Translate

Monday, February 10, 2014

വിവരമുണ്ട് വിവേകമില്ല......

ഇങ്ങിനെയൊരു വിശേഷണം ആര്‍ക്കാണ് കൂടുതല്‍ ചേരുക? ഒരാത്മായനോട് ചോദിച്ചാല്‍ മെത്രാന്മാര്‍ക്കാണെന്നു പറയും; മെത്രാനോട് ചോദിച്ചാല്‍ അത്മായനെന്നും പറയും. ഇത് രണ്ടും വേണ്ടത് മെത്രാന്മാര്‍ക്കാണെന്ന കാര്യത്തില്‍ പക്ഷെ ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. അടുത്ത കാലത്തുള്ള ചില നടപടികള്‍ കണ്ടാല്‍ മെത്രാന്മാര്‍ക്ക് ഇത് രണ്ടും ഉണ്ടെന്ന് ആര്‍ക്കും തോന്നാന്‍ ഇടയില്ല. ഞാറക്കല്‍, തലോര്‍, പ്രോക്കുരാ ഹൌസ്, ഷെവലിയര്‍, മോനിക്കാ എന്നൊക്കെയുള്ള പദങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കും അങ്ങിനെ തന്നെയാണ് തോന്നുന്നത്.
'പീലി ചൂടിയ രാധമാർക്കൊപ്പം നമ്മുടെ ഇടയൻസ്' (Courtsey Facebook).

