Translate

Thursday, February 23, 2012

അക്രൈസ്തവനായ യേശുവിനെ തേടി

അക്രൈസ്തവനായ
യേശുവിനെ തേടി
ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍
ധന്യവും അര്‍ത്ഥവത്തുമായ ജീവിതമാണ് ഏവരും കാംക്ഷിക്കുന്നത്. എന്നാല്‍, അതിന്നുതകുന്നതല്ല നിലവിലുളള ജീവിതസാഹചര്യങ്ങള്‍. മനുഷ്യന്റെ നൈസര്‍ഗികവികാസത്തെ തടയുന്ന ശക്തികള്‍ അനവധിയാണ്. അവയില്‍ ഒന്നായി മതത്തെ കാണുന്നവരുണ്ട്. എത്രവേഗം മതം വേരറ്റുപോകുന്നുവോ അത്രയും നന്ന് മനുഷ്യഭാവിക്ക് എന്നാണ് അവരുടെ നിലപാട്. മറ്റുചിലരുടെ കാഴ്ചയില്‍, നീതിക്കു നിരക്കാത്ത സാമൂഹികവ്യവസ്ഥകളെ സാധൂകരിക്കാനും ബലവത്താക്കാനും മതം സഹായിച്ചിട്ടുണ്ടെങ്കിലും മനുഷ്യനെ മോചിപ്പിക്കാനും മാനവീകരിക്കാനും വേണ്ട ഊര്‍ജ്ജവും ആവേശവും പകര്‍ന്നുകൊടുക്കാന്‍ നേരായ മതവിശ്വാസത്തിനു സവിശേഷമായൊരു കഴിവുണ്ട്. ഈ ചിന്താരീതിയോടുളള ആഭിമുഖ്യമാണ് മനുഷ്യവിമോചനത്തില്‍ യേശുവിന്റെ പ്രസക്തിയെക്കുറിച്ച് അന്വേഷണം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.
ഈ അന്വേഷണത്തിനു പിന്നില്‍ രണ്ടു നിയാമക തത്വങ്ങളുണ്ട്.
1. യേശുസന്ദേശത്തിന്റെ മൂലരൂപത്തിലേക്കു തിരിച്ചുചെല്ലുക.
2. അതേ സന്ദേശത്തെ സമകാലീന മനുഷ്യന്റെ സ്വയംധാരണയുടെ വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനിക്കുക.
തുടര്‍ന്നു വരുന്ന അന്വേഷണത്തില്‍ നിന്നുതന്നെ ഈ തത്വങ്ങളുടെ സാധുത വെളിവാകുമെന്നാണ് എന്റെ വിശ്വാസം. അന്വേഷണത്തില്‍ പങ്കുചേരാന്‍ അനുവാചകര്‍ക്ക് സഹായകമാകുമെന്നു തോന്നിയ ചില കാര്യങ്ങള്‍ മാത്രം വിശദീകരിക്കയാണ് ഈ അദ്ധ്യായത്തിന്റെ ലക്ഷ്യം.
ചരിത്രപുരുഷനായ യേശുവിലേക്കു പോകണമെന്നു പറയാന്‍ കാരണമിതാണ്: യേശുവിന്റെ സന്ദേശത്തിന്റെ മൂലരൂപമാണ്, അതിന്റെ പില്‍ക്കാലവ്യാഖ്യാനങ്ങളെക്കാള്‍, നമുക്കിന്ന് ഏറെ പ്രസക്തം. വ്യാഖ്യാനങ്ങള്‍ ആ സന്ദേശത്തെ നിര്‍വീര്യമാക്കുകയോ വളച്ചൊടിക്കയോ ആണു ചെയ്തത്. ഇതു മനസ്സിലാക്കാന്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമാണ്.
തനിക്കുതാനന്യനായ യേശു
ക്രിസ്തീയ വിശ്വാസവും ക്രിസ്തീയ പ്രയോഗവും ചരിത്രവ്യക്തിയായ യേശുവില്‍ നിന്ന് അകന്നുപോയത് മൂന്നു തലങ്ങളിലാണ് - ആരാധനയുടെയും വിശ്വാസസത്യങ്ങളുടെയും സ്ഥാപനങ്ങളുടെയും തലത്തില്‍.
ആരാധനാതലത്തിലാണ് ആദ്യമായി അപവികാസം വന്നത്. യേശു നീതിക്കും കാരുണ്യത്തിനും സ്‌നേഹത്തിനുമാണ് പ്രാഥമ്യം നല്‍കിയത്, ആരാധനാവിഷയമായി സ്വയം പ്രതിഷ്ഠിച്ചുമില്ല. ആരാധനാരൂപത്തിലുളള - ആ വാക്കിന്റെ സാമ്പ്രദായികാര്‍ത്ഥത്തില്‍ - ഒന്നും അദ്ദേഹം സ്ഥാപിച്ചതുമില്ല. പക്ഷേ, യേശു മരിച്ച് ഏറെനാള്‍ കഴിഞ്ഞില്ല, തന്നെ കേന്ദ്രപ്പെടുത്തി ആരാധനാനുഷ്ഠാനങ്ങള്‍ രൂപം കൊളളാന്‍ തുടങ്ങി. എന്നാല്‍, വാസ്തവത്തില്‍, ആരാധനാവിഷയം ചരിത്രപുരുഷനായ യേശുവായിരുന്നില്ല, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് 'പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന', ചരിത്രാതീതനും നിത്യനും നിര്‍വികാരനുമായ ക്രിസ്തുവായിരുന്നു. ക്രൈസ്തവഭക്തി അദ്ദേഹത്തെ മനുഷ്യരില്‍ നിന്നകറ്റി മതേതരലോകത്തിന്റെ പുറമ്പോക്കില്‍ ദേവാലയത്തിലെ സക്രാരിക്കുളളില്‍ അടച്ചുപൂട്ടി. അവിടെ മെഴുകുതിരികളും തീര്‍ത്ഥജലവും പൂക്കളും ധൂമവും കൊണ്ട് സജ്ജീകൃതമായ പാര്‍പ്പിടം ഒരുക്കിക്കൊടുത്തു. കൂടാതെ, അയിത്തം പാലിക്കുന്ന, പാപികളില്‍ നിന്നും ചുങ്കക്കാരില്‍ നിന്നും ഒഴിഞ്ഞുമാറുന്ന, സാധാരണരുടെ ലോകത്തെ അവജ്ഞാപൂര്‍വം വീക്ഷിക്കുന്ന, ഒരുവനായി അദ്ദേഹത്തെ ചിത്രീകരിക്കാനും തുടങ്ങി. മാത്രമല്ല, യേശുവിന്റെ മരണത്തിന് മാനുഷിക ദുരന്തത്തിന്റേതായ അര്‍ത്ഥസാന്ദ്രത നഷ്ടപ്പെട്ടു; അത് ഉയിര്‍പ്പിന്റെ മുന്നുപാധിയായി തരം കെട്ടു. ഇതുകൊണ്ടും നിന്നില്ല ഭക്തിവരുത്തിവച്ച കെടുതികള്‍. അത് യേശു എന്ന സമഗ്രപ്രതിഭാസത്തെ വെട്ടിമുറിച്ചു. പിന്നെ, ഓരോ അംശത്തെയും ചൂഴ്ന്ന് ഭക്തിമുറകള്‍ രൂപംകൊളളാന്‍ തുടങ്ങി - തിരുഹൃദയഭക്തി, അഞ്ചു തിരുമുറിവുകളോടുളള ഭക്തി, മുള്‍മുടിയോടുളള ഭക്തി, ഇങ്ങനെ പലതും. മദ്ധ്യയുഗങ്ങളോടെ യേശുവിന്റെ പ്രവചനപ്രസ്ഥാനം ഭക്തിപ്രധാനമായ മതമായിമാറി. നീതിയും സ്‌നേഹവും രണ്ടാം നിരയിലേക്കു തളളപ്പെട്ടു.
സമാനമായ ഒരപഭ്രംശം വിശ്വാസത്തിന്റെ തലത്തിലുമുണ്ടായി. സമവീക്ഷണസുവിശേഷങ്ങള്‍(synoptic gospels) വരച്ചുകാട്ടുന്ന യേശു നമ്മിലാരെയുംപോലെ ഒരുമനുഷ്യനാണ്; മാംസവത്തായ വചനം എന്നതിനെക്കാള്‍ വചനമായിത്തീര്‍ന്ന മാംസമാണ്. സ്‌നേഹിക്കപ്പെടുന്നതിലൂടെ താന്‍ സ്‌നേഹിക്കാന്‍ പഠിച്ചു; മറ്റുളളവരുടെ 'നീ' എന്ന വിളികേട്ട് 'ഞാന്‍' എന്ന ബോധത്തിലേക്കു വളര്‍ന്നു. അവരുമായുള്ള സംസര്‍ഗം അദ്ദേഹത്തെ സഹിഷ്ണുതയും സഹാനുഭൂതിയും ഉളളവനാക്കി. മനുഷ്യര്‍ തനിക്ക്, ജീവിതത്തിലെ വിഷമാവസ്ഥകളില്‍ പ്രത്യേകിച്ചും, ഒരാവശ്യമായിത്തീരത്തക്കവണ്ണം അത്ര ആഴത്തില്‍ അവരില്‍ വേരൂന്നി. മാനുഷികമായ എല്ലാറ്റിനോടും പ്രതിസ്ഫന്ദിച്ച അദ്ദേഹം സ്ത്രീസൗഹൃദത്തെ വിലമതിച്ചു; ശിശുക്കളെയും വീഞ്ഞിനെയും ലില്ലിപ്പൂക്കളെയും സ്‌നേഹിച്ചു, സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കയും കരയുന്നവരോടുകൂടി കരയുകയും ചെയ്തു. ഏതു മനുഷ്യനെയും പോലെ വിജ്ഞാനത്തിലും മനുഷ്യന്റെയും ഈശ്വരന്റെയും പ്രീതിയിലും വളരേണ്ടിയിരുന്നു അദ്ദേഹത്തിന്.(ലൂക്കാ 2:52). യേശു ഒരു സത്യാന്വേഷകനായിരുന്നു - തന്നെ സൃഷ്ടിച്ച ദൈവത്തെ തേടി നടന്നവന്‍. ഒടുക്കം യോര്‍ദാന്‍ നദിയുടെ തീരത്തുവച്ച് അദ്ദേഹം ദൈവത്തെ കണ്ടെത്തി. സ്‌നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ച ദിവസം സ്രഷ്ടാവ് അദ്ദേഹത്തെ കടപിഴുതുകൊണ്ടുപോയി; അയാള്‍ക്കു പുതിയൊരു മനസ്സും ഹൃദയവും നല്‍കി. അന്നു മുതലാണ് ദൈവരാജ്യത്തിന്റെ കാഴ്ചവെട്ടത്തില്‍ അദ്ദേഹം ലോകത്തെ കാണാന്‍ തുടങ്ങിയത്. എന്നാല്‍ അവിടെയും നിലച്ചില്ല തന്റെ അന്വേഷണം. ഈശ്വരനോടുളള ബന്ധത്തെ ആഴത്തില്‍ കണ്ടറിയുകയും തന്റെ ജീവിതധര്‍മ്മത്തെപ്പറ്റി വ്യക്തത ആര്‍ജിക്കയും വേണ്ടിയിരുന്നു. അതിനാണദ്ദേഹം മരുഭൂമിയിലേക്കു പോയത്. അവിടെവച്ച് തന്റെ അന്തരാത്മാവില്‍ ഇരുട്ടും വെളിച്ചവും തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ പ്രതീകാത്മക ആവിഷ്‌കാരമാണ് മരുഭൂമിയിലെ 'പ്രലോഭനങ്ങള്‍'.
സ്വന്തം പരിമിതികളെപ്പറ്റി തികച്ചും ബോധവാനായിരുന്നു യേശു. ദൈവരാജ്യം എന്നു വരും എന്ന ചോദ്യത്തിന് ' ആ ദിവസമോ മണിക്കൂറോ ആര്‍ക്കും അറിയില്ല; ദൈവദൂതന്മാര്‍ക്കോ ദൈവപുത്രനോ പോലും അറിയില്ല; പിതാവിനു മാത്രമേ അതറിയാവൂ''(മര്‍ക്കോസ് 13:32) എന്നായിരുന്നു യേശുവിന്റെ മറുപടി. അതുപോലെ, വരാനിരിക്കുന്ന നവയുഗത്തിന്റെ വരങ്ങള്‍ സ്വേച്ഛാനുസാരം വിതരണം ചെയ്യാന്‍ തനിക്കധികാരമില്ലെന്ന് യേശു തുറന്നു പറഞ്ഞു (മര്‍ക്കോസ് 10:40). തന്റെ വ്യക്തിവിലാസം ദിവ്യതയെ പ്രസരിപ്പിച്ചിരുന്നെങ്കിലും ദൈവത്തിനു സമനാകാന്‍ യേശു ഇച്ഛിച്ചില്ല എന്ന പൗലോസിന്റെ പ്രസ്ഥാവം(ഫിലിപ്പിയര്‍ 2:6) ഇവിടെ ശ്രദ്ധേയമാണ്. തന്നെ 'നല്ലവനായ ഗുരോ' എന്നു വിളിച്ച യുവാവിനോട് യേശു പറഞ്ഞത് ഇതാണ്: ' എന്തേ എന്നെ നല്ലവനെന്നു വിളിക്കാന്‍? ഈശ്വരനല്ലാതെ ആരുമില്ല നല്ലവനായി'(മര്‍ക്കോസ് 10:17-18). വിഭിന്നവും വിരുദ്ധവുമായ വികാരങ്ങള്‍ക്കു വിധേയനായിരുന്നു അദ്ദേഹം. കപടഭക്തരുടെ മുമ്പില്‍ തന്റെ ധാര്‍മ്മിക രോഷം ശാപവാക്കുകളായി നിര്‍ഗ്ഗളിച്ചു. സ്വപിതാവിന്റെ ഭവനമായ അമ്പലത്തിലെ ക്രയവിക്രയങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം അമര്‍ഷം പൂണ്ടു. ജറൂസലേമില്‍ നേരിടാന്‍ പോകുന്ന ദുരന്തഭാഗധേയത്തിനു മുമ്പില്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടത് കൊടിയ ആന്തരസംഘര്‍ഷമാണ്. 'എനിക്കൊരു ജ്ഞാനസ്‌നാനത്തിനു വിധേയനാകേണ്ടതുണ്ട്. ആ പരീക്ഷണം തീരും വരെ ഞാന്‍ ഏറെ അസ്വസ്ഥനായിരിക്കും'(ലൂക്കാ 12:50). മരണസാധ്യത അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. ' മരിക്കുവാമ്മാറ് എന്റെ ആത്മാവ് ദുഃഖിതമായിരിക്കുന്നു.''(മര്‍ക്കോസ് 14:34). തന്നെ മരണത്തില്‍ നിന്നു രക്ഷിക്കണേ എന്ന് യേശു ദൈവത്തോടു കേണപേക്ഷിച്ചതായി ഹെബ്രായര്‍ക്കുളള ലേഖനവും രേഖപ്പെടുത്തിയിരിക്കുന്നു.(ഹെബ്രായര്‍ 5:7).
നമ്മിലൊരുവന്‍ ആയിരിക്കെത്തന്നെ എല്ലാറ്റിലും നമ്മെ അതിശയിക്കുന്ന ഈ യേശു എവിടെ, വിശ്വാസസത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന യേശു എവിടെ. രണ്ടാമത്തവന്‍ യവന-റൊമാന ചിന്തയുടെ മൂശയില്‍നിന്നു വാര്‍ന്നു വീണ യേശുവാണ്, അന്തഃസത്തചോര്‍ന്നുപോയ യേശുവാണ്. താന്‍ വാര്‍ന്നുവീണതോ, അമൂര്‍ത്താശയങ്ങളായിട്ടും. വ്യക്തിത്വം, സ്വഭാവം, ശരീരം, ആത്മാവ്, ഗുണം, ഗണം, അസ്തിത്വം, സത്ത, തുടങ്ങിയവ. ആരാധന പ്രവൃത്തിയുടെ തലത്തില്‍ വരുത്തിവച്ചത്, ദൈവവിജ്ഞാനീയം ചിന്തയുടെ തലത്തില്‍ വരുത്തിവച്ചു. കുറേ സാമാന്യാശയങ്ങളുടെ ആകത്തുക മാത്രമായി യേശു. പിന്നെ തലനാരിഴ കീറലായി. കേള്‍ക്കൂ: യേശു എന്ന ഏക ദൈവിക വ്യക്തിയില്‍ രണ്ടു സ്വഭാവങ്ങള്‍ ഉണ്ടുപോലും - ഒന്ന് ഈശ്വരീയവും മറ്റത് മാനുഷികവും. ത്രിത്വത്തിലെ രണ്ടാമത്തെയാള്‍ എന്ന നിലയ്ക്ക് യേശു പിതാവിനോടും പരിശുദ്ധാത്മാവിനോടും ഒപ്പം ഒരേ സത്തയ്ക്ക് ഉടമയാണ്. ഇതു പില്‍ക്കാലത്ത് വിവാദങ്ങള്‍ക്കു വഴിവച്ചു. പുത്രന്‍ പിതാവില്‍ നിന്നു മാത്രമാണ് ഉറവെടുക്കുന്നതെന്ന് ഒരുകൂട്ടര്‍; അല്ല, പിതാവില്‍നിന്നും പരിശുദ്ധാത്മാവില്‍നിന്നുമാണെന്ന് വേറൊരു കൂട്ടര്‍. വന്ധ്യമായ ഈ വാദങ്ങള്‍ക്കിടയില്‍ യേശുവിന്റെ മനുഷ്യത വിസ്മൃതിയിലാണ്ടു. തനിക്കു മനുഷ്യ സ്വഭാവമുണ്ടെന്ന് വിശ്വാസപ്രമാണവും ദൈവവിജ്ഞാനീയവും പ്രഖ്യാപിച്ചു എന്നതു ശരിതന്നെ. പക്ഷേ, രണ്ടും തന്റെ മനുഷ്യവ്യക്തിത്വത്തെ നിഷേധിച്ചു. ഇങ്ങനെ മതചിന്ത കാടു കയറി. ഇതിന്റെയെല്ലാം പ്രതിഫലനം ക്രൈസ്തവ വേദാധ്യാപനത്തിലും കാണാം. സാധാരണക്കാരുടെ നോട്ടത്തില്‍, മനുഷ്യനായി വേഷംകെട്ടിയ ഈശ്വരനാണ് യേശു. അദ്ദേഹം വിജ്ഞാനത്തില്‍ വളര്‍ന്നുവെന്ന് വി. ലൂക്കാ എഴുതിയിട്ടുണ്ടെങ്കിലും അതു തികച്ചും ശരിയല്ല. ദൈവമായതിനാല്‍ ശൈശവം മുതലേ സര്‍വജ്ഞനായിരുന്നിരിക്കണം. യേശു പീലാത്തോസിന്റെ കാലത്ത് പീഡനമനുഭവിച്ചെന്ന വിശ്വാസപ്രമാണവും ശരിയാവാന്‍ വഴിയില്ല. സച്ചിദാനന്ദസ്വരൂപനു പീഡനമനുഭവിക്കാന്‍ കഴിയുന്നതെങ്ങനെ? സാധാരക്കാര്‍ സുവിശേഷം വായിക്കാറില്ലായിരുന്നു. വായിച്ചപ്പോഴെല്ലാം യേശുവിന്റെ മനുഷ്യതയെ ഊന്നുന്ന പ്രസ്താവങ്ങളുടെ നേരെ കണ്ണടക്കയാണു ചെയ്തത്. ചിന്തിക്കുന്നവരാവട്ടെ, അവയെ വ്യാഖ്യാനിച്ചു വളച്ചൊടിച്ചു. ചുരുക്കത്തില്‍ ഭക്തി യേശുവെ മാനവസമവായത്തില്‍ നിന്നു മാറ്റി ലോകത്തിന്റെ പുറമ്പോക്കില്‍ കുടിയേറ്റിയെങ്കില്‍, പ്രാമാണിക വിശ്വാസം അദ്ദേഹത്തെ ഉണങ്ങി വരണ്ട ആശയങ്ങളുടെ ലോകത്തിലേക്കു നാടുകടത്തി.
ഭക്തിയെയും മതാധ്യാപനത്തെയും പോലെതന്നെ സ്ഥാപനീകരണവും യേശുവിന്റെ ഇമേജിനെ വികലമാക്കി. തന്റെ പരിവ്രാജക ജീവിതത്തിന്റെ തുടക്കം മുതലേ എല്ലാ അധികാരത്തെയും നിരാകരിച്ചവനായിട്ടാണ് സുവിശേഷങ്ങള്‍ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. നവയുഗത്തിലേക്കുളള വഴി അധികാരത്തിലൂടെയാണെന്ന് യേശു വിശ്വസിച്ചില്ല. താന്‍ തുടങ്ങിവച്ച പ്രവാചകപ്രസ്ഥാനത്തിന്റെ നട്ടെല്ല് യവന-റൊമാന ലോകത്തിലെ ദരിദ്രരായിരുന്നു. അവരാകട്ടെ, യാതൊരു രാഷ്ട്രീയ സ്വപ്നവും വച്ചുപോറ്റിയിരുന്നുമില്ല. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാഷ്ട്രമതമായി പ്രഖ്യാപിച്ചതോടെ സ്ഥിതിയാകെ മാറി. ക്രൈസ്തവസമൂഹങ്ങള്‍ പ്രത്യേകം അവകാശങ്ങളും ആനുകൂല്യങ്ങളും പിടിച്ചുപറ്റി. അങ്ങനെ മരുഭൂമയില്‍വച്ച് യേശു തരണം ചെയ്ത പ്രലോഭനത്തിന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എളുപ്പം അടിയറവച്ചു. അതോടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കാന്‍ തുടങ്ങി സഭ. സ്ഥാപനങ്ങള്‍ പെരുകി. നൂറ്റാണ്ടുകള്‍ വേണ്ടിവന്നു രാഷ്ട്രീയജീവിതത്തിന് സഭയുടെ കോയ്മയില്‍ നിന്നു വിടുതല്‍ നേടാന്‍. അതിനു ശേഷവും വിദ്യാലയങ്ങള്‍, കലാശാലകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെമേലുളള സഭയുടെ പിടി അയഞ്ഞില്ല. മറിച്ച് പുത്തന്‍ പുത്തന്‍ സ്ഥാപനങ്ങള്‍ പൊന്തിവരാന്‍ തുടങ്ങി. ഫലമോ, ഇന്ന് ഓരോ പ്രാദേശികസഭയ്ക്കും അതിന്റേതായ സ്ഥാപനസാമ്രാജ്യമുണ്ട്. സ്ഥാപനങ്ങളില്‍ മിക്കവയ്ക്കും യേശുസന്ദേശത്തോട് പൊക്കിള്‍കൊടി ബന്ധം പോലുമില്ലതാനും. അവയെ നിര്‍ണയിക്കുന്നത് മുതലാളിത്തത്തിന്റേതായ മൂല്യങ്ങളാണ് - സ്വകാര്യതാല്പര്യവും മാത്സര്യവും ഹിംസാത്മകതയും അധികാരാസക്തിയും മറ്റും. മാത്രമല്ല, അവ മതേതര മേഖലകള്‍ക്ക് അവയര്‍ഹിക്കുന്ന സ്വായത്തത അനുവദിച്ചു കൊടുക്കുന്നുമില്ല. അക്കാരണത്താല്‍ത്തന്നെ ആധിപത്യത്തിന്റെ ഉപകരണങ്ങളായി അവ മാറുന്നു. അങ്ങനെ, വിചിത്രമായ ഒരു ചരിത്രവിപര്യയത്തിലൂടെ യേശു പ്രഖ്യാപിച്ച വിമോചകസന്ദേശം സ്ഥാപനരൂപത്തിലുളള അസ്വതന്ത്രതയ്ക്കു വളംവച്ചുകൊടുത്തു. സ്ഥാപനങ്ങള്‍ യേശുവിന്റെ ഇമേജിനു കളങ്കം വരുത്തുക മാത്രമല്ല, തന്റെ സന്ദേശത്തിന്റെ വിപ്ലവശക്തിയെ ചോര്‍ത്തിക്കളയുകയും ചെയ്തു.
