Translate

Friday, March 29, 2013

Good Friday എങ്ങിനെ ദുഃഖവെള്ളിയായി


കെ എം ജെ പയസ്, കയ്യാണി  
Good Friday എങ്ങിനെ ദുഃഖവെള്ളിയായി എന്ന ചര്‍ച്ച പുതിയതല്ല. അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ മലയാളിക്ക്‌ Good Friday ദുഃഖവെള്ളിതന്നെയാണ്‌.

പേരിന്റെ ഉദ്‌ഭവത്തിലേയ്‌ക്ക്‌ കടക്കും മുമ്പേ ആധുനിക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അന്തിയുറങ്ങുകയും ഉണരുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ അറിവിലേക്ക്‌ ദുഃഖവെള്ളിയുടെ അത്ര പഴക്കമില്ലാത്ത ഒരു ചിത്രം വ്യക്തമാക്കാം.

തലേന്ന്‌ പെസഹാ വ്യാഴം. നിരവധി വീടുകളിലായി രാത്രി ഏറെ വൈകുവോളം അപ്പം മുറിക്കലും പാന വായനയും നടത്തി താമസിച്ച്‌ കിടന്നുറങ്ങുന്ന വിശ്വാസി വെള്ളിയാഴ്‌ച രാവിലെ പള്ളിയില്‍ പോകുകയും ഉപവാസമാചരിക്കുകയും ചെയ്‌തിരുന്നു. വേഗത്തില്‍ നടക്കാനോ, ചാടാനോ , ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ , കളിക്കാനോ കുട്ടികളെപ്പോലും അനുവദിച്ചിരുന്നില്ല. അത്ര തീവ്രമായിരുന്നു അക്കാലത്ത്‌ ദുഃഖാചരണം.

ഇന്നത്തെ സ്ഥിതി അറിയാമല്ലോ......................

തിരുവെഴുത്തുകള്‍ കിറുകൃത്യമായി പൂര്‍ത്തീകരിക്കപ്പെട്ടതിന്‌ നാം സന്തോഷിക്കുകയല്ലേ വേണ്ടത്‌ ? 
പണ്ട്‌ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്‌.
പക്ഷേ ഇപ്പോള്‍ ഞാനറിയുന്നു ദുഃഖം മലയാളിക്കു മാത്രമാണെന്ന്‌.

നമുക്ക്‌ ആരെങ്കിലും നന്നാവുന്നത്‌ കണ്ടു കൂടല്ലോ.
ഇത്‌ വെറും ബഡായിയല്ല.

തമിഴന്‌ ഇത്‌ "പുനിത വെള്ളി". അതായത്‌ പുണ്യവെള്ളി.
കന്നഡക്കാരന്‌ "ശുഭ്‌ ശുക്രവാര്‍" . എന്നുവെച്ചാല്‍ നല്ല വെള്ളി.
തെലുങ്കനോ "തെഡ ശുക്രവാരം". തെഡ എന്നാല്‍ വലുത്‌ എന്നര്‍ത്ഥം.
ഹിന്ദിക്കാര്‍ക്കാകട്ടെ "പവിത്ര ശുക്രവാര്‍". 

ഒരു പേരിലെന്തിരിക്കുന്നു എന്ന്‌ ചോദിച്ച്‌ നമുക്കവസാനിപ്പിക്കാം.
കോങ്കണ്ണിക്ക്‌ കമലാക്ഷിയെന്നും കോന്ത്രപ്പല്ലന്‌ മനോഹരന്‍ എന്നും മഹാപാപിക്ക്‌ പയസ്‌ എന്നും ഒക്കെ നാം പേരിടാറുണ്ടല്ലോ............
http://motivatione-books.blogspot.in/2013/03/good-friday.html

3 comments:

 1. വിവിധ ഇന്ത്യൻഭാഷകളിൽ ദുഃഖവെള്ളിയാഴ്ച എങ്ങനെ അറിയപ്പെടുന്നുവെന്ന് ശ്രീ പയസിന്റെ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും ഗുഡ്ഫ്രൈഡേ അല്ലെങ്കിൽ ദുഃഖവെള്ളിയാഴ്ചയുടെ ആരംഭം എങ്ങനെയെന്നറിയുവാനും ജ്ഞിജ്ഞാസയുണ്ടാകും.

