Translate

Monday, February 17, 2014

ബൈബിളിലെ വിശ്വാസം

ഓഷോയും കടുകുമണിയും എന്നൊരു കുറിപ്പ് ഞാനെഴുതി, അത് ഇഴകീറി വിശകലനം ചെയ്യപ്പെട്ടു. ഇടയില്‍  എനിക്കൊരു ഇമെയില്‍ കിട്ടി. ഒരു ചോദ്യം, ബൈബിളിലെ വിശ്വാസം എന്ത്? എനിക്കത് വളരെ ഇഷ്ടപ്പെട്ടു, വിശ്വാസത്തില്‍ നിന്ന് നാം എത്ര അകലെയെന്നെ നാം ചര്‍ച്ച ചെയ്തുള്ളൂവല്ലോയെന്ന് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വിഷയം വീണ്ടും എടുത്തിടുന്നത്, ഞാന്‍ എന്ന ഒരൊറ്റ വ്യക്തിയുടെ പരിമിതമായ തിരിച്ചറിവ് മാത്രം പങ്കു വെയ്ക്കുന്നതുകൊണ്ട് ശരിയായ വിശ്വാസത്തെ മനസ്സിലാക്കാന്‍ കഴിയില്ലാ എന്നതുകൊണ്ട്‌ തന്നെയാണ്. ഈ ചോദ്യം വന്നപ്പോള്‍ മറ്റൊരു കാര്യം കൂടി ഞാന്‍ ഓര്‍ത്തു, ‘ഇന്ത്യന്‍ തോട്സി’ ന്‍റെ താളുകളിലൂടെ വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരുന്ന വിഷയങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പരാമര്ശിച്ചിട്ടുള്ളതും, ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളതും ഇതേ വിഷയം തന്നെയാണല്ലോയെന്ന്. അതിനൊരു കാരണം ഉണ്ട്, വിശ്വാസം ശരിയല്ലെങ്കില്‍ പോസിറ്റിവ് തിങ്കിംഗ് നിഷ്പ്രഭം, അതുപോലെ ജീവിതം ശരിയായ ദിശയില്‍ കരുപ്പിടിപ്പിക്കുന്നതും ദുഷ്കരം തന്നെ.
പ്രായോഗിക ജീവിതത്തിലെ വിശ്വാസം, ബൈബിളിലെ വിശ്വാസം എന്നിങ്ങനെ വിശ്വാസത്തെ രണ്ടായി കീറി മുറിക്കുന്നത് മൌഢ്യം തന്നെ, കാരണം വിശ്വാസത്തിന് അതിലേറെ തലങ്ങളുണ്ട്. ബൈബിള്‍ പോലും മനുഷ്യന്‍റെ കാര്യത്തില്‍ പരാമര്‍ശിക്കുന്നതാവട്ടെ വിശ്വാസത്തിന്‍റെ കടുകുമണിയോളം വലിപ്പം വരുന്ന ഒരാവിഷ്കാരത്തെ മാത്രമാണെന്നത് ശ്രദ്ധിക്കുക. ശരിയായ വിശ്വാസം എന്താണെന്ന് മനസ്സിലാക്കിയ ഒരു ഗുരു എന്ന ചിന്തയോടെ യേശുവിനെ നോക്കിയാല്, ബൈബിള്‍ വിശ്വാസത്തെ നന്നായി ജ്വലിപ്പിക്കുന്നത് കാണാം. ലാസ്സറസ്സിന്‍റെ കല്ലറക്ക് മുമ്പില്‍ നിന്നുകൊണ്ട് യേശു സംസാരിച്ചത് ഇതിനു മകുടോദാഹരണമാണ്. ലാസ്സറസ് കഥ കെട്ടുകഥയാണെന്ന് വാദിക്കുന്നവരും, ആ സംഭവത്തില്‍ക്കൂടി യേശു വിശ്വാസത്തെ നിര്‍വ്വചിച്ചിരിക്കുന്ന രീതിയെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും തയ്യാറാവില്ല. യേശു പിതാവിനെ ഓര്‍ക്കുന്നു, ‘നീ എന്‍റെ പ്രാര്‍ത്ഥന കേട്ടതിനു നന്ദി’ യെന്ന് പറയുന്നു; തുടര്‍ന്ന്, ലാസ്സറസ്സേ നീ പുറത്തു വരികയെന്നൊരു കല്‍പ്പനയും നല്‍കുന്നു. തികച്ചും തലതിരിഞ്ഞയൊരു പെരുമാറ്റമല്ലേ ഇത്? യേശു പിതാവിനെ വിളിച്ചു നന്ദി പറയുമ്പോള്‍ ലാസ്സറസ്സ് മരിച്ചവന്‍ തന്നെയായിരുന്നില്ലേ? പുറത്തു വരാന്‍ ആവശ്യപ്പെട്ടപ്പോഴും, അവന്‍റെ കെട്ടുകള്‍ അഴിക്കുവാന്‍ ആവശ്യപ്പെടുമ്പോഴും അവന്‍ മരിച്ചവന്‍ തന്നെ ആയിരുന്നിരിക്കണം. എപ്പോഴാണ് അവന്‍ ജീവിതത്തിലേക്ക് മടങ്ങിയത്? ഈ ചോദ്യത്തിന് മറുപടി പറയാനുള്ള തന്‍റെടം എനിക്കില്ലാ, അതുകൊണ്ട് ഞാന്‍ അങ്ങോട്ട്‌ കടക്കുന്നില്ല.
