Translate

Wednesday, March 6, 2013

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI


ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
VI  
മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി

എട്ടാം നൂറ്റാണ്ടില്‍ രാഷ്ട്രീയാധികാരംകൂടി കൈവന്നതോടെ മാര്‍പ്പാപ്പാമാരുടെ ജീവിതശൈലിക്ക് മാറ്റം ഉണ്ടായി. റോമന്‍ചക്രവര്‍ത്തിമാരെ തെരഞ്ഞടുക്കുന്നതില്‍ പ്രഭുക്കന്മാര്‍ തമ്മില്‍ നടത്തിയ യുദ്ധങ്ങളെയും അതിക്രമങ്ങളെയും കലാപങ്ങളെയും ഓര്‍മിപ്പിക്കുന്ന മട്ടില്‍ പാപ്പാധികാരത്തിനു വേണ്ടി പ്രഭുക്കന്മാര്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങി. ഫാ. കൂടപ്പുഴ എഴുതുന്നു: ''ചാര്‍ലി മെയിന്‍ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ കുലീനവംശജരായ കുറെപ്പേര്‍ സഭാധികാരികളുടെ സഹായം സ്വീകരിച്ച് അധികാരം പിടിച്ചു പറ്റാന്‍ ശ്രമിച്ചു. മാര്‍പ്പാപ്പായുടെ സ്ഥാനത്തിന് ഏറെപ്പേര്‍ നോട്ടമിട്ടു. ആദര്‍ശങ്ങളുടെ കാവല്‍ഭടന്മാരായിരിക്കേണ്ടിയിരുന്ന മാര്‍പ്പാപ്പാമാരുടെ ജീവിതം പരാജയങ്ങളില്‍ നിന്നും വിമുക്തമായിരുന്നില്ല. 867നും 1048 നും ഇടയ്ക്ക് സഭാസാരഥ്യം വഹിച്ച 44 പാപ്പാമാരില്‍ ഒമ്പതു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിഷം കൊണ്ട് രണ്ടു പേര്‍ മരിച്ചു. നാലുപേര്‍ കൊലപാതകത്തിനു വിധേയരായി. ഒരാളെ കഴുത്തു ഞെരിച്ചു കൊന്നു. മറ്റു രണ്ടുപേര്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ഈ വസ്തുതകള്‍ അന്നത്തെ ധാര്‍മ്മിക നിലവാരം വ്യക്തമാക്കാന്‍ ഉപകരിക്കും'' (തിരുസ്സഭാ ചരിത്രം, പേജ് 348-49). 