ഇതിന്റെയെല്ലാം ദുരന്തഫലമെന്തെന്നോ? തന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്നവരുടെ ഇടയില്‍പ്പോലും യേശു ഒരജ്ഞാത മനുഷ്യനായി നിലകൊള്ളുന്നു. കുന്നുകൂടിയ ആചാരാനുഷ്ഠാനങ്ങളുടെയും നിയമങ്ങളുടെയും ഇതിഹാസങ്ങളുടെയും മിത്തുകളുടെയും അന്ധവിശ്വാസങ്ങളുടെയും അടിയില്‍ അമര്‍ന്നു കിടക്കയാണ് അദ്ദേഹം. പാരമ്പര്യങ്ങളുടെ എണ്ണമററ ചരടുകൊണ്ട് തന്റെ കൈകാലുകള്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു. തന്റെ ശബ്ദത്തെ അവര്‍ അമര്‍ത്തിയൊതുക്കി, ചേതനയെ വീര്‍പ്പുമുട്ടിച്ചു. യേശു ഇന്നും മനുഷ്യരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അത് ഔദ്യോഗികസഭയിലൂടെ എന്നതിനെക്കാള്‍ ആത്മാര്‍ത്ഥതയുള്ള വിമത ക്രൈസ്തവരിലൂടെയാണ്. അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ചരിത്രാന്തപരമായ പ്രത്യാശയും കാത്തുസൂക്ഷിക്കുന്നവരെ നേരിടുന്ന വെല്ലുവിളി ഇതാണ് - ആരാധനയുടെയും വിശ്വാസസത്യങ്ങളുടെയും സ്ഥാപനങ്ങളുടെയും തടവറയില്‍നിന്ന് അദ്ദേഹത്തെ വിടുവിക്കുക. അങ്ങനെ പണ്ടേപ്പോലെ നാടെല്ലാം ചുററിനടന്ന് ഇന്നത്തെ നിയമജ്ഞന്മാരുടെയും പ്രീശന്മാരുടെയും പുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും ഹേറോദേസുമാരുടെയും നേരെ വിരല്‍ചൂണ്ടി കുററാരോപണം നടത്താന്‍ യേശുവിനു കഴിയട്ടെ. അതുപോലെ, വെറും ചരിത്ര സൃഷ്ടികളായ വിശ്വാസ-പാരമ്പര്യങ്ങളുടെ മൂടുപടം പൊളിച്ചുമാററി അദ്ദേഹത്തിന്റെ തനിമുഖം തുറന്നുകാട്ടണം. അങ്ങനെ, അതിന്റെ ആദിമതേജസ്സ് സ്വച്ഛന്ദം പ്രസരിക്കട്ടെ. അദ്ദേഹത്തിന്റെ വാക്കുകള്‍ കൂരമ്പുകള്‍ പോലെ മനുഷ്യരുടെ കാതുകളില്‍ ആഞ്ഞുതറക്കട്ടെ.
ഇപ്പറഞ്ഞതില്‍നിന്ന് ക്രിസ്തുമതത്തിന്റെ നാളിതുവരെയുള്ള ചരിത്രം പടിപടിയായി അന്യസാല്‍ക്കരണത്തിന്റേതു മാത്രമായിരുന്നെന്ന് അനുമാനിക്കരുത്. പാശ്ചാത്യലോകത്തിന്റെ ചരിത്രപരിണതിയില്‍ വികാസം പ്രാപിച്ച ക്രൈസ്തവസിദ്ധാന്തത്തിലും പ്രയോഗത്തിലും യേശുവിന്റെ സന്ദേശത്തിനിണങ്ങുന്ന അംശങ്ങളുമുണ്ട്. ഇവയെ വേര്‍തിരിച്ചു കാണേണ്ടിയിരിക്കുന്നു. ഇമ്മാതിരിയുളള വിമര്‍ശകപഠനം പ്രയോജനകരവും, ഒരളവുവരെ, ആവശ്യകവുമാണ്. എന്നാല്‍ പാശ്ചാത്യ പൈതൃകത്തില്‍ പങ്കുപററാത്തവരും അതേറ്റെടുക്കണമെന്നു വിധിക്കുന്നതു തെററ്. യേശുവിലൂടെ സ്വയം വെളിപ്പെടുത്തിയ ഈശ്വരനെ കണ്ടെത്താന്‍ ഭാരതീയരായ നമുക്ക് പാശ്ചാത്യ ക്രിസ്തുമത ചരിത്രം സ്വന്തമാക്കാതെ നിവൃത്തിയില്ലെന്നു വന്നാല്‍ നമ്മേക്കാള്‍ സഹതാപം അര്‍ഹിക്കുന്നവരായി ലോകത്തിലാരുമില്ല.
ഒന്നു വ്യക്തം: ചരിത്രപുരുഷനായ യേശുവിലേക്കു തിരിച്ചുചെന്നേ പറ്റൂ. എന്നാല്‍ അതെങ്ങനെ സാധിക്കും? സുവിശേഷങ്ങള്‍, നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍, ചരിത്രരേഖകളല്ല. പിന്നെയോ, ആദിമ ക്രൈസ്തവരുടെ വിശ്വാസാവിഷ്‌കാരങ്ങളാണ്. ഏറെ സങ്കീര്‍ണ്ണമായൊരു പ്രശ്‌നമാണിത്. ഇതിനെപ്പററി വിശദമായ ചര്‍ച്ചക്കു ഞാനൊരുമ്പെടുന്നില്ല. തത്കാലം ഇത്രയും മാത്രം പറഞ്ഞുവയ്ക്കുന്നു. രേഖകളെ ആസ്പദിച്ച് യേശുവിന്റെ ജീവചരിത്രമെഴുതാനോ മനഃശാസ്ത്രം വിവരിക്കാനോ ആവില്ല; അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവ പരമ്പര അതേപടി ചിത്രീകരിക്കാനും. എന്നിരിക്കലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റി ഒരു ധാരണയും ലഭ്യമല്ലെന്നു പറയുന്നതു ശരിയല്ല. നസ്രത്തിലെ യേശുവിന്റെ ജീവിതവും വാക്കുകളും ചെയ്തികളുമാകുന്ന ചരിത്ര യാഥാര്‍ത്ഥ്യത്തോടുളള ആദിമക്രൈസ്തവരുടെ പ്രതികരണം സ്ഥൂലരൂപം പൂണ്ടതാണ് സുവിശേഷങ്ങള്‍. അതുകൊണ്ട് സുവിശേഷങ്ങളില്‍ ചരിത്രപുരുഷനായ യേശുവുമായി ഏറ്റുമുട്ടുക സാധ്യമാണ്. സമകാലിക ബൈബിള്‍ വ്യാഖ്യാനത്തെ മാനദണ്ഡമാക്കി, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും പ്രബോധനത്തെയും പറ്റി വേണ്ടത്ര അറിവു നേടാന്‍ കഴിയും; അതുപോലെ, അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ഒരു ഏകദേശചിത്രം വരയ്ക്കാനും. ഇതിലേറെയൊന്നും ഇവിടെ അവകാശപ്പെടുന്നില്ല.
ചരിത്രപുരുഷനായ യേശുവിനെ കണ്ടറിഞ്ഞ്, അദ്ദേഹത്തിന്റെ ചെയ്തികളെ അന്ധമായി അനുകരിക്കാനും വചനങ്ങളെ അപ്പടി ഏറ്റുപാടാനുമുളള ആഹ്വാനമല്ലിത്. സൃഷ്ടിപരമായ വിശ്വസ്ഥതയോടെ യേശുവിന്റെ സന്ദേശത്തെ പുനര്‍വ്യാഖ്യാനിക്കുകയാണ് നമ്മുടെ ഇന്നത്തെ ധര്‍മ്മം.
ക്രിസ്തുവിനു മുമ്പുളള യേശു
മേല്‍ സൂചിപ്പിച്ച പുനര്‍വ്യാഖ്യാനത്തെ സാധൂകരിക്കുന്ന ഒന്നല്ല പരമ്പരാഗതമായ ക്രൈസ്തവവിശ്വാസം. അതൂന്നിപ്പറഞ്ഞത് യേശുവിന്റെ മനുഷ്യതയെ അല്ല, ഈശ്വരീയതയെ ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രബോധനം സനാതനസത്യമായി പ്രതിഷ്ഠിക്കപ്പെട്ടു. ഇന്ന് ഈ സമീപനത്തെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. തന്റെ സമകാലികര്‍ യേശുവിനെ കണ്ടത് സ്വര്‍ഗ്ഗത്തിലെവിടെയോ കാലൂന്നിയല്ല, പൂര്‍വസങ്കല്‍പങ്ങളുടെ വെളിച്ചത്തിലുമല്ല, പിന്നെയോ കീഴെനിന്നാണ്, മനുഷ്യരില്‍ ഒരു മനുഷ്യനായിട്ടാണ്, നസ്രത്തിലെ തച്ചനായിട്ടാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ - വാക്കുകളെയും ചേഷ്ഠകളെയും ചെയ്തികളെയും - നിരീക്ഷിച്ചപ്പോള്‍ അവര്‍ക്ക് ദൈവികമായ ഒരു മാനത്തെ അതില്‍ കണ്ടറിയാന്‍ കഴിഞ്ഞു. ഈ സമീപനത്തെയാണ് നാമും പ്രമാണീകരിക്കേണ്ടത്. നമ്മുടെ തുടര്‍ന്നുളള എല്ലാ പരിചിന്തനങ്ങളുടെയും തുടക്കം യേശുവിനെ മനുഷ്യവംശത്തിന്റെ അംഗമായി, മണ്ണിന്റെ മകനായി, അംഗീകരിക്കലാവണം. ചരിത്രത്തില്‍ വേരൂന്നിയ ഒരാളായി വേണം അദ്ദേഹത്തെ കാണുക. ചരിത്രപുരുഷനെന്ന നിലയില്‍ സ്വന്തം ജനതയുടെ ചിന്താരീതിയിലും അദ്ദേഹം പങ്കാളിയായിരുന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഏതുജനതയുടെ കാര്യമെടുത്താലും അവരുടെ ചിന്തയെയും വിശ്വാസങ്ങളെയും അതതു കാലങ്ങളിലെ സമ്പദുല്‍പാദനരീതിയും വര്‍ഗ്ഗവിഭജനവും അധികാരഘടനയും സ്വാധീനിക്കുന്നുണ്ടെന്നു കാണാം. സാമൂഹിക ഭൂമികയില്‍ വരുന്ന മാറ്റങ്ങളുടെ പ്രത്യാഘാതം ആശയതലത്തിലും കാണാന്‍ കഴിയും. പുരാവര്‍ഗ്ഗ മനുഷ്യന്റെ സ്വയംധാരണയല്ല നാടുവാഴിത്തകാലത്തെ മനുഷ്യന്റേത്. രണ്ടില്‍നിന്നും വ്യത്യസ്ഥമാണ് മുതലാളിത്ത രീതിയിലെ മനുഷ്യനുളളത്. എങ്കില്‍ നമ്മുടേതില്‍നിന്ന് എത്രയോ വിഭിന്നമായിരുന്നിരിക്കണം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന യേശുവിന് പ്രകൃതിയെയും മനുഷ്യനെയും ഈശ്വരനെയും പറ്റിയുണ്ടായിരുന്ന കാഴ്ചപ്പാട്.
യേശുവിന്റെ പ്രബോധനത്തില്‍ സനാതന സാധുത്വമുളളതായി ഒന്നുമില്ല എന്നല്ല വിവക്ഷിതം. ഗതകാലമനുഷ്യര്‍ക്കും ശാശ്വതമൂല്യമുളള ഉള്‍ക്കാഴ്ചകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവയെ ആവിഷ്‌കരിച്ചതു കാലഹരണപ്പെട്ടുപോയ രീതികളിലാണെന്നു മാത്രം. സാംസ്‌കാരികമായ വിഷമഘട്ടങ്ങളില്‍ ഉദിച്ചുയരുന്ന പ്രവാചകന്മാരുടെ കാര്യത്തില്‍ ഇതു പ്രത്യേകിച്ചും സാധുവാണ്. കഴിഞ്ഞ കാലത്തോടുളള എതിര്‍പ്പും പുതിയൊരു ഭാവിയിലുളള അഭിനിവേശവും എല്ലാ ജനതയിലും അസ്പഷ്ടമായി കുടികൊളളുന്നുണ്ട്. അതിനു നാവും വാക്കും നല്‍കുന്നവരാണു പ്രവാചകര്‍. അവരാണു ഭാവിയുടെ മുന്നോടികള്‍, നാളെയുടെ സ്വപ്നം പേറിനടക്കുന്നവര്‍, പുതുമയെ തുയിലുണര്‍ത്തുന്നവര്‍. ജനതതിയെ ആവഹിച്ചുകൊണ്ട് അജ്ഞാതഭാവിയിലേക്കു കുതിച്ചു കയറുക - അതാണവരുടെ ഭാഗധേയം. അവരെ ഗ്രസിച്ചിരിക്കുന്നത് ചരിത്രത്തിന്റെ പാര്യന്തികാര്‍ത്ഥത്തെപ്പറ്റിയുളള വെളിപാടാണ്.അതുകൊണ്ടാണ് അവരുടെ സന്ദേശത്തിന് ശാശ്വത മൂല്യമുളളത്. സമകാലിക വ്യവസ്ഥിതികളോടുളള അവരുടെ എതിര്‍പ്പിലും ഭാവിയോടുളള പ്രതിബദ്ധതയിലും, സ്ഥലകാലാതീതമായ സാധുത്വമുള്ള ഒരു മാനമുണ്ടായിരിക്കും. എന്നിരിക്കിലും, ഭാവിയിലേക്കു പുതിയ ധൈഷണിക - നൈതിക പാതകള്‍ വെട്ടിത്തുറക്കുമ്പോഴും നിലവിലുള്ള പരിതോവസ്ഥകളില്‍നിന്ന് അവര്‍ തികച്ചും വിമുക്തരല്ല. തങ്ങള്‍ തളളിപ്പറയുന്ന അതേ പഴമയുടെ ഭഷയിലേ അവര്‍ക്കു പുതുമയെ ഉല്‍ഭാവനം ചെയ്യാനാവൂ. പുതുമയും പഴമയും തമ്മിലുള്ള, ആപേക്ഷികവും കേവലവും തമ്മിലുളള, സംഘര്‍ഷം അവരുടെ സന്ദേശത്തിലും അന്തര്‍ഭവിക്കുന്നു. കാഴ്ചവട്ടത്തിന്റെ വിസ്തൃതിയിലും പ്രതിബദ്ധതയുടെ ആക്കത്തിലും, അവര്‍ തങ്ങളുടെ കാലഘട്ടത്തിന്റെ സന്തതികളാണ്.
അത്തരമൊരു പ്രവാചകനായിരുന്നു നസ്രത്തിലെ യേശു: സര്‍വാതിശായിയായ വീക്ഷണത്തിന്റെ ഉടമയെങ്കിലും ഈ മണ്ണിലും മനുഷ്യരിലും വേര്‍പിടിച്ചവന്‍; എക്കാലവും പ്രസക്തമായ ഒരു സന്ദേശത്തിന്റെ ഉപജ്ഞാതാവെങ്കിലും, സ്വന്തം കാലഘട്ടത്തിന്റെ നിറവും ഗുണവും പൂണ്ടവന്‍; കേവലമായ വിധിനിഷേധങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോഴും സാഹചര്യങ്ങളുടെ സ്വാധീനത്തിനു വിധേയന്‍. നാം പണ്ടേ പിന്നിട്ടുകഴിഞ്ഞ അച്ചുകളില്‍ ഉരുക്കൂടിയതാണ് അദ്ദേഹത്തിന്റെ സന്ദേശം. അതുകൊണ്ടുതന്നെ അതിനെ പുനര്‍വ്യാഖ്യാനിക്കയും അതിലെ സനാതന സത്യാംശങ്ങളെ ചരിത്രബദ്ധാശയങ്ങളില്‍ നിന്നു വേര്‍തിരിച്ചു കാണുകയും വേണം. എല്ലാററിനുമുപരി അതിന്റെ ആനുകാലിക പ്രസക്തി ആരാഞ്ഞറിയണം.
എന്നാല്‍ ആദിമക്രൈസ്തവരും പിന്‍തലമുറകളും ചെയ്തപോലെ, നമ്മുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും ഇണങ്ങുംവിധം യേശുസന്ദേശത്തെ വളച്ചൊടിക്കലായിരിക്കയില്ലേ ഈ പുനര്‍വ്യാഖ്യാനത്തിന്റെയും അന്തിമഫലം? അങ്ങനെയൊരു അപകടം പതിയിരിപ്പുണ്ടെന്നു സമ്മതിച്ചേ തീരൂ. അതൊഴിവാക്കാന്‍ ഒരു വഴിയേയുളളൂ - നമ്മുടെ വ്യാഖ്യാനത്തെത്തന്നെ വിമര്‍ശിക്കാന്‍ തയ്യാറാവുക. വിമര്‍ശനത്തിന്റെ മാനദണ്ഡം രണ്ടാണ് - യേശുവിന്റെ ആദിമ(original) സന്ദേശത്തോടുളള വിശ്വസ്ഥതയും ചരിത്രഗതിയിലൂടെ സ്വയം അനാവരണം ചെയ്യുന്ന ഈശ്വരനോടുളള ഉത്തരവാദിത്തവും.
ഒന്നാമത്തെ മാനദണ്ഡം പ്രയോഗിക്കാന്‍ ആദിമക്രൈസ്തവര്‍ക്കു കഴിയുമായിരുന്നില്ല. മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുളള വിഭജനരേഖ അത്ര ലോലമായിരുന്നു അക്കാലത്ത്. ചരിത്രത്തെ മിത്തായും മിത്തിനെ ചരിത്രമായും കാണുന്ന പ്രവണത അന്നു സര്‍വ്വസാധാരണമായിരുന്നു. യേശുവിനെയും വിശ്വാസികള്‍ ഒരു ഇതിഹാസപുരുഷനായി പ്രതിഷ്ഠിച്ചതില്‍ അത്ഭുതപ്പെടാനില്ല. വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണിന്ന്. പ്രാക്തനമിത്തുകളുടെ കാലത്തോടു നാം പണ്ടേ വിടചൊല്ലിക്കഴിഞ്ഞു.
ഏതു വ്യാഖ്യാനത്തിന്റെയും സാധുതയ്ക്ക് ആസ്പദം ചരിത്രയാഥാര്‍ത്ഥ്യത്തോടുളള പ്രതിവദനമാണെന്നു നമുക്കിന്നറിയാം. വികലമായ വ്യാഖ്യാനമൊഴിവാക്കാന്‍ വൈയക്തികമായ എല്ലാ മുന്‍വിധികളെയും താല്‍പര്യങ്ങളെയും വിമര്‍ശനവിഷയമാക്കാതെ നിവൃത്തിയില്ല.
