Translate

Saturday, January 18, 2014

ബാലപീഡനം രൂക്ഷം: കത്തോലിക്കാ സഭ കണക്കെടുക്കുന്നു

Babu Palathumpattu അയച്ചു തന്നത് 
Posted on: Saturday, 18 January 2014 

വത്തിക്കാൻ: ബാലപീഡകരെന്ന് ആരോപണമുയർന്ന നാനൂറിൽപരം വൈദികരെ വിരമിച്ച മാർപാപ്പ ബനഡിക്‌ട് പതിനാറാമൻ രണ്ടു വർഷം കൊണ്ട് പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2011,​ 2012 എന്നീ വർഷങ്ങളിലെ കണക്കുകളനുസരിച്ചാണിത്.

തൊട്ടുമുൻപുള്ള രണ്ടു വർഷം പാപ്പ കുപ്പായം ഊരിവാങ്ങിയ വൈദികരുടെ ഇരട്ടിയാണിത്. ബാല പീഡനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളും ഗണ്യമായി വർദ്ധിച്ചതായി വത്തിക്കാൻ സർക്കാരിന്റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വൈദികവൃത്തിയിൽനിന്ന് പുറത്താക്കുന്നതല്ലാതെ ഇവർക്കെതിരെ ഓരോ രാജ്യത്തെയും നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നില്ല. സഭയിൽനിന്ന് പുറത്താക്കുന്നതുതന്നെ അതീവ രഹസ്യമായി അന്വേഷണം നടത്തിയതിനുശേഷമാണ്.
വൈദികർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ വൻതോതിൽ വർദ്ധിച്ചതിനെത്തുടർന്ന് ഈയിടെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ കത്തോലിക്കാ സഭയ്ക്കെതിരെ നടപടി സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിലെ സഭകളിൽനിന്ന് വത്തിക്കാൻ തിരക്കിട്ട് വിവരങ്ങൾ ശേഖരിക്കുകയാണ്.
വൈദികർക്കെതിരെ പരാതി ഉയരുന്പോൾ ബിഷപ്പുമാർ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാനുള്ള കാരണമായി സഭ കണക്കാക്കുന്നത്. ഓരോ രാജ്യത്തെയും നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ സഭയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാട്ടിലെ നിയമത്തെക്കാൾ സഭയുടെ നിയമങ്ങൾക്ക് പ്രാമുഖ്യം നൽകുകയാണ് ബിഷപ്പുമാർ ചെയ്യുന്നത്. വത്തിക്കാനിൽ നിന്നുണ്ടാകുന്ന നിർദ്ദേങ്ങൾപോലും പലപ്പോഴും അവഗണിക്കപ്പെടുന്നതായാണ് റിപ്പോർട്ട്.

2005ലാണ് സഭ പരാതികളുടെ അടിസ്ഥാനത്തിൽ നടപടികൾക്ക് തുടക്കമിട്ടത്. ആ വർഷം രണ്ടു കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളു. അടുത്ത വർഷം ചെറുതും വലുതുമായി 362 കേസുകൾ റിപ്പോർട്ട് ചെയ്തു. 43​ൽ നടപടി സ്വീകരിച്ചു. 2007ൽ 365 കേസുകളിൽ 23 എണ്ണത്തിൽ നടപടിയുണ്ടായി. 2008 ആദ്യമായി സഭ വൈദികവൃത്തിയിൽനിന്ന് പുറത്താക്കിയവരുടെ എണ്ണം പുറത്തുവിട്ടു. പട്ടികയിൽ 68 പേരാണുണ്ടായിരുന്നത്. കേസുകൾ 191. അടുത്ത വർഷം 223 കേസുകളുണ്ടായി,​ 103 പേരെ പുറത്താക്കി.

ബാലപീഡനങ്ങളുടെ സഭ 2010ൽ ശരിക്കു പ്രതിസ്ഥാനത്തായി. ലോകമെങ്ങും വിവിധ പ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും വൈദികരുടെ ബാലപീഡനത്തിനെതിരെ തിരിഞ്ഞു. ആയിരക്കണക്കിന് സംഭവങ്ങളാണ് പുറത്തുവന്നത്. പക്ഷേ സഭയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത് 527 കേസുകൾ മാത്രം. അതിന്മേൽ എന്തു നടപടി സ്വീകരിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല. 2011ൽ 404 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 260 പേരെ പുറത്താക്കി. അടുത്തവർഷം 418 സംഭവങ്ങൾ സഭയ്ക്കു മുന്നിലെത്തി. 124 പേരാണ് ഇവയുടെ പേരിൽ വൈദികവൃത്തിയിൽനിന്ന് പുറത്തായത്. 



കേരള കൌമുദി റിപ്പോർട്ട്  

1 comment:

  1. കുഞ്ഞുങ്ങൾ പോലും പള്ളിയിൽ പോകരുതെന്ന്" മശിഹാ വീണ്ടും വിലക്കുന്നു ..ഈ "സോദോംപുരോഹിതർ" കാരണം

    ReplyDelete