പിതാവിനോട് നന്ദി പറഞ്ഞപ്പോഴും, അവന്‍റെ കെട്ടുകള്‍ അഴിക്കാന്‍ ആവശ്യപ്പെടുമ്പോഴും യേശുവിന്‍റെ മനസ്സില്‍ ഒരു ജഢമായിരുന്നില്ല, പകരം ആരോഗ്യവാനായ ലാസ്സറസ്സ് തന്നെയായിരുന്നു. യേശുവിന് സംശയത്തിന്‍റെ നിഴല്‍ പോലും ഇല്ലാത്ത വിശ്വാസമായിരുന്നില്ലേ ഉള്ളില്‍ ഉണ്ടായിരുന്നത്? ആ വിശ്വാസത്തെ അതുപോലെ തന്നെ ഞാന്‍ വിടുന്നു. വാക്കുകള്‍ കൊണ്ട് അതിനെ വ്യാഖ്യാനിക്കാന്‍ എനിക്ക് കഴിയുന്നില്ല. പക്ഷെ, മനുഷ്യനു സാദ്ധ്യമായ കടുകുമണിയുടെ അത്ര വലിപ്പമുള്ള വിശ്വാസത്തിന്‍റെ ഒരു തലം കൂടി നമുക്ക് നോക്കാം. ഒന്നു രണ്ടു മുക്കുവര്, അവര്‍ അവരുടെ തൊഴിലില്‍ വ്യാപൃതരായിരിക്കുന്നു. അപരിചിതനായ ഒരു യുവാവ് ആ വഴി വരുന്നു, ‘നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാ’മെന്നു പറയുന്നു. ആ മുക്കുവര്‍ ചെയ്തതെന്താണെന്നു ബൈബിള്‍ വരച്ചു കാട്ടുന്നു, വള്ളവും വലയുമെല്ലാം ഉപേക്ഷിച്ചിട്ട് അവര്‍ ആ ചെരുപ്പക്കാരനെ അനുഗമിക്കുന്നു. കുഴലൂത്തുകാരനായ എലിപിടുത്തക്കാരനെ അനുഗമിക്കുന്ന നഗരത്തിലെ കുട്ടികള്‍ എന്‍റെ മനസ്സിലേക്ക് ഓടി വന്നു. ആ കുട്ടികളും ഈ മുക്കുവരും ഒരു വല്ലാത്ത മതിഭ്രമത്തില്‍ പെട്ട് പോയിരുന്നിരിക്കണം. ആ മുക്കുവര്‍ അവരുടെ ഭാര്യമാരെ ഓര്‍ത്തില്ല, കുട്ടികളെ ഓര്‍ത്തില്ല, അവരുടെ ഉള്ളായ്മകളെയും വല്ലായ്മകളെയും ഓര്‍ത്തില്ല, വിരിച്ചു കൊണ്ടിരുന്ന വലയെയും, കഷ്ടപ്പെട്ട് സമ്പാദിച്ച വള്ളത്തെയും അവര്‍ ഓര്‍ത്തില്ല. കിട്ടാനുള്ളതിനെപ്പറ്റിയും കൊടുക്കാനുള്ളതിനെപ്പറ്റിയും  അവര്‍ ഓര്‍ത്തില്ല. തന്നെ അനുഗമിക്കാന്‍ പറഞ്ഞ ആ ചെറുപ്പക്കാരനെ അവര്‍ അനുഗമിച്ചു. അത്ര തന്നെ! ഇത് കറയില്ലാത്ത വിശ്വാസം, കടുകു മണിയോളം വലിപ്പം മാത്രമുള്ളത്; ഒരു പക്ഷെ, നമുക്ക് എത്തിപ്പിടിക്കാവുന്നതിന്‍റെ പരമാവധി.
മലയാളത്തില്‍ understanding, belief, faith, trust ഇതിനെല്ലാം കൂടി ഒരൊറ്റ വാക്കേയുള്ളൂ – വിശ്വാസം. ഇതില്‍ ദൈവവുമായുള്ള നമ്മുടെ ബന്ധം faith ന് അപ്പുറത്തേക്ക് പോകുന്നുമില്ല, trust ല്‍ എത്തുന്നില്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല താനും. ഒരു മലഞ്ചെരുവിലൂടെ നാല് വയസ്സുള്ള ഒരു കുട്ടിയും അവന്‍റെ പിതാവും കൂടി നടന്നു പോവുന്നത് സങ്കല്‍പ്പിക്കുക. കുട്ടി പിതാവിന്‍റെ ഓരം ചേര്‍ന്ന് നടക്കുന്നത്  കുട്ടിക്ക് പിതാവിനെപ്പറ്റി ഒരു ധാരണയുള്ളതുകൊണ്ടാണ്, ഇതിനെ understanding എന്ന് വിളിക്കാം. പിതാവിന്‍റെ കൈപിടിച്ചാണ്  അവന്‍ നടക്കുന്നതെങ്കില്‍ അതിനെ  belief എന്ന് വിളിക്കാം. പിതാവ് അവന്‍റെ കൈയ്യില്‍ പിടിക്കണമെങ്കില്‍ അവന്‍ കൈ വിട്ടു കൊടുക്കേണ്ടതുണ്ട്, ആ ബന്ധത്തെ faith എന്ന് വിളിക്കാം. സത്യം പറഞ്ഞാല്‍ ഈ മൂന്നു തലങ്ങളും യേശു ഉദ്ദേശിച്ച വിശ്വാസത്തിന്‍റെ മേഖലകളില്‍ വരുന്നില്ല. അത് തിരിച്ചറിയണമെങ്കില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പള്ളിയിലെത്തിയ വിശ്വാസികളുടെ പ്രസിദ്ധമായ ഉപമ ശ്രദ്ധിച്ചാല്‍ മതി, ഒരു കുട്ടി മാത്രമേ കുടയുമായി അവിടെ വന്നിരുന്നുള്ളൂ. ഇതിലൊരു പുതുമയും നാം കാണുന്നില്ല, പ്രാര്‍ഥിക്കാന്‍ വന്നവരില്‍ faith പോലും ഉണ്ടായിരുന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് നമ്മുടെ ആചാരക്രമങ്ങളും അനുഷ്ടാനങ്ങളും, അധരവ്യായാമങ്ങളുമൊന്നും വിശ്വാസത്തിന്‍റെതല്ലെന്ന്; അതാവണമെങ്കില്‍ പിതാവിന്‍റെ തോളില്‍ കയറിയിരിക്കുന്ന, എല്ലാം പിതാവില്‍ സമര്‍പ്പിച്ച്‌ സന്തോഷിക്കുന്ന ഒരു കുട്ടിയെ നാം സങ്കല്പ്പിക്കണം. അപ്പോള്‍ ആ കുട്ടിയുടെ അവസ്ഥ trust തലത്തിലുള്ളതായിരിക്കും. മിനിമം നമുക്ക് വേണ്ട വിശ്വാസം അവിടം വരെയെങ്കിലും എത്തിയിരിക്കണം. അവിടെ എത്തുമ്പോള്‍ നമുക്ക് യാചിക്കാന്‍ ഒന്നും ഉണ്ടാവില്ല, നമ്മുടെ ഹൃദയം നിറഞ്ഞു തുളുമ്പുന്നത്‌ ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ത്തുള്ള നന്ദി കൊണ്ടായിരിക്കും.