മാര്‍പ്പാപ്പാമാരുടെ അധാര്‍മിക ജീവിതം യഥാര്‍ഥ ക്രൈസ്തവവിശ്വാസികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭൗതികഭരണതലങ്ങളിലും കൊട്ടാരങ്ങളില്‍ പോലും അസുലഭമായി കണ്ടെത്താവുന്ന അസാന്മാര്‍ഗികതയിലും ക്രൂരതയിലും പേപ്പല്‍ കൊട്ടാരം അത്യധികം അധഃപതിച്ചു. യൂറോപ്പിലെ രാജകിരീടങ്ങള്‍ക്ക് അധാര്‍മികപിന്തുണ നല്കുന്നതില്‍ മാര്‍പ്പാപ്പാമാര്‍ കാണിച്ച ഔദാര്യം അവര്‍ക്കു തന്നെ കെണിയായിത്തീര്‍ന്നു. സ്‌പൊളേറ്റോ യിലെ ലാമ്പര്‍ട്ടു പ്രഭുവിനെ ചക്രവര്‍ത്തിയായി പോപ്പ് ഫൊര്‍മോസുസ് (891-96) അവരോധിച്ചു. അതേസമയം ജര്‍മനിയിലെ അര്‍നള്‍ഫ് രാജാവിനെ നിസ്സങ്കോചം മാര്‍പ്പാപ്പാ ചക്രവര്‍ത്തിയായി അംഗീകരിച്ചു. അത് ഈ രണ്ടു ചക്രവര്‍ത്തിമാരും പരസ്പരം ഏറ്റുമുട്ടാന്‍ പശ്ചാത്തലമൊരുക്കി. ജര്‍മന്‍ രാജാവിനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതില്‍ ക്ഷുഭിതനായ ലാമ്പര്‍ട്ട് രാജാവ് റോം ആക്രമിച്ചു. അപ്പോഴേക്കും ഫൊര്‍മോസുസ് മാര്‍പ്പാപ്പാ നിര്യാതനായിരുന്നു. ഈ മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പില്‍പെട്ട സ്റ്റീഫന്‍ ഏഴാമന്‍ മാര്‍പ്പാപ്പായായി അവരോധിക്കപ്പെട്ടു. മരണമടഞ്ഞ ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ലോകചരിത്രത്തില്‍ ഇതിനു മുന്‍പോ പിന്‍പോ കേട്ടിട്ടില്ലാത്ത വിധം വിചാരണയ്ക്ക് വിധേയനാക്കി. എട്ടുമാസം മുമ്പ് മരിച്ചടക്കപ്പെട്ട ഫെര്‍മോസൂസിന്റെ ശവശരീരം മാന്തിയെടുത്ത് മാര്‍പ്പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ ധരിപ്പിച്ച് കൗണ്‍സില്‍ ചേബറില്‍ പാപ്പായുടെ സിംഹാസനത്തില്‍ ഇരുത്തി. ഇതിനു ശേഷം വിസ്താരം ആരംഭിച്ചു. സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്നെ ഈ പ്രേതവിസ്താരം നടത്തി. ഈ സൂനഹദോസില്‍ വച്ച് ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ശപിച്ചു. ഇതിനു ശേഷം സ്ഥാനവസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി, മാര്‍പ്പാപ്പാ എന്ന നിലയില്‍ അനുഗ്രഹിക്കുന്നതിന് ഉയര്‍ത്തിയ, വലതു കയ്യിലെ മൂന്നു വിരലുകള്‍ ഛേദിച്ചു. പിന്നീട് മൃതദേഹം കൊട്ടാരത്തിലൂടെ വലിച്ചിഴച്ച് തെരുവില്‍ കൂടിയിരുന്ന ജനങ്ങളുടെ മധ്യത്തിലേയ്ക്ക് എറിഞ്ഞു. അവര്‍ അതിനെ അവിടെ നിന്നു വലിച്ച് ടൈബര്‍ നദിയില്‍ എറിഞ്ഞു. അങ്ങനെ സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്റെ മുന്‍ഗാമിയോട് പ്രതികാരം ചെയ്തു. എന്നാല്‍ ആ വര്‍ഷം തന്നെ എതിരാളികള്‍ സ്റ്റീഫന്‍ മാര്‍പ്പാപ്പായെ കഴുത്തു ഞെരിച്ചു കൊന്നു. തുടര്‍ന്ന് സ്റ്റീഫന്‍ മാര്‍പ്പാപ്പായുടെ പിന്തുണക്കാരനായ കാര്‍ഡിനല്‍ സെര്‍ജിയൂസ് മാര്‍പ്പാപ്പായായി സ്ഥാനം ഏറ്റു. അതുകൊണ്ടും പ്രശ്‌നം അവസാനിച്ചില്ല. എതിര്‍ഗ്രൂപ്പുകാര്‍ സെര്‍ജിയൂസിനെ റോമില്‍ നിന്നും ആട്ടിപ്പായച്ചു. ആറുകൊല്ലത്തിനിടയില്‍ ഏഴു പേര്‍ പാപ്പാ സ്ഥാനം കയ്യാളി. (ഇവരില്‍ പലരും എതിര്‍ പാപ്പാമാരായാണ് അറിയപ്പെടുന്നത്.) ഏഴാം കൊല്ലം പ്രഭുക്കന്മാരുടെ പിന്തുണയോടെ സെര്‍ജിയൂസ് തിരിച്ചെത്തി റോമാ കൈവശപ്പെടുത്തി. ഈ കാലഘട്ടത്തെക്കുറിച്ച് കത്തോലിക്കാ ചരിത്രകാരനായ തോമസ് നീലും റെയ്മണ്ട്ഷുമാന്റും ഇങ്ങനെ എഴുതുന്നു: ''ഒരു എതിര്‍ പാപ്പാ ആയിരുന്ന ക്രിസ്റ്റഫര്‍ മാര്‍പ്പാപ്പാ, ലിയോ അഞ്ചാമനെ ജയിലില്‍ അടച്ചു. സെര്‍ജിയൂസ് മൂന്നാമന്‍ മാര്‍പ്പാപ്പാ (904-911) ക്രിസ്റ്റഫറിനെ ലിയോ മാര്‍പ്പാപ്പായോടൊപ്പം കല്‍തുറുങ്കിലാക്കി. തുടര്‍ന്ന് അവരോടുള്ള പക മൂലം രണ്ടു പേരെയും വധിച്ചു. സെര്‍ജിയൂസ്, ഫൊര്‍മോസൂസ് മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പുകാരനായിരുന്നു. പഴയ മുറിവുകള്‍ ഉണങ്ങാന്‍ അനുവദിച്ചുമില്ല. 


