായിരിക്കുന്നത് ക്രൈസ്തവരാണ്. വിവിധ കാലങ്ങളായി സഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സുവിശേഷത്തിന്റെ പേരില്‍ നടന്ന ചൂഷണങ്ങളുമൊക്കെ പ്രകൃതിയെ തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ആഫ്രിക്കയില്‍ നയിറോബി  എന്ന സ്ഥലത്ത് മിഷ്യനറിമാരെക്കുറിച്ചുള്ള  ഒരു ചര്‍ച്ചാ സമ്മേളനം നടക്കുകയായിരുന്നു.  ഈ ചര്‍ച്ചയില്‍  ആഫ്രിക്കയില്‍നിന്നും വന്ന ഒരു ഡലിഗേറ്റ്  ഇങ്ങനെ പറഞ്ഞു, വെള്ളക്കാരായ ക്രിസ്ത്യാനികള്‍ ഞങ്ങളെ ക്രിസ്ത്യാനികളാക്കുവാനും ദൈവത്തെപ്പറ്റി പഠിപ്പിക്കുവാനും വന്ന സമയത്ത് ഞങ്ങളുടെ കൈയില്‍ ഞങ്ങളുടെ ഭൂമിയും സായിപ്പിന്റെ കൈയില്‍ വേദപുസ്തകവും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളെ ക്രിസ്ത്യാനികളാക്കി തിരിച്ചുപോയപ്പോള്‍ ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി അവരുടെ കൈയിലും ബൈബിള്‍ ഞങ്ങളുടെ കൈവശവുമായി.
തുടരും:-

2 comments:

  1. pls correct Kappilachan as Kappanachan

    ReplyDelete
  2. കാണുന്നതിലും കേള്‍ക്കുന്നതിലുമധികം പലര്‍ക്കും മനസ്സില്‍ പതിയുന്നത് അക്ഷരങ്ങള്‍ തന്നെയാണ്. ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നവര്‍ അനേകരുണ്ട്. ഈ യജ്ഞം തുടരുക.

    ReplyDelete