ഈ trust നെയാണ് വിശ്വാസമായി പരിഗണിച്ചു വീണ്ടും തരം തിരിക്കേണ്ടത്‌. അപ്പോള്‍ ഒരറ്റത്ത് കടുകുമണിയുടെ തലവും കാണും, അങ്ങേ തലക്കല്‍ ലാസ്സറസ്സിന്‍റെ കല്ലറക്ക് മുമ്പില്‍ നിന്ന യേശു പ്രദര്‍ശിപ്പിച്ച  തലവും കാണും, ഇടക്ക് എവിടെയോ വള്ളവും വലയും ഉപേക്ഷിച്ചു തിരിഞ്ഞു നോക്കാതെ യേശുവിനെ അനുഗമിച്ച മുക്കുവരുടെ തലവും കാണും. ഈ വിശ്വാസത്തില്‍ എത്തിയ ഒരുവനും അന്ധമായ യാചനാ പ്രാര്‍ഥനകള്‍ക്ക് പിന്നാലെ പോകുന്നില്ല, നൊവേനകളും, നേര്‍ച്ച കാഴ്ച്ചകളുമൊന്നും അവന്‍റെ സങ്കല്‍പ്പത്തില്‍ പോലും കാണുകയുമില്ല. ഇത് വിലയിരുത്തുമ്പോഴാണ് നമ്മുടെ ക്രമങ്ങളും ആചാരങ്ങളും അക്രൈസ്തവമെന്നും, ഉണരിലേക്ക് ആരെയും നയിക്കാന്‍ പര്യാപ്തല്ലെന്നുമൊക്കെ നാം തിരിച്ചറിയുന്നത്. ഈ വിശ്വാസത്തിന്‍റെ ആഴമറിഞ്ഞ അനേകം വിശുദ്ധര്‍ സഭയില്‍ ഉണ്ടായിരുന്നിട്ടുണ്ട്, മുഖ്യധാരയില്‍ നിന്ന് മാറി അവര്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ ആയിരിക്കുകയും ചെയ്യുന്നു. അവര്‍ അനുഭവിച്ചറിഞ്ഞ സംശയത്തിന്‍റെ തരി പോലുമില്ലാത്ത വിശ്വാസത്തിന്‍റെ സുഖം അറിയാന്‍ നമ്മുടെ ഉള്ക്കണ്ണുകളും ഉള്ക്കാതുകളും തുറന്നെ ഒക്കൂ.  ഒരു ചൊല്ലുണ്ട്, സിംഹത്തെ അറിയാന്‍ സിംഹമായേ ഒക്കൂവെന്ന്, ഈ വിശ്വാസത്തെ അറിയാന്‍ ആ വിശ്വാസത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. വെള്ളത്തിലിറങ്ങാതെ ആരും നീന്താന്‍ പഠിച്ച ചരിത്രമില്ലല്ലോ. ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ  വിശ്വാസത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. എത്ര സങ്കിര്‍ണ്ണമായ ഘട്ടമാണെങ്കിലും ദൈവം ഒപ്പമുണ്ടെന്നുറച്ചു വിശ്വസിച്ചു മുന്നോട്ടു പോയി പരിശീലിക്കുക. ഫലം അത്ഭുതാവഹമായിരിക്കും. ആ അനുഭവത്തില്‍ എത്തിയവന് ശരിയെന്തെന്ന് മലമുകളില്‍ കയറി നിന്നുപോലും പറയാനുള്ള ധൈര്യവും കാണും. 
സൃഷ്ടിയുടെ രഹസ്യം ചിന്ത വാക്ക് പ്രവൃത്തി എന്നീ മൂന്നു പടികളിലാണ്. പ്രപഞ്ചം ദൈവത്തിന്‍റെ മനസ്സില്‍ ആദ്യം ഒരു രൂപരേഖ (ചിന്ത/ഭാവന) മാത്രമായിരുന്നു. ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോള്‍ അടുത്ത പടിയായി (വചനം); തുടര്‍ന്ന് പ്രപഞ്ചം ഉണ്ടായാല്‍ എങ്ങിനെയാണോ അതുപോലെ ദൈവം പ്രവൃത്തിച്ചപ്പോള്‍ (ക്രിയ) പ്രവൃത്തിയുമായി. പോസിറ്റിവ് തിങ്കിംഗ് ന്‍റെ  ബാലപാഠങ്ങള്‍ പഠിക്കുമ്പോഴും ഈ പടികളാണ് അനുവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ എന്താണോ ആയിത്തിരാന്‍ നാം ഉദ്ദേശിക്കുന്നത് അത് സ്വപ്നം കാണുക, ഏറ്റവും സൂഷ്മമായ വിശദീകരണങ്ങളോടെ; അത് ആയിത്തിര്‍ന്നു എന്നതുപോലെയായിരിക്കണം നമ്മുടെ വാക്കുകള്‍ മുഴുവന്‍; അത് എത്തിയാലെന്നതുപോലെയായിരിക്കണം നമ്മുടെ മുഴുവന്‍ പ്രവൃത്തികളും. ഇവിടെ ഓരോ പടിയിലും നാം എന്ത് മാത്രം സംശയം