Translate

Saturday, March 16, 2013

ഇരുള്‍ മൂടിയ വഴികള്‍ !

റോം  ശാന്തമായി, പക്ഷെ സിറോ മലബാര്‍ പുകയുകയാണെന്നാണ് വാര്‍ത്തകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഒന്നാമന്‍, പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിനയവും, എളിമയും ഉള്ള ഒരാളെ തിരഞ്ഞെടുക്കുവാന്‍ സാധിച്ചുവെന്നാണ് മലയാളികളായ നമ്മുടെ കര്‍ദ്ദിനാളന്മാര്‍ പ്രതികരിച്ചത്. കേട്ടിടത്തോളം സത്യമാണെങ്കില്‍ സ്വയം പാകംചെയ്യുകയും, സ്വയം വാഹനമോടിക്കുകയും, ലളിതമായ ക്രമീകരണങ്ങള്‍ മാത്രമുള്ള ഒരു കൊച്ചു വീട്ടില്‍ താമസിക്കുകയും,  അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം, അതും എക്കണോമി ക്ലാസ്സില്‍ അനുചരന്മാര്‍ ഇല്ലാതെ, വിമാനം ഉപയോഗിക്കുകയും ചെയ്തു പോന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിറോ മലബാറിന് കൊടുത്ത സന്ദേശം താക്കീതല്ലെങ്കില്‍ മറ്റെന്താണ്? ഇതിലേതെങ്കിലും ഒരു കാര്യം ചെയ്യുന്ന ഒരൊറ്റ മെത്രാനും  കേരളത്തിലില്ലെന്ന് ഓര്‍ക്കണം. ഇവിടുന്നാരും പാപ്പാഭിഷേകത്തിന് ഒരുങ്ങികെട്ടി റോമിന് ചെല്ലണ്ടായെന്നു കൂടി അദ്ദേഹം പറഞ്ഞത് കേരളാ മെത്രാന്മാര്‍ ഞെട്ടലോടെയാണ് കേട്ടത്. ആര്‍ഭാട ചിലവുകള്‍ അപ്പാടെ ഒഴിവാക്കി പണം മുഴുവന്‍ പാവങ്ങള്‍ക്ക് വേണ്ടി ചിലവാക്കണം എന്ന് പുതിയ മാര്‍പ്പാപ്പാ പറഞ്ഞപ്പോള്‍ നമുക്കെങ്ങിനെ ഞെട്ടാതിരിക്കാനാവും? ദശാംശം പിരിച്ചെടുക്കുന്നതിന്‍റെ നല്ലയൊരംശം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ ഒരൊറ്റ കേരളാരൂപതക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. ദുര്ബ്ബലരെയും ആശരണരെയും കൊള്ളയടിക്കരുതെന്നു നാളെ മാര്‍പ്പാപ്പ പറയുമ്പോഴും ഞെട്ടാന്‍ ഇവിടെ ഒരു മെത്രാന്‍ കാണും. അല്‍മായരുടെ പരാതികള്‍ ക്ഷമയോടെ കേള്‍ക്കുകയും ന്യായം നടത്തിക്കൊടുക്കുകയും ചെയ്യണമെന്നു മാര്‍പ്പാപ്പ ആവശ്യപ്പെട്ടാലും ആദ്യം ഞെട്ടുന്നത് ഇവിടുത്തെ മെത്രാന്മാര്‍ തന്നെയായിരിക്കും. അല്‍മായരുടെ പരാതികള്‍ ഞാന്‍ കേള്‍ക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞതായി കേള്‍ക്കുന്നു. ലത്തിന്‍കാര്‍ ഞങ്ങളെ പീഢിപ്പിക്കുന്നെന്നു ബെനഡിക്റ്റ് മാര്‍പ്പാപ്പാക്കു പരാതി കൊടുത്തവര്‍ ‘വാളെടുക്കുന്നവന്‍ വാളാലെയെന്ന’ വചനം ഓര്‍ത്തു കാണില്ല.

വി. ഫ്രാന്‍സിസ് അസ്സീസിയുടെ ജീവചരിത്രമാണ് സിറോ മലബാര്‍ കേരളാമെത്രാന്മാരെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. എന്‍റെ പള്ളി പൊളിച്ചു പണിയണമെന്ന് യേശു വിശുദ്ധനോട് പറഞ്ഞുവെന്നാണ് ചരിത്രം. കെട്ടിടം പൊളിച്ചു പണിയാനാണ് കര്‍ത്താവ് പറഞ്ഞതെന്ന് നാം വ്യാഖ്യാനിച്ചെങ്കിലും ദൈവശാസ്ത്രവും ചരിത്രവും പൊളിച്ചടുക്കി പഠിച്ച ഈശോ സഭക്കാര്‍ മനസ്സിലാക്കിയിരിക്കുന്നത് കൃത്യമായും അതല്ല. വി. ഫ്രാന്‍സിസിന്‍റെ അനേകം ശിക്ഷ്യന്മാരില്‍ ചുരുക്കം ചിലരെ സഭക്ക് അഭിമതരായിരുന്നുള്ളൂവെന്നതും ചരിത്രം. കാക്കനാട്ട് ഒന്നാന്തരം POC കെട്ടിടം ആസ്ഥാനമായുള്ളപ്പോള്‍ റോമില്‍ രണ്ടാമതൊരു ആസ്ഥാനം, സന്മനസ്സോടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുവദിക്കാന്‍ ഇടയില്ലായെന്നതും സീറോ മലബാര്‍ അധികാരികളെ അസ്വസ്ഥരാക്കുന്നു.

തികഞ്ഞ യാതാസ്ഥികനാണെങ്കിലും രണ്ടാം വത്തിക്കാന്‍ സുനഹദോസ് നിര്‍ദ്ദേശിച്ച അല്‍മായ പ്രാതിനിധ്യത്തെപ്പറ്റി നല്ല ഒരു കാഴ്ചപ്പാട് പുതിയ മാര്‍പ്പാപ്പാക്കു ഉണ്ടെന്നു കേള്‍ക്കുന്നു. പാവങ്ങളുടെ മെത്രാന്‍ ആയിരുന്നു ആലഞ്ചേരിയെന്നെ മാധ്യമങ്ങള്‍ നമ്മുടെ കര്‍ദ്ദിനാളിനെപ്പറ്റി  ഇപ്പോ പറയുന്നുള്ളൂ. ഇറ്റാലിയന്‍ മരീനുകള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞാല്‍ വരുന്ന ഭവിഷ്യത്തുകളെപ്പറ്റി നമ്മുടെ മേജര്‍ ആര്‍ച് ബിഷപ്പിന് നല്ല ബോധ്യമുണ്ട്. ഭയമില്ലാത്തത് ഇവിടുത്തെ മണ്ടന്മാരായ വിശ്വാസികളെയാണ്. മണ്ടന്മാര്‍ ഇവിടല്ല ലണ്ടനിലാണെന്നു അദ്ദേഹം തിരിച്ചറിയുന്ന ദിനം അതി വിദൂരമല്ല.

No comments:

Post a Comment