ഇനി അടുത്ത മാനദണ്ഡത്തെപ്പറ്റി. യേശുസന്ദേശത്തിന് കേവലവും സാപേക്ഷികവുമായ രണ്ടു മാനങ്ങളുണ്ട്. കേവലമാനത്തിന് അടിസ്ഥാനം ഈശ്വരനുമായുളള മുഖാമുഖമാണ്. ആ മുഖാമുഖം ഒരു സവിശേഷ ചരിത്രസാഹചര്യത്തില്‍ മൂര്‍ത്തീഭവിച്ചതാകയാല്‍ അതിന്റെ പൂര്‍ണാര്‍ത്ഥം യേശു നേരിട്ടു കണ്ടറിഞ്ഞതിനെക്കാള്‍ വ്യാപകമാണെന്നു വരാം. കലാപരവും മതാത്മകവുമായ എല്ലാ സത്യ ദര്‍ശനത്തിന്റെയും കാര്യത്തില്‍ ഇപ്പറഞ്ഞത് സാധുവാണ്. അതുകൊണ്ടാണ് പലപ്പോഴും കലാസൃഷ്ടിയുടെ പൊരുള്‍ കലാകാരനെക്കാള്‍ ആസ്വാദകനു വെളിവാകുന്നത്. വലിയ ചിന്തകരെയും ധര്‍മ്മജ്ഞാനികളെയും പൂര്‍ണമായി മനസ്സിലാക്കാന്‍ പിന്‍തലമുറകള്‍ക്കു മാത്രം കഴിയുന്നതും. എന്നിരിക്കലും ഏതു വ്യാഖ്യാനവും ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ ആന്തരയുക്തിക്കും ചാലകശക്തിക്കും നിരക്കുന്നതായിരിക്കണം. യേശുസന്ദേശത്തിന്റെ തിരിക്കുററി ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈശ്വരനാണ്. യേശുവിനു നാം കൊടുക്കുന്ന ഭാഷ്യം സത്യവത്താവണമെങ്കില്‍, അദ്ദേഹം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് ചരിത്രത്തില്‍ കണ്ടെത്തിയ ദൈവത്തെ നമ്മളും കണ്ടെത്തണം. ഇന്നലത്തെ യേശുവിനോടുളള വിശ്വസ്ഥത ഭദ്രമാവാന്‍ ഇന്നിന്റെ ഈശ്വരനെ ചെവിക്കൊളളണം. യേശുസന്ദേശത്തിന്റെ ആഴത്തിലുളള അര്‍ത്ഥം ഗ്രഹിക്കാന്‍ ഇച്ഛിക്കുന്നവര്‍ ചരിത്രത്തിലൂടെ വെളിപ്പെടുന്ന ദൈവേഷ്ടം നിര്‍വഹിക്കണം. മറിച്ചും പറയാം: ചരിത്രത്തില്‍ ഈശ്വരന്റെ കാല്‍പാടുകള്‍ കണ്ടറിയാന്‍ യേശുവിന്റെ പ്രബോധനങ്ങള്‍ സഹായകമാവും. നമ്മിലൂടെയാണ് നസ്രത്തിലെ പ്രവാചകന്‍ ഇന്നിന്റെ ദൈവവുമായി സംവാദത്തിലേര്‍പ്പെടുന്നത്.
ദൈവത്തെ ചരിത്രത്തില്‍ കണ്ടുമുട്ടുകയെന്നത് ഏതെങ്കിലും വരേണ്യവര്‍ഗത്തിന്റെ കുത്തകയല്ല, അതിന് ഉപനയനത്തിന്റെയോ ബ്രഹ്മചര്യത്തിന്റെയോ ആവശ്യവുമില്ല. മനുഷ്യസഹോദരങ്ങളുടെ നന്മയെ കേവലമൂല്യമായി മുറുകെപ്പിടിക്കുന്നവരാരോ അവര്‍ ഈശ്വരനെ കണ്ടെത്തിയവരാണ്. പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണെന്ന് അവകാശപ്പെടുന്ന സന്യാസിനീസന്യാസികളെക്കാള്‍ ആഴത്തില്‍ ഈശ്വരനെ കണ്ടറിഞ്ഞത് നീതിരഹിതമായ സാമൂഹികവ്യവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തിയെന്ന കുറ്റത്തിനു ജയിലറകളില്‍ കിടന്നു നരകിക്കുന്ന വിമതരാവാം. യേശുവിനോട് ഏറെ കൂറു പുലര്‍ത്തുന്നവരും ഇക്കൂട്ടരാണെന്നുവരാം.
എങ്കില്‍, നസ്രത്തിലെ യേശുവിലേക്ക് തിരിച്ചുചെല്ലുന്നത് അദ്ദേഹത്തിന്റെ സമീപം താവളമടിച്ച് ഒതുങ്ങിക്കൂടാനല്ല, അദ്ദേഹത്തെയും പിന്നിട്ട് മുന്നേറാനാണ്. അതിലേക്ക് അദ്ദേഹത്തിന്റെ സന്ദേശത്തെ അതിന്റെ ചരിത്രാപേക്ഷികതയില്‍നിന്ന് വിടുവിച്ച് ഇന്നിന്റെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യണം. അതുവഴി സ്വയം അതിതരണം ചെയ്യാനും വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന സ്വമുഖം കണ്ടെത്താനും അദ്ദേഹത്തെ സഹായിക്കയാണുനാം ചെയ്യുന്നത്. അങ്ങനെ പഴമയുടെ അണിയാട ഉരിഞ്ഞെറിഞ്ഞ് പുതിയ ജീവനോടെ നമ്മുടെ മദ്ധ്യേ യേശു പ്രത്യക്ഷപ്പെടും - ഭൂതകാലത്തിന്റെ നേരായ മേന്മകളെ കയ്യൊഴിക്കാതെതന്നെ. യേശുവിനെ ഉയിര്‍പ്പിക്കുക, തനിക്ക് പുതിയൊരു ഊരും പേരും നല്‍കുക - ഇതാണ് ഇന്നു നാം നേരിടുന്ന വെല്ലുവിളി. ഈ കാഴ്ചയില്‍, അദ്ദേഹത്തിന്റെ പുനരുത്ഥാനം ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു ചരിത്രപ്രക്രിയയാണ്, നമ്മുടെ ചരിത്രധര്‍മ്മവുമാണ്. യേശുസന്ദേശത്തെ പുനര്‍വ്യാഖ്യാനിക്കയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നതിലൂടെയേ അതു സാധ്യമാവൂ.
യേശുസന്ദേശത്തിന്റെ സമഗ്രമായ പുനര്‍വ്യാഖ്യാനത്തിനു ഞാന്‍ ഒരുമ്പെടുന്നില്ല. ഒരു ചോദ്യത്തിനു മാത്രം ഉത്തരം കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. അതായത്, മനുഷ്യവിമോചനത്തിന്റെ കാര്യത്തില്‍ ഇന്ന് യേശുവിന് എന്തു പ്രസക്തിയാണുളളത് ? നമ്മുടെ അന്വേഷണം ആസ്പദമാക്കുന്നത്, നേരത്തെ സൂചിപ്പിച്ചപോലെ, ആദ്യത്തെ മൂന്നു സുവിശേഷങ്ങളാണ്. അവയും വിശ്വാസാവിഷ്‌കാരങ്ങളാണെങ്കിലും യേശുവിന്റെ മുഖത്തെ പാടേ മറയ്ക്കത്തക്കവണ്ണം കട്ടിയില്ല അവയിലെ വ്യാഖ്യാനത്തിന്റെ മറവുരിക്ക്. തുലോം വ്യത്യസ്തമാണ് യോഹന്നാന്റെ സുവിശേഷം. അതില്‍ യേശുവിന്റെ ശബ്ദത്തിന്റെ മാറ്റൊലിയുടെ മാറ്റൊലിയേ കേള്‍ക്കാനാവൂ. യാഥാര്‍ത്ഥ്യത്തില്‍നിന്ന് അത്രയ്ക്ക് അകന്നുപോയി വ്യാഖ്യാനം.
----------
നവമാനുഷം
ചരിത്രത്തില്‍ യേശു കണ്ടറിഞ്ഞ ഈശ്വരീയോദ്ദേശ്യമെന്താണ്? തന്റെ കേന്ദ്രീയ സന്ദേശംതന്നെ ഉത്തരം നല്‍കുന്നുണ്ട്: 'കാലം തികഞ്ഞു. ഈശ്വരന്റെ രാജവാഴ്ച വരാന്‍ പോകുന്നു. പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.'(മര്‍ക്കോസ് 1:15). ഇവിടെ താന്‍ ഉദ്ദേശിക്കുന്ന രാജവാഴ്ചയുടെ അര്‍ത്ഥവ്യാപ്തി അദ്ദേഹം ഒരിടത്തും വ്യക്തമായി നിര്‍വചിക്കുന്നില്ല. എങ്കിലും സുവിശേഷഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്ന സൂചനകള്‍ അടുക്കിവച്ചാല്‍ അതിന്റെ സ്ഥൂലരൂപം കിട്ടും. ഗിരിപ്രഭാഷണമാണ് ഇവിടെ മുഖ്യമായ വഴികാട്ടി.
'ആത്മീയദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരുടേതാണു സ്വര്‍ഗരാജ്യം. ദുഃഖിതര്‍ ഭാഗ്യവാന്മാര്‍; അവര്‍ ആശ്വാസം കണ്ടെത്തും. ശാന്തഹൃദയര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു സംതൃപ്തി കൈവരും. കരുണ കാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ കരുണക്കു പാത്രമാകും. നിര്‍മ്മല ഹൃദയര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഈശ്വരനെ കാണും. ശാന്തി പാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരെ ഈശ്വരന്‍ മക്കളെന്നുവിളിക്കും. നീതിക്കുവേണ്ടി പീഡസഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരുടേതാണു സ്വര്‍ഗ്ഗരാജ്യം.'(മത്തായി 5:3-10).
ഈ സുഭാഷിതം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്കു വ്യക്തമാകും, അതിന്റെ പൊരുളും പോക്കും മനുഷ്യാനുഭൂതിയുടെ സത്യസന്ധമായ പ്രതിഫലനമാണെന്ന്. നമ്മുടെ അനുഭൂതിയില്‍ നല്ലതും തീയതും, സാത്വികവും താമസികവും ഉള്‍പ്പെടും. അറിവിനെയും കഴിവിനെയും ഉണ്‍മയെയും രാമണീയകത്തെയും കെടുത്തുന്നതെല്ലാം താമസികമാണ്; അവയെ പുഷ്ടിപ്പെടുത്തുന്നവ സാത്വികവും. ഉളളിന്റെയുളളില്‍ നാം ഒന്നാമത്തതു തളളുകയും രണ്ടാമത്തതു കൊളളുകയും ചെയ്യുന്നു. തളളലും കൊളളലും ഒരേ വൃത്തിയുടെ ഇരുവശങ്ങള്‍ മാത്രമാണ്. രണ്ടിലുമുണ്ട് പ്രത്യാശയുടെ നിഴലിപ്പ് - തിന്മയെ ഉച്ചാടനം ചെയ്ത് നന്മയെ സാക്ഷാല്‍ക്കരിക്കാനാവുമെന്ന പ്രത്യാശ. ഈ പ്രത്യാശയുടെ പശ്ചാത്തലത്തിലാണ് നമ്മിലോരോരുത്തരുടെയും ജീവിതം വിരിഞ്ഞു പന്തലിക്കുന്നത്. ഇതേ പ്രത്യാശയുടെ കേവലരൂപത്തെയാണ് യേശു ദൈവരാജ്യമെന്നു വിളിച്ചതും. എന്നാല്‍ ഒന്നോര്‍ക്കണം: നമുക്കു പ്രത്യാശാവിഷയം മാത്രമായ നവയുഗം യേശുവിനെ സംബന്ധിച്ചിടത്തോളം ഒരു വാഗ്ദാനം കൂടിയായിരുന്നു.
അപ്പോള്‍, ഗിരിപ്രഭാഷണത്തിന്റെ ഉള്‍ക്കാമ്പിതാണ്: സമഗ്രമാനുഷത്തിനു നിരക്കാത്തതെല്ലാം - ദുഃഖവും അനീതിയും അന്യതാബോധവും മറ്റും മറ്റും - ഉന്മൂലനം ചെയ്യാന്‍ ഈശ്വരന്‍ വരും. അവിടന്ന് യഥാര്‍ത്ഥ മനുഷ്യതയെ വിരിയിക്കുന്ന - കരുണയിലും സഹാനുഭൂതിയിലും നീതിബോധത്തിലും ആന്തരനൈര്‍മ്മല്യത്തിലും ശാന്തിയിലും അധിഷ്ഠിതമായ - ഒരു നവയുഗം ഉല്‍ഘാടനം ചെയ്യും. എങ്കില്‍ , ദൈവരാജ്യമെന്നുവച്ചാലെന്താണ്? എല്ലാ അന്യാധീനതകളില്‍ നിന്നും സ്വതന്ത്രനായ മനുഷ്യന്റെ സാകലിക വികാസം. ഒററവാക്കില്‍, സ്വാതന്ത്ര്യം - ചങ്ങലകള്‍ പേറാതെ ജീവിക്കാന്‍ മാത്രമല്ല, സൃഷ്ടിക്കാനും ഒത്തൊരുമിക്കാനും സ്‌നേഹിക്കാനും രമിക്കാനുമുളള സ്വാതന്ത്ര്യം.
ഈ നിലയ്ക്കു നോക്കുമ്പോള്‍, ദൈവരാജ്യത്തെ മനുഷ്യസാകല്യസാക്ഷാല്‍ക്കാരമെന്നു വിളിക്കാം. മനുഷ്യര്‍ പ്രപഞ്ചത്തോടും ഇതര മനുഷ്യരോടും ഈശ്വരനോടും തന്നോടുതന്നെയും രമ്യപ്പെടും. നവയുഗത്തില്‍, അവര്‍ ഭൂമിക്ക് ഉടമകളായിരിക്കും. എല്ലാ പ്രകൃതിശക്തികളും അവരുടെ ചൊല്‍പ്പടിക്കു നില്‍ക്കും. അവരുടെ സര്‍ഗ്ഗസ്പര്‍ശത്താല്‍ സഫലയായ ഭൂമി സ്വവിഭവങ്ങള്‍ പൊലിച്ച് അവര്‍ക്കു കാഴ്ചവയ്ക്കും. എല്ലാ വസ്തുക്കളും - അവ പ്രകൃതിദത്തമോ അദ്ധ്വാനഫലമോ ആവാം - മനുഷ്യനും മനുഷ്യനും തമ്മിലുളള കൂട്ടായ്മക്ക് ആധാരവും പ്രതീകവുമായിരിക്കും. അവ ഒരിക്കലും ചൂഷണോപാധികളാവില്ല. അങ്ങനെ മനുഷ്യന്‍ മനുഷ്യനോട് ഇണങ്ങിച്ചേരും; ഒരുവന്‍ മറ്റൊരുവനു സോദരനാവും: സഹജരുടെ സാമീപ്യത്തിനും സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുളള അന്തര്‍ദ്ദാഹത്തിന് അറുതിവരികയും ചെയ്യും. പിന്നെ അസമത്വമോ അനീതിയോ ചൂഷണമോ ഉണ്ടായിരിക്കില്ല. സര്‍വാശ്ലേഷകസ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ മനുഷ്യന്‍ ദൈവത്തെ കണ്ടെത്തും. ആ കണ്ടെത്തലിലൂടെ മനുഷ്യനും മനുഷ്യനും തമ്മിലുളള വേഴ്ചക്കു സാന്ദ്രതകൂടുകയും ചെയ്യും. ഇതിന്റെയെല്ലാം പര്യന്തഫലമെന്തെന്നോ? വ്യക്തികള്‍ക്ക് ആത്മവത്തയും ആന്തര സന്തുലനവും അനശ്വര ശാന്തിയും കൈവരും. ചുരുക്കത്തില്‍, ഈശ്വരന്‍ 'അവരുടെ കണ്ണീരു പാടേ തുടച്ചുമാറ്റും; ഇനിമേല്‍ മരണം ഉണ്ടായിരിക്കില്ല; ദുഃഖവും കരച്ചിലും വേദനയും ഉണ്ടായിരിക്കില്ല. കാരണം, പഴയ വ്യവസ്ഥിതി തകര്‍ന്നൊടുങ്ങിയിരിക്കുന്നു.'(വെളിപാട് 21:3-4).
വന്നതും വരാനിരിക്കുന്നതും
ദൈവം ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നു എന്ന വസ്തുതയല്ല ദൈവരാജ്യമെന്ന പദംകൊണ്ട് യേശു അര്‍ത്ഥമാക്കിയത്. ഈശ്വരനാണ് എല്ലാറ്റിന്റെയും ഉറവിടമെന്നും അവിടുന്നാണ് ആകാശത്തിലെ പറവകളെ തീറ്റിപ്പോറ്റുകയും വയലിലെ ലില്ലിപ്പൂക്കളെ അണിയിച്ചൊരുക്കയും ചെയ്യുന്നതെന്നും അദ്ദേഹവും വിശ്വസിച്ചിരുന്നു - ഏത് യഹൂദനെയും പോലെ. വേറൊന്നാണ് യേശു ഉദ്ദേശിച്ചത്. അതായത്, ഈശ്വരന്‍ അവസാനമായി ചരിത്രത്തില്‍ ഇടപെടും, ചരിത്രത്തെ അതിന്റെ പരിസമാപ്തിയിലും പൂര്‍ണതയിലും എത്തിക്കും. യേശുവിന്റെ കണ്ണൂന്നിയത് മനുഷ്യവംശത്തിന്റെ കേവല ഭാവിയിലാണ് - പിന്നൊരു അന്യാധീനതയ്ക്കു സാധ്യതയില്ലാത്ത ഭാവിയില്‍.
അതേ ഭാവിയെപ്പറ്റി യേശു പ്രതീകാത്മകഭാഷയില്‍ ഇപ്രകാരം പറഞ്ഞു:
'കിഴക്കുനിന്നും പടിഞ്ഞാറുനിന്നും മാലോകരെല്ലാം ഒന്നിച്ചുകൂടും; അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടി സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.'(മത്തായി 8: 11).
സ്വശിഷ്യരെ പഠിപ്പിച്ചതും വരും യുഗത്തില്‍ കണ്ണുനട്ടു ജീവിക്കാനാണ്. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് ഒരിക്കല്‍ അവര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാഞ്ഞിട്ടല്ല. മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ തങ്ങള്‍ക്കും സവിശേഷമായൊരു പ്രാര്‍ത്ഥന വേണമെന്നായിരുന്നു അവരുടെ നിര്‍ബന്ധം. ആ പ്രാര്‍ത്ഥനയും കേന്ദ്രപ്പെടുത്തിയത് ദൈവരാജ്യമെന്ന സങ്കല്‍പത്തെയാണ്.
'പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ, അങ്ങയുടെ രാജവാഴ്ച നിലവില്‍ വരട്ടെ.'(ലൂക്കാ 11: 2).
ചുറ്റുമിരുന്ന് തന്റെ സാമീപ്യസുഖം അനുഭവിച്ചാസ്വദിക്കാനല്ല യേശു ശിഷ്യരെ വിളിച്ചത്; വരാനിരിക്കുന്ന ഈശ്വരനെ തന്നോടൊപ്പം എതിരേല്‍ക്കാനാണ്.
വരാനിരിക്കുന്ന ഒന്നാണ് ദൈവരാജ്യം. എന്നാല്‍, നമ്മുടെ ചരിത്രം ഒടുങ്ങുന്നിടത്താണ് അതിന്റെ തുടക്കമെന്നു ധരിച്ചുവയ്ക്കരുത്. നമ്മുടെ ലോകത്തിന്റെയും ചരിത്രത്തിന്റെയും വിനാശം സൃഷ്ടിക്കുന്ന ശൂന്യത നികത്താനല്ല അതു വരുന്നത്. നാം എന്തു കാത്തിരിക്കുന്നുവോ ആ നല്ല ഭാവി നമ്മുടെ അനുഭവ പരിധിയില്‍പ്പെട്ട ഇന്നില്‍, ഇവിടെ സന്നിഹിതമാണ് - ഭ്രൂണരൂപത്തിലെങ്കിലും. വര്‍ത്തമാനം ഭാവിയിലേക്കു തുറന്നു കിടക്കുന്നു. അതു ദൈവത്തിന്റെയും മനുഷ്യന്റെയും സമ്പൂര്‍ണ്ണ സ്വയംപ്രകാശനത്തിന്റെ വാഗ്ദാനങ്ങള്‍ പേറുന്നു.
------------
തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മാത്രമാണ് ഈശ്വരന്‍ പ്രവര്‍ത്തിക്കുന്നതെന്ന് യേശു പറഞ്ഞിട്ടില്ല. ശിഷ്യരുടെ സദ്‌വൃത്തികള്‍ ദൈവരാജ്യത്തിന്റെ പ്രകാശം പരത്തുന്നുവെന്നു നാം കണ്ടുകഴിഞ്ഞു. ഇത് എല്ലാ മനുഷ്യരുടെയും കാര്യത്തില്‍ ശരിയാണെന്ന് നല്ല സമരിയാക്കാരന്റെ കഥ തെളിയിക്കുന്നു. എവിടെ മനുഷ്യന്‍ സഹജരെ സഹായിക്കാന്‍ കൈ നീട്ടുന്നവോ, എവിടെ ഓരോ വ്യക്തിയും മറ്റെല്ലാവര്‍ക്കും ഉത്തരവാദിയായി പെരുമാറുന്നുവോ, എവിടെ സ്ത്രീപുരുഷന്മാര്‍ തങ്ങള്‍ക്കുളളതും തങ്ങളെത്തന്നെയും പങ്കിടുന്നുവോ, എവിടെ സ്വന്തം കൂട്ടായ്മയില്‍ അവര്‍ ജീവിതത്തിന്റെ ആത്യന്തികാര്‍ത്ഥം കണ്ടെത്തുന്നുവോ, അവിടെയെല്ലാം നവമാനുഷം നാമ്പെടുക്കുന്നുണ്ട്. ചങ്ങലകള്‍ പൊട്ടിവീണ്, മനുഷ്യനിര്‍മ്മിതങ്ങളായ ഭിത്തികള്‍ തകര്‍ന്നടിഞ്ഞ്, ഓരോ മനുഷ്യനും മറ്റെല്ലാവരോടും സാത്മീഭവിക്കുന്നിടത്ത് ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യമുണ്ട്.