വിതറുന്നുവോ അത്രയും വികലമായിരിക്കും നാം എത്തിച്ചേരുന്ന സ്വപ്ന തലവും. ഇതാണ് പോസിറ്റിവ് തിങ്കിംഗ് എന്ന് പറയുന്ന ജീവിത ക്രമത്തിന്‍റെ രഹസ്യം. ഭാരതത്തിന്‍റെ പ്രസിഡണ്ട്‌ പദം സ്വപ്നം കാണുന്നവന്‍ അത് യഥാര്‍ത്ഥമായാല്‍ എങ്ങിനെയോ അങ്ങിനെയായിരിക്കും ജീവിതത്തില്‍ പെരുമാറുക. ആരു ചോദിച്ചാലും ഞാന്‍ ഇന്ത്യന്‍ പ്രസിഡണ്ട്‌ ആയിരിക്കും എന്ന് സംശയ ലേശമന്യേ പറയുനുള്ള ആര്‍ജ്ജവവും അവനുണ്ടാവണം. ഇങ്ങിനെ ജീവിതത്തെ കരുപിടിപ്പിച്ചവര്‍ അനേകരുണ്ട്. ഇങ്ങിനെയുള്ളവര്‍ എപ്പോഴും താങ്ങും തണലുമായി കാണുന്നത് അവര്‍ക്ക് എന്ത് സഹായവും ചെയ്യാന്‍ കെല്‍പ്പുള്ള ഒരു ദൈവത്തെയായിരിക്കും.
നമ്മുടെ ആചാരാനുഷ്ടാനങ്ങള്‍ക്ക് അടിസ്ഥാനപരമായി ഉള്ള ഒരു വൈകല്യമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. നാം അറിയുന്ന ദൈവം മുകളിലെങ്ങാണ്ടാണ്, ഒരു സിംഹാസനത്തില്‍ ആസനസ്തനായിരിക്കുന്നത്. എന്തെങ്കിലും കിട്ടണമെങ്കില്‍, കടുത്ത ശിക്ഷകള്‍ ഒഴിവാകണമെങ്കില്‍ ഈ ദൈവത്തെ പ്രീതിപ്പെടുത്തെണ്ടതുണ്ടെന്നും നാം ധരിച്ചുവശായിരിക്കുന്നു. ഈ ചിന്താധാരയില്‍ നിന്ന് കൊണ്ട് ഉള്ളവന് സമൃദ്ധിയായി കിട്ടും എന്ന വചനം മനസ്സിലാക്കുവാന്‍ കഴിയില്ല. ഇവിടെ യേശു അടിവരയിട്ടു പറയുന്നത് പ്രപഞ്ചം നല്‍കുന്ന സമൃദ്ധി കാണാന്‍ കഴിയാത്തവന് ഉള്ളതും കൂടി നഷ്ടപ്പെടും എന്നാണ്. ദൈവത്തിന്‍റെ സമൃദ്ധിയും സൃഷ്ടിശേഷിയും ഒരു വിശ്വാസിയില്‍ നിന്ന് സഭ മറച്ചിരിക്കുന്നു. അനേകം തലമുറകള്‍ ആസ്വദിച്ചാലും തീരാത്തത്ര സമൃദ്ധമായ പറുദീസായാണ് ആദം എന്ന ഒരൊറ്റ മനുഷ്യനു വേണ്ടി ദൈവം സൃഷ്ടിച്ചത്. ദൈവം നമുക്ക് തന്ന വായു ശ്വസിച്ചു തീര്‍ക്കാനോ, വെള്ളം കുടിച്ചു തീര്‍ക്കാനോ മനുഷ്യരാശിക്ക് കഴിയുമോ? ഒരു മരത്തിന് നിലനില്‍ക്കാന്‍ ആവശ്യമുള്ളതിന്‍റെ എത്രയോ മടങ്ങ്‌ ഇലകളും വേരുകളും ആണ് ദൈവം അതിനു നല്‍കിയിട്ടുള്ളത്. ഒരു മനുഷ്യനിലുള്ള അവയവങ്ങള്‍ പോലും ഇപ്പോഴുള്ളതിന്‍റെ ബഹുമടങ്ങ്‌ ശേഷിയുള്ളതാണ്. പിന്നെന്തുകൊണ്ട് ദൈവത്തിന്‍റെ സമൃദ്ധിയെ വിശ്വസിക്കാതെ നാം യാചനാ പ്രാര്‍ത്ഥനകളുടെ പിന്നാലെ പോകുന്നു? ഒരു പക്ഷെ, ഈ ഒരൊറ്റ കാരണമാകാം നമ്മുടെ തകര്‍ച്ചയുടെ പിന്നില്‍.
ദൈവത്തെ അറിയുന്നവന് ഉള്ളില്‍ കടുകുമണിയോളം വിശ്വാസമെങ്കിലും കാണും. എന്‍റെ അഭിപ്രായത്തില്‍, ഓരോ നിമിഷവും ഉള്ളിലും പുറത്തും ദൈവത്തിന്‍റെ സാന്നിദ്ധ്യം തിരിച്ചറിയുന്നവന്, അവന്‍റെ ഉള്ളം കൈയ്യിലാണ് താന്‍ എന്നു തിരിച്ചറിയുന്നവന്, ദൈവം കൊടുക്കുന്ന സമ്മാനമാണ് വിശ്വാസം. പുറം മനസ്സിന്‍റെ താളലയങ്ങള്‍ക്കുമപ്പുറം മനസ്സിന്‍റെ അഗാധ തലങ്ങളില്‍ മാത്രം തളിര്‍ക്കുകയും പൂവിടുകയും ചെയ്യുന്ന ശരിയായ വിശ്വാസം എന്ന വിത്ത്‌ വിതക്കുന്നതും വളര്‍ത്തുന്നതും മറ്റാരോ. നാമൊന്നേ ചെയ്യേണ്ടതുള്ളൂ, ആ വിത്തിന് വിളയാന്‍ വേണ്ട സ്വാതന്ത്ര്യം ആ മനസ്സിന് കൊടുക്കുക. ഒരു സ്നേഹിതനായി നമ്മുടെ പ്രശ്നങ്ങളും സുഖവും ദുഖവുമെല്ലാം പങ്കുവെയ്ക്കാന്‍ കഴിയുന്ന ഒരുത്തമസഹകാരിയായി  ദൈവത്തെ നമുക്ക് കാണാന്‍ കഴിയുന്നുണ്ടോ? അതിനുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? ഉണ്ടെങ്കില്‍, വിശ്വാസം എന്താണെന്ന് നാം മനസ്സിലാക്കിയിരിക്കും.

