Translate

Wednesday, February 12, 2014

മെത്രാൻ സിനഡ് നല്കുന്ന പാഠം


കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് സമാപിക്കുന്ന ഇന്ന് (12.02.14) മനോരമക്കാർക്ക് ലക്ഷങ്ങൾ കൊടുത്ത്, വിലകൂടിയ നാല് താളുകളിൽ, ഒരു സപ്ലിമെന്റ്റ്‌ ഇറക്കിയിരിക്കുന്നത് മിക്കവരും കണ്ടിരിക്കണം. ഇല്ലെങ്കിൽ ഈ ലിങ്കിൽ അതുണ്ട്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamIndepthProgramView.do?catId=-213663&programId=11682975&tabId=11&BV_ID=@@@

സത്യസന്ധമായ ഒരു വാക്കുപോലും അതിൽ എഴുതിയിരിക്കുന്ന മാർ ആലഞ്ചേരിയും കല്ലറങ്ങാട്ടും ഉൾപ്പെടെ ആരും പറഞ്ഞിട്ടില്ല. തങ്ങൾ എന്തു കർമ്മപരിപാടികളാണ് വിഭാവനം ചെയ്യുന്നതെന്നോ, നേതൃസ്ഥാനം വഹിക്കുന്നവരെ സഭയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത്തോടടുപ്പിക്കാൻ എന്തെല്ലാം മാറ്റങ്ങൾക്കാണോ തങ്ങൾ തയ്യാറാകുന്നതെന്നൊ ഒന്നും പറയാതെ പോപ്‌ ഫ്രാൻസിസ് എന്ത് പറഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം തന്റെ ജീവിതത്തെ എങ്ങനെ സുവിശേഷസന്ദേശത്തിന് അനുയോജ്യമാക്കുന്നുവെന്നും ഒക്കെ ആവർത്തിക്കുന്ന എഴുത്തുകാർ (അച്ചന്മാരും മെത്രാന്മാരും) ഭാരത സഭ എങ്ങനെ നവീകരിക്കപ്പെടാൻ പോകുന്നു എന്ന് ഒരു വാക്ക്പോലും പറയുന്നില്ല. "നവീകരിക്കപ്പെട്ട സഭ നവ സമൂഹത്തിന്റെ നിർമ്മിതിയിൽ" എന്നതാണ് സിനഡിന്റെ ചർച്ചാവിഷയമായി എടുത്തിരുന്നത് എന്നോർക്കണം. ഇപ്പോഴത്തെ അവസ്ഥയിൽതന്നെ ഭാരതസഭ നവീകരിക്കപ്പെട്ടതാണ്, അതിനിനി നവീകരണം ആവശ്യമില്ല എന്ന അങ്ങേയറ്റം തെറ്റായ ധ്വനിയാണ് സിനഡിന്റെ ഒരുക്കങ്ങളിലും ഉൾക്കൊണ്ടിരുന്നത്, അടിസ്ഥാനപരമായ ഈ തെറ്റ് അല്മായശബ്ദത്തിൽ പലതവണ ചൂണ്ടിക്കാണിച്ചതാണ്. നടന്നുകഴിഞ്ഞ മാമാങ്കത്തെപ്പറ്റി മറ്റു പലതും പൊക്കിപ്പറയുന്ന കല്ലറങ്ങാട്ട് അവയുമായി ഒരു തരത്തിലും ചേർന്നുനിലക്കാത്ത ഒരു വാക്യം തട്ടിവിട്ടിട്ടുണ്ട്: "ദരിദ്രർക്കും കീഴാളന്മാർക്കും പാമരന്മാർക്കും പാവപ്പെട്ടവര്ക്കും ഒപ്പമായിരുന്നു ഈശോ." അത് മനസ്സിലാക്കിയ പോപ്‌ ഫ്രാൻസിസ് തന്നെക്കൊണ്ടാകുന്നത് ചെയ്യുന്നുണ്ട്, ഞങ്ങൾക്കാകട്ടെ തിന്നും കുടിച്ചും സ്വയം ഒരുക്കിയ പൌരസ്വീകരണങ്ങൾ ആസ്വദിച്ചും ഇത്തരം പെരുന്നാളുകൾ നടത്താനേ അറിയൂ എന്ന സന്ദേശമാണ് ഈ സപ്ലിമെന്റ് വായനക്കാർക്ക് നൽകുന്നത്. 

