Translate

Sunday, March 3, 2013

ഞായറാഴ്‌ചക്കുറിപ്പുകള്‍

1. കുറച്ചുനാള്‍ മുമ്പൊരു ഞായറാഴ്‌ചെ ഞാന്‍ പള്ളിയില്‍ പോയി. പുതിയതായി വികാരിസ്ഥാനമേറ്റുവന്ന അച്ചന്‍ പറഞ്ഞു, ഈ പള്ളിക്കു താനൊരു കുഴപ്പം കാണുന്നെന്ന്‌. ഒരു കൊടിമരമില്ല. വെറും മൂന്നു ലക്ഷമുണ്ടെങ്കില്‍ ശരിയാക്കാമെന്ന്‌. താന്‍ വീടു സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ അതിനുള്ളതു തരണമെന്നും തരാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും. 
ഇതു കേട്ടതില്‍പ്പിന്നെ ഞായറാഴ്‌ചത്തെ പള്ളീല്‍പോക്കും ഞാന്‍ പണ്ടേപ്പോലെ വേണ്ടെന്നുവച്ചു. 
2. ഇന്നൊരു ഞായറാഴ്‌ച. ഭാര്യയെ പള്ളീലെത്തിക്കലാണെന്റെ പള്ളിക്കടമ. ഓരോ തവണയും നേര്‍ച്ചയിടാന്‍ ഒരു അഞ്ചുരൂപാ നോട്ടും സംഘടിപ്പിച്ചുകൊടുക്കണം. ചില്ലറയിട്ടാല്‍ കപ്യാര്‍ക്കെന്തു തോന്നുമെന്ന്‌. ഇന്നവള്‍ പറയുന്നു പത്തിന്റെ നോട്ടുവേണമെന്ന്‌. ഇന്നു താന്‍തന്നെ പിരിക്കാന്‍ വരുമെന്ന്‌ അച്ചന്‍ കഴിഞ്ഞ തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന്‌. 
നിന്റെ വലതുകൈ ചെയ്യുന്നതെന്തെന്ന്‌ ഇടതുകൈ അറിയരുതെന്നല്ലേ കര്‍ത്താവു പറഞ്ഞുള്ളു, അതു കത്തനാരറിയരുതെന്നു പറഞ്ഞട്ടില്ലല്ലോ, അല്ലേ? 

4 comments:

 1. പള്ളികള്‍ക്ക് എന്തിനാണ് കൊടിമരം എന്നത് ഇതുവരെ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ്. ക്രിസ്തുസഭക്ക് പൊതുവായ ഒരു കൊടിയോ പതാകയോ ഉള്ളതായി കേട്ടിട്ടില്ല. കാശല്‍പം കുറവുള്ള പള്ളികള്‍ കാശുക്കാരുടെ പള്ളികള്‍ പറിച്ചുകളയുന്ന പഴയ കൊടിമരങ്ങള്‍ കൊണ്ടുപോയി നാട്ടുന്നത് കണ്ടിട്ടുണ്ട്. (ഭരങ്ങാനംപള്ളി പറിച്ചത് അടിവാരം പള്ളി കൊണ്ടുപോയി നാട്ടിയിട്ടുണ്ട്‌.) വലതു കൈയില്‍ ഒരു ചതുരക്കുരിശും ഇടതു കൈയില്‍ അലങ്കാരപ്പണികള്‍ നിറഞ്ഞ സ്വര്‍ണവടിക്കുരിശും, ഇവയെക്കൂടാതെ ഇട്ടിരിക്കുന്ന വസ്ത്രങ്ങളിലും തലപ്പാവിലും എണ്ണമറ്റ വേറെ ചിത്രക്കുരിശുകളും പേറിയാണ് മലങ്കര മത്രാന്മാര്‍ ഫോട്ടോയ്ക്ക് നില്‍ക്കുന്നത്. അര്‍ത്ഥമില്ലാത്ത ഇത്തരം ആചാരങ്ങള്‍ പോലെയേ ഉള്ളോ ഓരോ പള്ളിക്കും മുന്നില്‍ ഒരു കൊടിമരം?

