Translate

Tuesday, March 26, 2013

എല്ലാം നല്ലതിനാവട്ടെ!


  

 “സന്തോഷിക്കുക, ഒരിക്കലും ദു:ഖത്തിന്‍റെ പുത്രനോ പുത്രിയോ ആയിരിക്കരുത്; ഒരു നല്ല ക്രിസ്ത്യാനിക്ക് ഒരിക്കലും ദു:ഖിക്കാനാവില്ല. എപ്പോഴും ഉല്ലാസവാന്മാരായിരിക്കുക. നമ്മുടെ സന്തോഷം ഭൌതിക സമ്പാദ്യങ്ങളില്‍ നിന്നും വരുന്നതല്ല, പകരം നമ്മുടെ തന്നെ ഇടയിലുള്ള യേശുവെന്ന വ്യക്തിയുമായുള്ള നിരന്തരമായ ഇടപെടലുകളില്‍ നിന്നുളവാകുന്നതാണ്. നിങ്ങള്ക്ക് തരാനുള്ള എന്‍റെ ആദ്യത്തെ സന്ദേശം ഇതാണ്.” ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഓശാന ഞായറാഴ്ച വിശ്വാസികളോട് പറഞ്ഞ ലഘുപ്രസംഗത്തിന്റെ ആദ്യഭാഗമാണിത്. കര്‍ദ്ദിനാള്‍ ബെര്‍ഗളോരി മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്നാലെയായിരുന്നു. ഓരോ ചടങ്ങുകളിലും അദ്ദേഹം അനുവര്‍ത്തിക്കുന്ന ലാളിത്യത്തിന്‍റെ തനതു പെരുമാറ്റശൈലി വിശ്വാസികളെ ആകര്ഷിക്കുന്നത് അവര്‍ അടയാളപ്പെടുത്തിക്കൊണ്ടുമിരുന്നു. മറ്റു മതസ്ഥരുമായും വേറിട്ട ചിന്താ സരണികളുമായും സമന്വയത്തിലൂടെ വേണം ക്രിസ്ത്യാനികളുടെ മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞിട്ട് ഏതാനും ദിവസങ്ങള്‍ ആയിട്ടില്ല.

വത്തിക്കാനിലെ തുരുമ്പിച്ച പാരമ്പര്യത്തിന്‍റെ അരികു പറ്റിക്കഴിഞ്ഞിരുന്നവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കാന്‍ നിമിഷങ്ങള്‍ വേണ്ടിവന്നില്ല. എല്ലാവരും പ്രതിക്ഷയോടെ കാത്തിരുന്നു – ഫ്രാന്‍സിസ് മാര്‍പ്പാപ്പാ തിരിച്ചു വരുമെന്നുറപ്പിച്ചു. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ എല്ലാവര്ക്കും ഉറപ്പായി – ഇതദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അദ്ദേഹത്തിന്‍റെ ജീവിത ശൈലി ഇതാണ്. കാതോടു കാതുകള്‍ ചേര്‍ത്തു വെച്ചുള്ള ചര്‍ച്ചകള്‍ റോമിലും വത്തിക്കാനിലും മുറക്ക് നടന്നു. കര്‍ദ്ദിനാള്‍ ബെര്‍ഗളോരിയുടെ ജീവിത ശൈലി ഇത് തന്നെയായിരുന്നെന്നും ഒരു ‘ഷോ’ക്കുവേണ്ടിയുള്ള പരാക്രമങ്ങള്‍ അല്ലിതെന്നും   മനസ്സില്ലാ മനസ്സോടെ അവര്‍ അംഗികരിച്ചു. ഈ ശൈലി മാറ്റം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് സീറോ മലബാര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആലെഞ്ചേരിയെയാണെന്നാണ് ഞാനിപ്പോള്‍ സംശയിക്കുന്നത്. നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്ന സഭയെ അടിമുടി ശുദ്ധികരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നുവെന്നു തന്നെയാണ് സൂചനകള്‍. സ്ഥാനാരോഹണ ചടങ്ങിനു  റോമിലേക്ക്  പോവാന്‍ തയ്യാറെടുത്തിരുന്ന കേരളാ മെത്രാന്മാരുടെ ‘തിരു’സംഘത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. കേരളത്തില്‍ മടങ്ങിയെത്തി അദ്ദേഹം നടത്തിയ പ്രസംഗത്തില്‍, അഴിമതി നടത്തുന്നവരും, അനാശ്യാശ പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവരും ക്രിസ്ത്യാനികളല്ലായെന്നു പറഞ്ഞത് കേട്ട് കാക്കനാടും ലേശം വിറച്ചുവന്നതാണ് സത്യം.