സത്യസന്ധത എന്നത് വിലയേറിയ ഒരു സമ്മാനമാണ്; തീരെ വില കുറഞ്ഞവരിൽനിന്ന് അത് പ്രതീക്ഷിക്കരുത് എന്നതാണ് പാലായിലെ മെത്രാൻ സിനഡ് നല്കുന്ന പാഠം.

-- 
Tel. 9961544169 / 04822271922

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. "നവീകരിക്കപ്പെട്ട സഭ നവസമൂഹത്തിന്റെ നിർമ്മിതിയിൽ".... അതായത്, ഇനിയുമൊരു നവീകരണം എന്നും പറഞ്ഞ് ഒരത്മായനും കൊടിയും തോരണവും പിടിച്ച് തൊപ്പിയും ബെൽറ്റും മുറുക്കി വെയിലു കൊള്ളണ്ടാന്നു ചുരുക്കം. ആരോ പറയുന്നപോലെ, നെഞ്ചത്ത്‌ കയറി ഇങ്ങനെ പൊങ്കാല ഇട്ടുകളയുമെന്നു തീരെ പ്രതീക്ഷിച്ചില്ല.

    സത്യവിശ്വാസിയായ മത്തായിച്ചേട്ടൻ ടൌണിലെ കടയിൽ പോയി പത്തു രൂപയ്ക്കു പഴം വാങ്ങി. കടയുടമ അവറാച്ചനും തികഞ്ഞ വിശ്വാസി തന്നെ. പഴം കടലാസ്സിൽ പൊതിഞ്ഞു മത്തായിച്ചേട്ടൻ ഇരുപതു രൂപ ഒറ്റനോട്ടു കൊടുത്തു. ബാക്കി കൊടുക്കാൻ അവറാന്റെ കൈയ്യിൽ അഞ്ചു രൂപയേ ചില്ലറയായി ഉള്ളൂ. എങ്കിലും ഒന്നു പയറ്റി നോക്കാം; " എടാ മത്തായിയേ, ഈ അഞ്ചു രൂപ നമ്മുടെ കർത്താവീശോമിശിഹായുടെ നാമത്തിൽ പത്തു രൂപയായി കണക്കാക്കണം, നമ്മളെന്നും പള്ളിയിൽ കാണുന്നവരല്ലേ..
    "പിന്നേയ് ... ഒന്ന് പോടാ ഉവേ... പത്തുരൂപ തന്നെ തന്നാൽ അത് പത്തായി കണക്കാക്കാം, അല്ലാതെ അഞ്ചിനെ പത്തായി കാണാൻ എനിക്ക് തലക്ക് ഓളമൊന്നുമില്ല, അതങ്ങ് പള്ളിയിൽ തന്നെ പോയി പറഞ്ഞാ മതികേട്ടോ"!

    കർത്താവീശോമിശിഹായുടെ നാമത്തിൽ എല്ലാ വിശ്വസിപ്പിക്കലുകളും നടക്കുന്നുണ്ട്. പക്ഷേ, കേവലം ഒരു അഞ്ചിനെ പത്തായി കാണാൻ മേത്രാനെന്നല്ല സാക്ഷാൽ മാർപ്പാപ്പ പറഞ്ഞാൽ പോലും ഒരുത്തനും ഒരു കുലുക്കമില്ല, അതെന്താ അങ്ങനെ? യുക്തി (ബുദ്ധി) ഉപയോഗിക്കാതെ ഒരുത്തനും ജീവിക്കാൻ ആവില്ല എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. ആഭരണം ധരിക്കുന്നതിന്റെ പിറകിലുള്ള യുക്തി എന്താണോ അതു തന്നെയാണ് മുഖ്യധാരാ ഭക്തിയുടെ പിറകിലുള്ള യുക്തിയും. വെറുതെ പൊങ്ങച്ചത്തിനോ അലങ്കാരത്തിനോ എടുത്തണിയുന്ന ആഭരണങ്ങളെ കണക്ക് നമ്മുടെ ഭക്തിയും ആത്മീയതയും, അതിൽ തന്നെ കുറേ മുക്കുപണ്ടങ്ങളും!

