Translate

Thursday, March 14, 2013

മാനസ്സാന്തരം

വെളുപ്പിന് അഞ്ചുമണിയായിക്കാണും, കാറില്‍ ആലപ്പുഴക്ക് പോകുന്നവഴി പാറെപ്പള്ളിയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി; ഡ്രൈവര്‍ നേര്ച്ചയിടാന്‍ പോയി. ഞാന്‍ വെറുതെ അങ്ങോട്ട്‌ നോക്കിയപ്പോള്‍, അതാ ഒരു കൊച്ചു പൈയ്യന്‍ അവിടെ കയ്യും വിരിച്ചു നിന്ന് പ്രാര്‍ഥിക്കുന്നു. ഒരു കൌതുകത്തിനു ഞാനും പുറത്തിറങ്ങി അങ്ങോട്ട്‌ നടന്നു. വല്ല സഹായവും ആവശ്യമുള്ള അനാഥ കുട്ടി വല്ലതുമാണോയെന്നറിയണമല്ലോ. മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ അവനെ സൂക്ഷിച്ചു നോക്കി. കഴുത്തില്‍ കൊന്ത, വെന്തിങ്ങം തുടങ്ങിയ ക്രൈസ്തവാടയാളങ്ങള്‍ എല്ലാമുണ്ട്. ഇത്ര ചെറുപ്പത്തിലെ ഇത്ര ഭക്തിയോ? എനിക്കതിശയം തോന്നി. ഞാന്‍ ചോദിച്ചു,
“മോനേതാ?”
“ടിന്‍റുമോന്‍ ജൊസഫ്.” ഉടന്‍ വന്നു മറുപടി.
“ടിന്‍റുമോനെന്താ ഇവിടെ?”
ഒരബദ്ധം പറ്റി അങ്കിളേആലഞ്ചേരിപിതാവിനെ മാര്‍പ്പാപ്പായാക്കിയാല്‍ ക്രിസ്ത്യാനി ആയിക്കൊള്ളാമെന്നു ഞാന്‍ നേര്ച്ച നേര്‍ന്നു. പ്രാര്‍ഥിച്ചപ്പോള്‍ ജോര്‍ജ്ജു കര്‍ദ്ദിനാളിനെ എന്നെ പറഞ്ഞുള്ളൂ, ദൈവത്തിന് പെട്ടെന്ന് മനസ്സിലാകട്ടെയെന്ന് കരുതി. അതിപ്പം ഇങ്ങിനെയായി.”
“നിനക്കെന്താ കാക്കനാട്ടുകാര്‍ക്ക് പോലുമില്ലാത്ത ഈ താല്‍പ്പര്യം?” ഞാന്‍ ചോദിച്ചു.
“കൊണ്ഗ്രസ്സില്‍ അടി മൂക്കുമ്പോള്‍ പ്രശ്നം ഒഴിവാക്കാന്‍ ചിലരെ ഗവര്‍ണ്ണര്‍മാരാക്കാറില്ലേ? അതുപോലെ കാക്കനാട്ടുനിന്നു അങ്ങേരു മാറിക്കിട്ടിയാല്‍!” ടിന്‍റുമോന്‍ മറുപടി മുഴുവന്‍ പറഞ്ഞില്ല. പിന്നെ ‘ഇയ്യാള്‍ക്കെന്താ ഇതില്‍ കാര്യമെന്ന്’ ചോദിക്കുന്നതുപോലെ എന്‍റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി അവിടെ നിന്നു. ഒരു ക്രിസ്ത്യാനി, കാക്കനാട്ട് നടക്കുന്ന യുദ്ധം മാത്രം അറിഞ്ഞിരുന്നാല്‍ പോരല്ലോ. ഞാന്‍ ചോദിച്ചു.
“സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നും വെളുത്ത പുക വരുന്നതെപ്പോള്‍?”
“ജോലി കഴിഞ്ഞു പരി. ആത്മാവ് മടങ്ങിപ്പോകുമ്പോള്‍.” ഉടന്‍ വന്നു മറുപടി.
“അപ്പോള്‍ കറുത്ത പുക വരുന്നതോ?” ഞാന്‍ ചോദിച്ചു.
“കാക്കനാട്ട് നിന്നാണെങ്കില്‍ ഉള്ളില്‍ കാഞ്ഞിരപ്പള്ളിക്കാരാരെങ്കിലും ഉണ്ടെന്നു മനസ്സിലാക്കാം.” ടിന്‍റുമോന്‍ ജൊസഫ് പറഞ്ഞു. ഇവനോട് കൂടുതല്‍ സംസാരിച്ചിട്ടു കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി. അപ്പോഴാണ്‌ ഡ്രൈവര്‍ ഹോണ്‍ ചെറുതായൊന്നു മുഴക്കിയത്. ഞാന്‍ തിരിയെ കാറിലേക്ക് നടന്നു. എന്‍റെ സംശയങ്ങളെല്ലാം എങ്ങോട്ടോ ഒഴുകിപ്പോയിരുന്നു.  