7 comments:

  1. വിശ്വാസം എന്ന വാക്കിന്റെ ബൈബിളിലെ അർഥം എന്താണ് ? കടുകുമണിയോളം ആ വിശ്വാസം ഉണ്ടെങ്കിൽ മലകളെ മാറ്റാനാവും . വിശ്വസിക്കുന്നവന്റെ അടയാളങ്ങൾ ബൈബിൾ പ്രകാരം ഇവയാണ്
    Mk.16:17-18 "And these signs shall follow them that believe; In my name shall they cast out devils; they shall speak with new tongues; They shall take up serpents; and if they drink any deadly thing, it shall not hurt them; they shall lay hands on the sick, and they shall recover."

    Lk.10:19 "Behold, I give unto you power to tread on serpents and scorpions, and over all the power of the enemy: and nothing shall by any means hurt you." ഇതൊന്നും ചെയ്യാൻ പറ്റാത്തവർക്ക് വിശ്വാസം ഇല്ല എന്നല്ലേ അര്ത്ഥം? വിശ്വാസവർഷം പ്രഖ്യാപിച്ചവര്ക്കോ ആചരിചവർക്കൊ ഇതൊന്നും ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല .

    ReplyDelete
  2. അനൂപിന്‍റെ അഭിപ്രായം ശരിതന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. വിശ്വാസമുണ്ടെങ്കില്‍ ഒരത്ഭുതം കാണിക്കൂവെന്ന് ഒരു കത്തോലിക്കാ പുരോഹിതനോട് ഒരു അത്മായന്‍ ചോദിച്ച ഒരു സംഭവമുണ്ട്. ജപ്പാനിലാണ് ഇത് നടന്നത്. അത്ഭുതങ്ങളുടെ രഹസ്യം വിശ്വാസവുമായി ബന്ധപ്പെടുത്താന്‍ ആ വൈദികന്‍ ലോകമെങ്ങും അന്വേഷിച്ചു നടന്നു. അങ്ങിനെ കണ്ടെത്തിയതാണ് റെയ്ക്കി എന്ന ചികിത്സാ സമ്പ്രദായം എന്ന് പറയപ്പെടുന്നു. നമുക്ക് വിശ്വാസമുണ്ടെങ്കില്‍ യേശു പറഞ്ഞത് മുഴുവന്‍ അതുപോലെ ചെയ്യാന്‍ നമുക്കാവണം. അല്ലാതെ കുര്‍ബാന ചൊല്ലാനും കുമ്പസ്സാരിപ്പിക്കാനും മാത്രം പരിശീലിച്ചാല്‍ പോരാ.
    ബൈബിളിലെ വിശ്വാസം ആര്ജ്ജിക്കണമെങ്കില്‍ പുണ്യം ചെയ്യണം, അല്ലാതെ കാനോന്‍ നിയമം മുറുകെ പിടിച്ചുകൊണ്ട് മൂക്ക് കയര്‍ പൊട്ടിച്ചതുകൊണ്ട് പ്രയോജനമൊന്നുമില്ല. പുണ്യം ചെയ്യാന്‍ കഴിയണമെങ്കില്‍ ആദ്യം നല്ലൊരു ഗുരുവിനെ കണ്ടെത്തണം പിന്നെ ശിക്ഷ്യത്വം എന്താണെന്ന് പഠിക്കുകയും വേണം.