ഈ വഴക്കുകള്‍ക്കിടയില്‍ സമ്പന്നനും പേപ്പല്‍ അധികാരിയും സെനറ്ററുമായ തിയോഫിലാക്ട് അധികാരം കവര്‍ന്നെടുത്തു. ഇയാളും ഭാര്യ തെയഡോറായും പെണ്‍മക്കളായ തെയഡോറായും മറോസ്സിയായും ചേര്‍ന്ന് രണ്ടു തലമുറ റോമില്‍ ആധിപത്യം സ്ഥാപിച്ചു. മറോസ്സിയാ, അവളുടെ സൗന്ദര്യം കൊണ്ട് സെര്‍ജിയൂസ് മാര്‍പ്പാപ്പായെ കീഴടക്കി, ആ കുടുംബ ത്തിന്റെ അധികാരം ഉറപ്പിച്ചു. ജോണ്‍ 10-ാമന്‍ മാര്‍പ്പാപ്പാ (914-922) തന്റെ സ്ഥാനാരോഹണത്തിന് തിയോഫിലാക്ട് കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു. സരാസ്സന്മാര്‍ക്ക് എതിരായി സ്വയം പട നയിച്ച് വിജയം നേടി. ജര്‍മനിയിലും ഫ്രാന്‍സിലും അധികാരം ഉറപ്പിച്ചു. മറോസ്സിയായുടെയും സെര്‍ജ്ജിയൂസ്സ് മാര്‍പ്പാപ്പായുടെയും പുത്രനായിരുന്നു ജോണ്‍ 11-ാമന്‍ മാര്‍പ്പാപ്പാ (931-935). അദ്ദേഹം റോമിലെ ഭരണ ത്തിന്റെ കടിഞ്ഞാണ്‍ തന്റെ അമ്മയ്ക്ക് പൂര്‍ണമായും വിട്ടുകൊടുത്തു. എന്നാല്‍ പോപ്പിന്റെ സഹോദരന്‍ ആല്‍ബറിക് അധികാരം പിടിച്ചടക്കി. പ്രഭു ഇരുപതു കൊല്ലക്കാലം റോമില്‍ ശക്തമായ ഒരു ഭരണം നല്‍കിയെങ്കിലും തുടര്‍ച്ചയായി അഞ്ചു മാര്‍പ്പാപ്പാമാരെ നേരിട്ടു തന്നെ ഇയാള്‍ നിയമിച്ചു. ആല്‍ബറിക്കിന്റെ സുഹൃത്തായ ക്രുഡിയിലെ വി. ഓദോയുടെ പ്രേരണയില്‍ ആധ്യാത്മിക നവീകരണത്തിനുള്ള വ്യഗ്രത റോമില്‍ ഉണ്ടായി. നിര്‍ ഭാഗ്യവശാല്‍ തന്റെ മരണക്കിടക്കയില്‍ വച്ച് ആല്‍ബറിക്ക് തന്റെ പുത്രനെ മാര്‍പ്പാപ്പായായി പേരു നിര്‍ദേശിച്ചു: ജോണ്‍ 12 (955-64). ഈ പാപ്പായോടൊപ്പം മാര്‍പ്പാപ്പാമാരുടെ ചരിത്രവും ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് അധഃപതിച്ചു. ഇരുപതു വയസ്സു പോലും ആകാതിരുന്ന ജോണ്‍ മാര്‍പ്പാപ്പാ വൈവിധ്യമാര്‍ന്ന ജീവിത സുഖങ്ങള്‍ക്കായി സ്വയം പൂര്‍ണമായും അര്‍പ്പിച്ചു. 

12 വയസ്സിനും 20 വയസ്സിനും മധ്യേ പ്രായമുെണ്ടന്നു കരുതപ്പെടുന്ന 9-ാം ബനഡിക്ട് മാര്‍പ്പാപ്പാ (1032-1044) സുഖഭോഗങ്ങളിലേക്ക് ആഴ്ന്നിറങ്ങി. റോമാക്കാര്‍ക്കു പോലും ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. 1044ല്‍ പോപ്പിനെതിരായി ക്രെസന്തി കലാപക്കൊടി ഉയര്‍ത്തുകയും സില്‍വസ്റ്റര്‍ 3-ാമനെ മാര്‍പ്പാപ്പായായി ലാറ്ററന്‍ കൊട്ടാരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ടസ്‌കന്നിയുടെ ബന്ധുക്കള്‍ ബനഡിക്ട് മാര്‍പ്പാപ്പായുടെ സ്ഥാനം തിരിച്ചു പിടിച്ച് ബനഡിക്ടിനു കൊടുത്തെങ്കിലും സമാധാനവും സുഖഭോഗവും ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ തലതൊട്ടപ്പനില്‍ നിന്നും പണം വാങ്ങി സ്ഥാനം വിട്ടുകൊടുത്തു. അങ്ങനെ സ്ഥാനം ലഭിച്ച ഗ്രിഗറി 6-ാമന്‍ പണം കൊടുത്ത് സ്ഥാനം വാങ്ങിയതൊഴിച്ചാല്‍ വളരെ ചീത്തയൊന്നുമായിരുന്നില്ല. (പണം കൊടുത്താണ് പാപ്പാസ്ഥാനം വാങ്ങിയതെന്ന് പരസ്യമായിരുന്നുമില്ല). ബനഡിക്ട് കുറഞ്ഞൊരു കാലം കൊണ്ട് തന്റെ സ്വസ്ഥ ജീവിതം മടുത്തു. പാപ്പാ സ്ഥാനം തിരിച്ചു ചോദിച്ചു. പാപ്പാസ്ഥാനത്തിനു വേണ്ടി നടന്ന ഈ കച്ചവടത്തെപ്പറ്റി ചക്രവര്‍ത്തി ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അദ്ദേഹം 1046-ല്‍ വമ്പിച്ച സന്നാഹവുമായി ഇറ്റലിയിലെത്തി. പുരോഹിതരുടെ ഒരു സൂനഹദോസ് വിളിച്ചു കൂട്ടി എല്ലാ മാര്‍പ്പാപ്പാമാരെയും സ്ഥാനഭ്രഷ്ടരാക്കി ജര്‍മന്‍കാരനായ ക്ലമന്റ് രണ്ടാമനെ മാര്‍പ്പാപ്പായായി പ്രഖ്യാപിച്ചു'' ( History of the Catholic Church, Milwaukee, 1957 pages. 168-170, സ്വന്തം തര്‍ജമ).