    ReplyDelete
  3. കാറൽ മാർക്സിന്റെ കാലംമുതൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് സ്ഥിതികരിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ പുരോഹിതരും മയക്കു മരുന്നുകാരെപ്പോലെ കച്ചവടക്കാരല്ലേ? ഈ മെത്രാൻ സിനഡ് ഭക്തരെ മസ്തിഷ്ക്ക പ്രഷാളനം ചെയ്ത് ചൂഷണം നടത്തുന്ന ഒരു തരം തട്ടിപ്പു പ്രസ്ഥാനമെന്ന് പറയണം. മയക്കു മരുന്നുകാർക്കു കൊടുക്കുന്ന അതേ ശിക്ഷ നൽകത്തക്ക വിധത്തിൽ നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടതാണ്. വൻപത്രങ്ങളിൽ പരസ്യം കൊടുത്താലേ പുരോഹിത അഭിഷിക്തരുടെ കോർ പ്പറെറ്റ് വികസിക്കുകയുള്ളൂ.

    കത്തോലിക്കരുടെ കോട്ടയായ പാലായുടെ നടുക്കാണ് മെത്രാന്മാരുടെ പ്രകടനം നടന്നത്. ചുവന്ന കുപ്പായമിട്ട് നിരനിരയായി മെത്രാൻലോകം നീങ്ങുന്നത്‌ കാണുമ്പോൾ പാളം തെറ്റിയ ചുവന്ന തീവണ്ടി നീങ്ങുന്നതുപോലെ തോന്നും. ജീവിച്ചിരുന്നപ്പോൾ ഒരു തൂപ്പുകാരത്തിയുടെ വിലപോലും കൽപ്പിക്കാത്ത അല്ഫൊൻസാ എന്ന കന്യാസ്ത്രിയെ 200 മെത്രാന്മാർ വന്ന് കുമ്പിട്ടു ലോക വാർത്തയാക്കിയാൽ പണം വീണ്ടും അരമനയിലേക്ക് ഒഴുകിക്കൊള്ളുമെന്ന് അവർക്കറിയാം. അവിടെ ഒരു റോമലീയോസ് പുരോഹിതന്റെ ദീർഘ ദർശനവും പത്രങ്ങൾക്ക് വാർത്തയായെങ്കിൽ അദ്ദെഹത്തെക്കൂടി ഒരു പുണ്യാളനാക്കാമല്ലൊ. ഓരോ കാലത്തെ കള്ളപുരോഹിതർ ഓരോന്നു പറയും. പിന്നീടത്‌ എബ്രാഹം ലിങ്കന്റെ ഗെറ്റിസ്ബർഗു പ്രസംഗംപോലെ പ്രാധാന്യവും കൊടുക്കും. ഈ തുരുപ്പുചീട്ടൊക്ക വിഡ്ഢികളായ ഭക്തർ മുഖവിലക്കെടുക്കുകയും ചെയ്യും.

    അമേരിക്കയിലെയും യൂറോപ്പിലെയും പുണ്യാളന്മാർ മരിച്ചു പോയിയെന്ന് തോന്നുന്നു. ജോണ്‍ പോൾ മാർപാപ്പായുടെ ഫാക്റ്ററിയിൽ അനേകം പുണ്യളൻമാരെ സൃഷ്ടിച്ചിരുന്നു. ഇത്രയും മെനക്കെട്ടപ്പോൾ മറിയക്കുട്ടിയുടെ ബനഡിക്റ്റ് പുണ്യാളന്റെ ശവകുടീരത്തിലും കുമ്പിടേണ്ടതായിരുന്നു. പണം അങ്ങനെയും വാരാമായിരുന്നു.

