Translate

Monday, February 3, 2014

കത്തോലിക്ക സഭ സത്വരം നടപ്പാക്കേണ്ട നാല് ഡിമാന്റുകള്‍

സി. വി. സെബാസ്റ്റ്യന്‍ (മാനേജിംഗ് എഡിറ്റർ, സത്യജ്വാല മാസിക) 

കത്തോലിക്കാ സഭാനേതൃത്വം കാലങ്ങളായി സ്വന്തം സഭാംഗങ്ങളോട് കാണിച്ചുവരുന്ന നെറികേടിനും അനീതിക്കും പ്രായശ്ചിത്തവും നഷ്ടപരിഹാരവും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ക്ക് അല്മായ നേതൃത്വവുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ഉചിതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുക.
1) പൗരോഹിത്യം വിട്ടുപോകാന്‍ താല്പര്യപ്പെടുന്ന പുരോഹിതരേയും, മഠങ്ങള്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന കന്യാസ്ത്രീകളെയും മാന്യമായി പുറത്തുപോകാന്‍ അനുവദിക്കുക. അവരുടെ ഭാവി ജീവിത സുരക്ഷിതത്വത്തിന് ആവശ്യമായ സാമ്പത്തിക പുനഃരധിവാസപദ്ധതികള്‍ പ്രഖ്യാപിക്കുക.
പത്രമേനിയുടെ പേരില്‍ ആദ്യം പതിനായിരങ്ങളോ ലക്ഷങ്ങളോ വാങ്ങി സഭയുടെ സമ്പത്തില്‍ ഈടു കൂട്ടുകയും പിന്നീട് വണ്ടിക്കാളകളെപ്പോലെയും കറവപ്പശുക്കളെപ്പോലെയും ചൂഷണം ചെയ്ത് ആശ്രമങ്ങളുടെയും മഠങ്ങളുടെയും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്ന ഇവരുടെ ജീവിതം ഒന്നാലോചിച്ചാല്‍ അര്‍ത്ഥശൂന്യമാണ്; സഹതാപര്‍ഹമാണ്. സഭയുടെ കാനോന്‍ നിയമത്തിന്റെ തടവറയില്‍പ്പട്ട ഇവര്‍ പല ജൈവധര്‍മ്മങ്ങളും നിഷേധിക്കപ്പെട്ട്, ജീവിതത്തിന്റെ ഉപ്പും മധുരവും നുകരാനാവാതെ അറവുമാടുകളുടെയും കറവ വറ്റിയ പശുക്കളുടെയും അവസ്ഥയിലെത്തി, ആരാലും ഒരു തുള്ളി കണ്ണീര് വീഴ്ത്താനില്ലാതെ കാലഗതിപ്രാപിക്കുകയല്ലേ ചെയ്യുന്നത്?
2) സെമിനാരികളില്‍ ചേരുന്നതിനും കോണ്‍വെന്റുകളില്‍ ചേരുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സായെങ്കിലും പുനര്‍നിശ്ചയിക്കുക. നമ്മുടെ സഭാപിതാക്കന്മാരുടെ കാച്ച് ദം യംങ് (catch them young) എന്ന തന്ത്രപൂര്‍വ്വമായ അടിമവല്‍ക്കരണത്തിന് അറുതി വരുത്തുക.
ഏതൊരു പ്രൊഫഷനിലും മുന്‍കൂറായി ഒരു യോഗ്യതാനിര്‍ണ്ണയം നടത്താറുണ്ട്. എന്നാല്‍, നിലവില്‍
ദൈവവിളി” അവകാശവാദവുമായി വരുന്നവരെ മുന്‍കൂറായി വിലയിരുത്താന്‍ ഫലപ്രദമായ, കുറ്റമറ്റ ഒരു സംവിധാനവുമില്ല. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് ”എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മാറിയേ തീരൂ.