  ദുഃഖവെള്ളിയാഴ്ച മലയാളത്തിൽ എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. കർത്താവ് മരിച്ചദിവസം ഗുഡ്ഫ്രൈഡേയുടെ സംശയങ്ങളുമായി കുഞ്ഞുകുട്ടികൾമുതൽ മുതിർന്നവർവരെ ചോദ്യങ്ങൾ ചോദിക്കാറുണ്ട്.

  നമ്മുടെ രക്ഷകന്റെ മരണം എങ്ങനെ നല്ലതാക്കും? ഈ ചോദ്യം ചോദിക്കാതെയിരിക്കുവാൻ മിഷ്യനറിമാരായിരിക്കാം മലയാളത്തിൽ ദുഃഖവെള്ളിയാഴ്ച്ചയെന്നു പേരിട്ടത്.

  രക്ഷകൻ നഷ്ടപ്പെട്ട ദിനമായതുകൊണ്ട് ദുഃഖവെള്ളിയാഴ്ച തന്നെയല്ലേ അനുയോജ്യമെന്ന് തോന്നിപ്പോവും.എന്നാൽ അമേരിക്കയിൽ വേദപാഠം പഠിപ്പിക്കുന്നത്‌ വ്യത്യസ്ഥമായിട്ടാണ്. ഗുഡ്ഫ്രൈഡേ അഥവാ നല്ലവെള്ളിയാഴ്ച നല്ലതായത്‌ ക്രിസ്തുവിന്റെ മരണംമൂലം പ്രവചനസത്യം ഫലവത്തായതുകൊണ്ടാണ്. മനുഷ്യജാതിയുടെ രക്ഷക്കായി അനുഗ്രഹങ്ങൾ വർഷിച്ചു, പാപപൊറുതി നടത്തി അവൻ കടന്നുപോയത് മനുഷ്യന്റെ നല്ലതിനും നന്മക്കുമായിരുന്നു.

  ഓർത്തോഡോക്സ് മതക്കാരുടെയിടയിൽ ദുഃഖവെള്ളിയാഴ്ചയെ വിശുദ്ധദിനമായി ആചരിക്കുന്നു. റോമൻഭാഷയിലും പരിശുദ്ധവെള്ളിയാഴ്ച തന്നെ.

  ഇംഗ്ലീഷിൽ ഗുഡ്ഫ്രൈഡേപദം ഗോഡ്സ്ഫ്രൈഡേ (God's friday)ലോപിച്ച് കടന്നു വന്നതെന്ന് പറയുന്നു. വിജ്ഞാനകോശങ്ങളിൽ ജർമ്മൻഭാഷയിൽനിന്നും തർജിമയിൽവന്ന വൈകല്യമാണ് ഇംഗ്ലീഷിൽ ഗുഡ്ഫ്രൈഡേയെന്നു കാണുന്നു. ഗുഡ്ഫ്രൈഡേ എന്ന ജർമ്മൻവാക്ക് Gute Freitag എന്നും നിഘണ്ടുവിലുണ്ട്. ഈ അനുമാനം ശരിയോ തെറ്റൊയെന്ന് വ്യക്തമല്ല. കാരണം ജർമ്മൻകാർ പീഡാനുഭവദിനം എന്ന അർഥത്തിൽ Karfreitag എന്നാണ് ദുഖവെള്ളിയാഴ്ചയെ വിളിക്കുന്നത്.

