Translate

Tuesday, March 19, 2013

ശാസ്ത്രയുഗത്തിലെ വേദാന്തപഠനം - ഗ്രന്ഥകര്‍ത്താവിന്റെ കുറിപ്പ് II


( KCRM ഈ മാസം 30 -ന് പാലാ ടോംസ് ചേംബറില്‍ വച്ചു നടത്തുന്ന ചര്ച്ച ഈ പുസ്തകത്തെപ്പറ്റിയാണ് )  
വയലാര്‍ മൈക്കിള്‍
(തുടര്‍ച്ച) 


സ്വന്തം മകനും അതുപോലെ ഉത്തമനായ ശിഷ്യനും ഉപദേശിച്ചു കൊടുക്കുവാനുള്ളതാണ് ഉപനിഷത്തുകള്‍ എന്ന് പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായമുണ്ട്. പഴയകാലത്ത് അറിവുകള്‍ തലമുറകളിലേക്കു കൈമാറിയിരുന്നത് അങ്ങനെയായിരുന്നു. അതുപോലെ ഉപനിഷ ത്തുകളും ഉപദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു പല ഭാഷകളിലും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതു കൊണ്ട് ഉപനിഷത്തുകള്‍ ആര്‍ക്കു വേണമെങ്കിലും അവരവരുടെ ഭാഷയില്‍ പഠിക്കുവാന്‍ സാധിക്കും.

ഉന്നതമായ അറിവുകളാണ് ഉപനിഷത്തിലെ വിഷയങ്ങള്‍. ആ വിഷയങ്ങള്‍ അറിയണമെങ്കില്‍ മനുഷ്യന് മനുഷ്യനെക്കുറിച്ചും, ഈശ്വരനെക്കുറിച്ചും അറിയുവാനുള്ള അന്വേഷണോന്മുഖമായ ആഗ്രഹം ഉണ്ടാകണം. അത്തരം അറിവിന് വേണ്ടി ദാഹിക്കുന്നവര്‍ക്കുള്ള ചിന്താത്മകമായ ദാഹശമനിയാണ് ഉപനിഷത്തിലെ വിഷയങ്ങള്‍. അത്തരം ഉയര്‍ന്ന നിലവാരത്തിലുള്ള ചിന്തകള്‍ യഥാര്‍ത്ഥ ഈശ്വരാന്വേഷികള്‍ക്കു മാത്രമെ ഗ്രാഹ്യമാകുകയുള്ളൂ. അതു കൊണ്ട് പ്രയോജനമുള്ളിടത്തും ആവശ്യമുള്ളവര്‍ക്കും ഉപദേശിച്ചു കൊടുക്കുക എന്ന താത്പര്യമാണ് സ്വന്തം മകനും ഉത്തമശിഷ്യനും മാത്രമേ ഉപദേശിക്കാവൂ എന്ന് പറഞ്ഞിരിക്കുന്നതിന്റെ പൊരുള്‍.

ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ശ്രീ ശങ്കരാചര്യര്‍ മുതല്‍ മാക്‌സ്മുള്ളറും പോള്‍ഡായസ്സണും വരെയുള്ളവര്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്നാണ് നാം ഇവിടെ തുടങ്ങേണ്ടത്.

ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം ആ പദത്തിലെ എല്ലാ സ്വരസ്ഥാനങ്ങളുടെയും അര്‍ത്ഥതലങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് അതിലെ എല്ലാം അര്‍ത്ഥങ്ങളും സംയോജിപ്പിച്ച് വിശാലവും സുവ്യക്തവുമാക്കി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. അതിനപ്പുറം ഉപനിഷത്ത് എന്ന വാക്കിന് ഒരു അര്‍ത്ഥമുണ്ടെങ്കില്‍ ഇന്നത്തെ പണ്ഡിതന്മാര്‍ പറഞ്ഞു തന്നാല്‍ അത് ഉപകാരപ്രദമായിരിക്കും.

ഉപനിഷത്ത് എന്ന പദത്തിന്റെ അര്‍ത്ഥം ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ മനസ്സിലാക്കിയപ്പോഴാണ് ഉപനിഷത്തിനെ കുറിച്ചുള്ള ലേഖകന്റെ കാഴ്ചപ്പാടില്‍ നിലനിന്നിരുന്ന അന്ധത മാറിക്കിട്ടിയത്.

ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം ഇത്രയും സുതാര്യമായി മനസ്സിലാക്കിയാല്‍ ഉപനിഷത്ത് ജനങ്ങളിലേക്കും ജനങ്ങള്‍ ഉപനിഷത്തിലേക്കും അടുക്കുവാന്‍ സഹായമാകും. ഇത് ലേഖകന്റെ സ്വന്തം അനുഭവമാണ്. ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാത്തതു മൂലമാണ് ജനങ്ങള്‍ ഉപനിഷത്തുക്കള്‍ പഠിക്കുവാന്‍ മുന്നോട്ടു വരാത്തതെന്നാണ് ഗ്രന്ഥകര്‍ത്താവിന് തോന്നുന്നത.് ഉപനിഷത്ത് എന്നത് ആത്മാവിന്റെ ഹിമാലയമായും അതിലെ തത്വങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാകുന്നത്ര ഉത്തുംഗശൃംഗങ്ങളില്‍ സ്ഥിതിചെയ്യുന്നതായും അവ സംസ്‌കൃത പണ്ഡിതന്മാര്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യങ്ങളാണെന്നും അവരുടെ വ്യാഖ്യാനത്തില്‍ കൂടി മാത്രമേ ഉപനിഷത്തുകള്‍ പഠിക്കാന്‍ പാടുള്ളൂ എന്നുമായിരുന്നു. ഞാന്‍ ചിന്തിച്ചിരുന്നത്. അങ്ങനെയാണ് 'പലരും പഠിപ്പിക്കുന്നതും. ആത്മീയ വിഷയങ്ങള്‍ ഹിന്ദുമതത്തിലെ സംസ്‌കൃതപണ്ഡിതര്‍ക്കും ക്രിസ്തുമതത്തിലെ പുരോഹിത ഗണങ്ങള്‍ക്കും മാത്രം അറിയുവാന്‍ കഴിയുന്നതും അവരുടെ നിര്‍ദ്ദേശങ്ങളില്‍കൂടി മാത്രം മനസ്സിലാ ക്കേണ്ടതുമായ അപ്രാപ്യമായ ഏതോ മഹാസംഭവമാണ് എന്നുള്ള ധാരണയാണ് നില നിന്നിരുന്നത്.