8 comments:

 1. പോപ്പ് ഫൊര്‍മോസുസ് (891-96) പ്രേതവിസ്താരം ശ്രീ പുലിക്കുന്നന്റെ ലേഖനത്തില്‍ മുഴുവനായി എഴുതിയിട്ടില്ല. വിസ്തരിച്ചത് സ്റ്റീഫന്‍ എഴാമാനെന്നും ആറാമനെന്നും വിത്യസ്തമായി ചരിത്രലേഖനങ്ങളില്‍ കാണുന്നു. ഈ മാര്‍പാപ്പയുടെ പ്രേതവിസ്താരങ്ങള്‌ അധികാരംവെച്ച് കളിക്കുന്നവരുടെ രാഷ്ട്രീയമായിരുന്നു.

  മാര്‍പാപ്പയായിരുന്നപ്പോള്‍ അനുഗ്രഹിച്ചിരുന്ന മൂന്നു വിരലുകള്‍ ഫൊര്‍മോസുസിന്റെ മൃതശരീരത്തില്‍നിന്നും മുറിച്ചശേഷം മൃതദേഹം വലിച്ചിഴച്ച് ടൈബര്‍നദിയില്‍ എറിയുന്നതുവരെയുള്ള ചരിത്രം ഈ ലേഖനത്തില്‍ വായിക്കാം.

  പിന്നീട് ഒരു പുരോഹിതസന്യാസി ഈ പ്രേതശരീരം വീണ്ടെടുത്തിരുന്നു. സ്റ്റീഫന്‍(7?)ആറാമന്റെ മരണശേഷം ഫൊര്‍മോസിസിന്റെ മൃതശരീരം വീണ്ടും സെന്‍റ് പീറ്റേഴ്സ് ബസലീക്കായില്‍ കൊണ്ടുവന്നു മറവുചെയ്തിരുന്നു.മറ്റൊരു കുറ്റവിസ്ത്താരം പാടില്ലാന്നും നിരോധിച്ചിരുന്നു. ഫൊര്‍മോസുസ് വിരോധിയായിരുന്ന സെര്‍ജിയൂസ് മൂന്നാമന്‍ 904-ല്‍ മാര്‍പാപ്പയായി. ഈ മാര്‍പാപ്പ രണ്ടാംതവണയും ഫൊര്‍മോസീസിന്റെ പ്രേതത്തെ വിസ്തരിക്കുവാന്‍ തീരുമാനിച്ചു.കൂടാതെ ഫൊര്‍മോസീസ് സ്ഥാനം നല്കിയ പുരോഹിതരും മെത്രാന്മാരും വീണ്ടും അഭിഷേകം നടത്തണമെന്നും കല്പ്പനയുണ്ടാക്കി. എന്നാല്‍ സഭാപുരോഹിതരുടെ എതിര്‍പ്പുമൂലം സെര്‍ജിയൂസ് മാര്‍പാപ്പ ആ തീരുമാനത്തില്‍നിന്നും പിന്‍വാങ്ങി.

  സെര്‍ജിയൂസ്മൂന്നാമന്‍ പ്രേതത്തെ രണ്ടാംതവണയും വിസ്തരിച്ച് കുറ്റക്കാരനെന്നു വിധിച്ചു. ഇതിനെ രണ്ടാം കാഡവര്‍ സിനഡന്നറിയപ്പെടുന്നു. ഈ സിനഡില്‍വെച്ചു പ്രേതത്തിന്റെ തലവെട്ടി വീണ്ടും മറവുചെയ്തു. ഇയാളുടെ മുന്‍ഗാമികള്‍ ലിയോ അഞ്ചാമന്‍ മാര്‍പാപ്പായെയും ക്രിസ്റ്റഫര്‍ മാര്‍പാപ്പയെയും കല്‌ത്തുറുങ്കലില്‍നിന്നും വധിച്ചു.

  ഇയാളുടെ വെപ്പാട്ടിയിലുണ്ടായ മകനാണ് അടുത്ത മാര്‍പാപ്പായായ ജോണ്‍ പതിനൊന്നാമന്‍. ഈ മാര്‍പാപ്പയെ 'സഭയുടെ അപമാനം (shame) എന്നറിയപ്പെടുന്നു.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ശ്രീ പുലിക്കുന്നന്‍റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന സ്റ്റീഫന്‍ഏഴാമനാണ് പ്രേതവിസ്താരം നടത്തിയതെന്നുള്ളത് ശരിയല്ല. സ്റ്റീഫനാറാമനാണ്(സ്റ്റീഫന്‍VI,896-897)പോപ്പ് ഫൊര്‍മോസുസ്സിന്റെ ശവംവെച്ച് നീചമായി വിസ്താരംനടത്തി മരിച്ചശരീരത്തെ അപമാനിച്ചത്. സ്റ്റീഫന്‍ ഏഴാമന്‍ മാര്‍പാപ്പായായിരുന്ന കാലം 928 മുതല്‍ 931 വരെയാണ്.
   ഏഴു സ്റ്റീഫന്‍മാര്‍പാപ്പാമാരുടെയും ഭരണകാലങ്ങള്‍ താഴെചേര്‍ക്കുന്നു.
   I. സെന്റ്‌.സ്റ്റീഫന്‍ 1,(254-257)
   II.സ്റ്റീഫന്‍ 2,(752-757)
   III. സ്റ്റീഫന്‍ 3, (768-772)
   IV.സ്റ്റീഫന്‍ 4,(816-817)
   V. സ്റ്റീഫന്‍ 5, (885-891)
   VI.സ്റ്റീഫന്‍ 6,(896-897)
   VII. സ്റ്റീഫന്‍ 7,(928-931)