ഒരേസമയം ദാനവും ധര്‍മ്മവും
നവമാനുഷത്തെ ഈശ്വരന്റെ ദാനമായി യേശു കണ്ടു എന്നത് നിസ്തര്‍ക്കമാണ്. ഈശ്വരന്റെ വാഴ്ച എന്ന പ്രയോഗം തന്നെ അതാണു സൂചിപ്പിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിലെ ആശീര്‍വചനങ്ങളും ഇതിനു തെളിവാണ്. വരാനിരിക്കുന്ന യുഗാന്തശ്രേയസ്സില്‍ പങ്കുപറ്റാന്‍ ഒരു മുന്‍വ്യവസ്ഥയേയുളളു - മനുഷ്യര്‍ അനുഭവിക്കുന്ന ശൂന്യത, ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും ദുഃഖത്തിന്റെയും അവമതിയുടെയും ശൂന്യത(ലൂക്കാ 6:20-22). ശിശുക്കളെ ചൂണ്ടി യേശുപറഞ്ഞത് ഇവിടെ പ്രസക്തമാണ്.
''ശിശുക്കള്‍ എന്റെയടുത്തുവരട്ടെ. അവരെ തടയരുത്. അവരെപ്പോലുള്ളവരുടേതാകുന്നു ദൈവരാജ്യം.'' (മര്‍ക്കോസ്10:14).
ശിശുക്കളുടെ എളിമയോ നിഷ്‌കളങ്കതയോ അല്ല, എല്ലാം സ്വാഗതം ചെയ്യുന്ന, എല്ലാം മറ്റുളളവരുടെ സ്‌നേഹോദാരതയില്‍നിന്നു പ്രതീക്ഷിക്കുന്ന, തുറന്ന മനസ്സാണ് ഇവിടെ പ്രസക്തം. അതുപോലെ, എല്ലാ പ്രതീക്ഷകളും പ്രത്യാശകളും ഈശ്വരനില്‍ അര്‍പ്പിക്കുന്നവര്‍ക്കേ ദൈവരാജ്യത്തിലേക്കു പ്രവേശമുളളു. സ്വന്തം കഴിവുകളെമാത്രം ആശ്രയിച്ച് നവമാനുഷം കെട്ടിപ്പടുക്കാനാവില്ല. അതിന്റെ വിത്തുവിതയ്ക്കാനേ മനുഷ്യനു കഴിയൂ. വിത്തു പൊട്ടിമുളയ്ക്കുന്നതും ഫലവത്താകുന്നതും ഈശ്വരശക്തിയാലാണ്:
'ഒരാള്‍ വിത്തു വിതയ്ക്കുന്നു. പിന്നെ രാത്രിക്ക് ഉറങ്ങുന്നു; പുലരുമ്പോള്‍ എണീക്കുന്നു. വിത്താവട്ടെ, മുളച്ചുവളരുന്നു - എങ്ങിനെയെന്ന് അയാള്‍ക്കറിഞ്ഞുകൂടാ. ഭൂമി തനിയേ വിളവ് ഉല്‍പാദിപ്പിക്കുന്നു - ആദ്യം മുളയും പിന്നെക്കതിരും, ഒടുവില്‍ പാകംവന്ന കതിര്‍മണിയും. ധാന്യം വിളഞ്ഞാലുടനേ അരിവാളെടുത്ത് കൊയ്ത്തു തുടങ്ങുകയായി(മര്‍ക്കോസ് 4:26-29).
ദൈവരാജ്യം ദാനമാണെന്ന ന്യായത്തിന്മേല്‍, അതിന്റെ വരവും കാത്ത് കൈയും കെട്ടി നിന്നാല്‍ പോരാ. ദാനരൂപത്തില്‍ മാത്രമല്ല ആഹ്വാനമായിട്ടുകൂടിയാണ് ദൈവരാജ്യം നമ്മെ നേരിടുന്നത്. ആ ആഹ്വാനം ചെവിക്കൊളളാന്‍ നാം പ്രതിബദ്ധരുമാണ്. ചെവിക്കൊളളുന്നതോ, പശ്ചാത്താപത്തിലൂടെയും വിശ്വാസത്തിലൂടെയും. ചെയ്ത പാപങ്ങളെച്ചൊല്ലിയുളള ദുഃഖം മാത്രമല്ല പശ്ചാത്താപം. നേരായി പശ്ചാത്തപിക്കുന്നവര്‍ക്ക് പുതിയൊരു ലക്ഷ്യബോധമുണ്ടാവും. അതിന്ന് ഇണങ്ങും വിധം ജീവിതരീതിയിലും മൂല്യസംഹിതയിലും അവര്‍ പൊളിച്ചുപണി നടത്തും. പശ്ചാത്തപിക്കുന്നതു സമൂഹമാണെങ്കില്‍, നിലവിലുളള സാമൂഹ്യ - സാംസ്‌കാരിക വ്യവസ്ഥിതിയെ ആകെ പുനഃസംവിധാനം ചെയ്യേണ്ടിയും വരും. അതുകൊണ്ടാണ് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നവരുടെ ന്യൂനപക്ഷത്തിന് അധീശവര്‍ഗത്തിന്റെ എതിര്‍പ്പും അതുമൂലമുണ്ടാവുന്ന ആന്തരസംഘര്‍ഷവും നേരിടേണ്ടിവരുന്നത് - യേശുശിഷ്യര്‍ക്കു ചെയ്യേണ്ടി വന്നപോലെ.
ദൈവരാജ്യം സാക്ഷാല്‍ക്കരിക്കുന്നതില്‍ മനുഷ്യര്‍ക്കുളള ഉത്തരവാദിത്തം ഗിരിപ്രഭാഷണത്തില്‍ യേശു ഊന്നിപ്പറയുന്നുണ്ട്. ദൈവരാജ്യത്തിലേക്കു പ്രവേശം കിട്ടാന്‍ ചില നിബന്ധനകള്‍ പാലിച്ചേ തീരൂ - എല്ലാവരോടും കരുണകാണിക്കുക, സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുക, ദ്വേഷം കൈവെടിഞ്ഞ് ഹൃദയശുദ്ധി പാലിക്കുക, നീതിക്കുവേണ്ടി വിശക്കുക, തുടങ്ങിയവ(മത്തായി 5:7-9). ഇവയില്‍ മുഖ്യം സ്‌നേഹമാണ് - മറ്റുളളവര്‍ക്കുനന്മ നേരുന്നതില്‍ ഒതുങ്ങിനില്‍ക്കാതെ, ദാന-ത്യാഗ-സേവനങ്ങളായി പ്രകടമാവുന്ന സ്‌നേഹം(മത്തായി 5:43-48, 6:14; മര്‍ക്കോസ് 10:42-45). ഇപ്രകാരം ക്രിയാത്മകമായി സ്‌നേഹിക്കുന്നവന് ദൈവരാജ്യത്തിനു വിരുദ്ധമായ ശക്തികള്‍ക്കെതിരെ പോരാടാതെ ഗത്യന്തരമില്ല.
നവമാനുഷം ഒരേസമയം ഈശ്വരദാനവും മനുഷ്യസൃഷ്ടിയുമാണെന്നു കണ്ടു. ഇതു മനസ്സിലാക്കാന്‍ ഈശ്വരസാന്നിദ്ധ്യത്തെപ്പറ്റി കുറേക്കൂടി ചുഴിഞ്ഞാലോചിക്കേണ്ടിയിരിക്കുന്നു. ഈശ്വരന്‍ പ്രകൃതിക്കും ചരിത്രത്തിനും അപ്പുറത്തെവിടെയോ കുടികൊള്ളുന്ന ഒന്നല്ല. പ്രകൃതിയുടെയും ചരിത്രത്തിന്റെയും ആഴത്തിന്റെ ആഴമായ പരാശക്തിയാണ്. വസ്തുക്കളിലൂടെയും സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും ആണ് ഈശ്വരീയത നമുക്കു വെളിപ്പെടുന്നത്. അതു രണ്ടുവിധത്തില്‍ നമ്മുടെ ചേതനയെ തട്ടിയുണര്‍ത്തുന്നു- ആഹ്വാനമായും വാഗ്ദാനമായും: പഴമയില്‍ നമ്മെ തളച്ചിടുന്ന ചങ്ങലകള്‍ പൊട്ടിച്ചു മുന്നേറാനും നീതിയിലും സ്‌നേഹത്തിലും അടിയൂന്നിയ ഭാവിയെ മെനഞ്ഞടുക്കാനുമുളള ആഹ്വാനം; ഒപ്പം ഈ ശ്രമം വിജയിക്കുമെന്ന വാഗ്ദാനവും. അങ്ങനെ ഈശ്വരന്റെ സ്വയം പ്രകാശനരൂപത്തിലുളള ദാനം മനുഷ്യരുടെ ധര്‍മ്മവും കര്‍മ്മവുമായി മാറുന്നു. ഈശ്വരീയാഹ്വാനം ചെവിക്കൊണ്ട് മനുഷ്യന്‍ സൃഷ്ടിക്കേണ്ട ഒന്നാണ് പുതിയ ആകാശവും പുതിയ ഭൂമിയും. അതിന്റെ ശില്‍പശാല മനുഷ്യന്റെ ആത്മഗതമായ, അവനും ഈശ്വരനും തമ്മിലുളള സംവാദമാണ്.
ദൈവരാജ്യത്തിന്റെ വരവിനു മനുഷ്യന്റെ പ്രതികരണം അനുപേക്ഷണീയമാണെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാല്‍ തന്റെ ഊന്നല്‍ ദൈവത്തിന്റെ പ്രവൃത്തിയിലായിരുന്നു. ഇതിനു കാരണം യേശുവും നാമും തമ്മിലുളള കാലാന്തരമാണ്. രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന അദ്ദേഹത്തിനു മനുഷ്യ പ്രയത്‌നത്തിലൂടെ ഉരുക്കൂടുന്ന ഒന്നായി ഭാവിയെ കാണുക എളുപ്പമായിരുന്നില്ല. ഭാവിയെ സൃഷ്ടിക്കാനാവശ്യമായ കൂട്ടുല്‍പാദനമോ ശാസ്ത്രീയജ്ഞാനമോ സാങ്കേതിക വിദ്യയോ മാധ്യമങ്ങളോ അന്നുണ്ടായിരുന്നില്ല. തങ്ങള്‍ക്കാവാത്തത് മനുഷ്യര്‍ ദൈവത്തില്‍നിന്നു പ്രതീക്ഷിക്കുന്നതു സ്വാഭാവികമാണല്ലൊ. ഇന്നത്തെ സ്ഥിതി അതല്ല. ഒരളവുവരെയെങ്കിലും പ്രകൃതിയെയും ചരിത്രഗതിയെയും നിര്‍ണയിക്കാന്‍ ഇന്നു മനുഷ്യനു കഴിയും. അതുകൊണ്ടുതന്നെ, നവമാനുഷം സാക്ഷാല്‍ക്കരിക്കുന്നതില്‍ മനുഷ്യനുളള പങ്ക് ഊന്നിപ്പറയേണ്ടിയുമിരിക്കുന്നു.
യേശുവിന്റെ മാനിഫെസ്റ്റോ
ഇവിടെ സുപ്രധാനമായ ഒരു പ്രശ്‌നം പൊന്തിവരുന്നു. ദൈവരാജ്യത്തിന്റേതായ ആഹ്വാനത്തിന് യേശു നല്‍കിയ പ്രത്യുത്തരമെന്താണ്. ? എവ്വിധമാണു താന്‍ നവയുഗത്തിന്റെ വിത്തുപാകി നനച്ചുവളര്‍ത്തിയത് ? ഇവിടെ, വിശദമായ ഒരുത്തരത്തിനു തുനിയുന്നില്ല. യേശുദൗത്യത്തിന്റെ മുഖ്യമായ അന്തര്‍ധാര ചൂണ്ടിക്കാണിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. പ്രതിപാദ്യവിഷയത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു സംഭവം ലൂക്കായുടെ സുവിശേഷത്തില്‍ വര്‍ണിക്കുന്നുണ്ട്. യേശുവിന്റെ നസ്രത്തു സന്ദര്‍ശനമാണത്.
'ഒരു നാള്‍ യേശു താന്‍ ജനിച്ചുവളര്‍ന്ന നസ്രത്തിലെത്തി. പതിവുപോലെ അദ്ദേഹം പ്രാര്‍ത്ഥനാലയത്തിലേക്കു പോയി; വേദഗ്രന്ഥം വായിക്കാന്‍ എഴുന്നേറ്റുനിന്നു. യേശയ്യായുടെ പ്രവചനങ്ങളാണ് അവര്‍ വായിക്കാന്‍ കൊടുത്തത്. അദ്ദേഹം ഗ്രന്ഥം തുറന്നപ്പോള്‍ കണ്ടത് ഈ ഭാഗമായിരുന്നു: 'കര്‍ത്താവിന്റെ ചൈതന്യം എന്നില്‍ നിവേശിച്ചിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ദരിദ്രരെ സുവിശേഷം അറിയിക്കാനും തടവുകാര്‍ക്കു മോചനവും കുരുടര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാനും മര്‍ദ്ദിതരെ സ്വതന്ത്രരാക്കാനും ഈശ്വരീയപ്രസാദത്തിന്റെ വത്സരം വിളംബരം ചെയ്യാനും അവിടന്നെന്നെ അയച്ചിരിക്കുന്നു.' ഗ്രന്ഥം മടക്കി പരിചാരകനെ ഏല്‍പിച്ച ശേഷം അദ്ദേഹം ഇരുന്നു. പ്രാര്‍ത്ഥനാലയത്തിലുളള എല്ലാവരുടെയും കണ്ണുകള്‍ അദ്ദേഹത്തില്‍ തറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഇന്നിതാ നിങ്ങള്‍ക്ക് ഈ ലിഖിതം നിറവേറിയിരിക്കുന്നു.' ' (4:16-21).
ഈ പ്രഭാഷണത്തെ യേശുവിന്റെ മാനിഫെസ്റ്റോ എന്നു വിളിക്കാം. അതില്‍ ചില കാര്യങ്ങളദ്ദേഹം പറയാന്‍ വിട്ടുപോയെന്നതാണ് ഏറ്റവും അത്ഭുതാവഹം. പ്രാര്‍ത്ഥനയെപ്പറ്റിയോ യാഗഹോമാദികളെപ്പറ്റിയോ മറ്റു മതാചാരങ്ങലെപ്പറ്റിയോ ഒറ്റവാക്കും ഈ പ്രഭാഷണത്തിലില്ല. അനുഷ്ഠാനപ്രധാനമായ മതത്തെ തന്റെ ദൗത്യപരിധിയില്‍ പെട്ടതായി അദ്ദേഹം കണ്ടില്ലെന്നു സ്പഷ്ടം. അദ്ദേഹത്തിന്റെ ശ്രദ്ധയൂന്നിയത് മനുഷ്യന്റെ ഭൗതികജീവിതത്തിലാണ്- ദരിദ്രര്‍ക്കു ഭക്ഷണപാനീയങ്ങളും അന്ധര്‍ക്കു കാഴ്ചയും തടവുകാര്‍ക്കു വിടുതലും കിട്ടുന്നതില്‍. ഇതിന്നപവാദമല്ല ഈശ്വരപ്രസാദത്തിന്റെ വത്സരത്തെപ്പറ്റിയുളള പ്രസ്താവം. പഴയനിയമമനുസരിച്ച് ഓരോ പഞ്ചദശാബ്ദവും കഴിഞ്ഞാല്‍ പൊതുവായ പുനഃസ്ഥാപനത്തിന്റെ കാലമായി. അതായത് ഏതെങ്കിലും വിധത്തില്‍ സ്വത്ത് - വീടോ നിലമോ പണമോ - നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടുന്ന കാലം. 'നിങ്ങളുടെയിടയില്‍ ദരിദ്രര്‍ ഉണ്ടായിരിക്കരുത് ' എന്ന ഈശ്വരകല്‍പന പ്രയോഗത്തില്‍ വരുത്തുകയായിരുന്നു ഈ സമ്പ്രദാത്തിന്റ ലക്ഷ്യം.
മേല്‍പ്പറഞ്ഞതില്‍ നിന്ന് ഒരുവസ്തുത തെളിവാകുന്നു. ദൈവരാജ്യത്തിന്റെ ആഹ്വാനത്തിന് യേശുനല്‍കിയ മറുപടി, മനുഷ്യരുടെ സമഗ്രവിമോചനത്തിനും സാകലികവികാസത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കലായിരുന്നു. അതായത്, ദൈവികഭരണത്തിന് - സമഗ്രമനുഷ്യതയ്ക്ക് - അനുഗുണമായ ചരിത്രശക്തികളെ വളര്‍ത്തിയെടുക്കുക, അല്ലാത്തവയെ നിഗ്രഹിക്കുക. തന്റെ ഒരേ ദൗത്യത്തിന്റെ രണ്ടുമുഖങ്ങളായിരുന്നു ഈ വിധിയും നിഷേധവും, സൃഷ്ടിയും സംഹാരവും.
നസ്രത്തില്‍ വച്ചു നടത്തിയ ഈ പ്രഭാഷണം യേശുവിന്റെ ദൗത്യത്തിലേക്കു മാത്രമല്ല, ദൗത്യനിര്‍വഹണത്തിനു കൊടുക്കേണ്ടിവന്ന വിലയിലേക്കും വെളിച്ചം വീശുന്നുണ്ട്. തന്റെ നാട്ടുകാരുടെയും ചാര്‍ച്ചക്കാരുടെയും പ്രതികരണം ശ്രദ്ധേയമാണ്, 'എല്ലാവര്‍ക്കും അയാളെക്കുറിച്ചു മതിപ്പായിരുന്നു. അയാള്‍ ഉരുവിട്ട ഹൃദ്യമായ വചനങ്ങള്‍ കേട്ട് അവര്‍ അത്ഭുതപ്പെട്ടു'(ലൂക്കാ 4:22). എന്നാല്‍, അതേ ജനക്കൂട്ടം ക്രോധാവിഷ്ടരായി അദ്ദേഹത്തെ നഗരത്തിനു പുറത്താക്കിയെന്നും താഴോട്ടു തളളിയിട്ടു കൊല്ലണമെന്ന ഉദ്ദേശത്തോടെ തങ്ങളുടെ നഗരം പണിതിരുന്ന കുന്നിന്‍ മുകളിലേക്കു കൊണ്ടുപോയെന്നും സുവിശേഷകന്‍ തുടര്‍ന്നെഴുതിയിരിക്കുന്നു. ഇതിന്റെയെല്ലാം അര്‍ത്ഥമെന്ത്? ഹൃദ്യമായ വാക്കുകള്‍ ഉരുവിട്ട ഒരുവനെ ആരാണു കൊല്ലാന്‍ തുനിയുക ? യോവക്കിം യറമീയസ് എന്ന ജര്‍മ്മന്‍ പണ്ഡിതന്‍ നല്‍കുന്ന വ്യാഖ്യാനം ഇവിടെ വഴികാട്ടിയാണ്.
യേശു പ്രഭാഷണം തുടങ്ങിയതു യേശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടാണ്. എന്നാല്‍ പുറജാതികള്‍ക്കെതിരെ പ്രവാചകന്‍ തൊടുത്തുവിട്ട 'നമ്മുടെ ദൈവത്തിന്റെ പ്രതികാരദിന'ത്തെപ്പറ്റിയുളള ശാപവാക്കുകള്‍ യേശു വിട്ടുകളഞ്ഞു. മറ്റു വാക്കുകളില്‍, സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ പേരില്‍ പഴയനിയമം തിരുത്തിയെഴുതി. ഇതു ജനക്കൂട്ടത്തിനു പൊറുക്കാനായില്ല. അവര്‍ ക്ഷോഭിച്ചുവശായി. ഈ വ്യാഖ്യാനമനുസരിച്ച്, ' അയാളുടെ ഹൃദ്യമായ വചനങ്ങള്‍ കേട്ട് അവര്‍ അത്ഭുതപ്പെട്ടു' എന്നല്ല, ' അയാള്‍ ഹൃദ്യമായ വചനങ്ങള്‍ മാത്രം ഉരുവിട്ടതുകേട്ട് അവര്‍ അത്ഭുതപ്പെട്ടു' എന്നു വേണം വായിക്കുക. പുറജാതികളെ ലക്ഷ്യമാക്കിയുളള ശാപോക്തികള്‍ വിട്ടുകളയുകമാത്രമല്ല, ഒരുപടികൂടിക്കടന്ന്, അവരെയാണ് ഈശ്വരന്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് എന്നുപോലും പറയാന്‍ യേശു മടിച്ചില്ല. നാടെങ്ങും ക്ഷാമം വന്നപ്പോള്‍ ദൈവം ഇസ്രായേലിലെ വിധവകളെ അവഗണിച്ച് പുറജാതിക്കാരിയായ ഒരു വിധവയുടെ പക്കലേക്കാണ് ഏലിയാ പ്രവാചകനെ സഹായത്തിനയച്ചതെന്നും സ്വന്തം ജനതയില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നിട്ടും സിറിയാക്കാരനായ കുഷ്ഠരോഗിയെ സുഖപ്പെടുത്താനാണ് എലീശാ പ്രവാചകനെ നിയോഗിച്ചതെന്നും അദ്ദേഹം ശ്രോതാക്കളെ ഓര്‍പ്പിച്ചു. ദിവ്യതയുടെ മേലുളള തങ്ങളുടെ കുത്തകയെ ചോദ്യം ചെയ്ത യുവപ്രവാചകനെ അവര്‍കൊല്ലാന്‍ ശ്രമിച്ചെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഈ നിലയ്ക്കു നോക്കുമ്പോള്‍, നസ്രത്തിലെ പ്രഭാഷണവും അതിനോടു ബന്ധപ്പെട്ട വധശ്രമവും യേശുവിന്റെ ജീവിത-പ്രബോധനങ്ങളുടെ സംഗ്രഹമാണെന്നു പറയാം.
(അക്രൈസ്തവനായ യേശുവിനെ തേടി എന്ന പുസ്തകത്തിലെ ഒന്നാമദ്ധ്യായം പൂര്‍ണ്ണമായും രണ്ടാം അദ്ധ്യായത്തില്‍ നിന്നു ചില ഭാഗങ്ങളും)