  സേവ്യര്‍ വില്യം എഴുതിയ (സെഡ് ലൈബ്രറി, തിരുവനതപുരം, 2011) "പരിപാവനമായ അസംബന്ധങ്ങള്‍" എന്നൊരു പുസ്തകത്തില്‍ 'ആവര്‍ത്തനമാണ് ഏറ്റം ശക്തമായ യുക്തി' എന്ന് ഗെബ്ബെല്‌സ് പറഞ്ഞിരുന്നത് ഉദ്ധരിക്കുന്നുണ്ട്. Goebbels ഹിറ്റ്ലറിന്റെ മന്ത്രിയായിരുന്നു. അയാളാണ് യഹൂദരെ നശിപ്പിക്കുന്നത് രാജ്യത്തിന്‌ നല്ലതാണെന്ന് ക്രിസ്ത്യാനികളെക്കൊണ്ട് പോലും വിശ്വസിപ്പിച്ചത്. വെറും ആവര്‍ത്തനമായിരുന്നു അതിനുപയോഗിച്ച വാദം. കത്തോലിക്കരുള്‍പ്പെടെ എല്ലാ മതത്തിലേയും വിശ്വാസങ്ങളില്‍ 99 ശതമാനവും ഇത്തരം ആവര്‍ത്തനങ്ങളുടെ നീക്കിയിരുപ്പാണെന്ന് സേവ്യര്‍ വില്യം നിറയെ ഉദാഹരങ്ങള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്. വായിക്കേണ്ട ഒരു കൃതി. KCRM വിതരണം ചെയ്യുന്ന പുസ്തകങ്ങളില്‍ ഒന്നാണിത്. "സത്യജ്ജ്വാല" മാസിക കാണുക.

  ReplyDelete
 2. ഒരു പാസ്സ് ബുക്ക് വീട്ടിൽ തന്നിട്ടുണ്ട്. പാരീഷ് ഹാൾ പണിയാനാണെത്രേ.. പ്രതീക്ഷിക്കുന്ന ചെലവ് 5 കോടി.ഇപ്പോഴുള്ള ഹാളിന്‌ ഒരു ലുക്ക് ഇല്ല പോൽ.. ഓരോ വീട്ടിൽ നിന്നും ഒരുലക്ഷം വച്ച് പിരിക്കാനാണ്‌ പരിപാടി. കൊടുക്കുന്ന തുക അപ്പപ്പോൾ (മറന്നുപോകാതെ) കുറിച്ചിടാനാണ്‌ പാസ്സ് ബുക്ക് !

  ReplyDelete
 3. താറാവിന്‍ കൂട്ടം നടന്നു പോകുമ്പോള്‍"" മാക്‌ മാക്‌ എന്നശബ്ദം ഉണ്ടാക്കിയെ നടക്കാറുള്ളു ..മാക്‌ മാക്‌ ഈ ശബ്ദം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് നടത്തം നല്ലതാകുന്നത് എന്ന് ഓരോ പാവം താറാവും കരുതുന്നുതാനും . എന്നാല്‍ ഒരു ചിന്തയുള്ള താറാവ് മറിച്ചുചിന്തിച്ചാല്‍ , മാക്‌ മാക്‌ അലക്കാതെ നടന്നു നോക്കിയാല്‍, അലപ്പും നില്‍ക്കും നടപ്പും ശരിയാകും ...ചിന്തിക്കാതെ അനുകരിക്കുന്ന താറാവിന്‍ കൂട്ടങ്ങളാണ് പള്ളിയായ പള്ളിയാകെ നിറഞ്ഞു നില്‍ക്കുന്നത് ...കൊടിമരം ,കുരിശ്ശടികല്‌ .പള്ളികള്‍ ,പള്ളിമേടകള്‍,അരമനകള്‍ ,അരമനയിലെ കത്ത്തനാര് മൂത്തവന് കോടികളുടെ കാറുകള്‍ ..ളോഹമെലെ ളോഹകള്‌, അതിന്‍ മുകളില്‍ ളോഹകള്‌........ ...താറാവിന്‍ കൂട്ടങ്ങള്‍ പള്ളിയില്‍ ചെന്നപൊള്‌ ആട്ടിന്‍കൂട്ടങ്ങള്‍എന്ന പേരിലായി .. ..ആരിവരെ രക്ഷിക്കും ? മശിഹായെ കുരിശിച്ച പാതിരിമാരുടെ കശ്ട്ടടിയില്‌ അകപ്പെട്ട പാവം ജന്മങ്ങള്‍ ...മനനമുള്ള മനുഷ്യര്‍ സഹതപിക്കട്ടെ ....യേശു കണ്ണുനീര്‍ വാര്‌ക്കട്ടെ .....

  ReplyDelete