   Delete
 2. (ബനഡിക്ട് മാര്‍പ്പാപ്പായുടെ സ്ഥാനം തിരിച്ചു പിടിച്ച് ബനഡിക്ടിനു കൊടുത്തെങ്കിലും സമാധാനവും സുഖഭോഗവും ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ തലതൊട്ടപ്പനില്‍ നിന്നും പണം വാങ്ങി സ്ഥാനം വിട്ടുകൊടുത്തു.ശ്രീ പുലിക്കുന്നന്‍)

  പ്രസിദ്ധരായ ചരിത്രകാരുടെ തെളിവുകളെയാധാരമാക്കി ശ്രീ പുലിക്കുന്നന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കുവാന്‍ സാധിക്കുന്നില്ല.ബിഷപ്പ് ബെന്നോ (Bishop Benno of Piacenza ), വിക്റ്റര്‍ മൂന്നാമന്‍ മാര്‍പാപ്പാ (Pope Victor III0 എന്നിവരുടെ അഭിപ്രായത്തില്‍ ബനഡിക്റ്റ്ഒമ്പതാമന്‍ സഭയുടെ പ്രസിദ്ധനായ ഒരു വില്ലന്‍, വേശ്യകളുമായി ആനന്ദം കണ്ടെത്തി പേപ്പസ്സിയെ വ്യപിചരിച്ച ഭോഗപ്രിയന്‍, സ്ത്രീലംബടന്‍, അധികാരപ്രേമി, പേപ്പല്‍സ്ഥാനം പണത്തിനായി വിറ്റവന്‍, കൊലയാളിയെന്നൊക്കെയാണ്.

  ബനഡിക്റ്റ്ഒമ്പതാമനെക്കുറിച്ച് വളരെ കുറച്ചു വിവരമേ ശ്രീ പുലിക്കുന്നന്റെ ലേഖനത്തില്‍ ഉള്‌കൊള്ളിച്ചിട്ടുള്ളൂ.സഭക്ക് വളരെയേറെ കളങ്കം വരുത്തിയ ഈ മാര്‍പാപ്പയെ പുകഴ്ത്താതെ കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നു. സ്ഥാനംത്യജിച്ച ബനഡിക്റ്റ്പതിനാറാമന്റെ പേരുകാരനായ പോപ്പ് ബനഡിക്റ്റ്ഒമ്പതാമന്‍ എന്ന മാര്‍പാപ്പ സഭയ്ക്കു ഒരു അവമാനമാണ്. 1012-ല്‍ ജനിച്ച ബനഡിക്റ്റ്ഒമ്പതാമന്‍ ചുരുങ്ങിയ ജീവിതകാലംകൊണ്ട് മൂന്നുപ്രാവിശ്യം മാര്‍പാപ്പാപദം അലങ്കരിച്ചു. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മാര്‍പാപ്പായാണ്. കൂടാതെ മാര്‍പാപ്പാപദം പണത്തിനായി വിറ്റ വില്ലനുമാണ്.

  ആല്ബറിക്ക് മൂന്നാമന്റെ മകനായി റോമില്‍ ജനിച്ചു. മാര്‍പാപ്പമാരായ ബനഡിക്റ്റ് എട്ടാമന്റെയും (1012-1024) ജോണ്‍ പത്തൊമ്പതാമന്റെയും മരുമകനാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ സ്വാധീനത്തിലാണ് മാര്‍പാപ്പയുടെ സിംഹാസനം കൈവരിച്ചത്. മാര്‍പാപ്പാ ആയിരുന്നപ്പോള്‍ പതിനെട്ടിനും ഇരുപതിനുമിടയ്ക്കു പ്രായമേ ഇദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ചരിത്രത്തിലെ പ്രായം കുറഞ്ഞ മാര്‌പാപ്പായായി കരുതുന്നു.

  സഭാചരിത്രകാര്‍ ഇദ്ദേഹത്തെപ്പറ്റി ചിത്രികരിച്ചിരിക്കുന്നത്‌ അമിതമായ വിഷയാസക്തി നിറഞ്ഞ നീചനായ ഒരു മാര്‍പാപ്പായെന്നാണ്. അധികാരമുള്ള ഒരു കുടുംബത്തിലെ അംഗം എന്ന നിലയിലല്ലാതെ ഇദ്ദേഹത്തിനു മാര്‍പാപ്പായാകുവാന്‍ യാതൊരു വിദ്യാഭ്യാസ്സയോഗ്യതയോ ദൈവശാസ്ത്ര അറിവോ ഉണ്ടായിരുന്നില്ല. അസന്മാര്‍ഗികതയുടെ വിരുന്നുകാരനും പിശാച് വേഷംമാറി നരകത്തില്‍നിന്നും ചടഞ്ഞുവന്ന പുരോഹിതനെന്നും സെന്റ്‌. പീറ്റര്‍ ഡാമിയന്‍ പറഞ്ഞിരിക്കുന്നു. കത്തോലിക്ക വിജ്ഞാനകോശത്തില്‍ ഇയാളെ സെന്റ്‌.പീറ്റര്‍ സിംഹനത്തിനു കളങ്കം വരുത്തിയവനെന്നും എഴുതിയിരിക്കുന്നു. വ്യപിചാരത്തിന്റെ പിതാവെന്നും ചരിത്രകാരുടെ കുറിപ്പില്‍ ഉണ്ട്. ഇയാള്‍ നടത്തിയിരിക്കുന്ന കൊലകള്‍ക്കും കണക്കില്ല.