    ReplyDelete
  3. എല്ലാ ആദ്ധ്യാത്മികതയുടെയും വിശ്വാസത്തിന്റെയും അവബോധത്തിന്റെയും, അല്ലാ, സച്ചിദാനന്ദനിർവൃതിയുടെയുംപോലും കാതൽ എന്തെന്ന് ഏറ്റവും ചുരുക്കിപ്പറയാനുപകരിക്കുന്ന സമവാക്യം ഇതാണ്: 'ഞാൻ' എന്ന മറയെ നീക്കം ചെയ്യുക. Drop your ego. അന്യ വ്യക്തികളോടും പ്രകൃതിയോടും ദൈവത്തോടും അടുക്കാൻ ശ്രമിക്കുന്നവർക്ക് വിഘ്നമായി മുന്നിൽ വന്നുനില്ക്കുന്നത് ഒന്നുമാത്രം - 'ഞാൻ' എന്ന അഹംഭാവം. ദൈവം ദൈവമായി ഒരിക്കലും നമ്മെ അഭിമുഖീകരിക്കില്ല; ഒന്നുകിൽ അന്യ മനുഷ്യരിലൂടെ, അല്ലെങ്കിൽ പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങളിലൂടെയായിരിക്കും അതുണ്ടാവുക. അന്യമനുഷ്യർ എന്നെടുത്തു പറയേണ്ടതില്ല, കാരണം, മനുഷ്യനും പ്രകൃതിയുടെ ഭാഗമാണല്ലോ. ഈശ്വരനും ഈ പറഞ്ഞവക്കും ഇടയിൽ അഹം ഒരു മറയായി നില്ക്കുവോളം ഈശ്വര ചൈതന്യത്തിന്റെ പ്രകാശം അതിന്റെ (അഹത്തിന്റെ) അതാര്യതയിൽ കുടുങ്ങി തടഞ്ഞുപോകുന്നതിനാൽ ലക്ഷ്യത്തിലെത്തുകയില്ല. അത്ര നിസ്സാരമാണ് സന്തുഷ്ടിയിൽ നിന്നും മനുഷ്യനെ അകറ്റിനിറുത്തുന്ന ഘടകം എന്ന് തോന്നിയാലും, മറികടക്കാൻ മനുഷ്യന് ഏറ്റവും ആയാസമേറിയ ഘടകവും അതുതന്നെ. ആദ്ധ്യാത്മികതയെപ്പറ്റി ഇത്രയേ മനസ്സിലാക്കാനുള്ളൂ. ബാക്കി മതവേദികളിൽ നാം കേൾക്കുന്നതും പുസ്തകങ്ങളിൽ വായിക്കുന്നതുമെല്ലാം ഇത്രയും മനസ്സിലാകാത്തവർക്കായുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും മാത്രമാണ്.

    ഒരു വിശദീകരണം ഇവിടെയും നടത്തുകയാണ്. ഭൂമിയും ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങുന്നതുപോലെയാണ് ജീവാത്മാക്കൾ ഐശ്വര്യപ്രഭക്കു ചുറ്റും കറങ്ങുന്നത് എന്നു വേണമെങ്കിൽ സങ്കല്പിക്കാം. ചന്ദ്രൻ സൂര്യനും ഭൂമിക്കുമിടയിൽ വരുമ്പോൾ ഭൂമിയിൽ ഇരുട്ടുണ്ടാകുന്നതുപോലെ, ജീവാത്മാവിനും ഈശ്വരനുമിടയിൽ അഹം നിറഞ്ഞു നിൽക്കുമ്പോൾ മനുഷ്യൻ ഇരുട്ടിലാകുന്നു. നിർഭാഗ്യവശാൽ ഇതാണ് മിക്കപ്പോഴും നമ്മുടെയവസ്ഥ. അതുകൊണ്ടാണ് എവിടെനോക്കിയാലും മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളും തന്നെ സ്വാർത്ഥതയുടെ കാർമേഘം വന്നു മൂടിക്കളഞ്ഞതുപോലെ കാണപ്പെടുന്നത്. ഈ അന്ധകാരത്തെ വ്യക്തിതലത്തിൽ തിരുത്തുന്ന സത്ക്രിയയാണ് ധ്യാനം. ധ്യാനമെന്നത്, ഏറ്റവും ചെറിയ ചിന്തയിലും പ്രവൃത്തിയിലും പോലും അഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി അതിനെ ഉത്മൂലനം ചെയ്യുക എന്നതാണ്.

    ജീവിതത്തിൽ ഇതൊരു ശീലമായിത്തീർന്നവരെയാണ് ബുദ്ധന്മാർ എന്ന് വിളിക്കുന്നത്‌.
    ഈ കണ്ടെത്തലിലേയ്ക്ക് ഇടയ്ക്കിടയ്ക്ക് ചെന്നെത്തുന്നവരാണ് അന്വേഷികൾ. സ്നേഹത്തോടെയുള്ള ഓരോ പ്രവൃത്തിയും, വിശ്വാസത്തിലുറച്ച ഓരോ കാൽവയ്പ്പും അഹത്തെ തോല്പ്പിക്കുന്നതിന്റെ നിമിഷങ്ങളായി കരുതാം. കൂടുതൽ മനുഷ്യർക്ക്‌ കൂടുതൽ കൂടുതൽ അതിനുള്ള സാദ്ധ്യത കണ്ടെത്താനാവുമ്പോൾ സാമുദായം വിശുദ്ധീകരിക്കപ്പെടുന്നു. ഇതാണ് മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ അദ്ഭുതം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    Tel. 9961544169 / 04822271922

