Translate

Friday, February 7, 2014

ഇതാ വീണ്ടുമൊരു തട്ടിപ്പ് (ഓശാന)





 

(ഓശാനയിൽ പ്രസിദ്ധികരിച്ച ലേഖനം ,ജനുവരി 2014)
By ജോണ്‍ താതകുന്നിൽ

അത്ഭുതമുളവാക്കുന്ന നുണകൾ പ്രചരിപ്പിക്കുക, അതിന്റെ നീലവെളിച്ചത്തിൽ ധനം സമ്പാദിക്കുക, ഇത് സഭയിൽ പണ്ടു മുതൽക്കേ നിലനിന്നു പോരുന്ന ഏർപ്പാടാണ്. തങ്ങൾ മലർന്നുകിടന്ന് തുപ്പുകയാണെന്ന് അധികാരികൾക്ക് അറിഞ്ഞുകൂടാ.

നവംബർ പതിനാറാം തിയതി മനോരമയിൽ വന്ന വാർത്തയാണ്‌  ഇതിനു പ്രേരകം. ചെമ്പൻതൊട്ടി  ഫൊറോനായിൽപ്പെട്ട വിളക്കന്നൂർ പള്ളിയിൽ  കുർബാന സമയത്ത് വൈദികന്റെ കയ്യിലെ ഒസ്തിയിൽ  യേശുവിന്റെ തിരുമുഖം. അച്ചൻ  സ്തംബ്ധനായി വിശ്വാസികളിൽ ചിലരെ കാണിച്ചു. അവരിൽ പലരും കരഞ്ഞു, പ്രാർത്ഥിച്ചു. വലിയമറ്റം പിതാവിനെ വിളിച്ച് വിവരമറിയിച്ചു. അരമനയിൽനിന്നും ആളെത്തുംവരെ ഓസ്തി അടച്ചു സൂക്ഷിച്ചു വച്ചു. മെത്രാൻ തിരുമേനിയുടെ പ്രതിനിധിയെത്തി. എല്ലാവർക്കും കാണാവുന്നതുപോലെ ഓസ്തി വയ്ക്കാൻ ഏർപ്പാടായി. അങ്ങനെയാവാം പത്രത്തിൽ യേശുരൂപമുള്ള ഒസ്തിയുടെ ചിത്രവും വന്നു. വിളക്കന്നൂർ പള്ളിയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. 

പണ്ടുകാലത്ത് നിലയ്ക്കൽ ഭാഗത്തുനിന്നും എട്ടു വീട്ടുകാർ ഇന്നത്തെ കാഞ്ഞിരപ്പള്ളിയിലേക്കു പോന്നു. അവർ ക്രൂശിതനായ യേശുവിന്റെയും യേശുവിന്റെ മൃതദേഹം മടിയിൽ കിടത്തിയിട്ടുള്ള വ്യാകുലമാതാവിന്റെയും രൂപങ്ങൾ കൊണ്ടുപോരുകയും ചെയ്തു. അവ രണ്ടും ഒരു കാഞ്ഞിരമരത്തിൽ ചാരിവച്ചു. അവിടൊരു ഷെഡുണ്ടാക്കി, അതു പള്ളിയാക്കി. അങ്ങനെയാണ് ഇന്നത്തെ കാഞ്ഞിരപ്പള്ളിയുടെ ഉത്ഭവം.

ചിറ്റാറിന്റെ  കിഴക്കും പടിഞ്ഞാറുമായി എട്ടു കുടുംബങ്ങളും തമ്പടിച്ചു. കാടുവെട്ടി കൃഷികൾ നടത്തി. പള്ളിനന്നാക്കാൻ ശ്രമിക്കുന്നുമുണ്ട്.  നിലയ്ക്കലിൽനിന്നും കൊണ്ടുപോന്ന രൂപങ്ങൾ ഒന്ന് നന്നാക്കണം. ഒരു പെയ്ന്റർ വന്നു. ക്രൂശിതരൂപം എടുത്ത് ചായം പൂശാനായി പഴകിയ ചായം ഇളക്കി മാറ്റണം. യേശുവിന്റെ കാൽ നഖത്തിൽ കത്തികൊണ്ടു ചുരണ്ടി. അതാ രക്തം പൊടിയുന്നു. പെയിന്റർക്ക്‌ തലചുറ്റൽ!  ഏതാനും തുള്ളി തിരുരക്തം തറയിൽ വീണു. അവസാനതുള്ളിയും ഗാഗുൽത്തായിൽ ചൊരിഞ്ഞു കഴിഞ്ഞു എന്നാണ് എഴുതപ്പെട്ടിട്ടുള്ളത്‌.  കാഞ്ഞിരപ്പള്ളിക്കാർക്കായി അല്പ്പം ബാക്കിയുണ്ടായിരുന്നു എന്നു കരുതാം. എന്തായാലും വാർത്ത കാട്ടുതീപോലെ പടർന്നു. കേട്ടവർ കേട്ടവർ ഓടിക്കൂടി.

