Translate

Sunday, March 31, 2013

പുനരുത്ഥാന ചിന്തകൾ


യേശു കുരിശിൽ മരിച്ചുവെന്നും കല്ലറയിൽ നിന്ന് മൂന്നാം ദിവസം ഉയിർത്തുവെന്നുമുള്ള കാര്യത്തിൽ ഒരു ക്രൈസ്തവ സഭയിലും ഭിന്നാഭിപ്രായമില്ല. ക്രിസ്തുവിന്റെ ഉയിർപ്പിൽ വിശ്വസിക്കാത്തവന് ക്രൈസ്തവ നാമധാരിപോലും ആകനാവില്ല. യേശുവിന്റെ പുനരുത്ഥാനമാണ്  വിശ്വാസത്തിന്റെ അടിസ്ഥാനവും കേന്ദ്രവും. (ദീപികയുടെ ഇന്നത്തെ ഈസ്റ്റർ മുഖപ്രസംഗംത്തിൽ നിന്ന്)
 
ഇങ്ങനെ തറപ്പിച്ചു പറയാൻ ദീപികയുടെ എഡിറ്റർക്ക് എന്തവകാശം? അയാളല്ലല്ലോ ക്രിസ്ത്യാനിക്ക് ഐഡെന്റിറ്റി കാർഡ് വിതരണം ചെയ്യുന്നത്.
 
വാച്യാർത്ഥത്തിലെടുത്താണ് ക്രിസ്തു സഭ പുനരുത്ഥാനത്തെ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കിയിരിക്കുന്നത്‌. വാച്യാർത്ഥം അന്ധമായി വിശ്വസിക്കുന്നവരുടേതാണ്. അത്തരക്കാര്ക്ക് അപ്പം മജ്ജയും ദശയും, വീഞ്ഞ് രക്തവുമാണെന്നു കരുതാൻ ഒരു പ്രയാസവുമില്ല. പുനരുത്ഥാനത്തെ വേറേ അര്ത്ഥതലങ്ങളിൽ മനസ്സിലാക്കുന്നവർ ഇന്ന് സഭയിൽ ഏറെയുണ്ട്. വാസ്തവത്തിൽ മരണശേഷം യേശുവിനു സംഭവിച്ചതിനെപ്പറ്റിയുള്ള സുവിശേഷകൃതികളിലെ വിവരണങ്ങൾ പോലും അതൊരു അലൌകിക ദർശനമാണെന്ന സൂചനകളാണ് തരുന്നത്. പുനരുത്ഥാനത്തെ ക്രിസ്തുവിശ്വാസത്തിന്റെ അടിസ്ഥാനമാക്കിയ പൌലോസുപോലും യേശുവിനെ അറിയുന്നത് ഒരു ദർശനത്തിലൂടെയാണ്. ഗ്നോസ്റ്റിക് ഗ്രന്ഥമായ മറിയത്തിന്റെ സുവിശേഷത്തിൽ മറിയം തന്നെ പറയുന്നത് "ഞാൻ ഗുരുവിനെ ഒരു ദർശനത്തിൽ കണ്ടു" എന്നാണ്.
 
പുനരുത്ഥാനത്തിന്റെ ബാഹ്യമായ അര്ത്ഥം മാത്രം സ്വീകരിക്കുന്നതിനെ 'വിഡ്ഢികളുടെ വിശ്വാസ'മെന്നാണ് ഗ്നോസ്റ്റിക്കുകൾ വിളിക്കുന്നത്‌. യേശുവിന്റെ പുനരുത്ഥാനമെന്നത് ഓരോ മനുഷ്യനിലും സംഭവിക്കേണ്ട ആന്തരികമായ ഉയിര്ത്തെഴുന്നേല്പിന്റെ പ്രതീകമായിട്ടാണ്‌ അവർ കാണുന്നത്. പുതുതായി വീണ്ടും ജനിക്കേണ്ടതിന്റെ ആവശ്യം യേശു തന്നെ പറയുന്നതും വാച്യാർത്ഥത്തിലാവില്ലല്ലോ!  

2 comments:

 1. യേശുവിന്റെ പുനരുദ്ധാരണത്തെപ്പറ്റി സുവിശേഷകരെല്ലാംതന്നെയും ബൈബിൾ മുഴുവനായും പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.(Matthew chapter 28,Mark chapter 16, Luke chapter 24,John Chapter 20 and 21)

  ഉയർത്തെഴുന്നേറ്റ ക്രിസ്തു ആയിരകണക്കിന് മനുഷ്യർക്ക്‌ പ്രത്യേക്ഷമായിയെന്ന് എഴുതിയിട്ടുമുണ്ട്. പോൾ യേശുവിനെ നേരിട്ട് കണ്ടിട്ടില്ല. എങ്കിലും സ്വപനത്തിൽ സംസാരിച്ചുവെന്നും അവകാശപ്പെട്ടിരിക്കുന്നു. ഇതെല്ലാം ഒരു തരം ഹലൂസിനേഷനായിരുന്നുവെന്ന്(Hallucination) ചിന്തിക്കാൻ സാമാന്യജനത്തിനു എന്തുകൊണ്ട് കഴിവില്ലാതെ പോയി?