കുറച്ചുനാളായി കേരളാസഭയില്‍ ഒരു മാറ്റം സ്പഷ്ടമായിരുന്നു. മഠങ്ങളില്‍ അസ്വാഭാവിക മരണങ്ങള്‍ കുറഞ്ഞു, കമ്പ്യുട്ടര്‍ ഫോം പൂരിപ്പിച്ചില്ലെങ്കിലും ശവക്കൊട്ടകള്‍ തുറക്കുമെന്നായി, ചെന്നാക്കുന്ന്, ആനിക്കാട് മോഡല്‍ മംഗലവാര്‍ത്തകള്‍ കുറഞ്ഞു, മയക്കുവെടികള്‍ നിലച്ചു, സ്കൂള്‍, പള്ളി പിടിച്ചെടുക്കലുകള്‍ കേള്‍ക്കാനില്ല, പ്രസ്താവന വീരന്മാര്‍ ഒതുങ്ങി, സ്ഥിരം പര്യടനക്കാര്‍ റൂട്ട് മാറി ... അങ്ങിനെ പലതും. ഇതിനു കാരണം, അല്മായാ ശബ്ദം മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല; വിശ്വാസികളുടെ ഇടയില്‍ തന്നെ രൂപം കൊണ്ട അസ്വസ്ഥതയുടെ ചൂട് ആകെ വ്യാപിച്ചുകാണും. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ലാളിത്യത്തിന്‍റെയും ഹൃദയവിശാലതയുടെയും മാര്‍ഗ്ഗത്തിലേക്ക് ഒരു മാറ്റത്തിനാണ് സഭ ശ്രമിക്കുന്നതെങ്കില്‍ JCC യും ഉത്തരവാദിത്വപ്പെട്ട അല്മായാ സംഘടനകളും അതിനു പിന്തുണ കൊടുക്കണമെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. അഴിമതിയെന്നാല്‍ നിയമനത്തിന് വാങ്ങുന്ന കോഴയും, പള്ളിപ്പിരിവും കണക്കു വെളിപ്പെടുത്താതിരിക്കലും, വിദ്യാര്‍ഥികളെ   പിഴിഞ്ഞുണ്ടാക്കുന്ന തലവരിയും, സഭാസ്ഥാപനങ്ങളുടെ കണക്കില്‍ മാറ്റം വരുത്തി നടത്തുന്ന നികുതി വെട്ടിപ്പുകളും, അനാവശ്യ സ്കാനിങ്ങുകളും, മരുന്ന് കുറിക്കലുകളും, പരിശോധനകളും നടത്തി പാവങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന ആശുപത്രി വരുമാനവും, തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാതെ നേടുന്ന നേട്ടങ്ങളും എല്ലാം ഉള്‍പ്പെടുമെന്ന് തെളിച്ചു പറയാനുള്ള ശേഷി ആലഞ്ചേരി പിതാവിന് കൊടുക്കേണ്ടത് അല്മായരാണ്. അനാശാശ്യ വ്രവണതകള്‍ എന്തെന്ന് അറിയാന്‍ ചിക്കാഗോ വരെ പോയാല്‍ മതി.

ഇന്ന് മാര്‍പ്പാപ്പാ പറയുന്നതും, മേജര്‍ ആര്‍ച്ച്ബിഷപ്പ് നാളെ പറയാനാഗ്രഹിക്കുന്നതുമല്ലേ എക്കാലവും അല്മായാ സംഘടനകള്‍ ഇവിടെ പറഞ്ഞുകൊണ്ടിരുന്നത്? അല്മായാശബ്ദത്തിലും നല്ല ഒരു മാറ്റം ഞാന്‍ കാണുന്നുണ്ട്. ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍ സസ്സൂഷ്മം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ വായിക്കണമെങ്കില്‍ ഈ ബ്ലോഗ്ഗില്‍ വരണമെന്നായി. ചെളിതെറിപ്പിക്കുന്ന കുറിപ്പുകളുടെ എണ്ണം നന്നേ കുറഞ്ഞു, പകരം മാന്യമായ ഭാഷയും, ഇരുത്തി ചിന്തിപ്പിക്കുന്ന ആശയങ്ങളും സ്ഥാനം പിടിച്ചു. എല്ലാ മാസവും JCC പാലായില്‍ നടത്തുന്ന ചര്‍ച്ചാ ക്ലാസ്സിലേക്ക് ഒരു ദിവസം ആലഞ്ചേരി പിതാവും വരട്ടെ. 

1 comment:

  1. റോഷന്റെ (അല്ല, ഫ്രാൻസിസ് റോഷന്റെ - ഇതിനകം പാരമ്പര്യസൌന്ദര്യമുള്ള ആ പേരിനെ ഇന്നിതാ ഒരു പോപ്പുതന്നെ വന്നു വീണ്ടും ഒരുമംഗളനാമമാക്കിത്തീർത്തിരിക്കുന്നു!) കുറിപ്പിനോടോത്തുള്ള ഒരു പടം - ഫ്രാൻസിസ് ഒന്നാമൻ ഒരു പൈതലിനെ മുത്തുന്ന ചിത്രം - വളരെ അര്ത്ഥവത്തായി തോന്നി. നമ്മുടെ കാട്ടാള, പെണ്‍പിടുത്തരാഷ്ട്രീയക്കാരും യുദ്ധക്കൊതിയന്മാരായ യു എസ് പ്രസിഡന്റുമാരും അങ്ങനെ ചെയ്യുമ്പോൾ അതൊരു വൃത്തികെട്ട ഗോഷ്ടിയായി മാത്രമേ തോന്നാറുള്ളൂ. ഇവിടെയാകട്ടെ നിഷ്കളങ്കത നിഷ്ക്കളങ്കതയെയും ആഴം ആഴത്തെയും സ്പര്ശിക്കുന്ന ഒരു നിമിഷമാണ് ആ ചിത്രം നമുക്ക് മുന്നില് വയ്ക്കുന്നത്. ഇതുവരെയുണ്ടായിരുന്ന താന്പോരിമയുടെയും മതാന്ധതയുടെയും ഇരുട്ടിൽ നിന്നു മോചിപ്പിച്ച്‌, വിശുദ്ധിയുടെ പ്രകാശം ഇനിയങ്ങൊട്ട് സഭയെ നയിക്കട്ടെ.

    ReplyDelete