17 comments:

  1. കാപ്പനച്ചന്‍ അച്ചനായിപ്പോയതിന്റെ ചില ശക്തിദൈര്‍ബല്യങ്ങള്‍ ഈ ലേഖനത്തില്‍ ഉള്ളതായി അനുഭവപ്പെട്ടു. ക്രിസ്ത്യാനിയായി ജനിച്ചതിനാല്‍ എന്നതിലുപരി യേശുവിന്റെ ദര്‍ശനം സ്വാംശീകരിച്ചിരുന്ന നിത്യചൈതന്യയതിയുടെ ശിഷ്യനാകാന്‍ ഭാഗ്യം ലഭിച്ചതിനാല്‍ മാത്രം ഇന്നും ക്രിസ്ത്യാനിയാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുവനാണു ഞാന്‍. നാരായണഗുരുവിന്റെ ദര്‍ശനമുള്‍ ക്കൊണ്ടിരുന്ന ഒരു കുടുംബത്തില്‍ ജനിച്ച് ബാല്യത്തില്‍ ബുദ്ധനെ മാതൃകയാക്കുകയും, യൗവനാരംഭത്തില്‍ യേശുവിനെ ഉപാസിച്ച് യേശുദര്‍ശനം നേടുകയും ഒക്കെ ചെയ്തിട്ടുള്ള നിത്യചൈതന്യയതി യോഗ,വേദാന്ത.താവോദര്‍ശനങ്ങളിലേക്കെല്ലാം എനിക്കു വഴികാട്ടിയിട്ടുണ്ടെങ്കിലും എല്ലാ മതസ്ഥര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന ക്രിസ്തീയതയിലേക്ക് അദ്ദേഹം കാണിച്ചു വഴിയിലൂടെയാണ് ഞാനിന്നു സഞ്ചരിക്കുന്നത്. അതില്‍ യേശു പഠിപ്പിച്ച, ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുക എന്ന ദൈവശാസ്ത്രപരമായ അടിത്തറയുണ്ടെങ്കിലും തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നതില്‍ക്കൂടുതല്‍ സങ്കീര്‍ണമായ യാതൊരു തത്വശാസ്ത്രവുമില്ല. ഈ സന്ദേശം പ്രചരിപ്പിക്കുക എന്ന സുവിശേഷവത്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഞാന്‍ അല്മായശബ്ദത്തോടു സഹകരിക്കുന്നത്.
    (പുകവലിയില്‍നിന്നു മോചനം നേടാനായി മാത്രം പോട്ടയില്‍ വന്നിരുന്ന, എന്റെയടുത്തു നിന്നിരുന്ന, നിരീശ്വരനും യുക്തിവാദിയുമായ വേണുജിയെ കര്‍ത്താവുസ്പര്‍ശിച്ചിരിക്കുന്നു എന്ന സന്ദേശം കേട്ടിട്ടും ധ്യാനം കൂടി കുമ്പസാരിക്കാതെ മടങ്ങിയവനാണു ഞാന്‍. എന്നാല്‍ അവിടെവച്ച് 369 പേര്‍ക്ക് സുവിശേഷപ്രഘോഷണവരം കിട്ടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ അതിലൊരുവന്‍ ഞാന്‍തന്നെ എന്ന ഉള്‍ക്കാഴ്ചയിലെത്തുകയും ഓശാനയില്‍ ജോലിചയ്തുകൊണ്ടിരിക്കെ പാലാ രൂപതാ മെത്രാന്‍ ചെയര്‍മാനായ ഒരു സമിതിയുടെ 10000 രൂപായുടെ കവിതാ അവാര്‍ഡ് ലഭിച്ചപ്പോള്‍ അതുറപ്പിക്കുകയും ചെയ്തിട്ടുള്ള ഞാന്‍ ആ പ്രചോദനത്തോടെയാണ് ധാരാളം വി-ക്രൈസ്തവ കവിതകളും ഗാനങ്ങളും എഴുതുകയും ചെയ്യുന്നത്.)
    യേശുവോ കൃഷ്ണനോ ജീവിച്ചിരുന്നോ, ആ ചരിത്രസാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു, എന്നൊക്കെയുള്ള ചോദ്യങ്ങളിലുപരി അവരുടേതെന്ന പേരില്‍ എഴുതിവച്ചിട്ടുള്ള (അത് ചെയ്തത് ആരെങ്കിലുമാകട്ടെ) സന്ദേശങ്ങള്‍ സാര്‍വകാലികവും സാര്‍വലൗകികവുമാണെങ്കിലും അല്ലെങ്കിലും ഇവിടെ ഇപ്പോള്‍ നമുക്ക് ഉള്‍ക്കൊണ്ട് ജീവിക്കാനാവുന്നവയാണോ എന്ന ചോദ്യമല്ലേ പ്രസക്തം?