മറ്റേതൊരു രംഗത്തുമന്നതുപോലെ പൗരോഹിത്യത്തിനും കന്യാസ്ത്രീപദവിക്കും ചില യോഗ്യതാ നിര്‍ണ്ണയം അനിവാര്യമാണ്. കത്തോലിക്ക സഭയുടെ കാനോനിക നിയമപ്രകാരം അവശ്യം വേണ്ട ഒന്നാമത്തെ യോഗ്യത പുരോഹിതര്‍ക്ക് ബ്രഹ്മചര്യവും കന്യാസ്ത്രീകള്‍ക്ക് കന്യകാത്വവുമാണ്. ഇക്കാര്യത്തില്‍ ഇവര്‍ മാനസികമായി സജ്ജരാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു “ കഠിനപരീക്ഷയ്ക്ക് എന്തുകൊണ്ട് വിധേയരാക്കിക്കൂടാ? യോഗ്യതാനിര്‍ണ്ണയ പരീക്ഷ താഴെപ്പറയുന്നതുപോലെ എന്തെങ്കിലും ആകട്ടെ: സെമിനാരികളിടെ അവസാന ബാച്ചുകാരായ സെമിനാരിയന്‍സിന് തുല്യ എണ്ണം നൊവിഷ്യേറ്റുകാരെ ഉള്‍പ്പെടുത്തി രണ്ട്-മൂന്ന് മാസത്തോളം പോഷകസമൃദ്ധമായ ആഹാരം നല്‍കി, പുറം ലോകം കാണാന്‍ അനുവദിക്കാതെ, നിരുപാധികമായി ഒരു “കോണ്‍സെന്‍ട്രേഷന്‍ ക്യാ
മ്പില്‍ ഒരുമിച്ച് പാര്‍പ്പിക്കുക. മേലധികാരികളുടെ യാതൊരു മേല്‍നോട്ടവും അവിടെ ഉണ്ടാകാന്‍ പാടില്ല. നിശ്ചിതകാലത്തെ തടവറ വാസത്തിനുശേഷം പുറത്തുവരുന്നവരെ ശാസ്ത്രീയമായ മെഡിക്കല്‍ പരിശോധനയ്ക്കും മനഃശാസ്ത്ര പരിശോധനയ്ക്കും വിധേയരാക്കുക. സ്വയം “ദൈവവിളി വിട്ടുപോകുന്നവര്‍ അങ്ങനെ വിട്ടു പോകട്ടെ. എന്നാല്‍, ക്യാമ്പ് ജീവിതത്തില്‍ കയം കണ്ട കന്നി”ന്റെ തരക്കാരെയും ക്യാമ്പ് ജീവിതത്തിന് വിസമ്മതിച്ചവരെയും, അവര്‍ തങ്ങളുടെ ദൈവ വിളിയില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍, നിര്‍ബന്ധമായും കാസ്റ്ററേഷന് (casteration) വിധേയരാക്കപ്പെടട്ടെ. ഇതു പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല, അത്തരം ഒരു ചരിത്രകാലഘട്ടം ചില ക്രിസ്തീയ സഭകളില്‍ പണ്ട് നിലവിലുണ്ടായിരുന്നു - ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടുകളില്‍ കാസ്റ്ററേഷന് വിധേയരായവരെ മാത്രമേ അന്ത്യാക്യന്‍ പാത്രിയര്‍ക്കീസുമാരായി വാഴിക്കാറുണ്ടായിരുന്നുള്ളൂ. കത്തോലിക്കാ സഭയിലും ഇത്തരമൊരു ആചാരം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നവരെയല്ല, ഇറ്റലിയിലെ കത്തീഡ്രലുകളിലുള്ള ഗായക സംഘാംഗങ്ങളായ കുമാരന്മാരെ (casteratos) അവരുടെ ശബ്ദമാധുര്യം ദീര്‍ഘകാലം നിലനിര്‍ത്താന്‍ വേണ്ടി കാസ്റ്ററേഷന് വിധേയരാക്കിയിരുന്നു; എ.ഡി.1903-ല്‍ ഇത്തരം വന്ധ്യംകരണം” ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കുന്നതുവരെ. മേല്‍പ്പറഞ്ഞ പരീക്ഷണത്തില്‍ എന്തെങ്കിലും സംഭവിച്ചാലും പാപത്തിന്റെ പ്രശ്‌നം ഒന്നും ഉദിക്കുന്നില്ല. സത്യക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, കഴുകിയാല്‍ പോകാത്ത മാലിന്യമില്ല എന്നു പറഞ്ഞതുപോലെ കുമ്പസാരിച്ചാല്‍ പൊറുക്കപ്പെടാത്ത പാപവുമില്ല.