    മാണിയുടെയും വെള്ളാപ്പ ള്ളിയുടെയും ഒപ്പം ബഹുമാനപ്പെട്ട ആലഞ്ചെരിയെയും കണ്ടു. അടുത്ത പ്രകടനം മലപ്പുറത്ത് നടത്തി കുഞ്ഞാലിക്കുട്ടിയെയും കൂടി ക്ഷണിച്ചു കഴിഞ്ഞാൽ സഭയെ കേരളത്തിലെ വർഗീയ കൂട്ടായ്മയുടെ ഒരു താവളത്തിൽ പ്രതിഷ്ഠിക്കാനും സാധിക്കും. ആഗോള സഭയിലെങ്കിൽ ചീഞ്ഞളിഞ്ഞ ഭാഗങ്ങൾ മാറ്റിയാൽ സഭാ മാതാവിന് പുനർജീവിതം നല്കാൻ സാധിക്കും. പൂർണ്ണമായും ദുഷിച്ചുചീഞ്ഞ കേരളസഭയെ നവീകരണം നടത്തുകയെന്നതും എളുപ്പമല്ല. മുഴുവനായും അധപതിച്ച ആ സഭയിൽ മാറ്റത്തിനുപകരം അങ്ങനെയൊരു സഭ ഈ ഭൂമുഖത്തില്ലാതാവുന്നതാണ് നല്ലത്.

    ReplyDelete
  4. എന്റെ ബന്ധത്തിൽ പെട്ട ഒരു കുട്ടി Marsleeva College of Nursing, Cherpunkal ൽ പഠിക്കുന്നുണ്ട്. കഷ്ടിച്ച് രണ്ടുമൂന്നു തവണയേ വീട്ടിൽപോലും വിടൂ. അത്രയ്ക്ക് അധികം പഠിക്കാനുണ്ട്. മെത്രാന്മാരെ സന്തോഷിപ്പിക്കാൻ ആ പെണ്‍കുട്ടികളുടെ പല ആഴ്ചകളിലെ ക്ലാസ്സുകൾ നഷ്ടപ്പെടുത്തി ഡാൻസ് ഉൾപ്പെടെ പല കലാപരിപാടികൾക്ക് ഒരുക്കുകയായിരുന്നു കന്യാസ്ത്രീകൾ. മെത്രാന്മാർ ദൈവാരൂപിയിൽ ധ്യാനിച്ചിരുന്ന് സഭയുടെ കാര്യങ്ങൾ (അതായത് തനതു സുഖസൌകര്യങ്ങളുടെ കാര്യങ്ങൾ) ചര്ച്ച ചെയ്യാനാണ് എത്തിയത്, അഘണ്‍ഡപ്രാർത്ഥന നടത്തി ദൈവാരൂപിയിൽ സമയം ചെലവാക്കുന്നു എന്നൊക്കെ പരസ്യപ്പെടുത്തും. രാപകലില്ലാതെ മുട്ടുകുത്തി പ്രാർത്ഥനയൊക്കെ ഓരോ സ്കൂളിലെ പിള്ളേരെ ഏൽപ്പിക്കും. മെത്രാന്മാരുടെ മുതുക്കൻ കണ്ണുകൾക്ക്‌ പ്രകാശം കിട്ടാൻ സുന്ദരികളായ പിള്ളേരെക്കൊണ്ട്‌ നൃത്തങ്ങൾ ചെയ്യിക്കും, പാട്ട് പാടിക്കും. അമ്പത് കൊല്ലം പൂഴ്ത്തിവച്ച വത്തിക്കാൻ രണ്ടിനെപ്പറ്റി പഠിക്കാനാണ് തങ്ങൾ കൂടിയിരിക്കുന്നത് എന്ന് പത്രത്തിലെഴുതും. ഇത്രയും നെറികെട്ട ഒരു വർഗ്ഗമാണ് സഭയെ നയിക്കുന്നതെങ്കിൽ, എന്തൊരു സഭയാണിത്!