    ReplyDelete
  2. അക്രൈസ്തവനായ ഇതിഹാസയേശുവിനെ തേടിയുള്ള കാപ്പിലച്ചന്‍റെ സുദീര്‍ഘമായ ഈ ലേഖനം ഞാന്‍ മുഴുവനായി വായിച്ചില്ല. വായിക്കുവാനുള്ള ക്ഷമയുമില്ല.
    ഈശ്വരനെ കണ്ടെത്തുന്നവര്‍ പ്രാര്‍ഥനകള്‍കൊണ്ട് സമയം ചിലവഴിക്കുന്ന
    സന്യാസിമാരെക്കാള്‍ നീതിക്കുവേണ്ടി,സാമൂഹ്യവ്യവസ്ഥക്കെതിരെ പടപൊരുതി കല്‍ത്തുറുങ്കില്‍ കിടന്നു നരകിക്കുന്ന വിമതരാണെന്നു കാപ്പിലച്ചന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. ഇവരാണ് യേശുവിനോട്
    ഏറെ കൂറുപുലര്‍ത്തുന്നവരും.

    പ്രാര്‍ഥനകൊണ്ട് വരപ്രസാദങ്ങള്‍ കൊടുത്തു യേശുവിനെ വിറ്റുകാശാക്കുന്ന അനേകം പ്രസ്ഥാനങ്ങള്‍ കേരളത്തിലുണ്ട്. തനി ഇവാന്‍ജലിസ്റ്റ് മാതൃകയില്‍
    കലര്‍പ്പും വിഷവും കലര്‍ത്തി ഇക്കൂട്ടര്‍ക്ക് ആഫ്രിക്ക വേണ്ട പകരം അമേരിക്കന്‍ യൂറോപ്പ് ആത്മാക്കളെ രക്ഷപ്പെടുത്തിയാല്‍ മതി.പോട്ട പോലുള്ള തട്ടിപ്പുകാര്‍ക്ക് ഈ ലേഖനം ഒരു വെല്ലുവിളിയാണെന്ന് തോന്നുന്നു. ‍

    ഇരുപത്തൊന്നു നൂറ്റാണ്ടുകള്‍കൊണ്ടു ക്രിസ്ത്യാനിറ്റി രണ്ടു ബില്ലിയനോളം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ മതമായി. മനുഷ്യഹൃദയങ്ങളില്‍ എത്രമാത്രം ഈ മതം സ്വാധീനിച്ചുവെന്നു ഇന്നും വിവാദവിഷയമാണ്.
    ക്രിസ്ത്യാനിറ്റിയെ ഏറ്റവുമധികം ധിക്കരിച്ച മഹാന്‍ മഹാത്മാ ഗാന്ധിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ തഴഞ്ഞില്ല. ക്രിസ്തു അദ്ദേഹത്തിന്‍റെ ദേവനായിരുന്നു. ക്രിസ്ത്യാനിയില്‍ ക്രിസ്തുവില്ലന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ആഫ്രിക്കയിലെ വെള്ളക്കാരായ ക്രിസ്ത്യാനികളില്‍ നിന്നുമുള്ള വര്‍ണ്ണവിവേചനത്തില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. അങ്ങനെയാണ് അദ്ദേഹം
    ക്രിസ്തുവുമായി അടുത്തത്.

    എന്നാല്‍ കോടാനുകോടി ക്രിസ്ത്യാനികള്‍ക്ക് ഗാന്ധിയെപ്പോലെ ക്രിസ്തുവിനെ കാണുവാന്‍ സാധിച്ചിട്ടില്ല. തനിക്കു ക്രിസ്തുവിനെ ഇഷ്ടമാണ് എന്നാല്‍ ക്രിസ്ത്യാനിയെ ഇഷ്ടമില്ലായെന്നു മിഷിനറിമാരോട് ഭയപ്പെടാതെ തറപ്പിച്ചുതന്നെ പറഞ്ഞു. എന്തുകൊണ്ട് അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുന്നില്ലായെന്നു ചോദിച്ചപ്പോള്‍ തനിക്കു ക്രിസ്തുവിനെ മാത്രം മതിയെന്നും ഒരു നല്ല ഹിന്ദുവായി ജീവിക്കുന്നതിനേക്കാള്‍ കൂടുതലായി ഒന്നുംതന്നെ ക്രിസ്തുമതത്തില്‍ ഇല്ലെന്നായിരുന്നു ആ മഹാന്‍റെ മറുപടി.

    ക്രിസ്തുവിനെ അനുകരിച്ചു യേശുവിന്‍റെ സുന്ദരമായ ആശയങ്ങള്‍ സ്വീകരിക്കുവാന്‍
    വെള്ളക്കാരന്‍റെ വര്‍ഗം ആവശ്യമില്ലെന്നും പറഞ്ഞു. ക്രിസ്തുവിന്‍റെ ആശയങ്ങള്‍ സ്വജീവിതത്തില്‍ പ്രതിഫലിപ്പിച്ചു ജീവിച്ച മഹാനാണ് മഹാത്മാഗാന്ധി. ഹിന്ദുവായി ജീവിച്ച അദ്ദേഹത്തിനെതിരെ ഹിന്ദു വര്‍ഗീയവാദികള്‍ വെടിയുണ്ടകള്‍ തുളക്കുമെന്നു
    അദ്ദേഹം മനസ്സിലാക്കിയില്ല. ആ ഹിന്ദു വര്‍ഗീയശക്തി തന്നെയാണ് ഇന്നു പല രൂപത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ നിലകളിലും മറ്റും കാണപ്പെടുന്നത്. ക്രിസ്തുമതവും ഹിന്ദുമതംപോലെ തന്നെ യേശുവിന്‍റെ വചനങ്ങളെ വളച്ചൊടിച്ചു. ഇസ്ലാമിസം എന്നു പറയുന്നത് ഇസ്ലാമിനെ വികൃതമാക്കിയ മറ്റൊരു ശാസ്ത്രമാണ്. അനുസരണയോടെ ദൈവത്തിന്‍റെ
    വചനങ്ങള്‍ പാലിക്കുവാനാണ് ഇസ്ലാമും പറയുന്നത്.

    മതഭ്രാന്തും കഠിനപ്രാര്‍ഥനകളും മനുഷ്യനെ ഭീകരര്‍ ആക്കുന്നു. ഭക്തിയും,അമിത പ്രാര്‍ഥനകളും,മതം കല്‍പ്പിക്കുന്ന ആചാരങ്ങളും ദൈവത്തിനു പുരോഹിതന്‍ കല്‍പ്പിച്ച ഒരു തരം കോഴ കൊടുക്കലാണ്.
    (in James 1: 26-27) യഥാര്‍ഥമതം, ജെയിംസ്‌ ഒന്നാം അദ്ധ്യായം 26-27 വാക്യങ്ങളില്‍ കാണാം.
    26.നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.27 പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

    ReplyDelete
  3. കാപ്പിലച്ചനെ പോലെ ധാരാളം അച്ചന്മാരുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.
    ഈയുള്ളവന്‍ പറയുന്നത് അതേപടി ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ , ഇത് ഈയുള്ളവന്‍റെ അറിവില്ലയ്മയായി പരിഗണിച്ചു ക്ഷമിക്കേണമേ എന്നപെക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.
    തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്‍റെ മുന്‍പില്‍ യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല . ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി എന്നെ അസഭ്യം പറയുന്നതിന് മുന്നോടിയായി , ഒരു നിമിഷം ചിന്തിക്കുക. തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര്‍ സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ് അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
    ഉദാഹരണമായി , ബീന്‍സ്‌ ,ക്യാമല്‍ജോക്കി, ചാരംകെട്ടി, പാണ്ടി , മല്ലു , മദ്രാസി .......... എന്നതുപോലെ ഒരു ( DE ROGATORY NAME). ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള്‍ അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം. തിരുവചനത്തില്‍ മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
    ഇനി പൌലോസിന്റെ കാര്യമെടുക്കാം. സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ്‌ മരിക്കുന്നത് വരെയും, താന്‍ ഒരു യെഹൂദന്‍ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.
    പൗലോസ്‌ പറയുന്ന മറ്റുള്ളവരോട് പറയുന്ന ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്‌) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്‌.
    ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
    Act 24:5 യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
    Act 24:14 അല്ലയോ ദേശാധിപതി ഫെലിക്സ്, " നിങ്ങള്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
    ഇനിയും അനവധി തെളിവുകളും ഉദാഹരണങ്ങളുണ്ട്‌. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്‌?
    യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. ചില ഉദാഹരണങ്ങള്‍ പറയട്ടെ, നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത് നമ്മുക്ക് കാണാം.
    Act 16:3 .[ അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
    Act 6:5 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതം സ്വീകരിച്ച അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു.
    Act 13:43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും, പുതുതായി യെഹൂദമതത്തില്‍ചേര്‍ന്ന വരിലും പലര്‍ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
    Act 2:10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും, ക്രേത്യരും അറബിക്കാരുമായ നാം....]

    ReplyDelete
  4. കാപ്പിലച്ചനെ പോലെ ധാരാളം അച്ചന്മാരുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.II

    ഇതുപറയുമ്പോള്‍ എന്താണ് യെഹൂദന്‍ , ആരാണ് യെഹൂദന്‍ എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്) ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്. അഗ്രചര്‍മം മുറിച്ചാല്‍
    യെഹൂദന്‍ എന്നതും തെറ്റാണ് . ബ്രെഹ്മത്തെ അറിയുന്നവന്‍ ബ്ര്രഹ്മണന്‍ . യെഹോവയെ അറിയുന്നവന്‍ യെഹൂദന്‍ ഇയൊരു അളവുകോലെ നമുക്കുള്ളൂ.
    ഇന്ന് യെഹൂദന്‍ ആകാന്‍ എവിടുത്തെ ചര്‍മാഗ്രമാണ് മുറിക്കേണ്ടാതെന്നു പൗലോസ്‌ പറയുന്നത് നോക്കാം ,
    Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.
    Romans 2:28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
    29 അകമെ യെഹൂദനായവനത്രേ യഥാര്‍ഥ യെഹൂദൻ; ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ യഥാര്‍ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.


    അതായത് യെഹോവയെ അറിഞ്ഞു യെഹോവക്കുവേണ്ടി ജീവിക്കുന്ന ഏത് മനുഷ്യനും യെഹൂദാനാണ്. അതാണ്‌ ദൈവം ആഗ്രഹിക്കുന്നതും.
    ചരിത്രം പഠിച്ചാല്‍ മുഹമ്മദും, യെഹൂദരുടെ അനാചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചവനാണ്. മനുഷ്യനുണ്ടോവിടൂ ക്രിസ്തുവിന്റെ പേരില്‍ ഒരുമതം അതില്‍ അനേക വിഭാഗങ്ങള്‍. മുഹമ്മദിന്‍റെ പേരില്‍ ഒരു മതം , അതിലും വിഭാഗങ്ങള്‍ , ബുദ്ധനോ, ജൈനനോ, ഗുരുനാനക്കോ,ശ്രീനാരയാനഗുരുവോ ഒന്നും ഒരു മതവും ഉണ്ടാക്കിയിട്ടില്ല , ഇവരുടെ പേരില്‍ പില്‍ക്കാലത്ത് മതങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു . ഇവരെല്ലാം ന്യായപ്രമാണത്തില്‍ നിന്നും കാര്യമായ വ്യത്യാസമില്ലാത്ത വിശ്വാസികളായിരുന്നു . ദൈവങ്ങള്‍ അല്ലതിരുന്നതുകൊണ്ട് മാനുഷികമായ പല തെറ്റുകളും അവരുടെ ഉപദേശങ്ങളില്‍ വന്നുവെന്ന് മാത്രം. ആയതിനാല്‍ മാനുഷികമായതോന്നും (തിരുവചനത്തിലില്ലാത്തത് ) പൂര്‍ണമാകില്ല എന്ന് മനസിലാക്കി, മനുഷ്യനിര്‍മ്മിതമായ എല്ലാത്തിനെയും, ദുരഭിമാനവും ഒഴിവാക്കിയാല്‍
    പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാവും .

    തെറ്റിദ്ധരിക്കരുത്, ഞാന്‍ പറഞ്ഞത് ക്രിസ്തുവിനെതിരല്ല, മറിച്ച് ക്രിസ്തു പറഞ്ഞതുതന്നെയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.
    ഗാന്ധിയുടെ പെരുപറഞ്ഞും ഗാന്ധിയുടെ പ്രതിമകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചും ഗാന്ധിയുടെ ഖദര്‍ അണിഞ്ഞും, ഗാന്ധിപറഞ്ഞതിനെ വളച്ചൊടിച്ചും, ഗാന്ധിയുടെപടം ഏറ്റവും വലിയ കറന്‍സികളില്‍ പതിപ്പിച്ചും ------------ ഗാന്ധിമാര്‍ഗത്തിനു ഘടകവിരുദ്ധമായി (അഴിമതിയുടെകൃഷിയും വ്യവസായവും) നടത്താനുള്ള ഒരു മറയായി മാത്രം ഗാന്ധിയെ ഉപയോഗിക്കുന്നു. ഇവര്‍ക്ക് ഗാന്ധിയെക്കുറിച്ച് വാതോരാതെ സംസാരിക്കും, ഗാന്ധിയുടെ പടവും പ്രതിമയും വീടുകളിലും കാര്യാലയങ്ങളിലും( office), കവലകളിലും, നാടുവഴികളിലും സ്ഥാപിക്കും. എന്നാല്‍ ഗാന്ധിയേയോ ഗാന്ധിമാര്‍ഗത്തെയോ ഇവര്‍ അറിയുന്നില്ലെന്ന് മാത്രം.
    ഇതില്‍നിന്നോട്ടും വ്യത്യസ്തമല്ല നമ്മള്‍ ക്രിസ്ത്യാനികള്‍. ഇതേ കോപ്രായങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ നമ്മളും കാട്ടിക്കൂട്ടുന്നു. ക്രിസ്തുവിനെ മറയാക്കി, ക്രിസ്തുവില്‍നിന്നും ക്രിസ്തുമാര്‍ഗത്തില്‍നിന്നും മാറി നമ്മുടെ സ്വാര്‍ഥതക്ക്പറ്റിയതരത്തില്‍ ഒരു യേശുവിനെയും, യേശുവിന്‍റെ പേരില്‍ ഒരു പ്രസ്ഥാനത്തെയും സ്ഥാപിച്ചെടുക്കുന്നതില്‍ സാത്താന്‍ നമ്മളിലൂടെ ഒരളവുവരെ വിജയിച്ചിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചു പറയാനും പൊക്കിക്കൊണ്ടുനടക്കാനും എളുപ്പവുമാണ് നമുക്കിഷ്ടവുമാണ്, എന്നാല്‍ ക്രിസ്തു പറഞ്ഞതെന്തെന്നു മനസിലാക്കാന്‍ നമ്മളാരും ശ്രമിക്കുന്നില്ലെന്ന്മാത്രം. അതുകൊണ്ട് നാമമാത്രക്രിസ്ത്യാനികളാകാതെ ക്രിസ്തു പറഞ്ഞിട്ടുള്ളതെന്തെന്നുമനസിലാക്കി ക്രിസ്തുവിനെമനസിലാക്കി
    അടുത്ത ജന്മത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ശ്രമിക്കാം.

    പിപ്പിലാഥന്‍

    കാപ്പിലച്ചന്‍ എഴുതിയതൊക്കെ സത്യമാണെങ്കില്‍, കാപ്പിലച്ചനെ പോലെ ധാരാളം അച്ചന്മാരുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം . നന്ദി കുറുപ്പുമാഷ് (O.N.V)
    വചനം അറിയാത്ത ക്രിസ്ത്യാനിയും , വേദങ്ങളും ഉപനിഷത്തുകളും വായിക്കാത്ത ഹിന്ദുവും , ആരെങ്കിലും പറയുന്നത് കേട്ടതല്ലാതെ ഖുറാന്‍ മനസിലാക്കിയിട്ടില്ലാത്ത , മുസ്ലിമും, ന്യായപ്രമാണം മനസിലാക്കാത്ത യെഹൂധനും, ഉള്ളടത്തോളം ലോകം ഇങ്ങനെ തന്നെ കിടക്കും.

    ReplyDelete
  5. പിപ്പിലാഥന്‍ ക്രിസ്ത്യാനിയെന്ന സംജ്ഞയെതേടി ബൈബിള്‍മുഴുവന്‍
    അരിച്ചുപെറുക്കിയുള്ള ഗെവേഷണങ്ങള്‍ യുക്തിക്ക് യോജിച്ചതുതന്നെ.ക്രിസ്തു യഹൂദരുടെ ഇടയില്‍ പ്രസംഗിച്ചു. ക്രിസ്തുമതം സ്ഥാപിച്ചത് വിജാതിയാരുടെയിടയില്‍ വേദംപഠിപ്പിച്ച പോള്‍ ആണെന്നു ദൈവ ശാസ്ത്രജ്ഞരുടെയിടയില്‍ അഭിപ്രായമുണ്ട്.

    ബൈബിള്‍ ആധികാരികമായ ഒരു ചരിത്രഗ്രന്ഥമല്ല.പോള്‍,യേശു ജീവിച്ചിരിക്കുന്ന നാളുകളില്‍ തമ്മില്‍ കണ്ടിട്ടില്ല. സുവിശേഷങ്ങള്‍ എഴുതിയ നാലു പേരും ആരെന്നു വ്യക്തമായ രേഖകളൊന്നും ചരിത്രകാരുടെ കൈവശമില്ല. സുവിശേഷകര്‍ മാത്യു, മാര്‍ക്ക്, ലുക്ക്‌, യോഹന്നാന്‍ എന്നീ വിശുദ്ധരാണെന്ന് പാരമ്പര്യം പറയുന്നു. എങ്കിലും ബൈബിള്‍‍ എഴുതിയത് ആരെന്നു തര്‍ക്കവിഷയങ്ങള്‍ തന്നെയാണ്.

    വിശുദ്ധ മാര്‍ക്കിന്‍റെ സുവിശേഷമാണ് ഏറ്റവും പഴയപുസ്തകമായി കരുതിയിരിക്കുന്നത്. യേശുവിന്‍റെയും പോളിന്‍റെയും മരണശേഷം അനേക സംവത്സരങ്ങള്‍ കഴിഞ്ഞു, ആദ്യനൂറ്റാണ്ടിന്‍റെ പകുതിയില്‍ ഈ സുവിശേഷം എഴുതിയതെന്നു വിശ്വസിക്കുന്നു. ആദ്യപുസ്തകം ഗ്രീക്കിലായിരുന്നു. യേശുവിന്‍റെ ഭാഷ ആറാമിക്കും.പ്രാര്‍ഥനകള്‍ ഹീബ്രുവിലും ആയിരിക്കാം.പിപ്പിലാഥന്‍
    ചൂണ്ടികാണിച്ചതു പോലെ ക്രിസ്ത്യാനിയെന്ന പദം ബൈബിളില്‍ ശരിയായി വ്യക്തമാക്കാത്തത് ഭാഷകള്‍ തമ്മിലുള്ള വൈകല്യങ്ങള്‍മൂലവുമായിരിക്കാം. അതുപോലെ ആരാമിക്ക്-ഗ്രീക്ക് ഭാഷകളിലുള്ള തര്‍ജിമകളില്‍ നോട്ടപിശകുകളോ ഭാഷശുദ്ധി പുരോഗമിക്കാത്തതോ ആയിരിക്കാം.

    മാത്യുവിന്‍റെ സുവിശേഷം എഴുതിയത് ഏതോ അജ്ഞാതനായ ഗ്രന്ഥകര്‍ത്താവ് ആണ്.ജീസസ് മരിച്ചു ഒരു തലമുറയ്ക്ക്ശേഷമാണ് ഈ സുവിശേഷം എഴുതിയതെന്നും കരുതുന്നു.ചരിത്രത്തില്‍ ഉറങ്ങുന്ന ജീസസിനെ അറിയാന്‍ പാടില്ലാത്ത ആരോ ആണ് ജോണിന്‍റെ സുവിശേഷം എഴുതിയിരിക്കുന്നത്. വ്യക്തതയില്ലാത്ത വംശപരമ്പരകളാണ് ലൂക്കിന്‍റെ സുവിശേഷത്തിലുള്ളത്.

    ക്രിസ്തു മതത്തിന്‍റെ സ്ഥാപകനെന്നു കരുതുന്ന പോളിന് ചരിത്രത്തിലെ യേശുവിനെ നേരിട്ട് അറിയത്തില്ലായിരുന്നു. പോളിന്‍റെ കത്തുകളും പോള്‍ എഴുതിയതെന്നു സ്ഥാപിക്കുവാന്‍ പ്രയാസമാണ്.അങ്ങനെ ആദ്യമ ക്രിസ്ത്യാനികളെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ബൈബിള്‍ ഒരു ചരിത്ര പുസ്തകമായി ഗണിച്ചാല്‍ ശാരിയാവുകയില്ല.

    ജീസസിന്‍റെ മരണശേഷം നാലാംനൂറ്റാണ്ടിലാണ് ക്രിസ്ത്യാനികള്‍ ബൈബിള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയത്.ക്രിസ്തുമതം റോമന്‍സാമ്രാജ്യത്തിന്‍റെ ഭാഗമായി അറിയപ്പെടുവാന്‍ തുടങ്ങി. നാലാംനൂറ്റാണ്ടില്‍ സുവിശേഷങ്ങളെ പഠിക്കുവാന്‍ ഒരു
    സിനഗോഗ് കൂടി. അന്നവര്‍ക്ക് ലഭിച്ച മാനുസ്ക്രിപ്ട്ടുകള്‍ പല തലമുറകള്‍മാറി എഴുതിയ കോപ്പികളായിരുന്നു.ഓരോ തലമുറകളും അവരുടെ ഭാവനകള്‍അനുസരിച്ച് സുവിശേഷങ്ങള്‍ക്ക് മാറ്റംവരുത്തി കാണും.
    പലകാലങ്ങളിലായി‍ കവികളും,തത്വചിന്തകരും ക്രിസ്തു മതവിരോധികളായ യഹൂദരും എഴുതിയ മാനുസ്ക്രിപ്റ്റ് പരിശോധിച്ചശേഷമാണ് ബൈബിളിനെ സ്വന്തം വേദമായി ക്രിസ്തുമതം അംഗികരിച്ചത്. അതുകൊണ്ട് ബൈബിളിനെ ആസ്പദമാക്കി ക്രിസ്ത്യാനിയെന്ന പദത്തിന്‍റെ ഉത്ഭവം കണ്ടെത്തുവാന്‍ സാധിക്കുകയില്ല.

    യേശുവാണോ പോള്‍ ആണോ ക്രിസ്തുമതം സ്ഥാപിച്ചതെന്ന് ബൈബിളില്‍ അവ്യക്തമാണ്.യേശു യഹൂദര്‍ക്ക് മാത്രം ജനിച്ചുവെന്നു ബൈബിള്‍ പ്രസംഗിച്ചു നടക്കുന്ന ഒരു ഇവാന്‍ജലിക്കല്‍ സഭയും അമേരിക്കന്‍നാടുകളില്‍ ഉണ്ട്.

    ReplyDelete
  6. താഴെ പറയുന്ന ബൈബിള്‍ വാക്യം ആരെങ്കിലും ഒന്ന് വിശദീകരിക്കാന്‍ താല്‍പര്യപ്പെടുന്നു.

    "ഞാന്‍ നിങ്ങളോട് പറയുന്നു, അധാര്‍മിക സമ്പത്ത് കൊണ്ട് നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചു കൊള്ളുവിന്‍.... ...........-----////,,,,,, അധാര്‍മിക സമ്പത്തിന്‍റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം ആര് നിങ്ങളെ ഏല്‍പിക്കും." (ലൂക്ക 16, 9-11)

    ReplyDelete
  7. സി.ജെ. മാടപ്പാട്ട് അവാര്‍ഡ് നേടിയ മൊഴി വഴി മിഴി എന്ന ബൈബിള്‍കവിതാസമാഹാരത്തിലെ അധര്‍മഗതി എന്ന കവിത താങ്കള്‍ സൂചിപ്പിച്ച ഉപമയ്ക്കുള്ള എന്റെ വ്യാഖ്യാനമാണ്. ആ കവിതയിലെ അവസാനവരികള്‍ താഴെ കൊടുക്കുന്നു:

    ഇങ്ങനെചെയ്യുവോരെല്ലാമിരുട്ടിന്റെ
    മക്കള്‍, പ്രകാശസന്താനങ്ങളെക്കാളു-
    മിങ്ങു വിവേകികള്‍; ഇത്രയും സത്യമാം!
    എന്നാലധാര്‍മികസമ്പത്തു,മങ്ങനെ
    വന്ന സുഹൃത്തുക്കളും നഷ്ടമായിടും.
    പിന്നെയവര്‍തന്നെ ശത്രുക്കളായ് മാറി
    നിന്നെയെത്തിച്ചിടും നിത്യമാം നിദ്രയില്‍!

    ReplyDelete
  8. നന്ദി ജോസ്‌ ആന്റണി, പക്ഷെ "അധാര്‍മിക സമ്പത്തില്‍ വിശ്വസ്തരാകുക" എന്ന് വച്ചാല്‍ ???

    ReplyDelete
  9. ബൈബിള്‍ വായനക്കാരനല്ലാത്ത ഞാന്‍ യേശുവിന്‍റെ വാക്കുകളെപ്പറ്റി അഭിപ്രായം പറയുന്നത് ശരിയല്ല. വേദപരിചയത്തില്‍ വിജ്ഞാനിയായ പിപ്പിലാഥന്‍ ഈ വാക്യത്തിന്‍റെ സത്ത എന്തെന്നു വായനക്കാരെ മനസ്സിലാക്കട്ടെ. അദ്ദേഹത്തില്‍നിന്നും വായനക്കാര്‍ ഈ ചോദ്യത്തിനു ഒരു ഉത്തരം പ്രതീക്ഷിക്കുന്നു.

    ഒരു ധനികന്‍റെയും കാര്യസ്ഥന്‍റെയും ഉപമയോടുകൂടിയാണ് യേശു ഈ ബൈബിള്‍വാക്യം പറയുന്നത്. മാമ്മോനെയും ദൈവത്തെയും ഒരുപോലെ സ്നേഹ്ക്കുവാന്‍ സാധ്യമല്ലെന്നും വ്യക്തമാക്കുന്നു. യജമാനെ സേവിക്കുകയെന്നുള്ളതാണ് കാര്യസ്ഥന്‍റെ ധര്‍മ്മം. കാര്യസ്ഥന്‍ തന്‍റെ ജോലികള്‍ നേരാംവണ്ണം നിര്‍വഹിക്കുന്നില്ലന്നു യജമാനന്‍ അറിഞ്ഞപ്പോള്‍ ജോലി നഷ്ടപ്പെടുമെന്ന നിലവന്നു. ഇവിടെ അധാര്‍മ്മിക മാര്‍ഗത്തോടെ ധനം സമ്പാദിച്ച ധനികനെയും തൃപ്തിപ്പെടുത്തണം അതെസമയം സ്വന്തം കുടുംബത്തിന്‍റെ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ ജോലിയും നിലനിര്‍ത്തണം. സ്വന്തം കടമകളെയും (ധര്‍മ്മം) ധനികന്‍റെ അധാര്‍മ്മികമായ മാമ്മോനെയും(ധനം)ഒരു പോലെ ഇയാള്‍ക്ക് സേവിക്കണം. തന്‍റെ കാര്യസ്ഥജോലി സ്ഥിരപ്പെടുതുന്നതിനു, ഇയാള്‍ ധനികന്‍റെ കടക്കാരെ വിളിച്ചുകൂട്ടി ധനം സമര്‍ഥമായി മിതവിയം ചെയ്തു കടങ്ങള്‍ഇല്ലാതാക്കി.അങ്ങനെ ഇയാള്‍ ധനികന്‍റെയും അനേക സുഹൃത്തുക്കളുടെയും വിശ്വസ്ഥനുമായി.

    (ധനികന്‍റെ) അധാര്‍മ്മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചു കൊള്ളുവിന്‍....,(ധനികന്റെ) അധാര്‍മ്മിക സമ്പത്തിന്‍റെ കാര്യത്തില്‍ (നിങ്ങള്‍)വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം ആര് നിങ്ങളെ ഏല്‍പിക്കും." (ലൂക്ക 16, 9-11) ഇങ്ങനെ വായിക്കുന്നതായിരിക്കും ശരി.

    ഇംഗ്ലീഷ്തര്‍ജിമ മറ്റൊരു വ്യാഖ്യാനരൂപേണ കാണുന്നു. 11 So if you have not been trustworthy in handling worldly wealth, who will trust you with true riches? 12 And if you have not been trustworthy with someone else’s property, who will give you property of your own?