ഒരു മെത്രാന്‍ സിനഡിന്‍റെ പേരില്‍ ഇവിടെ എന്തെല്ലാമാണ് നടന്നത്. ആദ്യം അരുണാപുരം ഒരുത്സവ നഗരിയായി പ്രഖ്യാപിക്കുന്നു, തുടര്‍ന്ന് ആ പ്രദേശം ഗവ. ഏറ്റെടുക്കുന്നു. അത്യാധുനിക സൌകര്യങ്ങളുള്ള പൊലീസ് സ്റ്റേഷനായി, ഫയര്‍ ഫോഴ്സ്, മിനി മെഡിക്കല്‍ കോളേജ്, ഇലക്ട്രിസിറ്റി ഓഫീസ് എന്ന് വേണ്ട സര്‍വ്വ സജ്ജീകരണങ്ങളും ഒരുക്കി. ഇതിനുള്ള വേലത്തരങ്ങളും തന്ത്രങ്ങളും എല്ലാം ഒപ്പിച്ചു കൊടുത്തത് കേരളാ കോണ്‍ഗ്രസ്സുകാരായിരിക്കാം, പക്ഷെ മെത്രാന്മാരുടെ പിന്തുണ യു ഡി എഫിന് കിട്ടുമോന്ന് കണ്ടറിയണം. നന്ദി കാണിക്കുന്ന സ്വഭാവം കത്തോലിക്കാ മെത്രാന്മാര്‍ക്ക് കുറവാണെന്ന് ഒരാരോപണം പണ്ടേ ഉള്ളതാ.  കേന്ദ്ര മന്ത്രിമാര്‍ വരുന്നു, വത്തിക്കാന്‍ പ്രതിനിധി വരുന്നു .... പിന്നെങ്ങിനെ ഋ കാറ്റഗറി യിലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കാനാവും? പണം മുഴുവന്‍ പോയത് സര്ക്കാരിന്‍റെ, പക്ഷെ എത്ര പൈസാ പള്ളിക്കാര്‍ നികുതിയായി കൊടുക്കുന്നുണ്ടെന്ന് ചോദിച്ചാല്‍ ഉത്തരം ഉണ്ടാവില്ല. പാരിഷ് ഹോള്‍ വാടകയ്ക്ക് കൊടുത്താല്‍ കിട്ടുന്ന പണത്തിനു പോലും കൃത്യമായി പഞ്ചായത്തില്‍ നികുതിയടക്കാതിരിക്കാന്‍ അച്ചന്മാര്‍ക്കറിയാമെന്നു ജനത്തിനു ഉറപ്പുണ്ട്
നല്ല നല്ല നവീകരണ ചര്‍ച്ചകള്‍ നടക്കുമെന്ന് കരുതി പാലായിലേക്ക് കണ്ണും നട്ട് ഇന്റര്‍നെറ്റിന്‍റെ മുമ്പില്‍ ഇരുന്നിട്ട് ആകെ കിട്ടിയത് സഭയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നതിനെപ്പറ്റി പഠിക്കണമെന്ന ഒരു തീരുമാനം മാത്രം. ബാക്കി ഞാന്‍ അറിയാതിരുന്നതാവാനും മതി. മെത്രാന്മാരുടെ ബാക്കിയുള്ള സമയം മുഴുവന്‍ തിന്നും കുടിച്ചും, ഇരുന്നും നിരങ്ങിയും, ഡാന്‍സും പാട്ടും ആസ്വദിച്ചും, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും, ഇരുന്നും ഉറങ്ങിയുമൊക്കെയായി തിര്‍ന്നു പോയി. ഇടയ്ക്കിടയ്ക്ക് ചില രാഷ്ട്രിയക്കാര്‍ വന്നു പ്രസംഗിച്ചതുകൊണ്ട് വേറെ ‘ഫണ്‍ ടൈം’ ആവശ്യമായ് വന്നില്ല.
ഈ വിവരത്തിന്‍റെയും വിവരക്കേടിന്‍റെയും ചൂട് ശരിക്കറിയണമെങ്കില്‍ വടക്കേ ഇന്ത്യയിലുള്ള ഒരു നഗരത്തിലെ പ്രസിദ്ധമായ ഒരു ഡോണ്‍ ബോസ്കോ ഇംഗ്ലിഷ് മീഡിയം സ്കൂള്‍ പ്രിനിസിപ്പല്‍ ഗ്രേസി സി ജൊസഫ് നടത്തിയ പ്രകടനം പത്രത്തില്‍ അച്ചടിച്ചു വന്നത് വായിച്ചാല്‍ മതി. ഇത് ഇന്റര്‍നെറ്റില്‍ വായിച്ചു ഞാന്‍ തരിച്ചിരുന്നു പോയി. സംഗതി എന്താണെന്ന് വെച്ചാല്‍ ഈ മാന്യവനിത ഒരു വിദ്യാര്‍ത്ഥിയെ അവന്‍റെ മൂത്രം കുടിപ്പിച്ചു. സംഭവം നടന്നത് ഈ കഴിഞ്ഞ വെള്ളിയാഴ്ച.
സംഗതി പ്രശ്നമായപ്പോള്‍ സ്കൂളിന്‍റെ ലെറ്റര്‍ പാഡില്‍ ഈ പ്രിന്‍സിപ്പല്‍ ഇംഗ്ലിഷില്‍ എഴുതിയ ക്ഷമാപനമാണ്‌ ഇപ്പോള്‍ ലോക പ്രസസ്തി ആര്‍ജ്ജിച്ചത്. ലെറ്റര്‍ പാഡില്‍ founder എന്നതിന്‍റെ സ്പെല്ലിംഗ് fouinder, order ന്റേതു oeder എന്നും. സബ്ജക്റ്റ് ലൈന്‍ ഇങ്ങിനെ, Appolagy for making him force to drink urine [sic]. ക്ഷമാപണം ഇങ്ങിനെ, ‘Sir, I duly apologize for what I have done by mistake and I am sure that I will never do the same in any case whatsoever’. ഇതൊക്കെ വെച്ച് നോക്കിയാല്‍ നമ്മുടെ പുത്തന്‍ ഷെവലിയര്‍ എത്ര മിടുക്കന്‍. താന്‍ വക്കിലാണോ എന്നൊന്നും നോക്കാതെയല്ലേ ജയറാം രമേശ്‌ പറഞ്ഞതുപോലെ ക്ഷമ പറഞ്ഞത്. ഏത്തമിടാല്‍ പറഞ്ഞിരുന്നെങ്കില്‍ അതും ചെയ്തേനെ. അദ്ദേഹത്തിനു വിവരമാണോ വിവേകമാണോ അതും രണ്ടുംകൂടെയാണോ ഇല്ലാതിരുന്നതെന്നതിനെപ്പറ്റി ചരിത്രകാരന്മാര്‍ ഗവേഷണം നടത്തട്ടെ.
വിവരവും വിവേകവും മെത്രാന്‍ പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യതകളാക്കണം എന്നാണ് എന്‍റെ എളിയ അഭിപ്രായം. അത്ര അടുത്തല്ലാത്ത ഒരു കാലത്ത് ഒത്തിരി തോട്ടങ്ങളുള്ള ഒരു രൂപതയില്‍ മെത്രാനാകാനുള്ളവരുടെ യോഗ്യതാ ലിസ്റ്റില്‍ രണ്ടു പേര്‍ വന്നു. ഒരാളെ നിരുപാധികം ഒഴിവാക്കിയത് അദ്ദേഹം നേരത്തെ പിതാവായിരുന്നു എന്ന കാരണം പറഞ്ഞാണ്; അല്ലാതെ വിവേകമോ വിവരമോ കുറവാണെന്ന കാരണം പറഞ്ഞല്ല.
ഔട്ടര്‍ നെറ്റ് വരുന്നതിനു മുമ്പ് ഇന്റര്‍നെറ്റ് സ്വന്തമായി നോക്കാനും, ഇംഗ്ലിഷും മലയാളവും വായിക്കാനും എഴുതാനും കഴിവുള്ളവരായിരിക്കണം പുതിയ മെത്രാന്മാര്‍ എന്നൊരു നിബന്ധന സിനഡ് വെച്ചിരുന്നെങ്കില്‍ നന്നായിരുന്നു. നമ്മുടെ അറക്കല്‍ മെത്രാനെ കണ്ട് പഠിക്കണം. Bishop Mathew Arackal എന്ന പേരില്‍ അദ്ദേഹം ഫെയിസ് ബുക്കില്‍ കേറി. എന്തു ചെയ്യാം? ആരാധകരുടെ ഇടി കാരണം ഫെയിസ് ബുക്ക് ജാം ആയിയെന്നാണ് കേട്ടത്. കേരളത്തിലെ മെത്രാന്മാര്‍ എല്ലാവരും കൂടി വന്നാല്‍ ഇന്റര്‍നെറ്റ് മൊത്തം ജാം ആയേക്കാം.
ഏതായാലും അല്ഫോന്‍സിയന്‍ ഹൌസ് ഒരു ശ്രദ്ധാ കേന്ദ്രമാക്കാന്‍ കുറെ മാര്‍ മാര്‍ക്ക് കഴിഞ്ഞു. ഇനി UN സമ്മേളനം വരെ ഇവിടെ നടക്കാന്‍ സാദ്ധ്യതയുണ്ട്. അതിനുള്ള സൌകര്യങ്ങള്‍ എല്ലാം ഇവിടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടം സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുക്കണമെയെന്നപേക്ഷ. ഇത്രയും ഒരുക്കങ്ങളോടെ പുല്ലുപോലെ ബഹുകോടികള്‍ മുടക്കി നടത്തിയ ഈ മാമാങ്കം കൊണ്ടെന്തു നേടിയെന്നു ഒന്ന് പറയുമോ മെത്രാന്മാരെ? ചിലവാക്കിയ ഈ പണം ആരുടെതായിരുന്നു രാജാക്കന്മാരെ? 