  1036-ല്‍ ഈ മാര്‍പാപ്പയെ അധികാരം തെറിപ്പിച്ചു റോമില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കോണ്‌റാഡു രണ്ടാമന്‍ ചക്രവര്‍ത്തിയുടെ സഹായത്തോടെ അദ്ദേഹം വീണ്ടും മാര്‍‌പാപ്പായായി തിരിച്ചുവന്നു. 1044-സെപ്റ്റംബര്‍മാസം എതിരാളികള്‍ അദ്ദേഹത്തെ വീണ്ടും മാര്‍പാപ്പാ സ്ഥാനത്തുനിന്നും പുറത്താക്കി. പകരം സില്‍വെസ്റ്റെര്‍ മൂന്നാമനെ മാര്‍പാപ്പായായി തിരഞ്ഞെടുത്തു. 1045 ഏപ്രിലില്‍ പടയാളികളുമായി അധികാരം ഒരിക്കല്‍ക്കൂടി കരസ്ഥമാക്കി. 1045-ല്‍ ആത്മീയ തലതൊട്ടപ്പനായ ഗ്രിഗറിആറാമന്‍ മാര്‍പാപ്പക്ക് തന്റെ പേപ്പല്‍പദവി പണംമേടിച്ചു വിറ്റു .

  ബനഡിക്റ്റ് ഒമ്പതാമനു മാര്‍പാപ്പാസ്ഥാനം മടക്കികിട്ടണമെന്നായി. റോമില്‍മടങ്ങിവന്ന് പട്ടണം വീണ്ടെടുത്ത് സ്വയം മാര്‍പാപ്പയായി. ഗ്രിഗറിആറാമന്‍ യഥാര്‍ഥ മാര്‍പാപ്പായായി സ്ഥാനം തുടര്‍ന്നുകൊണ്ടിരുന്നു. ആ സമയം സില്‍വെസ്റ്റര്‍മൂന്നാമനും മാര്‍പാപ്പയുടെ അവകാശവാദങ്ങളുമായി രംഗത്തെത്തി. ജര്‍മ്മന്‍രാജാവായ ഹെന്റി മൂന്നാമന്‍ (1039_1056) 1046-ല്‍ ബനഡിക്റ്റ്ഒമ്പതാമനെയും സില്‍വേസ്റ്റര്‍ മൂന്നാമനേയും മാര്‍പാപ്പാസ്ഥാനങ്ങളില്‍നിന്നും പുറത്താക്കി. ഗ്രിഗറിആറാമന്‍ മാര്‍പാപ്പായെ രാജിവെപ്പിച്ചു. ജര്‍മ്മന്‍ബിഷപ്പായ ക്ലമെന്റ്രണ്ടാമന്‍ അതിനുശേഷം മാര്‍പാപ്പായായി. അങ്ങനെ ഒരേസമയം മൂന്നു മാര്‍പാപ്പാമാരുടെ അധികാരവടംവലിയുടെ ചരിത്രത്തിനു തീര്‍പ്പുകല്‍പ്പിച്ചു അവസാനം കണ്ടെത്തി.

  ReplyDelete
 3. പുരുഷ വേഷം കെട്ടിയ ഒരു സ്ത്രീ കറച്ചുനാൾ ആളുകളെ പറ്റിച്ച് മാർപ്പാപ്പ സ്ഥാനത്ത് ഇരുന്നതായി എവിടെയോ വായിച്ചിരുന്നു..എന്താണ്‌ ചരിത്ര സത്യം?

  ReplyDelete
  Replies
  1. ജോഹാന്‍ എന്ന സ്ത്രീ മധ്യകാലയുഗത്തില്‍ മാര്‍പാപ്പായായിരുന്നുവെന്ന് ഒരു കെട്ടുകഥയുണ്ട്.ചരിത്രപരമായ തെളിവുകള്‍ക്ക് ശ്രീ പുലിക്കുന്നന്‍ പ്രാധാന്യം കല്പ്പിച്ചതുകൊണ്ടായിരിക്കാം മദ്ധ്യകാലത്തിലുള്ള സ്ത്രീമാര്‍പാപ്പയെ സംബന്ധിച്ച് അദ്ദേഹം ഒന്നുംതന്നെ എഴുതിയിട്ടില്ല. ഒരു സ്ത്രീ മാര്‍പാപ്പായുണ്ടായിരുന്ന കഥ സഭ നിഷേധിച്ചിട്ടുണ്ട്. സ്ത്രീമാര്‍പാപ്പയുടെ കഥ മാര്‍ത്തോമ്മാ കേരളത്തില്‍ വന്നുവെന്ന് വിശ്വസിക്കുന്ന കെട്ടുകഥ പോലെയാണ്.