    ReplyDelete
  5. അന്നും ഇന്നും ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്, ഈ സഭയെ നന്നാക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ശ്രി. ജൊസഫ് മാത്യു പറഞ്ഞതുപോലെ മറ്റൊന്ന് സൃഷ്ടിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. പ്രാര്‍ത്ഥന നടത്താന്‍ ഒരു ഗ്രൂപ്പിനെ പ്രത്യേകം നിയോഗിച്ചു എന്ന് കേട്ടപ്പോള്‍ ഗദ്സമന്‍ തോട്ടത്തില്‍ ശിക്ഷ്യന്മാരെ പ്രാര്‍ഥിക്കാന്‍ ഏല്‍പ്പിച്ചിട്ട് TV കണ്ടുകൊണ്ടിരുന്ന യേശുവിന്‍റെ കാര്യം ഓര്‍ത്തു പോയി. മരിച്ചടക്കിന് കരയാനും പാടാനുമായി കൂലിക്കാരെ വെയ്ക്കുന്ന ഏര്‍പ്പാടും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

    കേരളത്തിന്‍റെ സാംസ്കാരിക നേട്ടങ്ങളെപ്പറ്റി പഠിക്കാനാണ് ഈ മഹാ സമ്മേളനം ഇവിടെ നടന്നതെന്ന് തോന്നും അവിടെ നടന്ന കലാ വിരുന്നുകളുടെ കഥ കേട്ടാല്‍. AAP യുടെ വാര്‍ഷിക സമ്മേളനം ആയിരുന്നെന്നു തോന്നും അവിടുത്തെ ആവേശം കണ്ടാല്‍; ഒരു രാഷ്ട്രിയ - സാമുദായിക അനുരജ്ഞന സമ്മേളനം ആയിരുന്നെന്നു തോന്നും അവിടെ എത്തിയ രാഷ്ട്രിയക്കാരുടെ പ്രഭാഷണങ്ങള്‍ കേട്ടാല്‍. ഈ ഒരാഴ്ചക്കുള്ളില്‍ ഒരു സമഗ്ര ചര്‍ച്ചക്ക് കിട്ടിയത് ഏതാനും നിമിഷങ്ങള്‍. എല്ലാം പൂര്‍ത്തിയായെന്ന പോലെയാണ് മെത്രാന്മാരും അവിടെ കഴിച്ചു കൂട്ടിയത്.

    കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ നിന്ന് പാലാക്ക് മാറി എന്നതാണ് ഒരു നേട്ടം. സിനഡ് നല്‍കിയ ഏറ്റവും വലിയ സന്ദേശം, സഭ മെത്രാന്മാരുടെ കീഴില്‍ ഒരിക്കലും യേശുവിന്‍റെ സഹനത്തിന്റെയും അനുരജ്ഞനത്തിന്റെയും പാതയിലെക്കില്ലാ എന്നതു മാത്രമല്ല, ഒരു പുണ്യവതിയെ സ്വന്തമായി കിട്ടിയാല്‍ എന്ത് മാത്രം നേട്ടമുണ്ടാക്കാം എന്നും കൂടിയാണ്.

