Translate

Saturday, June 6, 2015

ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി കരുതുന്നവര്‍!

2015 മെയ്‌ ലക്കം സത്യജ്വാലയിൽനിന്ന്

ജോയി ഒറവണക്കളം  USA

2015 ഫെബ്രുവരി മാസത്തെ 'സത്യജ്വാല'യില്‍ ശ്രീ ജയിംസ് ഐസക്, കുടമാളൂര്‍ എഴുതിയ 'വംശശുദ്ധിയും രക്തശുദ്ധിയും - ചില ചിന്തകള്‍' - എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തെ പരാമര്‍ശിച്ച് ശ്രീ ഡോമിനിക് സാവിയോ, വാച്ചാച്ചിറ എഴുതിയ 'വംശീയതയും സ്വത്വബോധവും - ചില ചിന്തകള്‍' എന്ന പ്രതികരണം 2015 മാര്‍ച്ച് മാസത്തെ 'സത്യജ്വാല'യില്‍ വായിക്കുകയുണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.
ലോകത്തെമ്പാടും പോയി സുവിശേഷം പ്രസംഗിച്ച് സകല ജനതകളെയും മാനസാന്തരപ്പെടുത്തി, ക്രിസ്തുവിന്റെ ശരീരമായ സഭയിലേക്കു മാമ്മോദീസാ നല്‍കി സ്വീകരിക്കുക എന്ന ക്രിസ്തു കല്പനയെയും കൗണ്‍സില്‍ പ്രബോധനത്തെയും പാടേ അവഗണിച്ച് വംശശുദ്ധി എന്ന മിഥ്യയ്ക്കുവേണ്ടി നിലകൊള്ളുന്ന ഒരു രൂപത റോമന്‍ കത്തോലിക്കാസഭയ്ക്കുണ്ട്. അതാണ് കോട്ടയം അതിരൂപത. സഭ അതില്‍ത്തന്നെ ഒരു നിഗൂഢത (Mystery) ആണെന്നും, അതിലെ അംഗത്വം മാനുഷികമായ പാരമ്പര്യങ്ങളിലും മൂഢസങ്കല്പങ്ങളിലും അധിഷ്ഠിതമല്ലെന്നുള്ള ദൈവശാസ്ത്രവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീ ജയിംസ് ഐസക് എഴുതിയ ലേഖനത്തെ നാം കാണേണ്ടത്.
അതിപുരാതന കാലംമുതലേ ജാതിവ്യവസ്ഥ നിലനിന്നിരുന്നതായി നാം കാണുന്നു. യഹൂദന്‍, വിജാതീയന്‍, കറുമ്പന്‍, വെളുമ്പന്‍, വടക്കന്‍, തെക്കന്‍ എന്നിങ്ങനെ ജാതീയതയുടെപേരില്‍ മനുഷ്യനെ വേര്‍തിരിച്ചിരിക്കുന്നു. ഇന്നു ലോകത്തെമ്പാടും നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കു മുഖ്യകാരണം ഈ ജാതി ചിന്തയാണ്. എല്ലാ മതനേതാക്കളും ജാതീയതയ്‌ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നു. എന്നാല്‍ ജാതിചിന്ത കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ലാതാനും.
സഭകള്‍ സമുദായങ്ങളല്ല, ആദ്ധ്യാത്മികസമൂഹങ്ങളാണ്. കോട്ടയം രൂപത കത്തോലിക്കാസഭയുടെ ഒരു ഭാഗം  (portion) മാത്രമാണ്. കോട്ടയം രൂപത സഭയാണ്, ക്‌നാനായ സമുദായമല്ല. സഭയും സമുദായവും രണ്ടും രണ്ടാണ്. ഇവ രണ്ടും തമ്മില്‍ തിരിച്ചറിയുവാനുള്ള അവബോധം ഓരോ ക്‌നാനായ
സഹോദരനും ഉണ്ടാകണം. കൂര്‍ക്കക്കിഴങ്ങും ആട്ടിന്‍ കാഷ്ഠവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയണം.
നമ്മുടെ കര്‍ത്താവായ  യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയിര്‍പ്പുംവഴി വീണ്ടെടുക്കപ്പെട്ട ജനതയുടെ കൂട്ടായ്മയാണ് സഭ. ആ സഭയിലെ അംഗങ്ങളാണ് ഡോമിനിക് സാവിയോ ഉള്‍പ്പെടെയുള്ള  ക്രൈസ്തവരെ ല്ലാം. വിശ്വാസികളുടെ കൂട്ടായ്മയായ സഭ, വിശ്വാസസത്യങ്ങളില്‍ അധിഷ്ഠിതമാണ്. വിശ്വാസസത്യങ്ങള്‍ക്ക് കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ സമുദായം മാനുഷികസൃഷ്ടിയാണ്. അതിന്റെ നിയമങ്ങള്‍ കാലാനുസരണമായ മാറ്റങ്ങള്‍ക്കു വിധേയമാണ്. ആരെ കെട്ടണം, ആരെ കെട്ടണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം അവരവരുടേതാണ്. അതു വ്യക്തിപരമാണ്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല, അതിന്റെ പേരില്‍ ശിക്ഷിക്കാനുമാവില്ല. എന്നാല്‍ സഭയെന്ന നിലയില്‍, കോട്ടയം രൂപത ക്‌നാനായസമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിച്ചതിന്റെ പേരില്‍, വിശ്വാസികളെ പള്ളിയില്‍നിന്ന് പുറത്താക്കുകയും കൂദാശകള്‍ നിഷേധിക്കുകയും ചെയ്യുന്നു. ഇത് ക്രിസ്തുവിന്റെ കല്പനയ്ക്കും, സഭയുടെ പ്രബോധനങ്ങള്‍ക്കും എതിരാണ്. ഈയൊരു വീക്ഷണത്തിന്റെ വെളിച്ചത്തില്‍ ലോകത്തിലെ ഏതൊരു ക്രിസ്ത്യാനിക്കും കോട്ടയംരൂപതയുടെ അക്രൈസ്തവമായ പുറത്താക്കല്‍ നടപടിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. വടക്കുംഭാഗരുടെ ഇടയില്‍ ദളിത് ക്രൈസ്തവര്‍ക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്നു പറയുന്ന ഡോമിനിക് സാവിയോ ഒരു കാര്യം മനസ്സിലാക്കുക, ആ വിഭാഗത്തില്‍നിന്നു ആരെങ്കിലും വിവാഹം ചെയ്താല്‍ അവരെ രൂപതയില്‍നിന്നോ പള്ളിയില്‍നിന്നോ പുറത്താക്കുന്നില്ല. കൂദാശകള്‍ നിഷേധിക്കുന്നും ഇല്ല. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നത് സത്യബോധമില്ലായ്മയാണ്.
ക്‌നാനായക്കാരന്‍ ലോകത്തെവിടെ ആയിരുന്നാലും ക്‌നാനായക്കാരന്‍തന്നെയാണ്. ക്‌നാനായക്കാരന്‍ ആകാന്‍ ജ്ഞാനസ്‌നാനം സ്വീകരിക്കണമോ? പിന്നെ എന്തിനാണ് ക്‌നാനായക്കാരായ നാമെല്ലാവരും ജ്ഞാനസ്‌നാനം സ്വീകരിച്ചത്? വചനം പറയുന്നു: ''നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനംചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു'' (1 കൊറി. 12:13). കോട്ടയം രൂപതക്കാരന്‍ തിരുസഭയുടെ അംഗമായിത്തീരുന്നത് ക്‌നാനായ ആചാരങ്ങള്‍കൊണ്ടല്ല, പ്രത്യുത വിശ്വാസവും മാമ്മോദീസായും വഴിയാണ്.
കത്തോലിക്കാസഭ വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നു. വിഭിന്ന രാജ്യങ്ങളിലെ കത്തോലിക്കരുടെയിടയില്‍ അവിടങ്ങളിലെ പ്രാദേശിക ആചാരങ്ങള്‍ നടക്കുന്നു. പക്ഷേ, ക്രിസ്തുവില്‍ എല്ലാം ഒന്നാണ്. അതായത് ഏത് രാജ്യത്തെ കത്തോലിക്കരും സഭയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നുതന്നെയാണ്. ക്രിസ്തുവിന്റെ കല്പനയ്‌ക്കെതിരാകാന്‍ പാടില്ല. സാമുദായിക പാരമ്പര്യങ്ങള്‍ വ്യക്തിപരമാണ്. അവ സഭയുടേതല്ല; സഭയില്‍ അവ പ്രസക്തവുമല്ല.
അനേകം ജാതികളില്‍നിന്നും സമുദായങ്ങളില്‍നിന്നും വിശ്വാസം സ്വീകരിച്ചു വന്നവരുടെ സമൂഹമാണ് സീറോ-മലബാര്‍ സുറിയാനി ക്രിസ്ത്യാനികള്‍ എന്നുപറഞ്ഞ് അവഹേളിക്കുന്ന ഡോമിനിക് സാവിയോ, അതിന്റെതന്നെ അവിഭാജ്യഘടകമായി നില്ക്കുന്ന കോട്ടയം രൂപതയിലെ ഒരംഗമാണ് താനെന്നു പറയുന്നതുതന്നെ നാണക്കേടല്ലേ? കത്തോലിക്കാസഭയാകുന്ന വലിയ വടവൃക്ഷത്തില്‍ ഒട്ടിച്ചേര്‍ന്നു നില്ക്കുന്ന ഇത്തിള്‍ക്കണ്ണിയാണ് കോട്ടയം അതിരൂപത. ആ വടവൃക്ഷത്തിന്റെ വേരില്‍ നിന്നുവരുന്ന ജീവരസം സ്വീകരിച്ചാണ് കോട്ടയം രൂപതാംഗങ്ങളായ ക്‌നാനായക്കാര്‍ തനിമയും ഒരുമയും എന്ന പാണന്‍പാട്ടു പാടുന്നത്. നാണം കെട്ടവന്റെ ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതും തണലായി കരുതുന്നവരോട് എന്തു പറയേണ്ടൂ!