   എങ്കിലും മദ്ധ്യകാലത്തെ സംബന്ധിച്ചുള്ള നോവലുകളില്‍ ഇങ്ങനെ ഒരു സ്ത്രീമാര്‍പാപ്പ കഥാപാത്രമായി ഉണ്ട്. യൂറോപ്പിലെ അനേകര്‍ ഗഹനമായി ഗവേഷണം നടത്തിയിട്ടും നാളിതുവരെ വ്യക്തമായി തെളിവുകള്‍ ശേഖരിക്കുവാന്‍ സാധിച്ചിട്ടില്ല. ചരിത്രത്തെ കണക്കാക്കാതെ സഭയെ അന്ധമായി താറടിക്കണമെന്ന്(bash)ആഗ്രഹിക്കുന്നവര്‍ക്കു സ്ത്രീമാര്‍പ്പാപ്പ ഒരു ഉപകരണമാണ്.

   സ്ത്രീകള്‍ക്ക് സഭയില്‍ സുപ്രധാനമായ സ്ഥാനങ്ങള്‍ കൊടുക്കണമെന്ന വാദത്തില്‍ ഈ വിഷയം വരാറുണ്ട്. ജോണ്‍ ആംഗ്ലിക്കസ് എന്ന സ്ത്രീ ആണിന്റെ വേഷംകെട്ടി എട്ടാംനൂറ്റാണ്ടില്‍ മാര്‍പാപ്പായായിരുന്നുവെന്നും അവര്‍ ഒരു കുഞ്ഞിനെ പ്രസവിച്ചുവെന്നും കഥ പോവുന്നു. സ്ത്രീയായിരുന്നുവെന്നറിഞ്ഞ് മാര്‍പാപ്പയെ ഉടനടി വധിച്ചുവെന്നാണ് വിസ്മയകരമായ ഈ കഥയുടെ ചുരുക്കം.

   സത്യം കണ്ണുതുറപ്പിക്കുമെങ്കിലും കെട്ടുകഥകള്‍ കണ്ണുതുറപ്പിക്കുകയില്ല. എട്ടാംനൂറ്റാണ്ടിലെ കിരാതയുഗമോ മാര്‍പാപ്പാമാരുടെ ജീവിതരീതിയോ കണക്കിലെടുത്ത് ഇന്നത്തെ സഭയെ കുറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. എരിതീയിലും പരീക്ഷണങ്ങളിലുംക്കൂടി പരിണാമക്രിയകള്‍ കഴിഞ്ഞ സഭയാണ് ഇന്നുള്ളത്. മറ്റുള്ളവരുടെ പാഴായജീവിതം മാതൃകയാക്കാതെ സ്വയം നമ്മെയറിഞ്ഞു നാം തന്നെ ചരിത്രമാകുന്നതാണ് ഉത്തമം.

   ജോഹാന്‍ എന്ന മാര്‍പാപ്പാസ്ത്രീ ജര്‍മ്മനിയില്‍ (Mainz, Germany) വളര്‍ന്നു. ലാറ്റിനും ഗ്രീക്കും ഒരു ഇംഗ്ലീഷ് സെമിനാരിയില്‍ പഠിച്ച് വിദ്യാഭ്യാസം നടത്തിയെന്നും കഥപറയുന്നു.അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസം അനുവദിച്ചിരുന്നില്ല. പൊതുനിരത്തില്‍ നടന്നാല്‍ വേശ്യയായി ചിത്രീകരിച്ചു കല്ലെറിയുന്ന കാലവും. ആണ്‍കുട്ടിയായി വേഷംകെട്ടി സെമിനാരിയില്‍ പഠിച്ചുവെന്നു പറയുന്നു. ഒരു പുരൊഹിതനുമായി ഇവര്‍ അക്കാലത്ത് സ്നേഹബന്ധത്തില്‍ ആയി. പ്രേമിക്കുന്ന ഈ മാര്‍പാപ്പായെപ്പറ്റി നോവലുകളും ഉണ്ട്.

   മനോഹരമായ കയ്യെഴുത്തുകലയില്‍ മിടുക്കിയായിരുന്നതുകൊണ്ട് റോമില്‍വന്ന് പേപ്പല്‍നോട്ടറിയായി ജോലിചെയ്തു. പിന്നീട് കര്‍ദ്ദിനാളായി. ഏ ഡി. 885-ല്‍ ജോണ്‍എട്ടാമന്‍ എന്ന പേരില്‍ മാര്‍പാപ്പായായി. ഏതാനും ആഴ്ചകളോ അല്ലെങ്കില്‍ ഒന്നോരണ്ടോ വര്‍ഷങ്ങളോ മാര്‍പാപ്പായായി പത്രോസിന്റെ സിംഹാസനത്തില്‍ ഉണ്ടായിരുന്നുവെന്നു അവ്യക്തമായി കഥകള്‍പറയുന്നു. ലിയോനാലാമനും ബെനഡിക്റ്റ് മൂന്നാമനും മാര്‍പാപ്പാമാരുടെ ഇടക്കാലസമയങ്ങളില്‍ ഇവര്‍ മാര്‍പാപ്പയെന്നു കരുതുന്നു.