    ReplyDelete
  6. കഴിവുറ്റ സംഘാടകനും ദൈവശാസ്ത്രജ്ഞനും ആയിട്ടാണ് ഈ സിനഡോടെ കല്ലറങ്ങാട്ടിനെ ക്രിസ്ത്യൻ മാദ്ധ്യമങ്ങളിൽ എഴുന്നെള്ളിച്ചു നിറുത്തിയിരിക്കുന്നത്‌. മേല്പറഞ്ഞ സപ്ലിമെന്റിൽ ഒരിടത്ത്, റോമായിലെ ഏതോ പഠനക്കമ്മറ്റിയിൽ അംഗത്വം കിട്ടിയതോടെ ലോകത്തിലെ തന്നെ മുന്തിയ ദൈവശാത്രജ്ഞരിൽ ഒരാളായി എണ്ണപ്പെടാൻ അങ്ങേരു യോഗ്യനായിരിക്കുന്നു എന്നൊരു കാച്ചുകാച്ചിയിട്ടുണ്ട്. യൂറോപ്പിൽ ഇന്ന് ജീവിച്ചിരിക്കുന്ന വെറും നാലാംകിട വേദ-/മതവിഷയ വിദ്യാർഥികളിൽ ഒരാളുടെ കോപ്പിയെഴുത്തുകാരനായിപ്പോലും കഴിയാൻ കല്ലറങ്ങാട്ടിനു യോഗ്യതയുണ്ടോ എന്നത് സംശയിക്കണം. എന്തിന്, അല്മായശബ്ദത്തിലെ എഴുത്തുകാരായ ശ്രീ കോട്ടൂർ, ചാക്കോ കളരിക്കൽ തുടങ്ങിയവരോട് ഒരു സാധാരണ മതപാഠത്തെക്കുറിച്ചു പോലും സംവദിക്കാൻ അങ്ങേർ തയ്യാറാവുമോ? കുറെ കാനൻ നിയമങ്ങൾ കാണാതെ ഉരുവിടാനായെന്നുംകൊണ്ട് ഒരാൾക്ക്‌ വേദപണ്ഡിതനെന്നു പേരിടുന്ന നമ്മുടെ വളിച്ച മാദ്ധ്യമഭാഷ തിരുത്താൻ കാലമായി. മെത്രാന്മാർ, കർദിനാളന്മാർ, ദൈവദാസർ തുടങ്ങിയവരെപ്പറ്റി വല്ലതും കുറിക്കാൻ ദീപികയും മനോരമയുമൊക്കെ ഉപയോഗിക്കുന്ന ഭാഷ ഏതു ദേവലോകത്ത്നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് അറിയാതെ വായനക്കാർ വിസ്മയിച്ചുപോകും. മതകാര്യങ്ങളെല്ലാം ഇതുങ്ങൾക്ക് 1000% പോലിപ്പിച്ചേ പറയാനറിയൂ. എന്നാൽ തങ്ങളെപ്പറ്റി ഇത്രമാത്രം പുളിച്ച മുഖസ്തുതി വിളമ്പരുതെന്ന് ഇവരാരെങ്കിലും എപ്പോഴെങ്കിലും കമാന്ന് ഒരക്ഷരം മിണ്ടാറുണ്ടോ? പോരട്ടെ, ഇനിയും പോരട്ടെ എന്നാണ് തിരുമനസ്സുകൾ ആഗ്രഹിക്കുന്നത്!

    ReplyDelete
  7. നിലവിലുള്ള ഒരു സഭയും കർത്താവിനുപോലും ശരിയാക്കാനാവില്ല ! കാരണം ദൈവത്തെ അറിയാത്ത പുരോഹിത /പാസ്റ്റെർ കസ്റ്റഡികളിലാണിവ സകലതും ! ഫലം,നന്നാക്കാൻ ശ്രമിക്കുന്നവർ കുരിശിക്കപ്പെടും നസ്രായനെപ്പോലെ അത്രതന്നെ . പക്ഷെ തലമുറകളെ നമുക്ക് പയ്യെപയ്യെ ഇവരുടെ അടിമത്ത്വത്തിൽനിന്നും വിടുവിക്കാനാകും,മസിഹായുടെ വചനപ്പൊരുൽ മാനവ മനസുകളിൽ, ഇന്ന് നാം ചെയ്യുന്ന ഈ സുവിശേഷവേലയിലൂടെ നിശ്ചയം . അടുത്ത തലമുറ നമ്മുടെ സ്വരം കേട്ടുണരും.. അതിനാൽ പരിവര്ത്തനത്തിന്റെ /അറിവിൻറെ ഈ കാഹളം നമുക്ക് മുഴക്കികൊണ്ടേ ഇരിക്കാം

    ReplyDelete