    യേശു ഒരു ഉപമയില്‍ കൂടി പറയുകയാണ്‌, നിന്‍റെ ലോകത്തിലെ കടമ ധനികനെയും അയാളുടെ അധാര്‍മ്മിക ധനത്തെയും പരിപാലിക്കുകയെന്നുള്ളതാണ്. അധര്‍മ്മത്തെ ജയിക്കുവാന്‍ ധര്‍മ്മം ആവശ്യമാണെന്ന് ഗീതയിലും പറയുന്നു. ലോകത്തിന്‍റെ ധനം കൈകാര്യം ചെയ്യുവാന്‍ നീ വിശ്വസ്ഥനല്ലെങ്കില്‍ യഥാര്‍ഥധനം നിന്നെ ആരു വിശ്വസിച്ചു ഏല്‍പ്പിക്കും. മറ്റൊരുവന്‍റെ ധനത്തിന്മേല്‍ നീ വിശ്വസ്ഥനല്ലെങ്കില്‍ നിനക്ക് ധനം ആരുതരും.

    ReplyDelete
  10. ഒരു അധര്‍മിയെ ആശ്രയിച്ചാണ് നമ്മള്‍ ഉപജീവനം നടത്തുന്നതെങ്കില്‍ ആ അധര്‍മിയുടെ എല്ലാ അധര്‍മ്മങ്ങള്‍ക്കും കുട പിടിച്ചു കൊള്ളണം എന്ന്. എതിര്‍ക്കാനോ തിരുത്താനോ ശ്രമിക്കരുതെന്നല്ലേ? അത് നമുക്ക്‌ പാപ കാരണമാകുന്നില്ല താനും.

    ReplyDelete
  11. പണ്ട് നെടുങ്കനാല്‍ പറഞ്ഞതുപോലെ അറ്റത്തു ഇമ്മിണി വലിയ കുടുക്കുള്ള ചോദ്യമാണ് , കുടുക്കിലാകും എന്നറിഞോണ്ടുതന്നെ എന്റെ അഭിപ്രായം പറയട്ടെ , ഇത് ഈ ഭാഗത്തെപ്പട്ടിയുള്ള ഉത്തരമല്ല. ശ്രീ പടന്നംമാക്കല്‍ പറഞ്ഞതില്‍ കൂടുതലൊന്നും എന്റെ തലയിലും വെളിപ്പെടുന്നില്ല.എങ്കിലും

    ഇത് മത്തായി എഴുതിയ സുവിശേഷത്തിലല്ല ലൂക്കയിലാണ്.

    Luk 16:9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.
    10 :അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.
    11 :നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?
    12 :അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
    13 :രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
    ഫലം കിട്ടുന്നത് ഇവിടല്ല നിത്യകൂടരങ്ങളില്‍ ആണെന്ന് ശ്രദ്ധിച്ചാലും.
    ചുരുക്കത്തില്‍ നമുക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുത്തു , സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാക്കുക. പണവും( ഭൌതീക സമ്പത്ത് ) ദൈവവും എതിരാളികളാണ് എന്ന് വചനം പറയുന്നു , എന്നാല്‍ എന്റെ പണം ഉപേക്ഷിക്കാന്‍ ഇഷ്ട്ടമില്ലത്തതുകൊണ്ട് ഞാന്‍ ഇത് മനസിലാകാത്തതായി നടിക്കട്ടെ.
    ഇതിനായി ലോകവും ഭൂമിയും എന്താണെന്ന് വേര്‍തിരിച്ചു പഠിക്കണം . തര്‍ജിമയുടെ വികലതകൊണ്ടും , സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കാക്കാനുമായി വരുത്തിയ തെറ്റുകളും ഒഴിവാക്കിയാല്‍ , വചനം എനിക്ക് മനസിലായത് ഇങ്ങനെയാണ്. ഭൂമിയും അതിനോടോത്തു ദൈവം സൃഷ്ട്ടിച്ചവയും ഭൂമിയുടെ ഭാഗവും ദൈവത്തിന്‍റെതുമാണ്( ഉദഹരണം ഭൂമി ,ശുദ്ധജലം, അതതുതരം വര്‍ഗങ്ങളെ ഉത്പാതിപ്പിക്കുന്ന ചെടികളും ,മൃഗങ്ങളും......) . അതുകഴിഞ്ഞ് ഉണ്ടാക്കിയത് മിക്കതും ലോകത്തിന്റെയാണ്, അഥവാ സാത്താന്‍റെയാണ്. (വലിയ കെട്ടിടങ്ങള്‍(ഷിനാറിലെ) , ഞാനീ ഇപ്പോള്‍ ഉപയോഗിക്കുന്ന ടെക്നോളജി, വ്യവസായം , കച്ചവടം , കറന്‍സികള്‍ ഷെയര്‍ മാര്‍ക്കറ്റു. സിനിമ , t .v ഫോണ്‍ വിമാനം ,കാറ് ..... സിന്തറ്റിക് ഉത്പന്നങ്ങള്‍ ....... മരുന്നുകള്‍ എന്നോമാനപെരില്‍ വിറ്റഴിക്കുന്ന രാസ വസ്തുക്കാള്‍ ..........) ഭൂമിപോലും രാസവളങ്ങള്‍,radiation , chemical polution,light polution,soundpolution , water ,air and atmospheric പോലുറേന്‍, അതതു തരാം ചെടികളെ മുളപ്പിക്കാനുല്ലാ കഴിവില്ലാത്ത ചെടികള്‍ ( ഹൈബ്രിട്സ്) ....... മൂലം അതിന്‍റെ എല്ലാ ഭാവങ്ങളും നഷട്ടപ്പെട്ട അവസ്ഥയിലാണിന്നു. ഇത് നേരെയാക്കാന്‍ ആര്‍ക്കും സാധിക്കില്ല , ഈലോകം അവസാനിച്ചു , ഈ കേടായ ആകാശവും ഭൂമിയും ദൈവത്താല്‍ പുതുക്കപ്പെടും.( പുതിയ ആകാശവും പുതിയ ഭൂമിയും). ഈ ലോകത്തിന്‍റെ ( ഭൂമിയുടെയല്ല ) ദൈവം സാത്താനാനെന്നു ബൈബിള്‍ പറയുന്നു.
    2 Corinth 4:4 -The god of this age has blinded the minds of unbelievers,
    New Living Translation -Satan, who is the god of this world, has blinded the minds of those who don't believe. They are unable to see the glorious light of the Good News
    English Standard Version- In their case the god of this world has blinded the minds of the unbelievers, to keep them from seeing the light of the gospel of the glory of Christ, who is the image of God.

    Cont.

    ReplyDelete
  12. നമ്മുക്ക് തിന്നാനും കുടിപ്പാനുമുല്ലതിലതികം സമ്പാതിക്കുവാന്‍ വചനം പറയുന്നില്ല. ധനവാനകണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ, മുതലെടുപ്പോ ചൂഷണമോ( പ്രത്യക്ഷമായോ പരോക്ഷമായോ) ചെയ്യാതെ പറ്റില്ല. ഇതൊക്കെ ധാരാളം വിശധീകരിക്കേണ്ട കാര്യങ്ങളാണ്. നമ്മെക്കാള്‍ ദരിദ്രനായി ലോകത്തോരാള്‍ ഉണ്ടായാല്‍ നമ്മള്‍ " നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കയെന്ന" പ്രമാണം ലംഖിക്കുകയാണ്. മിച്ചമുള്ളതെല്ലാം ( അനീതി കൊണ്ടുണ്ടാക്കിയത്) വിറ്റു സ്നേഹിതരെ ഉണ്ടാക്കാന്‍ പറയുന്നത് ഇപ്പോള്‍ മനസിലായോ . ഇല്ലെങ്കില്‍ ഇത് വായിക്കുക
    ലൂക്കോസ് - 11:
    39 കർത്താവു അവനോടു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
    40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
    41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു. ( എന്താനകത്തുള്ളത്? കവർച്ചയും ദുഷ്ടതയും കൊണ്ടുണ്ടാക്കിയത്, യേശു പറയുന്നത് പാത്രങ്ങളുടെ ഉള്ളില്‍ എന്നല്ല മറിച്ചു നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു, എന്നാണെന്ന് ശ്രദ്ധിച്ചാലും)

    New International Version (©1984)
    But give what is inside [the dish] to the poor, and everything will be clean for you.
    New Living Translation (©2007)
    So clean the inside by giving gifts to the poor, and you will be clean all over.
    English Standard Version (©2001)

    യോഹന്നാൻ 1 - 3:10
    ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.
    ലൂക്കോസ് - 18:6
    അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.
    ഉല്പത്തി - 3:1
    യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു.
    മത്തായി - 19:21
    യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
    ലൂക്കോസ് - 16:13
    രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
    മത്തായി - 6:24
    രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
    തിമൊഥെയൊസ് 1 - 6:9
    ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ( അവസാന വിധി) മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.

    നാമെല്ലാം ഒരു മായയിലാണ് , നമ്മുടെ ജീവിതം നന്നായി , നിലവാരം കൂടി എന്നൊക്കെ പറയുമ്പോഴും , കണ്ണടച്ചുവിടുന്ന ഒരു കാര്യമുണ്ട് , നമ്മുടെ നാട്ടില്‍ ഇരുപതു രൂപാ ദിവസക്കൂലിയുണ്ടായിരുന്നപ്പോള്‍ ഒരു പണിക്കാരന്‍ 3 സെന്റു ഭൂമിവാങ്ങി കൂര വച്ചിരുന്നൂ . ഇന്ന് ഇരുപതിരട്ടിയിലധികം കൂലിയുണ്ടായിട്ടും ഇതുപോലൊന്ന് വാങ്ങി കെട്ടിപ്പൊക്കാന്‍ അവനെക്കൊണ്ട്‌ സാധിക്കുന്നില്ല.അപ്പോള്‍ പുരോഗതിയോ അധോഗതിയോ?

    ReplyDelete
  13. Thank you friends. In fact, I posted the extract "Akraistavanaya Yesuvine Thedi" from Fr. Kappen's book with a special purpose. A seminar is being organized based on the same document. It will be on the 18th (Sunday) of March at Anand Hotel Auditorium, Ettumanoor - in the afternoon. The details will soon be announced. All are welcome.

    ReplyDelete
  14. സെബാസ്റ്റ്യന്‍ വട്ടമറ്റം പോസ്റ്റ്‌ചെയ്ത ലേഖനത്തിലെ വിഷയങ്ങളില്‍നിന്നും വിത്യസ്തമായിട്ടാണ് ചര്‍ച്ചകള്‍ ഇവിടെ തുടരുന്നത്. അധര്‍മ്മത്തിന്‍റെ ഈ പണം ചൊല്ലിയാണ് ലൂതറും മാര്‍പാപ്പയും നവീകരണകാലങ്ങളില്‍ ഏറ്റുമുട്ടിയത്‌.

    വത്തിക്കാന്‍കൊട്ടാരംതന്നെ പണിതീര്‍ത്തതും അധര്‍മ്മത്തിന്‍റെ പണംകൊണ്ടാണ്. അധര്‍മ്മത്തിന്‍റെ പണം കൊട്ടാരം പണിയുവാന്‍ നിക്ഷേപ്പിക്കുന്നെങ്കില്‍ ശുദ്ധീകരണസ്ഥലത്തിന്‍റെ കാലദൈര്‍ഘ്യം കുറച്ചു നിത്യസ്വര്‍ഗം പ്രാപിക്കാമെന്നായിരുന്നു മാര്‍പാപ്പയുടെ ദൈവശാസ്ത്രം. ലൂതര്‍ അത്
    ശക്തിയായി എതിര്‍ത്തു. ലൂക്കിന്‍റെ ഈ വചനമായിരുന്നു നവീകരണത്തിന്‍റെ ഭൂകമ്പവും നവീകരണ സഭകളുടെ ആവീര്‍ഭാവത്തിനു കാരണമായതും.

    അധാര്‍മ്മികള്‍ക്കും പുണ്ണ്യപ്രവര്‍ത്തനങ്ങളിലൂടെ സ്വര്‍ഗത്തിലേക്കുള്ള
    വഴിയില്‍ സഞ്ചരിക്കാമെന്നാണ് ക്രിസ്തീയ നിയമങ്ങള്‍
    പഠിപ്പിക്കുന്നത്‌. അന്തിവിധിവരെ ആര്‍ക്കും സ്വര്‍ഗം ബൈബിളില്‍
    വാഗ്ദാനംചെയ്തിട്ടില്ല. വിധവയുടെ കൊച്ചുകാശുവരെ ഈ പുണ്ണ്യവഴിയിലുണ്ട്. സര്‍വ്വതും വിറ്റു ദരിദര്‍ക്കു കൊടുത്താല്‍ അമേരിക്കാമുതല്‍ എല്ലാ സാമ്പത്തികശക്തികളും തകരും. യേശുവിന്‍റെ വചനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ചിന്തിച്ചാല്‍ പ്രായോഗികജീവിതം ദുഷ്ക്കരമായിരിക്കും.

    ഒരു വചനം ചികയുന്നതിനു പകരം അതിന്‍റെ സത്ത കണ്ടെത്തുക. ഇവിടെ ഈ ഉപമയില്‍ ഒരു യജമാനന്‍, പിന്നെ അയാളുടെ സാമ്പത്തികകാര്യങ്ങള്‍ നോക്കുവാന്‍ ഒരു മാനേജര്‍, ചതിയിലൂടെ നേടിയ അധാര്‍മ്മികമായ ധനം. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പോവുന്നത് ഒട്ടകം സൂചികുഴലില്‍ക്കൂടി
    പോവുന്നതുപോലെയാണെങ്കിലും സാധ്യമല്ലെന്ന് പറയുന്നില്ല. കഠിനമെന്നെ സൂചിപ്പിക്കുന്നുള്ളൂ.

    ദൈവത്തെ ചതിച്ച ഈ പണത്തിനു വിലപേശല്‍ ഈ ഉപമയില്‍ക്കൂടി കാണാം. എന്നാല്‍ ഭാവിയിലെ സ്വര്‍ഗത്തിലേക്കുള്ള വഴിയിലേക്ക് ഈ അധാര്‍മ്മിക്കും
    വാഗ്ദാനങ്ങള്‍ ഉണ്ട്. ദൈവം അവന്‍ചെയ്ത പാപങ്ങള്‍ മറന്നിട്ടില്ല, അന്യന്‍റെ സ്വത്ത് തിരിച്ചുകൊടുത്ത നല്ല കര്‍മ്മത്തെയാണ്‌ ഉപമ വ്യക്തമാക്കുന്നത്. സ്വര്‍ഗം പീറ്ററിന് പോലും വാഗ്ദാനംചെയ്തിട്ടില്ല. അധാര്‍മ്മിക ധനത്തിന്‍റെ വീതം
    തിരിച്ചുകൊടുത്തതുവഴി ഈ റാസ്ക്കലും സ്വര്‍ഗരാജ്യത്തിനുവേണ്ടിയുള്ള പടികള്‍ കയറുന്നു.

    ഒരു കെട്ടിടം പണിതാല്‍ മേല്ക്കൂരയല്ല അടിത്തറയാണ് ആദ്യം പണിയുന്നത്. ധനവാന്‍ നല്ലവനായ സേവകന്‍റെ സഹായത്തോടെ
    സ്വര്‍ഗീയഭവനത്തിനായുള്ള ഒരു ചുവടുവെപ്പാണ്‌ ഇവിടെ തുടങ്ങിയത്. യുക്തിയുടെ അടിത്തറയെന്നും കരുതാം.

    ReplyDelete
  15. ശരിയാണ് , ഏതെങ്കിലും ചൂഷനമില്ലാതെ കണക്കറ്റു പണമുണ്ടാക്കാന്‍ പറ്റില്ല. സകെവൂസും , അന്യായമായുണ്ടാക്കിയതും , അതിന്റെ ഇരട്ടിയും പാവപ്പെട്ടവര്‍ക്ക് കൊടുത്തപ്പോള്‍ , സ്വയം ധ്രിദ്രനായപ്പോള്‍ റിക്ഷ വന്നു ?
    ശരിയായ മാര്‍ഗത്തില്‍ കണക്കറ്റു സംപാതിക്കാന്‍ പറ്റില്ലെന്ന് , ആലോചിച്ചാല്‍ ബോധ്യമാകും. മേലെഴുതിയവര്‍ക്കെല്ലാം നന്ദി .

    ReplyDelete
  16. അക്രൈസ്തവനായ യേശുവിനെ തേടി എന്ന പോസ്റ്റ്‌ മുഴുവന്‍ വായിക്കാതെയാണ് പ്രിയപ്പെട്ട വായനക്കാരുമായി ഒരു ബൈബിള്‍ വാക്യം പങ്കു വച്ചത്. അതിനു കിട്ടിയ പ്രതികരണം ഏറെ ചിന്തോദ്ദീപകമായിരുന്നു. എല്ലാവര്ക്കും നന്ദി. പോസ്റ്റ്‌ ഇന്ന് പൂര്‍ണ്ണമായി വായിച്ചു.

    ഇന്ന് നാം കാണുന്ന ശാസ്ത്ര സാങ്കേതിക മറ്റിതര മേഖലകളിലെ മുന്നേറ്റം സംബന്ധിച് തികച്ചും അന്ധമായ ഒരു ധാരണ തന്നെയായിരുന്നു രണ്ടായിരം വര്ഷം മുമ്പ്‌..

    ദാരിദ്ര്യവും രോഗവും അന്നുമുണ്ട് ഇന്നുമുണ്ട്. പരസ്പരം സ്നേഹിക്കാന്‍ യേശു അന്നാവശ്യപ്പെട്ടു; ഇന്നും ലോക സമൂഹം ആവശ്യപ്പെടുന്നതും അത് തന്നെ. ലോകം എത്ര തന്നെ മാറിയാലും ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ എക്കാലവും പ്രസക്തം തന്നെ.

    ReplyDelete