  അങ്ങനെ ദുഃഖവെള്ളിയാഴ്ചയെ സംബന്ധിച്ചുള്ള ചരിത്രപരമായ വിവരങ്ങൾ അവ്യക്തമാണ്. എങ്കിലും ദൈവശാസ്ത്രത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവംമൂലം ഉയർപ്പുണ്ടായി. അങ്ങനെ വിശ്വാസികളുടെ ഇടയിൽ പുതുജീവൻ പ്രദാനംചെയ്ത ദിനമായതുകൊണ്ട് 'നല്ല' അല്ലെങ്കിൽ 'ഗുഡ്' എന്ന ദുഃഖവെള്ളിയാഴ്ച ഭാഷകളിൽ വ്യത്യസ്ഥങ്ങളായി കടന്നുകൂടിയെന്നു വിശ്വസിക്കാം.

  ReplyDelete
 2. കേരളത്തിലെ ഓര്‍ത്തഡോക്‍സ്‌ യാക്കോബ ക്രിസ്ത്യാനികളുടെ നമസ്കാര പുസ്തകത്തില്‍ വലിയ വെള്ളിയാഴ്ച എന്നാണ് എഴുതിയിരിക്കുന്നത്. പുതിയ ബുക്കുകള്‍ അച്ചടിച്ചപ്പോള്‍ തലക്കെട്ട്‌ ദുഃഖവെള്ളി എന്നായി.

  ReplyDelete
 3. ദുഖമോ , ഗൂഡോ ,വലിയതോ ആകട്ടെ , വെള്ളിയെന്നത് തന്നെ തെറ്റിപ്പോയില്ലേ? വെള്ളിയഴ്ച്ചയെന്നു ആര്‍ എപ്പോള്‍ എവിടെ പറഞ്ഞു? വെറുതെ നമ്മുടെ യേശുവിനെ കള്ളനാക്കുന്ന പരിപാടിയാ വെള്ളിയാഴ്ച മരിച്ചു എന്നത്.ഒരു വാദത്തിനു വേണ്ടി അങ്ങിനെ സമ്മദിച്ചാല്‍പോലും രണ്ടു അബദ്ധങ്ങള്‍ പറ്റും. യേശു തന്നെപ്പറ്റി പറഞ്ഞ സാക്ഷ്യവും പ്രവചനവും നടന്നില്ല എന്ന് പറയേണ്ടി വരും .
  "യോന തിമിങ്ങലത്തിന്റെ ഉള്ളില്‍ മൂന്ന് രാവും മൂന്ന് പകലും ഇരുന്നതുപോലെ ,മനുഷ്യപുത്രന്‍ ഭൂമിക്കുള്ളില്‍ മൂന്നുരാവും മൂന്നു പകലും ഇരിക്കേണ്ടാതാകുന്നു".
  ഞാന്‍ തന്‍റെ ശരീരമായ ആലയം മൂന്നു ദിവസംകൊണ്ട് പുനരുദ്ധരിക്കും".ഇതൊക്കെ ശരിയാകണമെങ്കില്‍ ബുധനാഴ്ചയായിരിക്കണം യേശു മരിച്ചത്. യേശു ഉയര്‍ത്ത സമയം കൃത്യമായി ആര്‍ക്കും അറിയില്ല ,എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല. ഞാറാഴ്ച നേരം വെളുക്കുന്നതിനു മുന്‍പേ കല്ലറ തുറക്കപ്പെട്ടതായി കാണുകയായിരുന്നു.അപ്പോള്‍ ശനിയാഴ്ച ഇരുട്ട് വീണപ്പോള്‍ മുതല്‍ എപ്പോള്‍ വേണമെങ്കിലും ആകാം.
  Wed-night,Thus-day,Thus-night,Fri-day,Fri- night,Sat- day ആയാല്‍ നമുക്ക് എല്ലാം ശരിയാക്കാം , പ്രവചനം പൂര്‍ത്തിയുമാകും.

  ReplyDelete