1 comment:

  1. കാലങ്ങളായുള്ള പുരോഹിത മേല്‍കോഇമയും രാജകീയ പൌരോഹിത്യത്തിന്റെ അടിമവാശ്ചയും അനുഭവിച്ചു കാലംചെയ്ത എന്റെ അനേകമായ പൂര്വപിതാക്കളുടെ (ഇന്നും സ്വര്‍ഗം തേടി അലയുന്ന) ആത്മാക്കള്‍ സത്യം ഞാന്‍ ഇത് കുറിക്കുന്നു :- "ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി" എന്ന് കരുതുന്നവര്‍ മാത്രമേ ഇനിയും ക്രിസ്തുവചനം പുറമ്കാലിനു തട്ടിക്കളഞ്ഞു, ഈ ദൈവത്തെ അറിയാത്ത പാതിരി സമാജത്തില്‍ കൂടി സ്വര്‍ഗം ലഭിക്കുമെന്ന് കൊതിച്ചു പള്ളിയില്‍ പോവുകയുള്ളൂ......ക്രിസ്തുവിനെ ഒരിക്കലും ഒന്ന് പരിചയപ്പെടാന്‍പോലും കൊതിക്കാത്ത അച്ചായാ. നിനക്ക് ഹ കഷ്ടം ! നീ ഒരിക്കലും അറിയാത്ത ക്രിസ്തുവിന്റെ മാംസം തിന്നാനും അവന്റെ രക്തം കുടിക്കാനും കൊതിക്കുന്ന നിന്നില്‍ ഏതു അ:ആത്മാവാണധിവസിക്കുന്നത്? പാതിരിപ്പട കൂടാശചെയ്തു നിന്നില്‍ നിറച്ച ആ "ആത്മാവ് "കാരണമാണ് ഇന്നയോളം ഒരചായനും ഒരിടത്തും ഒരിക്കലും അയല്‍ക്കാരനെ എന്നല്ല, സഹോദരനെപ്പോലും സ്നേഹിക്കാന്‍ കഴിയാതെ പോയതും! തമ്മില്‍തല്ലും തലകീറലും, ആചാര അനുഷ്ടാനങ്ങളിലെ പോരാട്ടവും അട്ടഹാസവും, നിങ്ങളില്‍ ദൈവമില്ലെന്നു, ദൈവത്തെ നിങ്ങളില്‍ നിങ്ങള്‍ ഒരുനാളും കണ്ടെത്തുകയില്ല എന്നുമല്ലേ ദിനവും തെളിയിക്കുന്നത്? "ഞാനും പിതാവും ഒന്നാകുന്നു" എന്നും "എന്നെകണ്ടവന്‍ പിതാവിനെ കണ്ടെത്തിയിരിക്കുന്നു"എന്നുമുള്ള ക്രിസ്തുവിന്റെ വിളംബരം ഹൃദയത്തില്‍ മാറ്റൊലികൊള്ളാത്ത നിങ്ങളെ "ക്രിസ്താനികള്‍" എന്നു വിളിക്കുന്നതാണ് ഏറ്റം അപഹാസ്യത! ക്രിസ്തീയന്‍ ക്രിസ്തുവിനെ കണ്ടെത്തണം(കുര്ബാനതോറും ശാപ്പിട്ടാല്‍ പോരാ) അവനെ അനുസരിക്കണം ,അനുകരിക്കണം ! വി മത്തായിയുടെ ആറു&23 നിങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ ഇല്ല ..ഇല്ലില്ല !! അവന്റെ മനസറിയു..അവനെ മനസ്സില്‍ കരുതൂ ജീവന്റെ ധനമായി...പകരം പാതിരിയെ അനുസരിച്ചു അവന്റെ അടിമശാല (പള്ളികള്‍)പണിയാന്‍ വിഡ്ഢിക്കരണങ്ങലാകാതെയിരിക്കൂ ...അവന്റെ തട്ടിപ്പ് ജല്പനങ്ങള്‍ക്കും കൂദാശ കള്‍ക്കും മനസിന്റെ ബൈ ബൈ ..

    ReplyDelete