  പത്രം വായിച്ചിട്ട് ചില കഥകൾ വീണ്ടും സ്വപനത്തിൽ നടന്ന സംഭവംപോലെ എനിക്കും അനുഭവപ്പെടാറുണ്ട്. അക്കൂടെ അമേരിക്കൻ പ്രസിഡന്റുമാരും മരിച്ചുപോയ പ്രസിദ്ധരും ജീവിച്ചിരിക്കുന്നവരും വന്നിട്ടുണ്ട്. വിശുദ്ധരെ സ്വപ്നത്തിൽ കാണണമെന്ന് വിചാരിച്ചിട്ടും വരുന്നില്ല. അല്ഫോന്സായെന്ന പാലാക്കാരുടെ പുണ്യവതിക്ക് ചാവറ കുരിയാക്കോസെന്ന അർദ്ധപുണ്യാളൻ സ്വപനത്തിൽ ദർശനം നല്കുന്ന കഥകളും ദീപികയിൽ വായിച്ചിട്ടുണ്ട്. അത്ഭുതകഥകൾ ഓരോരുത്തരുടെയും ഭാവനക്കനുസരിച്ച് മെനഞ്ഞെടുത്തിരിക്കുന്നു.

  യേശു പലതുംപറഞ്ഞത് വാച്യാർഥത്തിൽ എടുക്കുവാനല്ല. രണ്ടോ മൂന്നോപേർ എന്റെ നാമത്തിൽ പ്രാർഥിച്ചാൽ ഞാൻ നിങ്ങളുടെ നടുവിൽ ഉണ്ടായിരിക്കുമെന്ന വചനമനുസരിച്ച് എത്രപേരുടെ നടുവിൽ യേശുവന്നിട്ടുണ്ട്? അങ്ങനെ പ്രാർഥിച്ചാലും ഒന്നും സംഭവിക്കുകയില്ല. യേശു അതുപോലെ വാഗ്ദാനം ചെയ്തെങ്കിൽ എന്തുകൊണ്ട് നമ്മുടെ നടുവിൽ വരുന്നില്ല?

  മരണകരമായ മുറിവുപറ്റിയ ഒരാൾ മൂന്നുദിവസം കഴിഞ്ഞു മടങ്ങിവന്നുവെന്നാണ് പോളിന്റെ കഥ. പോൾ ഒരിക്കലും യേശുവിനെ നേരിൽ കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് അദ്ദേഹത്തിന് ഉയർപ്പിനെ സംബന്ധിച്ച്
  മറ്റു യാതൊരു തെളിവുകളും ഇല്ല. പോൾ ബൈബിളിൽ പറഞ്ഞത് പച്ചകള്ളങ്ങൾ ആകാമല്ലോ. യേശുവിനെ കണ്ടതെല്ലാം സ്വപ്നത്തിൽ ആകാൻ പാടില്ലേ? അല്ലെങ്കിൽ മുസ്ലിങ്ങൾ വിശ്വസിക്കുന്ന കുരിശുമരണത്തിൽനിന്ന് രക്ഷപ്പെട്ട ഒരു ക്രിസ്തുവാകാൻ പാടില്ലേ? കൂടാതെ നാളിതുവരെയായി ആരും യേശുവിനെ കണ്ടിട്ടില്ല. യേശുവിന്റെ കാലത്ത് പ്രത്യെക്ഷപെട്ടയാൾ പിന്നീടുള്ള കാലങ്ങളിലെന്തിനുമുങ്ങി.

  അല്മായശബ്ദം എഴുത്തുകാരായ പാപികളെ രക്ഷിക്കുവാൻ ഒരു Charlatan പല പേരുകളിൽ ഈ ബ്ലോഗിൽ വരാറുണ്ടെന്നറിയാം. സ്ത്രീയുടെ വേഷവും ഇടാറുണ്ട്. അദ്ദേഹം അടുത്ത ദിവസവും ഉയർത്തെഴുന്നേറ്റു വന്നിരുന്നു. പത്രങ്ങളിൽ വരുന്ന കൊച്ചച്ചന്മാരുടെ ലൈംഗിക വികൃതികൾ അല്മായ ശബ്ദത്തിൽ എഴുതിയാൽ ഈ ബ്ലോഗിനെ അപകീർത്തിപ്പെടുത്തുന്നതായും ചൂണ്ടികാട്ടി.