വന്ദ്യവയോധികനായ ഒരു യാക്കോബായ വിശ്വാസി ഒരിക്കല്‍ പറഞ്ഞു: മദ്ധ്യവയസ്സ് കഴിഞ്ഞ മിക്കപുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും മനുഷ്യത്വവും സഹജീവിസ്‌നേഹവും നഷ്ടപ്പെടാന്‍ കാരണം, പുരോഹിതര്‍ക്ക് ഭാര്യാ-മക്കള്‍ സുഖവും കന്യാസ്ത്രീകള്‍ക്ക് ഭര്‍തൃ-മക്കള്‍ സുഖവും നിഷേധിക്കപ്പെട്ടതിലുള്ള നിരാശയാണ്. പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും എന്നന്നേയ്ക്കുമായി നിഷേധിക്കപ്പെട്ട ഭാര്യാ-സന്തതി സൗഭാഗ്യവും ഭര്‍തൃ-സന്തതിസൗഭാഗ്യവുമാണ് ഇവരുടെ ഇച്ഛാഭംഗത്തിനു കാരണമെന്ന് ഈയുള്ളവനും വിശ്വസിക്കുന്നു. ഇത് ഇവരില്‍ പലരെയും കാലാന്തരത്തില്‍ വികൃതവ്യക്തിത്വത്തിന്റെ മൂര്‍ത്തികളാക്കി മാറ്റുന്നു.
3) പിതൃസ്വത്തിന് പെണ്‍മക്കളും തുല്യ അവകാശികളാണെന്ന് സഭാനേതൃത്വം അംഗീകരിച്ച് പരസ്യമായി പ്രഖ്യാപിക്കുക.
പെണ്‍മക്കളുടെ ദൈവവിളിയും പിതൃസ്വത്തെന്ന യാഥാര്‍ത്ഥ്യവും തമ്മില്‍ അവിശുദ്ധവും രഹസ്യവുമായ ചില ഒളിച്ചുകളികള്‍, സ്വാര്‍ത്ഥ താല്‍പ്പര്യസംരക്ഷണാര്‍ത്ഥം നിലനില്‍ക്കുന്നുണ്ട്. പല മാതാപിതാക്കന്‍മാര്‍ക്കും അവരുടെ പെണ്‍മക്കളുടെ ദൈവവിളി അവരുടെ ഭൂസ്വത്തിന് ശോഷണം സംഭവിക്കാതിരിക്കാനുള്ള ഒരു മറ മാത്രമാണ്. പെണ്‍മക്കള്‍ക്ക് കല്യാണപ്രായം ആകുന്നതോടുകൂടി മാതാപിതാക്കന്മാര്‍, ബന്ധുക്കളുടെ ഇടയിലും നാട്ടുകാര്‍ക്കിടയിലും പ്രചാരണം ആരംഭിക്കും, “അവള്‍ക്ക് കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ല; മഠത്തില്‍ പോവുകയാണ് എന്ന്. അങ്ങിനെ മഠത്തിലേക്കുള്ള നേര്‍ച്ചപ്പുത്രി യായി മുന്‍കൂട്ടി പരസ്യമായി പ്രഖ്യാപിച്ച് പെണ്‍കുട്ടിയുടെ വായ് എന്നന്നേയ്ക്കുമായി കൊട്ടിയടയ്ക്കും. ഇതാണ് പല പെണ്‍കുട്ടികളുടെയും ദൈവവിളിയുടെ രഹസ്യം.
4) നാലോ അതില്‍ കൂടുതലോ മക്കളുള്ള, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന എല്ലാ കത്തോലിക്കാ ദമ്പതിമാര്‍ക്കും കത്തോലിക്കാ സഭ സാമ്പത്തിക സഹായ പദ്ധതി ഏര്‍പ്പെടുത്തുക.
ഇവിടുത്തെ സുറിയാനി കത്തോലിക്കാ കുടുംബങ്ങളില്‍ ‘മക്കള്‍സമൃദ്ധി ’മൂലം ദാരിദ്ര്യദുഃഖം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും മുഖ്യ കാരണക്കാര്‍ പുരോഹിതന്മാര്‍ തന്നെയാണ്. ഇതിന് ഇവര്‍ സമാധാനം പറയാന്‍ ബാദ്ധ്യസ്ഥരാണ്. അത്തരം കുടുംബങ്ങളിലെ കുട്ടികളുടെ സംരക്ഷണച്ചെലവുകളും വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കാന്‍ സഭാനേതൃത്വം തയ്യാറാകേണ്ടിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സാമ്പത്തിക ശക്തിയായ കത്തോലിക്കാ സഭയുടെ സമ്പത്ത് ഏതെങ്കിലും തിരുമേനിമാരുടെയോ പുരോഹിതരുടെയോ തന്തമാരില്‍നിന്നും ഒസ്യത്തായി ലഭിച്ചതല്ല - വിശ്വാസി സമൂഹം നൂറ്റാണ്ടുകളിലൂടെ സ്വരുക്കൂട്ടിയതാണ്. അത് സഭാ സമൂഹത്തിന് മൊത്തം അവകാശപ്പെട്ടതാണ്.