   കഥയനുസരിച്ച് ഒരു പേപ്പല്‍ എഴുന്നള്ളിപ്പില്‍ ഇവര്‍ ഗര്‍ഭിണിയെന്നു ജനം തിരിച്ചറിഞ്ഞു. വഴിയില്‍വെച്ച് കുഞ്ഞുണ്ടാകുവാനുള്ള പ്രസവവേദന തുടങ്ങി. ഉടന്‍തന്നെ ജനം കുപിതരായി, കുതിരയെകൊണ്ട് വലിപ്പിച്ചു കല്ലെറിഞ്ഞു കൊന്നുവെന്നാണ് കഥ പോവുന്നത്. സ്ത്രീ മാര്‍പാപ്പ സഞ്ചരിച്ച ആ റോഡില്‍ക്കൂടി മാര്‍പാപ്പാമാര്‍ അതിനുശേഷം യാത്ര ചെയ്യുകയില്ലെന്നും പറയുന്നു.

   ഡോണാ വൂള്‌ഫോക് ( Author Donna Woolfolk C) എന്ന എഴുത്തുകാരി ഈ വിഷയം സംബന്ധിച്ച് ഏഴുവര്‍ഷം ഗവേഷണം നടത്തി. അവര്‍ 1996-ല്‍ പോപ്പ് ജോഹാന്‍ എന്ന ചരിത്ര നോവല്‍ എഴുതിയിട്ടുണ്ട്. ഇങ്ങനെ ഒരു മാര്‍പാപ്പ ജീവിച്ചിരുന്നുവെന്ന് ഈ എഴുത്തുകാരി വിശ്വസിക്കുന്നു. സ്ത്രീമാര്‍പാപ്പയെ സംബന്ധിച്ച് 500 സംഭവതെളിവുകള്‍ അവര്‍ കണ്ടെത്തിയെന്നും അവകാശപ്പെടുന്നു. ജിയോവാന്നി ബൊക്കാച്ചിയോ (by poet Giovanni Boccaccio ) യുടെ കവിതകളിലും അനേക കലാമൂല്യങ്ങളിലും സെന്റ്‌. പീറ്റര്‍ ബസലീക്കായിലെ ചിത്രങ്ങളിലും സ്ത്രീമാര്‍പാപ്പ തെളിവുകളായി ഉണ്ടെന്നും അവകാശപ്പെടുന്നു.

   സ്ത്രീ മാര്‍പാപ്പാ സഭയെ ഭരിച്ചിരുന്ന കാലങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍തന്നെ സഭ എന്തിനു മറച്ചുവെക്കുന്നു? ഒരു സ്ത്രീ മാര്‍പാപ്പയായതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. മേരി മഗ്ദാലനായെയും ചിലര്‍ ആദ്യത്തെ മാര്‍പാപ്പയായി കരുതുന്നില്ലേ.?

   Delete
 4. This comment has been removed by the author.

  ReplyDelete


 5. അല്മായശബ്ദം: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI
  almayasabdam.blogspot.com
  “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:32) (കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം ഒരുക്കുന്ന ചര്ച്ചാവേദി)

  മുകളില്‍ കൊടുത്തിരിക്കുന്ന അല്മയസബ്ദം.ബ്ലോഗ്സ്പോട്ട്.കോം വായിച്ചപ്പോള്‍ കഴിഞ്ഞകാല കത്തോലിക്കാസഭയില്‍,( കര്‍ത്താവിനെ നാറ്റാന്‌))).............),) പത്രോച്ഛന്റെസിംഹാസനത്തില്‍)) വലിയ തൊപ്പിയും ളൊഹമെല്‌ ളോഹയും ധരിച്ചിരിക്കുന്ന പൊപ്പപ്പച്ചന്മാരുടെ കഴിഞ്ഞകാല ലീലാവിലാസങ്ങള്‍ അറിവിലായപ്പോള്‍ എന്റെ മനസിന്‌ അറിയാത്തൊരു ചമ്മല്‍ ... വല്ല്യപ്പച്ച്ചാ സോറി ...എന്ന എന്റെ ഈരടികള്‍ അറിയാതെ പാടിപ്പോയി ..
  ".സവര്‌ണ്ണരെ ഭയന്നന്നു സനാതനമതം വിട്ടീ ശ്രേയസ് എന്തെന്നറിയാത്ത സഭയിലെത്താന്‍ , ഭാരതത്തിന്‍ ഉപനിഷത് ഉപേക്ഷിച്ചെന്‍ വലിയപ്പച്ച്ചന്‍ .... തലമുറകാത്മജ്ഞാന ദാഹമില്ലാതായ് ..."
  മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‌ മുത്തച്ഛന്റെ മടികാരണമാമനം മതം വെറുത്തു , പിടിച്ചിട്ടഴിക്കും ജമ്പര്‍ ...അത് ഭയന്നെന്‍ മുത്തശ്ശി മതംമാറി പാതിരിതന്‍ വഴിക്ക് വന്നു "
  ( അപ്രിയ യാഗങ്ങള്‍ ...കവിതാസമാഹാരം ) സംശയമുള്ളവര്‌ മുകളില്‍ കൊടുത്ത almaayasabdam .blogspot .com വായിക്കു .. . “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും....

  ReplyDelete