ഇന്ന് വിളക്കുന്നൂരിൽ  ജനമെത്തുന്നത് നല്ല നല്ല വാഹനങ്ങളിലാണ്. അന്ന് കാഞ്ഞിരപ്പള്ളിയിലെത്തിയത് അക്ഷരാർത്ഥത്തിൽ ഒടിയിട്ടുതന്നെ. തിരുരക്തം വീണിടത്തുനിന്നും എല്ലാരും കിട്ടുമ്പോലെ മണ്ണ് നുള്ളിയും വാരിയും കൈക്കലാക്കി. കുറേശ്ശെ ഭക്ഷിച്ചു. ബാക്കി വീട്ടിലിരിക്കുന്നവർക്കായി  കൊണ്ടുപോയി.

അന്ന് വികാരിയച്ചന് അലിഖിതമായിട്ടാണെങ്കിലും പോലീസധികാരവും ഉണ്ടായിരുന്നതിനാൽ സ്ഥലത്ത് പോലീസെത്തിയതായിട്ടറിവില്ല. മേൽപ്പറഞ്ഞ എട്ടു കുടുംബക്കാരിൽ ഒന്ന് 'പടന്നമാക്കൽ'   എന്നറിയപ്പെടുന്നു. ആ കുടുംബത്തിലാണ് എന്റെ പിതാമഹി ജനിച്ചു വളർന്നത്‌. അമ്മയുടെ അമ്മ പുത്തൻപുരയിൽ അംഗവും. അവർ രണ്ടാളും ഒരുമിച്ച് സ്കൂളിൽ പോയിരുന്നപ്പോൾ ആയിരുന്നു സംഭവം. അവരും തിരുരക്തം വീണ മണ്ണ് നുള്ളിത്തിന്നിരുന്നു. .

നുള്ളിയും വാരിയും അവിടം കുളമായി. ചിറ്റാറിന്റെ തീരമല്ലേ? ആ കുഴിയിൽ വെള്ളം നിറയുന്നു. പിന്നെ അവിടം മൂടി.

അവിടംമുതൽ ഇങ്ങോട്ട് ഒത്തിരിയൊത്തിരി അത്ഭുത നുണകൾ  കേട്ടും കണ്ടും മനസിലായിട്ടുണ്ട്. പരി.കന്യാമറിയം കേരളത്തിൽ ഒടുവിൽ  പ്രത്യക്ഷപ്പെട്ടത്‌ പാലക്കാടിനടുത്ത കള്ളിക്കോട് എന്ന സ്ഥലത്താണെന്നാനറിവ്. 

ഒട്ടനവധി ഭക്തർ അവിടേയ്ക്ക് ഓടിയെത്തി. എന്റെ അടുത്ത സുഹൃത്തായിരുന്ന ഒരു വികാരിയച്ചനും മറ്റു പലരും റാണി ജോണിന്റെ അസ്ഥാനത്ത് മാതാവ് പ്രത്യക്ഷപ്പെടാറുള്ള ഒരു ശനിയാഴ്ച ദിവസം പോയി വന്നു. അവരെ ഞാൻ കണ്ടു. മാതാവ് വന്നിരുന്ന മുറിയിൽ അവർക്ക് നല്ല ഗന്ധം അനുഭവപ്പെട്ടു എന്നല്ലാതെ മാതാവിനെ അവരാരും കണ്ടില്ല. ഇത്തരം അത്ഭുതം ഉളവാക്കുന്ന കുറെനുണകൾ അല്ലാതെ ഒന്നും ഒന്നും -ങേ- ങ്ഹെ-

അത്തരം കഥകളെക്കൊണ്ട് തിരുസഭയെ നിലനിർത്താനാവുമോ? ഈ പുത്തൻ യുഗത്തിൽ ഒരു ഒസ്തിയിൽ തിരുമുഖം കണ്ടത് അത്ഭുതമായി കരുതുന്നില്ല. ആ പള്ളിയിൽ പിന്നെയുമില്ലേ ഒസ്തികൾ.?
 
