Translate

Monday, January 13, 2014

സ്വതന്ത്രകത്തോലിക്കരുടെ രണ്ടാമത് ടെലിയോഗം.


 

ശ്രീ തോമസ്‌ തോമസ് ന്യൂജേഴ്സിയുടെ നേതൃത്വത്തിൽ 01-24-2014, വെള്ളിയാഴ്ച രാത്രി ന്യൂയോർക്ക് സമയം ഒമ്പതുമണിക്ക് സ്വതന്ത്ര ചിന്താഗതിക്കാരായ കത്തോലിക്കരുടെ രണ്ടാമതൊരു അന്തർദേശീയ ടെലിയോഗം സമ്മേളിക്കാൻ തീരുമാനിച്ചു. 'സഭാനവീകരണവും സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സംബന്ധിച്ച  വിഷയങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുന്നത്. ടെലിയോഗത്തിൽ പങ്കെടുക്കാൻ 1-619-326-2772 എന്ന നമ്പരും 7704086,   #  പ്രവേശന നമ്പരുകളും ഡയൽ ചെയ്‌താൽ മതിയാകും. ഏവർക്കും സ്വാഗതം.   

12-20-2013-ൽ സംഘടിപ്പിച്ച ആദ്യടെലിചർച്ചയിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ സജീവമായി പങ്കെടുക്കുകയുണ്ടായി. സമ്മേളനം വിജയകരമായതുകൊണ്ട് രണ്ടാമതുള്ള ഈ യോഗത്തിലേക്ക് പങ്കെടുക്കാനായി അനേകർ താല്പര്യം പ്രകടിപ്പിച്ചതും സ്വാഗതാർഹമാണ്.  അമേരിക്കയിലെ മിക്കപത്രങ്ങളും ബ്രിട്ടീഷ് മലയാളപത്രവും ചരിത്രപരമായ ആ വാർത്ത അന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതേത്തുടർന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച യോഗത്തിന്റെ വിശദാംശങ്ങളടങ്ങിയ ലേഖനത്തിൽ നൂറുകണക്കിന് വായനക്കാരുടെ സ്വാഗതാർഹമായ പ്രതികരണങ്ങളും ടെലിയോഗത്തിന്റെ പ്രവർത്തകർക്ക് ലഭിച്ചിരുന്നു.

 സഭയിന്ന് വൈകാരികമായ ഒരു കാലഘട്ടത്തിൽക്കൂടിയാണ് കടന്നുപോവുന്നത്. മഹാനായ ഫ്രാൻസീസ് മാർപ്പാപ്പാ നവീകരണ ചിന്താഗതികൾക്ക് പ്രതീക്ഷകൾ നല്കുന്നുണ്ട്. പൈതൃകമായ അടിസ്ഥാന തത്ത്വങ്ങളിൽ ആധുനിക ചിന്താഗതികൾക്കനുരൂപമായി സഭയെ നയിക്കാനാണ് മാർപാപ്പാ ശ്രമിക്കുന്നത്. യോഗത്തിന്റെ ലക്‌ഷ്യവും മാർപാപ്പയ്ക്ക് പൂർണ്ണപിന്തുണ നല്കുകയെന്നതാണ്

 വിലകൂടിയ ആഡംബരമേറിയ കാറുകളും വൈമാനിക യാത്രകളുമായി സഭയുടെ പണം ദുരുപയോഗം ചെയ്യുന്ന പിതാക്കന്മാർക്കെതിരെ മാർപാപ്പാ അനേക തവണകൾ താക്കീത് കൊടുത്തിട്ടും കേരളസഭയിൽ മാറ്റങ്ങളൊന്നുമില്ല. സഭ അല്മേനികളുടെതെന്ന തത്ത്വം മാർപാപ്പാ പലതവണകൾ ഒർമ്മിപ്പിച്ചിട്ടും പാപ്പയുടെ വാക്കുകളെ ശ്രവിക്കാൻ ഇവർ തയ്യാറാവുന്നുമില്ല.  കേരളസഭയുടെ ഏകാധിപത്യപ്രവണതകളെ ശക്തിയായി എതിർത്തും പ്രതികരിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചും മാറ്റങ്ങൾക്കായി മാർപാപ്പായ്ക്കു പിന്തുണ നല്കുകയെന്നതാണ് ടെലി യോഗത്തിന്റെ ഉദ്ദേശ്യവും. അതിനായി അല്മായ ശക്തിരൂപീകരണവും ആവശ്യമാണ്. 

നവീകരണ ചുവടുവെപ്പുകളിൽ കേരളത്തിലെ കെ.സി.ആർ എം സംഘടന നേടിയ നേട്ടങ്ങളാണ് പ്രവാസിമലയാളികളെ ഇങ്ങനെയൊരു സംഘിടിത നീക്കത്തിന് പ്രേരിപ്പിച്ചത്. ദളിതന്റെ ശവശംസ്ക്കാരചടങ്ങുകൾ നിഷേധിച്ചതായ ഒരു വാർത്ത കഴിഞ്ഞവർഷം കേരളസഭയിൽ  സംഭവിച്ചില്ലെന്നതും ആശ്വാസകരമാണ്. അതിൽ ആ സംഘടനയെ അഭിനന്ദിക്കുകയും ചെയ്യുന്നു.