    ReplyDelete
  4. ഇത് പോലെ സത്യം കാച്ചിക്കുറുക്കി വിശദീകരിക്കപ്പെടുമ്പോള്‍, അത് വായിക്കുമ്പോള്‍, നാക്കിറങ്ങി പോകുന്നു, ചിന്തകള്‍ ചുരുങ്ങി പോകുന്നു - കൂടുതലൊന്നും എനിക്ക് പറയാനില്ല. പറയാനുള്ളതെല്ലാം പറഞ്ഞു തിര്‍ന്നിട്ടില്ലെന്നു ഇപ്പോള്‍ തോന്നുന്നില്ല. വിശ്വാസത്തെ അഹത്തെ തോല്‍പ്പിക്കുന്ന വ്യായാമം ആയി കാണാന്‍ കഴിയുക. അത് നിസ്സാര കാര്യമല്ല. തര്‍ക്കങ്ങളെല്ലാം സമാഹരിക്കപ്പെട്ടത്‌ പോലൊരു തോന്നല്‍....

    ReplyDelete
  5. സുവിശേഷങ്ങളിലെ അമൂല്യരത്നങ്ങളെ തേടിയുള്ള ഒരു യാത്രക്ക് തുടക്കം കുറിച്ചതിന് മറ്റപ്പള്ളിസാറിനോട് നന്ദി പറയുന്നു. ഓഷോയുടെ The Mustard Seed എന്ന കൃതിയെടുത്തു വീണ്ടും മറിച്ചുനോക്കിയത് ചർച്ച ഇത്രടം ആയതിനു ശേഷമാണ്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്: "ദൈവരാജ്യത്തെ ഒരു കടുകുമണിയോടുപമിക്കാം. അത് വളക്കൂറുള്ള മണ്ണിൽ വീഴുമ്പോൾ..." അതാണ്‌ വിഷയം. വിത്ത്‌ മണ്ണിൽ വീണ് അതിന് രൂപാന്തരം വന്ന് ഒരു ചെടിയുടെ പുജീവൻ തുടങ്ങുന്നതും നാമോരോരുത്തരും അഹന്തയെ മറികടന്ന് ഉള്ളിൽ ദൈവരാജ്യത്തെ സ്വീകരിക്കുന്നതും ഒന്നുതന്നെയാണ്. അതത്ര എളുപ്പം സാദ്ധ്യമാകുന്ന കാര്യമല്ല. നമ്മുടെതെന്ന് നാം കരുതുന്നതെല്ലാം - ജാഗ്രതയോടെ നമ്മൾ കാത്തുസൂക്ഷിക്കുന്ന നമ്മുടെ വിശ്വാസ സംഹിതകളും പ്രതിശ്ചായകളും അറിവും സമ്പത്തും ബന്ധങ്ങളും - വിട്ടുകളയാൻ മാത്രം അവബോധം ഉണ്ടാകുക എന്നാണർത്ഥം. ഇതെല്ലാം ചെയ്തുകഴിഞ്ഞാലും, 'ഞാൻ' അതുവരെയെത്തി എന്ന സംതൃപ്തി ഉള്ളിൽ ബാക്കികിടന്നാൽ, കലഞ്ഞവയെക്കാൽ ഒക്കെ ഹീനമായ ഒരു പ്രതിബന്ധം വീണ്ടും ബാക്കിയാവുന്നു. ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ, അവസാനത്തെ അഹംബോധവും ഉപേക്ഷിക്കുക എന്ന സാഹസികതക്കുള്ള തയ്യാർ, അത് മാത്രമേ ദൈവരാജ്യത്തെ ഓരോരുത്തരുടെയും അനുഭവമാക്കൂ. എല്ലാം നഷ്ടപ്പെട്ടവനായി, ദൈവം പോലും ഉപേക്ഷിച്ചവനായി, നാണം കെട്ടു മരിച്ചതിലൂടെയാണ് യേശു തന്റെ അവസാനത്തെ അഹംഭാവത്തെയും ഉപേക്ഷിച്ച്, ഒരു കടുകുമണി മണ്ണിൽ കുതിർന്നലിഞ്ഞു പോകുന്നതുപോലെ ഇല്ലാതായത്. അത് എല്ലാ അർത്ഥത്തിലും അവിടുന്ന് വാഗ്ദാനം ചെയ്ത ദൈവരാജ്യത്തിന്റെ ആഗമനമായിരുന്നു.