രാജ്യം മുഴുവൻ,   ലോകം നിറയെ ഒസ്തികളുണ്ട്. വിളക്കന്നൂർ പള്ളിയിലെ ഒരൊറ്റ ഒസ്തിയിൽ മാത്രം തിരുമുഖം. ഒരു വിശ്വാസിയുടെ വിശ്വാസത്തിനു  നിരക്കുന്നതല്ല ഈ വിശ്വാസം.!

              

1 comment:

  1. മനുഷ്യരക്തം നുകരുന്ന ഈ സ്ത്രീയുടെ വീഡിയോ കണ്ടയുടൻ എന്റെ മനസ്സിൽ ആദ്യം വന്ന വാക്കു് 'disgusting' എന്നാണ്. ഈ പ്രക്രീയയെ ജോണ്‍ പോൾ രണ്ടാമൻ ജീവിച്ചിരുന്നപ്പോൾ സത്യമെന്ന് സാക്ഷിപ്പെടുത്തിയിട്ടുണ്ട്. സഭയുടെ അനുവാദത്തോടെ ഈ സാത്താന്റെ സേവ നടത്തി അല്മേനികളുടെ അറിവിന്റെ പാപ്പരത്വത്തെ പുരോഹിത ലോകം മുതലെടുക്കുകയാണ്. പുറത്താക്കപ്പെട്ട തട്ടിൽ ബിഷപ്പിന്റെ വളർത്തു മകൾ ഇങ്ങനെ വായിൽക്കൂടി രക്തം വമിച്ച് പ്രവചനം നടത്താറുണ്ടായിരുന്നുവെന്നും വായിച്ചിട്ടുണ്ട്. എന്താണെങ്കിലും ഇതൊരുതരം കൊടും ബിംബാരാധാന, തട്ടിപ്പ് തന്നെ. പഴയ നിയമത്തിലെ പ്രാകൃതഗോത്രങ്ങൾ പോലും മനുഷ്യരക്തം കൊണ്ടുള്ള ബലിയെ എതിർത്തിരുന്നു.

    കാട്ടിൽ വളരുന്ന സ്ത്രീയാണെങ്കിലും മനുഷ്യ രക്തം കുടിക്കാൻ തയാറാവിവില്ല. കാളിയുടെ വായിൽ നിന്നും രക്തം വാരുന്നതായി ഇതിഹാസങ്ങളിൽ വായിച്ചിട്ടുണ്ട്. ഈ സ്ത്രീയുടെ വീട്ടിൽ അഞ്ചും ആറും പുരോഹിതർ കൂടിയാണ് ദിവസവും കുർബാന അർപ്പിക്കുന്നത്. നല്ല ആദായമുള്ള കൊയ്ത്തുമാണല്ലോ. ലോകത്തിലെ ഭ്രാന്തൻ സഭയെന്ന ബഹുമതി ഇതിനകം കത്തോലിക്കാ സഭ നേടിക്കഴിഞ്ഞു. സ്വയം മുറിവുണ്ടാക്കി പുണ്യാളനായവരും സഭാ ചരിത്രത്തിലുണ്ട്. കർത്താവിന്റെയോ ഇടത്തു ഭാഗത്തുള്ള കള്ളന്റെയോ മുഖത്തിട്ട പഴുന്തുണിയ്ക്ക് കിട്ടിയ നവരത്നങ്ങൾക്ക് കണക്കില്ല. കാഞ്ഞിരപ്പള്ളിയിലെ മണ്ണുതീനി കഥകൾ ഞാനും ചെറുപ്പകാലങ്ങളിൽ കേട്ടിട്ടുണ്ട്. എന്റെ പിതാമഹൻ ജീവിച്ചിരുന്ന കാലത്ത് ചെറിയ കുപ്പിയിൽ ഈ മണ്ണ് സൂക്ഷിച്ചിരുന്നതും ഓർക്കുന്നുണ്ട്. ആ മണ്ണ് രോഗ നിവാരണത്തിന് നല്ലതെന്ന് അദ്ദേഹവും വിശ്വസിച്ചിരുന്നു.

    ReplyDelete