1 comment:

  1. പണ്ടൊരിക്കല്‍ ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലെ അന്തേവാസികള്‍ ഒരു മൈനയെ കൂട്ടിലിട്ടു പീഡിപ്പിക്കുന്നത് കണ്ടിട്ട് എന്റെ എല്ലാ വിധത്തിലുമുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. കാരണം മറ്റൊന്നുമല്ല. മനുഷ്യനെന്നപോലെ മറ്റു ജീവികള്‍ക്കും സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ നേട്ടം എന്നത് മനസ്സിലാക്കാത്തവരാണ് ഈ സന്യാസികള്‍. ഇന്നലെ വീണ്ടും ഞാന്‍ എന്റെ ചില സുഹൃത്തുകളെ കാണാന്‍ വേറൊരാശ്രമത്തില്‍ പോയിരുന്നു. അവിടെ ഒരു കൂട്ടില്‍ ഒരു മൈനയും മറ്റൊന്നില്‍ രണ്ടു ചെറിയ അണ്ണാര്‍ക്കണ്ണന്‍മാരും കിടന്നു ബഹളം വയ്ക്കുന്നു. എന്റേതായ പ്രതികരണത്തിന് മറുപടിയായി ഒരാള്‍ പറഞ്ഞു, അവര്‍ക്ക് വലിയ സന്തോഷമാണ്, ഞങ്ങളോട് ഒത്തിരി സ്നേഹവും. ദൈവമേ, ഇവര്‍ക്കെങ്ങനെ ഇങ്ങനെയൊക്കെ ചിന്തിന്ക്കാനാവുന്നു, ഞാനോര്‍ത്തു.
    എല്ലാ മതങ്ങളിലും ക. സഭയിലും ഇത് തന്നെ സംഭവിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും നേരിട്ട് ദൈവവുമായി ബന്ധം പുലര്‍ത്താനുമുള്ള മനുഷ്യരുടെ അവ കാശവും സാധ്യതകളും എടുത്തുകളഞ്ഞിട്ട്, അടിമത്തസമാനമായ ഒരവസ്ഥയില്‍ അവരെ ഒതുക്കി നിറുത്തുകയും, ഇതവര്‍ക്ക് സന്തോഷവും തൃപ്തിയും പ്രദാനം ചെയ്യുന്നു എന്ന് ധരിക്കുകയും, അങ്ങനെതന്നെ ചിന്തിപ്പിക്കാന്‍ ജനത്തെ ശീലിപ്പിക്കുകയും ചെയ്യുകയാണ് മതങ്ങളുടെ പണി. കുറെയാകുമ്പോള്‍ അതാണ്‌ മനുഷ്യസ്വഭാവം എന്ന ചിന്ത ശീലമാകും. സ്വാതന്ത്ര്യമെന്തെന്നു പോലും അവര്‍ പിന്നീട് തിരിച്ചറിയുകയുമില്ല.

    ഇനിയിപ്പോള്‍ ഫ്രാന്‍സിസ് അസ്സിസ്സിയുടെ മനസ്സുമായി ഒരു പോപ്പ് വന്നിരിക്കുന്നു. അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി തിരുത്തിചിന്തിക്കുന്നയാള്‍ ആണെന്നത് ഒത്തിരി പ്രതീക്ഷകള്‍ക്ക് ഇടമൊരുക്കുന്നുണ്ട്. അതൊക്കെ പ്രാവര്‍ത്തികമാകുമെന്നാശിക്കാം.

    ReplyDelete