സമ്മേളനത്തെ വിജയപ്രദമാക്കാൻ എല്ലാ സഭാസ്നേഹികളെയും ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കായി  താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക.

തോമസ് കൂവള്ളൂർ, ന്യൂയോർക്ക്: Tel:  914-409-5772

തോമസ്‌ തോമസ്, ന്യൂജേഴ്സി: Tel:  201-289-7256 

2 comments:

  1. ഓരോ ഗ്രാമങ്ങളിലും സഭാവ്യത്യാസം മറന്നു ക്രിസ്തിയാനികൾ ഒന്നിച്ചുകൂടി സഭാനവീകരണം ചർച്ചചെയ്യണം എന്നാണു കാലം കേഴുന്നത് ! സഭകളുടെ "ഒന്നിക്കൽ" പുരോഹിതവർഗവും പാസ്റ്റർവിരുതന്മാരും തുടക്കം മുതൽ എതിർക്കും എന്നതിനാൽ ഈ വയറ്റിപ്പാടുകാരെ ഒന്നാമതായി ചർച്ചകളിൽ നിന്നും നാം പാടേ ഒഴിവാക്കിയിരിക്കണം . ക്രിസ്തുവിന്റെ പേരിൽ ജനത്തെ എന്നും ചൂഷണം ചെയ്തു ചെത്തിജീവിക്കുന്ന ഈ വർഗത്തെ ക്രിസ്തു >മനസാ വാചാ കർമ്മണാ" വെറുത്തിരുന്നു എന്നതിനാൽ, നമുക്ക് വിജയം അരികിൽതന്നെ ! പക്ഷെ അതിനുമുൻപായി ഓരോ മനസും അവൻറെ തിരുമൊഴികൾ ഹൃദയത്തിൽ അവാഹിക്കണം. അവൻ അങ്ങിനെ വീണ്ടും വരുന്നു മനുഷ്യമനസുകളിൽ! ചിന്തകളിൽ കാഹളനാദം മുഴക്കി നമുക്കും അവനെ കരളിൽ ഓശാനപ്പൂക്കൾ വിരിയിച്ചു എതിരേൽക്കാം അകതാരിലെ യരുശലേം വീഥികളിലൂടെ ,,...>ഓശാനാ..ദാവീദുപുത്രാ, നിനക്കിനിയും ഓശാന> !

    ReplyDelete
    Replies
    1. വേർതിരിവുകളെ പ്രോത്സാഹിപ്പിക്കുന്ന മതമേതായാലും അതു തീവ്രവാദത്തിൽ ചെന്നേ അവസാനിക്കൂ. സത്യത്തിൽ എല്ലാ മതങ്ങളും തങ്ങളുടേതായ വേർതിരിവുകളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഹിന്ദുക്കൾ പറയുന്നു, തങ്ങളുടെ മതം പൂർണമായും ആത്മാവിൽ അധിഷ്ഠിതമാണെന്ന്. എന്നാൽ ആത്മാവെന്ന സംജ്ഞതന്നെ ഞാനെന്ന വ്യതിരിക്തതയുദെ ലക്ഷണമാണ്. സമഗ്രതയിൽ ഞാനില്ല.

      ബുദ്ധൻ പറയുന്ന ശൂന്യതയും 'അനാത്മ'യുമൊന്നാണ്. നിങ്ങൾ സമഗ്രതയുടെ ഭാഗമാകുന്നു, ആയിത്തീർന്നു എന്നാണതിനർത്ഥം. തരംതിരിവുകളും വേലിക്കെട്ടുകളുമില്ലാതെ ജീവിക്കാനാഗ്രഹിക്കാത്തവർ ഏതു ഗ്രൂപ്പിലായാലും സ്വാർത്ഥതയിൽ മുഴുകും.

      അങ്ങനെയെങ്കിൽ, കാത്തലിക്കാ, കൽദായ, ക്നാനായ, സിറിയൻ, റോമൻ എന്നൊന്നും പറയാതെ ഈശ്വരാന്വേഷി മാത്രമായിരിക്കാനാകുന്നവർക്കെ ഇങ്ങനെയൊരു റ്റെലിയോഗംകൊണ്ട് എന്തെങ്കിലും നേടാനാവൂ. അത്തരം ഒരു മാനസികാവസ്ഥയിൽ സുഖം തോന്നാത്തവര്ക്ക് എക്യുമെനിസം എന്ന വാക്കിനും അർത്ഥമൊന്നുമുണ്ടാകാനിടയില്ല. കത്തോലിക്കാ സഭ കൊട്ടിഘോഷിക്കുന്ന എക്യുമെനിസം വെറും പടാച്ചാണ്. സ്വതന്ത്രകത്തോലിക്കർ എന്നുള്ള പേരും അസ്ഥാനത്താണ്. കത്തോലിക്കാസഭയുമായി ബന്ധപ്പെടുത്താതെ 'കത്തോലിക്കാ' എന്നതിന് ആഗോള എന്നയർത്ഥം കൊടുക്കാമെങ്കിൽ - ആഗോള സ്വതന്ത്ര അന്വേഷികൾ എന്നാണെങ്കിൽ - നന്ന്. ഞാൻ കരുതുന്നത്, അതുതന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതും എന്നാണ്.

      Delete