വേറെ ഏതു വാക്ക് ഉപയോഗിച്ചാലും, ഉപനിഷത്തുകളുടെ മഹിമയെ തതുല്യമായി ദ്യോതിപ്പിക്കുവാന്‍ കഴിയുകയില്ല. അത്രയ്ക്ക് ഉചിതവും അര്‍ത്ഥ സംപുഷ്ടവുമാണ് ഉപനിഷത്ത് എന്ന പദം. അതുകൊണ്ടുതന്നെയാണ് വേദങ്ങളുടെ അന്ത്യഭാഗത്തുള്ള പ്രതിപാദ്യവിഷയങ്ങളെ ജ്ഞാനകാണ്ഡമെന്നും ഉപനിഷത്തുകള്‍ എന്നും മഹര്‍ഷികള്‍ വിളിക്കുന്നത്.
(തുടരും)

2 comments:

 1. ഉപനിഷത്തിനെപ്പറ്റിയുള്ള ശ്രീ വയലാർ മൈക്കിളിന്റെ തുടക്കം നന്നായിരിക്കുന്നു. അദ്ദേഹത്തിൻറെ വിശ്വാസം എന്തുതന്നെയാണെങ്കിലും നല്ല എഴുത്തുകാരനെന്നനിലയിൽ വായനക്കാരൻ ഈ പുസ്തകം വായിക്കുവാൻ താൽപര്യപ്പെടും

  ഉപനിഷത്ത് എന്നുള്ള പദത്തിന്റെ വ്യക്തമായ അർഥമെന്തെന്ന് ഗ്രന്ഥകാരൻ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥകർത്താവ്‌ തന്റെ നാൽപ്പതുവർഷം വേദപഠനങ്ങൾക്കായി ചിലവഴിച്ചുവെന്നു പറയുന്നു. അത് അതിശയോക്തിയല്ല. ഒരു ജീവിതംകൊണ്ട് പഠിച്ചു തീർക്കുവാൻ സാധിക്കുന്നതല്ല വേദങ്ങളും ഉപനിഷത്തുക്കളും.

  കൌപീനയുഗങ്ങളിൽ പിള്ളേർക്ക് പഠിക്കുവാൻ ഇങ്ങനെയുള്ള വേദഗ്രന്ഥങ്ങളും കണക്കുമേയുണ്ടായിരുന്നുള്ളൂ. ചന്ദ്രനിൽ വേദകാലത്ത്‌ പോയിയെന്ന അവകാശവാദങ്ങളുമായി വേദപണ്ഡിതൻമാർ എത്താറുണ്ട്.

  'ഇരിപ്പിടത്തിൽ ഉപാവിഷ്ഠനായിരിക്കുന്നവന്റെ പാദങ്ങളിൽ വിദ്യഅഭ്യസിക്കുന്ന' എന്ന അർഥത്തിലാണ് പലരും ഉപനിഷത്തിനെ കാണുന്നത്‌.

  Wikipedia ഒരു റഫറന്സ് ഗ്രന്ഥമായി പരിഗണിക്കുവാൻ സാധിക്കുകയില്ലെങ്കിലും ഉപനിഷത്തിന്റെ അർത്ഥം ഞാൻ പകർത്തി എഴുതുന്നു.

  ഉപ (അടുത്ത്), നിഷദ് (ഇരുപ്പ്), ഗുരുപാദാന്തികത്തിലിരുന്നു പഠിക്കപ്പെടുന്നത് എന്നു ഒരു മതം. ഉപ (ഉപഗമിച്ച്, ഗുരൂപദേശത്തെ ലഭിച്ച്), നി (നിശ്ചയരൂപേണ), ബ്രഹ്മത്തെ ഗമിപ്പിക്കുന്നത്, പ്രാപിപ്പിക്കുന്നത് എന്നു മതാന്തരം'

  ആദിശങ്കരാചാര്യര് തന്റെ ഭാഷ്യത്തില് ഈ പദത്തിന് അർത്ഥം പറയുന്നുണ്ട്. ഉപ = ഗുരുവിന്റെ അടുക്കലിരുന്ന് അഭ്യസിക്കുന്നതു നി = നിശ്ശേഷമായും നിശ്ചയമായും സദ് = ബന്ധകാരണമായ അവിദ്യയെ നശിപ്പിക്കുന്നതുമായ വിദ്യയാണ് ഉപനിഷത്തെന്നു ഇതിനെ ചുരുക്കിപ്പറയാം.

  ReplyDelete