1 comment:

  1. ഇതെന്ത് തിരുവാതിരാക്കളിയോ ? തിരുവാതിരാ ധനു മാസത്തിലെന്നാണ് ഓർമ്മ . മത്തായി സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിലെ പത്തു കന്യകമാരുടെ വിളക്ക് കത്തിച്ചുള്ള കാത്തിരുപ്പിന്റെ കഥയുണ്ട്. ഇവിടെ ഒമ്പത് കന്യകമാരെയേ കാണുന്നുള്ളൂ. പത്താമത്തെ കന്യകയും ഷെവലിയറും മെത്രാന്മാർക്ക് പ്രാതൽ തയ്യാറാക്കുകയായിരിക്കും. അറയ്ക്കൽ തിരുമേനിയുടെ മുഖത്ത് നല്ലയൊരു പുഞ്ചിരിയുമുണ്ട് . തിരുവാതിരാ പരമശിവന്റെ പിറന്നാൾ ചിരിപോലെ തന്നെ. ഈ പെണ്‍പിള്ളേർ വന്നത് ഏത് തിരുമേനിയുടെ പിറന്നാളിനെന്നും അറിയില്ല. മൂത്തു മുരടിച്ച കിളവന്മാരായ പിതാക്കന്മാരെ സന്തോഷിപ്പിക്കാതെ സിനഡിൽ ചെറുപ്പക്കാർ പിതാക്കന്മാരില്ലായിരുന്നോ ? യാഥാസ്ഥിതികരായ ഇവർ സഭയുടെ അപകടകാരികളാണ്. അമ്പടാ ശിവാ, ഒരു ബിഷപ്പിന്റെ മുഖം നോക്കിയാൽ പരമ ശിവന്റെ കൂട്ടുണ്ട്. അദ്ദേഹത്തെ കണ്ടിട്ട് ധനുമാസത്തിലെ തിരുവാതിരാ ഭഗവാനെപ്പോലെ തന്നെയിരിക്കുന്നു. മംഗലവതിയാകാനും നെടുമാംഗല്യത്തിനായും ഈ കന്യകമാർ തിരുമേനിമാരുടെ മോതിരമൊന്ന് മുത്തിയാൽ മതിയാകും. അവർ കനിഞ്ഞനുഗ്രഹിച്ചുകൊള്ളും. തലയിൽ പാതിരാപ്പൂ ചൂടി ഉറക്കമളച്ച് തിരുമേനിമാരെ കാത്തിരുന്നാൽ ഏതെങ്കിലും കന്യാസ്ത്രികൂട്ടിൽ കയറി സ്വർഗത്തിലെ തൊടാത്ത കന്യകമാരുമാകാം.ഈ തിരുമേനിമാർക്ക് യഹൂദന്റെ സ്വർഗത്തിലും പരമാനന്ദം. ശ്രീ കോട്ടൂർ അയച്ച കത്തുകൾക്കു മറുപടി തിരുനാവിൽനിന്ന് പറഞ്ഞുകൊടുത്താൽ ഏതെങ്കിലും കന്യാസ്ത്രി കുഞ്ഞുങ്ങൾ എഴുതികൊടുക്കില്ലേ?

    ReplyDelete