    മുമ്പെന്നോ വായിച്ചപ്പോൾ The Mustard Seedന്റെ അവസാന താളിൽ ഞാനിങ്ങനെ കുറിച്ചിരുന്നു: "മിക്കപ്പോഴും ഞാൻ സത്യമെന്ന് വിചാരിക്കുന്നതിന്റെ നേരേ വിപരീതമാണ് സത്യം. യേശുവിന്റെ വചനങ്ങളെ അക്ഷരാർത്ഥത്തിലെടുത്താൽ അവയുടെ ഉള്ളർത്ഥം നഷ്ടപ്പെടും. ക്രിസ്റ്റ്യാനിറ്റി യേശുവിനെ വാച്യാർത്ഥത്തിലെടുത്തു. നൂറ്റാണ്ടുകളായിട്ടും അതിന് യേശുവിനെ മനസ്സിലായിട്ടില്ല. വളരെ തെറ്റായി മനസ്സിലാക്കുകയും ചെയ്തു."
    അതൊന്നുകൂടെ വായിച്ച ശേഷമാണ് സമാനമായ ഒരു ചിന്ത ഫാ. സെബാസ്റ്റ്യൻ കാപ്പൻ സൂക്ഷിച്ചിരുന്നു എന്ന് കണ്ടെത്തിയത്. പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റത്തിന്റെ 'പ്രതിസംസ്കൃതിയിലെയ്ക്ക്' എന്ന കൃതിയിൽ ഇങ്ങനെ കാപ്പനെപ്പറ്റി കുറിച്ചിരിക്കുന്നു: സംഘർഷ ഭരിതമായ തന്റെ അന്വേഷണങ്ങൾ ദൈവത്തെയും ക്രിസ്തുവിനെയും സഭയെയുംകുറിച്ച് ഒട്ടേറെ മാറ്റി ചിന്തിപ്പിച്ചു. അദ്ദേഹത്തിൻറെ മനസ്സിൽ പിതാവായ ദൈവം ദിവ്യതയും ഭൂമിയമ്മയുമായി പരിണമിച്ചു. യേശുവും ക്രിസ്തുവും ഒന്നല്ലാതായി. ചരിത്രപുരുഷനായ മനുഷ്യപുത്രനെ ദൈവപുത്രനും ആരാധനാമൂർത്തിയായ ക്രിസ്തുവുമാക്കിയത് ക്രൈസ്തവസഭകളാണ്. ആ ക്രിസ്തുവിനെ സഭകള്ക്ക് വിട്ടുകൊടുത്ത്, അവസാനം വരെ അദ്ദേഹം യേശുവിനെ മുറുകെ പ്പിടിച്ചു. (താള് 22)
    തുടരും

    Tel. 9961544169 / 04822271922

    ReplyDelete
  6. തുടർച്ച:
    ഇന്ത്യയുടെ തീരങ്ങളിലെത്തിയത് മായം കലർന്ന യേശുവും യേശുവചനങ്ങളുമാണ്. കാപ്പനച്ചൻ തുടരുന്നു. അത് യവനനാഗരികതയുടെയും പിന്നെ പാശ്ചാത്യ നാഗരികതയുടെയും മൂശകളിൽ പുനർനിർമ്മിച്ചെടുത്ത യേശുവാണ്. അതുകൊണ്ടാണ് ഇന്നോളം ഇന്ത്യൻ സമൂഹത്തിൽ ക്രിസ്തുമതം ഒരു ഫോറിൻ ബോഡിയായി തുടരുന്നത്. അനുഷ്ഠാനങ്ങളുടെയും പ്രമാണങ്ങളുടെയും മതനിയമങ്ങളുടെയും കാര്യത്തിൽ അത് വൈദേശികമാണ്‌. അതിന്റെ അധികാരകേന്ദ്രവും പ്രധാന വരുമാനമാർഗ്ഗവും വൈദേശികം തന്നെ. അതംഗീകരിക്കാനൊ തിരുത്താനോ നമ്മുടെ റോമൻപണ്ഡിതർ ഇഷ്ടപ്പെടുന്നില്ല. ഇപ്പോഴത്തെ സഭാധികാര-സഭാപൗര സംഘട്ടനങ്ങൾ അതിന്റെ പേരിലാണ്.

    ഈ സ്ഥിതിവിശേഷം എത്രനാൾ തുടർന്നാലും യേശു ഉപദേശിച്ചുതന്ന ദൈവരാജ്യം നമുക്ക് കൈവരില്ല എന്നത് മനസ്സിലാക്കാനുള്ള സർഗ്ഗാത്മകത ഇവിടുത്തെ നേതൃത്വത്തിനില്ല. കടുകുമണിയുടെ ഉപമയുദ്ധരിച്ച് അവർ വചനപ്രഘോഷം നടത്തും. എന്നാൽ മൈക്കിന്റെ ഘോരശബ്ദമടങ്ങുമ്പോൾ തങ്ങളുടെ മതത്തിന്റെ പേരിൽ പഴയതിലും വലുതായി ഊതിവീർപ്പിച്ച അഹന്തകളായി വട്ടായിയും കല്ലറങ്ങാട്ടും അവരെ കേട്ടിരുന്നവരും സ്ഥലം വിടും. കാപ്പനച്ചനെപ്പോലുള്ള ധിഷണാശാലികൾ സാധാരണ വൈദികരുടെയും അവൈദികരുടെയും ഇടയിൽ അനേകരുണ്ട്. അവരെ ശ്രദ്ധിക്കാനുള്ള എളിമയോ ബൌദ്ധിക പക്വതയോ ഇല്ലാത്ത നമ്മുടെ കപടനേതാക്കൾ വിശ്വാസികളോട് ചെയ്യുന്ന അപരാധം അക്ഷന്തവ്യമാണ്‌.
    znperingulam@gmail.com

    ReplyDelete
  7. "Around us, life bursts with miracles - a glass of water, a ray of sunshine, a leaf, a caterpillar, a flower, laughter, raindrops. If you live in awareness, it is easy to see miracles everywhere. Each human being is a multiplicity of miracles. Eyes that see thousands of colors, shapes, and forms; ears that hear a bee flying or a thunderclap; a brain that ponders a speck of dust as easily as the entire cosmos; a heart that beats in rhythm with the heartbeat of all beings. When we are tired and feel discouraged by life’s daily struggles, we may not notice these miracles, but they are always there."
    Thich Nhat Hanh
    We live in the kingdom of heaven. theresiamanayath@gmail.com

    ReplyDelete