1 comment:

  1. സി.വി.സെബാസ്റ്യൻ ഈ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളെല്ലാം കാലികപ്രസക്തിയുള്ള വയാണ്. അധികമാരും ശ്രദ്ധിക്കുന്നില്ലെങ്കിലും ഈ പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർക്ക് ജീവൽപ്രധാനമായ സംഗതികളാണ് ഇവയൊക്കെ. അതേ സമയം സഭ ഒട്ടും ഗൌരവമായി കാണാത്തവയും.
    എന്റെ അയലത്തുള്ള നാല് കുടുംബങ്ങളിൽ നിന്ന് പത്താംക്ലാസ്സുകാരായ നാലു പയ്യാന്മാർ കഴിഞ്ഞ വർഷം സെമിനാരികളിൽ ചേർന്നു. ഇവരെ കൊണ്ടുപോയവരും പറഞ്ഞുവിട്ടവരും ഈ ബാലന്മാരുടെ ജീവിതത്തോട് എന്തുത്തരവാദിത്തമാണ് കാണിക്കുന്നത്? ആണുങ്ങൾക്ക് ഇടക്കാലത്ത് സുബോധമുണ്ടായാൽ ഇറങ്ങിപ്പോരാം. ഇങ്ങനെ പോകുന്ന പെണ്‍കുട്ടികളോ? മനുഷ്യജീവനോട് ഒരു കരുണയും ബഹുമാനവുമില്ലാതെയാണ് സഭ ഓരോ കാര്യങ്ങൾ നടത്തുന്നത്. സെബാസ്റ്റ്യൻ പറഞ്ഞ നാലാമാത്തെ വിഷയം അതിപ്രധാനമാണ്. ആദ്യം പറഞ്ഞ മൂന്നു വിധത്തിലും വഴിമുട്ടി നിൽക്കുന്നവർക്ക് സാമ്പത്തികമായും മാനസികമായും വേണ്ട സഹായം ചെയ്തുകൊടുക്കാൻ സഭ സംഭരിച്ചുവച്ചിരിക്കുന്ന പണച്ചാക്കുകൾ ഉപയോഗിക്കണം. അല്ലാതെ വീണ്ടും മഠങ്ങളും പള്ളികളും ബ്രഹ്മാണ്‍ഡൻ മുതലാളി യാശുപത്രികളും ഉണ്ടാക്കി കൂടുതൽ ജനപീഠനം നടത്താൻ വേണ്ടിയല്ല.

    ReplyDelete