  മതപീഡകാനായ പോളിനെപ്പോലുള്ള സുവിശേഷകന് യേശു പ്രത്യേക്ഷപ്പെട്ടെങ്കിൽ പാപം നിറഞ്ഞ ലോകത്ത് ഒന്നുകൂടി ക്രിസ്തുവിനു വന്നുകൂടെ. കുടുംബാസൂത്രണത്തിൽ അവിടുത്തെ ഭൂമിയിലെ വികാരി അനേകതവണകൾ പറഞ്ഞിട്ടും തൊണ്ണൂറു ശതമാനം ജനങ്ങളും ശ്രദ്ധിക്കുന്നില്ല. ക്രിസ്ത്യാനിയായ ഒബാമക്കെങ്കിലും പ്രത്യേക്ഷപ്പെട്ടിരുന്നുവെങ്കിൽ അദ്ദേഹം അടുത്തയിടെ പാസാക്കിയ സ്വവർഗരതി വിവാഹം അനുവദിക്കുകയില്ലായിരുന്നു. യുക്തിയോടെ ചിന്തിക്കുന്ന ഭക്തർ ഒന്ന് മനസിലാക്കണം ; ഈ നിയമം പാസാക്കുവാൻ പെണ്‍വിരോധിയായ പോളും സുവിശേഷകാലങ്ങളിൽ ഗേയ് (gay) ആയിരുന്നുവോ? നിങ്ങളുടെ പ്രാർഥനകൾ യേശു കേള്ക്കും. എന്നാൽ രക്തവും മാംസത്തോടെയും അദ്ദേഹം അവിടെ കാണുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ല. ഉയർപ്പും ദർശനങ്ങളും പിന്നീടുണ്ടാക്കിയ കെട്ടുകഥകളാണ്.ഒരു പക്ഷെ നാലാംനൂറ്റാണ്ടിൽ കണ്ടെടുത്ത ബൈബിളിലെ കൂട്ടിചേർക്കലാകാം.

  ReplyDelete
  Replies
  1. ഷാലോം റ്റിവിയിൽ ആത്മാവിനു ഉപകരിക്കുന്ന ഒരേയൊരു പ്രോഗ്രാമേ ഉള്ളൂ. അത് ബോബി ജോസ് എന്ന കപ്പൂച്ചിന്റെ ഗുരുവചനം ആണ്. മറന്നുപോകാത്തപ്പോൾ ഞാനത് ശ്രദ്ധിക്കാറുണ്ട്. ഇന്നലെ മറന്നു. ഇന്ന് രാവിലത്തെ അതിന്റെ ആവർത്തനം പാതി കഴിഞ്ഞ് കേൾക്കാൻ സാധിച്ചു. സ്വാഭാവികമായും ഉയിർപ്പിനെക്കുറിച്ചായിരുന്നു സംസാരം.

   ഉയിർത്തെഴുന്നേൽക്കാൻ നമുക്ക് അനുദിനജീവിതത്തിൽ എണ്ണമറ്റ അവസരങ്ങൾ ഉണ്ടാകുന്നുണ്ട്. അവയിൽ ചിലതെങ്കിലും പ്രയോജനപ്പെടുത്തി, ഞാൻ ജീവിക്കുന്നവനാണ്, മരിച്ചവനല്ല എന്നുതെളിയിക്കാൻ മാത്രം സാഹചര്യബോധമില്ലാത്തവർ മരണശേഷം ഒരു ഉയിർപ്പിനായി കാത്തിരിക്കുന്നത് വെറുതെയാണ്. യേശുവിന്റെ പുനരുഥാനത്തെപ്പറ്റി തർക്കിച്ചിട്ട് ഒന്നും നേടാനില്ല. ഇത്രയുമാണ് ഞാൻ കേട്ടത്. അത് ധാരാളം എന്നു ഞാൻ മനസ്സിലാക്കുന്നു.

   ഇല്ലാത്ത പ്രതിഭ ഉണ്ടെന്ന തോന്നൽ അല്ലെങ്കിൽ തോന്നിപ്പിക്കൽ, അന്യരുമായി താരതമ്യത്തിനുള്ള വ്യഗ്രത, വേറൊരുവന് നാശമോ നഷ്ടമോ വന്നാലും എന്റെ കാര്യം ഭദ്രമായല്ലോ എന്ന ആശ്വാസം, അഹിതമായതു സംഭവിക്കുമ്പോൾ ഇതു ഞാനർഹിക്കുന്നില്ല എന്ന അഹങ്കാരം, എന്നതൊക്കെ ഗുരു ഉദ്ദേശിച്ച അവസരങ്ങളിൽ ചിലതാണ്. അവിടെയെല്ലാം സത്യം മറുവശത്താണെന്ന് തിരിച്ചറിയുകയാണ് ഉയിർപ്പ്. അതിനു സാധിക്കുന്നില്ലെങ്കിൽ നാം മരിച്ചവര്ക്ക് തുല്യരാണ് എന്നത് സത്യം.

   ഈ അര്ത്ഥത്തിൽ, മരിച്ചവർ മരിച്ചവരെ അടക്കുന്ന ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞു എന്നും ഗുരു പറഞ്ഞു.

   Delete